top of page

കവിത - 3 ( മണിപ്രവാള പ്രസ്ഥാനം)

സാഹിത്യ പ്രതിചരിത്രപരമ്പര - 8
ഷൂബ കെ.എസ്സ്.

ഭാഷ ആശയവിനിമയോപാധി മാത്രമല്ല, അധിനിവേശത്തിന്റെ ആയുധം കൂടിയാണ്. ബൗദ്ധദാർശനിക പാരമ്പര്യത്തിനുമേൽ ശൈവ-വൈഷ്ണവ-ബ്രാഹ്മണ മതങ്ങളുടെ കടന്നുകയറ്റം കാലാന്തരത്തിൽ സമയത്തിന്റെയും സമ്പത്തിന്റെയും  അധികാരത്തിന്റെയും ക്ഷേത്ര-ബ്രാഹ്മണകേന്ദ്രിതമായ കുന്നുകൂടലിൽ ചെന്നെത്തിച്ചു. ഇത് ഭാഷയുടെയും സംസ്‌കാരത്തിന്റെയുംമേൽ സൃഷ്ടിച്ച ഇടപെടലുകൾ മണിപ്രവാളമെന്ന സംജ്ഞ അടയാളപ്പെടുത്തുന്നു. രാഷ്ട്രീയവും സാമൂഹികവുമായ വിധേയത്വത്തെ ആദർശവൽക്കരിച്ച ഭക്തിയുടെ പ്രത്യയശാസ്ത്രം ദ്രാവിഡസമൂഹത്തെ ബ്രാഹ്മണദൈവത്തിന്റെ(ദേവ) ദാസിയാക്കി മാറ്റി. വേശ്യാനുഭവത്തെ മഹത്വവൽക്കരിക്കുന്ന രീതിയായിരുന്നു അത്. അങ്ങനെ മരുമക്കത്തായ സംബന്ധ ലൈംഗികവ്യവസ്ഥ അംഗീകരിക്കപ്പെട്ട വ്യഭിചാരവും സ്ത്രീക്ക് നേരെയുള്ള ഏകപക്ഷീയമായ 'ആക്രമ'വുമായിത്തീർന്നു. ആ ആക്രമണത്തിന്റെ സൗന്ദര്യാവിഷ്‌കാരങ്ങളായിരുന്നു മണിപ്രവാളം. ബ്രാഹ്മണ മരുമക്കത്തായ ലൈംഗികയോഗത്തിന്റെ ഭാഷാവ്യവഹാരമാണ് മണിപ്രവാളമെന്ന് പ്രൊഫ.പി.ശങ്കരൻ നമ്പ്യാർ നിരീക്ഷിക്കുന്നു(സാഹിത്യ നിഷ്‌കുടം). 'ഭാഷാസംസ്‌കൃതയോഗോ മണിപ്രവാളം' എന്ന്  ലീലാതിലകകാരൻ നിർവചിക്കുന്നതിൽ ഭാഷ കേരളഭാഷയും സംസ്‌കൃതം വിഭക്ത്യന്തസംസ്‌കൃതപദവും യോഗം മുത്തും പവിഴവും ചെന്നൂലിൽ കോർത്തപോലുള്ള സഹൃദയഹൃദയാഹ്ലാദകാരിയായ സംയോഗാവസ്ഥയുമാണ്. സംസ്‌കൃത വിഭക്ത്യന്തപദമില്ലാത്ത നമ്പ്യാന്തമിഴും മറ്റും മണിപ്രവാളമാകില്ലെന്ന് പറയുമ്പോൾ ഭാഷയുടെ അധീശസ്വഭാവം വ്യക്തമാകുന്നു. ആ അധീശത്വത്തെ സൗന്ദര്യവൽക്കരിക്കുന്നതാണ് യോഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

