കാണിക്കാരുടെ ഗോത്രജീവിതവും പാരമ്പര്യവും മലയാളനോവലിൽ
- GCW MALAYALAM
- 2 days ago
- 11 min read
സ്വപ്ന എസ്.പി.

പ്രബന്ധ സംഗ്രഹം
വനത്തിൻ്റെ ആകർഷണീയമായ നിഗൂഢതപോലെ ഗോത്രജീവിതത്തിൻ്റെ ആഴത്തിലുള്ള സ്വാതന്ത്യത്തിൻ്റെ കുളിര് അനുഭവിപ്പിക്കുന്ന നോവലാണ് വി. ഷിനിലാലിൻ്റെ ‘ഇരു’. എസ്. ശ്രീകണ്ഠൻ നായരുടെ ‘കാണി’, ഡോ.രവികുമാർ കാണിയുടെ ‘അറിവ് തേടുന്നവർ’, വിതുര സുനീഷിൻ്റെ ‘പാത്രംഉടപ്പാളി’, എന്നീ നോവലുകളെല്ലാം കാണിക്കാർ നേരിടുന്ന ഇരട്ട പാർശ്വവല്ക്കരണവും അടിസ്ഥാനവിഭവങ്ങൾക്കുമേലുള്ള ചൂഷണങ്ങളും ഗോത്രപാരമ്പര്യത്തിൻ്റെ നഷ്ടപ്പെടലുകളും നിഷേധങ്ങളും പ്രതിഷേധങ്ങളും രേഖപ്പെടുത്തിയിരിക്കുന്നവയാണ്.
താക്കോൽ വാക്കുകൾ
ഉത്തരാധുനികത - ദളിത് സാഹിത്യം - ആദിവാസി സാഹിത്യം - കാണിക്കാർ - ഗോത്ര ഘടന - ഇല്ലങ്ങൾ - പാത്രംഉടപ്പാളി - ചക്കിമുക്കി
ആമുഖം
“മാർക്സിസ്റ്റ് വീക്ഷണത്തിൽ ഫോക്‌ലോർ കർഷകരുടേയും തൊഴിലാളികളുടെയുമാണ്. വർഗ്ഗവൈരുദ്ധ്യത്തിനെതിരേ പോരാടുവാനുള്ള പ്രതീകാത്മകമായ ആയുധമായി അവർ ഫോക് ലോറിനെ വ്യാഖ്യാനിച്ചു.”1 അത്തരത്തിൽ ജീവിതം തന്നെ ഫോക് ലോറാക്കി മാറ്റിയ ഒരു ജനതയാണ് ആദിവാസികൾ. റെയ്മണ്ട് വില്യംസ് സൂചിപ്പിക്കുന്ന ആധിപത്യസംസ്കാരത്തെ ചോദ്യം ചെയ്യുന്ന ഫോക് കൾച്ചർ എന്ന സങ്കല്പം പരമ്പരാഗതവും തനതുമായ സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്നതിൻ്റെ ഫലമായി രൂപപ്പെട്ടതാണ്. ആദിവാസികൾ അവരുടെ ജീവിതം രേഖപ്പെടുത്തുന്ന ഒരേയൊരു മാധ്യമം സാഹിത്യരൂപങ്ങളാണ്. കവിതകളിലൂടെയും കഥകളിലൂടെയും നോവലുകളിലൂടെയുമാണ് ആദിവാസികൾ അവരുടെ ജീവിതം, ചരിത്രം, ദുഃഖം, പ്രതിരോധം, ആഗ്രഹം എന്നിവയൊക്കെ പൊതു സമൂഹത്തിന് മുന്നിൽ തുറന്ന് വയ്ക്കുന്നത്. നാടോടി സംസ്കാരത്തിൻ്റെ പ്രതിനിധികളായ കാണിക്കാരുടെ ജീവിതം ആവിഷ്കരിക്കുന്ന മലയാള നോവലുകളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ഉത്തരാധുനികതയുടെ ഫലമായി മലയാള സാഹിത്യത്തിലുണ്ടായ സ്ത്രീ, ദളിത്, പരിസ്ഥിതി എന്നീ കൈവഴികളിൽ ദളിത് സാഹിത്യത്തിൽ ഉൾച്ചേർന്നു വികസിച്ചു വന്നതാണ് ആദിവാസി സാഹിത്യം എന്ന് സംബോധന ചെയ്യപ്പെടുന്ന ഗോത്ര സാഹിത്യം. എന്നുമുതലാണോ ആദിവാസികൾ സ്വന്തം കഥ തനിച്ചു പറയാൻ തുടങ്ങിയത് അന്നുമുതൽ ദളിത് സാഹിത്യത്തിൽ നിന്നും ആദിവാസി/ഗോത്ര സാഹിത്യം വേറിട്ട് അറിയപ്പെടാൻ തുടങ്ങി. ദളിത് ആദിവാസി സാഹിത്യങ്ങൾ ഒരേ പാതയിൽ സഞ്ചരിക്കുന്ന സഹോദരബന്ധമുള്ള രണ്ട് സാഹിത്യധാരകളായി നിലനിൽക്കുന്നതാണെങ്കിലും ഇന്ത്യയിൽ ഉത്ഭവിച്ച് ഇന്ത്യയിൽ മാത്രം നിലനിൽക്കുന്നതാണ് ദളിത് സാഹിത്യം. ആദിവാസി സാഹിത്യമാകട്ടെ ആഗോള വ്യാപകമായി നിലനിൽക്കുന്നതും. എവിടെയും രേഖപ്പെടുത്താതെപോയ, ഇരട്ട പാർശ്വവല്ക്കരണത്തിന് വിധേയമാക്കപ്പെട്ട ഗോത്രജനതയുടെ സാഹിത്യം സമീപകാലത്ത് രൂപപ്പെട്ടുവന്നതാണെങ്കിലും നേരത്തേ തന്നെയത് ദളിത് സാഹിത്യ വീക്ഷണങ്ങളുമായി ഐക്യപ്പെട്ടു നിൽക്കുകയാണ്. സവർണ്ണ പ്രത്യയശാസ്ത്രങ്ങളെ എതിർത്തുകൊണ്ട് തലമുറകളായി അനുഭവിച്ചുപോന്ന ലിംഗ, ജാതി, അടിസ്ഥാന വിഭവങ്ങളുടെമേലുള്ള ചൂഷണത്തെ എല്ലാംതന്നെ യാഥാർത്ഥ്യത്തെ മുൻനിർത്തി യഥാതഥമായി ആദിവാസി സാഹിത്യം ആഖ്യാനം ചെയ്യുന്നു. ഗോത്രസംസ്കാരം, ഗോത്രഭാഷ, ആചാരങ്ങൾ, വിശ്വാസങ്ങൾ, പ്രകൃതിയുമായുള്ള ഗോത്രജനതയുടെ ഇഴപിരിക്കാനാകാത്ത ബന്ധം തുടങ്ങിയവയെല്ലാം ആ സാഹിത്യ രചനകളിലൂടെ നമുക്ക് അറിയാൻ കഴിയുന്നു.
ആദിവാസികളെക്കുറിച്ച് ആദിവാസികളല്ലാത്തവർ എഴുതുന്ന ഗോത്രപക്ഷ രചനകളാണ് നോവൽ സാഹിത്യത്തിൽ ആദിവാസി സാഹിത്യത്തെ പ്രതിനിധീകരിച്ചു കൊണ്ട് ആദ്യകാലങ്ങളിലുണ്ടായിരുന്നത്. മലയാള സാഹിത്യത്തിലെ ആദ്യ ഗോത്രപക്ഷ നോവലാണ് യു.എ. ഖാദറിൻ്റെ ‘വള്ളൂരമ്മ’. അദ്ദേഹത്തിൻ്റെ തന്നെ ‘ചെമ്പവിഴം’., മലയാറ്റൂർ രാമകൃഷ്ണൻ്റെ ‘പൊന്നി’, ടി.സി.ജോണിൻ്റെ ‘ഉറാട്ടി’, ‘തേക്ക്’, ‘നെല്ല’, ‘ഗദ്ദികപ്പാട്ടുകാരൻ്റെ കല്യാണം’. പി. വത്സലയുടെ ‘നെല്ല്’, ‘ആഗ്നേയം’, ‘ചാവേർ’, വി.എ തമ്പിയുടെ ‘പഞ്ചമി’, എസ്. ശ്രീകണ്ഠൻ നായരുടെ ‘കാണി’, കെ. ജെ ബേബിയുടെ ‘മാവേലിമന്റം’, ‘നാടുഗദ്ദിക’, കുന്നത്തൂർ ഗോപാലകൃഷ്ണൻ്റെ ‘കുഴിയൻ’, ജോസ് മുട്ടത്തിൻ്റെ ‘കമ്പളത്തുടി’, ജോസ് പാഴൂക്കാരൻ്റെ ‘അരിവാൾ ജീവിതം’, ‘കറുത്ത പുലികൾ ജനിക്കുന്നത്’, വിതുര സുനീഷിൻ്റെ ‘പാത്രം ഉടപ്പാളി’, ടി. എം. മജീദിൻ്റെ ‘ഗ്രാമം’, സാറാജോസഫിൻ്റെ ‘ബുധിനി’, വി. ഷിനിലാലിൻ്റെ ‘ഇരു’ എന്നിവയൊക്കെ ഗോത്രജീവിതത്തെ അവലംബിച്ചെഴുതിയിട്ടുള്ള നോവലുകളാണ്.
