top of page

മാതൃത്വവും കർതൃത്വവും ‘പിറ ‘ എന്ന നോവലിനെ ആസ്പദമാക്കി ഒരു പഠനം

ഡോ. ശ്രീലക്ഷ്മി.എസ്.കെ,
ree

സംഗ്രഹം

     സ്ത്രീപക്ഷപ്രവർത്തകയായ സി. എസ്.ചന്ദ്രികയുടെ ആദ്യ നോവലാണ് പിറ. ഈ നോവലിൽ രണ്ട്  കഥാപാത്രങ്ങളിലൂടെ രണ്ട് വ്യത്യസ്ത കാലഘട്ടത്തിലെ സ്ത്രീസ്വത്വത്തെ പരിചയപ്പെടുത്തുന്നു. രണ്ടു സ്ത്രീകളുടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ്  പിറ.അമ്മ മാതൃത്വത്തിന്റെ  പ്രതിനിധിയാകുമ്പോൾ ഇച്ഛാധികാരം തിരിച്ചറിഞ്ഞ് സ്വന്തം കർത്തൃത്വത്തെ രൂപപ്പെടുത്തുന്ന കഥാപാത്രമായി മകൾ പരിണമിക്കുന്നു. മാതൃത്വത്തിന്റെയും കർതൃത്വത്തിന്റെയും സ്ത്രീയനുഭവങ്ങളെ സവിശേഷമാംവിധം നോവലിൽ അടയാളപ്പെടുത്തിയിരിക്കുന്നു.


താക്കോൽവാക്കുകൾ: സ്ത്രീകർതൃത്വം, ഫെമിനിസം, മാതൃത്വം, പുരുഷാധികാരം, ദാമ്പത്യം, ലിംഗസമത്വം


       മനുഷ്യസംസ്കാരം രൂപപ്പെട്ട നാൾ മുതൽ ലിംഗവൈജാത്യത്തെക്കുറിച്ചുള്ള ബോധം സമൂഹത്തിൽ ഉരുവം കൊണ്ടിട്ടുണ്ടാവണം. പുരുഷന്മാർ അധികാരികളും സ്ത്രീകൾ ആജ്ഞാനുവർത്തികളുമായി മാറിയത് കാലചക്രത്തിന്റെ പരിണാമ ഘട്ടങ്ങളിലെവിടെ മുതലാണെന്ന് കൃത്യമായി അടയാളപ്പെടുത്താൻ സാധിച്ചിട്ടില്ല. മുഖ്യധാരാചരിത്രനിർമിതിക്ക് സഹായകമായ രേഖകളിലെങ്ങും സ്ത്രീകർതൃത്വത്തെ സവിശേഷമാം വിധം ചിത്രീകരിച്ചിട്ടില്ല. സമൂഹത്തിന്റെ സമസ്തമേഖലകളിലും ദൃശ്യമായും അദൃശ്യമായും പുരുഷകേന്ദ്രിതമായ ജീവിതസങ്കല്പം നിലീനമായിരുന്നു. ഒരു മാനകീകൃതസമൂഹത്തിന്റെ പ്രതിനിധിയായി ജീവിക്കുന്ന ഏതൊരു വ്യക്തിയിലും ഈ ലോകവീക്ഷണം ഉൾ ചേർന്നിരിക്കുന്നുണ്ട്. അതിൽനിന്നും വ്യതിരിക്തമായി ചിന്തിക്കാനും പ്രതികരിക്കാനും നിഷേധിക്കാനും സ്വത്വപ്രകാശനത്തിനും സ്ത്രീയെ പ്രാപ്തയാക്കിയത് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളാണ്.


    പൊതുമണ്ഡലത്തിൽ സ്ത്രീകൾ വഹിക്കുന്ന പങ്കിനെ സൈദ്ധാന്തിക ജാഗ്രതയോടെ പരിഷ്കൃത സമൂഹം ഇന്ന് അംഗീകരിക്കുന്നു.എന്നാൽ ആ മാറ്റം അനായാസേന ആയിരുന്നില്ല.പുരുഷാധികാരത്തിന്റെ ലിംഗാധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തിനെതിരെ പെൺ പോരാട്ടം ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ടോളമേ ആകുന്നുള്ളൂ. ആ പോരാട്ടത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണികളിൽ ഒരാളാണ് സി എസ് ചന്ദ്രിക. ചന്ദ്രികയുടെ ആദ്യ നോവലാണ് പിറ. ഇതിൽ മാതൃത്വം, കർതൃത്വം എന്നീ പരികല്‌പനകളെ എങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നു എന്ന് വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധത്തിൽ.