   ധനവും പ്രതാപവുമില്ലാത്ത തറവാടുകളിൽ നിന്നും സ്ത്രീകൾ ദേവദാസികളാകാൻ തുടങ്ങിയപ്പോഴാണ് ദേവദാസീസമ്പ്രദായം അപചയപ്പെട്ടതെന്നും അക്കാലത്തെ സൃഷ്ടികളാണ് മണിപ്രവാളമെന്നും  ചിലർ അഭിപ്രായപ്പെടുമ്പോൾ (ഇളംകുളം, പി.വി.) മരുമക്കത്തായ ക്രമത്തിലധിഷ്ഠിതമായ ലൈംഗികതയാണ് മണിപ്രവാളകൃതികൾക്കു കാരണമെന്നും അതിൽ ലജ്ജിക്കേണ്ടതില്ലെന്നും ചിലർ (പി. സോമൻ) കരുതുന്നു. എന്നാൽ അപചയപ്പെടാത്ത അവസ്ഥയിൽത്തന്നെ ദേവദാസീസമ്പ്രദായം വേശ്യാനുഭവത്തിന്റെ പ്രത്യയശാസ്ത്രമാണ് പ്രക്ഷേപിക്കുന്നതെന്നും അതിന്റെ സ്വാഭാവിക അന്ത്യമാണ് ദേവദാസീവേശ്യയും, മരുമക്കത്തായ സംബന്ധസ്ത്രീയും എന്നുള്ളതാണ് വാസ്തവം. രതിയുടെ രസാനുഭവങ്ങളായ ഭക്തിയും ശൃംഗാരവും പരസ്പരം ഇണചേരുന്ന വികാര അവതരണരീതി മണിപ്രവാളകവിതയുടെ സവിശേഷതയാണ്. താരിണങ്കിന മലർത്തയ്യൽ മുലൈത്താവളത്തിലും പരമയയോകികളിലും ഒരേപോലെ ഇളകൊള്ളുന്ന രാമചരിതകാരന്റെ ദൈവം പാട്ടുകവിതകളും ഈ പ്രത്യയശാസ്ത്രബോധത്തിൽ നിന്നും വിമുക്തമല്ല എന്നു വെളിപ്പെടുത്തുന്നു. മോഹിനിമാരുടെ മുലത്തടത്തിലും മാമുനിമാരുടെ മനത്തളിരിലും ഒരുപോലെ കാണപ്പെടുന്ന ദൈവങ്ങളും നായകന്മാരും അണിനിരക്കുന്ന, വീണാവാണികളും  വിപുലജഘനകളുമായ സ്ത്രീകളും സമ്പത്തും അധികാരവും കുന്നുകൂടിയ അമ്പലങ്ങളും അങ്ങാടികളും അണിനിരക്കുന്ന മണിപ്രവാളചമ്പു- സന്ദേശകാവ്യങ്ങൾ ഈ ഭക്തിയുടെ പ്രത്യയശാസ്ത്രമാണ് വെളിപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഭക്തിപ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യാൻ ഉച്ചസ്ഥായിയിൽ പാടിയ പൂരപ്പാട്ടാണ് (പി.വി.വേലായുധൻ) മണിപ്രവാളം എന്ന നിരീക്ഷണം ശരിയല്ല, ഇതു ഭക്തിയുടെ ഉന്മത്തമായ പൂരപ്പാട്ടാണ്.

   സംസ്‌കൃതത്തിന്റെ അതിവ്യാപനത്താൽ പല ഭാഷകളിലും മണിപ്രവാളം ഉടലെടുത്തിട്ടുണ്ട്. ബാലി, ജാവ, സുമദ്ര എന്നിവിടങ്ങളിലും തെലുങ്ക്, കന്നട, തമിഴ് തുടങ്ങിയ ഭാഷകളിലും ഭാഷാമിശ്രങ്ങളുണ്ടായിട്ടുണ്ട് (Early Manipravalam - A Study, by Ramachandran Nair). എ.ഡി. പതിനൊന്നാം നൂറ്റാണ്ടിൽ ബുദ്ധമിത്രൻ എന്ന പണ്ഡിതൻ രചിച്ച 'വീരചോഴിയം' എന്ന തമിഴ് വ്യാകരണഗ്രന്ഥത്തിൽ മണിപ്രവാളലക്ഷണം കൊടുത്തിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശിവഭക്തനായ പൽകുർക്കി സോമനാഥകവി നിർമ്മിച്ച 'വൃഷാധിപശതകം' എന്ന സ്‌തോത്രം തെലുങ്കു-സംസ്‌കൃതയോഗത്തിന്റെ ഹൃദയാവർജകത്വത്തിനുദാഹരണമാണ്. മലയാളത്തിൽ മണിപ്രവാളം ആദ്യം രൂപംകൊണ്ടത് തോലന്റെയും മറ്റും ഹാസ്യരചനകളിലാണെന്നു കരുതുന്നവരുണ്ട്. സംസ്‌കൃതത്തിലെ ഇതിഹാസപുരാണങ്ങളെ അധികരിച്ചുള്ള കഥാകഥനം സംസ്‌കൃതയുക്തമായ മലയാളഭാഷയുടെ പ്രചാരത്തിനു സഹായിച്ചിരിക്കാം. വിനോദത്തിനും പരിഹാസത്തിനുമുള്ള ചാടുവാക്യങ്ങൾ രചിക്കുന്നതിനാണ് തെലുങ്കിലും തമിഴിലും സാധാരണ വിഭക്ത്യന്ത സംസ്‌കൃതപദങ്ങൾ ഉപയോഗിക്കാറുള്ളത്. ദരിദ്രാവസ്ഥയെ പരിഹസിച്ചുകൊണ്ട് തെലുങ്കിൽ എഴുതിയിരിക്കുന്ന ഒരു ശ്ലോകത്തിൽ:

തണ്ഡുലാലുഗൃഹമന്ദവസന്തി

തണ്ഡികൈതെ ബഹമന്ദിവസന്തി

(വീട്ടിൽ അരിയൊട്ടുമില്ല- ഊണുകഴിക്കാൻ ധാരാളം ആളുകൾ ഉണ്ടുതാനും)

എന്നാൽ മറ്റിടങ്ങളിൽ വിഭക്ത്യന്തം എന്ന നിർബന്ധം ഇല്ല. ഈ നിർബന്ധമാണ് മണിപ്രവാളത്തെ അധിനിവേശഭാഷയാക്കുന്നത്.