ആദിവാസി ഗോത്രസമുദായമായ മലയരയന്മാരെക്കുറിച്ച് അതേ ഗോത്രത്തിൽപ്പെട്ട എഴുത്തുകാരനായ നാരായൻ എഴുതിയ കൊച്ചരേത്തിയാണ് ആദിവാസികളെക്കുറിച്ച് ഒരു ആദിവാസി എഴുതിയ ആദ്യത്തെ മലയാള നോവൽ. 1998ൽ കൊച്ചരേത്തി പ്രസിദ്ധീകരിക്കുമ്പോൾ അത് ഗോത്രത്തനിമയാർന്ന ഒരു ഗോത്രനോവലിൻ്റെ മാത്രം ഉദയമായിരുന്നില്ല; പാർശ്വവല്ക്കരിക്കപ്പെട്ടുപോയ ഒരു ജനതയുടെ ഇടയിൽ നിന്നും തങ്ങളുടെ ജീവിതം ആവിഷ്കരിക്കുന്ന നാരായൻ എന്ന എഴുത്തുകാരൻ്റെകൂടി ജനനമായിരുന്നു. 1999ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയതിലൂടെ കൊച്ചരേത്തിയേയും നാരായനേയും മലയാളസാഹിത്യം ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ‘വന്നല’, ‘ആരാണ് തോൽക്കുന്നവർ’, ‘ഊരാളിക്കുടി’, ‘ചെങ്ങാറും കുട്ടാളും’ എന്നിവ യഥാക്രമം ഇടുക്കി ജില്ലയിലെ മലയരയർ, ഊരാളി, മുതുവാൻ എന്നീ ഗോത്രവിഭാഗങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് അദ്ദേഹം രചിച്ച നോവലുകളാണ്. സമൂഹത്തിലെ എല്ലാ ആദിവാസി ഗോത്രത്തിന്റേയും പ്രാതിനിധ്യം വഹിക്കുന്ന നാരായൻ്റെ മറ്റൊരു നോവലാണ് "തിരസ്കൃതരുടെ നാളെ". പൊലമറുത, നിസ്സഹായൻ്റെ നിലവിളി എന്നീ കഥാസമാഹാരങ്ങളും ആദിവാസി ഗോത്രജീവിതത്തിൻ്റെ ആവിഷ്കാരങ്ങളായി നാരായൻ്റെ തൂലികയിൽ പിറന്നതാണ്. നാരായനുശേഷം 2020 ജനുവരിയിൽ പുറത്തുവന്ന പണിയരുടെ ജീവിതം ആവിഷ്കരിക്കുന്ന വാസുദേവൻ ചീക്കല്ലൂരിൻ്റെ ആദ്യ നോവലാണ് ‘മെലി ആട്ടു’. ‘വില്ലി’ എന്ന നോവലും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഗോത്രവിഭാഗക്കാരിൽ നിന്നും ഗോത്രസാഹിത്യത്തിൽ മറ്റൊരു തികഞ്ഞ നോവലുണ്ടാകുന്നത് ഊരാളി ഗോത്രവർഗ്ഗക്കാരുടെ കഥപറയുന്ന പുഷ്പമ്മയുടെ 'കൊളുക്കനി'ലൂടെയാണ്. ഗോത്രവിഭാഗത്തിലെ ആദ്യത്തെ സ്ത്രീ നോവലിസ്റ്റ് എന്ന വിശേഷണവും പുഷ്പമ്മയ്ക്കുണ്ട്. ഡോ. രവികുമാർ കാണി (ഈശ്വരൻകാണി) എന്ന ഗോത്രരചയിതാവാണ് കാണിക്കാർ സമുദായത്തിൽ നിന്നും കാണിക്കാരെക്കുറിച്ച് ഉണ്ടായ ആദ്യത്തെ നോവലായ “അറിവു തേടുന്നവർ” എന്ന കൃതിയുടെ കർത്താവ്. കാണിക്കാരുടെ ഗോത്ര ജീവിതത്തെ ആധാരമാക്കി ഡോ. രവികുമാർ കാണി രചിച്ചിട്ടുള്ള മറ്റ് കൃതികളാണ് ചാറ്റുപാട്ട്, ഗോത്രതാളം, മൊളാണി, കാണികൾ കാണാപ്പുറങ്ങൾ തുടത്തിയവ. ഗോത്രത്തനിമയുടെ പ്രകൃതിമണമുള്ള ജീവിതകഥകളുമായി ഈ നിരയിലേയ്ക്ക് ഗോത്ര എഴുത്തുകാർ ഇനിയും കടന്നു വരുമെന്ന പ്രത്യാശയുടെ ഭാവി കാലമാണ് ഇനിയുള്ളത്.
കാണിക്കാരുടെ ജീവിതാവിഷ്കാരം മലയാളനോവലിൽ
കേരളത്തിലെ തെക്കൻ ജില്ലകളായ തിരുവനന്തപുരം, ജില്ലയിലെ നെയ്യാറ്റിൻകര, നെടുമങ്ങാട് താലൂക്കുകളിലും കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിലെ കുളത്തൂപ്പുഴ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലും തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലും വസിക്കുന്ന ആദിവാസി ഗോത്ര വിഭാഗമാണ് കാണിക്കാർ. പശ്ചിമഘട്ടമേഖലയിലെ വനപ്രദേശങ്ങളിൽ വസിക്കുന്ന കാണിക്കാർക്ക് അവരുടെ ഗോത്രപരമായ ആചാരങ്ങളും വിശ്വാസങ്ങളും കലകളും ഭക്ഷണരീതികളും വസ്ത്രരീതികളും പ്രത്യേക സംസ്കാരവുമുണ്ട്. അധിനിവേശത്തിൻ്റെ കടന്നുകയറ്റത്തിൽ നഷ്ടപ്പെടുന്ന ഗോത്രസംസ്കാരത്തിൻ്റെ രേഖപ്പെടുത്തലായി കാണിക്കാർക്കുള്ളത് എസ് ശ്രീകണ്ഠൻ നായരുടെ ‘കാണി’, വിതുര സുനീഷിൻ്റെ പാത്രം ഉടപ്പാളി, വി. ഷിനിലാലിൻ്റെ ‘ഇരു’ എന്നീ മൂന്ന് ഗോത്രപക്ഷ നോവലുകളും ഡോ. രവികുമാർ കാണിയുടെ ‘അറിവു തേടുന്നവർ’ എന്ന ഗോത്ര നോവലുമാണ്.
കാണി - എസ്. ശ്രീകണ്ഠൻ നായർ
1995ൽ എസ് ശ്രീകണ്ഠൻ നായർ രചിച്ച ‘കാണി’ എന്ന നോവലാണ് കാണിക്കാർ എന്ന ആദിവാസി വിഭാഗത്തിൻ്റെ ജീവിതത്തെയും സംസ്കാരത്തെയും അവലംബമാക്കി പുറത്തുവന്ന ആദ്യ നോവൽ. തിരുവനന്തപുരത്തിൻ്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊന്മുടി മലയുടെ താഴ്‌വരയിലെ മൊട്ടമൂട് എന്ന കാണിക്കാരുടെ സെറ്റിൽമെൻ്റിലെ ഗോത്രജീവിത സംസ്കാരവും വിശ്വാസങ്ങളെയും പശ്ചാത്തലമാക്കി രചിച്ച നോവലാണെങ്കിലും എഴുത്തുകാരൻ്റെ ഭാവനാവിലാസവും വലിയൊരളവിൽ ഈ നോവലിൽ കടന്നുവരുന്നുണ്ട്. കാണിക്കാർക്കിടയിലേയ്ക്ക് കടന്നുവരുന്ന നാട്ടുകാരായ വനംകൊള്ളക്കാർ അവരുടെ സ്ത്രീകളയും വനത്തെയും ചൂഷണം ചെയ്യുന്നതാണ് ഈ നോവലിൻ്റെ പ്രമേയം. കാണിക്കാരുടെ ഭാഷ, വിശ്വാസങ്ങൾ, അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ, ചികിത്സാവിധികൾ എന്നിവയൊക്കെ നോവലിൻ്റെ പ്രമേയവുമായി ചേർത്തിണക്കിയാണ് കഥാസാരത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ ചേർത്തിണക്കലിൽ വലിയൊരളവോളം അദ്ദേഹം വിജയിച്ചിട്ടുമുണ്ട്.