           സമൂഹബോധം രൂപപ്പെടുത്തിയ സ്ത്രീവാർപ്പ്മാതൃകകളെ നിരാകരിക്കുകയെന്നത് സാഹിത്യകാരികൾക്ക് എളുപ്പമായിരുന്നില്ല. ജീവിതത്തിന്റെ അടിസ്ഥാനവിശ്വാസങ്ങളെ അവഗണിച്ചും മാറ്റിയെഴുതിയും പുതിയ ചിത്രങ്ങൾ വരച്ചുചേർത്തും ആധുനികസാഹിത്യകാരികൾ പുതിയലോകം സൃഷ്ടിച്ചു. സ്ത്രീയുടെ ലോകം എന്നത് പുരുഷൻ കേന്ദ്ര സ്ഥാനത്ത് നിൽക്കുന്ന കുടുംബമാണെന്നും അവൾ തന്റെ വ്യക്തിത്വം ഉറപ്പിക്കുന്നത് തന്റെ പുരുഷന്റെ പ്രീതി സമ്പാദിച്ചു കൊണ്ടാവണമെന്നുമുള്ള പാരമ്പര്യചിന്തകൾ ഇന്ന് പുനർനിർമ്മിക്കുന്നുണ്ട്. സ്വാതന്ത്ര്യം,സമത്വം,സാഹോദര്യം ഇവയൊക്കെ ആശാവഹമായ അർത്ഥത്തിലേയ്ക്കെത്തുന്നത് ഇത്തരം തിരിച്ചറിയലുകളിലൂടെയാണ്. വീടിനുള്ളിലെ മാലാഖയുടെ ചിറകുകളറുത്ത് ഭൂമിയിലെ വിശാലതയിലേയ്ക്കു വിടേണ്ടതിന്റെ ആവശ്യകത വെർജീനിയ വൂൾഫ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.


നോവൽവായന


          സി.എസ്. ചന്ദ്രികയുടെ ആദ്യ നോവലാണ് പിറ. പെൺപക്ഷചിന്തകയായ ചന്ദ്രിക തന്റെ നോവലിന്റെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്നത് രണ്ടു സ്ത്രീകളെയാണ്. ജീവിതം നൽകിയ ദുരന്തങ്ങളിൽ പകച്ചു നിൽക്കുകയും, ആറ് കുഞ്ഞുങ്ങളെ ഓർത്ത് ആ ദുരന്തങ്ങളെ തള്ളിമാറ്റി അച്ഛന്റെയും ആങ്ങളയുടെയും കൈപിടിച്ച് ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയ്ത ലക്ഷ്മിയുടെ മാതൃത്വത്തിന്റെ അതിജീവനത്തിന്റെ കഥയാണ് പിറ. അതോടൊപ്പം കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ മണ്ണിൽ പോരാടി വളർന്ന മകൾ ചിത്രയുടെ കർതൃത്വ രൂപീകരണത്തിന്റെ കഥ കൂടിയാണത്.


         സമൂഹത്തിൽ നിലനിൽക്കുന്ന പല കാഴ്ചപ്പാടുകളും പുരുഷബോധം രൂപപ്പെടുത്തിയവയാണ്. അത് സമൂഹത്തിന്റെ പൊതുബോധവും ബോധ്യവുമാണ്.സ്ത്രീ ജനിക്കുന്നതും വളരുന്നതും സാമൂഹികബോധം ആർജ്ജിക്കുന്നതും ഈ ചുറ്റുപാടിൽ നിന്നാണ്.പിതാരക്ഷതി, ഭർത്താരക്ഷതി,പുത്രോ രക്ഷതി എന്ന മനുസ്മൃതി വാക്യം സൂചിപ്പിക്കുന്നത് പോലെ അച്ഛൻ, ഭർത്താവ്, മകൻ എന്ന ത്രികോണവ്യവസ്ഥയ്ക്കുള്ളിൽ സ്ത്രീജീവിതം  പ്രാന്തവത്ക്കരിക്കപ്പെടുന്നു. ഇത്തരമൊരു ത്രികോണവ്യവസ്ഥയ്ക്കുള്ളിൽ രൂപപ്പെടുന്നതാണ് കേന്ദ്ര കഥാപാത്രമായ ലക്ഷ്മിയുടെ ജീവിതവും.


