കുട്ടിക്കരണംമറിയുന്ന കാവ്യഭാവന-സുബിന്‍ അമ്പിത്തറയിലിന്റെ 'ഉച്ചാന്തലമേലേ പുലര്‍കാലെ' യുടെ വായന
- GCW MALAYALAM
- May 2, 2024
- 3 min read
ഡി. യേശുദാസ്

സുബിന്‍ അമ്പിത്തറയില്‍ എഴുതുമ്പോള്‍ കീഴ്‌മേല്‍ മറിഞ്ഞൊരു ലോകം കവിതയില്‍ സംഭവിക്കുന്നു. ഭാവനയുടെ ഒരു സ്വാഛന്ദ്യം കവിതയെ ചൂഴ്ന്നുനില്‍ക്കുന്നു. അയത്‌നലളിതം എന്നു തോന്നുന്ന സ്വാഭാവികത കവിതയെ മധുരോദാരമാക്കുന്നു. ഉന്മേഷഭരിതമായ പ്രസാദാത്മകത കവിതകളെ ആകമാനം ആശ്ലേഷിച്ചു നില്‍ക്കുന്നു. ക്രൂരമായ യാഥാര്‍ഥ്യങ്ങള്‍ക്കു മേലാണ് ഈ മാധുര്യങ്ങളെല്ലാം പണിതുയര്‍ത്തിയിരിക്കുന്നത്. കവിതയുടെ ആഴങ്ങളിലേക്കു ചെല്ലുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ കൊത്തിവലിച്ചുതുടങ്ങും. അങ്ങനെ നോവിക്കാന്‍ തുടങ്ങുന്ന യാഥാര്‍ഥ്യങ്ങളെ ആവിഷ്‌കരിക്കാന്‍ കവി സ്വീകരിച്ചിരിക്കുന്ന ഭാഷയ്ക്ക് ഒരു നിഷ്‌ക്കളങ്കതയുണ്ട്. നിഷ്‌ക്കളങ്കതയുടെ ഭാവനയാണ് ഇതെന്നു പറയാം. യാഥാര്‍ഥ്യത്തെ കവിതയിലേക്ക് പരുവപ്പെടുത്തുന്ന ഭാവനയുടെ ഈ ഞാണിന്മേല്‍ക്കളി സുബിന്റെ കവിതകളെ വേറിട്ട ആനുഭവമാക്കിത്തീര്‍ത്തിരിക്കുന്നു. 'ഉച്ചാന്തല മേലേ പുലര്‍കാലെ' എന്ന കവിതാസമാഹാരത്തിലെ ഏതാണ്ട് എല്ലാ കവിതകളിലും രസനിഷ്യന്ദിയായ ഒരു നവ്യാനുഭവം നിറഞ്ഞുനില്‍ക്കുന്നു.
സുബിന്റെ കവിതകളിലെ ഫ്രഷ്‌നെസ്സ് അതിന്റെ ആവിഷ്‌കാരരീതിയിലാണ് സ്ഥിതിചെയ്യുന്നത്. ഉള്ളില്‍നിന്നും ഇറങ്ങിപ്പോകാന്‍ കഴിയാത്ത ഒരു കുട്ടി സുബിന്റെ ഭാവനയെ നിയന്ത്രി ക്കുന്നതു കാണാം. ലോകത്തെയും അനുഭവത്തെയും ഈ കുട്ടിയാണ് സ്‌ക്രീന്‍ ചെയ്യുന്നത്. അങ്ങനെയൊരു കുട്ടിയെ നിര്‍മ്മിച്ചു രസിക്കുന്ന കവിത്തമാണ് സുബിന്റേത്. 'ആദ്യമായി ആനയെ കാണുന്ന കുട്ടി' എന്ന കവിതയില്‍ ജീവിതത്തില്‍ ആദ്യമായി ആനയെ കാണുന്ന ഒരു കു ട്ടിയെ സങ്കല്പിച്ചുണ്ടാക്കുന്നുണ്ട് കവി. ആദ്യം ആ കുട്ടി ആനയുടെ ചങ്ങലക്കിലുക്കം കേള്‍ക്കുന്നു. പിന്നെ ആനയെ കാണാന്‍ ചെരുപ്പിടാതെയുള്ള കുട്ടിയുടെ ഓട്ടമാണ്. ആദ്യമവന്‍ കാണുന്നത്, ആനയ്‌കൊപ്പം നടക്കുന്ന ആനക്കാരനെയാണ്. ആനക്കാരനെ കണ്ടതോടെ അവന് ധൈര്യമായി. വശങ്ങളിലൂടെ ആനയെനോക്കി