ആകുന്നത്രവേഗം സ്വന്തം സ്വത്വം വീണ്ടെടുക്കുക
- GCW MALAYALAM
- Apr 14
- 6 min read
Updated: Apr 15
ജോർജ് ഓണക്കൂർ - - ബീന / ഷൈനി

1. എഴുത്തിൻ്റെ വഴിയിലേയ്ക്ക് വരാനുണ്ടായ സാഹചര്യം എന്താണ്?എഴുത്തിൽ സ്വാധീനിച്ച വ്യക്തികൾ ആരൊക്കെയാണ്?
ഞാനൊരു നാട്ടിൻപുറത്തുകാരനാണ്.എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ ഒരു ഗ്രാമീണഭൂമികയിൽ ജനിച്ച ആളാണ് ഞാൻ.എൻറെ വീടിൻറെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ശങ്കരാചാര്യരുടെ അമ്മാത്ത്. ഏതാണ്ട് വടക്ക് ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ ഷഡ്കാല ഗോവിന്ദമാരാരുടെ ജന്മസ്ഥലമായി.കിഴക്കുഭാഗത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആരംഭകാലത്ത് ധാരാളം വിപ്ലവങ്ങൾ നടന്ന കൂത്താട്ടുകുളം, രക്തസാക്ഷികളുടെനാട് എന്ന് നാമകരണം ചെയ്ത നാടാണ്. വിപ്ലവവും വേദാന്തവും ഇടകലർന്ന പ്രാദേശിക ഭംഗിയുള്ള ഒരു നാട്ടിലാണ് ഞാൻ ജനിച്ചത്. കുട്ടിക്കാലത്ത് എനിക്ക് വായിക്കാനും ചിന്തിക്കാനും ഉള്ള സാഹചര്യം ഉണ്ടായിരുന്നു. എന്റെ പ്രദേശത്ത് ഒരു ദേശീയ വായനശാല ഉണ്ടായിരുന്നു. അവിടുത്തെ അധ്യാപകരുടെ പ്രചോദനവും എനിക്കുണ്ടായിരുന്നു. എന്റെ മുത്തശ്ശിക്ക് കഥകൾ കേൾക്കാൻ ഇഷ്ടമായിരുന്നു. അമ്മയ്ക്ക് ഞാൻ വായിച്ച കഥകളും പഠിച്ച സാരാംശങ്ങളും പറഞ്ഞു കേൾപ്പിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഒരുപാട് പുസ്തകങ്ങൾ വായിക്കുവാൻ തുടങ്ങി. എന്റെ നാടും വായനശാലയും അധ്യാപകരും മുത്തശ്ശിയുമൊക്കെ എഴുത്തിന്റെ വഴിയിലേക്ക് എത്താൻ എന്നെ സ്വാധീനിച്ച വ്യക്തികളാണ്.
2. മലയാള സിനിമയിലെ നായക സങ്കൽപ്പങ്ങൾക്ക് വ്യതിയാനം വന്നിട്ടുണ്ടോ? അത് എത്രത്തോളം ഇന്നത്തെ മലയാള സിനിമയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്?
ആദ്യകാലത്ത് സാഹിത്യ കൃതികളാണ് സിനിമയായിട്ടുണ്ടായിരുന്നത്. എന്നാൽ ഇന്ന് അതിന് മാറ്റം സംഭവിച്ചിട്ടുണ്ട്. നോവൽ വാക്കുകളുടെ കലയാണ് . വർണ്ണനയാണ് അതിൽ പ്രധാനം. വാക്കിനെ ദൃശ്യമാക്കുകയാണ് സിനിമയിൽ. ഇന്നത്തെ സിനിമകൾക്ക് വലിയ കഥകളില്ല. ഒരു ദിവസം മാത്രം മനസ്സിൽ തങ്ങി നിൽക്കുന്ന കഥകൾ മാത്രമേ അതിലുള്ളു. ആളുകളെ സംഭ്രമിപ്പിക്കുന്ന വിധത്തിലുള്ള സംഭവാവിഷ്ക്കാരങ്ങളാണ് വർത്തമാന സിനിമയിലുള്ളത്. അതുകൊണ്ട് തന്നെ ഇന്ന് കണ്ട് നാളെ അതിനെക്കുറിച്ച് ഓർത്താൽ അതിലെ വ്യക്തികളെയോ വ്യക്തികളുടെ സ്വഭാവത്തെയോ നാം ഓർക്കാറില്ല.അതിന് കാലികപ്രസക്തിയെ ഉള്ളൂ. അല്ലാതെ സാംസ്കാരിക അടയാളമായി മാറുന്നില്ല എന്നാണ് എന്റെ അഭിപ്രായം.
3 .സാഹിത്യോത്സവങ്ങൾ ഇന്ന് കേരളീയ പൊതുജീവിതത്തിൻ്റെ ഭാഗമാണ്. ഒരു കാർണിവൽ എന്നതിനപ്പുറം എന്ത് സാമൂഹിക നേട്ടമാണ് ഇവ കൊണ്ട് ഉണ്ടാകുന്നത്? അങ്ങയുടെ അഭിപ്രായം പറയാമോ?