                   തൃശ്ശൂർജില്ലയിലെ പെരിങ്ങോട്ടുകര എന്ന ഗ്രാമത്തെ കേന്ദ്രമാക്കിയാണ് കഥാഖ്യാനം.രാമനും ലക്ഷ്മിക്കും    ആറുമക്കൾ. അസുഖകരമായ നിരവധി അവസ്ഥകൾക്കൊടുവിൽ ആറ് മക്കൾക്കൊപ്പം  അവർ ഒന്നിച്ച് ജീവിക്കുന്നു. എന്നാൽ    അപ്രതീക്ഷിതമായി രാമൻ മരണപ്പെടുന്നു.   അവിശ്വസനീയമായ ഒരു പതനത്തിൽ നിന്നും തന്റെ മക്കൾക്ക് വേണ്ടി ലക്ഷ്മി ഉയർത്തെഴുന്നേൽക്കുന്നു. സമൂഹം വൈധവ്യത്തിന് കൽപ്പിച്ചു നൽകിയ അതിർവരമ്പുകൾ അവൾ ലംഘിക്കുന്നില്ല.മൂന്ന് ആൺകുഞ്ഞുങ്ങളെയും മൂന്ന് പെൺകുഞ്ഞുങ്ങളെയും അസാമാന്യമായ മനക്കരുത്തോടെ അവൾ സംരക്ഷിക്കുന്നു. അച്ഛന്റെയും സഹോദരന്റെയും കൈകളും ലക്ഷ്മിക്ക് കരുത്ത് പകർന്നു. എന്നാൽ അധികം വൈകാതെ അപ്രതീക്ഷിതമായി സഹോദരനും തൊട്ടുപിന്നാലെ അച്ഛനും മരണപ്പെടുന്നു.ആ തളർച്ചയും ലക്ഷ്മി അതിജീവിക്കുന്നു.


     സമൂഹം അനുശാസിക്കുന്ന സന്മാർഗ്ഗനിഷ്ഠയുള്ള ജീവിതചര്യയിലൂടെ ലക്ഷ്മി മക്കളെ വളർത്തുന്നു.സ്വയംപര്യാപ്തരായി വ്യക്തിത്വമുള്ളവരായി മക്കൾ വളരണം എന്ന് അവൾ ആഗ്രഹിക്കുന്നു.തന്നാലാവുംവിധം അവർക്ക് വിദ്യാഭ്യാസം നൽകുന്നു.എന്നാൽ ലക്ഷ്മിയുടെ മനസറിഞ്ഞത് ഇളയ മകൾ ചിത്ര മാത്രമായിരുന്നു.ലക്ഷ്മിയുടെ മനസ്സിന് ആത്മവിശ്വാസം പകർന്നത് ചിത്രയായിരുന്നു.


 ചിത്രയുടെയും ലക്ഷ്മിയുടെയും കാഴ്ചകളിലൂടെയാണ് ആഖ്യാനം. വർത്തമാനകാലത്തിലും ഭൂതകാലത്തിലുമായി കഥ മാറിമാറി സഞ്ചരിക്കുന്നു. തൃശ്ശൂർഭാഷയുടെ സൗന്ദര്യം കൃതിയിൽ കാണാം.വയൽവരമ്പ്,പുളിമരം,മുത്തപ്പൻ ഇതൊക്കെയുള്ള പെരിങ്ങോട്ടുകര ഗ്രാമം ചിത്രയ്ക്ക് ആത്മവിശ്വാസത്തിന്റെ ലോകമാണ്.വിദ്യാഭ്യാസകാലത്ത് തന്നെ അവൾ കമ്മ്യൂണിസത്തിന്റെ സഹയാത്രികയാകുന്നു. പ്രകൃതിയും പുസ്തകങ്ങളും വിപ്ലവങ്ങളും അവളുടെ ചിന്തകളെ വാർത്തെടുക്കുന്നു. ഒടുവിൽ അവൾ നേടണമെന്ന് അമ്മ ആഗ്രഹിച്ച കേന്ദ്രസർക്കാർ ജോലി ചിത്രക്ക് ലഭിക്കുന്നു.ബാംഗ്ലൂരിൽ ജോലിക്ക് ചേർന്ന ചിത്രയ്ക്ക് അതിനോട് പൊരുത്തപ്പെടാനാവുന്നില്ല.ജോലി രാജിവെച്ച് അമ്മയുടെ സമീപത്തേക്ക് അവൾ തിരിച്ചെത്തുമ്പോൾ അമ്മയുടെ ശരീരത്തിന്റെ ചലനം നിലയ്ക്കുന്നു.നോവൽ ഇവിടെ അവസാനിക്കുകയാണ്.


