നാടും നാട്ടുവൈദ്യവും ആത്രേയകത്തിൽ.
- GCW MALAYALAM
- 3 days ago
- 4 min read
Updated: 1 day ago
ഡോ. സിന്ധു അന്തർജനം

മനുഷ്യ ജീവിതത്തിന്റെ വൈകാരിക ചരിത്രമാണ് നോവൽ. ഇന്നത്തെ നോവലുകളെ സംബന്ധിച്ച് നോക്കിയാൽ കേവലം കഥ അറിയാനുള്ള ആകാംഷയല്ല വായനക്കാരനെ ഇന്ന് ആകർഷിക്കുന്നത്. ആദ്യകാല നോവലുകളിൽ നിന്ന് ബഹുദൂരം പിന്നിട്ടാണ് ഇന്ന് ഓരോ നോവലും പിറവി കൊള്ളുന്നത്. കേവലം കഥ പറച്ചിലുകൾക്കപ്പുറം കൃതിയെ വീണ്ടും വീണ്ടും വായിക്കാനും അപഗ്രഥിക്കാനും പ്രേരിപ്പിക്കും വിധം വാക്കുകളിൽ നിന്നും രൂപകങ്ങളിൽ നിന്നും പുതിയ അർത്ഥങ്ങൾ ലഭിക്കുന്ന ധ്വനി സാന്ദ്രങ്ങളാണ് പല നോവലുകളും. ഇതിഹാസ പുരാണാദികളിൽ അപ്രസക്തരായ കഥാപാത്രങ്ങളും വിശദമാക്കാത്ത ഏടുകളും പുതു വായനകൾക്ക് ഇടമുള്ള തരത്തിൽ പുനരാഖ്യാനം നടത്തിയിരിക്കുന്നു. അധികാരത്തിന്റെ ക്രൂരതയും ഹിംസാത്മകതയും ജാതി ലിംഗ വർഗ്ഗ ദളിത് വിവേചനങ്ങളും എല്ലാം അവർ തങ്ങളുടെ കഥാപാത്രസൃഷ്ടിയിലൂടെ അനുവാചകരിൽ എത്തിക്കുന്നു. ആ തരത്തിൽ മഹാഭാരതത്തിലെ നിരമിത്രൻ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി ആർ രാജശ്രീ എഴുതിയ അത്രേയകം എന്ന നോവലിലെ മനുഷ്യരേയും നാടിനേയും നാടോടി വാങ്മയങ്ങളേയും നാട്ടു ചികിത്സാ രീതികളെയും പഠനവിധേയമാക്കുകയാണ് ഇവിടെ.
താക്കോൽ വാക്കുകൾ :ഫോക് ലോർ, നാടോടി വൈദ്യം, സാംസ്കാരിക അധിനിവേശം,
തമസ്ക്കരിക്കപ്പെട്ടവർഅധികാരവും സാംസ്കാരിക അധിനിവേശവും ഈ കൃതിയിലെ പ്രധാന പ്രമേയങ്ങളാണ്. എല്ലാക്കാലത്തും ഭരണകൂടത്തിന്റെ അധികാരവ്യവവസ്ഥകൾ ജനങ്ങളെ ദുരിതത്തിലാക്കുന്ന അവസ്ഥയുണ്ടായിരുന്നു. ചരിത്രങ്ങൾ എപ്പോഴും രാജാക്കമാരുടെ പേരിലാക്കാനാണ് അധികാരികളും സ്തുതിപാഠകരും ശ്രമിക്കുന്നത്. ഈ തരത്തിലുള്ള വ്യവസ്ഥകളെയും നീയമവാഴ്ചകളെയും ചോദ്യം ചെയ്യാനും ചിന്തിപ്പിക്കാനും