ഒരു കാലത്ത് ആദിവാസികളെ ഒന്നടങ്കം വിളിച്ചിരുന്ന മലയരയന്മാർ എന്ന പേരിൽ കാണിക്കാരെ ഈ നോവലിൽ പലയിടത്തും എഴുത്തുകാരൻ സംബോധന ചെയ്യുന്നത് കാണാം. കാണിക്കാരുടെ ഗോത്രഘടനയിലെ മൂപ്പൻ (മൂട്ടി), മൂപ്പത്തി, പ്ലാത്തി എന്നീ സ്ഥാനപ്പേരുകളെയും ഈ നോവലിലെ കഥാപാത്രങ്ങൾക്ക് നോവലിസ്റ്റ് നൽകിയിരിക്കുന്നു. കാണിക്കാർക്കിടയിൽ നിലനിൽക്കുന്ന വിശ്വാസപരമായ പല കഥകളും നോവലിൽ കാണാം. പൊന്മുടിമലയുടെ ഐതിഹ്യം നോവലിൽ വിവരിക്കുന്നതിങ്ങനെയാണ് "ആദിവാസികൾക്ക് വളരെ പരിചിതമായ ഒരു കഥയായിരുന്നു അത് അഗസ്ത്യകൂടത്തിന് വടക്കോട്ട് മുപ്പത്തിരണ്ട് കാണിയിൽപ്പെട്ട മലദേവന്മാരുടെ സമ്പാദ്യമായ പൊന്നും പൊരുളും ഉണക്കി കെട്ടി മുടികൾ ആക്കി സൂക്ഷിക്കുന്ന സ്ഥാനമായതിനാൽ ആണ് ആ പർവ്വതശിഖരത്തിന് പൊന്നു മുടി പൊന്മുടി എന്ന് പേര് കിട്ടിയത്."2
കാണിക്കാരെ സംബന്ധിച്ചിടത്തോളം ഗോത്രാചാരങ്ങൾക്കെല്ലാം ഓരോ കഥകളുണ്ട്. അതിലൊന്നാണ് കാണിക്കാരുടെ ഇല്ലങ്ങൾ ഉണ്ടായ കഥയും. രക്തബന്ധത്തിലുള്ളവർ പരസ്പരം വിവാഹം കഴിക്കാതിരിക്കാനാണ് കാണിക്കാർ ഇല്ലങ്ങൾക്ക് രൂപം നല്കിയത്. "ആദിവാസികളെ ഇല്ലം തിരിക്കുന്നതിനായി അവർ ഒരു മാനിനെ വേട്ടയാടി കൊന്നു. എന്നിട്ട് അതിനെ പത്തായി പങ്കുവെച്ച് ഓരോ പങ്ക് എടുക്കുവാൻ ആവശ്യപ്പെട്ടു. ഏറ്റവും വലിയ പങ്കെടുത്തവരെ മേനില്ലക്കാരെന്നും പൃഷ്ടഭാഗം എടുത്തവരെ മൂട്ടില്ലക്കാരെന്നും മറ്റും തരംതിരിച്ചു."3 മറ്റ് ഭാഗങ്ങൾ കൊണ്ടുപോയവരുടെ ഇല്ലങ്ങളെ ഇങ്ങനെ പറയുന്നു; വെൺ നെഞ്ചു കൊണ്ടുപോയവർ വെള്ളയില്ലം, ഗുദം കൊണ്ടുപോയവർ മൂലയിൽ കോണത്തില്ലം, ലിംഗം കൊണ്ടുപോയവർ തൂമ്പറയില്ലം, ബീജസഞ്ചി കൊണ്ടുപോയവർ പടിക്കായില്ലം, കൈ കൊണ്ടുപോയവർ കൈയില്ലം, കാലുകൊണ്ടുപോയവർ കാലില്ലം, എറുമ്പരിച്ചവ എടുത്തവർ എറുമ്പിയാട്ടില്ലം (എറുമ്പു ചാട്ടുകാരൻ എന്നും പറയുന്നു), മണ്ണിനടിയിൽ നിന്നും കുഴിച്ചെടുത്തവൻ മണ്ണടിക്കാരൻ, മണ്ണടിയില്ലം; എന്നിങ്ങനെ ഇല്ലങ്ങൾ പത്താണെങ്കിലും പേരുകൾ പത്തിൽ കൂടുതൽ പറയപ്പെടുന്നു. കാണിക്കാർ എന്ന പേരുണ്ടായതിനെ നോവലിൽ വിവരിക്കുന്നതിങ്ങനെയാണ്; “ഇല്ലത്തിനനുസരിച്ച് കാണിതിരിച്ച് ആദിവാസികൾ വനത്തിൻ്റെ പല ഭാഗങ്ങളിലായി താമസിച്ചു പോന്നു. അതിനാലാണ് ആദിവാസികൾക്ക് കാണിക്കാർ എന്നും പേരുവന്നത്. ലിഖിതമല്ലെങ്കിലും ശക്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആദിവാസികൾ പിന്തുടർന്നു."4 ഗോത്രാചാരങ്ങൾക്കും വിശ്വാസങ്ങൾക്കും പിന്നിലുള്ള ഇത്തരം കഥ പറച്ചിലിലൂടെയാണ് നോവൽ പുരോഗിക്കുന്നത്.
നോവലിലെ ഒരു പ്രധാനകഥാപാത്രമായ മാധവൻകാണിയെ നോവലിസ്റ്റ് പരിചയപ്പെടുത്തുന്നതിങ്ങനെയാണ്; "ആദിവാസികളുടെ നേതാവാണ് മാധവൻ. അവന് എഴുത്തും വായനയും അറിയാം. മൂട്ടിയുടെ വളരെക്കാലമായിട്ടുള്ള കാര്യക്ഷമതയില്ലായ്മയും മാധവൻ്റെ പരിഷ്കാരങ്ങളും ആദിവാസികളിൽ പല മാറ്റങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും മാധവൻ ഏത് ഇല്ലക്കാരനാണെന്നോ ഏതു കാണിയിൽപ്പെട്ടയാളാണെന്നോ, ഇന്നും അവർക്ക് അജ്ഞാതമായി തന്നെ ഇരിക്കുന്നു."5 കാണി ഗോത്രവിഭാഗക്കാർ ഇന്നും തങ്ങളിൽപ്പെട്ട ആളെയല്ലാതെ മറ്റൊരാളെ നേതാവായി അംഗീകരിക്കുന്നില്ല. നോവൽ രചിക്കപ്പെട്ട കാലത്ത് പ്രത്യേകിച്ചും അത് സംഭവിക്കാൻ സാധ്യതയില്ല. മാധവൻ പേര് കൊണ്ട് മാത്രമല്ല രൂപത്തിലും നിറത്തിലും ആദിവാസിയായി തോന്നും എന്ന് പറയുമ്പോഴും അവർക്കിടയിൽ നിന്ന് വിവാഹം കഴിച്ച് കുടുംബമായി താമസിക്കുകയും ചെയ്യുന്ന മാധവൻ ഏതു കാണിയിൽപ്പെട്ടതാണെന്നോ ഏത് ഇല്ലക്കാരനാണെന്നോ മൊട്ടമൂട്ടുക്കാർക്ക് അറിയില്ല എന്ന് പറഞ്ഞു വയ്ക്കുകയും ചെയ്യുന്നതിൽ വൈരുദ്ധ്യമുണ്ട്. പ്രത്യേകിച്ചും മൊട്ടമൂട്ടുകാർ മാധവനെ നേതാവായി കാണുന്ന സാഹചര്യത്തിൽ.
ആദിവാസികൾക്കിടയിൽ നിന്നുകൊണ്ട് ആദിവാസിയെ തന്നെ ചൂഷണം ചെയ്യുന്ന മാധവൻകാണി പ്രതിനായക കഥാപാത്രങ്ങളായ പൊന്നൻരാജിൻ്റെയും മാത്യൂസിൻ്റെയും കൂട്ടാളിയാണ്. ആദിവാസികളുടെ രൂപമുണ്ടെങ്കിലും ഇല്ലവും കാണിയും അജ്ഞാതമായിരിക്കുന്ന, ആദിവാസികളുടെ ഭാഷ അനുകരിക്കാൻ ശ്രമിക്കുന്ന മാധവൻ ആദിവാസികളോട് ചെയ്ത ഏറ്റവും വലിയ ക്രൂരതയെ നോവലിസ്റ്റ് സ്വാമിയെക്കൊണ്ട് പറയിപ്പിക്കുന്നതിങ്ങനെയാണ്. “ബോംബെയിലെ ചുവന്ന തെരുവിലെ നാലു ചുവരുകൾക്കുള്ളിൽ തടങ്കലിൽ കഴിയുന്ന പാവം ആദിവാസി പെൺകുട്ടികളെ ഓർത്തുപോയി. ആ അറവുശാലയ്ക്ക് നിഷ്കളങ്കരായ പാവം പെൺകുട്ടികളെ ബലി നല്കാൻ വഴിയൊരുക്കിയ മാധവൻ ആണ് തൻ്റെ മുന്നിൽ ഇരിക്കുന്നത്.”6
“ഒരിക്കൽ ഒരു നാട്ടുകാരൻ എന്നോട് ചോയിച്ചു. നിങ്ങക്കെങ്ങനെ കാണിക്കാരെന്ന് പേര് കിട്ടീന്ന്? ഞാൻ പറഞ്ഞു തുണിയുടുക്കാതെ നടക്കുന്നതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്ന്. അയാളതു വിശ്വസിച്ച് എയ്തിയെടുത്തോണ്ടു പോയി. പിന്നൊരിക്കൽ ഫോറസ്റ്റ് ഓഫീസർ നഴ്സറിക്ക് മരുന്ന് തളിക്കാൻ എനിക്ക് ജോലി തന്നു. ഞാനത് ചെടികളുടെ മൂട്ടിൽ ഒന്നിച്ചൊഴിച്ചു. എന്നിട്ട് കാട്ടിൽ തടി മുറിക്കാൻ പോയി. ഓഫീസറ് ചോയിച്ചപ്പോൾ ഞാൻ പറഞ്ഞു ചെടികൾ ചത്തുപോകുമെന്ന് എനിച്ചറിയില്ലായിരുന്നു. അത് ആവശ്യത്തിനു കുറേച്ചേ എടുത്തു കൊള്ളുമെന്ന് വിചാരിച്ചൂന്ന്! വേറൊരിക്കൽ ഓഫീസറ് വിൽസ് വാങ്ങി വരാൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ വിക്സ് വാങ്ങി കൊണ്ടുവന്നു. വിക്സ് എനിച്ച് ആവശ്യമായിരുന്നു. ഞാൻ പഠിപ്പില്ലാത്ത ഒരു വിവരവുമില്ലാത്ത ആദിവാസി. കോടതിയിൽപോലും ചിക്ഷയിൽ നിന്നും രക്ഷപ്പെടാൻ ഒരു മാർഗ്ഗം അതുതന്നെ! ഞാനത് തികച്ചും ഉപയോഗിക്കുന്നു.”7 ഇത്തരത്തിൽ ആദിവാസികളുടെ അറിവില്ലായ്മയെ പരിഹാസവിധേയമായി അവതരിപ്പിച്ചു കൊണ്ട് തൻ്റെ തന്നെ ചുമലിൽ ഗോത്രസ്വത്വത്തെ വച്ച്കെട്ടാൻ ഉപയോഗിക്കുന്ന കഥാപാത്രമായി കൂടി മാധവനെ നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നു. ഗോത്ര സ്വത്വത്തെത്തന്നെ ചൂഷണം ചെയ്യുന്ന മാധവനെ നമുക്കിവിടെ കാണാൻ കഴിയും.
