സുദര്‍ശന്‍ ഷെട്ടി: വിരുദ്ധാന്വയങ്ങളുടെ സമന്വയകല
- GCW MALAYALAM
- Apr 14
- 4 min read
Updated: Apr 15
ഡോ. സ്വപ്ന ശ്രീനിവാസന്‍

പ്രബന്ധസംഗ്രഹം
കലയിലെ പരമ്പരാഗതമായ അതിര്‍വരമ്പുകള്‍ മായ്ച്ചുകളഞ്ഞുകൊണ്ട് കലാവിന്യാസങ്ങളും സാഹിത്യചിന്തകളും സംഗീതസദസ്സുകളും ഛായാഗ്രഹണകലയും എല്ലാം സമന്വയിപ്പിച്ച് കൊച്ചി- മുസിരിസ് ബിനാലെയ്ക്ക് ജനകീയമുഖം നല്‍കിയ ചിത്രകാരനാണ് സുദര്‍ശന്‍ ഷെട്ടി. അദ്ദേഹം ക്യൂറേറ്റര്‍ ആയതിനുശേഷമാണ് ചിത്രശില്പകലാപ്രദര്‍ശനങ്ങള്‍ക്കൊപ്പം ചിലിയില്‍ ജനറല്‍ പിനോഷെയ്ക്കെതിരെ നടന്ന കലാസാംസ്കാരികപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായ ചിലിയന്‍ കവി റൗള്‍, സുരീറ്റയെയും എഴുത്തിന്റെ ചരിത്രപരതകൊണ്ടു ശ്രദ്ധേയനായ ആനന്ദിനെയുംപോലുള്ള എഴുത്തുകാരുടെ പങ്കാളിത്തംകൊണ്ട് ബിനാലെയുടെ സര്‍ഗ്ഗാത്മകത ഒരു രാഷ്ട്രീയപ്രഖ്യാപനമായി മാറുന്നത്. കലാവിപണികള്‍ സജീവമാകുന്ന കാലത്ത് കലയും സംഗീതവും സാഹിത്യവും എല്ലാം ചേര്‍ന്നുള്ള അവിഭക്തസ്വത്വമായി ജനത സ്വയം തിരിച്ചറിയുമ്പോള്‍ കാലദേശങ്ങളുടെ അതിര്‍ത്തികള്‍ക്കു പ്രസക്തിയില്ലാത്ത വിനിമയത്തിന്റെ പുതിയ ഭാഷ ഉരുത്തിരിഞ്ഞുവരുന്നു. സുദര്‍ശന്‍ഷെട്ടിയുടെ കലാസൃഷ്ടികള്‍ ഇന്ത്യയുടെ തത്വചിന്താപരമായ ഉള്ളടക്കങ്ങളിലേക്കു യാത്രചെയ്ത് പുതുകാലത്തിന്റെ സംവേദനങ്ങളിലേക്ക് അവയെ വിവര്‍ത്തനം ചെയ്യുന്നത് എപ്രകാരമാണ് എന്ന അന്വേഷണമാണ് പ്രബന്ധത്തില്‍. കണ്ടെംപററി ആര്‍ട്ടില്‍ നിലനില്‍ക്കുന്ന തത്വചിന്താപരത കലാചരിത്രപഠിതാക്കള്‍ ഇന്ന് താല്പര്യപൂര്‍വ്വം ശ്രദ്ധചെലുത്തുന്ന ഒരു വിഷയമേഖലയാണ്.