പ്രേരിപ്പിക്കുന്ന കൃതിയാണ് ആത്രേയകം. തമസ്ക്കരിക്കപ്പെട്ട കഥാപാത്രങ്ങളെകൊണ്ട് നിരന്തരം പറഞ്ഞുറപ്പിച്ച ചരിത്രങ്ങളിൽ നിന്ന് വ്യതിചലിപ്പിച്ച് പുതിയ പാഠങ്ങളെ അനുവാചകരിലേക്ക് പകരാനുള്ള ശ്രമമാണ് ഈ നോവൽ. ഇത്തരം പാഠ നിർമ്മിതികളിലൂടെ പാർശ്വവൽക്കരിക്കപ്പെട്ട ജനതയെ ആഖാനത്തിന്റെ കേന്ദ്രത്തിലേക്ക് പ്രതിഷ്ഠിക്കാൻ കഥാകൃത്തിന് സാധിച്ചിട്ടുണ്ട്. വാമൊഴി വഴക്കത്തിലും ലിഖിതമായും ദൃശ്യകലകളായും ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിച്ചവയാണ് ഇതിഹാസങ്ങൾ. മഹാഭാരതവും രാമായണവും എല്ലാം ജനമനസ്സുകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നതിന് ഹേതു അവയിലെ കഥാപാത്ര ബാഹുല്യവും അനേകം പാഠങ്ങളും ആണ്. സാഹിത്യ കൃതികൾ എല്ലാം തന്നെ അതത് കാലവുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. ഫോക് ലോറും സാഹിത്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മൂന്നു തരം ബന്ധങ്ങളാണ് ഫോക് ലോറും സാഹിത്യവുമായി ഉള്ളതെന്ന് ആർച്ചർ ടെയ്ലർ വ്യക്തമാക്കുന്നു. 1. മിക്ക സംസ്ക്കാരങ്ങളിലും ഫോക് ലോറിനെ സാഹിത്യത്തിൽ നിന്ന് വേർതിരിച്ച് മനസ്സിലാക്കാൻ പ്രയാസമാണ്. 2. സാഹിത്യത്തിൽ ധാരാളമായി ഫോക് ലോർ കാണുന്നു. 3. സാഹിത്യകാരന്മാർ ഫോക്‌ലോറിനെ അനുകരിക്കുന്നു. (രാഘവൻ പയ്യനാട് , പുറം-22) ആധുനികാനന്തര നോവലുകളിൽ രണ്ടും മൂന്നും അഭിപ്രായങ്ങൾക്ക് സാധുതയുണ്ട്. തമസ്ക്കരിക്കപ്പെട്ട ജനതയെ കേന്ദ്രത്തിലേക്ക് പ്രതിഷ്ഠിച്ചു എന്നത് ആധുനികാനന്തര നോവലിന്റെ പ്രധാന സവിശേഷതയാണ്. ആത്രേയകം എന്ന നോവലിൽ പേരുകൾ അടയാളപ്പെടുത്താത്ത 71 അധ്യായങ്ങളാണുള്ളത്. അധ്യായങ്ങളോടൊപ്പം ഫലശ്രുതി, ജയം എന്നിവയിലൂടെ നിരമിത്രൻ എന്ന കഥാപാത്രത്തിന്റെ കാഴ്ചയിലൂടയും ഭാരത കഥയുടെ കാണാകാഴ്ചകളിലേക്ക് യാത്ര ചെയ്യുന്നു. നാടോടി