മൂപ്പൻ മൂട്ടിക്കാണിയുടെ അവസാന നിമിഷങ്ങളിലെത്തുന്ന, മൊട്ടമൂട്ടുകാർക്ക് അപരിചിതനായ കാഷായവസ്ത്രധാരിയായ മനുഷ്യനെ ചിന്നു എന്ന ശ്രീനീ, ശ്രീനി എന്ന ശ്രീനിവാസൻ, ശ്രീനിവാസൻ എന്ന സ്വാമിജി എന്നാണ് നോവലിസ്റ്റ് വിശേഷിപ്പിക്കുന്നത്. "ദീർഘകായൻ, ഗോതമ്പിൻ്റെ നിറം, പ്രകാശമാനമായ കണ്ണുകൾ, നീട്ടി വളർത്തിയ തലമുടിയിലും താടിയിലും അവിടവിടെ വെള്ളിയിഴകൾ, കാവിമുണ്ടും കാവിപ്പുതപ്പുമാണ് വേഷം, കഴുത്തിൽ രുദ്രാക്ഷമാല. കാലിൽ ചെരുപ്പ് ധരിച്ചിട്ടില്ല. ആകെക്കൂടി ഒരു സന്യാസിക്ക് യോജിച്ച രീതികൾ, ഒറ്റനോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന പ്രകൃത”8വുമുള്ള ചിന്നു എന്ന ശ്രീനിവാസനാണ് ഈ നോവലിലെ കഥാനായകൻ. ശ്രീനിവാസൻ്റെ ജനനത്തെക്കുറിച്ച് പറയാൻവേണ്ടി ശ്രീനിവാസൻ്റെ രണ്ട് തലമുറ മുൻപത്തെ കഥമുതൽ കഥാകാരൻ പറയുന്നു.
കൂർമ്മല ഇല്ലത്തിൽപ്പെട്ട ഒരു കൊച്ചു മലയരയത്തി പെണ്ണിനെയാണ് പരപ്പൻ മുട്ടി കല്യാണം കഴിച്ചത്. മലയരയത്തിയിൽ പരപ്പൻ മുട്ടിക്ക് സന്തതിപരമ്പരകൾ ഉണ്ടായില്ല. അങ്ങനെയിരിക്കെ മൂട്ടിയുടെ അരയത്തിയെ രാജകൊട്ടാരത്തിലെ വെപ്പാട്ടിയായി കൊണ്ടുപോകുകയും തുടർന്ന് സ്ഥാനമാനങ്ങൾനേടി മടങ്ങിയെത്തിയ മൂപ്പത്തി പിന്നീട് ആരുടേതാണെന്ന് വെളിപ്പെടുത്താനാകാത്ത വെളുത്തു തുടുത്തൊരു തമ്പ്രാട്ടിക്കുട്ടിക്ക് ജന്മം നല്കുകയും അതേ രാത്രിയിൽ തന്നെ ആനയുടെ ആക്രമണത്താൽ മരണപ്പെടുകയും ചെയ്യുന്നു. ആദിവാസി പെണ്ണുങ്ങളുടെ മുലപ്പാൽ കുടിച്ച് മൂട്ടിയുടെ പരിലാളനയിൽ എല്ലാപേരുടെയും മകളായി കാടിൻ്റെ ഓമനയായി പരപ്പൻ മൂട്ടിയുടെ പിൻഗാമിയായി വളർന്നു വന്ന അവൾക്ക് ലഭിച്ച തുണയാകട്ടെ നല്ല കിളരവും അതിനൊത്ത വണ്ണവുമുള്ള ഭീമാകാരനുമായ, അതുവരെ ആരും കയറിയിട്ടില്ലാത്ത ആകാശം മുട്ടി നില്ക്കുന്ന പർവ്വതശിഖരമായ സൂര്യതോല് കയറിയ, കാണിക്കാർ വേട്ടയാടാത്ത വരയാടുകളെ വേട്ടയാടുന്ന മല്ലനെയാണ്. അവർക്കുണ്ടാകുന്ന മകനാണ് കഥാനായകനായ ശ്രീനിവാസൻ.
പകുതിമാത്രം ആദിവാസി സ്വത്വമുള്ള, ആദിവാസി സ്ത്രീകളിൽ നിന്ന് വിഭിന്നമായ ശാരീരിക ഘടനയുള്ള, വെളുത്ത നിറമുള്ള തമ്പ്രാട്ടി കുട്ടിക്ക് അമാനുഷികനായ അതീന്ദ്രിയജ്ഞാനമുള്ള കൈക്കരുത്തുള്ള മല്ലനിൽ നിന്ന് ജന്മം എടുക്കുന്ന ആദിവാസി സ്വത്വം പേറുന്ന കഥാപാത്രമാണ് ശ്രീനിവാസൻ. കാണിസമുദായത്തിൻ്റെ ഉദ്ധാരണത്തിനായി, നായകനായി, പിൻഗാമിയായി അവരിലേക്ക് എത്തിയ ചിന്നു എന്ന ശ്രീനിവാസൻ അവസാനം തൻ്റെ പ്രണയനിയും കളിക്കൂട്ടുകാരിയും ആയിരുന്ന ദേവുവിൻ്റെ വിവാഹത്തലേന്ന് ജനാർദ്ദനൻ്റെ കൈയിൽ അവൾക്കുള്ള സമ്മാനമായി കൊടുത്തയക്കുന്നത് “റിസേർച്ചും മറ്റും നടത്തി ആധുനിക വൈദ്യശാസ്ത്രത്തെ പരിപോഷിപ്പിക്കുവാൻ ഉതകുന്ന വളരെ പഴക്കമുള്ള ചില ഔഷധങ്ങളുടെയും പച്ചിലകളുടെയും രേഖകളാണ്.”9 കാണിക്കാർ ഗോത്ര വംശീയ ചികിത്സാ രീതികളും മരുന്നിനു ഉപയോഗിക്കുന്ന പച്ചിക്കൂട്ടുകളും പരമ്പരാഗതമായി മാത്രം കൈമാറി വരുന്ന ഒന്നാണ്. മൂട്ടുകാണിയുടെ മരണശേഷം പിൻഗാമിയായി സ്വയം അവരോധിക്കുന്ന ശ്രീനിവാസൻ മുട്ടുകാണിയ്ക്ക് തലമുറകളായി കൈമാറി കിട്ടിയ ആയുർവേദ മരുന്നുകളുടെയും പച്ചില കൂട്ടുകളുടെയും രേഖകളാണ് തൻ്റെ പരിഷ്കൃത സമൂഹത്തിൻ്റെ സന്തതിയായ കൂട്ടുകാരിക്ക് ശ്രീനിവാസൻ സമ്മാനിക്കുന്നത്. അതുവരെ തുടർന്നു വന്നിരുന്ന പാരമ്പര്യ വൈദ്യ ചികിത്സയ്ക്ക് ശ്രീനിവാസൻ അവിടെ അറുതികുറിക്കുകയാണ്. യഥാർത്ഥത്തിൽ മാധവൻ്റെ മകനിലേക്ക് പകർന്നു കൊടുക്കേണ്ട ഈ അറിവുകളെ ഗോത്ര സമൂഹത്തിൽ നിന്നും പറിച്ചു മാറ്റുകയാണ് ശ്രീനിവാസൻ ഈ പ്രവർത്തിയിലൂടെ ചെയ്യുന്നത്. ആദിവാസി സ്ത്രീകളെ മാംസവിൽപ്പനയ്ക്കായി നാടുകടത്തി എന്ന് ആരോപിക്കപ്പെടുന്ന മാധവനെ കാണിക്കാരുടെ ശത്രുപക്ഷത്ത് നിർത്തുന്ന ശ്രീനിവാസനും കാണിക്കാരോട് ചെയ്യുന്നത് അതേ വഞ്ചന തന്നെയാണ്.
