top of page

അട്ടപ്പാടിയിലെ മുഡുകരുടെ ജീവിതവും സംസ്കാരവും.

Updated: 3 days ago

സായന്ദ് കെ.

പ്രബന്ധ സംഗ്രഹം

ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ പ്രധാനഅക്കാദമിക പഠനമേഖലകളിൽ ഒന്നായി സംസ്കാര പഠനം ഉയർന്നുവന്നു. ശാസ്ത്രസാങ്കേതിക വിഷയങ്ങൾ പോലെ തന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് സാസ്കാരപഠനം.സമൂഹത്തിൻ്റെമാറ്റവും വളർച്ചയും,അധികാര ഘടന, ആചാരങ്ങൾ, വിശ്വാസങ്ങൾ തുടങ്ങിയവയെല്ലാം സംസ്കാര പഠനത്തിന്റെ പരിധിയിൽപ്പെടുന്നു. ഈ സാഹചര്യത്തിൽ അട്ടപ്പാടിയിലെ മുഡുകരുടെ ജീവിതവും അവരുടെ സംസ്‌കാരത്തെക്കുറിച്ചും അന്വേഷിക്കുക യാണ് ഈ പ്രബന്ധിലൂടെ ചെയ്യുന്നത്.

താക്കോൽവാക്കുകൾ : സംസ്കാരപഠനം,അട്ടപ്പാടി, മുഡുകർ,ഗ്രോത്രവർഗ്ഗം

ആമുഖം

മുഖ്യധാരാ പൊതുസമൂഹങ്ങളിൽ നിന്നും മാറിനിൽക്കാൻ താല്പര്യപ്പെടുന്നവരാണ് ഗോത്രവിഭാഗക്കാർ. നീഗ്രോയിഡ് ആസ്ട്രോയിഡ് വിഭാഗങ്ങളാണ് കേരളത്തിൽ കൂടുതലായും കാണപ്പെടുന്നത്. ഉൾക്കാടകളിലും മലമ്പ്രദേശങ്ങിലും ജീവിച്ചുപോരുന്ന ഗോത്രവർഗ്ഗക്കാരെ ഇരുളവർഗ്ഗക്കാർ എന്നും വിളിക്കാറുണ്ട്. നീലഗിരി കുന്നുകളിലും പശ്ചിമഘട്ട മലനിരകളിലും കാടിനോടും മലകളോടും ഇഴുകിചേർന്ന് ജീവിക്കുന്ന ഗോത്രവർഗ്ഗങ്ങളിൽ അധികവും കുടിയേറി വന്നവരാണ്. 2021ലെ ഗവൺമെൻ്റ് കണക്കനുസരിച്ച് അട്ടപ്പാടിയിലെ ആകെ ജനസംഖ്യ 32770 ആണ്. (പട്ടിക വർഗ്ഗ വികസനഓഫീസ്, പാലക്കാട്) ആകെ ജനസംഖ്യവിൽ മുന്നിൽ നൽക്കുന്നവിഭാഗം ഇരുളരാണ്. ഏറ്റവും കുറവ് ജനസംഖ്യ കുറുമ്പരിലുമാണ് 146 ഇരുള ഊരുകളും 24 മുഡുക ഊരുകളും 10 കുറുമ്പ ഊരുകളിലുമായി അട്ടപ്പാടി ഗോത്രജനത അധിവസിക്കുന്നു.


ഏതൊരു ആദിവാസി വിഭാഗങ്ങൾക്കും തനതായൊരു സംസ്ക്‌കാരം ഉള്ളതുപോലെ മുഡുക സമുദായത്തിനും അവരുടേതായ പാരമ്പര്യംഉണ്ട്. അവരുടെ സംസ്കാരം അടയാളപ്പെടുത്തുന്ന മുഖ്യഘടകം അവരുടെ ജീവിതസംസ്ക്‌കാരം, ആശയവിനിമയം, തുടങ്ങിയവയിൽ അന്തർലീനം ആയിരിക്കുന്നു അതിനാൽതന്നെ മുഡുകരുടെ ജീവിതവും സംസ്ക്‌കാരവും എങ്ങനെയാണ് വേറിട്ട് നിൽക്കുന്നത് എന്നാണ് ഈ പ്രബന്ധത്തിലൂടെ പരിശോധിക്കാൻ ഉദ്ദേശിക്കുന്നത്.

കേരളത്തിലെ ഗോത്രവർഗ്ഗക്കാർ

മുഖ്യധാര പൊതുസമൂഹങ്ങളിൽ നിന്നും മാറിനിൽക്കാൻ താൽപര്യപ്പെടു ന്നവരാണ് ഗോത്രവിഭാഗക്കാർ നിഗ്രോയ്‌ഡ്, ആസ്ട്രേലോയ്‌ഡ് വിഭാഗത്തിൽപ്പെടുന്ന ഗോത്രവിഭാഗങ്ങളാണ് കേരളത്തിൽ കൂടുതലായും കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവിടെയുള്ള ഗോത്രവിഭാഗങ്ങളിൽ ഏറിയപങ്കും കുടിയേറ്റക്കാരായി കരുതാവുന്നതാണ്. കേരളത്തിലെ പതിനാല് ജില്ലകളിൽ ഏറിയും കുറഞ്ഞും ഗോത്രവിഭാഗക്കാർ ജീവിക്കുന്നു. കേരളത്തിനകത്ത് 1971 ലെ സെൻസസ് പ്രകാരം മുപ്പത്തൊൻപത് സമുദായങ്ങളാണ് ഉണ്ടായിരുന്നത് എന്ന് കെ.വേലപ്പന്റെ 'ആദിവാസികളും ആദിവാസിഭാഷകളും' എന്ന പുസ്‌തകത്തിൽ രേഖപ്പെടുത്തികാണുന്നു. എന്നാൽ 1981 ലെ കണക്ക് പ്രകാരം അത് 32 ആയി കുറഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. 1962 ൽ എ.എ.ഡി. ലൂയിസിന്റെ 'ട്രൈബ്‌സ് ഓഫ് കേരള' എന്ന പുസ്‌തകത്തിൽ കേരളത്തിലെ ഗോത്രവിഭാഗങ്ങളുടെ എണ്ണം 41 എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ പലതരത്തിൽ ഗോത്രവിഭാഗക്കാരുടെ കണക്കുകൾ പറയുന്നു.