വൈദ്യം, നാട്ടാചാരങ്ങൾ, നാട്ടു ചരിത്രങ്ങൾ, നാട്ടു കഥകൾ എന്നീ വിഭാഗങ്ങൾ കാണാം. ഈ വിഭജനങ്ങൾ ഫോക്‌ലോറിന്റെ വിഭാഗങ്ങൾ തന്നെയാണ്. നാന്ദിക്കു ശേഷം നോവൽ ആരംഭിക്കുന്നു. പാഞ്ചാലരാജാവായ ദ്രുപദന്റെ വംശത്തിന്റെയും രാജ്യത്തിന്റെയും ചരിത്രവർത്തമാനങ്ങൾ നിരമിത്രനിലൂടെ നോക്കിക്കാണുന്നു. മഹാഭാരതത്തിലെ എല്ലാ പ്രധാന കഥാസന്ദർഭങ്ങളുടെയും തലനാരിഴ കീറി അവയെ നിരമിത്രനിലൂടെ യുക്തിഭദ്രമാക്കി അടുക്കി വെയ്ക്കുന്നു. ജൈമിനി ഭാരതത്തിലെ വനപർവ്വമാണ് ആത്രേയകത്തിന്റെ ഭൂമിക. അനേകം അറിവുകളുടെ വിളനിലം. എല്ലാത്തരം മനസ്സുകൾക്കും രോഗങ്ങൾക്കും അവിടെ പ്രതിവിധിയുണ്ട്. മാനസികവും ശാരീരികവുമായ വീണ്ടെടുപ്പുകൾക്ക് ആത്രേയകം എന്ന നാട് പ്രധാന പങ്കു വഹിക്കുന്നു. ഒരു ചികിത്സാ ഭൂമിയും നാഗരികതയുടെ കരസ്പർശനമേൽക്കാത്ത ഇടവുമായാണ് നോവലിൽ അത്രേയകം പ്രത്യക്ഷമാകുന്നത്. എന്നാൽ നിലനിൽപിനായി നിരന്തരം പോരാട്ടത്തിലാണ് ആ നാട്. ഹസ്തിനത്തിലും പാഞ്ചാലത്തിലും ഉൾപ്പെടാതെ തിരസ്കൃതമായ ആത്രേയകം അറിവിന്റെയും അഭ്യാസത്തിന്റെയും കേന്ദ്രവും എല്ലാവരുടെയും അഭയസ്ഥാനവുമാണ്. ഓരോ ജനവിഭാഗത്തെയും വേർതിരിക്കുന്ന അനവധി ഘടകങ്ങളുണ്ട്. ആചാരവിശേഷങ്ങൾ അതിൽ പ്രധാനമാണ്. "ഒരു ജനസാമാന്യം പരമ്പരയായി അനുവർത്തിച്ചു പോരുന്ന അനുഷ്ഠാനപരവും അനുഷ്ഠാനേതരവുമായ ക്രിയാംശങ്ങളെ മുഴുവനും ഈ പദം കൊണ്ട് വ്യാപദേശിക്കുന്നു" (രാഘവൻ പയ്യനാട്, പുറം - 227) ചൂഡകനും ഇളയും എല്ലാം അവരുടെ ദേശത്തിന്റെ സ്വത്യത്തെ നേഞ്ചേറ്റുന്നവരാണ്. ബലൻ നാടോടിയാണെങ്കിലും അത്രേയകത്തിന്റെ അഭയത്തിൽ ആശ്വസിക്കുന്നവനാണ്. ഇള തങ്ങളുടെ വൈദ്യ പാരമ്പര്യത്തെ കൊണ്ടു നടക്കുന്നവളാണ്.
നാടോടി വൈദ്യം
ഫോക് ലോറിലെ ഒരു പ്രധാന ശാഖയാണ് നാടോടി വൈദ്യം രാഘവൻ പയ്യനാട് നാട്ടാചരങ്ങൾ എന്നതിൽ നാടോടി വൈദ്യത്തെ കുറിച്ച് പ്രതിപാദിക്കുന്നു.