ശ്രീനിവാസന് പറയാവുന്ന ഗോത്രബന്ധം പരപ്പൻ മൂട്ടിയുടെ ഭാര്യയായ മലയരയത്തി മാത്രമാണ്. ആദിവാസിയുടേതായ യാതൊരുവിധ ശാരീരിക ഘടനയോ പ്രത്യേകതകളോ ഇല്ലാതിരുന്നിട്ടും ശ്രീനിയെ നായകസ്ഥാനത്ത് നിർത്തി ഇതെല്ലാമുള്ള മാധവനെ അജ്ഞാതനായി നിലനിർത്തിക്കൊണ്ട് പ്രതിനായക സ്ഥാനത്ത് സ്ഥാപിക്കുന്നത് കഥാകാരന് ഗോത്രത്തനിമയുള്ള ഒരു വ്യക്തിയെ നായകസ്ഥാനത്ത് സങ്കൽപ്പിക്കുവാനുള്ള വൈമനസ്യം കൊണ്ടാകാം. മാത്രമല്ല ശ്രീനിവാസനെ ആത്മീയ പരിവേഷം നൽകി കഥാന്ത്യത്തിൽ ഗോത്ര ദൈവങ്ങൾക്ക് ഒപ്പം പ്രതിഷ്ഠിക്കുന്നു. “അദ്ദേഹം കുടുംബദേവന്മാരെ ഊന്നി, കലശത്തിലെ കടുവകൾക്ക് നിഴൽ കൊടുത്ത്, ആത്മബലി നടത്തി മലദൈവമായി തമ്പ്രാട്ടിപട്ടചിറയിൽ അദൃശ്യനായി കഴിയുന്നു. ആദിവാസികൾ അത് വിശ്വസിച്ചു. അവർ ആ മലദേവന് പ്രത്യേക ചാറ്റും പൂജയും നടത്തി സംതൃപ്തി പൂണ്ടു.”10
കാണിക്കാരുടെ ഗോത്രഭാഷ പ്രാദേശിക ഭേദമനുസരിച്ച് വ്യത്യാസമുള്ളവയാണ്. മൊട്ടമൂട് കാണിപ്പറ്റിലെ ഗോത്ര ഭാഷയെയും അവരുടെ വിശ്വാസങ്ങളെയും ഐതിഹ്യങ്ങളെയും വളരെ വ്യക്തമായി ഈ നോവലിൽ ആവിഷ്കരിക്കാൻ എസ്. ശ്രീകണ്ഠൻ നായർക്ക് കഴിഞ്ഞിട്ടുണ്ട്.
പാത്രംഉടപ്പാളി - വിതുര സുനീഷ്
മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പരിസ്ഥിതി നോവൽ എന്ന അവകാശവാദവുമായി 2011ൽ പുറത്തുവന്ന വിതുര സുനീഷിൻ്റെ നോവലാണ് ‘പാത്രം ഉടപ്പാളി’. സാമൂഹിക പ്രവർത്തകനും പരിസ്ഥിതി സ്നേഹിയുമായ ഗൗതമൻ്റെ വനജീവിതത്തെ അടയാളപ്പെടുത്തുന്ന നോവലാണിത്. ഗോത്രസംസ്കൃതിയുടെ വ്യത്യസ്തമുഖങ്ങൾ അവതരിപ്പിക്കുന്ന ഈ നോവലിൻ്റെ സാരം ഇക്കോ കൺസർവേഷൻ പബ്ലിക് കമ്മിറ്റിയുടെ (ഇ.സി.പി.സി) വർക്കിൻ്റെ ഭാഗമായി വനം വകുപ്പിനുവേണ്ടി വനവുമായി ബന്ധപ്പെട്ട് ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ വേണ്ടിയുള്ള സർവ്വേ നടത്താനായി ഓരോ സെറ്റിൽമെൻ്റുകളും കയറിയിറങ്ങിയ ഗൗതമൻ്റെ യാത്രയും അനുഭവങ്ങളും പ്രണയവും പ്രശ്നങ്ങളും ഒടുവിൽ അയാൾ പരിസ്ഥിതി പ്രവർത്തകനായി മാറുന്നതുമാണ്.
ആദിവാസികളുടെ കൃഷിയും കൃഷിയിടങ്ങളും പാട്ടത്തിനെടുത്തും മലഞ്ചരക്കുകൾക്ക് വിലകുറച്ചും മദ്യം നല്കിയും ആദിവാസികളെ ചൂഷണം ചെയ്യുന്ന ആധുനികജീവിതത്തിൻ്റെ കള്ളവും ചതിയും നെഞ്ചേറ്റിയ നാട്ടുമ്പുറത്തുകാരുടെ യാഥാർത്ഥ ചിത്രം വരച്ചുകാട്ടുന്ന നോവലാണ് പാത്രംഉടപ്പാളി. പാത്രം ഉടപ്പാളി എന്നത് വനത്തിൽ കാണുന്ന ഒരു തരം കാട്ടുപയർ വർഗ്ഗത്തിൽപ്പെടുന്ന സസ്യമാണ്. അതിൻ്റെ പൂക്കൾ പറിച്ച് വീട്ടിൽ കൊണ്ടു കയറിയാൽ കുടുംബത്തിൽ കലഹമുണ്ടാകും; പാത്രം ഉടയും എന്ന് വിശ്വാസം. ഗോത്ര വിഭാഗങ്ങൾക്കിടയിലെ ഇത്തരം വിശ്വാസങ്ങളെ വിദ്യാഭ്യാസം നേടിയവർ അന്ധവിശ്വാസങ്ങളായി കണക്കിലെടുക്കുന്നു എന്ന് പാത്രംഉടപ്പാളിയിലെ ഗൗരി എന്ന കോളേജ് വിദ്യാഭ്യാസമുള്ള പെൺകുട്ടിയിലൂടെ നോവലിസ്റ്റ് പറയുന്നു. ഗോത്രവിഭാഗങ്ങളുടെയെല്ലാം തന്നെ പ്രധാന വരുമാന മാർഗ്ഗം കൃഷിയാണ്. വന്യമൃഗ ശല്യം മൂലമുള്ള കൃഷി നശീകരണം ആദിവാസികൾ നേരിടുന്ന പ്രധാന പ്രശ്നമാണ്. സർക്കാരിൽ നിന്നുള്ള നഷ്ടപരിഹാരം അവർക്കെന്നും ഒരു കടമ്പയാണ്. ഈ പ്രശ്നത്തെ വളരെ തന്മയത്വത്തോടുകൂടി നോവലിസ്റ്റ് ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്. “എഴുതിക്കൊടുക്കുന്ന തുക ഒരിക്കലും കിട്ടില്ല. നഷ്ടം സത്യമാണോ എന്ന് അന്വേഷിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടും വനം വകുപ്പിനുണ്ട്. അഥവാ അനുവദിച്ചാൽ തന്നെ ആയിരം രൂപ വാങ്ങണമെങ്കിൽ ഇരട്ടി ജോലിയും. തുക ചെക്ക് രൂപത്തിൽ അനുവദിക്കും. ചെക്ക് മാറ്റണമെങ്കിൽ ട്രഷറിയിൽ അക്കൗണ്ട് വേണം. ചെക്ക് വാങ്ങി നഗരത്തിലെ ട്രഷറിയിൽ മാറണം. അക്കൗണ്ടില്ലെങ്കിൽ ഒപ്പ് അറ്റസ്റ്റ് ചെയ്ത് വാങ്ങണം. ഇവർക്ക് സ്ഥിരം ഒപ്പ് ഇല്ല. വളരെ നടപടിക്രമങ്ങൾക്ക് ശേഷം മാറ്റിക്കിട്ടും. ഒരു ദിവസത്തെ മൊത്തം ചെലവ്. കൂടെ പോകുന്നവരുടെ ചെലവും വഹിക്കേണ്ടി വരും. എല്ലാം കഴിയുമ്പോൾ തുക വളരെ ചുരുങ്ങും. ഒരു ദിവസം നഷ്ടവും.”11
അന്യവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ജീവിതത്തിലെ പ്രധാന പ്രശ്നങ്ങളെ പൊതുമധ്യത്തിൽ അവതരിപ്പിക്കാൻ സാഹിത്യകൃതികൾക്ക് കഴിയുന്നു എന്നതിൻ്റെ തെളിവ് കൂടിയാണ് ഇത്തരം നോവലുകൾ.
