മലയാളത്തിലെ മൃദംഗ ത്രിമൂർത്തികൾ - വ്യത്യസ്ത ബാണികളെ അടിസ്ഥാനമാക്കിയുള്ള പഠനം.
- GCW MALAYALAM
- Apr 14
- 4 min read
Updated: Apr 16
അരുൺ വി. കുമാർ

പ്രബന്ധസംഗ്രഹം
മൃദംഗവാദനത്തിൽ നിലവിലുള്ള വ്യത്യസ്ത ബാണികളും അതിന്റെ ഉത്ഭവം വളർച്ച പ്രധാനപ്പെട്ട പ്രയോക്താക്കൾ ഇവയെക്കുറിച്ചുമുള്ള പഠനമാണ് ഈ ലേഖനം.
താക്കോൽ വാക്കുകൾ
മൃദംഗം, ബാണി, തഞ്ചാവൂർ, പുതുക്കോട്ടൈ, ത്രിമൂർത്തികൾ, മാവേലിക്കര, പത്മശ്രീ
ദക്ഷിണേന്ത്യൻ സംഗീതത്തിൽ ഏറ്റവും പ്രാധാന്യമുള്ള തുകൽ വാദ്യമാണ് മൃദംഗം. ‘മൃത്’ അഥവാ ‘മണ്ണ്’, ‘അംഗം’ അഥവാ ‘ശരീരം’ എന്നീ വാക്കുകളുടെ സംയോജനത്തിൽ നിന്നാണ് മൃദംഗം എന്ന പദം ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. പുരാണങ്ങളിൽ ഗണപതി ഭഗവാന്റെയും നന്ദിദേവന്റെയും വാദ്യോപകരണമായി ഇതിനെ പറയപ്പെടുന്നു. ഭാരതത്തിലെ ചരിത്രപരമായ പല ശിലാലിഖിതങ്ങളിലും മൃദംഗ സമാനമായ വാദ്യോപകരണങ്ങൾ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. സാമവേദത്തിൽ വാദ്യത്രയങ്ങളിൽ (വീണ,വേണു,മൃദംഗം) ഒന്നായി മൃദംഗത്തെ സൂചിപ്പിച്ചിരിക്കുന്നു. മഹാഭാരതം, രാമായണം, ശ്രീമദ് ഭാഗവതം എന്നിവയിൽ എല്ലാം മൃദംഗത്തെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാൻ സാധിക്കും. ഭരതമുനിയുടെ നാട്യശാസ്ത്രത്തിലും, കാളിദാസന്റെ മേഘസന്ദേശത്തിലും, ചിലപ്പതികാരത്തിലും മൃദംഗത്തെക്കുറിച്ച് പറയുന്നുണ്ട്.
ദക്ഷിണേന്ത്യയിൽ തഞ്ചാവൂരിലാണ് മറാത്ത രാജഭരണകാലത്ത് മൃദംഗത്തിന് പ്രചാരം സിദ്ധിക്കുന്നത്. ക്രമേണ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും മൃദംഗാഭ്യസനത്തിനായി കലാകാരന്മാർ തഞ്ചാവൂരിൽ എത്തുകയും അവിടം മൃദംഗവിദ്വാന്മാരുടെ ഒരു പ്രധാന കേന്ദ്രമായി മാറുകയും ചെയ്തു. ഹീരോജി ഗോപാലറാവു (1762-1840) തഞ്ചാവൂർ കാമാക്ഷി ബായ് (1821-1857) എന്നിവരാണ് യഥാക്രമം ആദ്യത്തെ മൃദംഗവിദ്വാനും വിദുഷിയുമായി അറിയപ്പെടുന്നത്. ശിവസ്വാമി അപ്പ, ഗോപാലറാവു അപ്പ എന്നിവരും അക്കാലത്തെ മൃദംഗ വിദ്വാന്മാരായിരുന്നു. ശിവസ്വാമിഅപ്പയുടെയും ഗോപാലറാവു അപ്പയുടെയും ശിഷ്യനായ നാരായണസ്വാമി അപ്പയാണ് (1830-1906) ആധുനികമൃദംഗവാദനത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നത്.
