top of page

തേവാരപ്പാട്ടുകൾ

 രാജി ടി.എസ്.
സംഗീതം

കർണാടക സംഗീത ചരിത്ര പഠനത്തിൽ ഒഴിവാക്കാനാവാത്ത സംഗീത ഭൂമികയാണ് പുരാതന തമിഴ് സംഗീതം. 500 BCE മുതൽ 200 CE വരെയുള്ള സംഘകാലഘട്ടമാണ് പുരാതന തമിഴ് സംഗീതത്തിന്റെയും കാലമായി പൊതുവിൽ ഗണിക്കപ്പെടുന്നത്. പ്രാചീന തമിഴ് വ്യാകരണ കൃതികളായ തോൽകാപ്പിയം, ആന്തോളജി വിഭാഗത്തിൽ പെടുത്താവുന്ന പത്തുപാട്ട്’, എട്ടുപാട്ട്, എട്ടുത്തോെഗൈ, പുറനാനൂറ്, അകനാനൂറ്, തുടങ്ങിയവ പുരാതന ദ്രാവിഡ ജനതയുടെ സാമൂഹിക ജീവിതത്തിന് സാക്ഷ്യം നൽകുന്നവയാണ്. ഇവയിൽ പ്രാചീന തമിഴ് ഭൂപ്രകൃതിയെ അഞ്ചു പ്രദേശങ്ങളായി അഥവാ തിണൈകളായി തരംതിരിച്ചിരുന്നതായി മനസ്സിലാക്കാം. ഓരോ തിണൈക്കും സവിശേഷമായ സംഗീതപരമ്പര്യം കൈമുതലായി ഉണ്ടായിരുന്നു. ചിലപ്പതികാരം പോലെയുള്ള പുരാതന തമിഴ് കൃതികളിൽ തമിഴ് സംഗീത സമ്പ്രദായത്തെ വിശദമായി വിവരിക്കുന്നുണ്ട്. ഇയൽ, ഇസൈ നാടകം എന്നീ ഭാഷാ-സംഗീത-നൃത്ത - നാടക സമ്പ്രദായങ്ങളെ സമഗ്രമായ രീതിയിൽ ചിലപ്പതികാരത്തിൽ പരാമർശിക്കുന്നു. ഏഴാം നൂറ്റാണ്ടിൽ പല്ലവരാജാവായിരുന്നു മഹേന്ദ്രവർമൻ ഒന്നാമനാൽ നിർമ്മിക്കപ്പെട്ടു എന്ന് കരുതുന്ന, സംഗീതസംബന്ധിയായ കുടുമിയാമലൈ ശിലാലിഖിതവും സംഗീതത്തിൻ്റെ വികാസപരിണാമചരിത്രത്തിലെ പ്രധാനപ്പെട്ട  നാഴികക്കല്ലാണ് . AD 750 ൽ നന്ദിവർമപല്ലവരാജാവിനാൽ തയാറാക്കപ്പെട്ട മറ്റൊരു ശിലാലിഖിതത്തിൽ ‘തിരുപ്പതിഗം’ പാടുക എന്നത് ക്ഷേത്രാചരമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് . ശൈവാരാധനാക്രമം പിന്തുടർന്ന ‘നയനാർമാരും’ വൈഷ്ണവാരാധനാക്രമം പിന്തുടർന്ന ‘ആഴ്‌വാർമാരും’ തങ്ങളുടെ മത - ആചാര - ഭക്തി വീക്ഷണങ്ങളുടെ പ്രചരണാർത്ഥം  സംഗീതത്തെ ഉപയോഗിച്ചു. തേവാരം അഥവാ ദേവാരം, നാലായിരം ദിവ്യപ്രബന്ധങ്ങൾ മുതലായവ ഇതിനുദാഹരങ്ങളാണ്.

