അമ്മ ബിംബങ്ങള്‍ : എം .ടി യുടെ കഥകളില്‍
- GCW MALAYALAM
- Feb 15
- 8 min read
ഡോ. ശ്രീക്കുട്ടി തങ്കപ്പന്‍

നിരന്തരമായ നവീകരണമാണ് മലയാള ചെറുകഥയെ ബഹുജന സ്വീകാര്യമായ ഒരു സാഹിത്യരൂപമായി മാറ്റിയത്. നര്‍മ്മത്തില്‍ പൊതിഞ്ഞ ഉപന്യാസരൂപങ്ങളായിരുന്ന മലയാള ചെറുകഥയുടെ പ്രാരംഭരൂപത്തില്‍ നിന്നുള്ള വികാസപരിണാമങ്ങള്‍ ദ്രുതവേഗത്തില്‍ സംഭവിച്ചത് 1930കളോടെയാണ്. കഥകള്‍ക്ക് ജനകീയമായൊരു അംഗീകാരവും സാഹിത്യപദവിയും ലഭിക്കുന്നത് ഇക്കാലത്താണ്. പിന്നീടുള്ള മൂന്നു പതിറ്റാണ്ടിനുള്ളില്‍ മലയാളത്തിലെ ഏറ്റവും പ്രധാന സാഹിത്യരൂപം എന്ന പദവി ചെറുകഥ കൈവരിച്ചു.
കാല്പനികഭാവുകത്വത്തില്‍ ആവിര്‍ഭവിച്ച് നവോത്ഥാനആശയങ്ങളിലൂടെയും പ്രത്യയശാസ്ത്രബോധത്തിലൂടെയും വളര്‍ച്ചപ്രാപിച്ച ചെറുകഥ ഭാവുകത്വത്തിൻ്റെ മറ്റൊരു വഴിത്തിരിവിലേക്ക് എത്തിയത് ആയിരത്തിതൊള്ളായിരത്തിഅന്‍പതുകളോടെയാണ്. അന്‍പതുകളിലെ നവഭാവുകത്വം വൈയക്തികമായ അനുഭവലോകത്തേക്ക് കഥയെ കൊണ്ടെത്തിച്ചു. കഥാപാത്രങ്ങളുടെ വൈയക്തികവും വൈകാരികവുമായ അംശങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ട് അത് അവരുടെ മാനസികലോകചിത്രീകരണം നടത്തുവാന്‍ ആരംഭിച്ചു .
സ്വാതന്ത്ര്യാനന്തര ഭാരതത്തിൻ്റെ പ്രതീക്ഷാഭംഗവും രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുണ്ടായ ദാരിദ്രവും തൊഴിലില്ലായ്മയും അന്‍പതുകളിലെ യുവതലമുറയുടെ പ്രതീക്ഷകള്‍ക്കേറ്റ തിരിച്ചടിയായിരു ന്നു. അത് അവരെ കൂടുതല്‍ അന്തര്‍മുഖരും ആത്മവിശ്വാസം നഷ്ട്ടപ്പെട്ടവരുമാക്കിത്തീര്‍ത്തു. ഭൂപരിഷ്ക്കരണത്തെ തുടര്‍ന്ന് കേരളത്തിൻ്റെ സാമൂഹികസാമ്പത്തിക മേഖലയില്‍ വന്നമാറ്റങ്ങള്‍ യുവാക്കളെ തൊഴില്‍തേടി കേരളത്തിന് വെളിയിലേക്ക്പോകാന്‍ നിര്‍ബന്ധിതരാക്കി. അത്തരത്തില്‍ തൊഴില്‍തേടി ബോംബേ,കല്‍ക്കത്ത പോലെയുള്ള വന്‍നഗരങ്ങളിലും പട്ടാള ബാരക്കുകളിലും എത്തിച്ചേർന്നവര്‍ക്ക് നഗരങ്ങള്‍ തീര്‍ത്ത അജ്ഞാതത്വം (anonymity) ശ്വാസംമുട്ടിച്ചപ്പോള്‍ ഗ്രാമങ്ങള്‍ അവര്‍ക്കുള്ളില്‍ ഗൃഹാതുരമായ ഓര്‍മ്മകള്‍ ഉണര്‍ത്തി. ഈ ഘടകങ്ങളെല്ലാം ഇക്കാലത്തെ കഥകള്‍ക്ക് വിഷയങ്ങളായി ഭവിച്ചു. തനിക്കുചുറ്റുമുള്ള ലോകത്തിൻ്റെ സങ്കീര്‍ണതകള്‍ വ്യക്തിയുടെ മാനസികവ്യാപാരത്തെ ആഴത്തില്‍ സ്പര്‍ശിക്കുകകൂടി ചെയ്തപ്പോള്‍ ഈ കഥകളുടെ ആത്മസത്തയ്ക്ക് ഒരു വിഷാദച്ഛായ കൈവന്നു. ഈ വിഷാദത്തിന് കാരണം സമൂഹത്തിലെ അരക്ഷിതാവസ്ഥയാണെങ്കിലും അത് വ്യക്തിമനസുകളില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളെയാണ് അന്‍പതുകളിലെ കഥാകൃത്തുക്കള്‍ കഥകളില്‍ പകര്‍ത്തിയത്. കല്‍പനികാനന്തരകഥയുടെ നവഭാവുകത്വത്തിൻ്റെ വക്താക്കളായിരുന്നു ടി. പത്മനാഭന്‍, കോവിലന്‍, എം.ടി.വാസുദേവന്‍ നായര്‍ എന്നിവര്‍ . താന്‍ ജനിച്ചു വളര്‍ന്ന വള്ളുവനാടന്‍ ഗ്രാമീണ ജീവിതത്തിൻ്റെ ഉള്‍ത്തുടിപ്പുകളും ക്ഷയോന്മുഖകുന്ന നായര്‍ തറവാടുകളുടെ തകര്‍ച്ചയും അവതരിപ്പിച്ചുകൊണ്ടാണ് എം.ടി വാസുദേവന്‍നായര്‍ മലയാള ചെറുകഥാരംഗത്തേക്ക് പ്രവേശിക്കുന്നത്. ഭൂപരിഷ്കരണ നിയമത്തിൻ്റെ ഫലമായി തകര്‍ന്നടിഞ്ഞ ജന്മികുടിയാന്‍ ബന്ധവും,കാര്‍ഷികമേഖലയിൽ സംഭവിച്ച പ്രതിസന്ധികളും, കൂട്ടുകുടുംബവ്യവസ്ഥയുടെ തകര്‍ച്ചയും തീര്‍ത്ത സംഘര്‍ഷഭൂമിക യില്‍നിന്നും നഗരത്തിൻ്റെ സങ്കീര്‍ണ്ണയാഥാര്‍ത്ഥ്യത്തിലേക്ക് ചെന്നെത്തുന്ന യുവമനസിൻ്റെ സംഘര്‍ഷങ്ങളും ആത്മനൊമ്പരങ്ങളും ആ കഥകളെ കേരളത്തിൻ്റെ സാമൂഹ്യജീവിതത്തില്‍ സംഭവിച്ച പരിണാമത്തിൻ്റെ അടയാളപ്പെടുത്തലാക്കി തീര്‍ക്കുന്നു. “ക്ഷയോന്മുഖമായ നായര്‍ തറവാടുകളുടെ പശ്ചാത്തലത്തില്‍ വള്ളുവനാടന്‍ ഗ്രാമീണ ജീവിതത്തിൻ്റെ ഉള്‍ത്തുടിപ്പുകള്‍ ആവിഷ്കരിച്ചുകൊണ്ട് ചെറുകഥാരചനയിലേക്ക് വന്ന എം.