അവസ്ഥാന്തരങ്ങൾ----------------------------
- GCW MALAYALAM
- Aug 15
- 2 min read
കഥ
നൗഷാദ് പെരുമാതുറ

ഉടഞ്ഞ ശരീരവും മനസ്സും പുനരധിവാസത്തിന് നിൽക്കാതെ പുലർകാലത്തോട് ഇങ്ങനെ പറഞ്ഞു;
' കാത്തുനിൽക്കാൻ വയ്യ...എനിക്കേറെ പോകാനുണ്ട്. ആരുമില്ല കൂടെ!' ഒരു കുടുംബിനിയുടെ ദിനസരി തുടങ്ങുന്നത് ഇങ്ങനെയാണ്. ഉറങ്ങുമ്പോഴും പുലർച്ച കാത്തുവെച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങളെക്കുറിച്ച കണക്കുകൂട്ടലിലായിരിക്കും മനസ്സ്. പുതപ്പിട്ട് മൂടിയ രാത്രിയിൽനിന്ന് അവൾ പുലർവെട്ടത്തിലേക്ക് സ്വതന്ത്രയായി. അരണ്ട വെളിച്ചത്തിൽ തലയിണകൾക്കിടയിൽ മുഖം പൂഴ്ത്തി ഉറങ്ങുന്ന രവിയേട്ടൻ. കഴുത്ത് വേദനക്ക് കാരണമായ കട്ടികൂടിയ തലയണ മാറ്റിത്തരണമെന്ന് കുറേ ദിവസമായി പറയുന്നു. മറന്നുപോകുന്നല്ലോ!
കിടപ്പുമുറി വിട്ട് പുറത്തിറങ്ങുമ്പോൾ ഹാളിലെ മേശമേൽ കരിപിടിച്ച നിലവിളക്ക്. പ്രഭാത പ്രാർത്ഥനക്ക് കൊണ്ടുവെച്ച പൂക്കൾ വാടിയും കരിഞ്ഞും ഇരിക്കുന്നു. വെള്ളം തളിച്ച് ഇലയിൽ പൊതിഞ്ഞുവെക്കാറുള്ളതാണ്. പ്രാർത്ഥനാ മുറി പൊടിയടിക്കാതെ മുഷിഞ്ഞ ഗന്ധത്തിൽ. അപ്പോഴും കള്ളച്ചിരിയുമായി എൻ്റെ കൃഷ്ണൻ... തൊഴുതുനിൽക്കുമ്പോൾ മനസ്സ് പ്രാർത്ഥനയാൽ നിറയാൻ അതുമതി
അവൾ വ്യാകുലപ്പെടുകയായിരുന്നു; ജീവിതത്തിൻ്റെ നിയന്ത്രണം ചോർന്നുപോകുന്നതായൊരു തോന്നൽ. മനസ്സ് എപ്പോഴും തിരക്കുപിടിക്കുന്നു. പലതും കാണാതെയും അറിയാതെയും പോകുന്നു. ചെയ്തതൊന്നും ശരിയും തൃപ്തിയുമാകുന്നില്ല. ശരിയിലെത്താൻ ഇനിയുമെത്രയോ പോകേണ്ടതുണ്ടെന്ന തോന്നൽ. പകൽ സ്വപ്നത്തിൽ അപൂർണ ബിന്ദുക്കൾ മുഖാമുഖം വന്നുനിന്ന് പറയുന്നു;
- കരുതിവെക്കുക; എന്തെങ്കിലും...ഒടുവിൽ നീ മാത്രമാകാതിരിക്കാൻ
- ഒറ്റയ്ക്ക് നിൽക്കുമ്പോഴും തണലേകുന്ന മരമാകുക... കാറ്റുകൾ വന്ന് പൂവും കായും തരും
എനിക്കെന്താണ് സംഭവിക്കുന്നത്..!