പട്ടികജാതി പട്ടികവർഗം എന്നു പറയുന്നതിൽ പട്ടികവർഗത്തിൽപെടുന്നവരാണ് ഗോത്രവർഗക്കാർ, ഓരോ കാലഘട്ടത്തിലും പട്ടികവർഗത്തിൽപെട്ടവരെ പട്ടികജാതിക്കാരുടെ കണക്കിൽ പെടുത്തുന്നു. ഇതിൻ്റെ ഭാഗമായി പട്ടികവർഗക്കാരുടെ കണക്കുകൾ കുറഞ്ഞുവരുന്നു. നരവംശശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ജീവിത ശൈലിയെയും സംസ്ക്കാരത്തെയും മുൻനിർത്തിയാണ് പ്രധാനമായും വർഗീകരണങ്ങൾ നടത്തുന്നത്. ഇന്ന് പട്ടികജാതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പുലയ സമുദായം 1976 ന് മുൻപുള്ള കണക്കനുസരിച്ച് പട്ടികവർഗവിഭാഗമായിരുന്നു. ഇങ്ങനെ ഓരോ വർഷത്തെയും കണക്കുപ്രകാരം പട്ടികവർഗജനസംഖ്യയിൽ മാറ്റം വരുന്നുണ്ട്. 1974 ലെ കണക്കുപ്രകാരം 53 ഗോത്രവിഭാഗങ്ങളുണ്ടെന്ന് ഫീൽഡ് വർക്കിലൂടെ കെ.വേലപ്പൻ അഭിപ്രായപ്പെടുന്നു.അടിയർ മുതൽ ഇരുളർ വരെയുള്ള 53 വിഭാഗങ്ങളിൽ ഉൾപ്പെടുത്താത്തതായുള്ള വിഭാഗങ്ങളും കേരളത്തിലെ ഗോത്ര വർഗക്കാർക്കിയിലുണ്ട്. അല്ലർ,കൊപ്പാലൻ, കുറുമർ,മലയരയൻ,മലമലസർ,മലരൂപൻ,ഉള്ളാടൻ,തച്ചനാടൻമുപ്പൻ,വിഭവൻ,ഉരിഡവർ,കുണ്ടുവടിയർ,മലകുറുമ്പർ ഇങ്ങനെ പന്ത്രണ്ട് വിഭാഗങ്ങൾകുടി കണ്ടുവരുന്നു.


 പരാമർശിക്കപ്പെട്ട എല്ലാ ഗോത്രവിഭാഗങ്ങൾക്കും അവരവരുടേതായ വാമൊഴി ഭാഷയുണ്ട്. ഒട്ടുമിക്ക ദ്രാവിഡഗോത്രത്തിൽപെടുന്നവരുടെയും ഭാഷ മലയാളവുമായി അടുത്ത് നിൽക്കുന്നവയാണ് എന്ന് അഭിപ്രായമുണ്ട്. ഉൾക്കാടുകളിലും മലമ്പ്രദേശങ്ങളിലും ജീവിച്ചുപോരുന്ന ഗോത്രവർഗക്കാരെ ഗിരിവർഗ്ഗക്കാർ എന്നും വിളിക്കാറുണ്ട്. നിലഗിരിക്കുന്നുകളിലും പശ്ചിമഘട്ട മലനിരകളിലുമായി കാടിനോടും മലകളോടും ഇഴുകിചേർന്ന് ജീവിക്കുന്ന ഗോത വർഗ്ഗങ്ങളിൽ അധികപേരും കേരളത്തിലേക്ക് കുടിയേറിവന്നവരാണ്.അതുകൊണ്ടുതന്നെ കേരളത്തിലെ ഗോത്രവർഗക്കാരുടെ ഭാഷകളിൽ തമിഴിന്റെയും കന്നടത്തിൻ്റെയും സ്വാധീനംകാണാം. മലയാള ഭാഷയെക്കാൾ കൂടുതൽ പദങ്ങളും തമിഴിൽ നിന്നും കന്നടത്തിൽ നിന്നും സ്വീകരിച്ചതായി കണ്ടുവരുന്നു.




