അധികാരഘടനകള്‍ പുതുകഥയില്‍ - രാഷ്ട്രീയാന്വേഷണം
- GCW MALAYALAM
- Aug 15
- 4 min read
ഷൈനു ഏബ്രഹാം

പ്രബന്ധസംഗ്രഹം
സാമൂഹികമായ ബന്ധവ്യവസ്ഥകളിലെല്ലാം തന്നെ പ്രത്യക്ഷമായും പരോക്ഷമായും കാണപ്പെടുന്ന ഘടകമാണ് അധികാരം. വ്യക്തികളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാനും ചില സന്ദര്‍ഭങ്ങളില്‍ ശിക്ഷിക്കാനുമുള്ള ശക്തിയെ അധികാരം എന്ന് വിളിക്കാം. വ്യക്തിയുടെ സ്വതന്ത്രമായ അവസ്ഥയ്ക്ക് മേല്‍ മറ്റൊരാള്‍ നടത്തുന്ന കടുത്ത നിയന്ത്രണമാണ് അധികാരം. അധികാര ഘടനകളുമായി ബന്ധപ്പെട്ട രാഷ്ട്രീയം, സമ്പത്ത്, സ്ത്രീ സ്വാതന്ത്ര്യം, ഹിംസ, സാങ്കേതിക വിദ്യകള്‍, മാധ്യമം, വിപണി, വര്‍ഗവ്യതിയാനം എന്നിവ പുതിയ ചെറുകഥകളില്‍ വിഷയമാകുന്നുണ്ട്. ജീവിതത്തിന്‍റെ സമസ്ത ഭാവങ്ങളെയും ഉള്‍ക്കൊള്ളുന്ന പുതിയ കഥകളില്‍ അധികാരഘടനകളുടെ പ്രാതിനിധ്യം എത്രത്തോളമുണ്ടെന്ന് പഠിക്കുകയാണ് പ്രബന്ധലക്ഷ്യം
താക്കോല്‍വാക്കുകള്‍
അധികാരം, രാഷ്ട്രീയം, വര്‍ഗം, സ്വാതന്ത്ര്യം, ഹിംസ, പ്രതിരോധം
സമൂഹത്തിലെ ക്രമീകൃതമായ ഭരണസംവിധാനത്തിന് അധികാരം അത്യന്താപേക്ഷിതമാണ്. അധികാരഘടനയിലെ ശ്രേണികള്‍ പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്നു. അധികാരി - വിധേയന്‍ എന്ന ദ്വന്ദ്വത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ശ്രേണികളിലും അധികാരഘടനയുടെ വിവിധ തലങ്ങള്‍ ദര്‍ശിക്കാവുന്നവയാണ്. അധികാരിയും വിധേയനും തമ്മിലുള്ള ഭിന്നാഭിപ്രായങ്ങള്‍ പ്രതിരോധത്തിനും സംഘര്‍ഷത്തിനും കാരണമാകുന്നു. വിധേയനു യോജിക്കാത്തതും സ്വീകരിക്കാന്‍ സാധിക്കാത്തതുമായ ആശയങ്ങള്‍ നിരാകരിക്കുന്നതിനും വ്യക്തമായ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്നതിനും വിധേയന് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അധികാരം വ്യക്തികളെ അടിച്ചമര്‍ത്തുന്ന തന്ത്രമാണ് സ്വീകരിക്കുന്നത്. അധികാരത്തില്‍ കീഴില്‍ മൗനിയായിരിക്കേണ്ട അവസ്ഥ ഉണ്ടാകുമ്പോള്‍ അധികാരത്തിനെതിരെ പ്രതിരോധം തീര്‍ക്കേണ്ടുന്ന സാഹചര്യമുണ്ടാകുന്നു.
ഓരോ കാലഘട്ടത്തിലെയും സാമൂഹ്യവ്യവസ്ഥയുടെ പ്രത്യേകതകള്‍ സാഹിത്യത്തില്‍ വിവരിക്കാറുണ്ട്. സര്‍ഗ്ഗാത്മകതയുടെ ഭാവുകത്വ പരിണാമങ്ങളോടൊപ്പം സാമൂഹ്യപ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന സാഹിത്യവിഭാഗമാണ് ചെറുകഥ. പുതിയ കാലഘട്ടത്തിലെ ആശയസംഘര്‍ഷങ്ങളും സങ്കീര്‍ണ്ണ ജീവിത ചുറ്റുപാടുകളും കഥകളില്‍ പ്രതിഫലിക്കുന്നു. സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലെയും നിലനില്‍ക്കുന്ന അധികാരം വിവിധ രൂപങ്ങളില്‍ മലയാള ചെറുകഥയിലും കാണാവുന്നതാണ്. പുതിയ കഥകളുടെ പ്രമേയത്തില്‍ അധികാരത്തിന്‍റെ വിവിധ ഘടകങ്ങളുടെ സ്വാധീനം ഉണ്ടെന്ന് മനസ്സിലാക്കാം. ഭരണസംവിധാനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഘടകങ്ങള്‍, വര്‍ഗ, വര്‍ണ ലിംഗ വ്യതിയാനങ്ങള്‍, സ്ത്രീ സ്വാതന്ത്ര്യം ഹിംസ, സാങ്കേതിക വിദ്യകള്‍, മാധ്യമം എന്നിങ്ങനെ അധികാരവുമായി ബന്ധപ്പെട്ട വ്യത്യസ്ത സമീപനങ്ങള്‍ കഥയില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്.
ഭരണവ്യവസ്ഥയുമായി ബന്ധപ്പെടുത്തി അധികാരത്തെ പഠിക്കുമ്പോള്‍ രാഷ്ട്രീയാധികാരം എന്ന സംജ്ഞയാണ് സ്വീകരിക്കുന്നത് അധികാര കേന്ദ്രത്തില്‍ നേതൃസ്ഥാനം വഹിക്കുന്ന വ്യക്തികള്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വിഡ്ഢികളാക്കുന്ന സംവിധാനം എക്കാലവും നിലനില്‍ക്കുന്നതാണ്. തീര്‍പ്പ് കല്‍പ്പിക്കാനാവാത്ത വാഗ്ദാനങ്ങളെ വിസ്മരിക്കുന്ന നേതാവാണ് സന്തോഷ് ഏച്ചിക്കാനത്തിന്‍റെ സുഖവിരേചനം എന്ന കഥയിലെ കഥാനായകന്‍. തമ്പേലിപ്പാടം പതിനെട്ടാം വാര്‍ഡ് മെമ്പറും കൊച്ചിന്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യസമിതിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ തുമ്പയില്‍ ഡൊമനിക്കാണ് കഥയിലെ അധികാര സ്ഥാനം വഹിക്കുന്നത്. അധികാരം പരോക്ഷമായി അംഗീകരിക്കുന്ന ഭാര്യ സൂസന്നയും ആധിപത്യത്തിന്‍റെ പ്രതീകമാകുന്നു. സൂസന്നയുടെ സ്പെഷ്യല്‍ ട്രേയില്‍ നിന്ന് ചായകപ്പെടുക്കുമ്പോള്‍ ഇരിപ്പിടത്തില്‍ നിന്നും ചന്തി ഒരിഞ്ചുപൊക്കി അതിഥികള്‍ ആദരവോടെ പൊഴിക്കുന്ന പാതിവിടര്‍ന്ന ഒരു ചിരിയുണ്ട്. അതുമാത്രം മതി സൂസന്നയ്ക്ക്. ആ നേരത്ത് ആധിപത്യത്തിന്‍റെ അദൃശ്യമായ ഔന്നത്യത്തിലേക്ക് സൂസന്ന ഒരു പതാക പോലെ വലിച്ചുയര്‍ത്തപ്പെടും. 1 പരാതിക്കാരുടെ പരിഭവങ്ങള്‍ക്ക് ഉടനടി പരിഹാരം കാണാന്‍ ശ്രദ്ധ നല്‍കാതെ പരാതിക്കാരെ കാണുമ്പോള്‍ ടോയ്ലെറ്റില്‍ ഇരിക്കുമെന്ന പ്രസ്താവന അധികാരിയായ ഭരണവര്‍ഗത്തിന് വിധേയരോടുള്ള മനോഭാവം വ്യക്തമാക്കുന്നു. ഇത് അധികാരത്തിന്‍റെ രാഷ്ട്രീയഘടനയാണ് വിശദമാക്കുന്നത്.
അധികാരഘടനയിലെ ഏകാധിപത്യത്തിന്‍റെ രാഷ്ട്രീയതലങ്ങള്‍ ഉണ്ണി ആറിന്‍റെ മിക്ക കഥകളിലുമുണ്ട്. ഒഴിവുദിവസത്തെ കളി, ബാദുഷ എന്ന കാല്‍നടക്കാരന്‍, മുദ്രാരാക്ഷസം എന്നീ കഥകളിലെല്ലാം തന്നെ അധികാര ശ്രേണികളുടെ വ്യത്യസ്ത മാനങ്ങള്‍ രേഖപ്പെടുത്തുന്നു. ധര്‍മ്മപാലന്‍, വിനയന്‍, അശോകന്‍, ദാസ് എന്നീ നാല് സുഹൃത്തുക്കളുടെ ലോഡ്ജിലെ ഒത്തുകൂടലാണ് ഒഴിവുദിവസത്തെ കളിയില്‍ പരാമര്‍ശിക്കുന്നതാണ്. കള്ളനും പോലീസും കളിയ്ക്കിടയില്‍പോലും ഒളിഞ്ഞിരിക്കുന്നത് അധികാര ക്രമങ്ങളാണ്. അധികാരശ്രേണികളുടെ ഏറ്റക്കുറച്ചിലുകളെയാണ് കള്ളനും പോലീസും പ്രതിനിധീകരിക്കുന്നത്. കളിയ്ക്കിടയില്‍ പോലും അധികാരത്തിനുള്ള അവസരങ്ങള്‍ കാത്തിരിക്കുന്ന വ്യക്തി അധികാരത്തിനുള്ള അവസരങ്ങള്‍ കാത്തിരിക്കുന്ന വ്യക്തി അധികാരത്തിന്‍റെ ക്രൂരമുഖം വ്യക്തമാക്കുന്നു. ഹിംസയുടെ അവതാരമായി ധര്‍മ്മപാലനെ അവതരിപ്പിക്കുന്ന ബ്രാഹ്മണ്യ ത്തിന്‍റെ പാരമ്പര്യത്തില്‍ സദാസമയം അഭിമാനിക്കുന്ന വിനയന്‍ മന്ത്രിയുടെ അധികാരത്തെ പ്രതീകവത്കരിക്കുന്നു. ഈ കളിയില്‍ കള്ളന്‍മേല്‍ ആരോപിതമാകുന്നതും രാജാവിനെതിരായി വിപ്ലവം നയിച്ചു എന്നതാണ് ദാസിന്‍റെ വയറ്റിലേക്ക് മദ്യകുപ്പി കയറ്റിക്കൊണ്ട് കള്ളനുള്ള ശിക്ഷ ധര്‍മ്മപാലന്‍ നടത്തുന്നു. കളി കാര്യമാകുന്ന സന്ദര്‍ഭത്തിലും അശോകന്‍റെയും വിനയന്‍റെയും നിസ്സംഗതയും പ്രതികരണമില്ലായ്മയും ദാസിന്‍റെ വധത്തെ വെറും ഒരു കളിയായി മാത്രം തീര്‍ക്കുന്നു. കേവലം ഒരു കളിയില്‍ പോലും അധികാരവ്യവസ്ഥകളെ ചോദ്യം ചെയ്താല്‍ ഉണ്ടാകാവുന്ന അനന്തരഫലത്തെ മൗനമായി വിചാരണ ചെയ്യുന്ന കഥയാണിത്. ജാതിയില്‍ നിലനില്‍ക്കുന്ന അധികാര വ്യവസ്ഥകളെ ചോദ്യം ചെയ്താല്‍ ഉണ്ടാകാവുന്ന അനന്തരഫലത്തെ മൗനമായി വിചാരണ ചെയ്യുന്ന കഥയാണിത്
ബാദുഷ എന്ന കാല്‍നടക്കാരന്‍ എന്ന കഥയില്‍ വര്‍ഷങ്ങളായി പീഡകന്‍റെ രൂപം ധരിച്ച അധികാരി വര്‍ഗ്ഗത്തെ അടയാളപ്പെടുത്തുന്നു. ഭൂത - വര്‍ത്തമാനകാലങ്ങളില്‍ അധികാം തടവിലാക്കിയ അനേകം പേരുടെ കഥകളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ലന്തക്കാരും പറങ്കികളും ബ്രിട്ടീഷുകാരും ചേര്‍ന്ന് രൂപീകരിച്ച അധികാരത്തിന്‍റെ വഴികള്‍ പിന്നിട്ട് വര്‍ത്തമാനകാലത്തിലെത്തുമ്പോള്‍ പുതിയ അധികാര വഴികള്‍ തുറക്കപ്പെടുന്നു. ഇരയും അധികാരിയും തമ്മിലുള്ള വിടവ് കാലാകാലങ്ങളായി മാറ്റമില്ലാതെ തുടരുന്നു എന്ന് കഥ കാണിച്ചു തരുന്നു. നോട്ടത്തില്‍ പോലും അധികാരത്തിന്‍റെ കൂരമ്പുകള്‍ എയ്യുന്ന അധികാരി സമൂഹത്തെ ബാദുഷ എന്ന കാല്‍നടക്കാരന്‍ എന്ന കഥയില്‍ വ്യക്തമായി വരച്ചിടുന്നു. അധികാരത്തിന്‍റെ ഹിംസാത്മകമായ ഘടനയാണിവിടെ പ്രസക്തമാക്കുന്നത്.
പുരുഷാധിപത്യം സ്ത്രീ സമൂഹത്തെ ബാധിക്കുന്ന അധികാരഘടനയാണ്. കുടുംബം എന്ന അധികാര സ്ഥാപനത്തില്‍ പുരുഷന്‍ സര്‍വ്വാധിപതിയായി ഭരണം നടത്തുമ്പോള്‍ സ്ത്രീ മൗനിയാകുന്ന സന്ദര്‍ഭം പലപ്പോഴുമുണ്ടാകാറുണ്ട്. പക്ഷേ അധികാരം പ്രതിരോധത്തിന് വഴി തെളിക്കുന്നു. കെ. ആര്‍ മീരയുടെ ആലിഫ് ലൈല അത്തരത്തിലുള്ള കഥയാണ്. ആയിരത്തൊന്ന് രാവുകളിലെ കഥപറച്ചിലുകാരി ഷഹറാസാദിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമാണീ കഥയില്‍. ഏകദേശം ആയിരത്തൊന്ന് രാവുകളിലെ ആഖ്യാനശൈലി തന്നെയാണ് ആലിഫ് ലൈലയില്‍ സ്വീകരിച്ചിരിക്കുന്നത്. സീരിയല്‍ രംഗം അടക്കിവാണിരുന്ന പ്രൊഡ്യൂസര്‍ വ്യത്യസ്തസമയങ്ങളിലെ സീരിയലുകളുടെ റേറ്റിംഗ് താരതമ്യം ചെയ്ത് നോക്കിയപ്പോള്‍ തന്‍റെ സീരിയലുകള്‍ക്ക് പരസ്യം കുറവാണെന്ന് കണ്ടു പുതിയ തിരക്കഥാകൃത്തുക്കളെ കണ്ടെത്താനായി പ്രൊഡക്ഷന്‍ എക്സിക്യുട്ടീവിന് നിര്‍ദ്ദേശം കൊടുക്കുന്നു. ദിവസവും ഓരോ പുതിയ തിരക്കഥാകൃത്തിനെ കണ്ടെത്തണം. ഇല്ലെങ്കില്‍ നമുക്ക് ഇവിടെ വച്ച് പിരിയാം. നിസ്സഹായനായ പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ഓരോ നോവലിസ്റ്റുകളെ കണ്ടെത്തി ബുദ്ധിമുട്ടുന്നു. അധികാരിയുടെ കല്‍പ്പനയ്ക്ക് മുന്നില്‍ ജീവിതം നിസ്സഹായകമായി പോകുന്ന ഉദ്യോഗസ്ഥനെ രക്ഷിക്കാനാണ് പുതിയ കഥയുമായി മകള്‍ ഷഹറാസാദ് രംഗത്തെത്തുന്നത്. അധികാരത്തിന്‍റെ ഗര്‍വിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഷഹറാസാദിന് കഴിയുന്നു. കഥ പറഞ്ഞ് കഥ പറഞ്ഞ് ഷഹറാസാദ് ആയിരത്തൊന്നിലധികം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കാന്‍ പ്രൊഡ്യൂസറെ സഹായിച്ച് തന്‍റെ അച്ഛനെ അധികാരത്തിന്‍റെ ശിക്ഷണമുറകളില്‍ നിന്ന് രക്ഷിക്കുന്നു. അറിവ് അധികാരത്തെ നിയന്ത്രിയ്ക്കുന്നു എന്ന സങ്കല്‍പ്പവും ഈ കഥയെ വ്യത്യസ്തമാക്കുന്നു.