 

മണിപ്രവാളകൃതികൾ

 

   പുരാണ ഇതിവൃത്തങ്ങളിൽ നിന്നും മലയാള ലിഖിതകവിത മോചനം നേടുന്നത് ഉണ്ണിയാടീചരിതം, ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണുനീലിസന്ദേശം തുടങ്ങിയ ചമ്പൂകാവ്യങ്ങളിലൂടെയാണ്. ചെറിയ ചെറിയ കവിതകളുടെ സമാഹാരമായ 'പദ്യരത്നം' എന്നത് ഭാവഗീതങ്ങളുടെ തുടക്കമാണ്.

 

   മലയാളഭാഷയിലെ ആദ്യ ചമ്പൂകാവ്യമാണ്‌ ഉണ്ണിയച്ചീചരിതം. തിരുനെല്ലിക്കു സമീപമുള്ള തിരുമരുതൂർ ക്ഷേത്രത്തിലെ നർത്തകിയായ ഉണ്ണിയച്ചിയാണ്‌ ഉണ്ണിയച്ചീചരിതത്തിലെ നായിക. ഭാഷ, സാഹിത്യം, സാമൂഹികം, ദേശചരിത്രം എന്നിങ്ങനെയുള്ള വിവിധതലങ്ങൾ ഇത്തരം കൃതികൾക്കുണ്ട്. തേവർ ചിരികുമാരൻ (ദേവൻ ശ്രീകുമാരൻ) ആണ്‌ ഉണ്ണിയച്ചീചരിതത്തിന്റെ രചയിതാവെന്ന് ഗ്രന്ഥത്തിൽ സൂചിപ്പിച്ചിരിക്കുന്നു. സേലത്ത് അതിയമാനല്ലൂരിൽനിന്ന് കോലത്തുനാട്ടിലും അവിടെനിന്ന് പുറക്കിഴാനാട്ടിലെ തിരുമരുതൂരിലും (വടക്കൻ കോട്ടയത്ത്) എത്തിച്ചേർന്ന നങ്ങയ്യയുടെ പുത്രി അച്ചിയാരുടെ രണ്ടു പെണ്മക്കളിൽ അനുജത്തിയാണ്‌ അതിസുന്ദരിയായ ഉണ്ണിയച്ചി. അവളിൽ ഒരു ഗന്ധർവന്‌ ഉളവാകുന്ന അനുരാഗമാണ്‌ ഉണ്ണിയച്ചീചരിതത്തിലെ പ്രമേയം. പതിനാലാം ശതകത്തിന്റെ അന്ത്യപാദത്തിൽ രചിക്കപ്പെട്ട കാവ്യമാണ് ഉണ്ണിയാടീചരിതം. ദാമോദരച്ചാക്യാരാണ് ഇതിന്റെ രചയിതാവ്.

   ഉണ്ണിച്ചിരുതേവിയിൽ അനുരക്തനായി ദേവേന്ദ്രൻ ഭൂമിയിൽ വരുന്നതും കാഴ്ചകൾ കണ്ട് അവളുടെ ഗൃഹത്തിലെത്തുന്നതുമാണ് ഉണ്ണിച്ചിരുതേവീചരിതത്തിലെ പ്രതിപാദ്യം. വഴിക്ക് ചിറ്റങ്ങാടിയിലെ പുലയപ്പെണ്ണുങ്ങളുടെ സംസാരത്തെയും ആനാർച്ചിറ നഗരത്തിലെ കച്ചവടത്തെയും പരാമർശിക്കുന്നു. ഉണ്ണിച്ചിരുതേവിയുടെ വീടണയുന്ന ഇന്ദ്രൻ വീടിന്റെ ഭംഗികണ്ട് സ്വർഗ്ഗത്തെ ഓർത്തുപോകുന്നു. വായ്പ്പള്ളിവീട്ടിൽ സന്ദർശനത്തിനെത്തുന്ന ജാരന്മാരുടെയും ജളപ്രഭുക്കളുടെയും ചെയ്തികൾ കണ്ടുനിൽക്കുന്നു. സംബന്ധവിവാഹകാലത്തെയും ജന്മിത്തവ്യവസ്ഥാ കാലത്തെയും ലൈംഗികമനശ്ശാസ്ത്രത്തിൻ്റെ പ്രതിനിധാനങ്ങളാണ് ഈ കൃതികൾ. മറ്റൊരു മണിപ്രവാളകൃതിയായ ഉണ്ണുനീലിസന്ദേശത്തെ മുൻനിർത്തി ഇത് വിശദീകരിക്കാവുന്നതാണ്.