കണ്ടവന്‍ അമ്പരന്നു. മുന്നിലേക്കോടിക്കയറി കൊമ്പുകുലുക്കി വരുന്ന ഗജവീരനെ നോക്കി വാ പിളര്‍ന്നു. ആ കൊമ്പന് ഏതു നെറ്റിപ്പട്ടമാണ് ഇണങ്ങുക എന്ന് കുട്ടി സങ്കല്പിച്ചുനോക്കുന്നു. താന്‍ ഭാവന ചെയ്തുണ്ടാക്കിയ കുട്ടി ഭാവന ചെയ്യാന്‍ തുടങ്ങുന്നു. അവന്റെ ഭാവനയെ കവിക്കെങ്ങനെ നിയന്ത്രിക്കാനാവും? കുട്ടി ആര്‍ത്തുല്ലസിക്കാന്‍ തുടങ്ങിയിരിക്കുന്നു. അങ്ങനെ, കുട്ടിക്കുവേണ്ടി സങ്കല്പച്ചുണ്ടാക്കിയ ആനയുടെ പാപ്പാനെക്കൊണ്ട് കുട്ടിയെ വഴക്കു പറയിച്ചോടിക്കുകയാണ് കവി ചെയ്യുന്നത്. ആ കുട്ടി പൂര്‍ണ്ണനിയന്ത്രണത്തിലായതോടെ ഇതേപ്പറ്റി ആരോടെങ്കിലും പറയാനുള്ള ആവിഷ്‌കാരത്വര കവിക്ക് ഉണ്ടാവുന്നു. ഇങ്ങനെ താന്‍തന്നെ ഉണ്ടാക്കി നിയന്ത്രിക്കുന്ന ഒരുകുട്ടിയാണ് സുബിന്റെ കവിതകളിലെ ജൈവസാന്നിധ്യം.

'ചില്ലകളില്‍ ഓര്‍മ്മ വീശുന്ന നേരം' , ഒരു തള്ളക്കാറ്റ് അതിന്റെ കുട്ടികളെ തങ്ങളുടെ വീട്ടില്‍ ഒരു ഡേ കെയറില്‍ എന്നപോലെ കൊണ്ടുവിട്ടുപേകുന്നതിനെ സങ്കല്പച്ചുണ്ടാക്കിയ കവിത യാണ്. ആ കള്ളിക്കാറ്റിന്റെ കുട്ടികള്‍ വീട്ടില്‍ കാണിച്ചുകൂട്ടുന്ന നിവര്‍ത്തികെട്ട കുസൃതികള്‍ നട്ടുച്ചനേരമാകുമ്പോള്‍ ഒന്നടങ്ങും. പിന്നെ അതുങ്ങള്‍ വല്യപ്പന്റെ പാളവിശറിയിലോ, ജനല്‍ പാളിയിലോ ചെടികളിലോ മയങ്ങി തൂങ്ങുമത്രേ. സന്ധ്യയ്ക്കവരുടെ അമ്മ വന്ന് എല്ലാറ്റിനേയും വാരിയെടുത്ത് ഒന്നുമുരിയാടാതെ വീട്ടിലേക്ക് വച്ചുപിടിച്ചിട്ട് ഏറെ കഴിഞ്ഞാലും പിള്ളാര്‍ക്ക് വാങ്ങിക്കൊണ്ടുപോയ പലഹാരത്തിന്റെ മണം അവിടെ തങ്ങിനില്‍ക്കുമത്രേ. തുടര്‍ന്ന് 'ആ പഴയ കുട്ടിക്കാലത്തിന്റെ ഉടമയാണല്ലോ ഈ ഞാനെന്ന് എനിക്കെന്നോട് അതിശയം തോന്നുന്നു' എന്നു കവി നടത്തുന്ന പ്രസ്താവന തന്നില്‍ വസിക്കുന്ന കുട്ടിയെക്കുറിച്ചുള്ള സത്യ പ്രസ്താവനയാണ്. ഈ കുട്ടിയാണ് ഉറക്കത്തില്‍ അമ്പലമുറ്റമായ് നീണ്ടുനിവര്‍ന്നു കിടക്കുന്ന തന്നെ സ്വപ്നം കാണുന്നത്. ആ അമ്പലമുറ്റത്തേക്കതാ ഒരു സുന്ദരിപ്പണ്ണ് ഉല്‍സവം കാണാന്‍ വരുന്നു. അവളെ ചെക്കന്മാര്‍ നോക്കുന്നു. അതുകണ്ടു സഹിയാഞ്ഞ ആ കറുമ്പന്‍കുട്ടി ഒറ്റത്തെറിപ്പിക്കലിന് ഉല്‍സവത്തെയാകെ കുടഞ്ഞുകളയുന്നു. ഇങ്ങനെയൊരു