മലയാള സിനിമയിലെ ക്വീർ പ്രാതിനിധ്യത്തിന്റെ ഭാവി: ‘റെഡ്, വൈറ്റ് & റോയൽ ബ്ലൂ’ ചലച്ചിത്രത്തിൽ നിന്നുള്ള പാഠങ്ങൾ
- GCW MALAYALAM
- 4 days ago
- 8 min read
Updated: 3 days ago
രാഹുൽ ആർ.

സംഗ്രഹം:
മാത്യു ലോപ്പസിന്റെ 'റെഡ്, വൈറ്റ് & റോയൽ ബ്ലൂ' (2023) മലയാള സിനിമയിലെ എൽ.ജി.ബി.ടി.ക്യു.+ പ്രാതിനിധ്യത്തിന്റെ ഭാവിക്ക് ശക്തമായ ഒരു മാതൃക വാഗ്ദാനം ചെയ്യുന്നുവെന്ന് ഈ ലേഖനം വാദിക്കുന്നു. മലയാള സിനിമയിലെ ക്വീർ പ്രാതിനിധ്യത്തിന്റെ നാഴികക്കല്ലായ സിനിമകളുടെ പരിണാമത്തെയും പരിമിതികളെയും ഈ ലേഖനം പരിശോധിക്കുന്നു. ഒപ്പം വിമർശനാത്മക വിശകലനത്തിലൂടെ, ചില സിനിമയിലൂടെ സൃഷ്ടിച്ചെടുത്ത തെറ്റിദ്ധാരണകളെയും പ്രാതിനിധ്യ വിടവുകളെയും ലേഖനം തുറന്നുകാട്ടുന്നു. ഒപ്പം കേരളത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക സന്ദർഭത്തിന്റെ വിശാലമായ സാധ്യതകളെ മാനിച്ചുകൊണ്ട്, കലാപരമായ സമഗ്രതയോ, സാമൂഹിക പ്രസക്തിയോ ത്യജിക്കാതെ, മലയാളി ക്വിയർ പ്രമേയങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ചില സാധ്യതകളും ചൂണ്ടിക്കാണിക്കുന്നു.
താക്കോൽ വാക്കുകൾ:
ക്വീർ ക്വിയർ പ്രതിനിധാനങ്ങൾ - എൽ.ജി.ബി.ടി.ക്യു.+ സമൂഹം - മലയാള സിനിമ - മലയാള ക്വിയർ സിനിമ
ആമുഖം: സാക്ഷരതയിലും, വികസനത്തിലും പുരോഗമനപരമായ മുന്നേറ്റങ്ങൾ നടത്തിയതിന് പലപ്പോഴും ആഘോഷിക്കപ്പെടുന്ന കേരളം, ഇന്ത്യയിലെ മുഖ്യധാരാ സാമൂഹിക ജീവിതത്തിൽ എൽ.ജി.ബി.ടി.ക്യു.+ സമൂഹത്തെ സജീവമായി ഉൾപ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങളിലൊന്നാണ്. എന്നാൽ പൂർണ്ണമായും അവരെ ഉൾക്കൊള്ളാനും മലയാളി സമൂഹത്തോട് ചേർത്ത് നിറുത്താനും സാക്ഷര കേരളത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. മലയാളിയുടെ പുരോഗമനപരമായ പ്രതിച്ഛായയ്ക്കും, അവർ നിലകൊള്ളുന്ന സാമൂഹിക യാഥാർത്ഥ്യങ്ങൾക്കും ഇടയിൽ ഇന്നും വ്യക്തമായ വിടവുകളുണ്ടെന്ന വസ്തുതയാണ് സ്വവർഗാനുരാഗികളോടുള്ള ഈ വൈരുദ്ധ്യാത്മക നയം വിരൽചൂണ്ടുന്നത്. ആധുനിക മൂല്യങ്ങളോടുള്ള ബാഹ്യ പ്രതിബദ്ധത പ്രകടമാക്കുന്നെങ്കിലും പരമ്പരാഗത മാനദണ്ഡങ്ങളും, ഭിന്നലിംഗ കുടുംബ ഘടനകളും മലയാളിയുടെ സമൂഹ ഉപബോധത്തിൽ ആഴത്തിൽ വേരിറങ്ങിയിരിക്കുന്നു. സമൂഹം അതിന്റെ സാമൂഹിക ഘടനകളെ വ്യക്തമായ പുരുഷാധിപത്യ പ്രത്യയശാസ്ത്രത്തിനുള്ളിൽ ഉറപ്പിച്ചപ്പോൾ, ലൈംഗികതയും അതിന്റെ അതിരുകളിൽ വിധേത്വത്തോടെ നിലകൊള്ളുകയാണുണ്ടായത്. ഭിന്നലിംഗപരമായ ലൈംഗിക താത്പര്യം ഒഴികെയുള്ള ലൈംഗിക പെരുമാറ്റങ്ങളെല്ലാം തന്നെ വികലവും വികൃതവുമായി മുദ്രകുത്തപ്പെട്ടു. മാനസികമായ രോഗാവസ്ഥയായും, മനുഷ്യന്റെ ധാർമികബോധത്തിന് വിരുദ്ധമായ പാപഭാരമുള്ള തെറ്റായും അത് വിലയിരുത്തപ്പെട്ടു.
ലോകത്തിലെ ഏറ്റവും ജനപ്രിയമായ കലാരൂപങ്ങളിലൊന്നാണ് സിനിമ. സമൂഹത്തിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക വീക്ഷണങ്ങളെ രൂപപ്പെടുത്തുന്നതിൽ അതിന്റെ സ്വാധീനം നിഷേധിക്കാനാവാത്തതാണ്. സ്‌ക്രീനിൽ ചിത്രീകരിക്കപ്പെടുന്ന സാമൂഹിക, രാഷ്ട്രീയ, ധാർമ്മിക വിഷയങ്ങൾ കാലികപ്രസക്തിയുള്ള പ്രതിഫലനങ്ങൾ പ്രകടമാക്കുന്നു. അതിന്റെ സ്വാധീനം, ഇത്തരം മൂല്യങ്ങളെ മലയാളി മനസ്സിൽ ദൃഢമായി ഉറപ്പിക്കുന്നു. ഈ വിധത്തിൽ ചിലപ്പോഴൊക്കെ, സിനിമ ഒരു സമൂഹത്തിൽ നിലവിലുള്ള സാമൂഹിക-സാംസ്കാരിക മൂല്യങ്ങളെ സ്വാധീനിക്കുന്നു എന്ന് മാത്രമല്ല പുനർക്രമീകരണത്തിനുള്ള ഉപാധികൾ പ്രേക്ഷകനെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. കേരളത്തിലെ ക്വിയർ വിഭാഗങ്ങളുടെ യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള സുതാര്യവും സൃഷ്ടിപരവുമായ ചലച്ചിത്രവ്യവഹാരങ്ങൾ പലവിധ വെല്ലുവിളികൾ നേരിടുന്നു. യാഥാസ്ഥിതിക സാമൂഹിക ചുറ്റുപാടുകളും ഔദ്യോഗിക സെൻസർഷിപ്പ് നിയമങ്ങളും കേരളത്തിന്റെ സ്വവർഗരതി യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള തുറന്ന ചലച്ചിത്രാവിഷ്കാരങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ ക്വിയർ പ്രധിനിധാനങ്ങൾ എത്രമാത്രം യാഥാസ്ഥിതികതയോടെ അടയാളപ്പെട്ടിട്ടുണ്ട് എന്ന് വിലയിരുത്തുമ്പോൾ ഇതിന്റെ വ്യക്തമായൊരു ചിത്രം ലഭിക്കും.
മുഖ്യധാരയിലെ മിഥ്യകൾ: വ്യത്യസ്ത ലൈംഗിക, ലിംഗ സ്വത്വങ്ങളുള്ള ക്വിയർ വ്യക്തികളെക്കുറിച്ചുള്ള വാർപ്പ്മാതൃകകളും അവയെ പറ്റിയുള്ള തെറ്റായ മുൻ ധാരണകളും ശാശ്വതമാക്കാൻ മലയാള സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. സാക്ഷരരായ കേരള സമൂഹത്തിൽ നിശബ്ദമായി നിലനിൽക്കുന്ന എൽജിബിടിക്യു വ്യക്തികളെ പ്രതിനിധീകരിക്കാനും ചിത്രീകരിക്കാനും തുച്ഛമായ ശ്രമങ്ങൾ മാത്രമേ മലയാള സിനിമ അതിന്റെ തുടക്കം മുതൽ നടത്തിയിരുന്നുള്ളൂ. ഭിന്നവർഗ്ഗ ലൈംഗികതയുടെ അരക്കെട്ട് ഉറപ്പിക്കും വിധത്തിലുള്ള മൂല്യ സങ്കൽപ്പങ്ങളുടെ പ്രചരണോപാധി കൂടി ആയിരുന്നു, പല മുഖ്യധാരാ സിനിമകളും. മലയാള സിനിമയിലെ ക്വീർ ചിത്രീകരണങ്ങളിൽ ഭൂരിഭാഗവും തെറ്റായ ചിത്രീകരണങ്ങളോ പലപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്ന സ്വവർഗാനുരാഗ, ലൈംഗികാതിക്രമ വികാരങ്ങളെ ശക്തിപ്പെടുത്തുന്നവയോ ആയിരുന്നു. പരമ്പരാഗതവും വ്യവഹാരപരവുമായ ഈ സൃഷ്ടികൾക്കിടയിൽ ക്വീർ പ്രതിനിധാനങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നു. സ്വവർഗ ലൈംഗികതയെ കളിയാക്കുന്ന വിധത്തിലുള്ള നർമ്മരംഗങ്ങൾ മലയാള സിനിമകളിൽ ധാരാളമായി പ്രകടമാണ്. പശ്ചാത്തലത്തിലോ, പ്രമേയത്തിലോ, കഥാഗതിയിലോ പ്രിത്യേകമൊരു സാന്നിധ്യമില്ലെങ്കിൽ പോലും അനവസരത്തിൽ ഹാസ്യോപാധിയായി ഇത്തരം വിഷയങ്ങളോ പരാമർശങ്ങളോ അവതരിപ്പിക്കുന്ന പ്രവണതയും കണ്ടുവരാറുണ്ട്. ഉദാഹരണം: ‘അനാർക്കലി"എന്ന ചിത്രത്തിൽ കോയ (സുരേഷ്‌കൃഷ്ണ) എന്ന കഥാപത്രം തന്റെ സന്തോഷം, ശന്തനുവിനെ (പൃഥ്വിരാജ്) ആലിംഗനം ചെയ്തും, ചുംബിച്ചും പ്രകടമാക്കുന്ന രംഗത്തിൽ. സക്കറിയയുടെ (ബിജു മേനോൻ) പ്രതികരണം ശ്രദ്ധേയമാണ്. "എന്താ ഒരു മറ്റേ ലൈൻ" (2:05:25-2:05:27)എന്ന ചോദ്യം പ്രേക്ഷകനിൽ ചിരി ഉണർത്താൻ ബോധപൂർവ്വം ശ്രമിക്കുമ്പോൾ, അവിടെ അപഹാസ്യമാകുന്നത് വിവിധതരം എൽ.ജി.ബി.ടി.ക്യു.+ സമൂഹങ്ങളിലെ ലൈംഗികസ്വത്വങ്ങളാണ്. നിന്ദ്യമായ ഇത്തരത്തിലുള്ള ചിത്രീകരണങ്ങളുടെ ആധിക്യത്താലും ആ രീതികളുടെ നിരന്തരമായ അനുകരണങ്ങളാലും ക്വീർ സിനിമകൾക്ക് അർഹിക്കുന്ന സ്ഥാനം മലയാള സിനിമാ ചരിത്രത്തിൽ ഇന്നും ലഭിച്ചിട്ടില്ല.
മലയാള സിനിമയിലെ ക്വിയർ പ്രാതിനിധ്യം: വഴിത്തിരിവുകളും പരിമിതികളും: 1978-ൽ മോഹൻ സംവിധാനം ചെയ്ത 'രണ്ടു പെൺകുട്ടികൾ', (1978) മലയാള ചലച്ചിത്രമേഖലയിൽ സ്വവർഗാനുരാഗം എന്ന ആശയം ചിത്രീകരിക്കാനുള്ള ആദ്യ ശ്രമമായിരുന്നു. എന്നാൽ കേവലമായൊരു കൗമാര ഫാന്റസി മാത്രമായി സ്വവർഗാനുരാഗത്തെ സിനിമ പറഞ്ഞുവെച്ചു. അടുത്ത ശ്രദ്ധേയമായ ശ്രമം പത്മരാജന്റെ 'ദേശാടനകിളി കരയാറില്ല' (1986) എന്ന ചിത്രത്തിലൂടെയാണ് സാധ്യമായത്. സ്വവർഗരതിയെ സങ്കീർണ്ണമായ ഒരു പ്രതീകാത്മക സംവിധാനത്തിലൂടെ പൊതിഞ്ഞവതരിപ്പിക്കുന്ന രീതിയാണ് സിനിമയിൽ സ്വീകരിച്ചിരിക്കുന്നത്. തികച്ചും ദാരുണമായ കഥാന്ത്യമാണ് സിനിമയുടേത്. ദുരന്തതോന്മുഖമായ ക്വീർ പ്രമേയ സിനിമകളുടെ അതിപ്രസരം മലയാള സിനിമയിലുണ്ടാക്കാനുള്ള നിർണ്ണായക സ്വാധീനം ഈ സിനിമ ചെലുത്തി എന്ന് വേണം കരുതാൻ.
ലിജി ജെ പുല്ലാപ്പള്ളി സംവിധാനം ചെയ്ത 'സഞ്ചാരം' (2004) പുരോഗമനപരമായ നിലപാട്, ക്വീർ പ്രമേയ നിർമ്മിതിയിൽ സ്വീകരിക്കുന്നു. ഒപ്പം ലെസ്ബിയൻ പ്രണയബന്ധത്തെ വൈകാരികതീവ്രതയോടെ ആവിഷ്കരിക്കുന്നു. എന്നാൽ സ്വവർഗരതിയെ ഒരു രോഗാവസ്ഥയായി ചിത്രീകരിക്കുന്ന സിനിമയുടെ സമീപനം സമൂഹത്തിൽ വേരോടുന്ന സങ്കൽപ്പങ്ങൾക്ക് ബലം പകരുകയാണ് ചെയ്തത്.