 

തമിഴ് ഭക്തി പാരമ്പര്യത്തിലെ ആദ്യ മൂന്നു ശൈവസമയാചാര്യന്മാരായ തിരുജ്ഞാനസംബന്ധർ,  തിരുനാവുക്കരശർ സ്വാമികൾ (അപ്പർ), സുന്ദരമൂർത്തി നായനാർ എന്നിവർ രചിച്ച ശിവസ്തുതികളുടെ സമാഹാരമാണ് തേവാരം. ഓരോ സ്തുതികൾക്കും രാഗവും താളവും നിശ്ചയപ്പെടുത്തിക്കൊണ്ട് രൂപപ്പെടുത്തിയ, തമിഴിലെ ലഭ്യമായ ആദ്യകാല സംഗീത രചനകളാണ് ഈ സ്തുതിഗീതങ്ങൾ. ഇവരിൽ AD ഏഴാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ അപ്പരും , ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സംബന്ധരും, എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും എ.ഡി. ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലുമായി സുന്ദരമൂർത്തിനയനാരും ജീവിച്ചിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. നാലാം വയസ്സിൽ തന്നെ ശിവസ്തുതികൾ രചിച്ചു തുടങ്ങിയ ബാലപ്രതിഭയായാണ് സംബന്ധർ എന്ന് കരുതപ്പെടുന്നു. ആറാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിലുള്ള ഹിന്ദു നവോത്ഥാന കാലഘട്ടത്തിലെ 12 തമിഴ് ശൈവ സ്തുതികളുടെ സമാഹാരമാണ് 'പന്നിരുതിരുമുറൈ'. സാഹിത്യമേന്മ കൊണ്ടും സംഗീതവൈശിഷ്ട്യം കൊണ്ടും പ്രധാനപ്പെട്ട രചനയാണിത്. പന്നിരു തിരുമുറൈയിലെ , ആദ്യത്തെ മൂന്നു സമാഹാരങ്ങൾ സംബന്ധരുടേതാണ്. അടുത്ത 3 തിരുമുറൈയിൽ  അപ്പരുടെ സ്തുതിഗീതങ്ങളും, ഏഴാമത്തെ തിരുമുറൈയിൽ  സുന്ദരരുടെ സ്തുതിഗീതങ്ങളും ഉൾപ്പെടുന്നു. തമിഴ് വേദങ്ങൾ എന്നപേരിലും അറിയപ്പെടുന്ന ദേവാരപ്പാട്ടുകൾ അവയുടെ രചനാകാലത്തിനു ശേഷം വിസ്മൃതിയിലാണ്ടുപോയിരുന്നു. ചോഴരാജവംശത്തിലെ പ്രമുഖനായിരുന്ന രാജരാജചോഴന്റെ കാലഘട്ടത്തിൽ ഇവയുടെ വീണ്ടെടുക്കൽ പ്രക്രിയ നടന്നു. രാജാവിന്റെ താല്പര്യപ്രകാരം ചിദംബരത്തിനടുത്തുള്ള തിരുനാറൈയൂരിൽ ജീവിച്ചിരുന്ന നമ്പിയാണ്ടാർ നമ്പിയാണ് ചിദംബരത്തിലെ നടരാജക്ഷേത്രത്തിന്റെ അറകളിൽ നിന്നും താളിയോലകളിൽ എഴുതി സൂക്ഷിച്ചിരുന്ന തേവാരപ്പാട്ടുകൾ കണ്ടെടുക്കുന്നത്. മൂലഗ്രന്ഥങ്ങൾ ലഭ്യമായെങ്കിലും അവയുടെ സംഗീത വ്യാഖ്യാനം (ഈണങ്ങൾ) കണ്ടെത്തുക എന്നത് വെല്ലുവിളിയായി.    തിരുജ്ഞാനസംബന്ധരുടെ സമകാലികനായിരുന്ന തിരുനീലകണ്ഠയാഴ്പാണരുടെ  പിൻതലമുറക്കാരിയിൽ നിന്നും ഈണങ്ങൾ ലഭ്യമായി എന്നൊരു കഥ കന്ദപുരാണം തിരുമുറൈയിൽ പരാമർശിക്കപ്പെടുന്നുണ്ട് .