പല പ്രസിദ്ധീകരണശാലകളും സാഹിത്യോത്സവങ്ങൾ നടത്തുന്നുണ്ട്. കൂടാതെ പത്രങ്ങൾ, സംഘടനകൾ ,വാട്സ്ആപ്പ് കൂട്ടായ്മകൾ ഇവരൊക്കെ സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കുറച്ചു പുസ്തകങ്ങൾ വിൽക്കുക അല്ലെങ്കിൽ കുറച്ച് ആളുകളെ അവതരിപ്പിക്കുക എന്ന നിലയിലേക്ക് ഇവ ചുരുങ്ങിപ്പോകുന്നു. കലയുംസാഹിത്യവും ഒരു മൂന്നാംകിട വസ്തുവായി മാറുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.മുൻപൊക്കെ വായനശാലാ വാർഷികത്തിന് പ്രധാന പ്രസംഗകർ എഴുത്തുകാരും കലാകാരന്മാരും ആയിരുന്നു.സാഹിത്യോത്സവങ്ങളിലും പുസ്തകോത്സവങ്ങളിലും ഒക്കെ വിശിഷ്ടാതിഥികൾ എഴുത്തുകാരായിരിക്കും.എന്നാൽ ഇന്ന് മന്ത്രി ,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, എംഎൽഎ ,കൗൺസിലർ ഇവരുടെയൊക്കെ ഊഴത്തിനുശേഷം സാഹിത്യകാരന് കാത്തു നിൽക്കേണ്ടിവരുന്നു.അധികാര രാഷ്ട്രീയത്തിന്റെ സ്വാധീനം എഴുത്തുകാരുടെ നിലയെ കുറച്ചു പരുങ്ങലിലാക്കുന്നുണ്ട്.പുസ്തകോത്സവങ്ങൾ ഇന്ന് ഭക്ഷണോത്സവങ്ങളായി മാത്രം മാറുന്നു.ഈ വിപണനത്തിൽ സാഹിത്യത്തിന് പിടിച്ചുനിൽക്കാൻ സാധിക്കുമോ എന്നുള്ളത് ചിന്തിക്കേണ്ടതാണ് . പുസ്തകോത്സവങ്ങൾ കൊണ്ട് ഞാൻ വിചാരിക്കുന്നതുപോലെയുള്ള സാംസ്കാരിക പ്രതിഫലനം ഉണ്ടാകുന്നുണ്ടോ എന്നുള്ളതും സംശയമാണ്.
4.ഉൾക്കടൽ എന്ന സിനിമ 46 വർഷങ്ങൾക്കു മുൻപ് മലയാളത്തിൽ ഇറങ്ങിയ ലക്ഷണമൊത്ത കാമ്പസ് ചിത്രം എന്ന നിലയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പിന്നീട് വന്ന കാമ്പസ് പ്രണയ ചിത്രങ്ങൾക്കെല്ലാം ഉൾക്കടൽ ഒരു റഫറൻസ് ആയിരുന്നു. ഉൾക്കടലിലെ പ്രണയ സങ്കൽപ്പത്തിന് ഇന്ന് പ്രാധാന്യമുണ്ടോ?
ഉൾക്കടൽ എന്നത് ഞാൻ എഴുതിയ രണ്ടാമത്തെ നോവലാണ് . ഉൾക്കടൽ അന്നത്തെ ഒരു ടിപ്പിക്കൽ കാമ്പസ് ആണ്. കാമ്പസിൽ സജീവമായി ജീവിച്ച ഒരു അധ്യാപകനാണ് ഞാൻ. അവിടെ നിന്ന് ലഭിച്ച ജീവിതാനുഭവങ്ങൾ, പ്രണയാനുഭവങ്ങൾ ഒക്കെ ചേർത്ത് വെച്ച്, വാസ്തവത്തിൽ സജീവമായ കോളേജ് കാമ്പസിന്റെ പ്രണയഭാവത്തെ അടയാളപ്പെടുത്തുന്ന ആദ്യത്തെ നോവൽ ഉൾക്കടൽ തന്നെയാണ് . അതിൻ്റെ തിരക്കഥ എഴുതിയത് ഞാനാണ് നടീനടന്മാരെ നിശ്ചയിച്ചതും ഞാനാണ്. കമലിന്റെ നിറം എന്ന സിനിമയ്ക്ക് പ്രചോദനമായത് ഉൾക്കടലാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. അതുപോലെ ധാരാളം സിനിമകൾ വന്നു.ഇന്നിപ്പോൾ ഉൾക്കടലിന് പ്രസക്തി ഉണ്ടോ എന്ന് ചോദിച്ചാൽ ജീവിതത്തിൽ എല്ലാത്തിനും മാറ്റങ്ങൾ വന്നിട്ടുണ്ട്.കാമ്പസിന്റെ സ്വഭാവത്തിലും രൂപത്തിലും വലിയ മാറ്റം വന്നു.നമ്മുടെ കലാലയത്തിൽ സ്നേഹവും പ്രണയവും വ്യക്തിബന്ധങ്ങളും സൗഹൃദവും ഒക്കെ അന്യം ആയിട്ടില്ല എന്ന് ചിന്തിക്കുകയാണെങ്കിൽ ഉൾക്കടൽ ,നോവലും സിനിമയും ഇന്നും പ്രസക്തമാണ്.