താക്കോല്‍ വാക്കുകള്‍:
സുദര്‍ശന്‍ ഷെട്ടി, കലാവിന്യാസം, കൊച്ചി- മുസിരിസ് ബിനാലെ, കലാവിപണി, കണ്ടെംപററി ആര്‍ട്, കലാചരിത്രം
മംഗലാപുരംസ്വദേശിയായ സുദര്‍ശന്‍ ഷെട്ടി വളര്‍ന്നത് മുംബൈ എന്ന മഹാനഗരത്തിലാണ്. മുംബൈയിലെ ജെ. ജെ. സ്കൂള്‍ ഓഫ് ആര്‍ട്ടില്‍ കലാപഠനത്തിനുശേഷം എണ്‍പതുകളില്‍ത്തന്നെ കലാരംഗത്ത് അറിയപ്പെട്ടുതുടങ്ങിയിരുന്നെങ്കിലും തൊണ്ണൂറുകളുടെ ഒടുവിലാണ് രാജ്യാന്തരശ്രദ്ധ നേടുന്നത്. 1995 ല്‍ ‘പേപ്പര്‍മൂണ്‍’ എന്ന പ്രദര്‍ശനത്തില്‍ ഒരുക്കിയ കലാപ്രദര്‍ശനത്തില്‍ കലാസൃഷ്ടികളിലൊന്നുപോലും വിറ്റുപോകാതിരുന്ന സുദര്‍ശന്‍ ഷെട്ടി ഏതാനും വര്‍ഷത്തിനുള്ളില്‍ രാജ്യാന്തരതലത്തില്‍ കലാവിപണി നേടുന്ന കാഴ്ചയാണ് പിന്നീടു കാണുന്നത്. ജപ്പാനിലെ ഫുക്കുവോക്ക ഏഷ്യന്‍ ആര്‍ട്ട് മ്യൂസിയത്തിലും ലണ്ടനിലെ ടേറ്റ് ഗാലറിയിലും മാഞ്ചസ്റ്ററിലെ ഫ്രാങ്ക് കോഹന്‍ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടിലും അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നു. ‘മിമിക് മെമന്റോ’ (ബ്രസല്‍സ് 2015) , ‘കണ്‍സ്ട്രക്റ്റ് കണ്‍സ്ട്രക്ഷന്‍സ്’ (ന്യൂഡല്‍ഹി, 2015), ‘എ പാസ്സേജ്’ (ജര്‍മ്മനി, 2015), ‘എവരി ബ്രോക്കണ്‍ മൊമന്റ് പീസ് ബൈ പീസ്’ ( ന്യൂഡല്‍ഹി. 2014), ‘ദി പീസസ് ഓഫ് എര്‍ത്ത് ടുക്ക് എവേ’ ( വിയന്ന, 2012), ‘ക്രിട്ടിക്കല്‍ മാസ്സ്’ (ടോല്‍ അവീവ്, 2012), ‘ഇന്‍ഡ്യന്‍ ഹൈവേ’ (ബെയ്ജിങ്, 2012), ‘ബിറ്റ് വീന്‍ ദി റ്റീകപ്പ് ആന്‍ഡ് എ സിങ്കിങ് കോണ്‍സ്റ്റലേഷന്‍’ (പാരീസ്, 2011), ‘ദി മോര്‍ ഐ ഡൈ ദി ലൈറ്റര്‍ ഐ ഗെറ്റ്’ ( ന്യൂയോര്‍ക്ക്, 2010) തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട കലാസൃഷ്ടികളാണ്.