 

തേവാരം പാടുന്നവരിൽ പ്രധാനിയായ വ്യക്തി ‘പണ്ടാരം / മൂലപണ്ടാരം’ എന്ന പേരിൽ അറിയപ്പെട്ടു. പണ്ടാരത്തിന് ദേവതുല്യമായ പ്രാധാന്യവും നല്കപ്പെട്ടിരുന്നു. ഇസൈതമിഴും നാടകതമിഴും അറിഞ്ഞിരുന്ന, ശിവനെയല്ലാതെ മറ്റൊരുദൈവത്തെയും ആരാധിക്കാത്ത, നിശ്ചയിക്കപ്പെട്ട  പണ്ണുകളിൽ (രാഗങ്ങൾ) നിന്നും അവ പാടുന്ന ക്രമത്തിൽ നിന്നും വ്യതിചലിക്കാത്ത, അക്ഷരശുദ്ധിയുള്ള, ഗായകദോഷങ്ങൾ ബാധിക്കാത്ത  ഭക്തശ്രേഷ്ഠനായിരിക്കും പണ്ടാരം എന്ന പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുക. ഈ ഗുരുക്കന്മാരിൽ നിന്നും വാമൊഴിയായി പിൻതലമുറകളിലേക്ക് തേവാരപ്പാട്ടുകൾ കൈമാറ്റം ചെയ്യപ്പെട്ടു. ശിവക്ഷേത്രങ്ങളിൽ വൈകുന്നേരത്തെ ഷോഡശ ദീപാരാധനയ്ക്കു ശേഷമാണ് തേവാരം ആലപിക്കപ്പെടുന്നത്. തേവാരം പാടുന്ന ഗായകൻ ഇന്നറിയപ്പെടുന്നത്  'ഓതുവർ' എന്നപേരിലാണ്. രചനകാലത്തു  നിശ്ചയിക്കപ്പെട്ട  രാഗങ്ങൾ അല്ലെങ്കിൽ പണ്ണുകൾ തന്നെയാണ് ഇന്നും ഇവർ പിന്തുടരുന്നത്. തേവരപ്പാട്ടുകളിൽ ഉപയോഗിച്ചിരുന്ന പണ്ണുകളുടെ (pan) എണ്ണത്തിൽ   21 / 24 / 27  എന്നിങ്ങനെ വ്യത്യസ്താഭിപ്രായം ഉണ്ടെങ്കിലും തിരുജ്ഞാനസംബന്ധരുടെ ഒരു ‘പതികം’ (പത്തോ പതിനൊന്നോ ഖണ്ഡങ്ങൾ ഉള്ള സ്തുതികൾ) അനുസരിച്ച് 21 പണ്ണുകൾ ആണ് നിലവിലുള്ളത്. 1949 മുതൽ 'തമിഴ് ഇസൈ സംഗം' പണ്ണുകളെ ആധാരമാക്കി ഗവേഷണശില്പശാലകൾ സംഘടിപ്പിച്ചു വന്നിരുന്നു. പാരമ്പര്യത്തിൽ  നിന്നും വ്യതിചലിക്കാതെ, എന്നാൽ വിഭിന്നങ്ങളായ ആലാപനസമ്പ്രദായങ്ങളെ സമീകരിച്ചുകൊണ്ട് പണ്ണുകളുടെ എണ്ണത്തിലും ഗുണത്തിലും മാറ്റം വരുത്താതെ ഏകീകരണം സാധ്യമാക്കുക എന്നതായിരുന്നു ഇത്തരം ശില്പശാലകളുടെ ലക്‌ഷ്യം. 21 / 24 പണ്ണുകൾ തേവാരം ആലാപനത്തിനായി ഉപയോഗിക്കുന്നു. പൺ അഥവാ രാഗങ്ങളെ തമിഴ് സംഗീതപാരമ്പര്യത്തിൽ പൊതുവായി മൂന്ന് തരത്തിൽ വർഗീകരിച്ചിരിക്കുന്നു. പകൽ പൺ (പകൽകാലത്ത് മാത്രം പാടേണ്ടവ), ഇരവ് പൺ (രാത്രികാലത്തു മാത്രം പാടേണ്ടവ), പൊതുപൺ (കാലഭേദമെന്യേ പാടാവുന്നവ). ഓരോ പണ്ണുകൾക്കും നാഴിക ക്രമത്തിൽ സമയക്ലിപ്തതയും നിശ്ചയിച്ചിട്ടുണ്ട്. പകൽ പൺ ഗണത്തിലുള്ള പണ്ണുകൾ ഓരോന്നിനും ആലാപനസമയം 3 നാഴികയാണ് (72 മിനിറ്റ്, 1 നാഴിക = 24 മിനിറ്റ്). ഇരവ് പൺ ഗണത്തിലുള്ള രാഗങ്ങൾ ഓരോന്നിനും മൂന്നേമുക്കാൽ നാഴികയാണ് (90 മിനിറ്റ്) ആലാപന സമയം. പൊതുപണ്ണുകൾക്ക് ആലാപനസമയം ബാധകമല്ല.