സയ്യിദ് ഉസ്മാൻ സംവിധാനം ചെയ്ത 'സൈലന്റ് വാലി' (2012), പുരുഷവിദ്വേഷത്തിൽ നിന്ന് ഉണ്ടാകുന്ന അക്രമം, പ്രതികാരം, നീരസം എന്നിവയുടെ ആഖ്യാനങ്ങളെ സ്വവർഗ്ഗ പ്രണയ ബന്ധങ്ങളുമായി ഇഴചേർക്കുന്നു. അത് സാംസ്കാരിക തെറ്റിദ്ധാരണകളെയും വാർപ്പ്മാതൃകളെയും അബദ്ധവശാൽ ശക്തിപ്പെടുത്തും വിധത്തിലുള്ള നായികാ നിർമ്മിതിയെ സൃഷ്ടിച്ചെടുക്കുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം നിർവഹിച്ച 'മുംബൈ പോലീസ്' (2013) സ്വവർഗരതിയെക്കുറിച്ചുള്ള നിരവധി ചർച്ചകൾക്ക് തുടക്കമിട്ട മലയാളത്തിലെ ഒരു മുൻനിര മുഖ്യധാരാ ചിത്രമായിരുന്നു. ഒരു ക്രൈം ത്രില്ലറായി അവതരിപ്പിച്ച സിനിമ നായകനായ ആന്റണി മോസസിന്റെ സ്വവർഗ ആഭിമുഖ്യം ഇതിവൃത്തത്തെ തകിടം മറിക്കുവാനുള്ള ഉപാധി മാത്രമായി പരിമിതപ്പെടുത്തി. മാത്രമല്ല സെക്ഷുവൽ ഫ്ലൂയിഡിറ്റിയെ യുക്തിയുക്തമായി അവതരിപ്പിക്കുന്നതിൽ സിനിമ പരാജയപ്പെട്ടു. 'മൈ ലൈഫ് പാർട്ണർ' (2014) എന്ന ചിത്രത്തിലും സ്വവർഗരതിയെ ഒരു സാധാരണ മനുഷ്യ ലൈംഗികാവസ്ഥയായി കണക്കാക്കുന്നതിൽ സിനിമ പരാജയപ്പെടുന്നു. ജയൻ കെ. ചെറിയാന്റെ 'കാ ബോഡിസ്കേപ്സ്' (2016) ഒരു പുതിയ ക്വിയർ സൗന്ദര്യശാസ്ത്രം ഉദ്ഘാടനം ചെയ്തു. എന്നാൽ സെൻസർ നിയമങ്ങളുടെ ഇടപെടലുകൾ ചലച്ചിത്രത്തിന്റെ സാധ്യതകളെ പരിമിതപ്പെടുത്തി. അക്ബർ (നിവിൻ പോളി), അമീർ (റോഷൻ മാത്യു) എന്നീ കഥാപാത്രങ്ങളിലൂടെ ഒരു സ്വവർഗ പ്രണയത്തെ ചിത്രീകരിച്ച ‘മൂത്തോൻ’ (2019) കലാപരമായ മികവ് പുലർത്തിയ സിനിമ ആയിരുന്നു. എന്നിരുന്നാലും, സ്വവർഗരതിയുടെ പ്രമേയം മൂത്തോനിന്റെ പ്രാഥമിക ശ്രദ്ധാകേന്ദ്രമായിരുന്നില്ല. ലക്ഷദ്വീപിൽ നിന്നുള്ള മുല്ല എന്ന കുട്ടി തന്റെ ജ്യേഷ്ഠൻ അക്ബറിനെ തേടി മുംബൈയിലേക്ക് യാത്ര തിരിക്കുന്ന കഥയാണ് സിനിമയുടെ പ്രമേയത്തിൽ മുഖ്യമായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. മുസ്‌ലിം സമുദായത്തെ ക്വീർ വിരുദ്ധ ധ്രുവീകരണത്തിലേക്ക് നയിക്കാനുള്ള സാധ്യതയേയും, അതിന്റെ സാധാരണവത്കരണവും ചിത്രത്തിന്റെ മുഖ്യ പ്രശ്നങ്ങളായി വിനീത വിജയൻ "ലിംഗഭേദമില്ലാത്ത പ്രണയങ്ങൾ' എന്ന ലേഖനത്തിൽ കണ്ടെത്തുണ്ട് (വിജയൻ 121). വൈകാരികതീവ്രതക്കുള്ള ഉപാധിയായി മാത്രം അക്ബർ - അമീർ പ്രണയത്തെ പരിമിതപ്പെടുത്തിയതും ചിത്രത്തിന്റെ മറ്റൊരു പോരായ്‌മയാണ്.
ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ: ദി കോർ’ (2023) സ്വവർഗ്ഗാനുരാഗ സ്വത്വത്തെ മുൻനിർത്തി വാണിജ്യപരമായി വിജയിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത മലയാള ചിത്രമാണ്. സ്വവർഗരതിയുടെ വശങ്ങളും, സ്വവർഗാനുരാഗികൾ നേരിടുന്ന വെല്ലുവിളികളും പര്യവേക്ഷണം ചെയ്യുന്നതിൽ സിനിമ മികവ് പുലർത്തി. കേരള പൊതുമേഖലയിലെ ക്വിയർ ആശങ്കകളെക്കുറിച്ചും, ഒപ്പം കേരളത്തിലെ ക്വിയർ സമൂഹത്തെക്കുറിച്ച് പുതിയ ചർച്ചകൾ സൃഷ്ടിക്കുന്നതിലും സിനിമ നിർണ്ണായക പങ്ക് വഹിച്ചു. മമ്മൂട്ടി ഒരു സ്വവർഗാനുരാഗിയായ കഥാപാത്രമായി അഭിനയിച്ചത് കേരളത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തിൽ സ്വവർഗാനുരാഗത്തിന് അനുകൂലമായ സ്വീകരണം ലഭിക്കാൻ കാരണമായെന്നും, അതിന്റെ വാണിജ്യ വിജയത്തിലേക്ക് നയിച്ച നിർണ്ണായക ഘടകങ്ങളിൽ ഒന്നായി മാറിയെന്നും "മമ്മൂട്ടി ആൻഡ് ദി ക്വീർ ടേൺ ഇൻ മലയാള സിനിമ" എന്ന ലേഖനത്തിൽ വിലയിരുത്തുന്നുണ്ട് (ദാസ് 75). എന്നാൽ കഥാന്ത്യത്തിൽ ഭൂതകാലത്തിന്റെ ഓർമ്മകളിലേക്ക് മാത്രം ആ പ്രണയത്തെ ചുരുക്കി മാത്യുവിനേയും, തങ്കനെയും സിനിമ വേർപെടുത്തി നിറുത്തി. സിനിമയുടെ കഥാന്ത്യം പ്രതീക്ഷാജനകമാണെങ്കിലും സ്വവർഗ്ഗ പ്രണയത്തിന്റെ ശുഭ സാധ്യതകളിൽ സിനിമ മൗനം പുലർത്തി എന്നത് വ്യവസ്ഥിതിയോടുള്ള ഒരു തരം പൊരുത്തപ്പെടലാണ്.