 

ഉണ്ണുനീലിസന്ദേശം

        ശുകസന്ദേശത്തിന്റെ വരവർണിനീ വ്യാഖ്യാതാവായ ധർമ്മഗുപ്തൻ  സന്ദേശകാവ്യങ്ങൾക്ക് പന്ത്രണ്ട് ഘടകങ്ങൾ നിർദ്ദേശിക്കുന്നു. അവയിൽ പ്രധാനപ്പെട്ടവ ഇവയാണ് :

1. നായികയുടെ വിരഹം 2.  സന്ദേശഹരൻ 3. അയാൾ പോകുന്ന മാർഗ്ഗം 4. അഭിജ്ഞാനവാക്യം 5. സന്ദേശം.

   മേഘദൂതിനെത്തുടർന്നാണ് സന്ദേശകാവ്യങ്ങളുണ്ടായത്. ലക്ഷ്മീദാസൻ തൃക്കണാമതിലകത്തെ നർത്തകി രംഗലക്ഷ്മിയെ നായികയാക്കി രചിച്ച ശുകസന്ദേശമാണ് കേരളത്തിലെ ആദ്യ സംസ്‌കൃതസന്ദേശകാവ്യം. മേൽപ്പറഞ്ഞ സാമാന്യരൂപം ഏതാണ്ട് എല്ലാ സന്ദേശകാവ്യങ്ങൾക്കുമുണ്ട്. ഒരുമിച്ചു കിടന്നവരെ വേർപെടുത്തിക്കൊണ്ട് കാമാർത്തയായ യക്ഷി നായകനെ തട്ടികൊണ്ടുപോകുകയും നരസിംഹമന്ത്രശക്തിയാൽ തിരുവനന്തപുരത്തുവെച്ച് നായകൻ രക്ഷപ്പെടുകയും ചെയ്യുന്നതാണ് ഉണ്ണുനീലിസന്ദേശത്തിൽ ഉള്ളത്. ഈ വിരഹാവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ വേണാട്ട് രാജാവായ ഇരവിവർമ്മന്റെ അനുജൻ ആദിത്യവർമ്മയെയാണ് കാമി ആശ്രയിക്കുന്നത്. അമ്പലങ്ങളും അങ്ങാടികളും അംഗനകളും നിറഞ്ഞ വഴികളാണ് മാർഗ്ഗനിർദ്ദേശകമായി കാമി രാജാവിനോടു പറയുന്നത്. തിരുവനന്തപുരം, തൃപ്പാപ്പൂർ തുടങ്ങി കടന്തേരി(കടത്തുരുത്തി) വരെയുള്ള മാർഗ്ഗവർണ്ണന. മൂന്നാം ദിവസം വൈകുന്നേരമാണ് അവിടെ എത്തിച്ചേരുക. ശ്രീപത്മനാഭൻ, നരസിംഹം തുടങ്ങി ശിവൻ വരെ ദേവവർണ്ണന. പുത്തിടം, മുച്ചന്തിക്കൽ തുടങ്ങിയ ചന്തകൾ. 9 രാജാക്കന്മാർ. വെള്ളൂർ നാണി, ഉണ്ണിയാടി, ചെറുകര കുട്ടത്തി തുടങ്ങിയ സുന്ദരികൾ തുടങ്ങിയവ വർണ്ണനാവിഷയമാകുന്നു. അതിസ്വകാര്യമായ കാര്യങ്ങളാണ് അടയാളവാക്യങ്ങൾ: തേന്മാവിൻ ചുവട്ടിൽ ഉറങ്ങിയതും നായികയുടെ മാറിൽ മാന്തളിർകുല വീണതും പാമ്പാണെന്നു ധരിച്ച് പരിഭ്രമിച്ചതും മറ്റും മറ്റും. പ്രേമം വിരഹത്തിൽ വർധിക്കുമെന്ന സന്ദേശവാക്യം പറഞ്ഞുകൊടുക്കുന്നു.

   കേവലമായ ധാരാളം ചരിത്രാംശങ്ങൾ ഈ കൃതിയിൽ നിന്നും കിട്ടുന്നുണ്ട്. നിരൂപണമെന്നാൽ ചരിത്രവസ്തുതകൾ പരതുകയാണ് എന്നു കരുതിയ കാലത്തെ നിരൂപകരെ ഇത് നന്നായി ആകർഷിക്കുകയും ചെയ്തു. പ്രധാന ചരിത്രവസ്തുതകൾ,

1. കൊല്ലം, കടത്തുരുത്തി നഗരതുറമുഖങ്ങളെക്കുറിച്ചുള്ള അറിവ്, വിദേശവാണിജ്യം

2. ചൊങ്ക്, ചാമ്പ്രാണി എന്നീ ചീനക്കപ്പലുകൾ

3. കട്ടിൽ, തവി എന്നിവ ഉണ്ടാക്കുന്ന ജനവിഭാഗങ്ങൾ, മത്സ്യബന്ധനവും

4. മാരച്ഛത്രം മുറിച്ചുനീക്കുകയും മറ്റും ചെയ്യുന്ന മുറിവൈദ്യന്മാർ, വശീകരണമന്ത്രവുമായി നടക്കുന്ന മന്ത്രവാദികൾ

5. ബാർട്ടർ സമ്പ്രദായവും നാണയവ്യവസ്ഥയും ഉണ്ടായിരുന്നു.