അതിസാധാരണത്വത്തിന്റെ അസാധാരണത്വം
ചിരപരിചിതങ്ങളായ വസ്തുക്കള്‍ക്ക് ധ്വന്യാത്മകമായ പുതിയ അര്‍ത്ഥങ്ങള്‍ നല്‍കുന്നവയാണ് സുദര്‍ശന്‍ ഷെട്ടിയുടെ കലാവിന്യാസങ്ങളും വിഡിയോ ഇന്‍സ്റ്റലേഷനുകളും. അവ സാധാരണവും പരിചിതവുമായിരിക്കെത്തന്നെ കാലത്തില്‍ പിന്നോട്ടു സഞ്ചരിച്ച് ഇന്‍ഡ്യയുടെ തത്വചിന്താപരതയുടെയും പൗരാണികതയുടെയും അടയാളങ്ങളായി പരാവര്‍ത്തനം ചെയ്യപ്പെടുന്നു. മുംബൈയിലെ ബാന്ദ്ര- കുര്‍ള കോംപ്ലക്സില്‍ 2012 ല്‍ നിര്‍മ്മിച്ച കലാവിന്യാസം ഇത്തരത്തിലൊന്നാണ്. ഒരു കാലത്ത് മുംബൈയുടെ ചിഹ്നമായിരുന്ന ഡബിള്‍ഡക്കര്‍ ബസ്സുകളില്‍ കൂറ്റന്‍ സ്റ്റെയ്ന്‍ലെസ്സ് സ്റ്റീല്‍ ചിറകുകള്‍ ഘടിപ്പിച്ചാണ് ഇതു രൂപകല്പന ചെയ്തിരിക്കുന്നത്. 248 ദിവസം കൊണ്ടാണ് 9000 കിലോഗ്രാം ഭാരമുള്ള ഈ ചിറകുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് പറന്നുപോകുന്ന കാലത്തിന്റെ ദൃശ്യവിഷ്കാരമാകുന്നതിനൊപ്പം പുഷ്പകവിമാനത്തിന്റെ പൗരാണികമായ ഓര്‍മ്മയുണര്‍ത്തുകയും ചെയ്യുന്നു.
ലോഹാസ്ഥികൂടങ്ങളുടെ മര്‍ത്ത്യത
അസാന്നിദ്ധ്യം, മരണം, ശൂന്യത തുടങ്ങിയ പ്രതീകങ്ങള്‍ രചനകളില്‍ ആവര്‍ത്തിച്ചു വരുന്നുണ്ട്. മനുഷ്യന്റേതുള്‍പ്പടെ പല ജീവികളുടെയും ലോഹാസ്ഥികൂടങ്ങള്‍ മോട്ടിഫുകളായി വരുന്നു. ശരീരത്തിന്റെ അഭാവം പ്രകടമായിത്തന്നെ പല രചനകളിലും കാണാം. ‘ബിയിങ് എല്‍സ് വെയര്‍’, ‘ലീവിങ് ഹോം’, ‘സേവിങ് സ്കിന്‍’ തുടങ്ങിയ പേരുകളും അവയിലെ ബിംബങ്ങളും ചേര്‍ന്ന് അത്തരമൊരു വായന സാദ്ധ്യമാക്കുന്നു. ശരീരത്തിന്റെ അഭാവം എന്നത് മര്‍ത്ത്യത, നശ്വരത എന്നീ അനിവാര്യതകളെയാണ് അഭിസംബോധന ചെയ്യുന്നത്. മരണംപോലെ സാര്‍വ്വലൗകികമായ ജീവിതയാഥാര്‍ത്ഥ്യം മറ്റൊന്നില്ല. ആശയതലത്തില്‍ മരണം എപ്പോഴും കൂടെയുണ്ട്. ഓരോരുത്തരും ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ അവരവരുടെ മരണത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങും. ചിലപ്പോള്‍ അറിഞ്ഞും മറ്റുചിലപ്പോള്‍ സ്വയമറിയാതെതന്നെയും. അതുകൊണ്ടുതന്നെ കലയുടേതെന്നല്ല, എല്ലാ ജീവിതാവിഷ്കാരങ്ങളിലും ഈ അദൃശ്യാനുഭവത്തിന്റെ ലാഞ്ഛനകള്‍ ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഗോത്രസംസ്കാരങ്ങള്‍ മുതല്‍ ആധുനികമായ പരിഷ്കൃതനാഗരികതകള്‍ വരെ ഇതിന് അപവാദമല്ല. യുവത്വത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും മരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ കൂടിയാണ്. യുവത്വത്തെ വരവേല്ക്കാനും നിലനിര്‍ത്താനും ചെയ്യുന്ന യത്നങ്ങള്‍ മരണത്തെ ചെറുത്തുതോല്പിക്കാനുള്ള യത്നങ്ങള്‍ കൂടിയാണ്. സത്യത്തില്‍ ഒരു സൗന്ദര്യസോപ്പു വാങ്ങിക്കുമ്പോള്‍പ്പോലും വാര്‍ദ്ധക്യത്തിന്റെ അഭംഗികളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുകവഴി നമ്മള്‍ മരണത്തെ വെല്ലുവിളിക്കുകയാണെന്നാണ് സുദര്‍ശന്‍ ഷെട്ടി വിലയിരുത്തുന്നത്.