സ്വവർഗരതി ഒരു മാനസിക വൈകല്യമാണെന്ന മനോഭാവം കേരളത്തിലെ സമൂഹത്തിൽ നിന്നൊഴിഞ്ഞിട്ടില്ല. സ്വവർഗരതിയെ യാഥാസ്ഥികമായി ചിത്രീകരിച്ച ‘കാ ബോഡിസ്കേപ്സ്’ ,‘മൂത്തോൻ’ എന്നിവ ബോക്സ് ഓഫീസ് പരാജയങ്ങളായിരുന്നു. അവയുടെ കലാപരമായ സൗന്ദര്യശാസ്ത്രം അത് വിശാലമായ പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്നതിനെ പരിമിതപ്പെടുത്തി എന്നത് പ്രധാനമായൊരു പരാജയ കാരണം തന്നെയാണ്. പക്ഷെ അതോടൊപ്പം മലയാളിയുടെ ധാർമ്മിക മൂല്യബോധം അവയെ ശെരി വെക്കുന്നതിൽ വിമുഖത പുലർത്തി.
റെഡ്, വൈറ്റ് & റോയൽ ബ്ലൂ: വിശകലനം: 2023-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ റൊമാന്റിക് കോമഡി ചിത്രമാണ് ‘റെഡ്, വൈറ്റ് & റോയൽ ബ്ലൂ’. മാത്യു ലോപ്പസ് തന്റെ ആദ്യ ഫീച്ചർ ഫിലിം എന്ന വിശേഷണത്തോടെ സംവിധാനം ചെയ്‌ത ഈ ചിത്രം, അതേ പേരിലുള്ള കേസി മക്‌ക്വിസ്റ്റന്റെ 2019-ലെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ടെഡ് മലവറുമായി ചേർന്ന് മാത്യു ലോപ്പസ് തിരക്കഥയെഴുതിയ ഈ സിനിമയുടെ പ്രമേയം ടെയ്‌ലർ സാഖർ പെരസ് അവതരിപ്പിച്ച യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റിന്റെ മകൻ അലക്സ് ക്ലെയമോണ്ട് -ഡയസും, നിക്കോളാസ് ഗലിറ്റ്‌സീൻ അവതരിപ്പിച്ച ഇംഗ്ലണ്ടിലെ ഫിലിപ്പ് രാജകുമാരന്റെ ഇളയ സഹോദരൻ ഹെൻറി രാജകുമാരനും തമ്മിലുള്ള സ്വവർഗ്ഗ പ്രണയ ബന്ധമാണ് ചിത്രീകരിക്കുന്നത്. രാഷ്ട്രീയ പ്രേരിതമായ കാരണങ്ങളാൽ ഒരു സൗഹൃദം കെട്ടിച്ചമയ്ക്കാൻ തുടക്കത്തിൽ നിർബന്ധിതരായ അവരുടെ ബന്ധം അപ്രതീക്ഷിതമായി ഒരു പ്രണയമായി പരിണമിക്കുന്നു. ഇരുവരുടെയും പ്രശസ്തിയും, രാഷ്ട്രീയ പശ്ചാത്തലവും കാരണം പൊതുസമൂഹത്തിൽ ഇവരുടെ ബന്ധം ചർച്ചയാകുന്നു. തന്മൂലം വൈകാരികമായ സമ്മർദ്ദങ്ങളും, ബുദ്ധിമുട്ടുകളും അവരിരുവരും അഭിമുഖീകരിക്കേണ്ടി വരുന്നു. ഒടുവിൽ നായകന്മാർ അവരുടെ പ്രണയത്തെ പരസ്യമായി സ്വീകരിച്ച് ലോകത്തിന് മുന്നിൽ അത് സ്ഥിരീകരിക്കുന്ന ഒരു ശുഭാന്ത്യത്തോടെ ചിത്രം അവസാനിക്കുന്നു. ദുരന്തപര്യവസായിയായി സിനിമാഖ്യാനം അവസാനിപ്പിച്ചുകൊണ്ട് എൽ.ജി.ബി.ടി.ക്യു.+ സമൂഹങ്ങളുടെ ജീവിതസാധ്യതയെ നിഷേധിക്കുന്ന സിനിമമാതൃകകളിൽ നിന്ന് വ്യതിചലിച്ച്, പ്രായോഗികമായ അവരുടെ ജീവിതസാധ്യതകളെ സിനിമ അവതരിപ്പിക്കുന്നു.
'റെഡ്, വൈറ്റ് & റോയൽ ബ്ലൂ' (2023) മുഖ്യധാരാ ക്വിയർ സിനിമ ചില പ്രധാനമായ വ്യതിചലനങ്ങളെ അടയാളപ്പെടുത്തുന്നു. ചിത്രത്തിൽ ആവിഷ്കരിക്കപ്പെടുന്ന സ്വവർഗ്ഗ പ്രണയംബന്ധം സാമൂഹികവും സാംസ്കാരികവുമായ പ്രതിബന്ധങ്ങളെ തകർക്കുന്നു. സിനിമയുടെ ആഖ്യാന തെരഞ്ഞെടുപ്പ് പരമ്പരാഗത റൊമാന്റിക് കോമഡി രൂപഘടനയിൽ നിന്ന് ഏറെ വ്യത്യസ്തമായി നിലകൊള്ളുന്നു, ഒപ്പം സമകാലിക സമൂഹത്തിലെ എൽ.ജി.ബി.ടി.ക്യു.+ പ്രതിനിധാനത്തെ സവിശേഷവും വൈവിധ്യവുമായ തലത്തിൽ അഭിസംബോധന ചെയ്യുന്നു. സമൂഹദൃഷ്ടിയിൽ, വ്യക്തിത്വത്തിന്റെയും സ്നേഹത്തിന്റെയും സങ്കീർണ്ണതകൾ പര്യവേക്ഷണം ചെയ്യുന്നതിനോടൊപ്പം അധികാരത്തിന്റെയും പദവിയുടെയും സ്ഥാനങ്ങളിൽ പോലും ഇത്തരം വ്യക്തികൾ നേരിടുന്ന വെല്ലുവിളികൾ പ്രശ്നവൽക്കരിക്കുകയാണ് ഈ ചിത്രം. കേവലമൊരു റൊമാന്റിക് കോമഡി സിനിമയിൽ നിന്ന് വ്യത്യസ്തവും സവിശേഷവുമായ ചില ആഖ്യാനരീതിയും പ്രമേയപുതുമയും ഈ സിനിമയിൽ ദർശിക്കാം.സിനിമയിലെ സാംസ്കാരിക പ്രാതിനിധ്യത്തിൽ വൈവിധ്യമാർന്ന സ്വത്വങ്ങളുടെയും പശ്ചാത്തലങ്ങളുടെയും അനുഭവങ്ങളുടെയും ചിത്രീകരണമാണ് 'റെഡ്, വൈറ്റ് & റോയൽ ബ്ലൂ’വിൽ സമ്മിശ്രിതമായി ഉൾച്ചേർന്നിരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുണൈറ്റഡ് കിങ്ഡം എന്നീ രാജ്യങ്ങളുടെ സാംസ്കാരികവും സാമൂഹികവുമായ ചുറ്റുപാടിൽ എൽ.ജി.ബി.ടി.ക്യു.+ തീമുകളുടെ ചിത്രീകരണം 'റെഡ് ,വൈറ്റ് & റോയൽ ബ്ലൂ'വിൽ ഉൾക്കൊള്ളുന്നു. എൽ.ജി.ബി.ടി.ക്യു.