അട്ടപ്പാടിയിലെ ഗോത്രവർഗ്ഗക്കാർ


പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽപെട്ട അട്ടപ്പാടി സമുദ്രനിരപ്പിൽ നിന്നും 1200 മുതൽ 3000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു. അട്ടപ്പാടിയിലെ ഗോത്ര ജനങ്ങൾ ദിശകളെ അടിസ്ഥാനമാക്കി അട്ടപ്പാടിനെ നാലായി വിഭജിച്ചിട്ടുണ്ട്. കിഴക്കൻ അട്ടപ്പാടി, പടിഞ്ഞാറൻ അട്ടപ്പാടി, വടക്കൻ അട്ടപ്പാടി, തെക്കൻ അട്ടപ്പാടി കിഴക്കൻ അട്ടപ്പാടിക്കാരെ 'വെട്ടക്കാടാൻ' എന്നും പടിഞ്ഞാറൻ അട്ടപ്പാടിക്കാരെ 'നേത്തലക്കാരൻ' എന്നും, വടക്കൻ അട്ടപ്പാടിക്കാരെ "നാലൂര്കാര്' എന്നും, തെക്കൻ അട്ടപ്പാടിക്കാരെ 'അമ്മി നാടാര്' എന്നും വിളിച്ചുപോരുന്നു.


         2021 ലെ ഗവൺമെൻ്റിൻ്റെ കണക്കനുസരിച്ച് അട്ടപ്പാടിയിലെ മൊത്തം ജനസംഖ്യ 32770 ആണ്. ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന വിഭാഗം ഇരുളരാണ്. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ളത് കുറുമ്പരിലും. 100 ഇരുള ഊരുകളും 24 മുഡുഊരുകളും കുറുമ്പ ഊരുകളുമായി 193 ഊരുകളിലായി അട്ടപ്പാടിയിലെ ഗോത്ര ജനങ്ങൾ വസിക്കുന്നു. പത്തൊമ്പത് കുറുമ്പ ഊരുകൾ എന്നത് ഗവൺമെൻ്റിൻ്റെ കണക്കാണ്. എന്നാൽ 17 കുറുമ്പ ഊരുകളാണ് യഥാർത്ഥത്തിൽ ഉള്ളതെന്നും മൂലകൊമ്പ്), മൂലിടം എന്നീ രണ്ട് ഊരുകളിൽ മലകുറവരാണ് വസിക്കുന്നത്. ഇവർ ജനസംഖ്യയിൽ തീരെ കുറവായതിനാൽ കുറുമ്പരോട് ചേർക്കപ്പെടുകയാണ് ഉണ്ടായതെന്ന് കുറുമ്പ വിഭാഗത്തിൽപ്പെട്ട ആവേദകൻ സൂചിപ്പിക്കുന്നു കുറുമ്പരിൽ നിന്നും മലകുറുമ്പ സാംസ്ക്കാരികമായ വ്യത്യാസവും കാണുന്നുണ്ടെന്നും പറയുന്നു. അട്ടപ്പാടി കുറുമ്പർ ആദ്യകാലങ്ങളിൽ പാൽകുറുമ്പർ എന്നാണ് അറിയപ്പെട്ടിരുന്നത്.


          അടിസ്ഥാനപരമായി അട്ടപ്പാടിയിലെ ഗോത്രവർഗക്കാർ കുടിയേറ്റക്കാരാണ് ഇരുളവിഭാഗം മൈസൂരിൽനിന്നും കോയമ്പത്തൂരിൽനിന്നുമായി കുടിയേറിയ വരാണ്. അവരുടെ ഭാഷയിലും സംസ്ക്കാരത്തിലും ആ സ്വാധീനം കാണാൻ കഴിയുന്നു. കുറുമ്പരും മുഡുകരും ഏറെക്കുറെ ഒരേ സംസ്ക്കാരം പിന്തുടരുന്നവരാണ്. മിശ്രവിവാഹവും മിശ്രഭോജനവും ഇവർക്കിടയിൽ നിലനിൽക്കുന്നു. ഇരുളർ മറ്റു രണ്ടുവിഭാഗങ്ങളിൽ നിന്നും ഒറ്റതിരിഞ്ഞുനിൽക്കാൻ താൽപ്പര്യപ്പെടുന്നവരാണ്. ഭാഷാപരമായി മുഡുകരും കുറുമ്പരും ഐക്യപ്പെടുന്നതും കാണാം. ചെറിയവ്യത്യാസം മാത്രമേ ഇവരുടെ ഭാഷയിലും സംസ്ക്കാരത്തിലും കാണാൻ കഴിയൂ. നീലഗിരിക്കുന്നുകളിൽ മറ്റുമായി കുടിയേറിപാർത്ത ഇവരുടെ ഭാഷയിൽ തമിഴിൻ്റെയും കന്നടത്തിൻ്റെയും സ്വാധീനം കാണാം.