മൃദംഗവാദനത്തിൽ അടിസ്ഥാനപരമായി രണ്ട് ബാണികളാണ് ഉള്ളത്. തഞ്ചാവൂർ ബാണിയും പുതുക്കോട്ടൈ ബാണിയും. നാരായണസ്വാമി അപ്പ, അഴകനമ്പി പിള്ള തുടങ്ങിയ മഹാരഥന്മാർ തെളിച്ച വഴിയിലൂടെ തഞ്ചാവൂർ വൈദ്യനാഥ അയ്യരാണ് തഞ്ചാവൂർ ബാണി കുറ്റമറ്റ രീതിയിലുള്ള ഒരു സമ്പ്രദായത്തിലേക്ക് എത്തിച്ചത്. ഹരികഥയുടെ പാരമ്പര്യം ഉൾക്കൊണ്ട് സാഹിത്യഭംഗിക്ക് കോട്ടംതട്ടാത്ത രീതിയിൽ എന്നാൽ സാങ്കേതികതയും സങ്കീർണതകളും വേണ്ടവിധത്തിൽ ഉൾക്കൊള്ളുന്ന ഒരു ചട്ടക്കൂട്ടിലേക്ക് മൃദംഗവാദനത്തിനെ വളർത്തിയെടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.
തഞ്ചാവൂർ രാംദാസ്റാവു, കുംഭകോണം അളകപ്പയ്യർ, ടി. കെ. മൂർത്തി പാലക്കാട് മണിഅയ്യർ തുടങ്ങിയവർ തഞ്ചാവൂർ ബാണിയുടെ പ്രമുഖരായ പ്രയോക്താക്കളായിരുന്നു.
നാരായണസ്വാമിഅപ്പയുടെ ശിഷ്യരിൽ പ്രമുഖരായ തഞ്ചാവൂർ രാംദാസ്റാവു, മദ്രാസ് എ. കണ്ണൻ തുടങ്ങിയവരും അഴകനമ്പി പിള്ളയുടെ ശിഷ്യരായ കുംഭകോണം എം. രാജപ്പഅയ്യർ, ചിദംബരം നടരാജഅയ്യർ എന്നിവരും പിന്നീട് വ്യത്യസ്ത സ്കൂളുകളായി വളരുകയും അതിനുള്ളിൽ തന്നെ വ്യക്തിഗത ശൈലികൾ രൂപപ്പെടുത്തുകയും ചെയ്തു. അതുപോലെതന്നെ തഞ്ചാവൂർ വൈദ്യനാഥയ്യരുടെ പ്രമുഖശിഷ്യരായ പുതുതലമുറയ്ക്ക് സുപരിചിതരായ പാലക്കാട് മണിഅയ്യരും, ടി. കെ. മൂർത്തിയും തഞ്ചാവൂർ ബാണിയിലൂന്നിയ എന്നാൽ തനത്ശൈലിയിൽ വികസിപ്പിച്ചെടുത്ത മൃദംഗവാദനത്തിലൂടെ പ്രശസ്തരായി.
തഞ്ചാവൂർ ബാണിയിൽ നിന്നും വ്യത്യസ്തമായി സ്വതന്ത്രമായി വികസിപ്പിക്കപ്പെട്ട ഒരു സമ്പ്രദായമാണ് പുതുക്കോട്ടൈ. നാഗസ്വരത്തിനകമ്പടിയായ തവിലിന്റെ വാദനസ്വഭാവത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്നതാണ് ഈ സമ്പ്രദായം. ഈ ബാണിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന മാൻപൂണ്ഡിയ പിള്ളയുടെയും പുതുക്കോട്ട ദക്ഷിണാമൂർത്തി പിള്ളയുടെയും ശ്രമഫലമായി പുതുക്കോട്ട ബാണി രൂപപ്പെട്ടു. ഈ സമ്പ്രദായം പിന്തുടരുന്ന മറ്റു പ്രമുഖരാണ് പഴനി മുത്തയ്യ പിള്ള, മധുരൈ എസ്. മണി അയ്യർ, പളനി സുബ്രഹ്മണ്യപിള്ള, സി.എസ്. മുരുകഭൂപതി, പുതുക്കോട്ട സ്വാമിനാഥപിള്ള എന്നിവർ.