+ തീമുകൾ അതിന്റെ ആഖ്യാനത്തിലേക്ക് സങ്കീർണ്ണമായി ഇഴചേർത്തുകൊണ്ട് ഈ സിനിമ പരമ്പരാഗത മാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്നു. ഇത് ഉപരിപ്ലവമായ ഒരു ഉൾപ്പെടുത്തലിനുമപ്പുറത്തേക്ക് പോകുന്നു എന്ന് മാത്രമല്ല, ഇരു രാജ്യങ്ങളുടെയും സാംസ്കാരിക ഭൂപ്രകൃതികളിലേക്ക് ആഴ്ന്നിറങ്ങുകയും സാമൂഹിക അവബോധങ്ങളും, മൂല്യങ്ങളും, മറ്റ് സാമൂഹ്യ മാനദണ്ഡങ്ങളും നായകന്മാരുടെ പ്രണയകഥയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും വ്യക്തമാക്കുന്നു. സിനിമയിലെ സാംസ്കാരിക പ്രാതിനിധ്യം ഒരു പശ്ചാത്തലം മാത്രമല്ല; കഥാപാത്രങ്ങളുടെ സ്വത്വങ്ങൾ രൂപപ്പെടുത്തുന്നതിലും അവരുടെ ബന്ധത്തെ സ്വാധീനിക്കുന്നതിലും ഒരു പ്രധാന ഘടകമായി മാറുന്നു. അമേരിക്കയുടെയും ബ്രിട്ടന്റെയും വ്യത്യസ്തവും വൈവിധ്യവുമായ സാംസ്‌കാരിക തലങ്ങളോട് ചേർന്ന് കഥാഖ്യാനം വികസിക്കുമ്പോൾ സർവ്വലൗകികമായി എൽ.ജി.ബി.ടി.ക്യു.+ പ്രതിനിധാനങ്ങളെ ഉൾക്കൊള്ളാനുള്ള മാർഗ്ഗം കൂടി ഈ സിനിമ തുറന്ന് വെയ്ക്കുന്നു.
മുഖ്യധാരാ സിനിമയിലെ എൽ.ജി.ബി.ടി.ക്യു.+ പ്രാതിനിധ്യത്തിൽ റെഡ്, വൈറ്റ് & റോയൽ ബ്ലൂ വഴികാട്ടിയായി മാറുന്നു എന്നതാണ് വാസ്തവം.സർഗ്ഗാത്മകമായ സ്വാതന്ത്രത്തിലൂടെ വ്യക്തമായ നിലപാടുകൾ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയ സ്വരം സിനിമക്കുണ്ട്. സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന്റെ ക്രിയാത്മകമായ വിനയോഗത്തിലൂടെ സമകാലിക സാമൂഹിക-രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ മറികടക്കുന്ന ദർശനങ്ങൾ/ സങ്കല്പങ്ങൾ സിനിമ ഉയർത്തിക്കാട്ടുന്നു. അമേരിക്കൻ ഐക്യനാടിന്റെ ആദ്യ വനിതാ പ്രസിഡന്റും അലക്സിന്റെ അമ്മയുമായ എല്ലെൻ ക്ലാരെമോണ്ടായി ഉമാ തുർമാൻ വേഷമിടുന്നു. അതേപോലെ ഷാരോൺ ഡി. ക്ലാർക്ക് യുണൈറ്റഡ് കിംഗ്ഡത്തിന്റെ പ്രധാനമന്ത്രിയായി വേഷമിടുന്നു. നിലവിലെ സാഹചര്യത്തിൽ അമേരിക്കക്ക് ഒരു വനിതാ പ്രസിഡന്റ് ഉണ്ടായിട്ടില്ല എന്നതും ഇന്നേവരെ യുണൈറ്റഡ് കിംഗ്ഡത്തിന്റെ പ്രധാനമന്ത്രിയായി കറുത്ത വർഗ്ഗക്കാരൻ അവരോധിക്കപ്പെട്ടിട്ടില്ല എന്ന വസ്തുതയും ചേർത്തുവായിക്കുമ്പോഴാണ് സിനിമ ആവിഷ്കരിക്കുന്ന ധീരമായ രാഷ്ട്രീയ നിലപാടുകളിലേക്ക് നമുക്ക് എത്താൻ കഴിയുന്നത്. യുണൈറ്റഡ് കിംഗ്ഡത്തിലെ രാജാവും ഹെൻറി രാജകുമാരന്റെ മുത്തച്ഛനുമായ ജെയിംസ് മൂന്നാമനായി സ്റ്റീഫൻ ഫ്രൈയാണ് അഭിനയിക്കുന്നത്. എൽ.ജി.ബി.ടി.ക്യു.+ പ്രതിനിധാനത്തിലേക്കുള്ള ചിത്രത്തിന്റെ സംഭാവന അതിന്റെ ആഖ്യാനത്തിനപ്പുറം വ്യാപിക്കുന്നത്തിന്റെ മികച്ച ഒരു ഉദാഹരണമാണ് ഈ കാസ്റ്റിങ്. പരസ്യമായി സ്വവർഗ്ഗാനുരാഗിയായി നിലകൊണ്ട സ്റ്റീഫൻ ഫ്രൈയെ പോലൊരു നടനെ സിനിമ ഉപയോഗിച്ച വിധവും, അദ്ദേഹത്തിന് സിനിമയിൽ നൽകുന്ന സംഭാഷണവും ക്രിയാത്മകവും അഭിന്ദനീയവുമാണ്. ആക്ഷേപഹാസ്യ സ്വഭാവമുള്ള ആ രംഗം സമൂഹത്തിൽ ക്വിയർ അസഹിഷ്ണുത പുലർത്തുന്നവർക്കെതിരെയുള്ള സൂക്ഷ്മമായ വിമർശനം കൂടിയാണ്. കൂടാതെ സീക്രെട് സർവീസ് ഏജൻറ്റായ എയ്‌മിയുടെ വേഷം അനീഷ് ഷെത്തെന്ന ട്രാൻസ്-വുമണിനെ ഏൽപ്പിച്ച നീക്കവും പ്രശംസനീയമാണ്. യഥാർത്ഥത്തിൽ ഇതുവരെ സാക്ഷാത്കരിക്കപ്പെടാത്ത സാഹചര്യങ്ങൾ മുന്നോട്ട് വെച്ചുകൊണ്ട് അത്തരം സാധുതകളുടെ അനിവാര്യതയിലേക്കും സിനിമ വിരൽചൂണ്ടുന്നു. എൽ.ജി.ബി.ടി.ക്യു.+ ആശയങ്ങളെ ഉൾക്കൊള്ളുന്ന സിനിമകൾ പോലും ഉപരിപ്ലവമായ പുരോഗമന ചിന്തകളിൽ ഒതുങ്ങുകയും, സ്‌ക്രീനിൽ അവരെ ഹാസ്യോപകരണങ്ങളായും സഹാനുഭൂതി ഉണർത്തുന്ന കഥാപാത്രങ്ങളായും പരിമിതപ്പെടുത്തി ക്വിയർ സമൂഹത്തെ പാർശ്വവൽക്കരിക്കുമ്പോൾ. ക്വിയർ സ്വത്വമുള്ള നടീനടന്മാരുടെ അഭിനയ സാധ്യതകളെ ഉപയോഗിക്കാനുള്ള സന്നദ്ധത സിനിമ പ്രകടമാക്കുന്നതിനൊപ്പം സിനിമയുടെ ആഖ്യാനത്തിൽ അവർക്ക് പ്രധാന വേഷങ്ങൾ നൽകുകയും ചെയ്യുന്നു.