മാതൃത്വത്തിന്റെ നിർവചനം / സംഘർഷം

 

       പിറ സംസാരിക്കുന്നത് ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയമാണ്. കുടുംബം എന്ന ആവാസവ്യവസ്ഥയ്ക്കുള്ളിൽ ജീവിതത്തെ സ്നേഹിച്ചും പ്രതിരോധിച്ചും പുരാണങ്ങളും ഐതിഹ്യങ്ങളും പഴഞ്ചൊല്ലുകളും കൊണ്ട് സൃഷ്ടിച്ചെടുത്ത സ്ത്രീ സങ്കല്പത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടുമാണ് ലക്ഷ്മി എന്ന കഥാപാത്രം നിൽക്കുന്നത്.സമൂഹത്തിലെ പുരുഷാധികാരവ്യവസ്ഥ സൃഷ്ടിച്ച സാമൂഹികവും രാഷ്ട്രീയവും സദാചാരപരവും മൂല്യാധിഷ്ഠിതവുമായ കുടുംബസങ്കൽപ്പങ്ങൾക്കുള്ളിലാണ് ലക്ഷ്മിയുടെ സ്ഥാനം.ജീവിതത്തോട് ഒറ്റയ്ക്ക് പൊരുതുമ്പോഴും സാമ്പത്തിക -സാമൂഹിക മണ്ഡലങ്ങളിൽ പുരുഷനെ ആശ്രയിക്കാതെ അവൾക്ക് നിലനിൽക്കാൻ സാധിക്കുന്നില്ല.പൊതുസമൂഹം സ്ത്രീക്ക് കൽപ്പിച്ച നൽകിയ വിശുദ്ധയിടങ്ങളെ -ദാമ്പത്യം, മാതൃത്വം, വൈധവ്യം - പവിത്രതയോടെ നിറവേറ്റി തന്റെ സാമൂഹ്യസ്വത്വം ലക്ഷ്മി നിലനിർത്തുന്നു. മക്കൾ മുതിർന്നു  വരുന്നതോടെ അമ്മയുടെ അധികാരസ്ഥാനം നഷ്ടപ്പെടുകയും അവരുടെ മേൽനോട്ടത്തിലും സംരക്ഷണത്തിലും ലക്ഷ്മിക്ക് കഴിയേണ്ടിയും വരുന്നു.അപ്പോഴും ജീവിതത്തിൽ സ്ത്രീ നേടുന്ന സ്വയംഭരണാവകാശം എത്ര വലുതാണെന്ന് ബോധ്യപ്പെടുത്താൻ അവർക്ക്  സാധിക്കുന്നു. സ്വന്തം കർതൃത്വത്തെ മറച്ചുപിടിച്ചുകൊണ്ട് ജീവിതത്തിന്റെ വ്യത്യസ്ത അവസ്ഥകളിലൂടെ കടന്നുപോയ സ്ത്രീയാണ് ലക്ഷ്മി. സ്വന്തം  സമയവും  അധ്വാനവും   അവൾക്കന്യമാണ്.


സ്ത്രൈണകർതൃത്വവും പോരാട്ടവും


         ഇരുപതാംനൂറ്റാണ്ടിലെ സ്ത്രൈണസാഹിത്യ സങ്കല്പത്തിനനുസൃതമായ സ്ത്രീസ്വത്വത്തെ ചിത്രയിലൂടെ നിർമ്മിക്കാൻ സാധിച്ചു. പെണ്ണിന് നിശ്ചയിച്ചിട്ടുള്ള അടക്കവും ഒതുക്കും തികഞ്ഞവരായിരുന്നു ലക്ഷ്മിയുടെ മൂന്നും പെൺമക്കളും.അതിൽ ചിത്രയ്ക്ക് സ്വാതന്ത്ര്യബോധം ഏറിയിരുന്നു.സ്കൂൾ-കോളേജ് വിദ്യാഭ്യാസം അവളുടെ ചിന്താശേഷിയെയും  കർമ്മശേഷിയെയും ഏറെ സ്വാധീനിക്കുന്നു . സമത്വസുന്ദരലോകം എന്ന കമ്മ്യൂണിസ്റ്റ്ആശയം നെഞ്ചേറ്റി സഹയാത്രികരായ പുരുഷന്മാരെക്കാൾ ചിത്ര ഏറെ ദൂരം മുന്നോട്ടു സഞ്ചരിക്കുന്നു.തന്റെ സ്ത്രൈണകർതൃത്വത്തെ തിരിച്ചറിയാൻ അവൾക്ക് സാധിച്ചത് വിദ്യാഭ്യാസം കൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യബോധത്താൽ ആണ്,ഒപ്പം അമ്മ ലക്ഷ്മിയുടെ നിശ്ചയദാർഢ്യവും അവൾക്ക് പിൻബലമേകുന്നു.