6. നദിയിലൂടെയും കരയിലൂടെയും ഗതാഗതമുണ്ടായിരുന്നു. പാലം കെട്ടിയിരുന്നു.

7. ക്രിസ്ത്യാനി-മുസ്ലീം പരാമർശമില്ല.

8. കുതിരപ്പുറത്തും മഞ്ചലിലും കുലീനർ സഞ്ചരിച്ചിരുന്നു.

9. ക്ഷേത്രകേന്ദ്രിതമായ ഒരു ജീവിതവും അങ്ങാടികളുടെ അഭിവൃദ്ധിയും ഉണ്ടായിരുന്നു.

 

   പ്രകടമായിത്തന്നെ പല അനൗചിത്യങ്ങളുമുണ്ടെങ്കിലും പല കാരണങ്ങൾ കൊണ്ട് ഏതാണ്ട് എല്ലാ നിരൂപകരേയും ആകർഷിച്ച കൃതിയാണ് ഉണ്ണുനീലിസന്ദേശം. മേഘസന്ദേശത്തെത്തുടർന്നു വന്ന സന്ദേശകാവ്യങ്ങളിൽ സന്ദേശഹരൻ മനുഷ്യൻ ഒഴിച്ചുള്ളവയായിരുന്നെങ്കിൽ ഈ കൃതിയിൽ സന്ദേശഹരൻ മനുഷ്യനാണെന്നു മാത്രമല്ല ഒരു രാജാവും കൂടിയാണ്. കാമിയുടെ നീണ്ട വർത്തമാനങ്ങൾക്കിടയിലോ ശേഷമോ സന്ദേശഹരൻ മിണ്ടുന്നില്ല. രാജ്യത്തിന്റെ വഴികളറിയാമായിരുന്ന രാജാവിനോട് വിശദമായ വഴിവർണ്ണന നടത്തുന്നു. അങ്ങാടിക്കിടയിലൂടെയുള്ള വിരസമെന്നു തോന്നുന്ന വഴിവർണ്ണനയുമുണ്ട്. മാത്രമല്ല, നഗ്നമായ പ്രണയരഹസ്യങ്ങൾ നിറഞ്ഞ അടയാളവാക്യങ്ങളും നായികാവർണ്ണനയും മറ്റും ഒരു വ്യക്തിയോടാകുമ്പോൾ വല്ലാത്ത ഒരനൗചിത്യം ഉണ്ടാകും. അതുകൊണ്ടെല്ലാം ഇത് ഒരു ഹാസ്യകവനമായി കരുതുന്നവരുണ്ട്. ഇതിലെ ചില ശ്ലോകങ്ങൾ ശുകസന്ദേശത്തെ ഉപഹസിച്ചെഴുതിയതാണെന്നു പറഞ്ഞുകൊണ്ട്  ആർ.നാരായണപ്പണിക്കർ ഇതിനു വിപുലമായ വ്യാഖ്യാനം ചമച്ചു. ടി.എസ്സ്.ഭട്ടതിരിപ്പാടാകട്ടെ ഇതൊരു വിനോദകൃതിയാണ് എന്ന നിലയിൽ കൃതി മുഴുവൻ വ്യാഖ്യാനിച്ചു (അർത്ഥപ്രകാശിക എന്ന വ്യാഖ്യാനം). മാരാരുടെ 'മുണ്ടയ്ക്കൽ സന്ദേശം ഒരു മുഴുത്ത ചിരി'യാണ് ഇതിലേറ്റം പ്രസിദ്ധം. മാരാരുടെ നിരീക്ഷണം ഇങ്ങനെ: കാളിദാസന് പിന്നാലെ ചാടിപ്പുറപ്പെട്ട സന്ദേശാനുകർത്താക്കൾക്ക് പറ്റിപ്പോയ അനേകം സൂക്ഷ്മക്കുറവുകളെല്ലാം ഏറെക്കുറെ വലുതാക്കിക്കാണിച്ചു പരിഹസിക്കുകയാണ് ഈ കൃതിയിലൂടെ. നായികയുടെ അടുത്ത് അനായാസം ചെന്നെത്താമായിരുന്ന കാമുകൻ വൈകിമാത്രം സഞ്ചരിക്കാൻ കഴിയുന്ന രാജാവിനെ സന്ദേശഹരനാക്കിയതും ശൃംഗാരത്തിന്റെ തരിമ്പും ഇല്ലാത്ത മാർഗ്ഗവർണ്ണന നടത്തിയതും ഏകഭർതൃകയെന്നു തോന്നാത്ത നായികയെ നിബന്ധിച്ചതും തറയിൽ വീണുകിടന്നു കരയുന്ന നായികയെ അവതരിപ്പിച്ചതും മേഘസന്ദേശത്തെ യാന്ത്രികമായി അനുകരിക്കുന്ന ഭാഗങ്ങളും അടയാളവാക്യത്തിലെ നായികയുടെ അരസികതയും