ടി.വാസുദേവന്‍ നായര്‍ അവിടെ നിന്നുമുന്നേറി കാലത്തിൻ്റെ അസ്വസ്ഥതകളുടെ കഥാകാരനായി. മോഹഭംഗത്തിൻ്റെയും ആത്മനിന്ദയുടെയും മടുപ്പിൻ്റെയും ഭാരം ചുമക്കുന്ന നഗരപ്രവാസികളായ യുവാക്കളുടെ ആശാന്തവും ക്ഷുഭിതവുമായ മനോലോകങ്ങള്‍ അവതരിപ്പിച്ച കഥകളിലൂടെയാണ് ഇതു സാധ്യമായത്. ആ കഥകളില്‍ ആവിഷ്ക്കരിക്കപ്പെട്ട ഭഗ്നമനസ്ക്കാനായ നായകന്‍ പിന്നീട് ആധുനികതാപ്രസ്ഥാനത്തിൻ്റെ പ്രഭാവ കാലത്ത് മുതിര്‍ന്നുവന്ന സമൂഹഭ്രഷ്ടരും നിഷേധികളുമായ നായകന്മാരുടെ മുന്നോടികളാണ്“ (800:2010)3 കൂടല്ലൂരിലും പരിസരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന എം.ടി .കഥകളുടെ ദേശം കേവലമൊരു ഭൂപ്രദേശമല്ല, തൻ്റെ നായകന്മാരുടെ ഗൃഹാതുരമായ ഓര്‍മ്മകളും വൈകാരികമായ ജീവിതമുഹൂര്‍ത്തങ്ങളും കൂടി ആഴത്തില്‍ വേരോടിയിരിക്കുന്ന ഇടമാണത്. ആ വൈകാരികതയുടെ വേരുകള്‍ ചെന്നു സ്പര്‍ശിക്കുന്നത് ഗ്രാമീണമായ ചില ബിംബങ്ങളിലാണ്, അവയില്‍ ഭൌതികനിര്‍മിതികളും മനുഷ്യബന്ധങ്ങളുമുണ്ട്. “ തകര്‍ന്നു പോയ ഫ്യൂഡല്‍ക്രമങ്ങള്‍ മറികടക്കാനുള്ള വഴികള്‍ തേടിയാണ് അവര്‍ അന്യനാട്ടിലേക്ക് ചേക്കേറിയത്. പാരമ്പര്യവും യാഥാര്‍ത്ഥവും ചലനാത്മകവും തുടര്‍ച്ചയുമാണെന്നാണ് അവരെല്ലാം അത്തരം യാത്രകൾകൊണ്ട് തെളിയിച്ചത്. തിരിച്ചുവരുമ്പോള്‍ രൂപപരിണാമം വന്ന മണ്ണും മനുഷ്യരും വഴികളും അവരെ കാത്തിരിപ്പുണ്ടാവും. അങ്ങനെ കാത്തിരിക്കുന്നവരില്‍ ദുരിതപര്‍വ്വം താണ്ടുന്ന സ്ത്രീജീവിതങ്ങളുടെ നിശ്ചലമാതൃകകളായ അമ്മയും പെങ്ങളും നഷ്ടപ്രണയ ങ്ങളുമുണ്ടായിരുന്നു“ എം.ടി വാസുദേവന്‍നായരുടെ ഈ നായക സവിശേഷതയെ വി. മോഹന കൃഷ്ണന്‍ വിലയിരുത്തുന്നത് ഇപ്രകാരമാണ്(55-6:2023). ബന്ധങ്ങളോടും ഭൌതിക രൂപങ്ങളോടുമുള്ള അതിവൈകാരികതയാണ് ഏത് ദേശാന്തരപ്രവാസത്തിന് ശേഷവും തിരികെ സ്വന്തം തട്ടകത്തിലേക്ക് തിരികെയെത്താന്‍ അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങള്‍ക്ക് പ്രേരണയാകുന്നത് .
ക്ഷയിച്ചുതുടങ്ങിയ കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ പാതിയിലേറെ തകര്‍ന്നടിഞ്ഞ ‘നാലുകെട്ടി’ൻ്റെ ഭൌതികലോകത്ത് കാലത്തിൻ്റെ ഭാരവുംപേറി നിശബ്ദം ജീവിക്കുന്നവരാണ് എം ടിയുടെ സ്ത്രീകള്‍. മൂര്‍ത്തവും അമൂര്‍ത്താ വുമായ ബിംബമായാണ് അമ്മയുടെ സാന്നിധ്യം കാണാനാവുക. തറവാടിൻ്റെ ഇരുണ്ട മച്ചകത്ത് കുടുംബത്തിനും കാവുകളില്‍ ദേശത്തിനാകെയും അഭയമായി മാറുന്ന ദേവീരൂപമായി അമ്മയെന്ന അമൂര്‍ത്ത ബിംബം നിറയുന്നു. അതേസമയം അമ്മ, മുത്തശ്ശി, വല്യമ്മ, ചെറിയമ്മ തുടങ്ങി പല മൂര്‍ത്തരൂപഭേദങ്ങള്‍ അമ്മയെന്ന കഥാപാത്രത്തില്‍ കാണാം.
അമ്മയെന്ന മൂര്‍ത്ത ബിംബം
എം.ടി.വാസുദേവന്‍നായരുടെ കഥകള്‍ ഭൂരിഭാഗവും നായക കേന്ദ്രീതമാണ്, ശക്തമായൊരു സ്ത്രീസാന്നിധ്യം അദ്ദേഹത്തിൻ്റെ കഥകളില്‍ കാണുന്നത് വിരളമാണ്. ഗ്രാമീണതയുടെ ഊഷര യാഥാര്‍ത്ഥ്യത്തില്‍നിന്നും ക്ഷയിച്ച തറവാടിലെ ജീര്‍ണതയുടെ പ്രതിനിധിയായ നായകനാവട്ടെ ബന്ധ ങ്ങള്‍ ബന്ധനങ്ങള്‍ എന്നു കരുതുന്നവരും ഏകാകികളുമാണ്. ഒരു പുരുഷൻ്റെ ജീവിതത്തിലേ പ്രധാന സ്ത്രീസാന്നിധ്യമായ കാമുകി, ഭാര്യ തുടങ്ങിയവര്‍ എം.ടി യുടെ കഥകളില്‍ അസന്നിഹിതരോ അപ്രധാനരോ ആണ്. എന്നാല്‍ ഇവിടെ അമ്മയെന്ന കഥാപാത്രത്തിൻ്റെ ദൃശ്യമോ അദൃശ്യമോ ആയ സാന്നിധ്യം ശ്രദ്ധേയമാണ് .