നെടുവൻ, കൂവ, ചളങ്ങപോലുള്ള കാണിക്കാരുടെ പാരമ്പര്യ ഭക്ഷണരീതികൾ, കാടിനെക്കുറിച്ച് അവരുടെ ആഴത്തിലുള്ള അറിവ് എന്നിവയൊക്കെ സുനീഷ് ഈ നോവലിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. “ശീതങ്കൻ കണ്ടെത്തിയ കുറ്റിച്ചെടിക്ക് മുന്നിൽ അവർ നിന്നു. അയാൾ വെട്ടുകത്തി കൊണ്ട് പെരുവിരൽ കനമുള്ള ചെടിയുടെ താഴെ ഒറ്റവെട്ട്. രണ്ടു മീറ്ററോളം നീളത്തിൽ ആ കമ്പിൻ്റെ മുകൾഭാഗത്തും വെട്ടിക്കളഞ്ഞു കൈവശമുള്ള കുപ്പിയുടെ അകത്തേക്ക് കമ്പ് നെടുകേ പിടിച്ചു. ആ കമ്പിൽ നിന്നും വെള്ളം വരുന്നു. കുപ്പിയിൽ വീഴുന്നു. ഏകദേശം ഒരു ഗ്ലാസ് തെളിഞ്ഞ വെള്ളം.”12 വനത്തിൽ കടക്കുന്ന ഓരോ ഗോത്ര വിഭാഗക്കാർക്കും പ്രകൃതിയിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം അമൂല്യനിധികളെ കുറിച്ച് അറിയാം. അവനെ വഞ്ചിക്കുകയും ചതിക്കുകയും ചെയ്യുന്നത് മനുഷ്യൻ മാത്രമാണ്. നാട്ടിൻപുറത്തെ ആധുനിക സൗകര്യങ്ങൾ ഒക്കെ കാട്ടിലേക്കെത്തുന്നത് ഏറ്റവും ഒടുവിൽ ആയിരിക്കും അതുകൊണ്ട് നാട്ടിലുള്ള ഓരോ കണ്ടുപിടിത്തങ്ങൾക്കും ഒരു ബദൽ കണ്ടുപിടിത്തം ഗോത്രവർഗ്ഗക്കാര്‍ക്കിടയിൽ ഉണ്ടാകും. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഗോത്രവർഗ്ഗക്കാർ തീ ഉണ്ടാക്കുന്ന രീതികൾ. “മുത്തൻ സഞ്ചിയിൽ നിന്നും ഒരു ചെറിയ മുളങ്കുറ്റി എടുത്തു. നിറച്ചും പഞ്ഞി തിരുകിയിട്ടുണ്ട്. ഒരു ചെറിയ കല്ല് അതിനോട് ചേർത്തു വച്ച് ഒരു ഇരുമ്പ് കഷ്ണം കൊണ്ട് ഉരച്ചു. വീണ്ടും ഉരസിയപ്പോൾ കല്ലിൽ നിന്നുണ്ടായ തീപ്പൊരി പഞ്ഞിയിൽ പുകഞ്ഞു തുടങ്ങി. അതിൽ ഊതി ബീഡി കത്തിച്ചു.”13 മുളം പഞ്ഞി തിരുകി തീയുണ്ടാക്കുന്ന രീതിയാണിത്. ഇതുപോലെ തീയുണ്ടാക്കുന്ന ‘ചക്കിമുക്കി’ എന്ന മറ്റൊരു രീതിയും ഈ നോവലിൽ എഴുത്തുകാരൻ വിവരിച്ചിട്ടുണ്ട്. [1]
പ്രകൃതിയുമായി ആഴത്തിലുള്ള ബന്ധം പുലർത്തുന്ന കാണിക്കാരുടെ ജീവിതത്തിലെ ഗോത്രസംസ്കൃതിയെയും ഭക്ഷണരീതികളെയും ചെറിയ ചെറിയ കണ്ടുപിടിത്തങ്ങളെയും അവർ നേരിടുന്ന പ്രശ്നങ്ങളെയും ഈ നോവൽ ഉൾക്കൊള്ളുന്നു. മനുഷ്യൻ പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിൻ്റെ ആവശ്യകതയെ ഊന്നിപ്പറയുന്ന നോവൽകൂടിയാണ് പാത്രംഉടപ്പാളി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൻ്റെ പശ്ചിമഘട്ട ജൈവവൈവിധ്യ ഗവേഷണ പദ്ധതിയിൽ റിസർച്ച് അസോസിയേറ്റായും വനംവകുപ്പിൽ സോഷ്യൽ വർക്കറായും പ്രവർത്തിച്ചിട്ടുള്ളയാളാണ് നോവലിസ്റ്റെന്നതും കാണിക്കാർ അധിവസിക്കുന്ന പൊന്മുടിയുടെ താഴ്‌വാരത്തിലെ മൊട്ടമൂടാണ് അദ്ദേഹത്തിൻ്റെ വാസസ്ഥലമെന്നതും കാണിക്കാരുടെ ജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയും ഈ നോവലിൻ്റെ രചനയ്ക്ക് അദ്ദേഹത്തെ സഹായിച്ചിരിക്കാം അതുകൊണ്ട്കൂടിയാണ് ആദിവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളെ ഗൗരവത്തോടുകൂടി ഈ നോവലിൽ അദ്ദേഹത്തിന് ചൂണ്ടിക്കാണിക്കാനായത്.
ഇരു - വി. ഷിനിലാൽ
“യുവരാജാവായ മാർത്താണ്ഡവർമ്മയും എട്ടുവീട്ടിൽ പിള്ളമാരുമായി ഏറ്റുമുട്ടിയ കാലത്ത് മലങ്കുടിയിൽ അഭയം തേടിയ രാജകുമാരന് തേനും തിനമാവും നൽകി മലയമക്കൾ വേണ്ടവിധം സംരക്ഷിക്കുകയും, ശത്രുക്കളുമായി ധീരമായി ഏറ്റുമുട്ടുന്നതിൽ സഹായിക്കുകയും ചെയ്തിരുന്നു. ആ കാലത്ത് ആദിവാസികളുടെ പടനായകനായ മുത്തൻ അദ്ദേഹത്തെ വേഷപ്രഛന്നനാക്കി സുരക്ഷിതസ്ഥാനത്തെത്തിക്കുകയും ചെയ്തു. അതിൻ്റെ സ്നേഹോപഹാരമായി, അധികാരത്തിലേറിയ മാർത്താണ്ഡവർമ്മ മഹാരാജാവ്, ആദിവാസിത്തലവനേയും മലയരയന്മാരെയും വിളിച്ച് രാജോചിതമായി സൽക്കരിക്കുകയും, ഒറ്റശേഖരമംഗലമുൾപ്പെടെ മലയമക്കൾക്ക് “മണ്ണടങ്കം, മരമടങ്കം, കരമൊഴിവായി” വനഭൂമി വച്ചനുഭവിക്കാനും വനത്തിൽ യഥേഷ്ടം ജീവിച്ചുകൊള്ളുന്നതിനുള്ള സ്വാതന്ത്ര്യം നൽകുകയും ചെയ്തിരുന്നു.”14 എസ് ശ്രീകണ്ഠൻ നായർ കാണി എന്ന നോവലിൽ പറഞ്ഞിരിക്കുന്ന ഈ ചരിത്രവിഷയത്തെ തന്നെയാണ് വി. ഷിനിലാൽ തൻ്റെ ഇരു എന്ന നോവലിൽ കാണിക്കാരുടെ ജീവിതകാലത്തെ രേഖപ്പെടുത്തുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്.
ഇരുവിൻ്റെ രചനക്കാധാരമായ ചിന്തയെക്കുറിച്ച് ആമുഖക്കുറുപ്പിൽ എഴുത്തുകാരൻ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. “സി.വി. രാമൻപിള്ളയുടെ ‘മാർത്താണ്ഡവർമ്മ’ നോവലിൽ രണ്ടാമധ്യായത്തിലെ കഥാദിവസത്തിനും മൂന്നും നാലും അധ്യായങ്ങളിലെ കഥാദിവസത്തിനുമിടയിലുള്ള മൂന്ന് നാല് ദിവസങ്ങളിൽ ഒരു സംഭവവും നടക്കുന്നില്ല. രാമവർമ്മ മഹാരാജാവിന് ദീനം കൂടിയതറിഞ്ഞ് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു മാർത്താണ്ഡവർമ്മ യുവരാജാവ്. ചാരോട്ട് കൊട്ടാരത്തിൽ വിശ്രമിക്കുകയായിരുന്ന അയാളെ തമ്പിമാരുടെ വിശ്വസ്ത അനുചരനായ വേലുക്കുറുപ്പും പടയാളികളും കൂടി ആക്രമിക്കുന്നു. അയാൾ കാടുമേടുകളിലൂടെ ഓടി രക്ഷപ്പെടുന്നു. വഴിയിൽ ഒരു ചാന്നാൻ അയാളെ അമ്മച്ചി പ്ലാവിൻ്റെ പോടിനകത്തു കയറി ഒളിക്കാൻ സഹായിക്കുന്നു. അതിനുശേഷമുള്ള ദിവസങ്ങളാണ് മഹാനായ സി.വി. എനിക്കായി ഒഴിച്ചിട്ടിരിക്കുന്നത്.
ആ ചാന്നാൻ ഒരു കാണിക്കാരനായിരുന്നു. പടനായക മുത്തൻ എന്നാണ് മാർത്താണ്ഡവർമ്മ അവനെ വിളിച്ചത്. ചാണകം കയറ്റിയ ഒരു കാളവണ്ടിയിൽ ഒളിപ്പിച്ചിരുത്തി മുത്തൻ അയാളെ അഗസ്ത്യർകൂടത്തിൻ്റെ അടുത്ത് നാച്ചിയാര് മൊട്ടയിൽ എത്തിച്ചു. അവിടെ താമസിപ്പിച്ച് ആദിവാസികളുടെ ചികിത്സകളും മറ്റും ചെയ്ത് ഉശിര് വീണ്ടെടുത്തു. രാശിവെട്ടി ചാറ്റ് നടത്തി രാജാവിൻ്റെ രാശിദോഷങ്ങൾ മാറ്റി. അതിനുശേഷം പോരാളികളും വില്ലാളികളുമായ കാണിക്കാരുടെ അകമ്പടിയോടെ പൂതപ്പാണ്ടിയിൽ എത്തിച്ചു. പിന്നീട് മറവപ്പടയുടെയും നൂറ്റെട്ട് കളരികൾക്ക് ആശാനായ അനന്തപത്മനാഭൻ നാടാർ വാളുടെയും സഹായത്തോടെ ഭരണമേറ്റ രാജാവ് പ്രത്യുപകാരം ചെയ്തത് കാണിക്കാർക്ക് വനഭൂമി അപ്പാടെ പതിച്ചു നൽകിക്കൊണ്ടാണ്.”15
ചരിത്രപരമായി അടയാളപ്പെടുത്താതെപോയ ഒരു ജനതയുടെ നൂറ്റാണ്ടുകളുടെ കഥ പറയുന്നു വി. ഷിനിലാലിൻ്റെ ഇരു. കായനദിയെന്നും കാമനദിയെന്നും പേരുള്ള നദിക്കു ഇരു കരകളിലായി ജീവിക്കുന്ന നായന്മാരുടേയും വേടരുടെയും അഗസ്ത്യകൂട മലനിരകൾക്കിടയിൽ വസിക്കുന കാണിക്കാരുടെയും ജീവിതങ്ങളെ പശ്ചാത്തലമാക്കിക്കൊണ്ട് തിരുവിതാംകൂറിൻ്റെ യുവരാജാവായ മാർത്താണ്ഡവർമ്മയുടെ ഒളിവു ജീവിതത്തെയും ലബ്ബയെന്ന മുസ്ലീം വാണിജ്യ സഞ്ചാരിയുടെ വനമാർഗ്ഗമുള്ള യാത്രയുടെയും അനുഭവങ്ങളുടെയും ഇടയിലൂടെ തൻ്റെ കഥയും പറഞ്ഞ; ബുക്കർ സമ്മാനം ലഭിച്ച ഇരുവിൻ്റെ ‘ദ റിവർ’ എന്ന നോവലിൻ്റെ മലയാള വിവർത്തകയായ ലയന നായരുടെ ‘ദ റിവർ’ നോവലിൻ്റെ വായനയാണ് ഇരുവിൻ്റെ സാരം. ലയനയുടെ നോവൽ വായനയിലൂടെയും ഇരുവുമായി നോവലിനെക്കുറിച്ച് നടത്തു സംഭാഷണങ്ങളിലൂടെയുമാണ് നോവൽ പുരോഗമിക്കുന്നത്. വളരെ തന്മയത്വത്തോടുകൂടിയുള്ള ഇരുവിലെ അവതരണ ശൈലി വായനക്കാരന് നോവലിലുടനീളമുള്ള സഞ്ചാരം സുഗമമാക്കുന്നു.