അട്ടപ്പാടി മുഡുഗരുടെ ജീവിതവും സംസ്ക്കാരവും

നീഗ്രോയ്‌ഡ് വംശത്തിൽപെട്ടവരാണ് അട്ടപ്പാടിയിലെ മുഡുഗർ. 24 ഊരുകളിലായി താമസിക്കുന്ന ഇവർ 18-ാം നൂറ്റാണ്ടോടുകൂടിയാണ് അട്ടപ്പാടിയിലേക്ക് കുടിയേറിയതെന്ന് കരുതപ്പെടുന്നു. "മുഡുഗരും കുറുമ്പരും ജ്യേഷ്‌ഠാനുജന്മാരുടെ മക്കളാണെന്ന വിശ്വാസവും ഇരുകൂട്ടർക്കുമിടയിൽ നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ ആചാരങ്ങളിലും വിശ്വാസങ്ങളിലും കാര്യമായമാറ്റം ഇരുവർക്കിടയിലും കാണുന്നില്ല. ഇരുകൂട്ടരും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും വിവാഹബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. വയനാട്ടിലെ ഊരാളികുറുമ്പരുമായി മുഡുഗർക്ക് സാമ്യമുണ്ട്. ഇരുളരെ അപേക്ഷിച്ച് മുഡുഗരുടെ ജനസംഖ്യയും വളരെ കുറവാണ്. മറ്റു രണ്ടുവിഭാഗങ്ങൾപോലെ മുഡുകരുടെ അധികാരഘടനയും ഊരുമൂപ്പനും കുറുദലയും വണ്ടാരിയും മണ്ണ്ക്കാരനും അടങ്ങുന്നതാണ്. 4 അധികാരസ്ഥാനങ്ങളിലിക്കുന്നവരുടെയും ചുമതലകൾ വിഭിന്നമാണ്. കൃഷിയുമായി ബന്ധപ്പെട്ട ചുമതലകൾ നിർവ്വഹിക്കുന്നത് മണ്ണ്ക്കാരനാണ്. വിത്തിടൽ, വിളവെടുപ്പ് ഇതിനെല്ലാം നേതൃസ്ഥാനത്ത് മണ്ണ്ക്കാരൻ ഉണ്ടാവണമെന്നാണ് ഊരുവ്യവസ്ഥ. ധനകാര്യം കൈകാര്യം ചെയ്യുന്നത് വണ്ടാരി. കുറുദല നിയമനടപടികൾ നടത്തിവരുന്നു. മുഡുഗർക്കിടയിൽ ഒമ്പത് വിഭാഗങ്ങളാണുള്ളത്.

1.വെള്ളക

2. കർട്ടിക

3. സമ്പാര്

4. കുറുനാഗര്

5. ദേവ്ണാര്

6. കുപ്ലിക

7. ആറ്‌ മുപ്പ്

8. കുപ്പാര്

9. പോരത്തികരാര് തുടങ്ങിയവയാണവ.

മറ്റുരണ്ട് ആദിവാസിസമൂഹത്തെപ്പോലെ മുഡുഗരും ഒരേ വിഭാഗത്തിൽ പെടുന്നവരെ വിവാഹം കഴിക്കാറില്ല. മന്ത്രശക്തിയിലും ആയോധനവിദ്യയിലും മറ്റും പ്രാഗൽഭ്യമുള്ളവർ മുഡുഗർക്കിടയിലുണ്ടായിരുന്നു. വീരനേതാക്കന്മാരായും ഇതിഹാസപുരുഷന്മാരായും മറ്റും മുഡുഗർ ഇന്നും ആരാധിച്ചുപോരുന്നു. അവരിൽ പ്രധാനികളായ നാലുപേരെ ഇന്നും ഭക്ത്യാദവോടെ ഓർമ്മിക്കുകയും ചെയ്യുന്നു. നാലുപേരിൽ ഒരാളായ ഒമ്മലകുപ്പൻമൂപ്പൻ ഇടഞ്ഞുനിൽക്കുന്ന ആനകളെപ്പോലും മന്ത്രംചൊല്ലി വിലക്കിയിരുന്നു എന്നും അരുളിക്കോണം കൊട്ടിക്കാളി എന്നയാൾ സ്വന്തം പേരിൽ അമ്പലമുണ്ടാക്കി വിഗ്രഹം കൊത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു. കായികബലത്തിൽ മികച്ചവരായിരുന്നു അരുളിക്കോണൻരേഷൻ, ഒമ്മലകിട്ട തുടങ്ങിയവർ. നാട്ടുവൈദ്യങ്ങളിലും മറ്റും പ്രഗൽഭരായവരും മുഡുഗർക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഔഷധകൂട്ടുകളെക്കുറിച്ചുള്ള അറിവിൻ്റെ കാര്യത്തിലും മന്ത്രതന്ത്ര അറിവുകളുടെ കാര്യത്തിലും മുഡുഗർ പുറകോട്ടുപോയിരിക്കുന്നു.


 മുഡുഗരുടെ ആചാരങ്ങളും വിശ്വാസങ്ങളും

കുറുമ്പരുടെ ആചാരങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും മുഡുഗർക്ക് വലിയ മാറ്റമില്ല. പ്രകൃതിയെയാണ് പ്രധാന ആരാധനാമൂർത്തിയായി കാണുന്നത്. ബഞ്ചിയമ്മ എന്നാണ് പ്രകൃതി ദൈവത്തെ അഭിസംബോധന ചെയ്യുന്നത്. വിഗ്രഹാരാധനയെ മുഡുഗർ അംഗീകരിക്കുന്നില്ല. ഇന്ന് ഇതിനെല്ലാം വലിയതോതിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. മതത്തെ വിശ്വസിക്കുന്നവരല്ല ഗോത്രവർഗ്ഗക്കാർ. മതത്തിനും ജാതിക്കുമപ്പുറത്തുള്ള വനവാസികളായാണ് ആദിവാസികൾ ജീവിച്ചുപോന്നിരുന്നത്. മറ്റു മതസ്ഥരുടെ അധിനിവേശം ഗോത്രജനതയെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ഹൈന്ദവവൽക്കരണത്തിന്റെ ഭാഗമായാണ് ബിംബാരാധനയും മറ്റും ആദിവാസികൾക്കിടയിൽ കടന്നുവരുന്നത്. ഇന്ന് ഹൈന്ദവവിശ്വാസത്തെയും ആരാധനയെയും അവർ അനുകരിക്കുന്നു.