 

മൂവർ തേവാരത്തിന്റെ പതികങ്ങൾക്ക്  താളനിബദ്ധമായ മീറ്ററുകൾ (കട്ടളൈ) ഉണ്ടായിരിക്കും. ഹ്രസ്വാക്ഷരങ്ങളും (കുറിൾ  - തന) ദീർഖാക്ഷരങ്ങളും (നെടിൽ - താനാ) ചേർന്നാണ് മീറ്ററുകൾ ഉണ്ടാവുക. കട്ടളൈകൾ ആണ് ആദ്യം ഹൃദിസ്ഥമാക്കേണ്ടത്. അതിനു ശേഷം ഈണങ്ങളും. "പിത്താ പിറൈ സൂടി പെരുമാനേ അരുളാള" എന്നു  തുടങ്ങുന്ന, സുന്ദരമൂർത്തി നായനാർ രചിച്ച ഏഴാം തിരുമുറൈയിലെ പതികം  പരിശോധിക്കുമ്പോൾ അതിന്റെ കട്ടളൈ 'താനാ തന താന തന താനാ തന താന" എന്നതാണ് എന്ന് തിരിച്ചറിയാൻ സാധിക്കും.

 

മൂവർ തേവാര രചയിതാക്കളുടെ കാലഘട്ടത്തിൽ ക്ഷേത്രാചാരങ്ങളോടനുബന്ധിച്ചു വ്യത്യസ്ത തരം സംഗീതോപകരണങ്ങൾ ഉപയോഗിച്ചിരുന്നു. തിരുജ്ഞാനസംബന്ധരുടെ തേവാരപ്പാട്ടുകൾക്കു തിരുനീലകണ്ഠയാഴ്‌പാണർ  ഭാര്യ മദംഗസൂഴാമണിയോടൊപ്പം 'സഗോദയാഴ്'  എന്ന തന്ത്രിവാദ്യത്തിൽ അകമ്പടി നൽകിയിരുന്നു. കൈത്താളം (cymbal) താളാത്മകമായ അകമ്പടി നൽകിയിരുന്നു. വൈദീശ്വരൻകോയിലിലെ ഒരു ക്ഷേത്രത്തിൽ 32 തന്ത്രികളുള്ള ഒരു സംഗീതോപകരണം (സുരമണ്ഡലി) ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.തിരുവാടുതുറൈ ധർമ്മപുര ആദിനാമഠം  തുടങ്ങിയ  ചില ക്ഷേത്രങ്ങളിൽ, സാരംഗി എന്ന വാദ്യോപകരണം അകമ്പടിയായി ഉപയോഗിക്കുന്നുണ്ട്. തിരുനെൽവേലിയിലെ നെല്ലിയപ്പർ ക്ഷേത്രത്തിൽ സാരംഗ പാണി എന്ന വാദ്യോപകരണം തേവാരപ്പാട്ടിനൊപ്പം വായിച്ചിരുന്നതായി മനസ്സിലാക്കാം . തേവാരം പാടുമ്പോൾ  വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്ന രീതി നിലവിൽ മിക്ക ക്ഷേത്രങ്ങളിലും  ഉത്സവ സീസണുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മറ്റ് ദിവസങ്ങളിൽ, ആചാരങ്ങളുടെ സമയത്ത് കൈത്താളം മാത്രമേ വായിക്കുകയുള്ളൂ.