പുതുക്കോട്ട ബാണിയുടെ പ്രധാനഗുരു ആയിരുന്ന മാൻപൂണ്ഡിയ പിള്ളയുടെ ശിഷ്യരിൽ പ്രമുഖരായിരുന്നു പളനി മുത്തയ്യപിള്ളയും, ചിറ്റ്സാബായ് സർവ്വായിയും, മധുരൈ എസ് മണി അയ്യരും. ഇവരിൽ പളനി മുത്തയ്യാപിള്ളയുടെ ശിഷ്യനായിരുന്നു പളനി സുബ്രഹ്മണ്യപിള്ള. ചിറ്റ്സാബായ് സർവ്വായിയുടെ ശിഷ്യനായിരുന്നു സി. എസ്. മുരുകഭൂപതി. അടിസ്ഥാന സമ്പ്രദായത്തിൽ തുടർന്നുകൊണ്ടുതന്നെ തങ്ങളുടെതായ ശൈലി വളർത്തിയെടുത്ത് അടുത്ത തലമുറക്ക് കൈമാറാൻ പളനി സുബ്രഹ്മണ്യ പിള്ളയ്ക്കും സി. എസ്. മുരുകഭൂപതിക്കും സാധിച്ചു.
പിൽക്കാലത്ത് പാലക്കാട് മണിഅയ്യർ, മുല്ലാപ്പുഡി ലക്ഷ്മണറാവു, കാരൈക്കുടി മണി എന്നീ ഗുരുക്കന്മാരുടെ സ്കൂളുകൾ പാലക്കാട്, മുല്ലാപ്പുഡി, കാരൈക്കുടി എന്നീ ബാണികളായി വികസിച്ചു. തഞ്ചാവൂർ ബാണിയുടെ കൃത്യമായ പിന്തുടർച്ച കാണാൻ സാധിക്കുന്നത് ടി. കെ. മൂർത്തിയുടെ മൃദംഗവാദനത്തിലാണ്. പാലക്കാട്ബാണിയുടെ തനത്ശൈലി സർഗാത്മകതയോടെ അവതരിപ്പിച്ചിരുന്ന കലാകാരനാണ് പാലക്കാട് രഘു. അതുപോലെതന്നെ ഉമയാൾപുരം ശിവരാമനും പളനി സുബ്രഹ്മണ്യ പിള്ളയുടെ ശിഷ്യനായ ട്രിച്ചി ശങ്കരനും തങ്ങളുടെതായ പുതുമകൾ ഉൾപ്പെടുത്തി വ്യത്യസ്തതയാർന്ന ശൈലി രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്.
മൃദംഗ ത്രിമൂർത്തികളായി അറിയപ്പെടുന്ന മൂവരിൽ പാലക്കാട് മണിഅയ്യർ തഞ്ചാവൂർ ബാണിയുടെയും, പളനി സുബ്രഹ്മണ്യപിള്ള സി.എസ്. മുരുകഭൂപതി എന്നിവർ പുതുക്കോട്ട ബാണിയുടേയും പ്രയോക്താക്കൾ ആയിരുന്നു. ബാണി അഥവാ പ്രധാന സമ്പ്രദായം എന്നത് ശിഷ്യപരമ്പരകളിലൂടെ വ്യത്യസ്ത സ്കൂളുകളായി വികസിച്ചു. വ്യത്യസ്ത സ്കൂളുകളിൽത്തന്നെ വ്യക്തിഗത ശൈലികളും. തൽഫലമായി പ്രധാന രണ്ടു ബാണികളിലുമായി ഒട്ടനവധി സ്കൂളുകളും അതിൽത്തന്നെ ധാരാളം വ്യക്തിഗത ശൈലികളും പ്രയോഗത്തിൽ വരികയുണ്ടായി.