മരിച്ചുപോയ ആത്മാക്കളെ ഇവർ വിശ്വസിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. ആത്മാക്കളെ ദൈവമായിക്കണ്ട് ആരാധിച്ചുപോരുന്നു. മരണം മനുഷ്യരുടെ അനുഗ്രഹമായി ഇക്കൂട്ടർ കാണുന്നു. മരണത്തിലൂടെ ഒരാൾ ദൈവമായിതീരുന്നു എന്നവർ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ മരിച്ചയാളെ സന്തോഷിപ്പിച്ചാൽ തങ്ങൾക്ക് സമൃദ്ധി കൈവരുമെന്നവർ വിശ്വസിക്കുന്നു. വിഷുവിനെ മുഡുഗർ ആരാധിക്കാറുണ്ട്. ഹിന്ദുമതവിശ്വാസപ്രകാരമുള്ള വിഷുദിനത്തിലല്ല ഇക്കൂട്ടർ വിഷു ആഘോഷിക്കുന്നത്. വിഷുകഴിഞ്ഞുള ദിവസം നടത്തുന്ന ചടങ്ങിൽ മരിച്ചവർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളും മറ്റും ഉൾപ്പെടുത്തുന്നു. മൂന്ന് നാല് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ പ്രധാനപൂജയും മരിച്ചവർക്കുള്ളതാണ്. ഇതിനെ 'പച്ചസാവ്' എന്നാണ് മുഡുഗരും കുറുമ്പരും പറയുന്നത്. ഇരുളരിതിനെ 'കഞ്ഞിചീര്' എന്നാണ് പറയുന്നത്. ഇരുളരെയും കുറുമ്പരെയുംപോലെ മുഡുഗർക്കും ഇഷ്‌ടദൈവം ശിവനാണ്.ശിവരാത്രി വളരെ ആഘോഷമായി നടത്തിവരുന്നു. ആദിവാസി ക്ഷേത്രമായമല്ലീശ്വരക്ഷേത്രം; അതിനു മുന്നിലായി സ്ഥിതിചെയ്യുന്ന മല്ലീശ്വരമുടി, മല്ലീശ്വരൻശിവനാണ്. ശിവൻ്റെ മുടിക്കെട്ട് രൂപത്തിൽ നിൽക്കുന്നതിനാലാണ് മല്ലീശ്വരപർവ്വതത്തിന് മല്ലീശ്വരമുടി എന്ന് പേരുവന്നത്. ആദ്യകാലങ്ങളിൽ ഇതിനെ'ശാമി മുടി' എന്നാണ് വിളിച്ചിരുന്നത്. അട്ടപ്പാടിയിലെ ഏറ്റവും വലിയ പർവതമാണ് മല്ലീശ്വരമുടി. മല്ലീശ്വരക്ഷേത്രത്തിൽ ഇരുളരാണ് പൂജ നടത്തുന്നതെങ്കിലും മല്ലീശ്വരമുടിയിൽ പോകുന്നതും പൂജ നടത്തുന്നതും മുഡുഗരാണ്.നാൽപ്പത്തൊന്ന് ദിവസത്തെ കഠിനമായ വ്രതം നോറ്റാണ് മലകയറാൻ പോകുന്നത്. മലകയറുന്ന മുഡുഗരെ മലമ്പൂജാരിമാരെന്ന് വിളിക്കുന്നു.ശിവരാത്രിക്ക് ഏഴ് ദിവസം മുമ്പ് മലമ്പൂജാരിമാർക്ക് വീടുമായിബന്ധമുണ്ടായിരിക്കില്ല. ഭവാനിപുഴയുടെ തീരത്താണ് അവർ കഴിയുക. പഴവും പാലും കാട്ടിലെ കായ്കനികളും മറ്റുമാണ് കഴിക്കുക. മറ്റ് ആചാരങ്ങളെല്ലാം കുറുമ്പരുടെതുതന്നെയാണ്. മലയിൽപോയി വിളക്ക് കൊളുത്തി തിരിച്ചുവരുന്ന മലമ്പൂജാരിമാരുടെ കയ്യിൽ മലയുടെ മുകളിൽ നിന്നും ശേഖരിച്ച വെള്ളമുണ്ടായിരിക്കും. അത് തീർത്ഥമായി മറ്റുള്ളവർ സ്വീകരിക്കുന്നു. ശിവരാത്രി കൂടാതെ പൊങ്കൽ, പുത്തരിയൂട്ട്, വിളവെടുക്കൽ, വിളവെടുപ്പ് തുടങ്ങിയ ആഘോഷങ്ങളും ഇവർ നടത്തിവരുന്നു. മഹാവിഷ്‌ണു, കൃഷ്ണൻ, രാമൻ തുടങ്ങിയ ദൈവങ്ങളിൽ ഇവർ വിശ്വസിക്കുന്നില്ല എങ്കിലും ഓണം വിഷു എന്നിവയെല്ലാം പുതിയതലമുറ ആഘോഷിച്ചുവരുന്നു.

