വൈദ്യ വ്യവഹാരവും പാരമ്പര്യ സമൂഹങ്ങളും
- GCW MALAYALAM
- 2 days ago
- 8 min read
അജിത.ഡി.പി

കേരളത്തിലെ വിഭിന്നമായ ജാതികളിൽ പലരിലും പാരമ്പര്യമായി ലഭിച്ച തൊഴിലുകളിലൊന്നായി വൈദ്യത്തെ കണക്കാക്കാം. വ്യത്യസ്ത സമുദായങ്ങൾക്കുള്ളിൽ നിരവധി പ്രാദേശിക വൈദ്യന്മാരുമുണ്ട്. വൈദ്യന്മാരിലൂടെ രൂപപ്പെടുന്ന വാമൊഴി വ്യവഹാരങ്ങളെ പഠനവിധേയമാക്കാനാണ് ഈ പ്രബന്ധത്തിൽ ശ്രമിക്കുന്നത്. പ്രബന്ധത്തിന്റെ വിശകലന സൗകര്യാർഥം മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിനെയാണ് പഠനത്തിനായി സ്വീകരിച്ചിരിക്കുന്നത്. ഈ പ്രദേശത്തെ മണ്ണാൻ, വേലൻ, മുസ്ലിം, ഈഴവർ, നമ്പ്യാർ, കുംഭാരൻ എന്നീ സമുദായ പശ്ചാത്തലമുള്ളവരെയാണ് ആവേദകരായി കണ്ടെത്തിയത്.
വ്യവഹാരം
വ്യവഹാരമെന്നത് നിരവധി മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്നു. സമകാല ആലോചനയിൽ ഭാഷയിലും സാഹിത്യത്തിലും സംസ്കാരത്തിലും സിനിമയിലും കലയിലും സംഭാഷണങ്ങളിലും വ്യവഹാരമെന്ന രൂപത്തെ കണ്ടെടുക്കുന്നുണ്ട്. സവിശേഷ വിനിമയ സാധ്യതയുള്ള സംഭാഷണങ്ങളാണ് വ്യവഹാരത്തെ സൃഷ്ടിക്കുന്നത്. രണ്ടുപേർ തമ്മിലുള്ള വ്യത്യസ്ത സന്ദർഭങ്ങളിലെ അർത്ഥോദ്പാദനപരമായ സംഭാഷണങ്ങൾ വ്യവഹാരാധിഷ്ഠിതമാണ്.
ഫ്രഞ്ചു ചിന്തകനായ മിഷേൽ ഫൂക്കോ വ്യവഹാരമെന്ന പദത്തിന്റെ ചരിത്രസന്ദർഭങ്ങളെ വിലയിരുത്തിയിട്ടുണ്ട്. വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും സ്ഥാപനങ്ങളിലും വ്യവഹാരത്തിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടി. വ്യവഹാരമെന്നത് അധികാരത്തോട് സമരസപ്പെട്ടു നിൽക്കുന്നതും കാണാം. കോളനിയാനന്തര ചിന്തകൾ വ്യവഹാര വിശകലനത്തിന് പ്രാധാന്യം നൽകി. 1960 ന്റെയും 70 ന്റെയും അവസാനത്തിലാണ് സാമൂഹിക സാംസ്കാരിക പഠനങ്ങളിൽ വ്യവഹാരമെന്ന ചിന്താപദ്ധതി ശക്തിയാർജ്ജിക്കുന്നത്. ഫൂക്കോയുടെ ചിന്തകളാണ് രാഷ്ട്രീയ സാമൂഹിക ഇടങ്ങളിൽ ശ്രദ്ധേയമായത്.
കൊളോണിയൽ അധിനിവേശത്തിന്റെ ഭാഗമായി നിരവധി തദ്ദേശീയ അറിവുരൂപങ്ങളാണ് അധികാരപരിധിയിൽ അദൃശ്യമാക്കപ്പെട്ടത്. അത്തരത്തിൽ, സാംസ്കാരിക രൂപമെന്ന നിലയിൽ ഇവിടെ നിലനിന്നിരുന്ന പാരമ്പര്യ വൈദ്യ സമൂഹങ്ങളെ കണ്ടെടുക്കുകയും വിലയിരുത്തുകയും ചെയ്യാനാണ് ശ്രമിക്കുന്നത്.
പാരമ്പര്യ സമൂഹങ്ങൾ
മണ്ണാൻ
മണ്ണാൻ, പെരുവണ്ണാൻ, വണ്ണാൻ എന്നീ സമുദായങ്ങൾ പൊതുവെ മണ്ണാൻ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു. ഇവരുടെ കുലത്തൊഴിൽ ചികിത്സയ്ക്കു പുറമെ അലക്ക്, മാറ്റുവയ്പ്, മന്ത്രവാദം എന്നിവയാണ്. ചില പ്രദേശങ്ങളിൽ ഗൃഹനിർമ്മാണത്തിലും ഏർപ്പെടുന്നു. 'വിഷ്ണുവായ പെരുവണ്ണാൻ' എന്നാണ് ഈ സമുദായത്തിന്റെ നാമം എന്നും ചിലർ വിശേഷിപ്പിക്കുന്നു. വിഷ്ണുഉൽപ്പത്തി എന്ന ഗ്രന്ഥത്തിൽ ഇത് സൂചിപ്പിച്ചിട്ടുണ്ട് (വിഷ്ണു നമ്പൂതിരി 2004: 33). തിരൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിലുള്ള മണ്ണാൻമാർ പൊതുവെ കുലവൃത്തിയായി ചികിത്സയാണ് തുടർന്നുപോരുന്നത്. അനുഷ്ഠാനങ്ങളിൽ പൂതംകെട്ട്, കളംപാട്ട്, തിറകെട്ട് എന്നിവയും തലമുറകളായി ചെയ്തുപോരുക പതിവായിരുന്നു.
വെട്ടത്ത് രാജാവ് നാടുവാണിരുന്ന കാലത്ത് ഓരോ ദേശത്തും വൈദ്യകുടുംബങ്ങളെ നിർത്തിയിരുന്നുവെന്ന് പൂർവികർ പറഞ്ഞുകേൾക്കുന്നു. അതിൽ കൂടുതലും മണ്ണാന്മാരെയാണ് കാണുന്നത്. അങ്ങനെയുള്ള സ്ഥലങ്ങളിൽ ആ ദേശത്തെ ചില ആചാരങ്ങൾക്കും അവരെത്തന്നെയാണ് നിർത്തിയിട്ടുള്ളത്. ഗുരുകുല വിദ്യാഭ്യാസമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. താളിയോല ഗ്രന്ഥങ്ങളിലാണ് ചികിത്സകൾ എഴുതിവച്ചിരുന്നത്. ആദ്യം ഒരു മരുന്നിന്റെ (ഉദാ: കഷായത്തിന്റെ) യോഗം (അതിൽ ചേർക്കേണ്ട മരുന്നുകൾ) ശ്ലോകമായിട്ടാണ് എഴുതിയിരിക്കുന്നത്. അതിന്റെ ചുവട്ടിൽ മരുന്ന് എഴുതിയിരിക്കുന്നു.