തൊണ്ണൂറുകളില്‍ ഡാമിയന്‍ ഹേഴ് സ്റ്റിന്റെ പ്രസിദ്ധമായ ഷാര്‍ക്ക് ശില്പം ഉണര്‍ത്തിവിട്ട പലതരം വാദമുഖങ്ങളുമായി ചേര്‍ത്ത് ഷെട്ടിയുടെ മൃതിശില്പങ്ങളെ വായിക്കാവുന്നതാണ്. ‘The Physical Impossibility of Death in the Mind of Someone Living’ എന്ന ഡാമിയന്‍ ഹേഴ് സ്റ്റിന്റെ കലാവിന്യാസത്തില്‍ ഭീമാകാരമായ ഒരു സ്രാവിനെ ഫോര്‍മാല്‍ഡിഹൈഡ് ലായനിയില്‍ നിക്ഷേപിച്ച് ഒരു ചില്ലുപേടകത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃത്യവിനെയും അമര്‍ത്ത്യതയെയും കുറിക്കുന്ന കാവ്യാത്മക കലാവിന്യാസമായി പ്രശംസിക്കപ്പെട്ട ഈ കലാസൃഷ്ടി 2004 ല്‍ എട്ടു മില്യണ്‍ യു എസ് ഡോളറിന് വിറ്റുപോയതോടെ കലയും തത്വചിന്തയും വിപണിയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുതുടങ്ങുന്നുണ്ട് എന്നുകാണാം.
യന്ത്രലോകവും ജൈവലോകവും
വസ്തുക്കളുടെ ജൈവയാഥാര്‍ത്ഥ്യത്തോടൊപ്പം യാന്ത്രികയാഥാര്‍ത്ഥ്യംകൂടി രചനകളില്‍ പ്രമേയമാകുന്നുണ്ട്. യന്ത്രവത്കൃതലോകത്തെ ജൈവമായ നിലനില്പിന്റെ പല മാനങ്ങള്‍ ഇവ സംവദിക്കുന്നു. യന്ത്രംകൊണ്ടു മരണത്തെ അതിജീവിക്കാന്‍ ശ്രമിക്കുക, ജീവിതം തന്നെ യന്ത്രമായി പരിണമിക്കുക എന്നിങ്ങനെ പുതിയ കാലം മനുഷ്യരില്‍ അടിച്ചേല്പിക്കുന്ന നിരവധി തത്വചിന്തകള്‍ ബോധപൂര്‍വ്വം തന്നെ കലാസൃഷ്ടികളില്‍ കൊണ്ടുവരാന്‍ ഷെട്ടി ശ്രമിക്കുന്നു. ഭാരതീയതത്വചിന്തയുടെ അടിത്തട്ടില്‍ ഇത്തരം രൂപകങ്ങള്‍ പണ്ടേയ്ക്കുപണ്ടേ ഉണ്ടെന്നും പുതിയ കാലത്ത് അവ കൂടുതല്‍ പ്രകടമായതുകൊണ്ട് അവയ്ക്കു ദൃശ്യത വന്നുവെന്നും കലയില്‍ ആവിഷ്കരിക്കുമ്പോള്‍ കൂടുതല്‍ വിനിമയക്ഷമമായിത്തീരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
വിരുദ്ധാന്വയങ്ങള്‍