വിത്തിടുന്ന ആഘോഷം (മുളുവ്) സാമത്തോട് (ചാമ) വായ്ത്തേപ്പ് (കുറുമ്പുല്ല്) സൊപ്പുതോട് (ചീര) ഇത്തരം വിത്തുകളാണ് കൂടുതലായും കൃഷിചെയ്യുന്നതിന് തൊട്ടുമുമ്പ് വിതക്കുന്നത്. മണ്ണ്ക്കാരൻ ആദ്യം സ്വന്തം പറമ്പിൽ വിത്തിറക്കി വിളവെടുത്ത് അവ ഒരു കലത്തിലേക്ക് വീഴുമാറ് കെട്ടിത്തൂക്കുന്നു. ഇത് വിളവെടുപ്പിൻ്റെ തുടക്കമായും ഉദ്ഘാടനവും കാണാം. തുടർന്ന് കൃഷി ചെയ്‌ത എല്ലാ വിളവിൽ നിന്നും ഓരോ പിടി സ്ത്രീ പുരുഷൻമാർ കൊണ്ടുവന്ന് മെതിച്ച് കുത്തിവറുത്ത് ചോറുണ്ടാക്കുന്നു. ഇതിനെ 'സാമെ കുഞ്ചി' എന്നു പറയും. ഇത് ഉണ്ടാക്കുന്നത് മണ്ണ്ക്കാരൻ്റെ വീട്ടിലാണ്. ഊരിലെ എല്ലാവരും ഈ ഭക്ഷണം കഴിക്കുന്നു. അതിനുശേഷം വിനോദങ്ങളിൽ ഏർപ്പെടുന്നു. ഇഷ്‌ടവിനോദം കൂത്താണ്. കൂത്തിന് പലവിഭാഗങ്ങളുണ്ട്. സ്വാമിയാട്ടം, കോമാളിക്കൂത്ത്, കളിക്കൂത്ത്, നാടകക്കുത്ത്, വള്ളിക്കൂത്ത്, ഹരിശ്ചന്ദ്രക്കുത്ത് എന്നിവയാണവ. വട്ടത്തിൽ നിന്ന് കളിക്കുന്ന കൂത്തിൽ പ്രധാന വേഷങ്ങൾക്ക് ഭാവാഭിനയമുണ്ട്. നാടകാവിഷ്ക്കാര കുത്തിൽ പ്രധാനവേഷങ്ങൾക്ക് കൂത്തിനിടയിൽ സദസ്യരെ രസിപ്പിക്കുന്നതിനായി കോമാളിവേഷക്കാരനുമുണ്ട്. കോമാളിക്ക് ഏതുവേഷവും കെട്ടാം. മനോധർമ്മമനുസരിച്ച് പക്ഷിമൃഗാദികളുടെയോ മനുഷ്യരുടെയോ എല്ലാ വേഷങ്ങൾ കെട്ടാം. കൂത്തിൽ പുരുഷന്മാർ മാത്രമേ പങ്കെടുക്കാറുള്ളൂ. സ്ത്രീവേഷം കെട്ടുന്നവരും പുരുഷന്മാരാണ്. രാത്രികാല ങ്ങളിലാണ് കൂത്ത് നടത്തിവരുന്നത്. കിരീടവും ചിലങ്കയും നിർബന്ധമായും കൂത്തുനടത്താൻ ആവശ്യമാണ്. ചെണ്ട, പറ, കുഴൽ, ചിലങ്ക, ദവിൽ, താള തുടങ്ങിയ വാദ്യോപകരണങ്ങളാണ് കൂടുതലായും കൂത്തിനുപയോഗിക്കുന്നത്.

 മുഡുഗരുടെ വിവാഹം

പലതരത്തിലുള്ള വിവാഹരീതികൾ മുഡുഗരിലുണ്ട്. എല്ലാവരും അറിഞ്ഞുള്ള വിവാഹം, ഇഷ്‌ടപ്പെട്ട ആളിനൊപ്പം നാടുവിട്ടുപോകൽ, നിശ്ചയം കഴിഞ്ഞ് ദീർഘനാൾക്കുശേഷമുള്ള വിവാഹം, മുറച്ചെറുക്കനും മുറപ്പെണ്ണു മായുള്ള വിവാഹം. ഇവയിൽ ഏതും സ്വീകരിക്കാവുന്നതാണ്. മുൻപ് പറഞ്ഞുറപ്പിച്ച വിവാഹമാണെങ്കിൽ വിവാഹം കഴിക്കാൻ പോകുന്ന ആൾ പെണ്ണിന്റെ വീട്ടിൽപോയി വിറകു കീറിക്കൊടുക്കുകയും കൃഷിചെയ്ത് വിളവെടുത്ത് സാമർത്ഥ്യം തെളിയിക്കുകയും വേണം. ഇതെല്ലാം ചെയ്തുകൊടുത്തതിനുശേഷം പെൺകുട്ടിക്ക് ഇഷ്‌ടമില്ലെങ്കിൽ വിവാഹം നടക്കില്ല. ഇഷ്ടപ്പെട്ട് നാടുവിട്ടുപോയവരാണെങ്കിൽ കുറെ ദിവസങ്ങൾക്ക് ശേഷം തിരിച്ചുവന്നാൽ ഊരിലുള്ളവർ അവരെ സ്വീകരിക്കുന്നു. എല്ലാവരുടെയും ഇഷ്ടപ്രകാരം മൂപ്പൻ്റെ അനുവാദത്തോടെ വിവാഹം നടത്തികൊടുക്കുന്നു. വിവാഹത്തിന് വരൻ്റെ വീട്ടുകാർ വധുവിൻ്റെ വീട്ടുകാർക്ക് നൂറ്റിയൊന്നേകാൽ രൂപ പെൺപണം നൽകണം. ഇങ്ങനെ നൽകുന്ന പെൺപണത്തെ "ഭരിയപ്പണകെട്ട്റാത്' എന്നു പറയുന്നു. എവിടെ വച്ചാണോ പെൺപണം നൽകപ്പെടുന്നത് ആ ഇടത്തെ 'ഭരിയപ്പണകെട്ടറസല' എന്നു പറയുന്നു. ഈ പെൺപണം കൂടാതെ വരൻ്റെ വീട്ടുകാർ കൃഷി ചെയ്‌ത വിളയുടെ ഒരു ഭാഗവും കൊടുക്കുന്നു. പറഞ്ഞുവച്ച തുക മുഴുവൻ കൊടുക്കുന്നതിനുമുമ്പായി പെണ്ണോ ചെറുക്കനോ മരണപ്പെടുകയാണെങ്കിൽ മൂപ്പൻ, വണ്ടാരി, കുറുതല, മണ്ണ്ക്കാരൻ ഈ നാലുഭരണാധികാരികളുടെയും മധ്യസ്ഥതയിൽ തുക ചെറുക്കൻ വീട്ടുകാരിൽ നിന്നും പെൺവീട്ടുകാർക്ക് വാങ്ങിനൽകുന്നു.