 

തേവാരപ്പാട്ടുകളിൽ ഓരോ ശ്ലോകത്തിന്റെയും അല്ലെങ്കിൽ പതിഗങ്ങളുടെയും അവസാന ശ്ലോകത്തിൽ, രചയിതാവിന്റെ മുദ്ര, സ്ഥലമുദ്ര എന്നിവ നൽകിയിരിക്കുന്നതായി കാണാം. അവസാന പാസുരങ്ങളിൽ സംബന്ധരും സുന്ദരരും തിരുക്കടൈകാപ്പ്  (മുദ്രചരണത്തിന് തുല്യം) ഉപയോഗിച്ചിട്ടുണ്ട് . ചിലതിൽ പണ്ണുകളുടെ പേരുകളും (രാഗമുദ്ര ) ഉപയോഗിച്ചിരിക്കുന്നു. തിരുജ്ഞാനസംബന്ദർ തന്റെ തേവാരങ്ങളിൽ സ്വനാമം മുദ്രയായി ഉപയോഗിച്ചിട്ടുമുണ്ട്. മുഴവ്, ഉടുക്കൈ, ജലാരി, ചച്ചരി , കൊക്കരൈ, തക്കൈ, തന്നുനൈ, തഗുണിച്ചം, കിണൈ, കുടമുള, തുടി, കൊടുകൊട്ടി, പറ, താളം, യാഴ്, പണി, വിണൈ, കിന്നരം, കുഴൽ, സിരുകുഴൽ തുടങ്ങിയ നിരവധി സംഗീതോപകരണങ്ങളെ കുറിച്ചു തേവാരപ്പാട്ടുകളിൽ  പരാമർശമുണ്ട്.ദേശിസംഗീത പാരമ്പര്യത്തിന്റെ ഉത്തമ മാതൃകയാണ് തേവാരപ്പാട്ടുകൾ. അക്കാലത്തെ സംഗീതസമ്പ്രദായങ്ങൾ, സംഗീതോപകരണങ്ങൾ, കലാകാരന്മാർക്ക് അന്നത്തെ സാമൂഹ്യവ്യവസ്ഥയിലെ പ്രാധാന്യം തുടങ്ങി സംഗീതസംബന്ധിയായ ഒട്ടനവധി വസ്തുതകളിലേക്ക് വിരൽ ചൂണ്ടുന്നവയാണ് തേവാരപ്പാട്ടുകൾ.

 

 

 

 

 

 

 

 

 

Comentários

Avaliado com 0 de 5 estrelas.
Ainda sem avaliações

Adicione uma avaliação
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍
ബിന്ദു എ എം.



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv 

ഇഷ്യു എഡിറ്റർ
tUm.tkXpe£van Fw Fkv .
FUntäm-dnb t_mÀUv 
AwK§Ä
ഡോ. സജീവ്കുമാർ.എസ്
ഡോ. ശ്രീലക്ഷ്മി.എസ്.കെ
ഡോ. രാമചന്ദ്രൻ പിള്ള.എം
ഡോ. അമ്പിളി. ആർ.പി
ഡോ. സംഗീത. കെ
ഷീന. എസ്
ഡോ. കാരുണ്യ വി. എം
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു. വി , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി.എം, ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
bottom of page