ആധുനിക ഭാരതത്തിൽ, സ്ത്രീകൾക്ക് അർഹിക്കുന്ന അംഗീകാരം ഇല്ല എന്ന വസ്തുതയെ നിഷേധിക്കാനാവില്ലല്ലോ.
- GCW MALAYALAM
- Mar 14
- 8 min read
Updated: Mar 15
എം ലീലാവതി / ശരണ്യ യു.

1.നിശ്ചയദാർഢ്യത്തിന്റെ കരുത്ത് ഒരു സ്ത്രീത്വത്തെ പുനർനിർവചിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള ടീച്ചറിൻ്റെ കാഴ്ചപ്പാടുകൾ എന്താെക്കെയാണ്? സ്ത്രീ സ്വത്വാവിഷ്കാരത്തെപ്പറ്റി ടീച്ചർ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ടല്ലോ? അതെഴുതാനിടയായ സാഹചര്യം കൂടെ ഇതിനോട് ചേർത്ത് പറയാൻ സാധിക്കുമോ ?
ഇരയിമ്മൻ തമ്പിയുടെ മകളായ കുട്ടിക്കുഞ്ഞ് തങ്കച്ചിയും മനോരമ തമ്പുരാട്ടിയും തെക്കും വടക്കുമുള്ള രാജകീയ പശ്ചാത്തലത്തിൽ പിറന്നവരാണ്. തങ്കച്ചി രചിച്ച ആട്ടക്കഥകൾ പുരുഷന്മാരുടെ രചനാശൈലിയിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല. തനിക്കൊത്ത ജീവിതപങ്കാളിയെ കിട്ടാത്തതിൽ സന്തപ്തമായിരുന്നു മനോരമ തമ്പുരാട്ടിയുടെ അന്തരംഗം എന്ന് ‘അഹം കഥം ദ്വിതീയാസ്വാദ് ദ്വിതീയാ സ്വാമഹം കഥം
യസ്യ ഷഷ്ഠിചതുർത്ഥീച്ച വിഹസ്യ ച വിഹായ ച’ എന്ന പ്രലപനത്തിൽ നിന്ന് ഊഹിക്കാം. സുഭദ്രാർജ്ജുനം നാടകം രചിച്ച തോട്ടക്കാട്ട് ഇക്കാവമ്മയെ സ്ത്രീത്വത്തിൻ പേരിൽ അവഹേളിക്കാൻ ശങ്കിക്കാത്തവർ ഉണ്ടായിരുന്നെങ്കിലും, ഇവരുടെ എല്ലാം നിശ്ചയദാർഢ്യം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ബാലാമണിയമ്മയുടെ ആദ്യകാല കൃതികൾക്ക് വിഖ്യാത നിരൂപകൻ വ്യാഖ്യാനം എഴുതിയെങ്കിലും അവരുടെ അന്തസ്വത്വത്തിലെ നിശ്ചയദാർഢ്യവും സ്ത്രീ സ്വത്വത്തെ കുറിച്ചുള്ള സമീപനവും വേണ്ടുന്ന രീതിയിൽ അനാവൃതമായില്ല. കെ സരസ്വതി അമ്മയുടെ ചെറുകഥകളിൽ ഉള്ള സ്ത്രീസ്വത്വ പ്രത്യയസ്ഥൈര്യം വാഴ്ത്തുന്ന നിരൂപണം ആ കാലഘട്ടത്തിൽ ഉണ്ടായില്ല. വ്യാഴവട്ട സ്മരണകൾ എഴുതിയ ബി കല്യാണിയമ്മയോ വങ്കഭാഷയിലെ നോവലുകൾ മലയാളത്തിനു പരിചിതമാക്കാൻ യത്നിച്ച തരവത്ത് അമ്മാളു അമ്മയോ അർഹിക്കുന്ന അംഗീകാരം നേടിയെന്ന് അവകാശപ്പെടാവതല്ല. “ഞാൻ കണ്ട യൂറോപ്പ്” എഴുതിയ കല്യാണിക്കുട്ടി അമ്മയെ ചെറുതാക്കി കാട്ടാൻ വേണ്ടി പുസ്തകത്തിന് “ യൂറോപ്പ് കണ്ട ഞാൻ” എന്ന പേരാണ് യോജിക്കുക എന്നു കളിയാക്കിയവർ അക്കാലത്ത് ഉണ്ടായത് പോകട്ടെ; ഇക്കാലത്തും അത് നിരൂപക ശ്രേഷ്ഠരെന്ന് അംഗീകരിക്കപ്പെട്ടവർ ആവർത്തിക്കുന്നു. സ്ത്രീകളുടെ നിശ്ചയദാർഢ്യത്തോടെ പ്രതികരിക്കുന്ന പുരുഷന്മാരിൽ ചിലരുടെ ഹൃദയ ചുരുക്കം അന്ന് എന്നപോലെ ഇന്നും ഒരു വസ്തുതയായി അവശേഷിക്കുന്നു. എന്നാൽ ആ പുരുഷ സമീപനത്തിന്റെ വ്യാപ്തം ചുരുങ്ങിയിട്ടുണ്ട് എന്നതിന് ഒരു തെളിവ് സ്വാതന്ത്ര്യ ലബ്ധിക്കുശേഷമുള്ള സാഹിത്യത്തിലെ സ്ത്രീ സ്വത്വത്തെക്കുറിച്ച് എഴുതാൻ സാഹിത്യ അക്കാദമി എന്നെ ചുമതലപ്പെടുത്തിയത് തന്നെയാണ് . അങ്ങനെ ഒരു നിർദ്ദേശം അക്കാദമിയിