അത്യുന്നതങ്ങളിൽ ജോൺ
- GCW MALAYALAM
- Nov 14, 2024
- 1 min read
Updated: Nov 15, 2024
ഹലീൽ
കവിത

ജോൺ
ടെറസിൽ നിൽക്കുകയായിരുന്നു.
താഴേക്കു നോക്കിയപ്പോൾ
വല്ലാത്തൊരു ആകർഷണം.
ഗുരുത്വാകർഷണത്തിന്റെ
കാന്തികമണ്ഡലങ്ങൾ.
കാലൊന്നിടറിയാൽ
താഴേക്കുതാഴേക്കു പോയേക്കും.
അയാൾ സൂചിക്കുഴയിലൂടെ നടക്കുകയായിരുന്നു.
ടെറസിന്റെ ഉയരങ്ങളെ
അയാൾ പരിഗണിച്ചതേയില്ല.
താഴെയുള്ള ഭൂമിയുടെ കാഠിന്യത്തെയും.
ആകാശത്തിന്റെ ഭാരരാഹിത്യങ്ങളിലേക്ക്
പറക്കാനുള്ള വെമ്പലോടെ
ലഹരി നിറച്ച ചഷകം
അയാൾ നുകർന്നുകൊണ്ടിരുന്നു.
ചില ടെറസുകൾ
ആകാശഭൂമികൾക്കിടയിലെ
ത്രിശങ്കുസ്വർഗം പോലെയാണ്.
ജോണിനെപ്പോലുള്ളവർ
ടെറസിൽ നിൽക്കരുത്.
സ്വർഗ്ഗങ്ങളെ തിരസ്കരിക്കുന്നവരാണവർ.
മനപ്പൂർവ്വം ചാടിയതാകുമോ അയാൾ?
ചുമ്മാ, ഒരു രസത്തിന്
ഒരു ചുവടു മുന്നോട്ടുവെച്ചതാകുമോ?
മരിക്കുമെന്ന് അയാൾ വിചാരിച്ചിരിക്കില്ല.
ടെറസിൽ തന്നെ ഉറച്ചുനിൽക്കാൻ
അയാൾക്കാകുമായിരുന്നില്ല.
അത്ര ഉയരമൊന്നുമുണ്ടായിരുന്നില്ല ടെറസിന്.
ജോണിന്റെ ചിന്തകൾ
അതിനേക്കാളേറെ ഉയരത്തിലായിരുന്നു.
മരത്തലപ്പുകൾ മുഖാമുഖം നിന്നിരുന്നു.
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വസ്തുവിനെപ്പോലെ
മസ്തിഷ്കം ഉടലിൽ പൊങ്ങിക്കിടന്നു.
മലമുകളിൽ നിന്ന് ചാടിമരിക്കാമെന്ന്
പക്ഷികൾ വിചാരിക്കാറില്ല.
ചിറകുകൾ ചതിക്കുമാശാനേ.
അറിയാതെ പറന്നേ പോകും.
ജോണും ഒരു പക്ഷിയായിരുന്നു.
മനസ്സ് ചിറക് നീർത്തുമ്പോൾ
ശരീരം അക്കാര്യം മറന്നുപോയത്
ജോണിൻ്റെ കുറ്റമാണോ?
ആരൊക്കെയോ കോരിയെടുത്തെത്തിച്ച ആശുപത്രിത്തറയിൽ
മൃതപ്രായനായി കിടക്കുമ്പോഴും
ജോണിന്റെ കണ്ണുകൾ രൂക്ഷങ്ങളായിരുന്നു.
തകർന്ന ശരീരത്തിലൂടെ അയാൾ
മരണത്തെ പഠിക്കുകയായിരുന്നു.
ഒടിഞ്ഞ എല്ലുകൾ,
ആന്തരികക്ഷതങ്ങൾ,
ധമനികളിലെ ഗതാഗതക്കുരുക്ക്.
ഓരോന്നും അഴിച്ചെടുത്ത്
അയാൾ പരിശോധിച്ചു.
ജീവിതനിരാശകൾ
ഒരു പഴത്തൊലി പോലെ കിടക്കുമ്പോൾ
ആരുടെ കാലുകളാണ് ഇടറിപ്പോകാത്തത്?
ഏതായാലും അയാൾ വീണു.
കെട്ടിടത്തിൽ നിന്നും താഴേക്ക്.
ഗുരുതര പരിക്കുകളോടെ
അയാൾ മരിച്ചു.
സാക്ഷാൽ ജോൺ എബ്രഹാം!
Comments