കേരളത്തിന്റെ മൃദംഗവാദനചരിത്രം പരിശോധിക്കുമ്പോൾ അനിഷേധ്യമായിട്ടുള്ള ഒരു സ്ഥാനമാണ് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കുളളത്. മൃദംഗവാദനത്തിലെ ‘കേരള തൃമൂർത്തികൾ’ അഥവാ ‘കുട്ടിത്രയം’ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മാവേലിക്കര കൃഷ്ണൻകുട്ടി നായർ, മാവേലിക്കര ശങ്കരൻകുട്ടി നായർ, മാവേലിക്കര വേലുക്കുട്ടി നായർ എന്നീ മഹാരഥന്മാരുടെ നാടിനെ മൃദംഗവാദനത്തിന്റെ ഈറ്റില്ലം എന്ന് വിശേഷിപ്പിക്കാവുന്നതാണ്. കൂടാതെ പ്രശസ്ത കർണാടക സംഗീതജ്ഞരായ പ്രഭാകരവർമ്മ, പി. സുബ്രഹ്മണ്യം എന്നിവർ മാവേലിക്കരയെ കേരളത്തിന്റെ സംഗീതഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചവരാണ്.
മാവേലിക്കര കൃഷ്ണൻകുട്ടി നായർ (1921-1988)
1921- ൽ നാരായണപിള്ള - പാറുക്കുട്ടിയമ്മ ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം പതിമൂന്നാംവയസ്സിൽ ആലപ്പി വെങ്കപ്പൻപിള്ള, വെച്ചൂർ കൃഷ്ണയ്യർ എന്നിവരുടെ ശിക്ഷണത്തിൽ മൃദംഗവാദനം ആരംഭിച്ചു. പിൽക്കാലത്ത് നാദചക്രവർത്തിയായി വിഖ്യാതനായ അദ്ദേഹം തഞ്ചാവൂർ ബാണിയിലെ പ്രമുഖനായ മൃദംഗവാദകൻ പളനി സുബ്രഹ്മണ്യപിള്ളയെ മാനസഗുരുവായി മനസ്സിലേറ്റിയിരുന്നു. അദ്ദേഹത്തിന്റെ ബാല്യകാലത്ത് മാവേലിക്കര കൊട്ടാരത്തിൽ മൃദംഗപാഠശാല ഉണ്ടായിരുന്നു. അവിടെ ഗുരുവായിരുന്ന ആലപ്പി വെങ്കയ്യൻപിള്ളയുടെ പാഠങ്ങളിൽ ആകൃഷ്ടനായ കൃഷ്ണൻകുട്ടി നായർ കതകിനു മറഞ്ഞുനിന്നു പഠിച്ചായിരുന്നു തുടക്കം. അധികം താമസിയാതെ കൃഷ്ണൻകുട്ടി നായരുടെ പ്രതിഭ മനസ്സിലാക്കിയ വെങ്കപ്പൻ പിള്ള അദ്ദേഹത്തെ തന്റെ ശിഷ്യനായി സ്വീകരിച്ചു. മാവേലിക്കര കൃഷ്ണസ്വാമി ക്ഷേത്രത്തിലെ കച്ചേരികൾ കേട്ടും പക്കമേളം ഒരുക്കിയും അദ്ദേഹം തന്റെ സംഗീതസപര്യ വളരെ ചെറുപ്പത്തിൽ തന്നെ ആരംഭിച്ചു. പിൽക്കാലത്ത് കർണാടക സംഗീത മേഖലയിലെ ഏറ്റവും മുതിർന്ന ഗുരുക്കന്മാരായ ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ജി. എൻ. ബാലസുബ്രഹ്മണ്യം, ശെമ്മാങ്കുടി ശ്രീനിവാസഅയ്യർ, ചിറ്റൂർ സുബ്രഹ്മണ്യ പിള്ള, മഹാരാജപുരം വിശ്വനാഥ അയ്യർ, മധുരൈ മണി അയ്യർ തുടങ്ങിയവർക്കൊപ്പം അകമ്പടി വായിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. കൂടാതെ ഗാനഗന്ധർവ്വൻ ഡോ. കെ ജെ യേശുദാസിന് പതിനഞ്ചു വർഷക്കാലം തുടർച്ചയായി പക്കവാദ്യം ഒരുക്കിയത് അദ്ദേഹമായിരുന്നു. കച്ചേരികൾക്ക് പുറമേ പ്രശസ്ത കാഥികൻ വി. സാംബശിവന്റെ കഥാപ്രസംഗത്തിനും അദ്ദേഹം മൃദംഗം വായിക്കുകയുണ്ടായി. അക്കാലത്ത് ആകാശവാണി അംഗീകരിക്കപ്പെട്ടിരുന്നില്ലാത്ത ഹാർമോണിയത്തിൽ കർണാടകസംഗീത വാദനത്തിനു “വീരശൃംഖല” നേടിയ കൊട്ടാരത്തിൽ ശങ്കുണ്ണിക്കും പക്കമേളം ഒരുക്കിയത് മാവേലിക്കര കൃഷ്ണൻകുട്ടി നായർ ആയിരുന്നു.
33 വർഷം നീണ്ട തിരുവനന്തപുരം ആകാശവാണിയിലെ ഔദ്യോഗിക ജീവിതത്തിൽനിന്നും 1981 - ൽ വിരമിച്ച അദ്ദേഹത്തിന് 1984 -ൽ ഭാരത സർക്കാർ ‘പത്മശ്രീ’ നൽകി ആദരിച്ചു. 1971 കേരള സംഗീത നാടക അക്കാദമി അവാർഡ്, 1972 -ൽ തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ‘കലാരത്നം’ എന്നീ അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചു. തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ സംഗീതകോളേജിൽ മൃദംഗം ഒരു മുഖ്യ വിഷയമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെവലുതാണ്. കലാഹൃദയങ്ങളിൽ ഇടമുറിയാത്ത നാദവിസ്മയം സൃഷ്ടിച്ച മാവേലിക്കര കൃഷ്ണൻകുട്ടി നായരുടെ സ്മരണാർത്ഥം തിരുവനന്തപുരം പ്രസ്ക്ലബ് റോഡിന് അദ്ദേഹത്തിന്റെ പേര് നാമകരണം ചെയ്യപ്പെട്ടു.
മാവേലിക്കര ശങ്കരൻകുട്ടി നായർ (1924-2003)
മാനമധുരൈ മുത്തുകർപ്പപിള്ള, രാമനാഥപുരം സി.എസ്. മുരുകഭൂപതി എന്നിവരിൽ നിന്നും ഉപരിപഠനം നേടിയ അദ്ദേഹം മുതുകുളം എസ്. കുമാരപിള്ളയിൽ നിന്നാണ് പ്രാഥമികപാഠങ്ങൾ അഭ്യസിച്ചത്. 1924 -ൽ ഫെബ്രുവരി 15 -ന് മാധവൻ പിള്ളയുടെയും കൊച്ചു കുഞ്ഞമ്മയുടെയും മകനായി ജനിച്ച അദ്ദേഹം മൃദംഗപഠനത്തോടൊപ്പം കേരള സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. കേരളത്തിലെ വിവിധ സ്കൂളുകളിൽ അധ്യാപകനായും കൊല്ലം ഫാത്തിമകോളേജിൽ ലക്ചററായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പുതുക്കോട്ട ബാണിയിലെ മഹാഗുരുവിന്റെ വഴിയിലൂടെ തനത്ശൈലി രൂപപ്പെടുത്തിയെടുത്ത മഹാവിദ്വാനായിരുന്നു അദ്ദേഹം. ചെമ്പൈ വൈദ്യനാഥഭാഗവതർ, ജി. എൻ. ബാലസുബ്രഹ്മണ്യം, ആലത്തൂർ ബ്രദേഴ്സ്, നെടുനൂരി കൃഷ്ണമൂർത്തി തുടങ്ങിയ പ്രമുഖർക്കൊപ്പം വേദി പങ്കിടാൻ അദ്ദേഹത്തിന് സാധിച്ചു.
