top of page

പീറ്റര്‍ ആള്‍ട്ടെന്‍ബെര്‍ഗിന്റെ ഗദ്യകവിതകള്‍

ലോകസാഹിത്യവിവര്‍ത്തനങ്ങള്‍
വിവര്‍ത്തനം: വി.രവികുമാര്‍
ree

ഒക്ടോബര്‍ ഞായറാഴ്ച


ആവി പറക്കുന്ന, വെയിലില്‍ കുളിച്ച, പ്രശാന്തമായ ഒരപരാഹ്നം. ഞാനിരുന്നെഴുതുകയാണ്. ആരോ കതകില്‍ മുട്ടുന്നു. ''ദയവു ചെയ്ത് ഉപദ്രവിക്കരുത്, എനിക്കൊറ്റയ്ക്കാവണം.''

''ഹേയ്, പീറ്റര്‍, എനിക്കു താനുമായിട്ടൊന്ന് അതുമിതും പറഞ്ഞിരിക്കണമെന്നേയുള്ളു; ഇന്നാകെ ബോറടി തോന്നുന്നു. ഓഫീസ് ജോലി പോലെയാണോ തന്റെ എഴുത്തുജോലി? താന്‍ കവിത ചമയ്ക്കുകയാ?''

''അതെന്താ ഒരു വിപരീതധ്വനി? അതെ, ഞാന്‍ കവിത ചമയ്ക്കുക തന്നെയാണ്.''

''അല്ല പീറ്ററേ, താന്‍ വല്ല കൂലിപ്പണിക്കാരനൊന്നുമല്ലല്ലോ; ദൈവം സഹായിച്ച് തനിക്കൊരു സ്ഥിരം ജോലിയുമില്ല; രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ തനിക്ക് ആരുടെയും ശല്യമില്ലാതെ തന്റെ കവിതയെഴുത്തിലേക്കു തിരിച്ചുപോകാമല്ലോ.''

''താനതൊന്നു ശ്രമിച്ചുനോക്ക്; ഇതെന്തുതരം ജോലിയാണെന്ന് തനിക്കു വലിയ പിടിയില്ലെന്നു തോന്നുന്നു!''

''ഇതൊരു പുതുമയാണല്ലോ! ഓഫീസ് സമയം വച്ചെഴുതുകയും സന്തോഷമായിട്ടൊന്നു സംസാരിച്ചിരിക്കാന്‍ വരുന്ന കൂട്ടുകാരനെ വീട്ടിനകത്തേക്കു കയറ്റാതിരിക്കുകയും ചെയ്യുന്ന ഒരു കവി! തന്റെ അനുഭൂതികള്‍ അങ്ങനെയങ്ങ് ആവിയായിപ്പോവുകയൊന്നുമില്ലല്ലോ! അതോ അങ്ങനെയാണോ?!''

''ജോലിയില്‍ മുഴുകിയിരിക്കുന്ന ഒരു വക്കീലിനെയോ ഡോക്ടറെയോ ബാങ്ക് ഓഫീസറെയോ തടസ്സപ്പെടുത്താന്‍ തനിക്കു തോന്നുമോ?!''

''ജോലിയില്‍ മുഴുകിയിരിക്കുന്ന- പീറ്ററേ, അതു വിട്; തന്റെ ജോലി ജോലി എന്ന വാക്കിന്റെ അര്‍ത്ഥത്തിനുള്ളില്‍ വരുന്നതല്ല, അതൊരു വിനോദമാണ്, നേരം കളയലാണ്!''

''എന്റെ നേരം കളയലിനെ, വിനോദത്തെ തന്റെ നര്‍മ്മസംഭാഷണം കൊണ്ടു വിഘാതപ്പെടുത്തണമെന്നു തനിക്കാഗ്രഹമുണ്ടോ?!''

''എന്നാലങ്ങനെയാവട്ടെ, പീറ്റര്‍, തന്റെ ആരാധകരോട് ഒട്ടും നന്ദിയില്ലാത്ത തരക്കാരനാണു താന്‍; അല്ല, തന്നെയാര് ഗൗരവത്തിലെടുക്കാന്‍ പോകുന്നു! വിട, കവേ! ലോകത്തിനെന്തെങ്കിലും നഷ്ടപ്പെടുമെങ്കില്‍ അതിനു കാരണക്കാരനാവാന്‍ ഞാനില്ലേ! എന്നാല്‍, പിന്നെ കാണാം.''


ഷൂബെര്‍ട്ട്


എന്റെ കട്ടിലിനു മുകളിലായി ഗുസ്താവ് ക്ലിംറ്റിന്റെ* ഒരു പെയ്ന്റിംഗിന്റെ കാര്‍ബണ്‍ പ്രിന്റ് കിടപ്പുണ്ട്: ഷൂബെര്‍ട്ടിന്റെ. മൂന്നു വിയന്നീസ് പെണ്‍കുട്ടികള്‍ക്കായി പിയാനോയുടെ അകമ്പടിയോടെ ഗാനങ്ങളാലപിക്കുകയാണ് ഷൂബെര്‍ട്ട്. അതിനടിയില്‍ ഞാന്‍ ഇങ്ങനെ കുറിച്ചിട്ടു: ''എന്റെ ദൈവങ്ങളില്‍ ഒന്ന്! തങ്ങളുടെ ഹൃദയങ്ങളില്‍ മറഞ്ഞുകിടക്കുന്ന നിറവേറാത്ത ആദര്‍ശങ്ങള്‍ക്കൊരു ജീവരൂപം നല്കാനായി മനുഷ്യര്‍ ദൈവങ്ങളെ സൃഷ്ടിച്ചു!''