അർച്ചന മോളുടെയും സാനു മോന്റെയും യൂണിഫോമുകൾ കഴുകി ഉണക്കാനിട്ടിട്ട് ഒരാഴ്ചയിൽ കൂടുതലായി. മഴയും മഞ്ഞും വെയിലുമേറ്റ് അത് അയയോട് ഒട്ടിക്കിടപ്പാണ്. പലകുറി അതുവഴി പോയിട്ടും കണ്ണിലുടക്കിയില്ല. കാഴ്ചക്ക് കാര്യമായെന്തോ തകരാർ സംഭവിച്ചതുപോലെ. കൃഷ്ണമണികൾക്ക് മുന്നിൽ നക്ഷത്രനിഴലുകൾ ഊർന്നിറങ്ങുന്നു. യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചേരാൻ കഴിയാത്തവിധം കാഴ്ച കബളിപ്പിക്കുന്നു. അടുക്കളയിലെ ചൂടും പുകയുമേറ്റായിരിക്കാം എന്നവൾ സമാശ്വസിക്കാൻ ശ്രമിച്ചു.
തലേരാത്രി അടുക്കളയിൽ ബാക്കിയായ ഭക്ഷണം ചീഞ്ഞുപോയെന്ന് അറിയാൻ രവിയേട്ടൻ്റെ ശാസന വേണ്ടിവന്നു. പണികളെല്ലാം തീർന്നപ്പോഴുള്ള തളർച്ചയിലും ശരീരവേദനയിലും കുറച്ച് നേരത്തേ ഉറങ്ങാൻ പോയി. പുറത്തിരിക്കുന്ന ഭക്ഷണസാധനങ്ങളെല്ലാമെടുത്ത് ഫ്രിഡ്ജിൽ വെച്ചേക്കാൻ ടി.വി ചാനലുകളിൽ പരതിനടന്ന രവിയേട്ടനോടും മൊബൈലിൽ കളിച്ചിരിക്കുന്ന മക്കളോടും പറഞ്ഞേൽപിച്ചതാണ്. ആരും പറഞ്ഞപടിയൊന്നും ചെയ്തില്ല. എല്ലാം പതഞ്ഞും പുളിച്ചും ഇരിക്കുന്നു. വർക്കേരിയയിലെ സിങ്കിൽ തലേരാത്രിയിലെ ഭക്ഷണാവശിഷ്ടങ്ങൾ ഉണങ്ങിപ്പിടിച്ച പാത്രങ്ങൾ കൂടിക്കിടന്നു.
'കഴിച്ച പാത്രങ്ങൾ അവരവർതന്നെ ഒന്ന് കഴുകിവെച്ചേക്കണേ... ഇന്ന് തീരെ വയ്യാത്തോണ്ടാ...'
കിടപ്പുമുറിയിലേക്ക് കാലുകൾ വലിച്ച് വെക്കുമ്പോൾഎല്ലാപേരോടുമായി പറഞ്ഞിരുന്നു. അപേക്ഷക്കൊടുവിൽ വാക്കുകൾക്ക് വല്ലാത്തൊരു ഇടർച്ച സംഭവിച്ചുവോ...ആരും വ്യക്തമായി മറുപടി പറഞ്ഞതായി ഓർക്കുന്നില്ല. തളർച്ചയും ഉറക്കവും കെട്ടുപിണഞ്ഞ ബോധ -ഉപബോധ മനസ്സുകളുടെ ഊഞ്ഞാലാട്ടത്തിനിടയിൽ ആരുടെയോ ഒരു ഇരുത്തി മൂളലും അതേൽപിച്ച പോറലും ഓർമയിൽ ഇപ്പോഴും ബാക്കിനിൽക്കുന്നു.
കേടായ ഭക്ഷണസാധനങ്ങൾ വേസ്റ്റ് ബാസ്കറ്റിൽ വാരിയിട്ട് അവൾ പുറത്തേക്കിറങ്ങി. പുലർകാല കാറ്റിന്റെ തഴുകിക്കടന്നുപോകലിൽ മനസ്സ് കുളിർന്നുപോയി. സ്നേഹത്തോടൊരു തഴുകലിന് പ്രകൃതിയിലേക്കിറങ്ങാതെ വയ്യ.