സിനിമ എൽ.ജി.ബി.ടി.ക്യു.+ ബന്ധങ്ങളുടെ സങ്കീർണതകൾ കാണിക്കുക മാത്രമല്ല, രണ്ട് വ്യത്യസ്ത സാമൂഹിക-രാഷ്ട്രീയ-അധികാര- ക്രമീകരണങ്ങളിൽ ക്വീർ ലൈംഗികതയുടെ ഭാഗമായി നിലകൊള്ളുന്ന നായക കഥാപാത്രങ്ങളുടെ സാംസ്കാരിക സൂക്ഷ്മതകളിലേക്ക് പ്രേക്ഷകനെ എത്തിക്കുന്നു. തുടർഭരണത്തിനായുള്ള തെരഞ്ഞെടുപ്പ് നേരിടുന്ന യു.എസ്. പ്രസിഡന്റിന്റെ മകൻ എന്ന നിലയിൽ അലക്‌സ് അനുഭവിക്കുന്ന സ്വത്വപരമായ സങ്കീർണതകളും, ബ്രിട്ടീഷ് രാജ കുടുംബാംഗമായ ഹെൻറിയുടെ വൈകാരിക ധർമ്മസങ്കടങ്ങളും, ഇരുവരും നേരിടുന്ന പ്രതിസന്ധികളും ഇതിനുള്ള ഉദാഹരണങ്ങളായി എടുത്തുകാട്ടാം. സാംസ്‌കാരിക സന്ദർഭങ്ങളുമായി എൽ.ജി.ബി.ടി.ക്യു.+ പ്രമേയങ്ങൾ എങ്ങനെ ഇഴചേരുന്നുവെന്നും ഒപ്പം വൈവിധ്യമാർന്ന സാമൂഹിക ക്രമീകരണങ്ങളിൽ പ്രണയത്തിന്റെ സമ്പന്നവും ആധികാരികവുമായ ചിത്രീകരണം എപ്രകാരമാകണമെന്നും സിനിമ ഉദാഹരിക്കുന്നു. റൊമാന്റിക് കോമഡി വിഭാഗത്തിലുള്ള എൽ.ജി.ബി.ടി.ക്യു.+ പ്രമേയങ്ങളുടെ തികച്ചും വ്യത്യസ്തമായ ചലച്ചിത്രാനുഭവമാണ് 'റെഡ്, വൈറ്റ് & റോയൽ ബ്ലൂ'. പൊതുവെ നാം കണ്ടുവരുന്ന സിനിമാ ആഖ്യാനങ്ങളിൽ അന്തർലീനമായിരിക്കുന്ന വാർപ്പ്മാതൃകകൾക്കും ഭിന്നലൈംഗികാഭിമുഖ്യപ്രവണതകൾക്കും വിപരീതമായ സാധ്യതകൾക്കാണ് സിനിമ പ്രാധാന്യം നൽകിയിരിക്കുന്നത്. മുൻ കാല സിനിമകൾ രൂപപ്പെടുത്തിയ അത്തരം സമ്പ്രദായിക വ്യവസ്ഥകളെ മുൻനിർത്തിയുള്ള പ്രേക്ഷകപ്രതീക്ഷകളെ തല്ലിക്കെടുത്തുന്നതോടൊപ്പം രാജ്യ അതിർത്തികളും രാജകീയ പാരമ്പര്യത്തിന്റെ മാനദണ്ഡങ്ങളും വെല്ലുവിളിക്കുന്ന ഒരു പ്രണയകഥയായി ഈ ചിത്രം മാറുന്നു. യുഎസ് പ്രസിഡന്റിന്റെ മകൻ അലക്സും ഹെൻറി രാജകുമാരനും തമ്മിലുള്ള പ്രണയം കേവലം ഒരു ആഖ്യാനോപാധി അല്ല, മറിച്ച് ധീരമായ പ്രസ്താവനയാണ്. സ്വത്വത്തിന്റെയും ബന്ധങ്ങളുടെയും സങ്കീർണ്ണതകൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു വേദിയായി ഇത് മാറുന്നു, അതോടൊപ്പം പൊതുസമൂഹത്തിൽ സ്നേഹം ആവിഷ്കരിക്കുമ്പോൾ ക്വീർ വ്യക്തികൾ നേരിടുന്ന വെല്ലുവിളികൾ ചലച്ചിത്ര ആഖ്യാനത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു. സമൂഹത്തിന്റെ ഭാഗമായി തന്റെ സ്വത്വത്തെ അടയാളപ്പെടുത്തുന്നതിൽ നേരിടേണ്ടി വരുന്ന സങ്കീർണതകൾ, സാമൂഹിക പ്രതീക്ഷകൾ, പ്രണയത്തിന്റെ സങ്കീർണ്ണതകൾ എന്നിവയെ അഭിസംബോധന ചെയ്യുന്ന എൽ.ജി.ബി.ടി.ക്യു.+ അനുഭവത്തിന്റെ വൈകാരിക നിമിഷങ്ങളെ ചിരിയും ചിന്തയും ഉണർത്തും വിധത്തിൽ പകർത്താൻ ഈ സിനിമക്ക് കഴിയുന്നു.