സ്വജീവിതത്തില്‍ എം.ടി.യ്ക്ക് അമ്മ എത്രമാത്രം പ്രിയപ്പെട്ട വ്യക്തിത്വ മായിരുന്നുവെന്ന് പലപ്പോഴും അദ്ദേഹത്തിൻ്റെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മൂന്ന് ആണ്‍മക്കള്‍ക്ക്ശേഷം നാലാമത്തെ കുഞ്ഞ് പെണ്‍കുഞ്ഞാവണം എന്ന് ആഗ്രഹിച്ച അമ്മയുടെ കഥ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി .ലിറ്റ് സ്വീകാരപ്രഭാഷണത്തില്‍ അദ്ദേഹം പറയുന്നുണ്ട് . “ ..വീണ്ടും ഒരാണ്‍കുട്ടി എന്ന നിരാശയെക്കാളേറെ അമ്മയെ വിഷമിപ്പിച്ചത് എൻ്റെ ആരോഗ്യസ്ഥിതിയായിരുന്നു. ഗര്‍ഭമലസിപ്പിക്കാന്‍ ചെയ്ത ഔഷധ പ്രയോഗങ്ങള്‍കൊണ്ടാവാം, കുട്ടിക്ക് പലവിധ അസുഖങ്ങള്‍ ഉണ്ടായിരുന്നു . ജീവിക്കുമോ എന്ന ആശങ്ക.പിന്നീട് ഞാന്‍ കുറെ മുതിര്‍ന്ന ശേഷം അമ്മ അയല്‍ക്കാരോട് വിഷമത്തോടെ പറയുന്നതു കേട്ടിട്ടുണ്ട്:‘ അന്ന് എല്ലാവരുംകൂടി കൊല്ലാന്‍ നോക്കിയ കുട്ടിയാണിത് !’ “( 24-5:2010)
കഥകളിലെങ്ങും കേന്ദ്രപാത്രമല്ലാതിരുന്നിട്ടുകൂടിയും എം.ടി യുടെ മിക്ക കഥകളുടെയും കേന്ദ്രബിന്ദു അമ്മയായിരിക്കും. “ ...എം.ടി.യുടെ കഥകളില്‍ പ്രത്യക്ഷപ്പെടുന്ന അമ്മ ഒരു കഥാപാത്രം എന്ന നിലയില്‍നിന്നുയര്‍ന്ന് കഥാ ലോകത്തിലാകെ നിറഞ്ഞുനില്‍ക്കുന്ന ആദിപ്രരൂപം (archetype) ആയി വളരുന്നു“ എന്ന കെ.എസ്. രവികുമാറിൻ്റെ നിരീക്ഷണം ശ്രദ്ധേയമാണ് (82:2009). കുട്ടിയായ നായകൻ്റെ കാഴ്ചയിലും ചിന്തയിലും നിറഞ്ഞു നില്‍ക്കുന്ന അമ്മ, വളര്‍ന്ന് യുവാവായ നായകൻ്റെ ഓര്‍മ്മകളുടെ വൈകാരിക കേന്ദ്രമായി മാറുന്ന അമ്മ എന്നിങ്ങനെ എം.ടിയുടെ കഥകളില്‍ അമ്മയെന്ന വികാരം വൈവിദ്ധ്യങ്ങള്‍ നിറഞ്ഞതാണ് .
കേരളത്തിലെ ജന്മിത്ത വ്യവസ്ഥിതിയുടെയും കൂട്ടുകുടുംബ സമ്പ്രദായത്തിൻ്റെയും അവസാനത്തെ അവശേഷിപ്പുകളില്‍ നിന്നുമാണ് എം.ടി.യുടെ കഥകളുടെ ഭൂമികയുയരുന്നത്. ഈ അവശേഷിപ്പുകളുടെ മൂര്‍ത്ത രൂപമായി നിലനില്‍ക്കുന്ന ‘നാലുകെട്ടു’കളിലെ അകത്തളങ്ങളില്‍ കഴിയുന്ന പെണ്‍വാഴ്വുകളുടെ രൂപമാണ് കുട്ടികളുടെ കാഴ്ചയിലൂടെയുള്ള അമ്മയ്ക്ക്. മരുമക്കത്തായവും മക്കത്തായവും നിലനില്‍നില്‍ക്കുന്ന തറവാടുകളില്‍ മകളായും പെങ്ങളായും കൂടി പകര്‍ന്നാടേണ്ടിവരുന്ന ഇവര്‍ പലപ്പോഴും വ്യവസ്ഥിതിയുടെ ഇരകള്‍ കൂടിയാണ്. ഭര്‍ത്താവെന്ന നിലയിലോ കുട്ടികളുടെ പിതാവെന്ന നിലയിലോ ഉള്ള പുരുഷൻ്റെ സാമീപ്യമോ സഹായമോ ഈ അമ്മമാര്‍ക്ക് ലഭ്യമല്ല. കുടുംബത്തിലെ കാരണവര്‍ - അത് അമ്മാവനോ ആങ്ങളയോ – ആരായാലും അവരുടെ ശാസനകള്‍ക്കും കല്‍പ്പനകള്‍ക്കും വിധേയയാവുക എന്നതുമാത്രമാണ് ഇവരുടെ ജീവിതം. ഇതിനിടയില്‍ സ്വന്തം മകൻ്റെ ചെറിയ ആവശ്യങ്ങളെ പോലും നിറവേറ്റാന്‍ കഴിയാതെ നിസഹായയായി നില്‍ക്കാനേ ഈ അമ്മയ്ക്ക് കഴിയുകയുള്ളൂ .
തൻ്റെ പിറന്നാളിനും, സദ്യയൊരുക്കണമെന്ന് ആവശ്യപ്പെടുന്ന മകൻ്റെ മുന്നില്‍ നിസഹായയാകുന്ന അമ്മയെയാണ് ‘ഒരു പിറന്നാളിൻ്റെ ഓര്‍മ്മയ്ക്ക് ‘എന്ന കഥയില്‍ കാണുന്നത്. ഇതേ കഥയില്‍ കുട്ടിയുടെ കാഴ്ച്ചയിലെ അമ്മ ഇങ്ങനെയാണ്,“ അമ്മയ്ക്ക് സ്വര്‍ണ്ണനൂലും സ്വര്‍ണ്ണക്കാപ്പുമില്ല. ചെറിയമ്മയ്ക്ക് തോടയും രൂപകൊത്തിയ വളയുമുണ്ട് . അപ്പുവിൻ്റെ അച്ഛന് അങ്ങാടിക്കച്ച വടം കൊണ്ട് ധാരാളം കാശ് കിട്ടുന്നുണ്ടത്രേ. എൻ്റെ അച്ഛന് കാശില്ലാത്തതു കൊണ്ടായിരിക്കും അമ്മയ്ക്ക് സ്വര്‍ണ്ണനൂലില്ലാത്തത് “. ഒരേ കുടുംബാംഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സാമ്പത്തിക അന്തരത്തിൻ്റെ കാരണം അച്ഛൻ്റെ കൈയില്‍ കാശില്ലാത്തതോ,അച്ഛൻ്റെ അസാന്നിധ്യമോ ആണെന്ന് കുട്ടി തിരിച്ചറിയുന്നു.
സ്വന്തമായി സ്വത്തോ, ഭര്‍ത്താവിൻ്റെ സംരക്ഷണയോ ലഭിക്കാത്ത അമ്മമാരുടെ അവസ്ഥ ‘ഒരു പിറന്നാളിൻ്റെ ഓര്‍മ്മയ്ക്ക്’ എന്ന കഥയില്‍ കാണാം. “തിരസ്കാരത്തിൻ്റെ അനുഭവക്കുറിപ്പുകളായിട്ടുവേണം എം.ടി. യുടെ ആദ്യകാലകഥകള്‍ വായിക്കേണ്ടത്“,എന്ന വിജയകൃഷ്ണൻ്റെ (33:2012) നിരീക്ഷണത്തെ ഇതോടുചേര്‍ത്തുവായിച്ചാല്‍ ഒരു പക്ഷേ ആ കഥകളിലൊക്കെയും തിരസ്ക്കാരത്തിൻ്റെ കൈപ്പുനീര്‍ക്കുടിക്കുന്നതേറെയും അമ്മയായിരിക്കും എന്നു കാണാം. കുട്ടികള്‍ കാണുന്ന അമ്മയുടെ മറ്റൊരുരൂപം സ്വത്തും സമ്പാ ദ്യവുമുണ്ടായിട്ടും ജീവിതത്തില്‍ തോറ്റുപോകുന്ന അമ്മയാണ്. ഭര്‍ത്താ വിൻ്റെ തിരസ്കരണം, പരസ്ത്രീബന്ധം, തുടങ്ങി കുടുംബജീവിതത്തില്‍ സംഭവി ക്കാവുന്നയെല്ലാ താളപ്പിഴകളുടെയും ഭാരംപേറാന്‍ വിധിക്കപ്പെട്ടവളാണ് ഈ കഥകളിലെ അമ്മ. ഇത്തരം സന്ദര്‍ഭങ്ങള്‍ ‘മൂടുപടം’, ‘നിൻ്റെ ഓര്‍മ്മയ്ക്ക്’, ‘പെരുമഴയുടെ പിറ്റേന്ന്’, തുടങ്ങിയ കഥകളില്‍ കാണാം. ഇവിടെയും കുട്ടിയുടെ ഓര്‍മ്മയിലൂടെയോ, കാഴ്ചയിലൂടെയോ ആണ് അമ്മയുടെ ചിത്രം തെളിയുന്നത്. “കാരണം അച്ഛനും അമ്മയും വഴക്കാരംഭിച്ചിരുന്നു. തലേന്നു രാത്രിയിലാണ് കരഞ്ഞുകൊണ്ട് അമ്മ പറഞ്ഞത് :‘...മോന്‍ അച്ഛനെ പ്പോലാവരുത്. അമ്മയ്ക്ക് മോനേയുള്ളു’. അമ്മയുടെ സ്വരം താണു ‘_ എൻ്റെ മോന്‍ വലുതാവണം. വലിയ ആളാവണം. മോന് അമ്മോടല്ലേ ഇഷ്ടം’? “ രണ്ടുധ്രുവങ്ങളിലായിപ്പോയ അമ്മയും അച്ഛനുമാണ് ‘മൂടുപടം’ എന്ന കഥ യില്‍ ഉള്ളത്. ഇതിനിടയില്‍ സംഘര്‍ഷമനുഭവിക്കുന്ന മകൻ്റെ ഓര്‍മ്മകളിലൂടെയാണ് കഥ വളരുന്നത്. അമ്മയും അച്ഛനും തമ്മിലുള്ള വഴക്കിൻ്റെ നേരിട്ടുള്ള കേള്‍വിയാണ് ‘നിൻ്റെ ഓര്‍മ്മയ്ക്ക്’ എന്ന കഥയിലെ കുട്ടിക്കുള്ളത്, തൊട്ടടുത്ത മുറിയില്‍ കിടന്ന് അവന്‍ അവര്‍ തമ്മിലുള്ള സംഘര്‍ഷത്തിൻ്റെ കേള്‍വിക്കാ രനാവുന്നു. ഇവിടെ അമ്മ, കാലങ്ങള്‍ക്ക്ശേഷം ബര്‍മയില്‍ നിന്നുംവന്ന അച്ഛനൊപ്പമുള്ള ലീല എന്ന പെണ്‍കുട്ടിയുടെ പേരിലാണ് കലഹിക്കുന്നത്. ആ പെണ്‍കുട്ടി അച്ഛന് അവിടെയുള്ള ബന്ധത്തിലെ മകളാണെന്ന അപഖ്യാതിയാണിവിടെ കലഹത്തിന് കാരണമാകുന്നത്. വഴക്കില്‍ അച്ഛന്‍ കഴിയുന്നത്ര ശാന്തനാവുന്നിടത്ത് അമ്മയുടെ വാക്കുകളില്‍ ക്ഷോഭവും മൂര്‍ച്ചയും പെരുകിവരുന്നത് കുട്ടി തിരിച്ചറിയുന്നു.
സാധാരണ കുട്ടിയുടെ കാഴ്ച്ചയിലേ അമ്മ നിശബ്ദയായിരിക്കുമെങ്കില്‍ ‘നിൻ്റെ ഓര്‍മ്മയ്ക്ക്’ എന്ന കഥയില്‍ അമ്മയുടെ ശബ്ദം ഉയരുന്നത് കേള്‍ക്കാം. ഇവിടെ അമ്മ കൂട്ടുകുടുംബത്തിലാണ് കഴിയുന്നതെങ്കിലും ഭര്‍ത്താവിനൊപ്പം വിദേശത്തു ജീവിച്ചതിൻ്റെ പരിചയം അവരെ പ്രതികരിക്കാന്‍ പ്രാപ്തയാ ക്കുന്നു. “ശിവേട്ടന് അതാ സൌകര്യംച്ചാല്‍ അങ്ങനെ ആയിക്കോട്ടെ “എന്നു പറയുവാന്‍ മാത്രം ‘പെരുമഴയുടെ പിറ്റേന്നിലേ’ അപ്പുവിൻ്റെ അമ്മയേ പോലെ നിര്‍ഭാഗ്യവതിയല്ല ഇവിടുത്തെ അമ്മ.
സ്വന്തം കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ അമ്മയെന്ന സ്വത്വത്തെ മറച്ചു വെച്ചും സമൂഹത്തോട് ആ സത്യത്തെ തിരസ്കരിക്കാന്‍ നിര്‍ബന്ധിതയായ ഹതഭാഗ്യയായ അമ്മയെയാണ് ‘ഓപ്പോള്‍’, ’പൊരുളറിയാത്ത കിനാവ്’ തുടങ്ങിയ കഥകളില്‍ കാണുന്നത്. നൊന്തുപെറ്റ കുഞ്ഞിനു മുന്നില്‍ ചേച്ചിയായും, ലോകത്തിന് മുന്നില്‍ ചെറിയമ്മയായുമൊക്കെ വേഷം കെട്ടേണ്ടിവരുന്ന നിര്‍ഭാഗ്യവതി കളാണ് ഈ കഥകളിലേ നായികമാര്‍. അച്ഛനില്ലാത്ത കുട്ടിയെ പെറ്റ് വളര്‍ത്തു ന്നു എന്ന ദുഷ്പേരിനെ മറികടക്കുവാനും തറവാടിൻ്റെ മാനംകാക്കുവാനും വേണ്ടി മറ്റൊരു വിവാഹത്തിന് കഴുത്തുനീട്ടുവാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു. അമ്മയും കുഞ്ഞും തമ്മില്ല ജൈവബന്ധത്തിനേക്കാളേറെ ചുറ്റുമുള്ള സമൂഹവും ലോകവുമാണ് ഈ അമ്മമാരെ ഭയപ്പെടുത്തുന്നത് . അതുകൊണ്ട് കൂടിയാണ് ഈ ആള്‍മാറാട്ടം.
ഓപ്പോള്‍ കഥയിലേ കുട്ടിയായ അപ്പുപോലും അവൻ്റെ അമ്മ അവൻ്റെ ഓപ്പോള്‍ തന്നെയാണെന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല . “..അന്‍റോപ്പോള് അന്‍റമ്മ്യല്ലേ?“ എന്ന കുട്ടിശങ്കരൻ്റെ ചോദ്യത്തില്‍ അവൻ്റെ വിഡ്ഢിത്തമോര്‍ത്ത് അപ്പുവിന് ചിരിയാണ് വരുന്നത്. അപ്പുവിനെ സംബന്ധിച്ച് അവൻ്റെ ഓപ്പോള്‍ ഓപ്പോള്‍ മാത്രമാണ്, ഓപ്പോള്‍ അവൻ്റെ അമ്മയാകുക അസാധ്യമാണ് .