തലമുറകൾ കൈമാറി വന്ന മൃദംഗവാദനശൈലി പിന്തുടരുന്ന അനുഗ്രഹീതശിഷ്യരുടെ ഒരു പരമ്പരതന്നെ അദ്ദേഹത്തിനുണ്ട്. മാവേലിക്കര രാധാകൃഷ്ണൻ, ചേർത്തല ആർ. ജയദേവൻ, എലഞ്ഞിമേൽ പി. സുശീൽകുമാർ, കടമ്മനിട്ട മനു വി. സുദേവ് എന്നിവർ പ്രമുഖ ശിഷ്യരാണ്. അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളിൽ 1983 - ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്, 2001 - ലെ ഫെലോഷിപ്പ് എന്നിവ പ്രധാനപ്പെട്ടവയാണ്.
മാവേലിക്കര വേലുക്കുട്ടി നായർ (1926-2012)
മാവേലിക്കരയ്ക്ക് അടുത്ത് ചെട്ടികുളങ്ങരയിൽ 1926 ഒക്ടോബർ 2 മുതുകുളം കുമാരപിള്ളയുടെയും കാർത്യായനി അമ്മയുടെയും മകനായി ജനിച്ച അദ്ദേഹം മൃദംഗത്തിന്റെ പ്രാഥമികപാഠങ്ങൾ അച്ഛനിൽ നിന്നാണ് അഭ്യസിച്ചത്. ചെറുപ്പം മുതൽക്ക് തന്നെ ഹരിപ്പാട് രാമൻകുട്ടി ഭാഗവതർ, മലബാർ ഗോപാലൻ നായർ എന്നിവരുടെ ഹരികഥയ്ക്കും കച്ചേരികൾക്കും പക്കവാദ്യം ഒരുക്കി. അച്ഛന്റെ മരണശേഷം നാഗസ്വരം വിദ്വാന്മാരായ അമ്പലപ്പുഴ സഹോദരന്മാർ മുഖേന പാലക്കാട് മണിഅയ്യരുടെ ശിഷ്യത്വം സ്വീകരിക്കുകയും അദ്ദേഹത്തോടൊപ്പം തഞ്ചാവൂരിൽ ഗുരുകുല സമ്പ്രദായത്തിൽ പഠനമാരംഭിക്കുകയും ചെയ്തു. പിൽക്കാലത്ത് തഞ്ചാവൂർ ബാണിയുടെ തനത് പ്രയോഗരീതികളിലൂടെ അദ്ദേഹം പ്രശസ്തിയിലേക്കുയർന്നു.
തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ 1959 - ൽ മൃദംഗ വിഭാഗം ആരംഭിക്കുന്ന വേളയിൽ അധ്യാപകനായി ജോലി ലഭിക്കുകയും മൃദംഗവിഭാഗത്തിന്റെ പാഠ്യപദ്ധതി രൂപീകരിക്കുന്നതിൽ വിശിഷ്ടപദവി വഹിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് കലാലയമേധാവി ശ്രേഷ്ഠഗുരു ശെമ്മാങ്കുടി ശ്രീനിവാസഅയ്യർ ആയിരുന്നു. മൃദംഗവാദനത്തിലും അധ്യാപനത്തിലും ഒരുപോലെ മികവ് തെളിയിച്ച അദ്ദേഹം ജി. എൻ. ബാലസുബ്രഹ്മണ്യം, മധുര മണിഅയ്യർ, നെടുനൂരി കൃഷ്ണമൂർത്തി, കെ. വി. നാരായണസ്വാമി, എസ്. രാമനാഥൻ, വോലറ്റി വെങ്കിടേശ്വരലു, എം. എൽ. വസന്തകുമാരി, ഡോ.എം.ബാലമുരളീകൃഷ്ണ തുടങ്ങി ഒട്ടനവധി കലാകാരന്മാർക്ക് അകമ്പടിയേകി. വളരെ വലിയൊരു ശിഷ്യപരമ്പരയുടെ മഹാഗുരുവായിരുന്ന അദ്ദേഹം മികച്ചൊരു കർണാടകസംഗീതജ്ഞൻ കൂടിയായിരുന്നു. ഉമയാൾപുരം ശിവരാമൻ, ഗുരുവായൂർ ദൊരൈ തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി നൽകിയിട്ടുണ്ട്.