വിരുദ്ധദ്വന്ദ്വസങ്കല്പവും ഫിഗറേറ്റീവ് ആര്‍ട്ടിനെ സംബന്ധിച്ച വ്യത്യസ്തമായ പരികല്പനയും ചിത്രങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്നു. ഷെട്ടിയുടെ കലാവിദ്യാഭ്യാസകാലത്ത് അബ്സ്ട്രാക്റ്റ് കലയെ സംബന്ധിച്ച് ഉണ്ടായിരുന്ന സമൂഹത്തില്‍ നിലനിന്നിരുന്ന മുന്‍വിധികള്‍ രവീന്ദര്‍ റെഡ്ഡിയെപ്പോലുള്ള കലാകാരന്മാരില്‍ വലിയ സന്ദേഹങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതിനെ മറികടക്കാന്‍ ചരിത്രപരമായി കൂടുതല്‍ നിലനില്‍പ്പുള്ളതും മനുഷ്യമനസ്സില്‍ അടയാളങ്ങള്‍ അവശേഷിപ്പിക്കുന്നതുമായ ആഖ്യാനങ്ങളിലേക്കും ആവിഷ്കാരങ്ങളിലേക്കും കടക്കുക സ്വഭാവികമാണ്. ചെറുപ്പംമുതല്‍ നിര്‍ഗുണകാവ്യങ്ങളുമായി ഉണ്ടായിരുന്ന ബന്ധമാണ് തന്റെ രചനകളിലെ വിരുദ്ധാന്വയപ്രവണതയുടെ അടിസ്ഥാനമായി ഷെട്ടി മനസ്സിലാക്കുന്നത്. അയഥാര്‍ത്ഥമായ ലോകത്തിന്റെ നശ്വരതയ്ക്കു സാക്ഷിയാകുന്ന അവിഭക്തസത്തയായി തന്നെയും തന്റെ ചിന്തകളെ സാദ്ധ്യമാക്കുന്ന അതീതയാഥാര്‍ത്ഥ്യമായ ദൈവത്തെയും ഇവ സങ്കല്പിക്കുന്നു. നിര്‍ഗുണകാവ്യങ്ങളില്‍ അനുഷ്ഠാനപരതയില്ലാത്ത, മതമുക്തമായ, സത്യവിധേയത്വത്തില്‍നിന്ന് ഉറവെടുക്കുന്ന ജീവിതാന്വേഷണങ്ങളാണുള്ളത്. തികച്ചും വ്യക്തിനിഷ്ഠമായി പരമാത്മസത്തയോട് ഐക്യപ്പെടാനുള്ള പ്രവണതയാണ് അവയുടെ കാലാതീതത്വത്തിന് കാരണമാകുന്നതെന്നു കാണാം. സമൂഹത്തില്‍ നിലനിന്നിരുന്ന അനീതികളെയും തുല്യതയില്ലായ്മകളെയും ചോദ്യംചെയ്യുന്ന പ്രമേയങ്ങളിലൂടെ നിര്‍ഗുണകാവ്യങ്ങള്‍ ഉന്നതകുലജാതത്വങ്ങളെ വെല്ലുവിളിച്ചുവെങ്കില്‍ ഇന്ന് ഉച്ചകലയുടെയും അക്കാദമികതയുടെയും പരമ്പരാഗതമായ നടപ്പുവഴികളില്‍നിന്ന് അല്പമൊന്നുമാറി അതിസാധാരണമായ ബിംബങ്ങളിലൂടെ അസാധാരണമായ ജീവിതതത്വചിന്തകള്‍ ആവിഷ്കരിക്കുന്ന അവയുടെ ആഖ്യാനവൈചിത്ര്യം തന്റെ കലാവിഷ്കാരങ്ങളുടെ സംവേദനമാധ്യമമായി സുദര്‍ശന്‍ ഷെട്ടി സ്വീകരിച്ചിരിക്കുന്നു.