“ അവനമ്മ വേണ്ട അമ്മയുണ്ടാവുമ്പോഴുള്ള കുഴപ്പം അവന്‍ കാണുന്നുണ്ട്. ഓപ്പോളുടെ അമ്മയല്ലേ വലിയമ്മ? എന്നിട്ട് ഓപ്പോള്‍ക്ക് എപ്പോഴെങ്കിലും സ്വൈര്യ മുണ്ടോ?”
അപ്പുവിന് അമ്മയും മകനും തമ്മിലുള്ള ജൈവബന്ധംപോലും എന്തോ കുഴപ്പം പിടിച്ച ഒന്നാണ്. ആ കുഴപ്പമാണ് ഓപ്പോളും വലിയമ്മയും തമ്മിലുള്ളത്. അതാവട്ടെ എപ്പോഴും വഴക്കില്‍ ചെന്നവസാനിക്കുന്ന ഒന്നും. ആ വഴക്കുകള്‍ക്ക് പിന്നിലെ രഹസ്യവും ആധിയും തിരിച്ചറിയാന്‍ അവൻ്റെ കുഞ്ഞുമനസിന് പാകതയില്ല. അവനെ സംബന്ധിച്ച് അമ്മ എന്ന സത്യം കല്ലുവെച്ചോരു നുണ മാത്രവും, കുട്ടിശങ്കരൻ്റെ വിഡ്ഢിതവും ആണ് .
സമൂഹത്തിനും കുടുംബത്തിനും മുന്നില്‍ അമ്മയും മകനും തമ്മിലുള്ള ബന്ധത്തെ മറച്ചു പിടിച്ചാലും ആ ബന്ധത്തിൻ്റെ തീക്ഷണതയും സ്വാഭാവികതയും ഈ കഥകളില്‍ നിറഞ്ഞു നല്ക്കുന്നു. പിതാവിൻ്റെ നിര്‍ബന്ധത്തിന് വഴങ്ങി മറ്റൊരു ജീവിതത്തിന് തയ്യാറാകുന്നെങ്കിലും, കുഞ്ഞിനെ വിട്ട് വൈവാഹിക ജീവിതത്തോട് നീതി പുലര്‍ത്താന്‍ ‘പൊരുളറിയാത്ത കിനാവി’ലേ ശാരിക്ക് സാധിക്കുന്നില്ല. ഓപ്പോളി’ലാകട്ടെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിതയാകുന്ന നായികയുടെ ആഗ്രഹം കുഞ്ഞിനെ പിരിയുന്നതിന് മുന്‍പ് അവന്‍ തന്നെ അമ്മേ എന്നു വിളിച്ച് കേള്‍ക്കണമെന്നാണ്. സാമൂഹത്തിൻ്റെയും ബന്ധുക്കളുടെയും നിര്‍ബന്ധങ്ങള്‍ക്ക് മുന്നില്‍ അപ്രിയസത്യങ്ങളെ മറച്ചുവെ ക്കാന്‍ നിര്‍ബന്ധിതരാവുന്നു ഇവിടെ എം.ടി.യുടെ കഥകളിലെ അമ്മമാര്‍. അത്തരം അപ്രിയസത്യങ്ങള്‍ മറച്ചു പിടിക്കേണ്ടി വരുന്നത് കുഞ്ഞുങ്ങളില്‍ നിന്നുകൂടിയാവുമ്പോള്‍ സ്വന്തം മാതൃത്വത്തെതന്നെ അവര്‍ ബലികൊടുക്കേണ്ടി വരുന്നു. ഇത്തരത്തില്‍ മാതൃത്വത്തിൻ്റെ എല്ലാ സൌന്ദര്യവും കലര്‍ന്ന ഈ കഥകളില്‍ അതേ മാതൃത്വത്തിൻ്റെ ദുരന്ത ശോഭയും പടര്‍ന്നുനില്ക്കുന്നു .
മാതൃത്വമെന്ന സഹജസ്വത്വത്തെ തിരസ്കരിക്കേണ്ടി വന്ന അമ്മയെ യാണ് ‘ഓപ്പോള്‍’, ‘പൊരുളറിയാത്ത കിനാവ്’ തുടങ്ങിയ കഥകള്‍ അവതരിപ്പിക്കുന്നത്. മാതൃത്വമെന്ന വികാരത്തെ അതിൻ്റെ പൂര്‍ണ്ണതയില്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് പകരാന്‍ കഴിയാതെ പോകുന്ന നിര്‍ഭാഗ്യവതിയായ അമ്മയെയാണ് ഈ കഥകളില്‍ കാണാന്‍ കഴിയുന്നത്. മാതൃത്വം മറച്ച്പിടിക്കപ്പെട്ട ഒരു വികാരമായി ഇവിടെ പ്രതിഫലിക്കുന്നു. അവിവാഹിതയായ അമ്മ (single parent) എന്ന നിലയില്‍ ജീവിക്കാനുള്ള സാഹചര്യം പോലും അനുവദനീയമല്ലാത്ത കാലത്തെ അമ്മ ബിംബങ്ങളാണ് ഈ കഥകള്‍ പറയുന്നത്. എന്നാല്‍ അത്തരം സാമൂഹ്യ സാഹചര്യങ്ങളെ വിജയകരമായി താണ്ടി ഒറ്റയ്ക്ക് തൻ്റെ കുഞ്ഞിനെ വളര്‍ത്തിയ അമ്മയെയും എം.ടിയുടെ കഥയില്‍ നാം കാണുന്നുണ്ട്. സമൂഹത്തോടും സാഹചര്യങ്ങളോടുമുള്ള പോരാട്ടമാണ് ‘അറ്റുപോയ ബന്ധങ്ങളി’ലെ പാത്തുമ്മയുടെ ജീവിതം. പ്രണയത്തിൻ്റെ ചതിക്കുഴിയില്‍ വീണ് ഗര്‍ഭിണിയായ പാത്തുമ്മ താന്‍ കാരണം കുടുംബത്തിന് ഉണ്ടാകുന്ന വിഷമതകളെയില്ലാതാക്കാന്‍ വീടുവിട്ട് ഇറങ്ങുകയാണ്. അപ്പോള്‍ അവള്‍ ഏഴുമാസം ഗര്‍ഭിണിയാണ്. നഗരത്തിൻ്റെയും സമുദായത്തിൻ്റെയും ആട്ടും തുപ്പും സഹിച്ചാണ് അവള്‍ കുഞ്ഞിബാപ്പു വിനെ പെറ്റതും വളര്‍ത്തിയതും. പശ്ചാതാപവിവശനായി തൻ്റെ കുഞ്ഞിൻ്റെ ബാപ്പ അവസാനം അവള്‍ക്ക് മുന്നില്‍ വന്നപ്പോള്‍ പോലും ഉള്ളിലുള്ള സങ്കടത്തെ മറച്ചു പിടിച്ച് മകനോട് അയാള്‍ ആരെന്ന സത്യത്തെ പറയാന്‍ അവള്‍ തയാറാവുന്നില്ല. ആരുമേതുമില്ലാതെ ജീവിതത്തോട് ഒറ്റയ്ക്ക് പോരാടിയ ഒരു അമ്മയുടെ മധുരപ്രതികരമായി ആ മറച്ചു പിടിക്കല്‍ മാറുന്നു .