നിഗ്ലി എഴുതിയ ഷൂബെര്‍ട്ടിന്റെ ജീവചരിത്രം ഞാന്‍ പലപ്പോഴും എടുത്തു വായിക്കാറുണ്ട്. നിഗ്ലി അവതരിപ്പിക്കാന്‍ നോക്കുന്നത് ഷൂബെര്‍ട്ടിന്റെ ജീവിതമാണ്, അല്ലാതെ,അതിനെക്കുറിച്ച് തന്റെ തോന്നലുകളല്ല. മുപ്പത്തേഴാം പേജ് വരുന്ന ഭാഗത്തേക്ക് ഒരു നൂറുതവണയല്ല ഞാന്‍ മടങ്ങിച്ചെന്നിരിക്കുന്നത്. സെലെസ്സില്‍ കൗണ്ട് എസ്റ്റെര്‍ഹേസിയുടെ എസ്റ്റേറ്റില്‍ ഒരു സംഗീതാധ്യാപകനാണ് അദ്ദേഹം. തീരെ ചെറുപ്പമായ കൗണ്ടസ് മേരിയേയും കൗണ്ടസ് കരോളിനേയുമാണ് അദ്ദേഹം പഠിപ്പിക്കുന്നത്. കരോളിനുമായി അദ്ദേഹം കടുത്ത പ്രണയത്തിലാണ്. അങ്ങനെയാണ് ഒരു പിയാനോയില്‍ രണ്ടുപേര്‍ വായിക്കുന്ന യുഗ്മഗാനങ്ങള്‍ അദ്ദേഹം സൃഷ്ടിക്കുന്നത്. അദ്ദേഹത്തിന്റെഅഗാധമായ സ്‌നേഹത്തെക്കുറിച്ച് കൗണ്ടസ് അറിയുന്നതേയില്ല. സ്വന്തം രചനകളില്‍ ഒന്നുപോലും അദ്ദേഹം തനിക്കു സമര്‍പ്പിക്കുന്നില്ല എന്നു പറഞ്ഞ് കൗണ്ടസ് ഒരിക്കല്‍ പരിഭവത്തോടെ കളിയാക്കിയപ്പോള്‍ മാത്രമാണ് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞത്: ''എന്തിനു വേണ്ടി?! ഇതെല്ലാം നിങ്ങള്‍ക്കുള്ളതാണ്!''

പൊട്ടിത്തെറിക്കാറായ ഒരു ഹൃദയം തന്റെ ശോകം ഒരു നിമിഷത്തേക്ക് ഒന്നു വെളിപ്പെടുത്തിയ ശേഷം പിന്നെയും എന്നെന്നേക്കുമായി അടഞ്ഞുകൂടുന്നപോലെയാണത്. അതുകൊണ്ടാണ്, നിഗ്ലിയുടെ ഷൂബെര്‍ട്ടിന്റെ ജീവചരിത്രത്തിന്റെ മുപ്പത്തേഴാം പേജിലേക്ക് ഞാന്‍ ഇടയ്ക്കിടെ മടങ്ങിപ്പോകുന്നത്.


കവിത


ഞാനൊരുത്തിയെ ഒരു രാത്രിക്കു വാടകയ്‌ക്കെടുത്തു.

അതിനെന്താ.

ഉറങ്ങും മുമ്പവള്‍ ചോദിച്ചു: ''നിങ്ങള്‍ കവിയാണോ?''

''എന്തേ? ആവാം. അതിനെന്താ.''

''പണ്ടൊരിക്കല് ഞാനുമൊരു കവിതയെഴുതി...''

''?!?''

എനിക്കെത്ര പ്രിയപ്പെട്ടവന്‍ നീ.

ഇന്നു നീയെത്രയകലെ...

അതിനെന്താ.

എന്റെ ശവമാടത്തിലിങ്ങനെ എഴുതിവച്ചാലും:

'എനിക്കു സ്‌നേഹം നിന്നെ മാത്രം.'

ആര് ആരെയെന്നാരുമറിയില്ല.

ഞാനവള്‍ക്ക് അഞ്ചിനു പകരം പത്തു ഗോള്‍ഡെന്‍ കൊടുത്തു.

''ഹൗ,'' ഒരു പുഞ്ചിരിയോടെ അവള്‍ പറഞ്ഞു,

''അഞ്ചിനാണല്ലോ നമ്മള്‍ ഉറപ്പിച്ചത്.''

''അതിനെന്താ. എന്റെ കണക്കുകൂട്ടല്‍ കിറുകൃത്യമാണ്.

അതെങ്ങനെയാണെന്നു നോക്കെടോ-

അഞ്ച് നിന്റെ സുന്ദരമായ ഉടലിന്,

നിന്റെ സുന്ദരമായ ആത്മാവിനഞ്ചും!''

*

(പീറ്റര്‍ ആള്‍ട്ടെന്‍ബെര്‍ഗ് Peter Altenberg(1859-1919)- വിയന്നയിലെ ഒരു ധനികജൂതകുടുംബത്തില്‍ ജനിച്ചു. 'മാനസികവിക്ഷോഭങ്ങള്‍ താങ്ങാനുള്ള കരുത്തില്ലാത്തതിനാല്‍ ജോലി ചെയ്തു ജീവിക്കുക ബുദ്ധിമുട്ടായിരിക്കും' എന്ന് ഡോക്ടര്‍മാര്‍ വിധിച്ചതിനാല്‍ ഒരു ബൊഹീമിയന്‍ കവിയായി സ്വയം സമര്‍പ്പിക്കാന്‍ കഴിഞ്ഞു. കാഫ്ക, തോമസ് മന്‍, ബര്‍ണാഡ് ഷാ, കാള്‍ ക്രൗസ് ഇവരൊക്കെ അദ്ദേഹത്തിന്റെ ആരാധകരായിരുന്നു.)




 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page