മറ്റുമാണ് മാരാര് ചൂണ്ടിക്കാട്ടുന്നത്. സന്ദേശകാവ്യങ്ങളുടെ പെരുക്കം ഇല്ലാതിരുന്ന കാലത്താണ് ഉണ്ണുനീലിയുടെ രചനയെന്നോ തറയിൽ വീണുകിടന്നു കരയുക എന്നത് വിരഹാവസ്ഥ അവതരിപ്പിക്കുന്ന ഒരു സങ്കേതമാണെന്നോ മറ്റോ പറഞ്ഞാലൊന്നും മാരാരുടെ വാദങ്ങൾ മുഴുവൻ പൊളിഞ്ഞുപോകുന്നില്ല. കാവ്യത്തിലെ അനൗചിത്യങ്ങൾ അങ്ങനെതന്നെ നിൽക്കുന്നു. അവ വിട്ടുവായിക്കാൻ (അങ്ങാടിവർണ്ണനയും മറ്റും) പറഞ്ഞ ഇളംകുളത്തേയും ഏതാനും ശ്ലോകങ്ങളെ മുൻനിർത്തി “സഹൃദയന്മാരായ സകല കേരളീയരുടേയും നിത്യാവഗാഹത്തെ സമ്പൂർണ്ണമായർഹിക്കുന്ന ഒരു സാരസ്വതപ്രവാഹമാകുന്നു ഉണ്ണുനീലി” എന്നഭിപ്രായപ്പെട്ട ഉള്ളൂരിന്റേയും മറ്റും വായനാരീതികളെ പരിഹസിക്കാനാണ് മാരാര് ഈ ലേഖനമെഴുതിയത്. ദേവദാസിയെ ‘മാന്യമഹിള’ എന്നു പറഞ്ഞ് ഇളംകുളവും അവൾ വേശ്യയല്ല വിശുദ്ധയായ ഒരു നായർയുവതിയാണ് എന്ന് പറഞ്ഞ് ശൂരനാടും നായികയെ ആദർശവത്കരിക്കാൻ ശ്രമിച്ചതും കേവലമായ യാന്ത്രികമായ ‘ചരിത്ര’വായനയും മാരാരെ പ്രകോപിപ്പിച്ചു. നായകനും കവിയും ഒന്നല്ലെങ്കിൽ ഇത്രയും സ്വകാര്യമായ അടയാളവാക്യങ്ങൾ കവിയെങ്ങനെയറിയും (ഉള്ളൂരിൻ്റെ അഭിപ്രായം). ഇത്തരത്തിൽ യാന്ത്രികമായ നിലപാടിൽ നിന്നുള്ള നിഗമനങ്ങളിൽ നിന്നകന്ന് അക്കാലത്തെ ചരിത്രയാഥാർത്ഥ്യങ്ങളേയും പ്രത്യയശാസ്ത്രബോധത്തേയും സമീപിക്കുമ്പോൾ ഉണ്ണുനീലിസന്ദേശം അക്കാലത്തെ ഏറ്റവും മികച്ച പ്രതിനിധാനമായി മാറുന്നതു കാണാം. ബൗദ്ധദാർശനിക പാരമ്പര്യത്തിനെതിരെ കടന്നുവന്ന ശൈവവൈഷ്ണവമതങ്ങളും ബ്രാഹ്മണമതസംസ്ഥാപനവും ക്ഷേത്രകേന്ദ്രിതമായൊരു ജീവിതത്തിലേക്കും ജാതിപരമായ ശ്രേണീവത്കരണത്തിലേക്കും കേരളജനതയെ നയിച്ചു. അധീശത്വത്തേയും ദാസ്യത്തേയും ആദർശവത്കരിക്കുന്ന ഭക്തിയുടെ പ്രത്യയശാസ്ത്രം മറ്റ് സ്ഥലങ്ങളോളമില്ലെങ്കിലും ദേവദാസീസമ്പ്രദായത്തിന് മരുമക്കത്തായ സംബന്ധ ലൈംഗികവ്യവസ്ഥയ്ക്കും കാരണമായി. ബ്രാഹ്മണ/നായർ ലൈംഗികജീവിതം ഭാഷാമിശ്രണത്തിനും സാംസ്‌കാരികമിശ്രണത്തിനും കാരണമായി.  ജൈവവും നിർമ്മാണാത്മകവുമായ ഒരു മാനസികപ്രക്രിയ എന്ന നിലവിട്ട് ലൈംഗികജീവിതവും കാവ്യജീവിതവും ഒഴിവുകാലവിനോദം എന്ന നിലയിലേക്ക് അന്യവത്കരിക്കപ്പെട്ടു. ടി.എസ്.