5.ഇന്നത്തെ സമൂഹവും അതുപോലെ സാഹിത്യവും ഒരുപാട് മാറിയിരിക്കുന്നു. സാഹിത്യം സാംസ്കാരിക ധർമ്മമായി കണ്ടിരുന്ന ഒരു തലമുറയിൽ നിന്ന് എഴുത്ത് ഒരു നേരമ്പോക്കായി മാറുന്ന, യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന day in My life വീഡിയോ പോലെ സാഹിത്യസൃഷ്ടികൾ വായിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇത് കാലാനുസൃതമായി വന്ന മാറ്റമായി കാണാമോ? എങ്കിൽ സാഹിത്യത്തിൻ്റെ ഭാവി എന്താണ് ?
കാലാനുസൃതമായി വന്ന മാറ്റമായി കാണാം. കാലത്തിനെ കടന്ന് അതിനെ അതിജീവിക്കുക എന്നുള്ളതാണ് കലാകാരന്മാരുടെ ധർമ്മം.കാലത്തിന്റെ നേരംപോക്കുകളെയോ ജീവിതത്തിൻറെ ഉപരിപ്ലവമായ കാര്യങ്ങളെയോ പകർത്താനുള്ളതല്ല സാഹിത്യം. അത് അങ്ങനെ ആയിട്ടുണ്ടെങ്കിൽ അതിനെ അതിജീവിച്ചുകൊണ്ട് സാഹിത്യത്തിന്റെയും കലയുടെയും യഥാർത്ഥ വഴികൾ കണ്ടെത്തുക എന്നുള്ളതാണ് സാംസ്കാരിക ഉത്തരവാദിത്വമുള്ള സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും ധർമ്മം. ഇത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. വിപരീതകാലത്ത് പ്രതിരോധത്തിന്റെ കോട്ടകൾ നിർമ്മിക്കുകയും അതുപോലെ പുതിയ കാര്യങ്ങൾ ചെയ്യുകയും എന്നുള്ളത് ക്ലേശകരമാണ് .എങ്കിലും അത് കാലം ആവശ്യപ്പെടുന്നു.പുതിയ എഴുത്തുകൾ മോശമാണ് എന്ന് പറയുന്നില്ല.എൻറെ അലമാരയിൽ ഭാവിക്കുവേണ്ടി കരുതാവുന്ന സാഹിത്യമൂല്യം അവയ്ക്ക് ഉണ്ടെന്ന് പറയാനാവില്ല.
ഇന്ന് നമ്മുടെ കുട്ടികൾ വഴിതെറ്റിപ്പോകുന്നു എന്ന് നാം പരിഭവിക്കാറുണ്ട്. എന്താണ് അതിന് കാരണം? കുട്ടികളുടെ പ്രതിഭ കണ്ടെത്താനും അതിനെ വികസിപ്പിക്കാനും പലകാരണങ്ങളാൽ നമുക്ക് കഴിയാതെ പോകുന്നു. ഇത് വലിയ അപകടത്തിലേക്കാണ് സമൂഹത്തെ നയിക്കുന്നത്.
കലോത്സവങ്ങളിൽ മാത്രം ഒതുങ്ങുന്നതാണ് ഇന്നത്തെ കലാപ്രവർത്തനം. ഞങ്ങൾ പഠിക്കുന്ന സമയത്ത് സ്കൂളിലും കോളേജിലും ആഴ്ചയിലൊരിക്കൽ സാഹിത്യസമാജങ്ങൾ നടക്കുമായിരുന്നു. സാഹിത്യകാരന്മാർ കുട്ടികളോട് സംവദിച്ചിരുന്നു. ധാരാളം സാഹിത്യ ക്യാമ്പുകൾ നടന്നിരുന്നു. ആ സാഹിത്യ ക്യാമ്പുകളിൽ നിന്ന് വളർന്നു വന്നവരാണ് ഇന്നത്തെ പ്രധാനപ്പെട്ട മിക്ക എഴുത്തുകാരും .അത്തരം പ്രവർത്തനങ്ങൾ ഇന്നില്ല. നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ നാം ചെയ്യാതിരുന്നിട്ട് എല്ലാം മാറിപ്പോയി എന്ന് കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. യൂണിവേഴ്സിറ്റി യൂണിയനുകളും കോളേജ് യൂണിയനുകളും തമ്മിലടിക്കാതെ സർഗാത്മകമായി പ്രവർത്തിക്കാൻ തുടങ്ങിയാൽ വലിയ മാറ്റം ഉണ്ടാകും.