കബീറിന്റെ ദോഹയിലും മറ്റും രണ്ടു വരികളില്‍ കാണുന്ന ഈ വിരുദ്ധാന്വയങ്ങള്‍ ഒരു നിശ്ചിതബിന്ദുവില്‍ സമന്വയിക്കുകയും അത് സര്‍വ്വവ്യാപിയായ കോസ്മിക് ദര്‍ശനത്തിലേക്കു വികസിക്കുകയും ചെയ്യുന്നുണ്ട്. ഈ വിസ്മയം നേരത്തേതന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും പോകെപ്പോകെ കലയെ നിര്‍ണ്ണയിക്കുന്ന ഒരു ഘട്ടത്തില്‍ തന്റെ കലയില്‍ അതു കലര്‍ന്നുകിടക്കുന്നത് താന്‍ തിരിച്ചറിയുകയാണുണ്ടായത് എന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. പില്ക്കാലത്ത് സമകാലികയാഥാര്‍ത്ഥ്യങ്ങളിലേക്ക് ഈ ആഖ്യാനമാതൃക ബോധപൂര്‍വ്വം പറിച്ചുനടുകയാണുണ്ടായിട്ടുള്ളത്. ഫിഗറേറ്റിവ് ആര്‍ട്ടിനെ സംബന്ധിച്ചും ഇതു ബാധകമാണ്. ഇന്‍ഡ്യന്‍ ചിത്രകലയിലെ പലതരം സങ്കേതങ്ങളില്‍ ഒന്നു മാത്രമാണ് ഫിഗറേറ്റിവ് ആര്‍ട്ട്. ചിത്രകലാപഠനകേന്ദ്രങ്ങളില്‍ പഠിക്കുന്ന പ്രാഥമികതത്വങ്ങളില്‍ ചിലത് പിന്തുടരേണ്ടതാണെന്നും ചിലത് അങ്ങനെയല്ലെന്നുമുള്ള ബോധ്യങ്ങള്‍ കാലക്രമത്തില്‍ വന്നുചേരുമ്പോള്‍ ആഖ്യാനത്തില്‍ അതനുസരിച്ചുള്ള സ്വീകാരങ്ങളും തിരസ്കാരങ്ങളുമുണ്ടാവുക സ്വാഭാവികമാണ്. വര്‍ഷങ്ങള്‍ നീളുന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ ഇവ തമ്മിലുള്ള തത്വചിന്താപരമായ വ്യത്യാസങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നിടത്താണ് ഒരു കലാഖ്യാനത്തിന്റെ ഭാഷയില്‍ വഴിത്തിരിവുണ്ടാകുന്നത്.
തത്വചിന്തയുടെ കലാസന്നിവേശം
ഭാരതീയതത്വചിന്ത എല്ലാ ഇന്‍ഡ്യാക്കാരുടെ ഉളളിലും ജാതിമതഭേദമില്ലാതെ ഒരളവോളം ഉണ്ടാകുമെന്നു വിശ്വസിക്കുന്ന സുദര്‍ശന്‍ ഷെട്ടി തന്റെ കലാവിഷ്കാരങ്ങളിലൂടെ അതുമായി സംവദിക്കാനാണ് ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ അച്ഛന്‍ അറിയപ്പെടുന്ന ഒരു യക്ഷഗാനകലാകാരനായിരുന്നു. യക്ഷഗാനത്തിലെതന്നെ ആവിഷ്കരണപ്രധാനമായ ‘താളമദ്ദളെ’ എന്ന ശൈലിയാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. വേഷവിധാനങ്ങളുടെ അകമ്പടിയില്ലാതെ പുരാണകഥാപാത്രങ്ങലെ അവതരിപ്പിക്കുക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യമാണത്. വേഷങ്ങള്‍ ഒരു വലിയ പരിധി വരെ കഥാപാത്രങ്ങളിലേക്കു പ്രേക്ഷകനു പ്രവേശനം എളുപ്പമാക്കും. പുരാണകഥകള്‍ക്കുവേണ്ടിയുള്ള അന്തരീക്ഷസൃഷ്ടിയുടെ ഭാഗമാണ് ആടയാഭരണങ്ങളും വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഏറ്റക്കുറച്ചിലുകളുമെല്ലാം. പ്രേക്ഷകനെ കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കാന്‍ ഇതു സഹായിക്കും. എന്നാല്‍ ഇതൊന്നുമില്ലാതെ അവതരിപ്പിക്കുക എന്നത് ദൈനംദിനജീവിതത്തില്‍ ഉപയോഗിക്കുന്ന സാധാരണവേഷത്തില്‍ ഒരു കഥകളിനടന്‍ ആടുന്നതുപോലെയോ നര്‍ത്തകി നൃത്തം ചെയ്യുന്നതുപോലെയോ ആണ്. ഇതു മറികടക്കാന്‍ വലിയ ശ്രമം ആവശ്യമായിവരും. ചെറുപ്പത്തില്‍ അച്ഛനു കൂട്ടുപോകുമായിരുന്നതുകൊണ്ട് അക്കാലത്തുതന്നെ മറ്റു കഥാപാത്രങ്ങളില്‍നിന്നു വ്യത്യസ്തമായ മാനങ്ങള്‍ നല്‍കി സ്വന്തം കഥാപാത്രത്തെ ആവിഷ്കരിക്കുന്നതിലെ സൂക്ഷ്മതയും വൈദഗ്ദ്ധ്യവും ശ്രദ്ധിക്കാനിടയായിട്ടുണ്ടെന്ന് ഷെട്ടി ഓര്‍മ്മിക്കുന്നുണ്ട്. ഈ സൂക്ഷ്മത സുദര്‍ശന്‍ ഷെട്ടിയുടെ ക്രാഫ്റ്റില്‍ ദൃശ്യമാണ്. നാഗരികമായ പ്രമേയങ്ങളെ തത്വചിന്താപരമായി പുനര്‍നിര്‍വ്വചിക്കുന്നതില്‍ ഇതിന്റെ പിന്‍പറ്റലുണ്ട്. ഉടുത്തുകെട്ടലുകളും അലങ്കാരങ്ങളും അഴിച്ചുകളഞ്ഞ് പ്രമേയത്തിന്റെ ഉള്ളടരുകള്‍ തേടുന്ന ആഖ്യാനയുക്തി ഇതിന്റെ ബാക്കിപത്രമാണ്.
ഇത് നശ്വരതയെക്കുറിച്ചുള്ള നവനാഗരികാഖ്യാനമായി വികസിക്കുന്നു. നമ്മുടെ ഭക്തികാവ്യശാഖയില്‍ത്തന്നെ നശ്വരതയെക്കുറിച്ചുള്ള ഗംഭീരമായ ആഖ്യാനങ്ങള്‍ വന്നിട്ടുണ്ട്. ഭക്തിയെയും വിരക്തിയെയും ഒരുപോലെ കാണുന്ന കബീറിന്റെ കവിതകളില്‍ ഈ ഒന്നുമില്ലായ്മയെ സംബന്ധിക്കുന്ന പ്രമേയങ്ങള്‍ കണ്ടെടുക്കാം. “വന്‍കെട്ടിടങ്ങളുള്ള ശൂന്യമായ നഗരം, അവിടെ ആരുണരാന്‍ ആരുറങ്ങാന്‍” എന്നു ഗോരക് നാഥ് പാടിയിട്ടുണ്ട്. ‘ശൂന്യനഗരം’ എന്ന ആശയം ഇതില്‍നിന്നു വന്നതാണ്. ഇത്തരത്തിലുള്ള പ്രമേയങ്ങളെ സമകാലികകലയില്‍ സന്നിവേശിപ്പിക്കുകയാണ് സുദര്‍ശന്‍ ഷെട്ടി. ‘ശൂന്യഘര്‍’ എന്ന രചന ഉദാഹരണം. തത്വചിന്തയും ആത്മീയതയും രചനകളില്‍ നിര്‍ണ്ണായകമാകുന്നുണ്ട്. ‘സിക്സ് ഡ്രോപ്സ്’ പോലെയുള്ള രചനകള്‍ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിങ്ങനെ ഷഡ് വൈരികളുടെ സങ്കല്പം ഉള്‍ക്കൊള്ളുന്നു. ഇങ്ങനെ ഭൗതികമായി സമകാലികകലയുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നില്‍ക്കുമ്പോള്‍ത്തന്നെ അവയ്ക്ക് തത്വചിന്താപരമായ ഉള്ളൊഴുക്കുകളുണ്ട്.