കുട്ടിയ്ക്കാണ് 'ആരുടേയും വാക്കിനു ചെവികടുക്കാത്ത ധീരനായ വല്യപ്പന്‍ റേഡിയോ പറയുന്നതും കേട്ട് ക മാ എന്ന രണ്ടക്ഷരം പറയാതിരിക്കുന്ന കാണുമ്പോ വല്യപ്പനേക്കാള്‍ വല്യ എന്തോ ആപ്പനാണീ റേഡിയോ എന്നു തോന്നുന്ന'ത് , വല്യപ്പന്‍ മരിച്ചപ്പോള്‍ 'അകലെ ആകാശ നിലയത്തില്‍ വല്യപ്പനും റേഡിയോയും വലിയ കൂട്ടുകാരായി ഇപ്പോഴും പാടിയും പറഞ്ഞും ഇരിക്കുന്നുണ്ടാവണേ' (വല്യപ്പനും റേഡിയോയും) എന്നു പ്രാര്‍ഥിക്കാന്‍ തോന്നുന്നത്. 'പള്ളിപ്പറമ്പില്‍ പൊറുതിക്കു പോയതില്‍ പിന്നെ അപ്പനും അമ്മേം തിരിച്ചു വന്നിട്ടില്ല. അവിടെയാകുമ്പോ പണിക്കൊന്നുംപേകാതെ സുഖമായ് കിടന്നുറങ്ങിയാ മതിയല്ലോ' എന്ന് 'വീട് ' എന്ന കവിതയില്‍ പരിഭവിക്കുന്നത് ഈ കുട്ടിത്തമാണ്. വീടിനെ നോക്കി ഇളിക്കുന്ന ആ കുട്ടിക്ക് വീടിനെ കെട്ടിപ്പിടിച്ചു കരയാനും തോന്നുന്നുണ്ട്.

'പട്ടംപോലെ' എന്ന കവിതയില്‍ കാമുകനും കാമുകിയും കടല്‍ക്കരയിലെത്തുന്നു. കാമുകിയെ ഇമ്പ്രസ്സ് ചെയ്യിക്കാന്‍വേണ്ടി കാമുകന്‍ ഒരു പട്ടം വാങ്ങി പറത്തുന്നു. ഒരുനിമിഷാര്‍ദ്ധത്തില്‍ പട്ടം കടല്‍ക്കരയില്‍ നിന്ന് കാമുകനെ പട്ടമാക്കി ആകാശത്തു പറത്തുന്നു. ഈ കീഴ്‌മേല്‍ മറിച്ചില്‍ ഒരു കുട്ടിയുടെ അതിരില്ലാത്ത വിചിത്രഭാവനയ്ക്കു മാത്രം സാധിക്കുന്ന സാഹസിക വൃത്തിയാണ്. എല്ലാം കീഴ്‌മേല്‍ മറിച്ചിടാന്‍ കഴിയുന്ന ഭാവനയുടെ ഈ കുട്ടിത്തത്തിന് മറ്റൊരു നല്ല ഉദാഹരണമാണ് പ്ലാവിന്റെ കവിത. 'മേഘങ്ങളുടെ ഹെല്‍മറ്റും വച്ചുനില്‍ക്കുന്ന പ്ലാ'വില്‍ കയറി ചക്കയിടുന്നതില്‍ ഒരു കളി ഒളിച്ചിരിക്കുന്നതായി കണ്ടെത്തുന്നു. വായുവല കീറിമുറിച്ചു വീഴുന്ന ചക്കയെ, ഗോള്‍വല തകര്‍ത്തുപോകുന്ന ഫുഡ്‌ബോളായിട്ടാണ് കവി കാണുന്നത്. ലംബമായതിനെ തിരശ്ചീനമാക്കിമാറ്റുന്ന ഈ വിനോദഭാവനയില്‍ പ്ലാവില്‍ക്കയറി ചക്കയുടെ ഞെടുപ്പറുത്തിടാനിരിക്കുന്ന ഒരു കുട്ടിയുടെ രസികന്‍ ചിത്രംകൂടി അടങ്ങിയിട്ടുണ്ട്. ഐറണിക്കല്‍ സ്വഭാവമുള്ളതാണ് 'കറ്റ് പോയി' എന്ന കവിത. അതില്‍, 'പ്രായാധിക്യത്താല്‍ കാറ്റ് പോയൊരു കാറ്റിന്റെ മൃതദേഹം കുന്നിന്‍പുറത്തെ മരങ്ങള്‍ വരിവരിനിന്ന് താഴെ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നു' എന്ന