ഇവർക്ക് ഈ പാരമ്പര്യം എവിടെനിന്ന് കിട്ടി എന്ന് വ്യക്തമായി പറയാൻ കഴിയില്ല. ഒരു വീട്ടിലെ മിക്ക അംഗങ്ങളും വൈദ്യവൃത്തിയിൽ ജീവിക്കുന്നു. മൂത്ത കാരണവരുടെ നേതൃത്വത്തിലാണ് ചികിത്സ നിർണയിക്കുക. വീട്ടിലിരുന്നും അന്യവീടുകളിൽ പോയും ചികിത്സകൾ നടത്തിയിരുന്നു. മരുന്നുകൾ സ്വന്തമായി ഉണ്ടാക്കുകയാണ് പഴയകാലത്ത് ചെയ്തിരുന്നത്. ഗുളുകകൾ, കഷായങ്ങൾ, തൈലങ്ങൾ മുതലായവ നിർമിച്ചിരുന്നു. ഔഷധങ്ങൾ പറിപ്പെടുക്കുമ്പോൾ ഇവർ അത് മറ്റൊരാൾക്കും കാണിച്ച് കൊടുക്കാറില്ല.
ഓരോ ചികിത്സയും ഓരോ വിഭാഗമായി തിരിച്ചിരിക്കുന്നു. മണ്ണാന്മാർ ബാലചികിത്സയും മുതിർന്നവരുടെ ചികിത്സയും ചെയ്തിരുന്നു. ഗൃഹചികിത്സാ വൈദ്യന്മാരായിട്ടാണ് ഇവരെ കരുതിപ്പോരുന്നത്. അതിനുകാരണം ഗൃഹബാധാദോഷത്താലും രോഗംവരും എന്ന് ഇവർ വിശ്വസിക്കുന്നതാണ്. നാട്ടുചികിത്സ നടത്തിയിരുന്ന ഇവർ തങ്ങൾക്ക് ലഭിച്ച അറിവിനെ മറ്റുള്ളവർക്ക് പകർന്ന് നൽകാനോ എഴുതിവയ്ക്കാനോ തയ്യാറായില്ല. പച്ചക്കിഴി, നവരത്തേപ്പ്, ഉഴിച്ചിൽ (പാത്തി ചികിത്സ) മുതലായവ മണ്ണാന്മാർ ചെയ്തിരുന്നു. ഒട്ടനവധി മാറാവ്യാധികൾക്കും ഇവർ ചികിത്സ നടത്തിയിട്ടുണ്ട്.
മൃഗചികിത്സ
മൂക്കൻ ചാത്തന്റെ ഉപാസനയോടുകൂടിയാണ് മണ്ണാൻമാർ മൃഗചികിത്സ നടത്തുന്നത്. ചില നാവേറു ദോഷങ്ങൾക്ക് ചരട് മന്ത്രിച്ചുകെട്ടലുമുണ്ട്. പറമ്പിലെ ഗുളികന്റെ ദോഷം സംഭവിച്ചാൽ പാല് കുറഞ്ഞുവരുന്നതായി കരുതിയിരുന്നു. അതോടൊപ്പം ചില നാൽക്കാലികൾക്ക് രക്തം പോക്കും കാണാം. അതായത് പാൽ കറക്കുമ്പോൾ രക്തനിറത്തിൽ പാൽ കിട്ടുക, അതിനു പ്രതിവിധിയായി ഏലസ്സ് (ഉറുക്ക്) എഴുതി കെട്ടും. ഈ ചികിത്സകൊണ്ട് രോഗം ശമിച്ചതായി അവർ കരുതുന്നു.
പശുക്കൾക്ക് അകിട് വീക്കം ഉണ്ടാകുന്നതിന് ചില മരുന്നുകൾ അരച്ച് പുരട്ടി ശമനം വരുത്തും. അയമുട്ടുക പോലുള്ള പ്രശ്നങ്ങൾ വന്നാൽ ശരിക്ക് തീറ്റയും കുടിയും ഉണ്ടാകാറില്ല. അതിന് പ്രതിവിധിയായി ചുക്ക്, കണ്ണിവെറ്റില, വെളുത്തുള്ളി തൊലി കളഞ്ഞത്, കുരുമുളക്, അയമോദകം ഇവ സമം അരച്ച് ഒരു പച്ചനെല്ലിക്ക ചേർത്ത് ചൂടുവെള്ളത്തിൽ കലക്കി പിടിച്ചുകൊടുത്താൽ രോഗം മാറും.
നാൽക്കാലികളുടെ ശരീരത്തിൽ കാണുന്ന ഒരു തരം ചെള്ള് രോഗം ഉണ്ട്. കാട്ടുതുളസിയില ചതച്ച് നീരെടുത്ത് ഒരാഴ്ച നാൽക്കാലികളുടെ ദേഹത്തു പുരട്ടിയാൽ ചെള്ള് രോഗം മാറും. നാൽക്കാലി പ്രസവിച്ച് മറുപിള്ള വീഴാൻ താമസം വന്നാൽ കുറുന്തോട്ടി ചതച്ച് നേർപ്പിച്ച കഞ്ഞിവെള്ളത്തിൽ തിളപ്പിച്ച് അരിച്ചെടുത്ത് ചക്കര കലക്കിയ കഷായവെള്ളം പല പ്രാവശ്യം പിടിച്ച് കൊടുത്താൽ മറുപിള്ള വീഴും. ഇത്തരം ചികിത്സാരീകളും മണ്ണാന്മാർ ചെയ്യുന്നു.
കുംഭാരന്മാർ
കുംഭാരന്മാരുടെ മുഖ്യ കുലത്തൊഴിൽ മൺപാത്രനിർമ്മാണമാണ്. അതോടൊപ്പം തന്നെ പാരമ്പര്യമായി വൈദ്യന്മാരും ഇവർക്കിടയിലുണ്ട്. വിഷചികിത്സയിൽ ഏറെ പ്രാഗത്ഭ്യം നേടിയവരും ഇവരുടെ സമുദായത്തിലുണ്ട്. തിരൂർ താലൂക്കിലെ വെള്ളച്ചാൽ എന്ന ദേശത്ത് കുംഭാരന്മാർക്കിടയിൽ വിഷവൈദ്യം ഇന്നും തുടരുന്നതായി കാണാൻ കഴിഞ്ഞു. മിക്ക മേഖലകളിലും വൈദഗ്ധ്യം നേടിയവർ സ്വന്തം സമുദായത്തിലുണ്ട് എന്നത് കുംഭാരന്മാരുടെ പ്രത്യേകതയാണ്. സ്വന്തമായ ചികിത്സാ സമ്പ്രദായവും മന്ത്രവാദവും ഇവർക്കിടയിലുണ്ട്.