"വിശ്വാസമാണ് നാടോടി വൈദ്യത്തിനടിസ്ഥാനം. നാടൻ ചികിത്സാ വിധിപ്രകാരം രണ്ട് തരം ചികിത്സകളുണ്ട് . ഒന്ന് പ്രത്യക്ഷമായ രോഗലക്ഷണത്തിനുള്ള ചികിത്സയും മറ്റൊന്ന് രോഗനിദാനത്തിനുള്ള ചികിത്സയും. നാടോടി വൈദ്യത്തിൽ പ്രധാനമായും ഉപയോഗിക്കുന്നത് നിദാന ചികിത്സയാണ്. ഓരോ രോഗത്തിനുമുള്ള കാരണത്തെക്കുറിച്ച് പാരമ്പര്യമായി ചില വിശ്വാസങ്ങളുണ്ട്. ഈ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചികിത്സ' ചികിത്സയെ രണ്ടായി തിരിക്കാം. പ്രാകൃതികം എന്നും അഭൗമം എന്നും. അഭൗമത്തിനെ മാന്ത്രികമെന്നും മതപരമെന്നും രണ്ടായി തിരിക്കാം. " ( രാഘവൻ പയ്യനാട് , പുറം 230 ) ആത്രേയ കത്തിൽ ഈ രണ്ടുതരം ചികിത്സകളെകുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ആത്രേയകത്തിൽ "വെളുത്ത പൂക്കളുള്ള മരം ചൂണ്ടിക്കാണിച്ച് ചൂഡകൻ ഇളയോട് ഇലകൾ നുള്ളിയെടുക്കാൻ പറഞ്ഞു. അവൾ കത്തിക്കു കൈ നീട്ടിയതും അയാൾ വിലക്കി: ' ഇരുമ്പ് തൊടരുത്. ഇലകൾ നുള്ളി മൺപാത്രത്തിലിട്ട് എണ്ണയൊഴിച്ച് കെട്ടിവെയ്ക്കുകയാണ് വേണ്ടത്. ഏഴു ദിവസം വെയിൽ കൊള്ളണം. അകത്തേക്കു കഴിക്കാനുള്ളതാണ്. അങ്ങേയറ്റം ശ്രദ്ധിക്കണം. എല്ലാ നിഷ്ഠകളും പാലിക്കണം ................ ശ്വേത കുടജ വ്രണങ്ങൾ ഉണങ്ങാൻ നല്ലതാണ്. നമ്മുടെ ചികിത്സയിൽ പലതും അംഗീകരിക്കില്ല. പരസ്യമായി അപമാനിച്ചിട്ടുമുണ്ട്. പക്ഷെ രഹസ്യമായി അവരിൽ പലരും നമ്മുടെയടുത്തു വരും. പഴുത്തൊലിച്ചും തൊലി പൊളിഞ്ഞും ........... എല്ലാം ചികിത്സയാണ്. വരുന്നവർക്ക് അവസ്ഥ ഭേദപ്പെടണം...... രോഗികൾക്ക് ഉച്ചനീചത്വങ്ങളില്ല. ഔഷധങ്ങൾക്കും ഇല്ല അത്. രോഗവും ഒരുവസ്ഥയാണ്........ ഒരുവസ്ഥയും ശാശ്വതമല്ല. അതുകൊണ്ടുതന്നെ ഒരു തവണ ഫലിച്ച ഔഷധം പിന്നീട് ഫലിക്കണമെന്നില്ല. ഔഷധങ്ങൾ പോലും സ്ഥിരസ്വഭാവികളല്ല. ഇന്നതേ ഔഷധമാകാവൂ എന്നില്ല" ( ആർ രാജശ്രീ , പുറം 50) മന്ത്രവാദവും മരുന്നും എല്ലാം ചികിത്സയുടെ ഭാഗങ്ങൾ ആയിരുന്നു. മരുന്നിനേക്കാൾ അവർക്കുള്ള വിശ്വാസമായിരുന്നു ഫലം ചെയ്തിരുന്നത്. അതിനാൽ മന്ത്രവാദത്തോടൊപ്പം മരുന്നും നൽകുന്നതിനാൽ ചികിത്സ ഏറെയും ഫലപ്രദമായിരുന്നു. "അസുഖം മാറ്റുന്നതൊക്കെ ഔഷധമാണ്. വിശ്വാസമായാലും മന്ത്രമായാലും മരുന്നു കൂട്ടുകളായാലും. " ( ആർ രാജശ്രീ, പുറം. 