6. നാടിൻ്റെ ഓർമ്മകൾ പങ്കുവയ്ക്കുന്ന ധാരാളം പുസ്തകങ്ങൾ സാർ എഴുതിയിട്ടുണ്ട്. സാറിലെ എഴുത്തുകാരനെ രൂപപ്പെടുത്തുന്നതിൽ 'നാടിൻ്റെ സ്വാധീനം എത്രത്തോളമുണ്ട്?
ഞാൻ ആദ്യത്തെ ചോദ്യത്തിൽ സൂചിപ്പിച്ചല്ലോ എൻറെ നാട് വേറിട്ടൊരു സാംസ്കാരിക ഭൂമിയാണ്. വിപ്ലവഭൂമികയുമാണ് ശങ്കരാചാര്യർ ,ഷഡ്കാലഗോവിന്ദമാരാർ എന്നിവർ ജീവിച്ചിരുന്ന മണ്ണിലാണ് ഞാൻ ജനിച്ചത് . മതസൗഹാർദത്തിന് പേരുകേട്ട ഇടമാണ് പിറവം. കൂത്താട്ടുകുളം വിപ്ലവത്തിന്റെ മഹത്തായ സന്ദേശം ഉൾക്കൊള്ളുന്ന ഇടമാണ്.എ.കെ.ജി. രക്തസാക്ഷികളുടെ നാട് എന്ന് പേരിട്ട ഭൂമികയിലാണ് ഞാൻ ജനിച്ചതും വളർന്നതും.എൻറെ നാട്ടിൽ ഇതുവരെ വർഗീയകലാപങ്ങളോ കൊലപാതകങ്ങളോ നടന്നിട്ടില്ല . പ്രശാന്തതയുടെയും സൗന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും പൂക്കൾ വിടരുന്ന ഒരു മണ്ണിൽ ജനിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. അത് എൻറെ എഴുത്തിൽ കൃത്യമായി സ്വാധീനം ചെലുത്തിയിട്ടുണ്ട്.
7. ഹൃദയരാഗങ്ങൾ പോലാരു ആത്മകഥ എഴുതാനിടയായ സാഹചര്യം എന്തായിരുന്നു? അത് എഴുതുമ്പോൾ അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ?ജീവിതത്തെ രൂപപ്പെടുത്തിയ സ്ത്രീവ്യക്തിത്വങ്ങളെക്കുറിച്ച് സാർ ആത്മകഥയിൽ എഴുതിയിട്ടുണ്ട്.കഥാപാത്രസൃഷ്ടികളിൽ അവർ സ്വാധീനം ചെലുത്തിയിട്ടുണ്ടോ?
എല്ലാവരും സ്വന്തം മഹത്വം പറയാനാണ് ആത്മകഥകൾ എഴുതുന്നത്. ജനിച്ച തറവാടിനെക്കുറിച്ചോ സ്ഥലത്തെക്കുറിച്ചോ നേടിയ ഡിഗ്രികളെക്കുറിച്ചോ ഉള്ള വിവരണാത്മകമായ ആഖ്യാനങ്ങളാണ് പല ആത്മകഥകളും . ഇതിൽനിന്ന് വ്യത്യസ്തമായി ജീവിച്ച കാലത്തെ ജീവിതസമരങ്ങളെക്കുറിച്ച് പറഞ്ഞ ആത്മകഥകൾ ഉണ്ട്.സി. കേശവന്റെയും, കെ. പി. കേശവമേനോന്റെയും ഒക്കെ ആത്മകഥകൾ അതിന് ഉദാഹരണമാണ്. കേരളീയ സാംസ്കാരിക രംഗത്ത് സജീവമായി ഇപ്പോഴും നിൽക്കുന്ന ഒരാളാണ് ഞാൻ. ഞാൻ നടന്ന വഴികളെ അടയാളപ്പെടുത്തുവാനാണ് ഹൃദയരാഗങ്ങളിൽ ശ്രമിച്ചിട്ടുള്ളത്. ഞാൻ ധാരാളം യാത്ര ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ്. 40 ഓളം രാജ്യങ്ങളിൽ ഞാൻ പോയിട്ടുണ്ട്. വെറുതെ പോകുകയല്ല അവിടെ ജീവിച്ച് ജനങ്ങളോട് സംവദിച്ച് അവരുടെ സംസ്കാരത്തിൽ പങ്കുകൊണ്ട് അവരുടെ ജീവിതം മനസിലാക്കുകയാണ് ഞാൻ ചെയ്യുന്നത്.ലോകത്തിൻറെ നാനാഭാഗങ്ങളിൽ എനിക്ക് ധാരാളം നല്ല സുഹൃത്തുക്കൾ ഉണ്ട് .എൻറെ ജീവിതത്തെ രൂപപ്പെടുത്തിയ ഒട്ടേറെ മനുഷ്യർ അതിലുൾപ്പെടും . ഇങ്ങനെയൊക്കെയുള്ള എൻറെ ജീവിതാനുഭവങ്ങളാണ് ഞാൻ എഴുതിയത്. സത്യമല്ലാത്ത ഒരു വാക്കും അതിലില്ല. പക്ഷേ സത്യമെല്ലാം അതിലില്ലതാനും. ജീവിതത്തിൽ ധാരാളം വിപരീതാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.പക്ഷേ അവയെ ഞാൻ അവഗണിച്ചത് അതിനു പകരമായി എനിക്ക് കിട്ടിയ ഒത്തിരി നന്മ നിറഞ്ഞ അനുഭവങ്ങൾ ഉള്ളതുകൊണ്ടാണ് .