വിഷചികിത്സ
വിഷചികിത്സയിൽ പ്രസിദ്ധരായവർവരെ കുംഭാര സമുദായത്തിലുണ്ട്. സമുദായത്തിന്റെ ആരംഭകാലംമുതലേ വിഷചികിത്സയും ആരംഭിച്ചതായി കരുതുന്നു. മന്ത്രവാദം ചികിത്സയായി ഇവർക്കിടയിൽ പ്രചാരത്തിലില്ല. താളിയോല ഗ്രന്ഥങ്ങൾ ചികിത്സക്കായി ഉപയോഗിക്കുന്നില്ല. വാമൊഴിയായി കൈമാറി വന്നിട്ടുള്ള അറിവുകളെയാണ് ഇവർ സ്വീകരിച്ചിട്ടുള്ളത്. ഇവർ തങ്ങളുടെ തൊഴിലിൽനിന്നും പാമ്പിന്റെ വിഷബാധയാലുള്ള ചികിത്സ തികച്ചും ഒഴിവാക്കിയിരിക്കുന്നു. പകരം പഴുതാര, ചിലന്തി, നൂറാംകുലി തുടങ്ങിയ ചെറിയ പ്രാണികളുടെ വിഷം ഉള്ളിൽ ചെന്നാലുള്ള പ്രശ്നങ്ങളെയാണ് മാറ്റിയെടുക്കുന്നത്. ആദ്യകാലത്ത് ഇവരുടെ തറവാടുകളിൽ പാമ്പിന്റെ കടിയേറ്റാലുള്ള ചികിത്സയാണ് നടത്തിയിരുന്നത്. ഇന്ന് തലമുറകളിൽനിന്ന് തലമുറകളിലേക്ക് കൈമാറി വരുമ്പോൾ അത്തരത്തിലുള്ള ചികിത്സകൾ ചെയ്യാനുള്ള ഭയമാണ് അവർ എടുത്ത് പറയുന്നത്. അതിന്റെ കാരണം, കുടുംബത്തിന് ദോഷമാണ് ഉണ്ടാവുക എന്ന വിശ്വാസമുള്ളതാണ്. കടിച്ച പാമ്പിന്റെ ശാപം ഊതുന്നവന് തട്ടും എന്നുള്ള വിശ്വാസവും ഇവർ സൂക്ഷിക്കുന്നു.
ഇന്ന് ആവശ്യമായ പച്ചമരുന്നുകൾ കിട്ടാത്തതിനാൽ കഷായവും ഗുളികകളും പുറത്തേക്ക് എഴുതിക്കൊടുക്കുന്ന അവസ്ഥയാണുള്ളത്. ചികിത്സയുടെ ഭാഗമായി എണ്ണ കാച്ചി നൽകുന്ന രീതി ഇന്നും നിലനിൽക്കുന്നു. പാരമ്പര്യമായി ആദ്യകാലത്ത് ചികിത്സിച്ചിരുന്നവർ മന്ത്രവാദരീതി ഉപയോഗിച്ചിരുന്നു. മന്ത്രവാദം ഇന്നുള്ളവർ പഠിക്കാത്തതിനാൽ ആ രീതി ആരും ഇന്ന് ചികിത്സയിൽ ഉപയോഗിക്കുന്നില്ല.
പ്രധാനമായും ഇവർ നടത്തിവരുന്നത് ബാലചികിത്സയും വിഷചികിത്സയുമാണ്. പനി, ചീറ് (ഛർദ്ദി, അതിസാരം എന്നിവ) പേടിപ്പനി എന്നിവയാണ് മുഖ്യം. ബാലചികിത്സക്കാണ് മുഖ്യസ്ഥാനം. അതിനാവശ്യമായ മരുന്നും മറ്റും നൽകുന്നതോടൊപ്പം ഊതിക്കെട്ടലുമുണ്ട്. അതിന് മന്ത്രങ്ങൾ ഉപയോഗിക്കുന്നില്ല. പാരമ്പര്യമായി കൈമാറിവന്നതാണ് ഇവർ ചെയ്യുന്ന ചികിത്സയെങ്കിലും ഈ കുടുംബത്തിനകത്ത് തന്നെ അമ്മൂമ്മ വൈദ്യവും നിലനിൽക്കുന്നു. അവർ വിൽചികിത്സ നടത്താറില്ല. മാത്രമല്ല, കുടുംബത്തിനകത്തുള്ള സ്ത്രീകളാരുംതന്നെ വിഷചികിത്സ നടത്തിയ രീതി ആദ്യകാലത്തുണ്ടായിരുന്നില്ല. പുരുഷന്മാർ മാത്രമായിരുന്നു അത്തരത്തിലുള്ള ചികിത്സയിൽ ഏർപ്പെട്ടിരുന്നത്. ഇവർക്കിടയിൽ വലിയ രീതിയിൽ മന്ത്രവാദം ഇല്ലെങ്കിലും അത്തരം ചില സൂചനകൾ ആവേദകർ പങ്കുവയ്ക്കുന്നുണ്ട്.
മുസ്ലിം സമുദായം
മുസ്ലിം വിഭാഗത്തിൽ പാരമ്പര്യമായി ചികിത്സയിൽ ഏർപ്പെടുന്നവരുണ്ട്. കളരി ചികിത്സ, അപസ്മാര ചികിത്സ, വിഷ ചികിത്സ എന്നിവയാണ് പ്രധാന പാരമ്പര്യ ചികിത്സകൾ. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ കാരത്തൂർ എന്ന പ്രദേശത്ത് മുസ്ലിം സമുദായക്കാർ വിഷചികിത്സ നടത്തിവരുന്നു.
വിഷവൈദ്യം
പഴയകാലത്ത് അഭയാർഥി സന്യാസിയിൽനിന്ന് കിട്ടിയതാണ് ഈ സിദ്ധി വിശേഷം. ഇന്ന് ചികിത്സ നടത്തുന്ന സൂർപ്പി ബാവ (58) എന്ന വൈദ്യന്റെ ഉമ്മൂമ്മയുടെ ഉമ്മയ്ക്കാണത്രെ അഭയാർഥിയായി വന്ന ഒരു സന്യാസി ചികിത്സയുടെ അറിവ് പകർന്ന് നൽകിയത്. തുടർന്ന് ചികിത്സിക്കേണ്ടുന്ന രീതികൾ പരാമർശിക്കുന്ന താളിയോല ഗ്രന്ഥവും അവർക്ക് നൽകുകയുണ്ടായി. ആ താളിയോല ഗ്രന്ഥം ഇന്നത്തെ തലമുറ സൂക്ഷിച്ചിരിക്കുന്നു.
സന്യാസിയിൽനിന്ന് ലഭിച്ച അറിവുവെച്ച് സ്ത്രീയാണ് ചികിത്സിച്ചിരുന്നത്. അമ്മൂമ്മ വൈദ്യത്തിൽ നിന്നാണ് ആരംഭിച്ചതെങ്കിലും ഇന്ന് പുരഷന്മാരാണ് ചികിത്സ നടത്തുന്നത്. ആദ്യകാലത്ത് തന്നെ പാമ്പിന്റെ വിഷം ഒഴിവാക്കാനുള്ള ചികിത്സകളാണ് നടത്തിയിരുന്നത്. ഇന്നും അത്തരത്തിലുള്ള ചികിത്സകൾ നടത്തുന്നു. ഇവർ ഈ അറിവുരൂപങ്ങളെ കുടുംബത്തിനകത്ത് തന്നെ വിനിമയം ചെയ്യുകയും വളർന്നുവരുന്ന ആൺകുട്ടികൾക്ക് വിഷചികിത്സ നടത്തേണ്ട രീതികൾ പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുന്നു. എന്നാൽ ഇന്നത്തെ ചികിത്സാരീതികളെ മനസ്സിലാക്കുന്നതോടൊപ്പം മറ്റു വിജ്ഞാനമേഖലകളും പഠിക്കുന്നു. സ്ത്രീകളിൽനിന്നു തുടങ്ങിയ രീതി ഇന്ന് പുരുഷന്മാരിൽ മാത്രമായി പരിമിതപ്പെടുന്നുണ്ട്.