52) ചികിത്സകൾക്കായി അനേകം പച്ചമരുന്നുകൾ നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ അവയുടെ ഔഷധ ഗുണങ്ങളെ കുറിച്ചും പ്രയോഗ രീതികളെ കുറിച്ചും അറിവുള്ളവർ വിരളമാണ്. എന്നാൽ പഴയ തലമുറകളിൽ പെട്ടവർക്ക് അതിനെ കുറിച്ച് നല്ല ജ്ഞാനം ഉണ്ടായിരുന്നു. ആത്രേയകത്തിൽ അത്തരമൊരു സന്ദർഭം വിശദീകരിക്കുന്നുണ്ട്. കൊട്ടാരങ്ങളിൽ നവവധുക്കൾക്കായി തയ്യാറാക്കുന്ന പാനീയം വിളയാത്ത ഗോതമ്പിന്റെ പാലിൽ ശർക്കര ചേർത്ത് പ്രത്യേകം വാറ്റിയെടുക്കുന്നതാണ്. മത്തുപിടിപ്പിക്കുന്ന ആ പാനീയത്തിൽ വൈദ്യ ഗ്രാമമായ ആത്രേയകത്തിന്റെ സവിശേഷമായ കൂട്ടും വേറേയും എന്തൊക്കെയോ ചേർക്കുന്നുണ്ടതിൽ. ആത്രേയകത്തിൽ നിന്നും കൊണ്ടുവരുന്ന ഔഷധ കൂട്ടുകളും പാത്രങ്ങളും വിറകുകളും ഉപയോഗിച്ച് വേണ്ട അളവിൽ രാജധാനിയിലെത്തി തയ്യാറാക്കും. കനൽ കെട്ടു തീർന്ന് അടുപ്പ് തണുത്തുറഞ്ഞു കഴിഞ്ഞ് പാത്രത്തോടെ ഭരണിയിലിറക്കി വായ മൂടികെട്ടി അടുപ്പിരുന്ന സ്ഥലം കുഴിച്ച് അതിലിറക്കി വെയ്ക്കും ഏഴു ദിനം കഴിഞ്ഞ് മൂടി തുറക്കുമ്പോൾത്തന്നെ...... കിടക്കയിൽ നിശാഗന്ധി മാതിരി താനെ വിടർന്നു വരും " ( ആർ. രാജശ്രീ, പുറം 46& 47)കേരളത്തിലെ കളരി മർമ്മ ചികിത്സയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ് നോവലിലെ ചികിത്സാ രംഗങ്ങൾ. നിരമിത്രന്റെ ചികിത്സകൾ, ദ്രൗപദിക്കു വേണ്ടിയുള്ള ഇളയുടെ ചികിത്സകൾ എല്ലാം വളരെ പ്രാധാന്യം അർഹിക്കുന്നവയാണ്.കുന്തിയുടെ നിർദ്ദേശ പ്രകാരം ഹസ്തിനത്തിലെത്തിയ ഇള തന്റെ വൈദ്യത്തിലുള്ള അറിവുകൾ പങ്കുവെയ്ക്കുന്ന സന്ദർഭങ്ങൾ നോക്കാം. "..... കുന്തി അവളെ പകച്ചു നോക്കി . പിന്നെ ഒന്നും സംഭവിക്കാത്ത മട്ടിൽ ചോദിച്ചു: പ്രസവിച്ച സ്ത്രീകളെപ്പോലും കന്യകമാരാക്കുന്ന ഒരു ഔഷധം അത്രേയകത്തിലുണ്ടെന്നു കേട്ടിട്ടുണ്ട്. അത് പ്രയോഗിച്ച് വിജയിച്ചവരെയും അറിയാം. തദ്ദേശീയയായിട്ടും ചികിത്സകയ്ക്ക് അതറിയില്ലേ?ഇള തല കുനിച്ചു. അത്രയ്ക്ക് അടിയന് ജ്ഞാനം പോര മഹാറാണി. എന്നാലും ഉണങ്ങിയ നെല്ലിക്കയും കടുക്കത്തോടും താമരവളയവും തേനുമായി ഒരു പ്രയോഗമുണ്ട്......... ആത്രേയകത്തിൽ പൂർവ്വികർ ചെയ്തിരുന്നതായി കേട്ടിട്ടുണ്ട്...... രഹസ്യമായി പല പല രാജകൊട്ടാരങ്ങളിലുമായിരുന്നു. പ്രസവം കഴിഞ്ഞ രാജകുമാരിമാർ പലരും കന്യകമാരായി ഭർത്തൃഗൃഹങ്ങളിലേക്ക് പോയിരുന്നത് അവയുടെ പ്രഭാവത്താലായിരുന്നത്രേ."(ആർ രാജശ്രീ, പുറം. 