അമ്മയെന്ന ബിംബം അത്ര പ്രത്യക്ഷമല്ലാത്ത എം.ടി.വാസുദേവന്‍ നായരുടെ കഥകളില്‍ മാതൃത്വം എന്ന സങ്കല്‍പ്പത്തിൻ്റെ വൈവിധ്യസമൃദ്ധി കാണാനാവും. അമ്മയെന്ന സങ്കല്‍പ്പത്തിൻ്റെ നന്മയും തിന്മയും ഒരേ പോലെ എം. ടി യുടെ കഥകള്‍ അവതരിപ്പിക്കുന്നു. ദരിദ്രവും പട്ടിണിയും സമൂഹത്തിൻ്റെ ദുഷിപ്പുകളും ഈ അമ്മമാരെ മക്കളുടെ പ്രത്യേകിച്ചു പെണ്‍ മക്കളു ടെ ജീവിതത്തില്‍ വില്ലത്തികളാക്കി മാറ്റുന്നു. ദാരിദ്രം മൂലം സ്വന്തം മകളെ സര്‍ക്കസ്ക്കാരുടെ കൂടി വിടുന്ന അമ്മ, മകളുടെ ശരീരവും സൌന്ദര്യവും വിറ്റു ജീവിക്കുന്ന നിഷ്ഠൂരയായ അമ്മ എന്നിങ്ങനെ തിന്മകള്‍ ചെയ്യുന്ന അമ്മമാര്‍. വളര്‍ത്തുമൃഗങ്ങള്‍, മാതാവ് തുടങ്ങിയ കഥകള്‍ ഇത്തരം തിന്മയുടെ മൂര്‍ത്തരൂപമായ അമ്മമാരെയാണ് കാണുന്നത്.
എം. ടി കഥകളിലെ അമ്മ ബിംബങ്ങളുടെ മൂര്‍ത്തരൂപങ്ങളുടെ വൈവിധ്യമാണ് ഇവിടെ തെളിയുന്നത്. ആണ്‍അധികാരത്തിന്‍ കീഴില്‍ നിശബ്ദരായി സര്‍വംസഹയായി ഇരുന്ന അമ്മ/ഭാര്യ എന്ന കഥാപാത്രത്തിന് കാലം വരുത്തുന്ന അനിവാര്യമായ മാറ്റങ്ങള്‍ ഇവിടെ കാണാം. ആ മാറ്റങ്ങള്‍ അമ്മയെന്ന സങ്കല്‍പ്പനത്തില്‍ വരുന്ന ശരിതെറ്റുകളുടെയും, നന്മതിന്മ കളുടെയും മാറ്റമാണെന്നത് ശ്രദ്ധേയമാണ് .
അമ്മയെന്ന അമൂര്‍ത്ത ബിംബം
എം.ടി. കഥകളിലെ വള്ളുവനാടന്‍ ഗ്രാമപശ്ചാത്തലം അതിൻ്റെ സ്ഥലരാശിയുമായി മാത്രം ഇണങ്ങിചേര്‍ന്നതല്ല,മറിച്ച് അതില്‍ ഒരു ജൈവസംസ്കൃതിയുടെ എല്ലാ ഇഴയടുപ്പങ്ങളും കാണാനാകും. മണ്ണും മനുഷ്യനും ചേര്‍ന്ന് ചലനാത്മകമാക്കുന്ന ജൈവ സംസ്കൃതി, അതിലേക്ക് അലൌകീകവും മായികവുമായ കടന്നുവന്ന് ജനതയുടെ കാവലാളായി അവരുടെ രക്ഷകയും ശിക്ഷകയുമായിമാറുന്ന ദേവീ സങ്കല്‍പ്പങ്ങള്‍. മണ്ണും മനുഷ്യനും ചേര്‍ന്നൊരുക്കിയ ഉര്‍വരമായ ഭൂമിലേക്ക് പുരാവൃത്തമായും,മിത്തു കളായും വന്നുചേരുന്ന ഈ അമ്മ (ദേവി ) സങ്കല്‍പ്പങ്ങള്‍ ആ ബന്ധങ്ങള്‍ക്ക് പുതിയൊരു ചൈതന്യവും ഇഴയടുപ്പവും നല്കുന്നു. എം. ടി. കഥകളുടെ പ്രധാന തട്ടമായ കൂടലൂര്‍ദേശം അതിൻ്റെ കാര്‍ഷിക സംസ്കൃതിയുടെ പൂര്‍ണ്ണകൈ വരിക്കുന്നത് ഇത്തരം ഭൌതികവും അഭൌതികവുമായ ബന്ധങ്ങളില്‍ കൂടിയാണ്.
തട്ടകത്തിൻ്റെ ഭഗവതിയായി മാറുന്ന അമ്മസങ്കല്‍പ്പം ‘ഒടിയന്‍ ‘, സ്ഥലപുരാണം ‘ തുടങ്ങിയ കഥകളില്‍ കാണാന്‍സാധിക്കും. ഫ്യൂഡല്‍ പരിസരത്തുനിന്നും ഉയര്‍ന്നുവരുന്ന ഗ്രാമീണവ്യവഹാരങ്ങളില്‍ ജന്മി –കുടിയാന്‍ അഥവാ തമ്പുരാന്‍ -ചെറുമന്‍ ബന്ധങ്ങളെ നിര്‍ണ്ണയിക്കുന്നത് ഭൂമിയിന്‍മേലുള്ള അവകാശാധികാരങ്ങള്‍ മാത്രമല്ല മറിച്ച് ചില ആചാരനുഷ്ഠാനങ്ങളുടെ നിര്‍വഹണത്തിലും കൂടി കൂടിയാണ് .
അമ്മ ഭഗവതികള്‍ വാഴുന്ന കാവുകളിലെ വേല പോലെയുള്ള ആചാരങ്ങള്‍ തമ്പുരാനും ചെറുമനും തമ്മിലുള്ള സവിശേഷ ബന്ധങ്ങളുടെ ഭാഗം കൂടിയാണ്. ഈ കാവുകളില്‍ പലതും ചെറുമരുടെ കാവുകളാ ണെങ്കിലും അവിടെ കാളവേല നടക്കുമ്പോള്‍ കന്നുകാളകളെ കെട്ടിയെഴുന്നള്ളിക്കേണ്ടത് കൃഷിയുടെ ഉടമകളായ തമ്പുരാൻ്റെ വീടുകളില്‍ നിന്നുമാണ് . അങ്ങനെ ചെറുമരുടെ രക്ഷകയാവുന്ന അമ്മ (ഭഗവതി ) തമ്പുരാൻ്റെ കാളകളുടെ കൂടി രക്ഷകയായി മാറുന്നു.“ കണക്കരുകാവിലെ അമ്മ കന്നുകാലികളെ നോക്കുന്ന അമ്മയാണ്”. തമ്പുരാൻ്റെ അമ്മയായിരുന്ന ഭഗവതി ചെറുമൻ്റെ ആരാധനാമൂര്‍ത്തിയായതിനെ കുറിച്ചുള്ള പുരാവൃത്തവും ഇത്തരം ആചാരങ്ങളിലെ കൊടുക്കല്‍ വാങ്ങലുകളെ സാധൂകരിക്കുന്നു എന്നു മാത്രമല്ല ആ ബന്ധങ്ങളിലെ പരിശുദ്ധിയേയും ഓര്‍മപ്പെടുത്തുന്നു.