ചികിത്സാരീതികൾ
വിഷബാധയേറ്റ ആളെ സമയം തീരെ വൈകിക്കാതെ ചികിത്സക്ക് എത്തിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട ആദ്യത്തെ ഘട്ടമാണ്. വിഷബാധയേറ്റതിനുമുകളിൽ കയർകൊണ്ട് മുറുക്കിക്കെട്ടി മുറിവിൽനിന്നും രക്തം ഒഴിവാക്കുന്നു. അതിനുശേഷം രോഗിയുടെ വായ്ക്കകത്ത് കുരുമുളക്, തിപ്പല്ലി, കായം എന്നിവ അരച്ചുചേർത്ത് നൽകുന്നു. ആ സമയത്ത് വിഷബാധയേറ്റയാൾക്ക് യാതൊരു ഭക്ഷണസാധനങ്ങളും കൊടുക്കാൻ പാടുള്ളതല്ല. അയാളെ നടത്തിക്കാനും അനുവദിക്കരുത്. ഉറക്കം ഒഴിവാക്കണം. ഇതിനോടൊപ്പം തന്നെ മരുന്ന് കൊടുക്കുന്നതിനുമുമ്പ് മന്ത്രം ചൊല്ലുന്നു. കുംഭാരന്മാരുടെ വിഷചികിത്സയിൽ മന്ത്രവാദത്തെ കൂട്ടിയിണക്കുന്നില്ലെങ്കിൽ ഇവിടെ മന്ത്രവാദത്തെ കൃത്യമായും ഉപയോഗിക്കുന്നതായി കാണാം. തുളസി, ആര്യവേപ്പ്, താളിവാക എന്നീ പച്ചമരുന്നുകൾ ചികിത്സക്ക് ഉപയോഗിക്കുന്നു.
പച്ചമരുന്ന്, എണ്ണകൾ, ഗുളികകൾ എന്നിവ സ്വയം നിർമ്മിച്ചുനൽകുന്നു. പച്ചമരുന്നുകൾ വീട്ടിൽ സ്വയം നട്ടുവളർത്തിയാണ് മരുന്നുകൾ ഉണ്ടാക്കുന്നത്. കുട്ടികൾ, മുതിർന്നവർ എന്നിവർക്ക് വിഷചികിത്സ നൽകുന്നത് പ്രത്യേക രീതികളിലൂടെയാണ്. വിഷബാധയേറ്റയാളുടെ നെറ്റിയിലും കടിച്ച ഭാഗത്തും മന്ത്രം ചൊല്ലുന്ന രീതി കുട്ടികളിലും മുതിർന്നവരിലും ഒരുപോലെയാണ്. കൂടാതെ, ഇടവിട്ട് മരുന്ന് നൽകുന്നു. സ്വന്തം കുടുംബത്തിലെ കുട്ടികൾക്ക് ചികിത്സ പഠിപ്പിച്ചുകൊണ്ടുക്കുന്നുണ്ടെങ്കിലും മന്ത്രങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നില്ല. അവർ ചികിത്സാമേഖലയിലേക്ക് സ്വമേധയാ വരാൻ തയ്യാറാണെങ്കിൽ താളിയോല ഗ്രന്ഥങ്ങളിൽ നോക്കി പഠിക്കണം.
നാട്ടുവൈദ്യൻമാരാണ് ഈ വിഷ ചികിത്സകരെങ്കിലും ഗൃഹവൈദ്യത്തിൽ ഒതുങ്ങിപ്പോകാതെ തങ്ങൾക്ക് ലഭിച്ച പാരമ്പര്യത്തെ തലമുറകളിലേക്ക് പകർത്താനും നിലനിർത്താനും ശ്രമിക്കുന്നു. വിഷവൈദ്യം ഏതാനും ചില സ്ഥലങ്ങളിൽ മാത്രം ഇന്നും തുടർന്നുപോരുന്നു. എന്നാൽ പലപ്പോഴും പിൻതലമുറകളിലേക്ക് കൈമാറ്റം ചെയ്യാൻ കഴിയാതെ പോകുന്നതിന് ഒരു കാരണം, പുതിയ കാലത്തെ കുട്ടികൾ നൂതനമായിട്ടുള്ള വിദ്യാഭ്യാസരീതി അവലംബിക്കാനാണ് ആഗ്രഹിക്കുന്നത് എന്നതാണ്.
വിഷചികിത്സ തുടർന്നുപോകുന്നതിന് കാരത്തൂരിൽ പാരമ്പര്യ വിഷവൈദ്യം എന്ന പേരിൽ ചെറിയ കട തുടങ്ങിയിരിക്കുന്നു. അവിടെ വച്ചാണ് ചികിത്സകൾ നടത്തുന്നത്. വീട്ടിലെ സ്ത്രീകൾ വിഷചികിത്സക്കുള്ള മരുന്നുകൾ ഉണ്ടാക്കാൻ വൈദഗ്ധ്യം നേടിയവരാണ്. നാട്ടുചികിത്സാരീതികളെ സ്ഥാപനമാക്കാനുള്ള ശ്രമം കാരത്തൂരിലുള്ള വിഷവൈദ്യ ചികിത്സകളിൽ കാണാൻ കഴിയുന്നു. മരുന്നുകൾ തയ്യാറാക്കുന്നത് സർക്കാരിൽനിന്ന് ലൈസൻസ് നേടിയെടുത്തതിനുശേഷമാണ്.
അപസ്മാര ചികിത്സ
മുസ്ലിം വിഭാഗത്തിൽതന്നെ അപസ്മാര ചികിത്സയിൽ പേരെടുത്തവരാണ് പടിയത്ത് കുടുംബക്കാർ. തിരൂർ താലൂക്കിലെ വളവന്നൂർ എന്ന പ്രദേശത്താണ് ഈ പാരമ്പര്യവൈദ്യം നിലനിൽക്കുന്നത്.
അപസ്മാരചികിത്സ പാരമ്പര്യമായി ഇവർ ഇന്നും കാത്തുസൂക്ഷിക്കുന്നു. മമ്പുറം തങ്ങന്മാരിൽനിന്നാണ് ഈ ചികിത്സാസിദ്ധി ഇവർക്ക് ലഭിക്കുന്നത്. ഗ്രന്ഥങ്ങൾ അതിന് പ്രത്യേകമായിട്ടുണ്ട്. പനി, അപസ്മാരം, ഗർഭ പ്രശ്നങ്ങൾ എന്നിവയ്ക്കാണ് ചികിത്സ നൽകുന്നത്. പനി വരുമ്പോഴും ഗർഭകാലത്തുള്ള പല പ്രശ്നങ്ങളിലും അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണാൻ കഴിയുന്നു. അതിന് അവർ നൽകുന്നത് വെറും നെയ്യ് മാത്രമാണ്. ഇത് വീട്ടിൽ ഉണ്ടാക്കുന്നതാണ്. വിശ്വാസത്തിന്റെ പേരിലാണ് ഈ ചികിത്സ ഇന്നും തുടർന്നുപോകുന്നത്. അപസ്മാരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഒരുപോലെ മരുന്നായി നെയ്യ് മാത്രമാണ് നൽകുന്നത്. അപസ്മാരത്തിന്റെ ലക്ഷണങ്ങളായി പറയുന്നത് വിറയൽ, കണ്ണുരുട്ടൽ എന്നിവയാണ്. മന്ത്രങ്ങൾ ഒന്നുംതന്നെ ചികിത്സയുടെ ഭാഗമായോ അല്ലാതെയോ ഉപയോഗിക്കുന്നില്ല.