വയസറിയിക്കൽ ചടങ്ങ്

ആദിവാസികൾക്കിടയിൽ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഋതുമതിയാകുന്ന ചടങ്ങ്. ഋതുമതിയായ പെൺകുട്ടിയെ മറ്റൊരു ഇടമൊരുക്കി മാറ്റിയിരുത്തുന്നു. അവളോടൊപ്പം പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടി കളെകൂടി കൂട്ടുകിടത്തുന്നു. എല്ലാ സമയത്തും അവളോടൊപ്പം രണ്ടു പെൺകുട്ടികളും ചെലവഴിക്കുന്നു. ഋതുമതിയായ പെൺകുട്ടിയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് കൂടെയുള്ള രണ്ടുപേരാണ്. ഋതുമതിയാകുന്നത് അശുദ്ധിയല്ല; വിശുദ്ധമാണെന്ന് അറിയിക്കാനും അവൾക്ക് വിശ്രമം കൊടുക്കാനും, അവളെ സമൂഹത്തിന്റെ ശ്രദ്ധാവിഷയമാക്കാനുമാണ് ഈ പരിചരണം. രണ്ട് മരകൊമ്പുകൾ പ്രകൃതിയുടെ പ്രതീകമായി കിടക്കുന്ന മുറിയിൽ കൊണ്ടുവന്നു വയ്ക്കുന്നു. ഏഴ് ദിവസത്തിനുശേഷം ഋതുമതി കല്യാണവും നടത്തുന്നു. ആർത്തവദിവസങ്ങളിലെ മൂന്നു ദിവസം വിശ്രമത്തിനായി അവളെ മാറ്റിയിരുത്തുന്നു.

മരണാനന്തര ചടങ്ങുകൾ

ഊരിലെ ഒരു വ്യക്തി മരിച്ചാൽ ബന്ധുക്കളെ അറിയിക്കാൻ ഊരുമൂപ്പൻ ഊരിലെ ആൺകുട്ടികളെ മറ്റു ഊരുകളിലേക്ക് പറഞ്ഞയക്കുന്നു. മരിച്ചയാളുടെ ദേഹത്ത് തലയുൾപ്പെടെയുള്ള ഭാഗങ്ങളിൽ മഞ്ഞൾതേച്ച് കഴുകിയതിനുശേഷം നല്ലെണ്ണ തേച്ചു കുളിപ്പിക്കുന്നു. തമിഴ് ശവസംസ്ക്കാര രീതികൾ മുഡുകർക്കിടയിലും കാണാം. മരിച്ചയാളുടെ നെറ്റിയിൽ പ്ലാവില ഒട്ടിച്ച് നാണയങ്ങൾ ഒട്ടിച്ചുവയ്ക്കും. തുടർന്ന് മരണത്തോടനുബന്ധിച്ച ആട്ടവും പാട്ടും ഉണ്ടായിരിക്കും. മൃതദേഹം മറവുചെയ്യുന്ന സ്ഥലം വരെ മുന്നിൽ ഒരാൾ നടന്ന് ധാന്യങ്ങൾ വിതറുന്നു. തുടർന്ന് മറവുചെയ്‌ത മണ്ണുകൂമ്പാരത്തിനുമുകളിൽ ഒരു കല്ല് കുത്തിനിർത്തി റാഗികൊണ്ടുണ്ടാക്കിയ അടയും വെള്ളവും വയ്ക്കുന്നു. ആത്മാവിന് വിശക്കുകയോ ദാഹിക്കുകയോ ചെയ്യാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. മറവുചെയ്‌തശേഷം മരിച്ചയാളുടെ വീട്ടിൽ കയറിയതിനുശേഷം മാത്രമാണ് അവരവരുടെ വീടുകളിലേക്ക് പോവുകയുള്ളു.