ഗേറ്റിന് പുറത്ത് കോർപറേഷൻ സ്ഥാപിച്ചിരുന്ന മാലിന്യപ്പെട്ടിയിൽ അവശിഷ്ടങ്ങൾ നിക്ഷേപിച്ച് തിരിയുമ്പോൾ അയൽപക്കത്തെ കൂട്ടുകാരി റഹീനയുടെ ശബ്ദം
'ചേച്ചീ... ഒന്നും അറിഞ്ഞില്ലേ. ദേ പ്ലാവിൻ്റെ കൊമ്പു വീണ് മതിൽ പൊളിഞ്ഞു.. വീട്ടിൽ അടിക്കാതിരുന്നത് ഭാഗ്യമായി'
ശരിയാണ്. വീടിൻ്റെ സൺഷെയിഡിനോട് ചേർന്ന മതിലാണ് തകർന്നത്. കേട്ടില്ലല്ലോ!
പിന്നിൽ റഹീന തുടർന്നു;
'രാത്രി മുഴുവൻ നല്ല കാറ്റും മഴയുമായിരുന്നു... കറണ്ട് പോയിട്ട് കുറേക്കഴിഞ്ഞാ വന്നത് '
അറിഞ്ഞില്ലല്ലോ! ഒരുൾക്കിടിലത്തോടെ അവൾ തിരിച്ചറിഞ്ഞു;
ഒന്നും നിയന്ത്രണത്തിൽ അല്ലതന്നെ. മനുഷ്യനാണെന്ന് സ്വയം ബോധ്യപ്പെടുത്താൻപോലും കഴിയാതെ വന്നിരിക്കുന്നു. മനസ്സിനെ അമർത്തി ജീവിതം പാകപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ എല്ലാം കൈവിടുന്നു.
വീട്ടിൽ ആരുടെയൊക്കെയോ തട്ടുമുട്ടുകളും അടുക്കളയിൽ പ്രഷർകുക്കറിന്റെ ശബ്ദവും അവളെ വീട്ടിലേക്ക് വിളിച്ചു.
അർച്ചന മോൾ മുറ്റത്തേക്ക് ഓടിയിറങ്ങുന്നു. അവളാകെ പരിഭ്രമിച്ചിട്ടുണ്ട്. വാതിൽപടിയിൽ പിടിച്ച് സാനു മോൻ. പിടിവിട്ട് മറിഞ്ഞുപോയപ്പോൾ അവൻ പടിയിൽ വീണിരുന്നു.
'അമ്മേ...! എത്ര നേരമായി വിളിക്കുന്നു.. ആരോടാ പറയുക
'ഞാൻ കേട്ടില്ല മോളേ... എന്താ പ്രശ്നം!
'അച്ഛൻ...!'
ജീവിതത്തിനുമേൽ ഇരമ്പിയാർത്തൊരു മഴ കടന്നുപോയി. കാറ്റെടുത്ത കരിയിലയായി വീടിനുള്ളിൽ. ഏറെ പരിചിത പരിസരങ്ങളെങ്കിലും ഒന്നും തിരിയുന്നില്ലല്ലോ!
ഇപ്പോൾ പുലർവെട്ടം നന്നേ തെളിഞ്ഞിട്ടുണ്ട്. എങ്കിലും മുറിയാകെ ഇരുട്ടിലാണ്. തലേരാത്രിയിൽ തൻ്റെ അരക്കെട്ടിനെ ചുറ്റിപ്പിടിച്ചിരുന്ന വലംകൈ ഇപ്പോഴും അങ്ങനെതന്നെ. മാറിടത്തിലേക്ക് അമർന്നിരുന്ന് നിശ്വസിച്ച മുഖമിപ്പോൾ ശ്വാസം നിലച്ച് തലയണയോട് ചേർന്ന്
'ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ' --------------------
നൗഷാദ് പെരുമാതുറ
നൗഷാദ് പെരുമാതുറ നൂർ മഹൽതെക്കതിൽക്കട ജങ്ഷൻകണിയാപുരം പി.ഒതിരുവനന്തപുരം - 695 301





Comments