ഭട്ടതിരിപ്പാട് പറയുംപോലെ നായികയും സന്ദേശഹരനുമെല്ലാം സങ്കല്പസൃഷ്ടിയാണ്. മേഘസന്ദേശത്തെക്കുറിച്ച് മാരാര് പറഞ്ഞപോലെ ഇത് യഥാർത്ഥത്തിലുള്ള ഒരു സന്ദേശം പറഞ്ഞയയ്ക്കലല്ല. യഥാർത്ഥ ജീവിതത്തിൽ നിന്നും എടുത്തെറിയപ്പെട്ട മരുമക്കത്തായ ജന്മിത്ത പുരുഷമനസ്സാണ് ഇവിടെ നായകൻ പ്രതീകവത്കരിക്കുന്നത്. സൃഷ്ടിപരമായ ഒരു ജീവിതം (സ്വയംപര്യാപ്തമായ, സ്വയം രക്ഷകനാകുന്ന, സ്വയംഭരണകർത്താവിനെ തെരഞ്ഞെടുക്കുന്ന ജനാധിപത്യമനസ്സ്) നഷ്ടപ്പെടുമ്പോഴാണ് ഒരു രക്ഷാബിംബത്തിന്റെ രാഷ്ട്രീയവും (ഏകാധിപതിയായ രാജാവ്) ആത്മീയമായ  അഭയസ്ഥാന(ദൈവം)ങ്ങളും  അന്വേഷിക്കുന്നത്. അതുകൊണ്ടാണ് സ്വയം നടന്നുപോകാൻ കഴിയുമായിരുന്ന കാമി രാജാവിന്റെ എഴുന്നള്ളത്തും കാത്ത് അമ്പലപ്പറമ്പിൽ കിടക്കുന്നത്.  രാജകീയ സ്ത്രീത്വത്തിലേയ്ക്ക് അഥവാ ദേവദാസി സങ്കല്പത്തിലേയ്ക്ക് പ്രലോഭിക്കപ്പെടുന്ന പുരുഷമനസ്സ് കാമുകിയുമായി സംഗമിക്കുമ്പോൾ തന്നെ കാമുകിയിൽ നിന്നും സ്വാഭാവിക രതിയിൽ നിന്നും അന്യവത്കരിക്കപ്പെടുന്നു. അതാണ് ഉണ്ണുനീലിസന്ദേശം പോലുള്ള കൃതികളിൽ വിരഹമായി ചിത്രീകരിക്കപ്പെടുന്നത്. മനസ്സ് രാജാവിലെത്തുകയും രാജാവിലൂടെ അമ്പലസ്ത്രീകളിലെത്തിച്ചേരുകയും അങ്ങനെ തന്റെ കാമുകിയിൽ എത്തിച്ചേരാം എന്ന് വ്യാമോഹിക്കുകയുമാണ് പുരുഷമനസ്സ്. സ്വന്തം ജീവിതത്തിൽ നിന്നും അന്യവത്കരിക്കപ്പെട്ട ലൈംഗികമായി അസാധുവാക്കപ്പെട്ട അവസ്ഥയെ പ്രതീകവത്കരിക്കുന്ന അയാളുടെ വാക്കുകളിലൂടെ  അമ്പലങ്ങളും (മാരാർ അതിനെ ‘തീർത്ഥയാത്ര’ എന്നു വിളിക്കുന്നു) പെണ്ണുങ്ങളും കടന്നുപോകുന്നത് അതുകൊണ്ടാണ്. തന്റെ പെണ്ണിലെത്തിച്ചേരാൻ രാജാവിന്റെ അഥവാ ദൈവത്തിന്റെ പെണ്ണുങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ തന്റെ പെണ്ണ് രാജാവിന്റെതായി തീരുന്നു. ആയതിനാലാണ് അയാളുടെ വാക്കുകളിൽ വിരഹത്തിന്റെ വ്യഥ അവശേഷിക്കുമ്പോഴും ഒരു കൂട്ടിക്കൊടുക്കലിന്റെ സ്വരം കനത്തുവരുന്നത്. നഗ്നയായ നായികാവർണ്ണനയും അടയാളവാക്യങ്ങളും അങ്ങനെ സാധൂകരിക്കപ്പെടുന്നു. മഹത്വവത്കരിക്കപ്പെട്ട ദാസ്യജീവിതം വർണ്ണിക്കുന്നതിനിടയിൽ ബിംബവത്കരിക്കപ്പെട്ട സ്ത്രീവർണ്ണനകൾക്കിടയിൽ വിപണിയിലെ ശിഥിലവും നിഗൂഢവുമായ ശബ്ദങ്ങൾ (അങ്ങാടിവർണ്ണനകൾ) കടത്തിക്കൊണ്ടുവന്ന് വസ്തുവത്കരിക്കപ്പെട്ട ഉപരിവർഗ്ഗജീവിതത്തെ അനുഭവപ്പെടുത്തുന്നു.