        ഉന്നതലക്ഷ്യങ്ങൾ പുലർത്തുന്ന ആധുനിക സ്ത്രീസമൂഹത്തിന്റെ പ്രതീകമാണ് ചിത്ര. വിദ്യാഭ്യാസവും സാമൂഹികബോധവും ചിത്രയെ മറ്റുള്ളവരുടെ ആദരവിന് അർഹയാക്കുന്നു. പാർട്ടിക്കുള്ളിൽ തന്റെ കൃത്യമായ നിലപാടുകൾ അവൾ രേഖപ്പെടുത്തുന്നു . പുരുഷമേൽക്കോയ്മയിൽ അഭിരമിച്ചിരുന്ന പാർട്ടിനേതാക്കൾക്ക് ഇത് ഉൾക്കൊള്ളാനാകുന്നില്ല. ഇരുപത്തിരണ്ട്  വയസ്സ് മാത്രം പ്രായമായ പെൺകുട്ടിയുടെ നിലപാടുകളും തിരുത്തലുകളും അവർ വിലക്കുന്നു. പാർട്ടിമീറ്റിങ്ങുകൾ അവൾ ഒഴിവാക്കുന്നു. സമത്വസുന്ദരലോകം എന്ന  മുദ്രാവാക്യം മുഴക്കുന്ന പാർട്ടിയുടെ ഉള്ളറകളുടെ പൊള്ളത്തരങ്ങൾ നോവലിൽ ആവിഷ്കരിക്കുന്നു. കോളേജ് യൂണിയൻ വൈസ്ചെയർമാനായിരുന്ന ചിത്ര കോളേജ് യുവജനോത്സവത്തിൽ ഫോക്ക് ഡാൻസ് കളിച്ചതിന് സംഘടന അടിയന്തര യൂണിറ്റ്  യോഗം കൂടി.


             “സഖാവ് ചെയ്തത് ശരിയായില്ല" “സ്‌റ്റേജിനു താഴെയിരുന്ന ഞങ്ങൾ പോലും ചിത്രയുടെ കാലുകൾ കണ്ടു” - 1 .ഇത്തരത്തിൽ കുറ്റമാരോപിച്ച് ചിത്രയെ      സമ്മർദ്ദത്തിലാഴ്ത്താൻ പാർട്ടി സഖാക്കൾ ശ്രമിക്കുന്നു.തുടർന്നവർ ചിത്രയുടെ വ്യക്തിജീവിതത്തെ സദാചാരവിചാരണയ്ക്ക് വിധേയമാക്കുന്നു.പ്രണയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ  സൂചിപ്പിച്ച് ചിത്രയെ ചോദ്യം ചെയ്യാൻ ആരംഭിക്കുന്നു.ചിത്രയ്ക്ക് പാർട്ടിയോട് ഉണ്ടായിരുന്ന ആത്മബന്ധത്തിന് വിള്ളലേറ്റു.പാർട്ടിക്ക് ചിത്രയെ ആവശ്യമായിരുന്നു . തെരുവ് നാടകങ്ങൾ ഉൾപ്പെടെയുള്ള പ്രചരണ ആവശ്യങ്ങൾക്ക് ചിത്രയെപ്പോലെ നിരവധി പെൺകുട്ടികളെ പാർട്ടി ഉപയോഗിക്കുന്നു.എന്നാൽ  ചിത്ര നിരന്തരം പ്രകടിപ്പിക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ തലമുതിർന്ന നേതാക്കന്മാർ ചർച്ചചെയ്യുകയും ചിത്രയെ തങ്ങളുടെ വരുതിക്കുള്ളിൽ നിർത്താൻ യുവജനനേതാക്കൾക്ക് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്യുന്നു. ആൺകുതിരകൾക്ക് കൊമ്പുണ്ടെന്ന അധികാര സ്വരങ്ങൾക്ക് നേരെ ചിത്രകലഹിക്കുന്നില്ല.അവൾ വളരെ നിശബ്ദയായി പാർട്ടിയിൽ നിന്നിറങ്ങിപ്പോകുന്നു.സ്വാതന്ത്ര്യസമത്വങ്ങൾ ഉദ്ഘോഷിക്കുന്ന പാർട്ടിക്ക് ലിംഗസമത്വമെന്നത് അധികാരവിന്യാസം നടത്തുന്നതിനുള്ള ഉപാധി മാത്രമാണ്.