കല്പനയും ബാര്‍ബര്‍ഷോപ്പ് എന്ന കവിതയിലെ 'കറുത്തഷോള്‍ പുതച്ച് ഒരുമേഘം, ഊഴം കാത്ത് മറ്റ് മേഘങ്ങള്‍' , കാറ്റ് മേഘങ്ങളുടെ നീളന്‍മുടി വെട്ടിവെട്ടി താഴേയ്ക്കിടുന്നു' എന്നീകല്പനകളിലും ഭാവനയുടെ ഈ അതിരറ്റലോകം കാണാന്‍ കഴിയും. പ്രണയിച്ചകാലത്തുകിട്ടിയ ഉമ്മകളൊക്കെ തിരച്ചുകൊടുക്കാന്‍ കാത്തുനില്‍ക്കുന്ന കാമുകനും (മറവി) 'ചില രാത്രികളില്‍ അപ്പനെപ്പോലെ ആരോടുമല്ലാതെ ചറപറകള്‍ പറഞ്ഞ് തപ്പിയും തടഞ്ഞും വരുന്ന മഴയും'(അപ്പന്‍), 'ആളില്ലാ വീട്ടിലെ കുളത്തീന്ന് വെള്ളംകോരി കുടിച്ചിട്ട് വാകമരക്കീഴില്‍ ഇച്ചിരെ തണലുണ്ടാക്കി കാറ്റും കൊണ്ടിരിക്കുന്ന വെയിലും' (വെയില്‍ പാവമാണ്), വൈദ്യുതി പാഴാക്കാതിരിക്കാന്‍ പകലിനെ മുറിയിലിട്ടു പൂട്ടിയ വ്യക്തി (കുട്ടി)യും (എത്ര കാത്തുവച്ചാലും) വീട്ടിലെ അംഗമായി ജീവിച്ചിട്ട് ഒരിക്കല്‍ പെട്ടന്നങ്ങ് മരിച്ചുപോയ അണ്ണാന്‍കുഞ്ഞും കപ്പയും ഇറച്ചിയും തയ്യാറാക്കുന്നതിനിടെ വാക്കുതര്‍ക്കമായി പെണങ്ങിപ്പോയിക്കിടന്നിട്ട് രാത്രി പെണക്കം മാറി വന്ന് കൊതിയോടെ കഴിച്ച് കെട്ടിപ്പിടിച്ചുറങ്ങുന്ന ദാമ്പത്യവും(ഞങ്ങള്‍) ഈ കുട്ടിത്തത്തിന്റെ വേഷപ്പകര്‍ച്ചകളായി വിസ്മയിപ്പിച്ചുകൊണ്ട് കവിതയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ കവിതകളില്‍ കാണുന്ന അദ്ഭുതവും കൗതുകവും അതിശയവും ഒരുകുട്ടിയുടെ ലോകവീക്ഷ ണത്തിന്റെയും ജീവിതാവബോധത്തിന്റെയും ഫലമാണ്. 'എന്റെ കവിതയും എല്ലാവരാലും കൊഞ്ചിക്കപ്പെടാന്‍ കൊതിക്കുന്ന പാവം പൂച്ചക്കുഞ്ഞാണ് ' എന്ന പ്രഖ്യാപനത്തില്‍ ഇതെ ല്ലാം അലിഞ്ഞുചേര്‍ന്നിരിക്കുന്നു. കുട്ടിയായിരിക്കുക, ഒരുകുട്ടിയെപ്പോലെ ലോകത്തെയും അനുഭവത്തെയും നോക്കിക്കാണുക, അതിനനുയോജ്യമായ കാവ്യഭാഷ കണ്ടെത്തുകു, സ്വാഭാവികമായ രീതിയില്‍ വാഗ്ചിത്രങ്ങള്‍ മെനയുക , അതില്‍ ഒരു വിനോദപരത സന്നി വേശി പ്പിക്കുക , രൂക്ഷമായ അനുഭവങ്ങളും വിമര്‍ശനങ്ങളും ഒളിപ്പിച്ചു വയ്ക്കുക മുതലായവയൊ ന്നും ഒട്ടും ലളിതമായ പ്രക്രിയയല്ല. സുബിന്‍ അമ്പിത്തറയിലിന്റെ സര്‍ഗ്ഗാത്മകവ്യക്തിത്വം വ്യത്യസ്ത മാകുന്നത് ഇങ്ങനെയൊക്കെയാണ്.
Comments