അധികാരഘടനകളില്‍ മതം എന്ന അധികാരസ്ഥാപനം വളരെയേറെ നിയന്ത്രണം വിധേയര്‍ക്ക് സമ്മാനിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളെ മതാധികാരം എപ്പോഴും പിരിധി നിശ്ചയിച്ച് മാറ്റി നിര്‍ത്തുന്നു. അതിനുദാഹരണമാണ് ഉണ്ണി ആറിന്‍റെ വാങ്ക് എന്ന കഥ. കോളേജ് പഠനം അവസാനിക്കാന്‍ പോകുന്ന നേരത്ത് നാലുകൂട്ടുകാര്‍ അവരുടെ ആഗ്രഹങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നു. റസിയ എന്ന പെണ്‍കുട്ടിയുടെ ആഗ്രഹം വ്യത്യസ്തമാണ്. റസിയയുടെ ആഗ്രഹം വാങ്ക് വിളിയ്ക്കണം മതം എന്ന അധികാര സ്ഥാപനം പുരുഷന് മാത്രം കല്‍പ്പിച്ചിരിക്കുന്ന വാങ്ക് വിളി കുട്ടിക്കാലം മുതല്‍ റസിയ തന്‍റെ മനസ്സില്‍ കൊണ്ടുനടക്കുന്നു. മറ്റെല്ലാവരും തങ്ങളുടെ ആഗ്രഹങ്ങള്‍ നടപ്പാക്കിയിട്ടും റസിയയുടെ ആഗ്രഹം നടത്താന്‍ ജ്യോതി സഹായിക്കുന്നു. ജ്യോതിയുടെ കൂട്ടുകാരന്‍റെ സഹായത്തോടെ റസിയ ഒരു കാടിനടുത്ത് വാങ്ക് വിളിയ്ക്കുന്നു. പുരുഷാധിപത്യത്തിന് മേല്‍ പെണ്‍കരുത്ത് പ്രതിരോധം തീര്‍ക്കുന്ന കഥയാണിത്. മതം, സദാചാര സങ്കല്‍പ്പം എന്നിവയെ ചോദ്യം ചെയ്യുന്ന കഥയാണിത്.
വര്‍ണം, വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ വര്‍ഗീകരണം നടത്തുന്നതിനും അധികാര ഘടനയാണ്. പാറുക്കുട്ടി എന്ന കറുത്ത പെണ്‍കുട്ടിയുടെ അനുഭവങ്ങള്‍ സി. രാധാകൃഷ്ണന്‍റെ കറുത്തു വെളുത്ത പാറൂട്ടി എന്ന കഥയില്‍ നിന്ന് വായിക്കാം. കറുപ്പിന്‍റെ പേരില്‍ കുടുംബത്തില്‍ അവഗണന നേരിടുന്ന പാറൂട്ടിയുടെ നിറം ഇടയ്ക്കിടയ്ക്ക് മാറുന്നു. ചര്‍മ്മ രോഗ വിദഗ്ദന്‍മാര്‍ക്കു പോലും കണ്ടുപിടിക്കാന്‍ പറ്റാത്ത രോഗമായി ഇത് മാറുന്നു. പാറൂട്ടി ഒടുവില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദമാകുന്നു. സ്വരനിറഭേദങ്ങള്‍ ആധിപത്യം സൃഷ്ടിക്കുകയും ചെയ്യുന്ന അധികാരസങ്കല്‍പ്പമാണീ കഥയുടെ ഇതിവൃത്തം
ജാതി കര്‍തൃത്വങ്ങള്‍ അധികാരം പിടിച്ചടക്കുമ്പോള്‍ സമൂഹത്തില്‍ നിന്ന് അന്യമായി നില്‍ക്കുന്നവരും സ്വത്വം മറന്ന് മറ്റൊരു സമൂഹത്തോട് താദാത്മ്യപ്പെടാന്‍ വെമ്പുന്ന പല കഥാപാത്രങ്ങളും എ. പി. ജ്യോതിര്‍മയിയുടെ കഥകളിലുണ്ട്. തീയ്യര് മൈതാനി അത്തരത്തിലൊരു കഥയാണ്. തീയ്യര് മൈതാനിയിലെ പുതിയ വീട്ടിലേക്ക് മാറിയ നന്ദിനിയുടെ സ്വഭാവമാറ്റങ്ങളാണ് ജാതി എന്ന അധികാരഘടന നല്‍കിയ ചില പ്രത്യയശാസ്ത്രപരമായ അറിവുകള്‍ക്കുള്ളില്‍ നിന്ന് സംഘര്‍ഷം