പച്ചമരുന്നുകൾ സ്വന്തമായി പറമ്പിലും മുറ്റത്തും നട്ടുവളർത്തുക എന്നതാണ് പതിവ്. നെയ്യിൽ ചേർക്കാൻ ആവശ്യമായ മരുന്നുകളാണ് പ്രധാനമായും വച്ചുപിടിപ്പിക്കുന്നത്. നന്നാരി, തുളസി, കർലകം, കാട്ടുനാരകം എന്നിവയാണ് നട്ടുവളർത്തുന്ന ഔഷധങ്ങൾ. പുതിയ തലമുറയിലേക്ക് ചികിത്സകൾ ഇതുവരെ കൈമാറിയിട്ടില്ല. ഇപ്പോഴും കുട്ടികൾ മറ്റു പഠനമേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആവേദകയിൽനിന്ന് ലഭിച്ച വിവരപ്രകാരം ചില പ്രത്യേക രോഗങ്ങൾക്ക് നാട്ടുചികിത്സയാണ് ഉത്തമം എന്നു മനസ്സിലാക്കാം. പ്രദേശത്തുള്ള മിക്ക കുടുംബങ്ങളിലുള്ളവരും ഇവരുടെ കുടുംബത്തിലുണ്ടാക്കുന്ന നെയ്യ് സൂക്ഷിക്കുന്നതായും അറിയാൻ കഴിഞ്ഞു.
ആലത്തിയൂർ നമ്പി കുടുംബം
അഷ്ടവൈദ്യൻമാരിൽ പേരുകേട്ടവരാണ് ആലത്തിയൂർ നമ്പിമാർ. പാരമ്പര്യമായി ചികിത്സ നടത്തിയിരുന്ന കാലഘട്ടം അവർക്കുണ്ടായിരുന്നു. അശ്വിനി ദേവകളിൽനിന്നാണ് അവർക്ക് പൂർവികരുടെ കാലത്ത് ചികിത്സയുടെ സിദ്ധി ലഭിച്ചത് എന്ന് അവർ കരുതുന്നു. ആരാധനയുമായി ബന്ധപ്പെടുത്തിയാണ് ചികിത്സ നടത്തുന്നത്. നാലുകെട്ടിന് സമീപം നാല് കാവുകൾ, നാല് കിണർ, നാല് കുളം എന്നിവയുണ്ട്. അതിൽ കാവുകളിൽ പൊതുവേ നാഗാരാധന നടത്തിവരുന്നു. തക്ഷകനിൽനിന്ന് കിട്ടിയ വരസിദ്ധി പ്രകാരം നമ്പി കുടുംബത്തിൽ ജനിച്ചവർ ആരുംതന്നെ എവിടെപ്പോയാലും പാമ്പുകടി ഏൽക്കില്ല എന്നൊരു ഐതിഹ്യം നിലനിൽക്കുന്നുണ്ട്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ കേരളത്തിലെ അഷ്ടവൈദ്യന്മാരെക്കുറിച്ചുള്ള പരാമർശമുണ്ട്. ആലത്തിയൂർ മണിപ്രവാളം എന്ന ശാസ്ത്രഗ്രന്ഥവും ഇവരുടേതായിട്ടുണ്ട്. ഐതിഹ്യമാലയിൽ ആലത്തിയൂർ നമ്പിമാരെക്കുറിച്ചും പറയുന്നു.
ചികിത്സയുടെ ഉൽപ്പത്തി
ആലത്തിയൂർ നമ്പി ഒരിക്കൽ ഇല്ലത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ക്ഷേത്രത്തിലേക്ക് ദർശനത്തിന് പോകുന്ന സമയത്ത് വഴിമധ്യേയുള്ള മരത്തിന് മുകളിലിരുന്ന് രണ്ട് പക്ഷികൾ സൊരുക്ക്, സൊരുക്ക് എന്ന് ശബ്ദിച്ചു. രോഗമില്ലാത്തവൻ ആര് എന്ന ചോദ്യമായിരുന്നു പക്ഷികളുടേത്. അതിന് മറുപടിയായി നമ്പി പറഞ്ഞത് ഇപ്രകാരമാണ്:
കാലേഹിതമിത ഭോജീകൃത ചംക്രമണഃ
ക്രമേണ വാമശയഃ
അവിധൃത മൂത്ര പൂരിഷഃ
സ്ത്രീഷുയയാത്മാ
ചയോനരഃ സൊരുക്ക് (ആവേദക ചൊല്ലിത്തന്നത്)
മിതമായി ഭക്ഷിക്കുക, ഊണുകഴിഞ്ഞാൽ കുറച്ച് നടക്കുക, ഇടതുപക്ഷം ചെരിഞ്ഞു കിടക്കുക, മലമൂത്രവിസർജ്ജനം യഥാസമയം നടത്തുക ഇന്ന ഗുണങ്ങൾ ചേർന്നതാണ് അരോഗാവസ്ഥ. പിറ്റേദിവസം പക്ഷികളെ കാണാതാവുകയും ചെയ്തു. ആ വഴിയിൽ രണ്ട് നായാടികളെ കണ്ടു. അവർ ഇടത് കൈകൊണ്ട് കൊടുത്ത ഗ്രന്ഥമാണ് ചികിത്സാവിധിക്കായി ഉപയോഗിച്ചിരുന്നതെന്നും അറിയാൻ കഴിഞ്ഞു. അതിനുശേഷം രോഗവിമുക്തിക്കായി നൽകുന്ന മരുന്നുകൾ ഇടതുകൈകൊണ്ടാണ് ആലത്തിയൂർ നമ്പി നൽകുക എന്നൊരു വിശ്വാസവും ആ പാരമ്പര്യത്തിലുണ്ട്. ആലത്തിയൂർ നമ്പിയുടെ ഐതിഹ്യത്തിലും വൈദ്യത്തിന് ഒരു ദളിത് പാരമ്പര്യമുണ്ടെന്നും അതിൽനിന്നും ലഭിച്ചതാണെന്നുള്ള സൂചനയും ഇതിൽനിന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം.
ആലത്തിയൂർ നമ്പിക്ക് ലഭിച്ച ചികിത്സാവിധികളിൽ പ്രത്യേകമായി ഇന്ന രോഗങ്ങൾക്ക് മാത്രമേ ചികിത്സിക്കുകയുള്ളൂവെന്നില്ല. ചെറിയ രോഗങ്ങൾക്കുള്ള ചികിത്സാ രഹസ്യങ്ങൾ കുടുംബത്തിലെ സ്ത്രീകൾക്കും പറഞ്ഞുകൊടുക്കാറില്ല.
ഇന്ന് ആലത്തിയൂർ നമ്പി കുടുംബത്തിൽ ചികിത്സ നടത്തുന്നതായി ആരുമില്ല. ഉള്ളവർ തന്നെ പാരമ്പര്യത്തിൽനിന്ന് മാറി അലോപ്പതി, ആയുർവേദം എന്നിവ പഠിച്ച ഡോക്ടർമാരാണ്. ആലത്തിയൂർ നാരായണൻനമ്പി മാത്രമാണ് പാരമ്പര്യവൈദ്യനായി തുടരുന്നത്. അദ്ദേഹം തൃശൂരിലാണ് താമസം.