          “ ഒരാൾ സ്ത്രീയായി ജനിക്കുകയല്ല സ്ത്രീയായി തീരുകയാണ് - 2 എന്ന സിമോങ് ദ് ബൂവ്വയുടെ വരികൾ ഓർമ്മപ്പെടുത്തും വിധം  തന്നെ സ്ത്രീയായി പരിവർത്തനപ്പെടുത്താനുള്ള ജീവിത സന്ദർഭങ്ങളോട് ചിത്ര നിഷേധ സ്വരമുയർത്തുന്നു. ജനിക്കുന്ന നാൾമുതൽ പെൺകുട്ടിയുടെ ലക്ഷ്യമെന്നത് വിവാഹമാണ്. വിവാഹം കഴിഞ്ഞാൽ ഉത്തമഭാര്യ, മാതൃത്വം,കുടുംബിനി എന്നിങ്ങനെ നിരവധി റോളുകളിൽ ഒന്നിൽ നിന്ന് മറ്റൊരു വേഷത്തിലേക്ക് ജീവിതാവസാനം വരെ പകർന്നാടുന്നു.വേഷങ്ങൾ നിശ്ചയിക്കുന്നത് പിതൃമേധാവിത്വ സമൂഹമാണ്. ചിത്രയ്ക്ക് പ്രണയമുണ്ടാകുന്നുണ്ട്, പക്ഷേ ഒരു പ്രണയവും വിവാഹത്തിൽ എത്തണമെന്ന് അവൾ ആഗ്രഹിക്കുന്നില്ല. വിവാഹം, കുടുംബം എന്നീ സ്ഥാപനങ്ങളെ സാമൂഹികതിന്മയുടെ പ്രത്യക്ഷകാരണമായി വിലയിരുത്തുന്ന ഫയർസ്റ്റോൺ ഇവയെ നിരാകരിക്കണം എന്ന പക്ഷക്കാരിയാണ്3.വ്യത്യസ്ത സാമൂഹികസന്ദർഭങ്ങൾ ചിത്രയിൽ ഉണർത്തുന്ന ചിന്തകളും അത്തരത്തിലുള്ളവയാണെന്ന് കാണാം.


 “എന്തൊരു തരം സ്വപ്നങ്ങളാണിത് !കല്യാണങ്ങളെങ്ങനെയാണ് മനുഷ്യരുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളായത്?  സ്വപ്നങ്ങൾ കണ്ടാൽ തോന്നും ഭൂമിയിൽ മനുഷ്യന്റെ ഉത്ഭവം കല്യാണത്തിന് വേണ്ടി മാത്രമാണെന്ന്.ഇഷ്ടപ്പെട്ട മനുഷ്യർ തമ്മിൽ ഇണചേർന്ന് ജീവിച്ചിരുന്ന കാലത്തെക്കുറിച്ച് ആലോചിച്ച് ചിത്രയ്ക്ക് അപൂർവമായ ഒരു ഉത്സാഹം തോന്നി”4.


                 സുഹൃത്ത് മീനയുടെയും ചേച്ചി അനിതയുടെയും ദുരനുഭവങ്ങളും വിവാഹം, കുടുംബം  തുടങ്ങിയ   വ്യവസ്ഥയ്ക്കുള്ളിൽ നിന്ന് ചിത്രയെ അകറ്റുന്നു.സ്വപ്നങ്ങൾ ചിത്ര കാണുന്നുണ്ട്.അപ്പോഴും വിവാഹം വേണ്ടെന്ന് തീരുമാനിക്കുന്നിടത്ത് സ്ത്രീയുടെ സ്വയംനിർണയാവകാശത്തിന്റെ ധീരസ്വരം അവൾ ഉയർത്തുന്നു.കുടുംബവിളക്കായി മകൾ, ഭാര്യ, അമ്മ എന്നിങ്ങനെയുള്ള കർത്തവ്യങ്ങൾ നിർവഹിച്ചു ജീവിക്കുന്ന സ്ത്രീ എന്ന പൊതുസങ്കല്പത്തെ അവൾ പാടെ അവഗണിക്കുന്നു. അടിച്ചമർത്തലിനെ തിരിച്ചറിയുകയും അവൾ തന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്യുന്നിടത്ത്  തന്റെ ഇച്ഛാധികാരം അവൾ നിറവേറ്റുന്നു.എന്താണ് ഇച്ഛാധികാരം? സ്വന്തം ശരീരത്തിനു മേൽ അതതു വ്യക്തികൾക്കുള്ള അവകാശാധികാരം എന്ന സാമാന്യ അർത്ഥത്തിലാണ് സി കേശവൻ അറുപതോളം വർഷങ്ങൾക്കു മുൻപ് ഇച്ഛാധികാരം എന്ന വാക്ക് പ്രയോഗിച്ചത്5..ചിത്രയുടെ ഇച്ഛാധികാരം  ആധിപത്യപരമായ വ്യവഹാരചട്ടക്കൂടുകളെ വളരെ സ്വാഭാവികമായി നിരാകരിക്കുന്നുണ്ട്. പക്ഷേ അവൾ ജീവിതത്തെ നിഷേധിക്കുന്നില്ല.