മലയാള ക്വീർ സിനിമക്ക് നൽകുന്ന പാഠങ്ങൾ: ദുരന്തോന്മുഖമായ ക്വീർ ആഖ്യാനങ്ങളുടെ അതിപ്രസരമാണ് ക്വിയർ പ്രമേയമുള്ള സിനിമകളിൽ അധികവും. അത്തരമുള്ള പൂർവ്വ മാതൃകകളെ സിനിമ അവഗണിക്കുന്നു. ക്വീർ വ്യക്തികളുടെ വൈകാരിക പോരാട്ടങ്ങളെ ചിത്രീകരിക്കുന്നതിനപ്പുറം, സന്തോഷകരവും സംതൃപ്തവുമായ ക്വീർ ജീവിത സാധ്യത പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നുണ്ട്. അഭിലാഷപരമായ പ്രണയത്തിന്റെ ആഘോഷപരമായ ശുഭാന്ത്യം പ്രേക്ഷകർക്ക് മുന്നിൽ സിനിമ മുന്നോട്ടിവെയ്ക്കുന്നു. പ്രതീക്ഷ നിറഞ്ഞ ജീവിത സാധ്യതയുടെ ഈ ചിത്രീകരണം ക്വീർ വ്യക്തികളിൽ ഗുണാത്മകമായ സ്വാധീനം ചെലുത്തും. സന്തോഷകരവും സംതൃപ്തവുമായ ഒരു ജീവിതത്തിന്റെ സാധ്യത അവതരിപ്പിക്കുന്നതിലൂടെ, ക്വീർ വ്യക്തികളെ അർത്ഥവത്തായി ശാക്തീകരിക്കാൻ കഴിയുന്ന ഒരു തരം സ്ഥിരീകരണ ബോധം ഈ സിനിമ പ്രേക്ഷകർക്ക് നൽകുന്നു. ‘റെഡ്, വൈറ്റ് & റോയൽ ബ്ലൂ’ മലയാള സിനിമയ്ക്ക്, ക്വീർ ആഖ്യാനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഒരു പരിവർത്തനാത്മക നിർദ്ദേശ സൂചിക നൽകുന്നു. മുൻ മാതൃകകളുടെ ആവർത്തനത്തിലൂടെയല്ല, മറിച്ച് തന്ത്രപരമായ പുനർനിർമ്മാണത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ദുരന്ത പരിസമാപ്തിയും, സമൂഹത്തിന്റെ അവഹേളനവും, വ്യക്തികൾ നേരിടുന്ന അസഹ്യമായ ദുഃഖഭാരത്തിന്റെയും കഥാ പശ്ചാത്തലങ്ങൾക്കപ്പുറമുള്ള ക്വീർ ജീവിതങ്ങളിലേക്കും അവയുടെ ചലച്ചിത്ര സാധ്യതകളിലേക്കും മലയാള സിനിമ എത്തിച്ചേരേണ്ടതുണ്ടെന്ന ഓർമ്മപ്പെടുത്തൽ ഈ സിനിമ നൽകുന്നു. സിനിമയുടെ ഏറ്റവും വലിയൊരു നേട്ടമായി എടുത്തുകാട്ടാൻ കഴിയുന്നത് വാണിജ്യ സിനിമയ്ക്കുള്ളിൽ ക്വീർ വ്യക്തികളുടെ സന്തോഷകരമായ ജീവിത സാധ്യത മുഖ്യധാരയിലേക്ക് കൊണ്ടുവന്നു എന്നതാണ്.
സിനിമ താരപദവി സ്വീകാര്യതയെ ത്വരിതപ്പെടുത്തുന്ന വിധവും അനുകരണീയമാണ്. കാതൽ: ദി കോർ-ലെ മമ്മൂട്ടിയുടെ താരപദവിയുടെ വിനയോഗവും അതിലൂടെ നേടിയ സാമ്പത്തിക വിജയവും ഈ സാധ്യതയുടെ സ്വീകാര്യതയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നു. എന്നാൽ യുവതാരങ്ങളെ റൊമാന്റിക് ക്വീർ വേഷങ്ങളിൽ അവതരിപ്പിക്കുന്ന സാധ്യതയുടെ മികവും ഈ സിനിമ ബോധ്യപ്പെടുത്തുന്നു. കലാപരമായ പരീക്ഷണങ്ങളിലൂടെയുള്ള തിരുത്തികുറിക്കലുകളെക്കാൾ വേഗത്തിൽ സമൂഹത്തിൽ ഉറച്ചുപോയ വാർപ്പ്മാതൃകകളെ തകർക്കാൻ ഇത് സഹായിക്കും.
‘റെഡ്, വൈറ്റ് & റോയൽ ബ്ലൂ’വിന്റെ പ്രധാന ശക്തി അതിന്റെ വാണിജ്യ നിർഭയത്വമാണ്. കേരളത്തിന്റെ സാക്ഷരരായ പ്രേക്ഷകർ സ്വീകരിക്കാൻ സാധ്യതയുള്ള ഇതുവരെ കൃത്യമായ തരത്തിൽ പരീക്ഷിക്കപ്പെടാത്ത ഒരു സാധ്യതയാണിത്. ക്വീർ അനുഭവങ്ങളെ അപഹാസ്യമായി അവതരിപ്പിക്കാനല്ല മറിച്ച് സാന്ദർഭിക നർമ്മത്തിന്റെ പുറം ചട്ട കൊണ്ട് പൊതിഞ്ഞ് ഗൗരപരത ചോരത്തെ ചിരി ഉണർത്തി ചിന്തിപ്പിക്കുന്ന ഫലിത സാധ്യതയാണ് സിനിമയിൽ അവതരിപ്പിക്കപ്പെടുന്നത്. നവീനമായ സിനിമാറ്റിക് അനുഭവങ്ങളെ ചലച്ചിത്രവത്കരിക്കാൻ എന്നും മുൻ പന്തിയിൽ നിൽക്കുന്ന മലയാള സിനിമക്ക് മുന്നിൽ ‘റെഡ്, വൈറ്റ് & റോയൽ ബ്ലൂ’ ഒരു പുതിയ സാധ്യത തുറന്ന് വെയ്ക്കുന്നു. മലയാള ചലച്ചിത്ര നിർമ്മാതാക്കൾക്ക് നാടകീയത നിറഞ്ഞ കുടുംബ സിനിമകളിലോ സാമൂഹ്യ പ്രസക്തിയുള്ള യാഥാസ്ഥിതിക സിനിമ അനുഭവങ്ങളോടും മാത്രം കൂട്ടിയിണക്കി പറഞ്ഞിട്ടുള്ള ക്വീർ അനുഭവങ്ങൾക്ക് മറ്റൊരു സാധ്യത സിനിമ നൽകുന്നു.
ഉപരിതലതലത്തിലുള്ള പുരോഗമനവാദത്തിനപ്പുറം, സൃഷ്ടിപരമായ കാഴ്ചപ്പാടിലൂടെ സ്പഷ്ടവും യഥാർത്ഥവുമായ ലോക സാധ്യതകൾ പര്യവേക്ഷണം ചെയ്യാനുള്ള ധൈര്യം സ്വീകരിക്കുന്ന, വ്യത്യസ്തമായ ഒരു രാഷ്ട്രീയ നിലപാട് ഈ സിനിമക്കുണ്ട്. ഉപരിപ്ലവമായ പ്രത്യയശാസ്ത്രങ്ങളുമായി പൊരുത്തപ്പെടാനുള്ള അതിന്റെ വിസമ്മതം വാണിജ്യ പാരമ്പര്യങ്ങളെ വെല്ലുവിളിക്കാനുള്ള ധീരമായ നിലപാടാണ്. ആഖ്യാനത്തിന്റെ മികവിന് ഉപരിയായി വിപണിയുടെ നിലനിൽപ്പിന് മുൻഗണന നൽകുന്ന മുഖ്യധാരാ സിനിമയിൽ ഈ ധീരമായ ശ്രമം സിനിമയെ വേറിട്ടു നിർത്തുന്നു. സാമ്പത്തികപരിമിതിയും പരിമിതമായ കച്ചവട സാധ്യതയും വാണിജ്യപരമായ അടിമത്തത്തെ ചെറുക്കുകയും നിർഭയമായ സമീപനം പുലർത്താനുമുള്ള സിനിമാറ്റിക് ധാർമ്മികതയെ പ്രോത്സാഹിപ്പിക്കുന്ന സിനിമയായി ‘റെഡ്, വൈറ്റ് & റോയൽ ബ്ലൂ’ മാറുന്നു.