ഒടിയന്‍ എന്ന കഥയില്‍ കന്നുകളെ കാക്കുന്ന കണക്കരുകാവിലേ അമ്മയ്ക്ക് കാളവേലയ്ക്കുള്ള കന്നിനെ ആചാരപ്രകാരം ആദ്യം കൊണ്ടു പോകാന്‍ മറന്നുപോയ ഒടിയന്‍ കണ്ടങ്കാളിയെ ഭേദ്യം ചെയ്യുന്ന തമ്പുരാനും, എന്നാല്‍ പിറ്റേന്ന് “വല്യമ്പ് രാട്ടിടെ കൊയമ്പ് ഒരു തുള്ളി കണ്ടങ്കാളിക്ക് നാളെ കൊണ്ടന്നേരണം“ എന്നു ചുവന്ന പല്ലുകാട്ടി ചിരിച്ച് ചെറിയ തമ്പുരാനോട് ആവശ്യപ്പെടുന്ന ചെറുമൻ്റെ നിഷ്കളങ്കതയും ഗ്രാമീണമായ നിര്‍മ്മല ബന്ധങ്ങളുടെ അടയാളപ്പെടുത്തലാണ് .
ദേശം കാക്കാന്‍ കുരുതിപറമ്പില്‍ കുടികൊള്ളുന്ന അമ്മയുടെ പുരാവൃത്തമാണ് ‘സ്ഥലപുരാണം’ എന്ന കഥയില്‍ പറയുന്നത്. താളും തകരയും വളരുന്ന നാടും നാട്ടിലെ പുഴയും ആകര്‍ഷിച്ച അമ്മയുടെ ആഗ്രഹത്തെ കാറ്റും മലയും പുഴയും ചേര്‍ന്ന് സാധിച്ചു കൊടുക്കുകയാണ്. “അഞ്ചാലും അരായാലും വളരാനും മൂന്നാന നിരന്ന് ഉത്സവം നടത്താനുമുള്ള സ്ഥലം “ അങ്ങനെ പ്രകൃതി തന്നെ അമ്മയ്ക്ക് നല്കി. ദേശത്തിൻ്റെ കാവലാളായ അമ്മ ഓരോ തറവാടുകളുടെയും ഇരുണ്ട മച്ചില്‍ കുടികൊണ്ട് നാടിന്‍റേയും വീടിൻ്റെയും സംരക്ഷകയായി. ദേശവാസികള്‍ കുരുതികഴിച്ചും താലപൊലി യെടുത്തും അമ്മയെ കാലാകാലം തൃപ്തിപ്പെടുത്തുന്നു. അമ്മയാവട്ടെ മണ്ണും മനുഷ്യനെയും കാത്തു പോരുന്നതുകൂടാതെ ജോനകപ്പടയുടെ അധിനിവേശത്തില്‍ നിന്നുകൂടി തട്ടകത്തെ കാക്കുന്നു. ഇങ്ങനെ ചരിത്രത്തോടും പൂരാവൃത്തത്തോടും ചേര്‍ന്ന് കിടക്കുന്നതാണ് ഈ കഥയിലേ അമ്മസങ്കല്പം. പ്രകൃതിയും മനുഷ്യനും ചേര്‍ന്ന ജൈവികമായ ഒരു ദൈവസങ്കല്പമാണ് ഇവിടെ തെളിയുന്നത്.
ദേശത്തിൻ്റെ രക്ഷകയും ദേശവാസികളുടെ ബന്ധങ്ങളുടെ കാവലാളുമായ അമ്മയെന്ന സങ്കല്പമാണ് ഓടിയനിലും സ്ഥലപുരാണത്തിലും കാണുന്നത്. എന്നാല്‍ മനുഷ്യജീവിതത്തിൻ്റെ ഗതിവിഗതികളില്‍ ആരാധനാ മൂര്‍ത്തികളായ അമ്മബിംബങ്ങള്‍ക്ക് ഉള്ളസ്ഥാനം എന്താണെന്നുള്ള വിമര്‍ശ നാത്മകമായ അന്വേഷണമാണ് പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കഥ . അമ്മയുടെ പ്രതിപുരുഷസ്ഥാനത്തു നിന്നുകൊണ്ട് അമ്മയുടെ അനുഗ്രഹങ്ങളെ ഭക്തര്‍ക്കിടയില്‍ ചൊരിയുന്ന വെളിച്ചപ്പാടിൻ്റെ ജീവിതമാണ് ഇവിടെ പറയുന്നത്. വെളിച്ചപ്പെട്ട് ദേശത്തിനും ദേശക്കാര്‍ക്കും വേണ്ടി അമ്മയുടെ മുന്നില്‍ മദ്ധ്യസ്ഥനാകുന്ന അയാളുടെ ജീവിതം ദുരിതപൂര്‍ണ്ണമാണ്. കുടുംബത്തിൻ്റെ പട്ടിണിയോ കുട്ടികളുടെ രോഗമോ മാറ്റാന്‍ ഭഗവതി സേവ മൂലം സാധ്യമാകുന്നില്ല .
ദേവീകോപം വസൂരി വിത്തുകളായി നാട്ടില്‍ പടരുമ്പോള്‍ അതിൻ്റെ ആദ്യ ഇര വെളിച്ചപ്പാടിൻ്റെ മകള്‍ തന്നെയാവുന്നു. അവളുടെ ശുശ്രൂക്ഷയ്ക്കുള്ള പണംപോലും അയാള്‍ക്ക് സംഘടിപ്പിക്കാനാവുന്നില്ല. ഇവിടെ അയാള്‍ തകര്‍ന്നുപോകുന്നു, അയാൾക്കുള്ളിലെ താപമെല്ലാം കോപമായി മാറുന്നു. അത് അമ്മയ്ക്ക് നേരെയുള്ള ശാപവചനങ്ങളായി പുറത്തേയ്ക്ക് വരുകയാണ് പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കഥയില്‍. അത് ഒടുവില്‍ അമ്മയുടെ വാളും ചിലമ്പും വില്‍ക്കാനുള്ള തീരുമാനത്തില്‍ വെളിച്ചപ്പാടിനെ എത്തിക്കുന്നു. രക്ഷകയും ശിക്ഷകയു മായ അമ്മയെന്ന അമൂര്‍ത്ത സങ്കല്‍പ്പത്തിലെ വൈരുദ്ധ്യത്തെയാണ് ‘പള്ളിവാളും കാല്‍ച്ചിലമ്പി’ലെയും വെളിച്ചപ്പാട് ചോദ്യം ചെയ്യുന്നത്. തനിക്കും ശാന്തിക്കാരനും രണ്ടുതരം നീതിയാണ് അമ്മ നടപ്പാക്കുന്നതെന്ന തോന്നല്‍ അയാളില്‍ ഉരുവംകൊള്ളുന്നു. അതിനു കാരണം രോഗവും ദാരിദ്രവും പട്ടിണിയുമെല്ലാം വ്യക്ത്യാ ധിഷ്ടിതമായൊരു അനുഭവമാണ് എന്നതാണ്. ഇവിടെ അമ്മയെന്ന അമൂര്‍ത്തബിംബം ഒരു സാമൂഹ്യ സങ്കല്‍പ്പനത്തില്‍നിന്നും വൈകാരി കാനുഭവമായി പരിണാമപ്പെടുന്നു. പുരാവൃത്തങ്ങളിലൂടെയും മിത്തുകളിലൂടെയും വളര്‍ന്നുവരുന്ന ദേശരക്ഷകയെന്ന അമ്മബിംബം വളര്‍ന്നു വികാസംപ്രാപിച്ച് പെറ്റമ്മ പോലെ ഒരു മൂര്‍ത്തരൂപമായി വ്യക്തി സങ്കല്‍പ്പത്തില്‍ രൂപാന്തരപ്പെടുന്നതിൻ്റെ കാഴ്ചയാണ് ‘ഓടിയനി’ല്‍ നിന്നും ‘പള്ളിവാളും കാല്‍ച്ചിലമ്പി’ലും എത്തുമ്പോള്‍ കാണാന്‍ കഴിയുന്നത്. ‘കാല’ത്തിൻ്റെ കഥാകാരനായ എം. ടി.