മദ്രാസ് മ്യൂസിക് അക്കാദമിയുടെ ‘സംഗീതകലാചാര്യ’, കേന്ദ്രസംഗീതനാടക അക്കാദമിയുടെ ‘ടാഗോർ പുരസ്കാരം’, കേരളസംഗീത നാടക അക്കാദമി അവാർഡ്, ഫെല്ലോഷിപ്പ് എന്നിവ അദ്ദേഹത്തിന് കിട്ടിയ അംഗീകാരങ്ങളിൽ പ്രധാനപ്പെട്ടവയാണ്. കൂടാതെ ‘ഗായകരത്ന’, ‘മൃദംഗകലാശിരോമണി’, ‘ലയവാദ്യരത്ന’, ‘മൃദംഗരത്നം’ തുടങ്ങി ഒട്ടനവധി പദവികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കേരളത്തിലെ മൃദംഗവാദകരിൽ പ്രമുഖരെല്ലാം മാവേലിക്കര കൃഷ്ണൻകുട്ടി നായർ, മാവേലിക്കര ശങ്കരൻകുട്ടി നായർ, മാവേലിക്കര വേലുക്കുട്ടി നായർ എന്നിവരുടെ ശിഷ്യ പരമ്പരയാണ്. ആയതിനാൽ പുതുക്കോട്ട, തഞ്ചാവൂർ എന്നീ രണ്ട് ബാണികളും അവയുടെ വ്യത്യസ്ത സ്കൂളുകളും അതിൽനിന്നും ആവിർഭവിച്ച വ്യത്യസ്തശൈലികളും കേരളത്തിന്റെ മൃദംഗവാദന സമ്പ്രദായത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നു പറയാൻ സാധിക്കും.
ഗ്രന്ഥസൂചി
1. മൃദംഗം - ദി കിംഗ് ഓഫ് പെർക്യൂഷൻ - ഡോ. ടി. വി. ഗോപാലകൃഷ്ണൻ -ദി കർണാടിക് മ്യൂസിക് ബുക്ക് സെന്റർ - 2010
2. ദി മ്യൂസിക് ആൻഡ് മ്യൂസിക്കൽ ഇൻസ്ട്രുമെൻറ്സ് ഓഫ് സൗത്ത് ഇന്ത്യ ആൻഡ് ദി ഡെക്കാൻ - സി. ആർ. റോയ് -ബി. ആർ. പബ്ലിഷിംഗ് കോർപറേഷൻ -ഡൽഹി -1974
3. മാറ്റൊലിക്കൊള്ളുന്ന മൃദംഗം - എരിക്കാവ് എൻ. സുനിൽ -കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് , തിരുവനന്തപുരം -2025
4. ഡിജിറ്റൽ ലൈബ്രറി ഓഫ് ജേർണൽസ് - മദ്രാസ് മ്യൂസിക് അക്കാദമി
അരുൺ. വി. കുമാർ
അസിസ്റ്റന്റ് പ്രൊഫസർ,
സംഗീതവിഭാഗം,
ആർ എൽ വി ഗവ: കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, തൃപ്പൂണിത്തുറ, എറണാകുളം- 682301
Email: arunvdharan@gmail.com
Commentaires