അനുഭവിക്കുന്നത്. ഗുരുസ്വാമിയുടെ ഫോട്ടോ പോലും പ്രധാന ഹാളില്‍ വയ്ക്കാന്‍ സമ്മതിക്കാതെ നന്ദിനി തീയര് സമുദായത്തില്‍പെട്ടതാണെന്ന് മറ്റുള്ളവരെ അറിയിക്കാതിരിക്കാനുള്ള ശ്രമം നടത്തുന്നു. മേല്‍ജാതി, കീഴ്ജാതി എന്ന അധികാര വ്യത്യാസം ഈ കഥയിലുണ്ട്. ജ്യോതിര്‍മയിയുടെ തന്നെ പുതിയ കാലത്തിന്‍റെ ചില നിയമങ്ങള്‍ എന്ന കഥയും ഇത്തരത്തിലുള്ളതാണ്. ഭാരതി തന്‍റെ ഭര്‍ത്താവായ അശോകന് ശാരീരികാസ്വാസ്ഥ്യം നേരിട്ടപ്പോള്‍ ഓട്ടോറിക്ഷാ വിളിയ്ക്കാന്‍ സ്റ്റാന്‍ഡിലെത്തുമ്പോള്‍ നിങ്ങളുടെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് അപ്പുറത്താണെന്നും പറഞ്ഞ് പായിക്കുന്ന കാഴ്ച ഈ കഥയിലുണ്ട്. അതുപോലെ സ്വജാതിക്കാര്‍ നടത്തുന്ന ആശുപത്രിയില്‍ മാത്രമേ പോകാന്‍ സാധിക്കൂ എന്ന ഓട്ടോക്കാരന്‍റെ അഭിപ്രായവവും ശ്രദ്ധേയവുമാണ്. ജാതി എന്ന അധികാരഘടന വേര്‍തിരുവകള്‍ സൃഷ്ടിക്കുന്നത് അധികാര ശ്രേണിയിലെ പൊള്ളത്തരമാണ്.
നവഭാവുകത്വം പ്രമേയത്തിലും ആഖ്യാനത്തിലും പുലര്‍ത്തുന്ന പുതുകഥകള്‍ വിവിധ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സമൂഹത്തില്‍ എല്ലാക്കാലത്തും നിലനില്‍ക്കുന്ന അധികാര ശ്രേണികളുടെ വ്യത്യസ്തത കഥകളില്‍ അടയാളപ്പെടുത്തുന്നു. പുരുഷാധികാരം, രാഷ്ട്രീയാധികാരം, ജാത്യാധികാരം എന്നിങ്ങനെ സമൂഹത്തെ ദുഷിപ്പിക്കുന്ന അധികാരഘടനകളോടൊപ്പം മാധ്യമം, വിപണി എന്നീ സ്ഥാപനങ്ങള്‍ അധികാരം സ്ഥാപിക്കുന്ന സമകാലിക പ്രശ്നങ്ങളും പുതുകഥ അവതരിപ്പിക്കുന്നത്. അധികാരമുള്ളിടത്ത് പ്രതിരോധം ശക്തമാക്കുന്ന കാഴ്ചയും കഥകളില്‍ വായിക്കാം. അധികാരഘടനകളുടെ പുത്തന്‍ വ്യവസ്ഥകളും പ്രതിരോധങ്ങളുമായി പുതിയ കഥ മുന്നേറിക്കൊണ്ടിരിക്കുന്നു.
ഗ്രന്ഥസൂചിډ
ജ്യോതിര്‍മയി എ. പി, ജ്യോതിര്‍മയിയുടെ കഥകള്‍, ചിന്ത പബ്ലിഷേഴ്സ്,
തിരുവനന്തപുരം
ബാനര്‍ജി ഇ ഡോ, അധികാരം സത്തയും സ്വരൂപവും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം
വി. അക്ഷര, അധികാരം പ്രത്യയശാസ്ത്രം സമൂഹം പാവനത്മാ പബ്ലിഷേഴ്സ്, കോഴിക്കോട്
ഷീബാ ദിവാകരന്‍ ഡോ (എഡി), പുതിയ കഥ പുതിയ വായന, ആത്മ ബുക്സ്, കോഴിക്കോട്
ആനുകാലികങ്ങള്‍
ഗ്രന്ഥാലോകം മാസിക
മാതൃഭൂമി ആഴ്ചപ്പതിപ്പ്
സമകാലിക മലയാളം വാരിക
ഷൈനു ഏബ്രഹാം
അസിസ്റ്റന്‍റ് പ്രൊഫസര്‍
മലയാളവിഭാഗം
കാതോലിക്കേറ്റ് കോളേജ്
പത്തനംതിട്ട
ജവ : 9847844225
E Mail : shynugigi@gmail.com





Comments