വാസുദേവന്‍ നായര്‍, തനിക്ക് മുന്നില്‍ രഹസ്യങ്ങളൊന്നുമില്ലാതെ നിറഞ്ഞു നിന്ന കുടല്ലൂരെന്ന ഗ്രാമത്തി ലൂടെ ആധുനികതയിലേക്ക് പ്രവേശിച്ച കേരളത്തെ അദ്ദേഹം സൃഷ്ടിച്ചു. തകരുന്ന ഗ്രാമവ്യവസ്ഥയുടെ അവശേഷിപ്പുകളിലൂടെ സ്വന്തം അസ്തിത്വത്തെ തിരഞ്ഞ നായകന്മാരെ ആ കഥകളില്‍ കാണാം. നായകന്മാരുടെ അത്തരം അന്വേഷണങ്ങള്‍ ചെന്നെത്തിനിന്നത് തകര്‍ന്ന ‘നാലുകെട്ടും‘ അതിൻ്റെ ഇരുണ്ട മച്ചകങ്ങളിലും ഇരുള്‍നിറഞ്ഞ അകത്തളങ്ങളിലുമാണ്. അവിടെ അവരെ കാത്ത് മൂര്‍ത്തവും അമൂര്‍ത്തവുമായ രണ്ടു അമ്മമാര്‍ കാത്തിരുന്നു. ഒന്ന് അവരെ പാലൂട്ടി വളര്‍ത്തിയ സര്‍വംസഹയായ പെറ്റമ്മയും, മറ്റൊന്നു തറവാടിൻ്റെ ഇരുണ്ട മച്ചകത്തെ അമ്മയാകും ഭാഗവതിയും. എം.ടി.യുടെ നായകന്‍മാരെല്ലാം തങ്ങളുടെ സ്വത്വത്തെ കണ്ടെത്തുന്നത് ഈ രണ്ടിടങ്ങളില്‍ നിന്നുമാണ്. തകര്‍ന്നടിയുമ്പോഴും തങ്ങള്‍ക്കായി നിധികുംഭം കാത്തുവെക്കുന്ന മച്ചിലേ ഭാഗവതിയാകും അമ്മയും, കണ്ണീരിൻ്റെ വര്‍ഷകാലത്തും ഇല്ലായ്മയുടെ വറുതിയിലും തങ്ങളെ പോറ്റിവളര്‍ത്തിയ അമ്മയും എപ്പോഴും അദ്ദേഹത്തിൻ്റെ നായകന്മാരുടെ അഭയസ്ഥാനമാണ്. ഇത്തരത്തില്‍ മൂര്‍ത്തവും അമൂര്‍ത്തവുമായി എം.ടി. കഥകളില്‍ വളര്‍ന്നുവരുന്ന അമ്മ ബിംബങ്ങള്‍ നായകന്മാരുടെ വളര്‍ച്ചയ്ക്കും കാലത്തിൻ്റെ മാറ്റത്തിനുമൊപ്പം വളരുകയും തെളിയുകയും ചെയ്യുന്നു.
കുറിപ്പുകള്‍
1.രവികുമാര്‍,കെ.എസ്. ചെറുകഥ ഒന്ന്, സമ്പൂര്‍ണ്ണ മലയാള സാഹിത്യചരിത്രം, 2010, പുറം 800.
2. മോഹനകൃഷന്‍, വി, ഡോ. എം .ടി യാത്രയും യാഥാര്‍ത്ഥ്യവും, സമകാലിക മലയാളം വാരിക,2023 ജൂലൈ 1,പുറം 55-56.
3 വാസുദേവന്‍നായര്‍, എം.ടി. വാക്കുകളുടെ വിസ്മയം, വാക്കുകളുടെ വിസ്മയം, 2015, പുറം24-25.
4 രവികുമാര്‍,കെ .എസ്. ഗോത്രസ്മൃതിയും മാതൃപ്രരൂപവും, ചെറുകഥ വാക്കും വഴിയും, 2009, പുറം82.
5വിജയകൃഷ്ണന്‍,എന്‍ .വി. ഡോ. അശാന്തം, എം.ടി കഥയുടെ പുതുപഠനം,2012,പുറം 33.
സഹായകഗ്രന്ഥങ്ങളും ആനുകാലികങ്ങളും
1 . മോഹനകൃഷ്ണന്‍,വി. ഡോ. “എം .ടി .യാത്രയും യാഥാര്‍ത്ഥ്യവും “: സമകാല മലയാളം വാരിക.ലക്കം9. പുസ്തകം27. (2023 ജൂലൈ 17):
2രവികുമാര്‍,കെ.എസ് .ഡോ.ചെറുകഥ വാക്കും വഴിയും:ഗോത്രസ്മൃതിയും മാതൃപ്രരൂപവും.കോഴിക്കോട്:മാതൃഭൂമി ബുക്സ്, 2009.
3രവികുമാര്‍,കെ.എസ്.ഡോ.“ചെറുകഥ ഒന്ന്”. സമ്പൂര്‍ണ്ണ മലയാള സാഹിത്യ ചരിത്രം. എഡി. പന്മന രാമചന്ദ്രന്‍നായര്‍.തൃശ്ശൂര്‍, കറന്‍റ് ബുക്സ്, 2010 .
4വാസുദേവന്‍നായര്‍, എം.ടി., വാനപ്രസ്ഥം (കഥകള്‍ ).തൃശ്ശൂര്‍: കറന്‍റ് ബുക്സ് ,1998 .
5. വാസുദേവന്‍നായര്‍,എം.ടി.രക്തം പുരണ്ട മണ്‍തരികള്‍.തൃശ്ശൂര്‍:കറന്‍റ് ബുക്സ്,2014.
6വാസുദേവന്‍നായര്‍,എം.ടി.”വാക്കുകളുടെ വിസ്മയം “. വാക്കുകളുടെ വിസ്മയം. എഡി. എം.എന്‍ .കാരശ്ശേരി. കോഴിക്കോട്: മാതൃഭൂമി ബുക്സ്,2015.പ്രിന്‍റ് .
7വാസുദേവന്‍നായര്‍,എം.ടി.എം.ടിയുടെ കഥകള്‍.കോട്ടയം: ഡിസി ബുക്സ് , 2023 .
8വിജയകൃഷ്ണന്‍,എന്‍.പി .ഡോ. എം.ടി കഥകളുടെ പുതുപാഠങ്ങള്‍, അശാന്തം.കോഴിക്കോട്: മാതൃഭൂമി ബുക്സ് , 2012 .
ഡോ. ശ്രീക്കുട്ടി തങ്കപ്പന്‍
ശ്രീക്കുട്ടി തങ്കപ്പന്‍
അസിസ്റ്റന്‍റ് പ്രൊഫെസ്സര്‍ ( കരാര്‍ )
മാര്‍ത്തോമ്മാ കോളേജ് ,തിരുവല്ല
Comments