 

''വീണാസ്വരത്തിൽ നിന്റെ ഒച്ച കേൾക്കാം. ഇളകുന്ന ഓളങ്ങളിൽ പുരികക്കൊടിയുടെ കളി കാണാം. പൂർണ്ണചന്ദ്രനിൽ മുഖപത്മം കാണാം. കരിംകൂവളപ്പൂവിൽ കറുത്ത കടക്കൺ കാണാം. എന്നാൽ ഓമനേ നിന്റെ അഴകാണ്ട മെയ് ഒരുമിച്ച് ഒന്നു കാണാൻ ഉള്ള പുണ്യം ഒരിടത്തുമില്ല.'' (ശ്ലോകം-90)

 

ഒരുനാളത്തെ വിരഹത്തെത്തുടർന്നു ഈ അനുഭവം അവതരിപ്പിക്കാൻ കഴിയില്ലെന്നുറപ്പാണല്ലോ. ശ്രീ വേലുപ്പിള്ള പറയുംപോലെ കേവലാനുകരണമോ ഭട്ടതിരിപ്പാട് പറയുംപോലെ ഹാസ്യവത്കരണമോ അല്ല. ഇതു വസ്തുവത്കരിക്കപ്പെട്ട ജീവിതത്തിലെ യഥാർത്ഥ ശരീരവും മനസ്സും തേടിയുള്ള അലച്ചിലാണ്. നിലവിലിരിക്കുന്ന അധികാരവ്യവസ്ഥയാൽ ശിക്ഷിക്കപ്പെട്ട് 'സുഖഭോഗ'ങ്ങളുടെ തടവറയിലാക്കപ്പെട്ട മനസ്സിന്റെ ദയനീയതയും പരിഹാസ്യതയും ആകുലതയും ഈ കവിതയിലുണ്ട്. ദാസ്യത്തെ ആദർശവത്കരിക്കുന്ന പ്രത്യയശാസ്ത്രനിലപാട് നമുക്ക് എന്തു നൽകുന്നുവെന്ന സന്ദേശം ഈ കവിതയിലുണ്ട്. ഇന്ന് ഉണ്ണുനീലിയും മണിപ്രവാളകൃതികളും അങ്ങാടിവർണ്ണനകളും മറ്റൊരു രീതിയിൽ അധീശവ്യവഹാരങ്ങളിൽ  പ്രവർത്തിക്കുന്നു. ദേവദാസികളുടെ സ്ഥാനത്ത് വ്യാവസായിക മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടു വരുന്ന അവയവങ്ങളായി മാറിയ വസ്തുവത്കരിക്കപ്പെട്ട വെർച്വൽ സ്ത്രീമോഡലുകളാണ് ഇന്നുള്ളത്. അത്തരം സ്ത്രീമാതൃകകളിലേയ്ക്ക് സ്ഥിതപ്പെട്ടു പോകുന്ന മനസ്സിലുണ്ടാകുന്ന അന്യവത്കരണത്തെയാണ് പ്രസ്തുത കൃതി സ്പർശിക്കുന്നത്. അതുകൊണ്ടാണ് മണിപ്രവാളത്തിലെ സ്ത്രീസാന്നിധ്യത്തെ മുതലാളിത്തകാല ശരീരസ്വാതന്ത്ര്യവാദവുമായി ബന്ധിപ്പിച്ച് ചിലർ വായിക്കുന്നത്. അമ്പലവും അങ്ങാടിയും നിയന്ത്രിക്കുന്ന ഒരുകാലത്തെ സ്ത്രീസ്വത്വത്തിന്റെയും ലൈംഗികപ്രണയത്തിന്റെയും അഭാവം സൃഷ്ടിക്കുന്ന മനശ്ശാസ്ത്ര പ്രതിസന്ധിയുടെ അനുഭവപ്രതിനിധാനമാണ് ഉണ്ണുനീലിസന്ദേശത്തിൽ ഉള്ളത്. മാരച്ഛത്രം മുറിക്കപ്പെട്ട, അവയവങ്ങളാക്കപ്പെട്ട സ്ത്രീകളാണ് മണിപ്രവാളകൃതികളിൽ ഉള്ളത്. അമ്പലങ്ങളുടെയും അങ്ങാടികളുടെയും സ്ത്രീശരീരങ്ങളുടെയും ഭൂപടസ്ഥലങ്ങളിലൂടെ  മുന്നേറുന്ന സ്ത്രീസമാഗമം വർണ്ണിക്കുന്ന ഉണ്ണുനീലിസന്ദേശം, ഭക്തിയും വ്യവസായവും ജീവിതത്തെ നിർവ്വചിക്കുന്ന അധീശകാലത്ത് അന്യവത്കരണം കൊണ്ടയഞ്ഞു പോയ ലൈംഗികാനുഭവമാണ് അവതരിപ്പിക്കുന്നത്.




1 Kommentar

Mit 0 von 5 Sternen bewertet.
Noch keine Ratings

Rating hinzufügen
Gast
16. März 2024
Mit 5 von 5 Sternen bewertet.

വ്യത്യസ്തമായ നിലപാട്

Gefällt mir
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page