       സമുഹത്തിന്റെ സ്വാർത്ഥ താൽപര്യങ്ങളും ആൺനോട്ടങ്ങളും ചിത്രയിൽ മടുപ്പുളവാക്കുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യവും  സാമ്പത്തിക സ്വാതന്ത്ര്യവും ഉൾച്ചേർന്ന കഥാപാത്രസൃഷ്ടിയിലൂടെ കഥാകാരി വരച്ചിട്ടത്  തന്നെത്തന്നെയാണ്.ജീവിതത്തോടുള്ള കാഴ്ചപ്പാടുകൾ തന്റെ നിലപാടുകളിലൂടെയാണ് ചിത്ര വ്യക്തമാക്കുന്നത്. കുടുംബ ബന്ധങ്ങളുടെ നേർക്ക് അവൾ കലാപം ഉയർത്തുന്നില്ല.എന്നാൽ തന്നിൽ അടിച്ചേൽപ്പിക്കുന്നവ അതേപടി അംഗീകരിക്കുവാനും അവൾ തയ്യാറാവുന്നില്ല.

“ഈ മകൾ വാശിക്കാരിയാണ്, അമ്മേ നെപ്പോലെയല്ല……. ആര്ടെ മുമ്പിലും തോറ്റുകൊടുക്കില്ല. ജീവിതത്തിൽ പരാജയപ്പെടില്ല” 6  എന്ന് നിഴലായി മാറിയ തന്റെ സ്വത്വത്തെ ലക്ഷ്മി ചിത്രയിലൂടെ അടയാളപ്പെടുത്തുന്നു. പുരുഷാധീശചിന്തകളുടെ ഇരയായിരുന്നില്ല, സ്വന്തം കർത്തൃത്വത്തെക്കുറിച്ചുള്ള ബോധമാണ് എല്ലാവരും ആഗ്രഹിക്കുന്ന ജോലി ഉപേക്ഷിച്ച് മുന്നോട്ട് പോകാൻ ചിത്രയെ പ്രാപ്തയാക്കിയത്.ഇത്തരമൊരു കർതൃത്വം ചിത്രയിൽ രൂപപ്പെട്ടതിനു പിന്നിൽ അമ്മ ലക്ഷ്മിയുടെയും സ്വാധീനമുണ്ട്. ഇത്തരത്തിൽ സ്വന്തം പദവിയും അന്തസ്സും സ്വത്വവും ഉയർത്തിപ്പിടിക്കാൻ, സ്വയംനിർമ്മിതിക്കുള്ളശേഷി ആർജ്ജിച്ചെടുത്ത ചിത്രയെ ആധുനികസ്ത്രീസ്വത്വത്തിന്റെ മാതൃകയായി വിലയിരുത്താം.

    

      കുടുംബം- സമൂഹം -രാഷ്ട്രീയവ്യവസ്ഥ ഇവയ്ക്കുള്ളിലെ പുരുഷാധീശധീശഘടനയുടെ പ്രവർത്തനങ്ങളെ ഇതിൽ പ്രശ്നവൽക്കരിക്കുന്നുണ്ട്.ദേശീയപ്രസ്ഥാനം,നവോത്ഥാനം, സോഷ്യലിസം തുടങ്ങിയ പരികല്പനകൾ ആഖ്യാനത്തിൽ കടന്നുവരുന്നു. പ്രാദേശികസംസ്കാരത്തിന്റെ സൂക്ഷ്മചിത്രവും ദൃശ്യവും ദൃശ്യവുമായ ആഗോളവൽക്കരണാധിപത്യം ആ സംസ്കാരത്തെ കീഴ്പ്പെടുത്തുന്ന ചിത്രവും നോവലിലുണ്ട്. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും സവിശേഷ മുഹൂർത്തങ്ങളെ കഥാഘടനയുമായി ഇണക്കിചേർത്തു അവതരിപ്പിക്കുന്നു. തദ്ദേശീയപ്രശ്നങ്ങൾ അടിസ്ഥാനമാക്കിയുള്ള സംഘടിത പ്രക്ഷോഭങ്ങൾ,ശ്രീനാരായണഗുരുവിനെ നേതൃത്വത്തിൽ അവർണ്ണ സമുദായ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ, കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ഇവയെല്ലാം കൃതിയുടെ അന്തർധാരയായി കടന്നുപോകുന്നു പ്രാദേശികമായി കേരളീയ സമൂഹം അനുഭവിച്ച ഒട്ടേറെ പ്രശ്നങ്ങൾ കൃതി വിഷയവൽക്കരിക്കുന്നുണ്ട് അതോടൊപ്പം സ്ത്രീയ്ക്ക് കലയും സാഹിത്യവും പ്രാപ്തമായ ആധുനിക കാലത്തെക്കുറിച്ചുള്ള ചിന്തകളും ഇതിൽ ഉള്ളടങ്ങിയിരിക്കുന്നു.രാഷ്ട്രീയം, സാഹിത്യം, സംസ്കാരം എന്നിങ്ങനെയുള്ള വ്യത്യസ്ത മേഖലകളിൽ സ്ത്രീ തന്നെ ഇടം നേടിയെടുക്കാൻ ശ്രമിക്കുന്നത് ചിത്രയിലൂടെ കാണാം തലമുറകളിലൂടെ സ്ത്രീശാക്തീകരണം സാധ്യമാകുന്നതിന്റെ ദൃശ്യങ്ങൾ ലക്ഷ്മിയിലൂടെയും ചിത്രയിലൂടെയും  കാണാം.