268) പാരമ്പര്യമായി ലഭിക്കുന്ന അറിവാണ് ഇവിടെ ചികിത്സയ്ക്ക് സഹായിക്കുന്നത്. ചികിത്സകർ നല്ല പ്രകൃതി നിരീക്ഷകരും അനുഭവസമ്പന്നരുമായിരിക്കണം. നാട്ടുചികിത്സക്ക് അവ അടിസ്ഥാനമായി വർത്തിക്കും.സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെട്ട ജനവിഭാഗത്തിന്റെ പ്രതിനിധികളാണ് ചൂഡകനും ഇളയുമെല്ലാം. പാരമ്പര്യമായി കൈമാറി വന്ന ഏതൊരറിവും ഫോക് ലോറിന് വിഷയമാകുന്നു. ഇള ഇന്ദ്രപ്രസ്ഥത്തിലേക്ക് യാത്ര തിരിക്കുമ്പോൾ ചൂഡകൻ അത്യാവശ്യം വേണ്ടി വരുന്ന മരുന്നു കൂട്ടുകൾ അടങ്ങിയ ഭാണ്ഡം അവളെ ഏൽപ്പിച്ചിരുന്നു.കൃഷ്ണയെ ചികിത്സയ്ക്ക് വിധേയമാക്കുമ്പോൾ അവൾ പറയുന്നുണ്ട് " .......ചില നേരം മനസ്സും ശരീരവും ഒന്നുതന്നെയാണ് എന്നറിയണം....... ഔഷധങ്ങൾ സ്വന്തം നിലയ്ക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കില്ല. ....... ആദ്യം എന്നെയും എന്റെ അറിവിനെയും വിശ്വസിക്കണം. പുനർനവയും കരിങ്കൂവളപ്പൂവിന്റെ അകവിതളും പൊൻ കുറിഞ്ഞിയും നറുനീണ്ടിക്കിഴങ്ങും ചേർത്തു വാറ്റിയെടുത്ത ഈ തൈലത്തിൽ ....... ശരീരത്തെ സൗന്ദര്യപൂർണ്ണമാക്കി നിലനിർത്തുന്നതിനുള്ളതാണ് " (ആർ രാജശ്രീ, പുറം 269,270) ഇത്തരത്തിലുള്ള ധരാളം നാടൻ ചികിത്സാ രീതികൾ ആത്രേയകത്തിൽ കാണാം. ഫോക് ലോറിന്റെ പഠന മേഖലകളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന നാട്ടു വൈദ്യവും നാടും നാടോടി കഥകളും എല്ലാം ആത്രേയത്തിൽ നിറഞ്ഞു നിൽക്കുന്നു. നാട്ടറിവിൽ പഴമയും തനിമയും പാരമ്പര്യവും എല്ലാം ഉൾച്ചേർന്നിരിക്കുന്നു. വിപുലമായ പഠന സാധ്യതകളുള്ള ഒരു മേഖലയാണ് നാട്ടറിവുകൾ. അതിന്റെ ഭാഗമായ നാട്ടു തവെദ്യത്തെയും പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്.ഫോക് ലോറിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയാണ് നോവലിൽ അവതിരിപ്പിച്ചിരിക്കുന്നത്. എല്ലാ മനുഷ്യരുടെ ഉള്ളിലുമുള്ള കാടിനെ കാട്ടിത്തരാനും നൈസർഗ്ഗികമായി മനുഷ്യന്റെ ഉള്ളിലുള്ള ജ്ഞാനാംശത്തെ ആവിഷ്ക്കരിക്കാനും ആണ് നോവലിസ്റ്റ് ശ്രമിച്ചത്.
ഗ്രന്ഥസൂചി
1. ആർ രാജശ്രീ , ആത്രേയകം, മാതൃഭൂമി ബുക്ക്സ്, കോഴിക്കോട്, 2024
2. രാഘവൻ പയ്യനാട്, ഫോക്‌ലോർ , കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് , തിരുവനന്തപുരം, 1992
3 സന്തോഷ് എച്ച്.കെ. ഫോക്‌ലോർ വഴിയും പൊരുളും , സംസ്കൃതി പബ്ലിക്കേഷൻ, കണ്ണൂർ 2004
Comments