ഉപസംഹാരം: ഹോളിവുഡ് സിനിമയെ മഹത്വവൽക്കരിക്കാനോ മലയാള സിനിമയെ ഇകഴ്ത്താനോ ഈ പഠനം ലക്ഷ്യമിടുന്നില്ല. പകരം, ക്വീർ പ്രമേയങ്ങളെയും എൽ.ജി.ബി.ടി.ക്യു.+ സ്വത്വങ്ങളെയും ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന പരമ്പരാഗത ചട്ടക്കൂടുകളിൽ നിന്ന് മലയാള സിനിമ വേർപിരിയേണ്ടതിന്റെ ആവശ്യകതയെ അടിവരയിടുന്നു. 'റെഡ്, വൈറ്റ് & റോയൽ ബ്ലൂ' മുന്നോട്ടുവച്ച ചില ആശയങ്ങൾ അത്തരം സാധ്യതകൾക്കും ശ്രമങ്ങൾക്കും ഒരു മാതൃകയായി വർത്തിക്കുമെന്നും, ക്വീർ പ്രമേയമുള്ള സിനിമകൾ അവതരിപ്പിക്കുമ്പോൾ മലയാള സിനിമ അത്തരം പുതിയ സാധ്യതകളിലേക്ക് തിരിയണമെന്നുമുള്ള ഉപാധി മുന്നോട്ടിവെയ്ക്കുകയാണ് ഈ പഠനത്തിലൂടെ.
സഹായക ഗ്രന്ഥങ്ങൾ:
1. ‘അനാർക്കലി’ സംവി. സച്ചി, മാജിക് മൂൺ പ്രൊഡക്ഷൻസ്, ആമസോൺ പ്രൈം വീഡിയോ, 2015.
2. ‘കാ ബോഡിസ്കേപ്സ്'. സംവി. ജയൻ കെ. ചെറിയാൻ, ഇന്നർ സൈലൻസ് ഫിലിംസ്, പ്ലെക്സ് , 2016.
3. ‘കാതൽ: ദി കോർ’ സംവി. ജിയോ ബേബി, മമ്മൂട്ടി കമ്പനി, ആമസോൺ പ്രൈം വീഡിയോ, 2023.
4. കെ., അനിൽകുമാർ, ഡോ. രശ്മി ജി. വെള്ളിത്തിരയുടെ രാഷ്ട്രീയം, ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം, ഡിസംബർ 2018.
5. കെ. എരുമേലി, രാജേഷ്. അരിക് പെണ്ണുടൽ ക്വീർ മനുഷ്യർ മലയാള സിനിമയുടെ ഇടങ്ങൾ, ബ്ലാക്ക്ലാഷ് പബ്ലിക്ക തിരുവനന്തപുരം, ഡിസംബർ 2023.
6. ദാസ് പാർവതി, സി.ജെ. സുധി "മമ്മൂട്ടി ആൻഡ് ദി ക്വീർ ടേൺ ഇൻ മലയാളം സിനിമ എ റീഡിങ് ഓഫ് കാതൽ - ദി കോർ'സ് എൻഗേജ്മെന്റ് വിത്ത് ഹെട്രോപാട്രിയാർക്കി." ചലച്ചിത്രസമീക്ഷ വാല്യം 8 ലക്കം 10 ഒക്ടോബർ 2024 പേജ് 66 -77
7. ‘ദേശാടനക്കിളി കരയാറില്ല’. സംവി.പി. പത്മരാജൻ, 1986.
8. 'മുംബൈ പോലീസ്'. സംവി. റോഷൻ ആൻഡ്രൂസ്, സെൻട്രൽ പിക്ചേർസ്, ജിയോ ഹോട്ട്സ്റ്റാർ, 2013.
9. ‘മൂത്തോൻ’ സംവി.ഗീതു മോഹൻദാസ്, ഇറോസ് ഇന്റർനാഷണൽ, ആമസോൺ പ്രൈം വീഡിയോ, 2019.
10. വിജയൻ വിനീതാ, ‘ലിംഗഭേദമില്ലാത്ത പ്രണയങ്ങൾ.’ചലച്ചിത്രസമീക്ഷ വാല്യം 2 ലക്കം 17 മാർച്ച് 2019 പേജ് 118 -124
11. ‘സഞ്ചാരം’ സംവി. ലിജി ജെ. പുല്ലാപ്പള്ളി, വൂൾഫ് വീഡിയോ, 2004.
12. സൈലന്റ് വാലി’ സംവി. സൈദ് ഉസ്മാൻ, റെനിൽ അംബാ ഫിലിംസ്, 2012.
13. ‘റെഡ്, വൈറ്റ് & റോയൽ ബ്ലൂ'. സംവി. മാത്യു ലോപ്പസ്, ആമസോൺ പ്രൈം വീഡിയോ, 2023.
രാഹുൽ ആർ.
ഗവേഷകൻ,
യൂണിവേഴ്സിറ്റി കോളേജ്,
തിരുവനന്തപുരം.
മൊബൈൽ: 7012031673,
മെയിൽ : rahulrg1998@gmail.com
LGBTQ+ പ്രമേയമുൾക്കൊള്ളുന്ന സാഹിത്യ-സാഹിത്യേതര ആഖ്യാനങ്ങളെക്കുറിച്ച് സാധാരണ കാണാറുള്ള ഉപരിപ്ലവമായ പഠനങ്ങളിൽ നിന്നു വേറിട്ടു നിൽക്കുന്ന ഒരു ഗൗരവരചന. മലയാളസിനിമ പലപ്പോഴും പരമ്പരാഗതവും കച്ചവടപരവുമായ അംശങ്ങളോട് പൊരുത്തപ്പെട്ടുകൊണ്ട് 'കയ്യാലപ്പുറത്തെ തേങ്ങാനയം' സ്വീകരിക്കുന്ന ക്വീർ അഖ്യാനങ്ങളിലെ നിലപാടില്ലായ്മകളെ വെളിപ്പെടുത്താൻ ലേഖനത്തിനു കഴിഞ്ഞു. മലയാളസിനിമ ഇന്നും പാരമ്പര്യത്തിൻ്റെ പിടിയിൽ നിന്നു മോചിതമായിട്ടില്ലെങ്കിലും സമീപഭാവിയിൽത്തന്നെ ക്വീർ അനുഭവങ്ങളെ ഭൂതകാലത്തിൻ്റെ അപകീർത്തികരമായ അശ്ലീലത്തിൽ നിന്നു വേർതിരിച്ച് വളരെ സ്വാഭാവികമായ ഒന്നായി തിരിച്ചറിയുന്ന പുതുതലമുറ ഈ മേഖലയിൽ നിർണ്ണായകമായ മാറ്റം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.