പാരമ്പര്യമായി ലഭിച്ച കുലത്തൊഴിൽ അദ്ദേഹത്തോടുകൂടി അവസാനിക്കുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. തലമുറകളിലേക്ക് കൈമാറാതെ. രഹസ്യമാക്കിവച്ച ചികിത്സാസമ്പ്രദായങ്ങളെപ്പറ്റി ഇന്നുള്ളവർക്ക് പകർന്ന് നൽകാനുള്ള അറിവ് പുതിയ തലമുറയ്ക്കില്ല. ആലത്തിയൂർ നമ്പിയെപ്പറ്റി വന്ന ചുരുക്കം ചില പഠനങ്ങളും ഗ്രനഥങ്ങളും മാത്രമേ അവരുടെ അറിവിലുള്ളൂ.
ഈഴവർ
ആദ്യകാലങ്ങളിൽ ഈഴവ സമുദായത്തിൽ പാരമ്പര്യചികിത്സകൾ നിലവിലുണ്ടായിരുന്നു. ചില പ്രദേശങ്ങളിൽ മാത്രമേ ഈഴവർ ചികിത്സയിൽ ഏർപ്പെട്ടിരുന്നുള്ളൂ. തിരൂരിനടുത്തുള്ള ഒരു ഈഴവ കുടുംബത്തിൽ ഇന്നും പാരമ്പര്യചികിത്സ തുടരുന്നു. പ്രധാനമായും മഞ്ഞപ്പിത്ത ചികിത്സയാണ് ഇവർ നടത്തുന്നത്. അതിനോടൊപ്പം തീപൊള്ളൽ, സ്ത്രീചികിത്സ, ആസ്ത്മ എന്നിവയ്ക്കും പാരമ്പര്യമായി ചികിത്സ നൽകിയിരുന്നു.
മഞ്ഞപ്പിത്തം
കുട്ടികളിലും മുതിർന്നവരിലും സർവ സാധാരണയായി കണ്ടുവരുന്ന രോഗമാണ് മഞ്ഞപ്പിത്തം. പത്ത് രോഗങ്ങളിലൊന്ന് മഞ്ഞപ്പിത്തമാണെങ്കിൽ അതാണ് ആദ്യം ചികിത്സിച്ച് മാറ്റേണ്ടതെന്ന് ഇവർ വിശ്വസിക്കുന്നു. മഞ്ഞപ്പിത്തം കണ്ടെത്താൻ വളരെ വൈകിയാൽ (അതായത് കരളിന് മാരകമായി ബാധിച്ചാൽ) ചികിത്സാവിധികൾ ഫലിക്കില്ലെന്ന് പറയുന്നു.
ചികിത്സാരീതി
ഒരു പൊതി രണ്ടുനേരം കഴിക്കാനുള്ളത് ഇടത്തരം ചെറുനാരങ്ങ പകുത്ത് ഒരു പൊളിയിൽനിന്ന് കുരു കളഞ്ഞ് പൊതിമരുന്നിന്റെ പകുതി നാരങ്ങാമുറിയിൽ വിതറി അടിഭാഗം ചൂടാക്കുക. തിള വന്നാൽ തോട് ഒഴിവാക്കി കഴിക്കുക. ഇപ്രകാരം ദിവസവും മൂന്ന് നേരം ഭക്ഷണത്തിന് മുമ്പായി കഴിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തല നനയ്ക്കരുത്, പാൽ, എണ്ണ തുടങ്ങിയ പലഹാരങ്ങൾ ഒഴിവാക്കുക, പാനീയങ്ങൾ ധാരാളം കഴിക്കുക, കഞ്ഞി, പഴവർഗങ്ങൾ എന്നിവ കഴിക്കുക, നിലവിലുള്ള ചികിത്സകൾക്ക് വേണ്ട ഔഷധങ്ങൾ സ്വന്തം പറമ്പിൽ നട്ടുവളർത്തുകയാണ് ചെയ്യുന്നത്. വള്ളിപ്പാല, പുളയാരല് എന്നിവയാണ് പ്രധാനപ്പെട്ട ഔഷധങ്ങൾ.
മറ്റു ചികിത്സകൾ
തീപൊള്ളലേറ്റാൽ നാട്ടുചികിത്സ ചെയ്യുന്ന രീതി ഇവരിലുണ്ട്. തീപൊള്ളലേറ്റ വ്യക്തിയുടെ ദേഹത്തിന് പുറത്ത് മരുന്ന് പുരട്ടുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. അതിനോടൊപ്പം ചെറുതേൻ, ചാരം എന്നിവ തേക്കുന്ന രീതിയും നിലനിൽക്കുന്നു. ശരീരത്തിനകത്തേക്ക് കഴിക്കാൻ മരുന്നുകളൊന്നും നൽകുന്നില്ല. വൈദ്യന്റെ അഭിപ്രായത്തിൽ അലോപ്പതികൊണ്ട് ഭേദമാകാത്ത രോഗങ്ങൾക്കുള്ള ചികിത്സകൾ നാട്ടുവൈദ്യത്തിലുണ്ട്.
വേലൻ
പാരമ്പര്യമായി ചികിത്സ കുലവൃത്തിയുള്ള വിഭാഗമാണ് വേലൻമാർ. തിരൂരിനടുത്ത് പച്ചാട്ടിരി എന്ന സ്ഥലത്ത് വേലന്മാരിൽ പലരും വൈദ്യം പാരമ്പര്യമായി ഇന്നും തുടരുന്നു. ആദ്യകാലങ്ങളിൽ വളരെ പേരുകേട്ട വൈദ്യന്മാരും വേലൻ സമുദായത്തിൽ നിലനിന്നിരുന്നു. തിരൂർ പ്രദേശത്തെ മുൻനിർത്തി അന്വേഷിക്കുമ്പോൾ വേലൻ സമുദായങ്ങൾ വളരെ കുറവായിട്ടാണ് കാണാൻ കഴിയുന്നത്. ഇവർ പൊതുവെ ബാലചികിത്സ, വാതചികിത്സ, അപസ്മാര ചികിത്സ എന്നിവയാണ് നടത്തിയിരുന്നത്.
വാതചികിത്സ
വാതത്തിന് ഉത്തമ ചികിത്സകൾ നൽകാൻ കഴിവുള്ള വൈദ്യൻമാർ വേലൻ വിഭാഗത്തിൽ ഉണ്ടായിരുന്നു. പൊതുവെ മുതിർന്നവർക്കാണ് രോഗം പിടിപെടുന്നത്. കുറുന്തോട്ടി, ഞെരിഞ്ഞിൽ, ചിറ്റാമൃത് എന്നിവയാണ് ഈ രോഗത്തിന് ഉപയോഗിക്കുന്ന പച്ചമരുന്നുകൾ, വാതരോഗം വന്ന് കുഴഞ്ഞുപോയ രോഗികൾക്കുള്ള പ്രധാനപ്പെട്ട ചികിത്സയാണ് പച്ചക്കിഴി, എരുക്ക്, ആവണക്ക്, ഉമ്മത്ത്, മുരിങ്ങ, പുളിയില എന്നീ ഔഷധങ്ങൾ ഒരുമിച്ച് ഇടിച്ച് കിഴിക്കെട്ടി ചൂടാക്കി വാതരോഗം പിടിപെട്ട ഭാഗത്ത് വയ്ക്കുന്നു. ഇതോടൊപ്പം ക്ഷീരതൈലവും ഉപയോഗിക്കുന്നു. യോഗരാജഗുൽഗുലു എന്ന ഗുളികയാണ് ഇതിന് നൽകാറുള്ളത്.