      

       വ്യത്യസ്ത കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളാണ് ലക്ഷ്മിയും ചിത്രയും. സ്വാതന്ത്ര്യചിത്രകൾ ഉള്ളിലേറുമ്പോഴും മാതൃത്വത്തെ ഉപേക്ഷിക്കാൻ ലക്ഷ്മിക്ക് സാധിക്കുന്നില്ല. പൊതു ബോധനിർമ്മിതിക്കുള്ളിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ പര്യാപ്തമായ വ്യവസ്ഥയ്ക്കുള്ളിലല്ല ലക്ഷ്മി നിലനിന്നത് എന്നതാണ് പ്രധാനകാരണം . അലിഖിതമായ അത്തരം വ്യവസ്ഥകളെ ലംഘിക്കാൻ ലക്ഷ്മി മകളെ പ്രാപ്തയാക്കുന്നു. അമ്മയുടെ തുടർച്ചയാണ് മകൾ .ആത്മാഭിമാനത്തോടെ സാമൂഹികസ്വാതന്ത്ര്യവും രാഷ്ട്രീയസ്വാതന്ത്ര്യവും ചിത്ര ആർജിച്ചെടുക്കുന്നു. അപ്പോഴും അതിശക്തയയായ കർതൃത്വമാതൃകയായി ചിത്ര ഉയരുന്നില്ല. എങ്കിലും അതിനുള്ള സാധ്യതകൾ കഥാപാത്രത്തിൽ നിക്ഷേപിച്ചിട്ടാണ് നോവൽ അവസാനിക്കുന്നത്.


കുറിപ്പുകൾ


1. സി.എസ്.ചന്ദ്രിക, പിറ, പുറം-146

2. സിമോങ്ങ് ദി ബുവ, ദി സെക്കൻഡ് സെക്സ്, പുറം-11

3.ബെറ്റിമോൾ മാത്യു,പരിസ്ഥിതി ദലിതെഴുത്ത് പെണ്ണെഴുത്ത്, പുറം-236

4. സി.എസ് ചന്ദ്രിക, പിറ, പുറം -144

5. ജി ഉഷാകുമാരി, ഉത്തരവാദസ്ത്രീവാദ സിദ്ധാന്തങ്ങൾ പുറം - 70

6. സി എസ് ചന്ദ്രിക, പിറ , പുറം - 186


ഗ്രന്ഥസൂചി


1. ചന്ദ്രിക സി.എസ്, പിറ, ഡി.സി.ബുക്സ്,കോട്ടയം, 2022

2. ജയകൃഷ്ണൻ.എൻ, ഫെമിനിസം, കേരളഭാഷഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2011

3. ബെറ്റിമോൾ മാത്യു (ഡോ), പരിസ്ഥിതി ദളിതെഴുത്ത് പെണ്ണെഴുത്ത് -അനുബന്ധം,കേരളസർവകലാശാല തിരുവനന്തപുരം.

4. മിനി ആലീസ് (ഡോ)ഷിമി പോൾ ബേബി(ഡോ)(എഡി) ഡി.സി. ബുക്സ്, കോട്ടയം, 2022

5. സിമോൺ ദി ബുവാ, സെക്കൻഡ് സെക്സ്, ഡിസി ബുക്സ്, കോട്ടയം,2007


ഡോ. ശ്രീലക്ഷ്മി.എസ്.കെ,

അസ്സോ. പ്രൊഫസർ, മലയാളവിഭാഗം

സർക്കാർവനിതാ കോളേജ്, തിരുവനന്തപുരം

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page