ആത്മകഥ ഒരിക്കലും എൻറെ കാലത്തിനു വേണ്ടി എഴുതിയതല്ല .എൻറെ കാലം കഴിഞ്ഞാലും എൻറെ എഴുത്ത് നിലനിൽക്കണമെങ്കിൽ താൽക്കാലികമായ ചില വിദ്വേഷങ്ങളെയോ വിപരീതാനുഭവങ്ങളെയോ കോറിയിടുന്നതിലോ ഇച്ഛാശക്തിയുസരിച്ച് കാര്യങ്ങളെ വർണിക്കുന്നതിലോ അർത്ഥമില്ല. മറിച്ച് അതിൽ ഒരു common acceptance വേണം .നമ്മുടെ അനുഭവങ്ങളെ കാലത്തിൻറെ അനുഭവങ്ങളാക്കി മാറ്റാൻ കഴിഞ്ഞാലേ എഴുത്ത് നിലനിൽക്കുകയുള്ളൂ. എൻറെ സ്വകാര്യ അനുഭവങ്ങളെ ഒരു വിശാലമായ പ്രതലത്തിൽ നിർത്തി അതിനെ ചരിത്രമാക്കി,കാലത്തിന് സ്വീകാര്യമായി അവതരിപ്പിക്കാനുള്ള ഒരു ബോധപൂർവമായ ശ്രമം ഞാൻ നടത്തിയിട്ടുണ്ട്. അതുകൊണ്ടായിരിക്കും അതിന് അവാർഡ് കിട്ടിയത് എന്ന് ഞാൻ വിശ്വസിക്കുന്നു. അവാർഡുകൾ മുന്നോട്ടുപോകാനുള്ള ഒരു പ്രചോദനമാണ് .
8. 'അകലെ ആകാശം' എന്ന നോവലിൽ നിന്ന് 'ഭൂമിയുടെസ്പന്ദന'ത്തിലെത്തി നിൽക്കുമ്പോൾ ഒരു നോവലിസ്റ്റ് എന്ന നിലയിൽ എന്തൊക്കെ മാറ്റങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട് ?
ഞാൻ ആദ്യം കാർഷികമേഖലയെക്കുറിച്ചാണ് എഴുതിക്കൊണ്ടിരുന്നത്. 15 നോവലുകൾ ആകെ എഴുതിയിട്ടുണ്ട്. അകലെ ആകാശം എന്ന ആദ്യനോവൽ കാർഷിക മേഖലയാണ് അവതരിപ്പിച്ചത്. രണ്ടാമത്തെ നോവലിൽ കാമ്പസ് ആണ് വിഷയം. മൂന്നാമത്തെ നോവൽ അവതരിപ്പിക്കുന്നത് മാതൃപുത്ര ബന്ധമാണ്. നാലാമത്തെ നോവൽ കാർഷിക മേഖലയിൽ ഉണ്ടായ വിപ്ലവകരമായ മാറ്റമാണ് ചർച്ച ചെയ്യുന്നത്. പിന്നീട് എഴുതിയ ഉഴവുചാലുകൾ എന്ന നോവൽ നൈനിറ്റാൾ എന്ന ഭൂമികയെ അടയാളപ്പെടുത്തുന്നതാണ്.ഹൃദയത്തിൽ ഒരു വാൾ എന്നത് ബൈബിൾ കേന്ദ്രീകരിച്ചുകൊണ്ട് എഴുതിയ നോവലാണ്. ക്രിസ്തുവിന്റെ മരണം അമ്മയായ മറിയത്തിന്റെ മനസ്സിൽ ഉണ്ടാക്കിയ വേദനയുടെ വാളാണ് ആ നോവലിലെ പ്രമേയം.ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തയായ സ്ത്രീയെ അടയാളപ്പെടുത്തിയ നോവലാണ് പർവതങ്ങളിലെ കാറ്റ്. ഇന്ത്യൻ സംസ്കാരവും പാശ്ചാത്യസംസ്കാരവും തമ്മിലുള്ള താരതമ്യമാണ് പ്രണയ താഴ്‌വരയിലെ ദേവദാരു. ഇങ്ങനെ 15 നോവലുകളും വ്യത്യസ്തമായ പ്രമേയങ്ങളാണ് ചർച്ച ചെയ്തത് . ഒന്നുപോലെ അല്ല മറ്റൊന്ന്. ഓരോ നോവലിനും കൃത്യമായ പശ്ചാത്തലമുണ്ട്.