ഒരു കാലഘട്ടത്തില്‍ ജീവിക്കുമ്പോള്‍ ആ കാലഘട്ടം ഓരോരുത്തരിലും നിക്ഷേപിക്കുന്ന ചില പൊതുസംവേദനങ്ങളുണ്ട്. അഭിരുചിവ്യത്യാസമനുസരിച്ച് അവ ഏറിയും കുറഞ്ഞുമിരിക്കുമെന്നേയുള്ളൂ. അത് ഇല്ലാതെ പോകില്ല. ‘കണ്ടെംപററി ആര്‍ട്ട്’ എന്നത് ചിത്രകലയും ശില്പകലയും സാഹിത്യവും സംഗീതവും സിനിമയുമെല്ലാമായി കലര്‍ന്നുകിടക്കുന്ന ഒന്നാണ്. ഒന്ന് ഒന്നിനെ പൂരിപ്പിക്കുകയോ ആശയങ്ങളും ബിംബങ്ങളും ഉള്‍ക്കൊള്ളുകയോ ചെയ്യുന്നു. എല്ലാം സമ്മേളിക്കുന്ന പൊതു ഇടങ്ങള്‍ ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. അവയെ കലയില്‍ സന്നിവേശിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടുവരെ കലയില്‍ നിലനിന്നിരുന്ന ഭൗതികയുക്തിവാദപരിസരങ്ങളില്‍നിന്നു മാറി പുതുകാലത്തിന്റേതായ സംഘര്‍ഷങ്ങളില്‍ തങ്ങളുടെ തന്നെ ആത്മാവിലേക്കുള്ള നോട്ടമായി കലയെ തിരിച്ചറിയുന്ന തരത്തിലുള്ള കലാവായനകളിലെ യന്ത്രമായിപ്പോയ മനുഷ്യനെ വീണ്ടും മനുഷ്യനാക്കാനുള്ള(rehumanize) ദൗത്യം സമകാലകലയ്ക്കുണ്ടെന്ന നിരീക്ഷണവും പ്രസക്തമാണ്.
റഫറന്‍സ്
ഷെട്ടി, സുദര്‍ശന്‍. ‘യന്ത്രസരസ്വതിയില്‍ ഒഴുകുന്ന കല’ (അഭിമുഖം- ഡോ. സ്വപ്ന ശ്രീനിവാസന്‍), കലാകൗമുദി ആഴ്ചപ്പതിപ്പ്, വാല്യം 42, ലക്കം 52, ഡിസംബര്‍ 11, 2016.
Bernier, Ronald R, Rachel Hostetter Smith (Ed.). Religion and Contemporary Art: A Curious Accord, Routledge, New York, 2023.
Evans, Mike (Gen. Ed.). Defining Moments in Art: Over a Century of the Artists, Exhibitions, People, Artworks and Events that Rocked the World, Cassell, London, 2008.
ഡോ. സ്വപ്ന ശ്രീനിവാസന്‍
അസിസ്റ്റന്റ് പ്രൊഫസര്‍ മലയാളവിഭാഗം
യൂണിവേഴ്സിറ്റി കോളേജ്
തിരുവനന്തപുരം
Comments