അപസ്മാര ചികിത്സ
മറ്റു സമുദായങ്ങളിൽനിന്ന് വ്യത്യസ്തമായി അപസ്മാര ചികിത്സയും വേലസമുദായത്തിൽ നിലനിന്നിരുന്നു. ഇന്നും ഈ പാരമ്പര്യം തുടരുന്നു. അമിത പനിയാണ് അപസ്മാരത്തിനുള്ള കാരണമായി ഇവർ കരുതുന്നത്. കുട്ടികളിൽ രണ്ട്, നാല്, ആറ് വയസ്സുകളിലാണ് അപസ്മാരം പൊതുവെ കണ്ടുവരുന്നത്. ഉറക്കത്തിൽ മൂത്രം പോകുക, മൂക്ക് വേദന, ഉറങ്ങുമ്പോൾ കണ്ണു തുറക്കുക, വയറുവേദന, കവിൾ ഒട്ടിയ അവസ്ഥ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ.
നിരവധി പച്ചമരുന്നുകൾ ഈ ചികിത്സക്ക് ഉപയോഗിക്കുന്നു. മുഞ്ഞ, ബ്രഹ്മി, കുന്നി, അരൂത എന്നിവയാണ് പ്രധാനപ്പെട്ട ഔഷധങ്ങൾ. മുഞ്ഞ ഇലയുടെ നീരെടുത്ത് അതിൽ ഗുളിക ചാലിച്ച് നൽകുന്നു. കൂടാതെ, ബ്രഹ്മിയുടെ നീരിൽ കൊമ്പൻജാതി ഗുളിക ചേർത്തുകൊടുക്കുന്ന രീതിയുമുണ്ട്. അരൂതയാണ് അപസ്മാരത്തിനുപയോഗിക്കുന്ന ഏറ്റവും ഫലപ്രദമായ പച്ചമരുന്ന്. അതരച്ച് ശരീരത്തിന്റെ ഓരോ സന്ധികളിലും പുരട്ടുന്നു. കുന്നിയിലയും നല്ലൊരു ഔഷധമാണ്. ഗർഭിണികളായ സ്ത്രീകളിലും അപസ്മാര ലക്ഷണം കാണാം. അവർക്കും ഇത്തരത്തിലുള്ള ചികിത്സകൾ നൽകുന്നു.
ബാലചികിത്സ
ബാലചികിത്സ പൊതുവെ എല്ലാ വിഭാഗങ്ങളിലും പാരമ്പര്യമായി തുടരുന്നതായി കാണുന്നു. കുട്ടികളിൽ കണ്ടുവരുന്ന പനി, ജലദോഷം, കഫക്കെട്ട്, വിരശല്യം, അപസ്മാരം എന്നിവയ്ക്കാണ് പ്രധാനമായും ഇവർ ചികിത്സ നൽകുന്നത്. തുളസി, വയമ്പ്, പനിക്കൂർക്ക എന്നിവയാണ് പ്രധാനപ്പെട്ട ഔഷധം. കൂടാതെ അൾസർ, വയറ്റിൽ പുണ്ണ് എന്നിവയ്ക്ക് യഥാക്രമം കരിനൊച്ചി, ആര്യവേപ്പ് തുടങ്ങിയ പച്ചമരുന്നുകളും ഉപയോഗിക്കുന്നു. ഇന്നും കുട്ടികളിൽ കാണുന്ന അസുഖങ്ങൾക്ക് ഇവർ ചികിത്സിക്കുന്നുണ്ട്.
ഇവിടെ നേരത്തെ സൂചിപ്പിച്ച മുസ്ലിം വിഭാഗത്തിൽനിന്ന് വ്യത്യസ്തമായി ഗുളികകളും മരുന്നുകളും ചികിത്സയുടെ ഭാഗമായി ഈ സമുദായത്തിന് ഉള്ളതായി അറിയാൻ കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട ആവേദകനിൽനിന്നും മനസ്സിലായത്, മുമ്പുണ്ടായിരുന്ന പല കാര്യങ്ങളും ഇന്നുള്ളവർക്ക് അറിയില്ല എന്നതാണ്. ഗ്രന്ഥങ്ങൾ തന്നെ നശിച്ചുപോയി. ഇദ്ദേഹത്തോടുകൂടി പാരമ്പര്യ അറിവുകൾ അവസാനിക്കുന്നതായി കാണാം.
ആയുർവേദവും അലോപ്പതിയും വളർച്ച പ്രാപിക്കുകയും നാട്ടുവൈദ്യം തകരുകയും ചെയ്തതിനുള്ള മുഖ്യകാരണം നാട്ടുവൈദ്യന്മാരിൽ പലരും തങ്ങൾക്ക് ലഭിച്ച അറിവുകളെ അടുത്ത തലമുറയ്ക്ക് പകർന്ന് കൊടുക്കാൻ തയ്യാറാകാത്തതാണ്. അത്തരത്തിൽ പല വൈദ്യ കുടുംബങ്ങളും അസ്തമിക്കുകയുണ്ടായി.
താരതമ്യം
ഇവിടെ പഠിക്കപ്പെട്ട ആറ് കുടുംബങ്ങളിലും നിലനിന്നിരുന്ന ഓരോ ചികിത്സാരീതിയും മറ്റു സമുദായങ്ങളിലും കാണാൻ കഴിയുന്നു. ബാലചികിത്സ പൊതുവെ മണ്ണാൻ, വേലൻ, കുംഭാരൻ എന്നീ വിഭാഗത്തിൽ നിലവിലുള്ളതായി കണ്ടെത്താൻ കഴിഞ്ഞു. മണ്ണാൻ, വേലൻ എന്നീ സമുദായങ്ങളുടെ ചികിത്സകളും മരുന്നുകളും ഒരുപോലെയാണ്. എന്നാൽ കുംഭാരൻ വിഭാഗത്തിൽ വ്യത്യസ്തതയുണ്ട്. അവർ കുട്ടികളിൽ പൊതുവെ കണ്ടുവരുന്ന രോഗത്തിന് മാത്രമേ ചികിത്സിക്കുന്നുള്ളൂ.
അപസ്മാര ചികിത്സ വേലൻ സമുദായവും മുസ്ലിം സമുദായവും നടത്തുന്നു. വളരെ വ്യത്യാസമുള്ള ചികിത്സാരീതികളാണ് ഇവർക്കിടയിലുള്ളത്. വേലൻ വിഭാഗക്കാർ കഷായങ്ങളും മരുന്നുകളും ഗുളികകളും നൽകുമ്പോൾ മുസ്ലിം വിഭാഗം പ്രത്യേകം പച്ചമരുന്നുകൾ ചേർത്തുണ്ടാക്കിയ നെയ്യ് മാത്രമാണ് നൽകുന്നത്.