ഒരു പുതിയ നോവൽ ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുകയാണ്. പേര് നിശ്ചയിച്ചിട്ടില്ല. എൻറെ ഗ്രാമത്തിന്റെ മനസ്സിൽ ഒരാൾ എന്നെ കാത്തിരുപ്പുണ്ട് .അതാണതിന്റെ പ്രമേയം. മനസ്സുകൊണ്ടുള്ള
ഒരു മടക്കയാത്ര എന്ന് വേണമെങ്കിൽ പറയാം. നമ്മുടെ യാത്രാവഴികളിൽ അശ്രദ്ധകൊണ്ടും അവഗണന കൊണ്ടും ഒത്തിരി മൂല്യങ്ങൾ നഷ്ടപ്പെട്ടുപോയി എന്നൊരു തോന്നൽ . എന്നെക്കൊണ്ട് ഒറ്റയ്ക്ക് അവ തിരികെ പിടിക്കാനാകില്ല.കാലത്തിനു വേണ്ടി പുനരാവിഷ്കരിക്കാൻ കഴിയുമോ എന്ന് ശ്രമിക്കുകയാണ്.
9. മലയാള ഗവേഷണ പഠനത്തിനായി തയ്യാറെടുക്കുന്നവർ എന്തൊക്കെ കാര്യങ്ങൾ മുന്നൊരുക്കമായി ചെയ്യേണ്ടതുണ്ട്? ഗവേഷണ മാർഗദർശി എന്ന നിലയിൽ കർക്കശനിലപാടുകൾ സ്വീകരിക്കേണ്ടി വന്നിട്ടുണ്ടോ? അനുഭവങ്ങൾ പങ്കുവയ്ക്കാമോ? ധാരാളം പേർ അങ്ങയോടൊപ്പം PhD എടുത്തിട്ടുണ്ടല്ലോ?
ഗവേഷണപഠനത്തിനായി തയ്യാറെടുക്കുന്നവർക്കും ചെയ്തുകൊണ്ടിരിക്കുന്നവർക്കും ഉണ്ടാകേണ്ട പ്രധാനമായ ഗുണമാണ് വിശാലമായ വായന. വെറുതെ വായിച്ചാൽ മാത്രം പോരാ അവയെ കൃത്യമായി അപഗ്രഥിക്കാനും അതിൽ നിന്ന് പുതിയ കാര്യങ്ങൾ കണ്ടെത്താനുള്ള ഉൾക്കാഴ്ചയും വേണം. ഈ കാര്യങ്ങൾ നിർബന്ധമാണ്.
16 പി എച്ച് ഡി പ്രബന്ധങ്ങൾ എൻറെ കൂടെ പൂർത്തിയാക്കിയിട്ടുണ്ട്. അതിൽ ഒരു വിദ്യാർത്ഥി മാത്രമാണ് 15 വർഷം എടുത്ത് ഗവേഷണം പൂർത്തിയാക്കിയത്. ഒരു അധ്യാപകരോടും യോജിച്ചു പോകാൻ കഴിയാത്ത ഒരു വിദ്യാർത്ഥി എൻറെ കൂടെ ഗവേഷണം പൂർത്തിയാക്കുകയും അദ്ദേഹം ഇന്ന് അറിയപ്പെടുന്ന ഒരു നിരൂപകനായി മാറുകയും ചെയ്തു. അങ്ങനെ പല അനുഭവങ്ങൾ. 16 പി എച്ച് ഡി പ്രബന്ധങ്ങളും മികച്ചതായിരുന്നു. മലയാള കാല്പനിക കവിതകളിലെ വർണ്ണബോധം എന്നുള്ളതായിരുന്നു എൻറെ കൂടെ ആദ്യം ഗവേഷണം ചെയ്ത കുട്ടിയുടെ വിഷയം. ഈ വിഷയം ഡോക്ടൽ കമ്മിറ്റിക്ക് മുന്നിൽ വന്നപ്പോൾ അധ്യാപകൻ ചോദിച്ചത് ഇതെന്താ ഫിസിക്സ് ആണോ എന്നതായിരുന്നു.. പക്ഷേ പിന്നീട് അതിന് ഗവേഷണാനുമതി കിട്ടുകയും അത് പൂർത്തിയാക്കുകയും ചെയ്തു. ഓരോ എഴുത്തുകാരും അവരുടെ എഴുത്തുകളിൽ നിറം ഉപയോഗിക്കുന്നതിന് ഒരു വൈവിധ്യമുണ്ട്. ചിലർക്ക് ചുവപ്പാണ് ചിലർക്ക് കറുപ്പാണ് ചിലർക്ക് നീലയാണ്. ഈ വിഷയത്തെ വളരെ നന്നായി പഠിച്ച് ആ കുട്ടി ഗവേഷണ ബിരുദം നേടി. എൻറെ വിദ്യാർത്ഥികളെ ഞാൻ സ്വതന്ത്രമായി ഗവേഷണം ചെയ്യാൻ അനുവദിച്ചിരുന്നു .എന്നാൽ എല്ലാ മാസവും കൃത്യമായി റിപ്പോർട്ട് വയ്ക്കുകയും നിശ്ചിത പ്രോജക്റ്റുകൾ സമയബന്ധിതമായി ചെയ്തുതീർക്കുകയും വേണം എന്നുള്ള കാര്യത്തിൽ എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. പുതിയ വിഷയങ്ങൾ കണ്ടെത്തുന്നതിലും കുട്ടികളെ കൊണ്ട് അവ കൃത്യമായി ചെയ്യിപ്പിക്കുന്നതിലും ഡിഗ്രി വാങ്ങിച്ചു കൊടുക്കുന്നതിലും എളിയവനായ എൻറെ ഒരു അർപ്പണബോധം ഉണ്ടായിരുന്നു എന്ന് ഞാൻ പറയും.
10. എതിർശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന നവ ഫാസിസ്റ്റ് കാലഘട്ടത്തിൽ ആവിഷ്കാരങ്ങൾ വളച്ചൊടിക്കപ്പെടുന്നില്ലേ?
അതെ വളച്ചൊടിക്കപ്പെടുന്നുണ്ട്.പണ്ട് എഴുത്ത് നിർത്തേണ്ട സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. ഇന്ന് പലർക്കും എഴുതാൻ കഴിയാത്ത സാഹചര്യവും ഉണ്ട്. അത് രാഷ്ട്രീയത്തിന്റെ ഒരതിപ്രസരം എന്ന് ഞാൻ പറയും. വാസ്തവത്തിൽ ഈ അവസ്ഥ നിർഭാഗ്യകരമാണ്. രാഷ്ട്രീയ അധികാരം സാഹിത്യത്തെയും കലയെയും നിയന്ത്രിക്കാൻ തുടങ്ങുമ്പോളുള്ള അപകടകരമായ അവസ്ഥാവിശേഷമാണിത്.എഴുത്തുകാർക്കും കലാകാരന്മാർക്കും ചില അപ്പക്കഷണങ്ങൾക്ക് വേണ്ടി അധികാരത്തിന് കീഴ്‌വഴങ്ങി കൊടുക്കേണ്ടിവരുന്നു. രാഷ്ട്രീയപക്ഷപാതിത്വം വേണ്ട എന്നല്ല. എഴുത്തുതന്നെ ഒരു രാഷ്ട്രീയമാണ്. എന്നാൽ അതിനു വേണ്ടിയുള്ള ഇഴച്ചിലിന്റെ ആവശ്യമില്ല.ഓടാൻ കഴിഞ്ഞില്ലെങ്കിൽ നടക്കുകയെങ്കിലും ചെയ്യാം. ഇഴയേണ്ട.
11. നവമാധ്യമങ്ങളുടെ അതിപ്രസരകാലത്ത് ജീവിക്കുമ്പോൾ എഴുത്തിൽ സാങ്കേതികത എത്രത്തോളം കടന്നുവരുന്നുണ്ട്?
ഒത്തിരി പ്രശ്നങ്ങളുണ്ട് . ഇല്ല എന്ന് പറയാനാകില്ല. കാണുന്ന കാര്യങ്ങളെല്ലാം യഥാർത്ഥമാണെന്നും അതാണ് കാലത്തിൻ്റെ ചുവടുവയപ്പ് എന്നും ചിന്തിക്കുന്ന ഒരു അവസ്ഥാവിശേഷമുണ്ട്. മാസികകളും പത്രങ്ങളും ഒക്കെ മുതലാളിത്തശക്തികളുടെ കൈയിലാണ് എന്ന് നമ്മൾ പറയുമ്പോൾ അതിനേക്കാൾ വലിയ സാമ്പത്തിക മുതൽമുടക്കുള്ള വിഷ്വൽ മീഡിയ എത്ര വലിയ സാമ്രാജ്യ ശക്തികളുടെ അധീനതയിലാണ് എന്ന് നമ്മൾ ചിന്തിക്കണം. അവരുടെ താളത്തിന് നിൽക്കേണ്ട കാലത്ത് കലയും സാഹിത്യവും ഒക്കെ മുരടിക്കുമെന്നതിൽ യാതൊരു തർക്കവുമില്ല . ആകുന്നത്രവേഗം സ്വന്തം സ്വത്വം വീണ്ടെടുക്കുക എന്നുള്ളതാണ് കലാകാരന്റെയും സാഹിത്യകാരന്റെയും അതിപ്രധാനമായ കാലിക ചുമതല എന്ന് ഞാൻ പറയും.
12. ലഹരിക്കെതിരായ അവബോധം ഏറെ പ്രാധാന്യമർഹിക്കുന്ന കാലഘട്ടമാണിത് . കുട്ടികളെ മുതൽ മുതിർന്നവരെ വരെ ഒരേ രീതിയിൽ വലയിലാക്കാനായി ചുറ്റും പതിയിരിക്കുകയാണ് ലഹരി. അതിനെതിരെ കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ എന്തൊക്കെ മാർഗ്ഗങ്ങളാണ് അങ്ങേയ്ക്ക് നിർദ്ദേശിക്കാനുള്ളത്.?