വേടർ സമുദായം നായർ ജന്മിത്വത്തിൻ്റെ അടിയാള ജീവിതമനുഭവിക്കുമ്പോൾ കാണിക്കാർ വനത്തിൽ സർവ്വസ്വതന്ത്രരായും യുദ്ധനിപുണരായും ജീവിച്ചുകൊണ്ട് തിരുവിതാംകൂറിൻ്റെ യുവരാജാവിന് അഭയവും സംരക്ഷണവും നല്കുന്നു. ആരാലും ഭരിക്കപ്പെടാനില്ലാതെ യഥേഷ്ടം സ്വാതന്ത്ര്യം അനുഭവിച്ചു ജീവിക്കുന്ന കാണിക്കാരുടെ നൂറ്റാണ്ടുകൾക്കു മുമ്പുള്ള ജീവിതരീതിയെയും ഭക്ഷണപാരമ്പര്യത്തെയും യുദ്ധനിപുണതയെയും ഗോത്രഭാഷയുടെ വഴക്കത്തെയും ഇരുവിൽ വായിച്ചറിയാൻ സാധിക്കും. അക്കാലത്ത് കാണിക്കാർ അനുഭവിച്ചറിഞ്ഞ വനാന്തരീക്ഷത്തിലെ ഗന്ധവും നീർച്ചോലയുടെ കുളിരും ഇരുവിൻ്റെ വായന നമുക്ക് പകരുന്നു. ലബ്ബയെന്ന മുസ്ലിം വാണിജ്യ സഞ്ചാരിയുടെ പുറകെ വായനക്കാരനും സഞ്ചരിക്കുന്നു. അവിടെ ഒളിവു ജീവിതം നയിക്കുന്ന മാർത്താണ്ഡവർമ്മയുടെയും കായനദി കരകവിഞ്ഞൊഴുകിയതിനാൽ അക്കരയെത്താൻ സാധിക്കാതെ കാണിപ്പറ്റിൽ അഭയം കണ്ടെത്തുന്ന ലബ്ബയുടെയും വർത്തമാനങ്ങളിലൂടെയും കാണിക്കാരുമായുള്ള സമ്പർക്കത്തിലൂടെയും വനജീവിതം നയിക്കുന്ന ഒരു ജനതയുടെ സംസ്കാരത്തനിമ വളരെ വ്യക്തമായി ചിത്രീകരിക്കാൻ നോവലിസ്റ്റിന് സാധിച്ചു. നൂറ്റാണ്ടുകൾക്ക് മുൻപുള്ള കാണിക്കാരുടെ ഗുഹാജീവിതവും വിശ്വാസങ്ങളും സംസ്കാരവും ഭക്ഷണരീതികളും ആയോധനകലകളും കൃത്യതയോടുകൂടി ഇരുവിൽ ആവിഷ്കരിച്ചിരിക്കുന്നു. വേടർ സമുദായത്തെപ്പോലെതന്നെ അപരിഷ്കൃതരും അന്യവൽക്കരണത്തിന് വിധേയരാക്കപ്പെട്ടവരുമായിരുന്നെങ്കിലും വനത്തിനുള്ളിലെ സ്വാതന്ത്ര്യത്തിൻ്റെ വന്യതയെ ആവോളം ആസ്വദിച്ച് സ്വയം നിർമ്മിച്ച സാംസ്കാരികമായ വലയത്തിനുള്ളിൽ സധൈര്യം ജീവിതം ഘോഷിച്ചവരായിരുന്നു കാണിക്കാർ.
അറിവു തേടുന്നവർ - ഡോ. രവികുമാർ കാണി
മുകളിൽ സൂചിപ്പിച്ചിട്ടുള്ള മൂന്ന് നോവലുകളും ഗോത്രപക്ഷ/ ആദിവാസി പക്ഷ നോവലുകളാണ്. കാണിക്കാർ സമുദായത്തിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടുള്ള ഒരേയൊരു ഗോത്രനോവലാണ് ഡോ.രവികുമാർ കാണിയുടെ ‘അറിവ് തേടുന്നവർ’. ഗോത്രഭാഷയും പ്രാദേശിക ശൈലിയിലുള്ള മലയാളവും കലർന്ന ഭാഷയിലാണ് അറിവ് തേടുന്നവരുടെ രചന; അതുകൊണ്ടുതന്നെ നോവലിലെ ഗ്രാമീണച്ചുവയുള്ള ഭാഷ അനുവാചകരിൽ ആസ്വാദനത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കാം. വിദ്യാഭ്യാസമില്ലാത്ത; “നാട്ടറിവില്ലെങ്കിലും കാട്ടറിവുള്ള” ചിരുതനിലൂടെ; അവൻ്റെ പുറംലോകവുമായുള്ള ഇടപെടലുകളിലൂടെ പുരോഗമിക്കുന്ന നോവലാണ് അറിവ് തേടുന്നവർ. വനത്തിൽ നിന്നും തേനും കുമിളും ശേഖരിച്ച് അവ ആവശ്യക്കാർക്ക് വിറ്റ് ജീവിക്കുന്ന ചിരുതൻ്റെ കുമിളുകളെ കുറിച്ചുള്ള വിവരണത്തിലൂടെ കാണിക്കാർ ഭക്ഷണത്തിനും മരുന്നിനുമായി ഉപയോഗിക്കുന്ന കുമിളുകളെ കുറിച്ചുള്ള എഴുത്തുകാരൻ്റെ അറിവ് വ്യക്തമാകും. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ പ്രകൃതിദത്തമായ മൃതസഞ്ജീവനിയാണ് കുമിളുകൾ. വംശീയ വൈദ്യ ചികിത്സയുള്ള ഡോക്ടർ രവികുമാർ കാണി എന്ന ഈശ്വരൻ കാണിയുടെ വൈദഗ്ധ്യം അദ്ദേഹത്തിൻ്റെ അറിവ് തേടുന്നവർ എന്ന നോവലിലും പ്രകടമാണ്.
2021ൽ പുറത്തുവന്ന ഈ കൃതി ഒരു നോവലിൻ്റേതായ എല്ലാവശങ്ങളും തികഞ്ഞതല്ലെങ്കിൽക്കൂടിയും ഗോത്രവർഗ്ഗജനത നേരിടുന്ന പല പ്രശ്നങ്ങളും ഗൗരവതരമായി ഇതിൽ ചർച്ച ചെയ്യുന്നു. പ്രകൃതി/വന നശീകരണം, അതുമൂലം പാരമ്പര്യ വൈദ്യ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പച്ചില മരുന്നുകളുടെ അഭാവം, വന്യമൃഗശല്യം, വനാവകാശനിയമം മൂലം തങ്ങളുടെ ആവാസവ്യവസ്ഥ തന്നെ അന്യവൽക്കരിക്കപ്പെട്ടുപോയ ഒരു ജനതയുടെ ആശങ്കകളും പ്രശ്നങ്ങളും, പുറത്തുനിന്നുള്ളവരുടെ ചൂഷണങ്ങളും സ്ത്രീകളോടുള്ള അതിക്രമങ്ങളും, കാലം കടന്നുപോകുന്തോറും ജീവിതത്തിൽ ഉണ്ടാകുന്ന മൂല്യച്യുതി എന്നിവയൊക്കെ ഈ നോവലിൽ കടന്നുവരുന്നുണ്ട്. “ഇത്രയും അധ:പതിച്ച ജീവിതം നമ്മുടെ ഇടയിൽ പണ്ട് ഉണ്ടായിരുന്നതായി ആരും പറഞ്ഞു കേട്ടിട്ടില്ല” എന്ന് നോവലിസ്റ്റിനെ കൊണ്ട് പറയിപ്പിക്കുന്നത് പ്രകൃതിചൂഷണങ്ങളും ബന്ധങ്ങളുടെ വിലയില്ലായ്മയും മനുഷ്യന് തൻ്റെ സഹജീവികളോടുള്ള മനുഷ്യത്വമില്ലായ്മയും നിറഞ്ഞ ഈ കാലത്തെയോർത്താണ്. പാരമ്പര്യ വൈദ്യത്തിൻ്റെ പഠന ഗവേഷണത്തിൽ പേറ്റൻ്റ് ഫെലോഷിപ്പ് ലഭിച്ചിട്ടുള്ളയാളാണ് എഴുത്തുകാരൻ എന്നത് കൊണ്ട് തന്നെ ‘അറിവ് തേടുന്നവർ’ എന്ന കൃതിയിൽ പരമ്പരാഗത ചികിത്സാരീതികളെക്കുറിച്ചും വംശീയ ഭക്ഷ്യ ഉപഭോഗവസ്തുക്കളെ കുറിച്ചുമുള്ള വിവരണവുമുണ്ട്.