മുഡുഗരുടെ ഭാഷ

കുറുമ്പ ഭാഷയിൽ നിന്നും കുറച്ചുകൂടി ലളിതമായ ഭാഷയാണ് മുഡുഗരുടെ ഭാഷ. വിദ്യാഭ്യാസം ഭാഷയിൽ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. കന്നഡത്തിന്റെയും തമിഴിന്റെയുമെല്ലാം സ്വാധീനമാണ് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് മലയാളത്തിന്റെ സ്വാധീനം പ്രകടമായി കാണാം. പുതുതലമുറയിൽ പെട്ടവരാണ് ഏറിയപങ്കും മലയാളത്തെ കൂട്ടുപിടിക്കുന്നത്. മുഡുഗരുടെ ഭാഷയിലെ ചില വാക്കുകളും വാക്യങ്ങളും പഠനത്തിൻ്റെ ഭാഗമായി ചേർത്തിട്ടുണ്ട്. അവയിൽ 'പ' എന്ന മലയാള അക്ഷരത്തോട് സമാനമായി അവർ ഉപയോഗിക്കുന്നത് 'ഫ' എന്ന അക്ഷരമാണ്. അതുപോലെ 'വ' ക്കുപകരം 'ബ' എന്ന അക്ഷരമാണ് കൂടുതലായും ഉപയോഗിച്ചുവരുന്നത്. വിളക്കിനെ 'ബ്ളാക്ക്' എന്നു പറയുന്നത് പാട്ടിനെ 'ഫാട്ട്' എന്നു പറയുന്നത് വരുന്നു എന്നതിനെ 'ബരുവെ' എന്നു പറയുന്നത് എല്ലാം തന്നെ മലയാള ഭാഷയിൽ നിന്നും ആദിവാസി ഭാഷകളിലേക്ക് എത്തപ്പെടുമ്പോഴുണ്ടാകുന്ന ഭാഷാവൈവിധ്യങ്ങളെ മനസ്സിലാക്കി തരുന്നു. മലായളത്തിൽ നിന്നും തമിഴിൽ നിന്നും കന്നഡത്തിൽ നിന്നും കടംകൊണ്ട് പദങ്ങൾക്ക് പുറമേ മറ്റു ഭാഷകളിൽ നിന്നെല്ലാം വ്യത്യസ്തമായി ജദ്ദ്, അഗ്, ആങ്ക് എച്ചെ എന്നീ വാക്കുകൾ കാണുന്നു. ശബ്ദത്തെയാണ് ജദ്ദ് എന്ന് പറയുന്നത്. ജദ്, അഗ്റ എന്നത് മലയാളത്തിൻ്റെ തന്നെ പ്രാകൃതഭാഷാരൂപമായിരിക്കാം എന്ന് അനുമാനിക്കാവുന്നതാണ്. ശബ്ദത്തെ ചദ്ദം, ജദ്ദം എന്നെല്ലാം ദലിത് ഭാഷാപ്രയോഗങ്ങളിൽ വാമൊഴിയായി ഉപയോഗിച്ചിരുന്നെന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ജദ്ദ് എന്ന വാക്ക് പ്രാകൃതമലയാളമായി തന്നെ കാണാവുന്നതാണ്. അതുപോലെ കരയുന്നു എന്നർത്ഥത്തിൽ ആദിവാസി ഭാഷയിൽ പറയുന്ന 'അഗ്' എന്ന വാക്ക് അലറുക എന്ന വാക്കിനോട് സാമ്യമുണ്ട്. എന്നാൽ 'ആങ്ക് എച്ചെ' എന്ന വാക്യം സ്വതന്ത്രമായി നിലിനിൽക്കുന്നു. തമിഴിനോടൊ കന്നടത്തിനോടൊ ഈ വാക്യത്തിന് സാമ്യമില്ല. അതുകൊണ്ടു തന്നെ ആദിവാസിഭാഷയുടെ തനത് സ്വത്വമായി ഇത്തരം അപൂർവ്വ വാക്യങ്ങളെയും വാക്കുകളെയും കാണാവുന്നതാണ്.


ഗ്രന്ഥസൂചി


കരുണാകരൻ സി കെ., ആദിവാസികളുടെ ലോകം വനവാസികൾ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2014

വയലേരി കുമാരൻ (ഡോ), ആദിവാസി വിഞ്ജാനനിഘണ്ടു, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2012

വേലപ്പൻ കെ., ആദിവാസികളും ആദിവാസി ഭാഷകളും, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം,1994

സീലിയ തോമസ് പെരുമ്പനാനി, കേരളത്തിലെ ആദിവാസികളും ജീവിതവും സംസ്കാരവും, കറൻ്റ് ബുക്സ്,കോട്ടയം, 2010

ST Development Office, palakkad


ആവേദകസൂചി

മാണിക്യൻ( 44) , കുറക്കത്തിക്കല്ല്

രാമൻ(48) , മുക്കാലി

സായന്ദ് കെ.

ഗവേഷകൻ                                                                           മലയാള വിഭാഗം,

സർക്കാർ വനിതാ കോളേജ്, തിരുവനന്തപുരം

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍
ബിന്ദു എ എം.



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv 

ഇഷ്യു എഡിറ്റർ
tUm.tkXpe£van Fw Fkv .
FUntäm-dnb t_mÀUv 
AwK§Ä
ഡോ. സജീവ്കുമാർ.എസ്
ഡോ. ശ്രീലക്ഷ്മി.എസ്.കെ
ഡോ. രാമചന്ദ്രൻ പിള്ള.എം
ഡോ. അമ്പിളി. ആർ.പി
ഡോ. സംഗീത. കെ
ഷീന. എസ്
ഡോ. കാരുണ്യ വി. എം
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു. വി , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി.എം, ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
bottom of page