പ്രധാനമായിട്ടും കുടുംബം സമാധാനത്തിന്റെ അന്തരീക്ഷമുള്ളതാകണം. മാതാപിതാക്കൾ കുട്ടികളെ ശ്രദ്ധിക്കുകയും അവരുമായി എല്ലാ ദിവസവും സംസാരിക്കുകയും വേണം .അവരുടെ മനസ്സറിയാൻ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. പള്ളിക്കൂടത്തിൽ കുട്ടികൾ എത്തുന്നുണ്ടോ അവരവിടെ എന്താണ് ചെയ്യുന്നത് എന്നതിനെപ്പറ്റി അധ്യാപകർക്കും മാതാപിതാക്കൾക്കും കൃത്യമായ അവബോധം ഉണ്ടായിരിക്കണം. പേരന്റ്സ് ടീച്ചേഴ്സ് മീറ്റിംഗ് കുട്ടികളുടെ മാർക്കിനെ വിലയിരുത്താൻ വേണ്ടി മാത്രം ഉള്ളതാകരുത്. സാമൂഹിക തലത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾ ലഹരി ഒരു വിപത്താണെന്നുള്ള അവബോധം കുട്ടികളിൽ വളർത്താൻ ശ്രമിക്കണം. ഞാൻ ഇതിനെതിരെ ഒരു നേതൃത്വപരമായ പങ്ക് വഹിക്കുന്നുണ്ട് . ഞാൻ അഭിജിത് ഫൗണ്ടേഷൻ എന്ന ചാരിറ്റി ഓർഗനൈസേഷൻ്റെ ചെയർമാൻ ആണ്. പെട്ടെന്ന് അജ്ഞാതമായ രോഗം പിടിപെട്ട് മരിച്ച കുട്ടിയുടെ പേരിൽ കോട്ടുകാൽ കൃഷ്ണകുമാർ എന്ന മാന്യവ്യക്തി ആരംഭിച്ചതാണ് ഈ ഫൗണ്ടേഷൻ. ധാരാളം വ്യക്തികൾ ഈ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ലഹരിക്കെതിരായി കുട്ടികളെ ബോധവൽക്കരിക്കാനുള്ള ധാരാളം പ്രവർത്തനങ്ങൾ സംഘടനയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. കൗൺസിലിംഗ് സെൻറർ പോലുള്ള സേവനങ്ങളും ചികിത്സ ആവശ്യമായ കുട്ടികൾക്ക് അവ ലഭ്യമാക്കാനുളള പ്രവർത്തനങ്ങളും ഒപ്പം ധാരാളം പൊതുപ്രവർത്തനങ്ങളും നടത്തുന്നു.
13. 21.ാം നൂറ്റാണ്ടിൽ യാത്രവിവരണ സാഹിത്യം നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്.ലഘു വിവരണങ്ങളായും മറ്റും യാത്രാവിവരണാഖ്യാനത്തിന് പുതിയ ആവിഷ്കാര തന്ത്രങ്ങൾ ഈ കാലത്ത് ഉപയോഗിക്കുന്നു. ഈ പരിണാമത്തെ അങ്ങ് എങ്ങനെ നോക്കി കാണുന്നു ?
എൻറെയൊക്കെ കാലത്ത് യാത്രാവിവരണം വായിക്കുന്നത് ഒരു സ്ഥലത്തെക്കുറിച്ചറിയാനും അതിൻറെ ചരിത്രമറിയാനും അതിന്റെ സാമ്പത്തികനില ജനസംഖ്യ ഇവയൊക്കെ മനസ്സിലാക്കാനുമായിരുന്നു. ഈ വസ്തുതകൾക്ക് പ്രാധാന്യം ഉണ്ടായിരുന്നു.ഇന്ന് ഈ കാര്യങ്ങൾക്ക് പ്രസക്തിയില്ല. കാരണം ഗൂഗിളിൽ സെർച്ച് ചെയ്താൽ ഇതൊക്കെ നമുക്ക് കണ്ടെത്താൻ സാധിക്കും. അതിനു പകരമായി ഒരു ചരിത്രകാരൻ എന്നനിലയിലല്ല എഴുത്തുകാരൻ എന്ന നിലയിലാണ് യാത്രകളെ സമീപിക്കേണ്ടത്. ഒരു സ്ഥലത്ത് എത്തുമ്പോൾ അവിടെയുള്ള മനുഷ്യർ, അവരുടെ ജീവിതം, ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ കണ്ടെത്തുന്ന അജ്ഞാതമായ രഹസ്യങ്ങൾ എന്നിവയെക്കുറിച്ചാകണം എഴുതേണ്ടത്. വിവരണാത്മകമായി ഉപരിപ്ലവമായ കാര്യങ്ങൾ എഴുതുന്ന ഏർപ്പാട് നിർത്തി ഒരു ആത്മാന്വേഷണത്തിന്റെ വഴിയിൽ കൂടി സഞ്ചരിച്ചാലെ ഇക്കാലത്ത് യാത്രാവിവരണത്തിന് പ്രസക്തിയുള്ളൂ..അത്തരത്തിൽ എഴുതാൻ ശ്രമിക്കുന്ന ആളാണ് ഞാൻ.
Comments