മാർത്താണ്ഡവർമ്മ കാണിക്കാർക്ക് ഭൂമി കരമൊഴിവായി കൊടുക്കുന്നതിനു മുൻപുള്ള കാണിക്കാരുടെ ഗോത്രജീവിതമാണ് വി.ഷിനിലാൽ ‘ഇരു’വിൽ ആവിഷ്കരിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ വനത്തിൽ സർവ്വസ്വതന്ത്രരായി ജീവിക്കുന്ന കാണിക്കാരെ ഈ നോവലിൽ കാണാം. മുന്നൂറ് വർഷം മുൻപത്തെ തനത് ഗോത്രസംസ്കാരത്തെയും ജീവിതരീതികളെയും ഇരുവിൽ നമുക്ക് അടുത്തറിയാനാകും. മുന്നൂറ് വർഷം മുൻപുള്ള ജീവിതരീതികളെ ആവിഷ്കരിക്കുമ്പോൾ ആവേദകരിൽ നിന്ന് കിട്ടിയ വിവരങ്ങൾക്ക് പുറമേ എഴുത്തുകാരൻ്റെ ഭാവനയും ഒരു പരിധിവരെ കാണിക്കാരുടെ ഗോത്രജീവിതാവിഷ്കാരത്തിൽ കടന്നുവന്നിരിക്കാം. വനത്തിൻ്റെ ആകർഷണീയമായ വന്യതപോലെ ഗോത്രജീവിതത്തിൻ്റെ ആഴത്തിലുള്ള സ്വാതന്ത്ര്യത്തിൻ്റെ കുളിര് അനുഭവിപ്പിക്കുന്ന നോവലാണ് വി. ഷിനിലാലിൻ്റെ ‘ഇരു’. എസ് ശ്രീകണ്ഠൻ നായരുടെ ‘കാണി’, വിതുര സുനീഷിൻ്റെ പാത്രംഉടപ്പാളി എന്നിവ ആദിവാസിപക്ഷ നോവലുകളായിരിക്കെ മറ്റൊരു സമൂഹത്തിൻ്റെ ജീവിതത്തിലെ അപാകതകൾ ചൂണ്ടിക്കാണിക്കാൻ ഒരു പരിധിവരെ അവയ്ക്ക് കഴിയുന്നുണ്ട്; കാണിക്കാർ നേരിടുന്ന ഇരട്ട പാർശ്വവൽക്കരണത്തിനും അടിസ്ഥാന വിഭവങ്ങളിൾക്ക്മേലുള്ള ചൂഷണത്തിനും നേരെ ഈ കൃതികൾ വിരൽചൂണ്ടുന്നു. ഡോ.രവികുമാർ കാണിയുടെ ‘അറിവ് തേടുന്നവർ’, സ്വസമുദായം കാലങ്ങളായി അനുഭവിച്ചുപോന്ന പ്രശ്നങ്ങളെയും ആധുനിക ജീവിതവും നിയമവും അവർക്കുമേൽ അടിച്ചേൽപ്പിച്ച ദുരിതങ്ങളെയും ഗോത്രപാരമ്പര്യത്തിൻ്റെ നഷ്ടപ്പെടലുകളും നിഷേധങ്ങളും പ്രതിഷേധങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. കാണി, പാത്രംഉടപ്പാളി, അറിവ് തേടുന്നവർ, ഇരു എന്നീ നാല് നോവലുകളിലും ആവിഷ്കരിച്ചിരിക്കുന്ന കാണിക്കാരുടെ ഗോത്രഭാഷ കാലത്തിനനുസരിച്ചും ദേശത്തിനനുസരിച്ചും മാറ്റമുള്ളതായി കാണാം.
കുറിപ്പുകൾ
പ്രദീപൻ പാമ്പിരിക്കുന്നിൻ്റെ ലേഖനങ്ങൾ - പ്രദീപൻ പാമ്പിരിക്കുന്ന്, പുറം: 565
കാണി - എസ്. ശ്രീകണ്ഠൻ നായർ, പുറം:11
അതേ പുസ്തകം പുറം:13
അതേ പുസ്തകം പുറം: 13
അതേ പുസ്തകം പുറം:13
അതേ പുസ്തകം പുറം: 21
അതേ പുസ്തകം പുറം: 22
അതേ പുസ്തകം പുറം: 9
അതേ പുസ്തകം പുറം:87
അതേ പുസ്തകം പുറം : 87
പാത്രം ഉടപ്പാളി - വിതുര സുനീഷ്, പുറം:50
അതേ പുസ്തകം പുറം : 56
അതേ പുസ്തകം പുറം : 63
കാണി - എസ് ശ്രീകണ്ഠൻ നായർ, പുറം: 35
ഇരു- വി. ഷിനിലാൽ ആമുഖം
സഹായകഗ്രന്ഥങ്ങൾ
1. കിരൺ. ജെ. പനയമുട്ടം, ഇരുപുറം : ഇരു- നോവൽ നിരൂപണം, ബാക്ക്ലാഷ് പബ്ലിക്കാ, തിരുവനന്തപുരം 2024
2. പ്രദീപൻ പാമ്പിരിക്കുന്ന്., നവോത്ഥാനം, ദേശീയത, ആധുനികത: കീഴാള സംസ്കാരപഠനം, പ്രദീപൻ പാമ്പിരിക്കുന്നിൻ്റെ ലേഖനങ്ങൾ (എഡി: ഡോ. കെ.പി.മോഹനൻ), കേരള സാഹിത്യ അക്കാദമി തൃശൂർ 2020
3. പ്രിയാ വർഗീസ്. ഡോ., ഇരു കണ്ടെടുക്കുന്ന ഇടങ്ങൾ, സമകാലിക മലയാളം ആഗസ്റ്റ് 5 2024
4. രവികുമാർ കാണി. ഡോ., അറിവ് തേടുന്നവർ, ഉപാസനാ പബ്ലിക്കേഷൻസ് തിരുവനന്തപുരം 2021
5. ശ്രീകണ്ഠൻ നായർ. എസ്, കാണി, പൂർണ പബ്ലിക്കേഷൻസ് കോഴിക്കോട്, 1995
6. ഷിനിലാൽ. വി., ഇരു, ഡി.സി. ബുക്സ് കോട്ടയം 2023
7. സജി. കെ., കാടകങ്ങളിൽ നിശ്ശബ്ദരാക്കപ്പെട്ടവർ, ദേശാഭിമാനി വാരിക ജൂൺ 30 2024
8. സുനീഷ് വിതുര, പാത്രംഉടപ്പാളി, മെലിൻഡ ബുക്സ് തിരുവനന്തപുരം, 2011
സ്വപ്ന എസ് പി
ഗവേഷക
മലയാളവിഭാഗം
സർക്കാർ വനിതാ കോളേജ്
വഴുതക്കാട്, തിരുവനന്തപുരം
[1] “അയാൾ ഒരു ഉണങ്ങിയ കൈവൻ കമ്പ് എടുത്ത് നെടുകേ കീറി. അതിലൊന്നിൻ്റെ മദ്ധ്യത്തിൽ വെട്ടുകത്തി കൊണ്ട് ചെറിയ ഒരു കുഴിയുണ്ടാക്കി. കനം കുറഞ്ഞ മറ്റൊരു ഉണങ്ങിയ കൈവൻ കമ്പ് പേനയുടെ നീളത്തിൽ മുറിച്ചെടുത്തു. കമ്പിനെ ദ്വാരത്തിൽ കുത്തി നിർത്തി. മറ്റേ അറ്റത്ത് ഒരു ചിരട്ട കമിഴ്ത്തി വച്ചു. വലിയ കമ്പ് ചാത്താടി ചവിട്ടിപ്പിടിച്ചു. ചിരട്ടയിൽ രൂപേഷ് പിടിച്ചു. കുത്തി നിർത്തിയ കമ്പിൽ ഒരു കയർ ചുറ്റി. അതിൻ്റെ രണ്ടറ്റവും ചാത്താടി ശക്തിയായി പിടിച്ചു വലിച്ചു. ചെറിയ കമ്പ് കറങ്ങുന്നു. ആശാരിയുടെ പണ്ടത്തെ തുരപ്പണം പോലെ. കറങ്ങുന്ന കമ്പിൻ്റെ അടിവശത്ത് പൊടിയുണ്ടായി. കമ്പിൻ്റെ വെളുത്ത പൊടി. കറക്കം ശക്തിയായപ്പോൾ അത് കറുത്തു. പിന്നെ പുകഞ്ഞു. ശേഷം പഞ്ഞി വച്ച് ഊതി കത്തിച്ചു.”- പാത്രം ഉടപ്പാളി - പേജ് നമ്പർ:63
Comentários