വിഷചികിത്സ പ്രധാനമായും മുസ്ലിം വിഭാഗവും കുംഭാരൻ സമുദായവുമാണ് നടത്തുന്നത്. പാരമ്പര്യമായി ലഭിച്ച അറിവുകളെ അതേപടി തുടരുന്നത് കാരത്തൂരിലെ മുസ്ലിം വിഭാഗമാണ്. അവർ പാമ്പിന്റെ വിഷം മുതൽ ചെറിയ പ്രാണികളുടെ വിഷത്തിനുവരെ ചികിത്സിക്കുന്നു. മന്ത്രവാദത്തെയും ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്നു.
കുംഭാരൻ സമുദായത്തിൽ വിഷചികിത്സ മാത്രമായി അവരുടെ പാരമ്പര്യം പരിമിതപ്പെടുന്നു. പാമ്പിന്റെ വിഷമേറ്റാലുള്ള ചികിത്സ തുടരാതെ ചെറിയ തരത്തിലുള്ള പ്രാണികൾ കുത്തിയാലുണ്ടാകുന്ന വിഷത്തിനാണ് ഇന്നവർ ചികിത്സിക്കുന്നത്. സ്വന്തമായി മരുന്നുകൾ ഉണ്ടാക്കിനൽകുന്ന രീതിയും ഈ സമുദായം തുടരുന്നില്ല. മന്ത്രവാദങ്ങൾ ആദ്യകാലത്തുണ്ടായിരുന്നെങ്കിലും ഇന്നത് തുടരുന്നില്ല. പാരമ്പര്യമായ അറിവുകളെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ നിലനിൽക്കുന്നു.
ഈഴവ സമുദായം അവർക്കു ലഭിച്ച പാരമ്പര്യ അറിവുകളെ ഇന്നും തുടർന്നു കൊണ്ടുപോകുന്നു. ഒറ്റമൂലി ചികിത്സയാണ് അവർക്കിടയിലുള്ളത്. സ്വന്തമായി പച്ചമരുന്നുകൾ ഉപയോഗിച്ച് മരുന്നുകളുണ്ടാക്കുന്നു. വിവിധ അലോപ്പതി വിദഗ്ധരും ഇവരുടെ അടുത്ത് ചികിത്സ തേടിവരുന്നതായി അവർ അവകാശപ്പെടുന്നു.
ഇവിടെ പഠിക്കപ്പെട്ട ആറ് സമുദായങ്ങളിലും പാരമ്പര്യമായി കിട്ടിയ അറിവിനെ മുന്നോട്ട് കൊണ്ടുപോകാൻ വരുംതലമുറകളിൽ ആളുകളില്ലാത്ത അവസ്ഥയാണ് കാണാൻ കഴിയുന്നത്. നിലനിൽക്കുന്ന വൈദ്യന്മാരിൽതന്നെ പലരും മറ്റു തൊഴിൽ മേഖലകളിലും പ്രവേശിച്ചവരാണ്. കൂടാതെ അടുത്ത തലമുറകളിലുള്ള പലരും മറ്റു മേഖലകളിലാണ് ശ്രദ്ധതിരിച്ചിരിക്കുന്നത്. ഇത്തരം കാരണങ്ങളാൽ പാരമ്പര്യവൈദ്യം നിലനിൽക്കുന്ന അവസ്ഥയിൽനിന്നും മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെവരുന്നു.
ആധുനിക സജ്ജീകരണങ്ങൾ വന്നതോടുകൂടി പലരും പാരമ്പര്യത്തെ ഒഴിവാക്കിക്കൊണ്ട് ചികിത്സതേടി പോകുന്നു. നിലവിലുള്ള വൈദ്യകുടുംബങ്ങൾക്കകത്തും പലരും പെട്ടെന്നുള്ള അസുഖങ്ങൾക്ക് അലോപ്പതിയെ ആശ്രയിക്കുന്നു. അവർക്ക് ചെയ്യാൻ കഴിയുന്ന ചികിത്സകൾ അവരും തുടരുന്നതായി കാണാം.
പ്രകൃതിയിലെ ഔഷധങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിയാൽ മാത്രമേ ആവശ്യമായ മരുന്നുകൾ ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ. ഇന്നത്തെ സാഹചര്യത്തിൽ ഔഷധങ്ങൾ കിട്ടാത്ത അവസ്ഥ മിക്ക വൈദ്യ കുടുംബങ്ങളെയും ബാധിച്ചതായും കാണുന്നു. പല ആളുകളും അലോപ്പതിയെ സമീപിച്ച് രോഗശമനം ലഭിക്കാത്തതുമൂലം പാരമ്പര്യ ചികിത്സ തേടിവരുന്നതായും അറിയാൻ കഴിഞ്ഞു. എങ്കിലും ഭീമൻ മരുന്ന് കമ്പനികളുടെ മുമ്പിൽ നാട്ടുചികിത്സക്ക് പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥ തുടരുന്നു.
ഗ്രന്ഥസൂചി
Foucault, Michel (1970). The Order of things: An Archaeology of the Human Sciences. London: Tavistock.
കുറുപ്പ്, കെ.കെ.എൻ. 2018, പ്രാദേശീകചരിത്രം രചനയും രീതിശാസ്ത്രവും. കേരളസാഹിത്യ അക്കാദമി. തൃശൂർ
വിഷ്ണുനമ്പൂതിരി എം വി 1989, ഫോക് ലോർ നിഘണ്ടു കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം.
സുനിൽ പി ഇളയിടം. 2007, ഉരിയാട്ടം, ഡിസി ബുക്സ് കോട്ടയം
ആവേദകസൂചി
അച്യുതൻ, 78, ഈഴവ/ഹിന്ദു, പുരുഷൻ, തിരൂർ, വൈദ്യൻ
എരേച്ചൻ, 55, മണ്ണാൻ/ഹിന്ദു, പുരുഷൻ, പൊന്മുണ്ടം, വൈദ്യൻ
ഖദീജ, 61, മുസ്ലിം, സ്ത്രീ, വളവന്നൂർ, വീട്ടമ്മ
ഗിരുജ, 41, നമ്പ്യാർ/ഹിന്ദു, സ്ത്രീ, ആലത്തിയൂർ, വീട്ടമ്മ
ചിന്നപ്പൻ, 63, കുംഭാരൻ/ഹിന്ദു, പുരുഷൻ, വെള്ളച്ചാൽ, വൈദ്യൻ
ബാവ, 58, മുസ്ലിം, പുരുഷൻ, കാരത്തൂർ, വൈദ്യൻ
ബയ്യ, 98, കുംഭാരൻ/ഹിന്ദു, സ്ത്രീ, വെള്ളച്ചാൽ, വൈദ്യൻ
രാമൻ, 60, വേലൻ/ഹിന്ദു, പുരുഷൻ, പച്ചാട്ടിരി, വൈദ്യൻ
ശങ്കരൻ, 60, ഈഴവ/ഹിന്ദു, പുരുഷൻ, തിരൂർ, വൈദ്യൻ
സ്മിത, 35, മണ്ണാൻ/ഹിന്ദു, സ്ത്രീ, കാരത്തൂർ, വീട്ടമ്മ.
അജിത.ഡി.പി
ഗവേഷക, മലയാളവിഭാഗം
എസ്.എൻ.ജി.എസ് കോളേജ് – പട്ടാമ്പി
ഗൈഡിന്റെ പേര്: ഡോ.ഉണ്ണി ആമപ്പാറക്കൽ
(Affiliated to Calicut University)
Comments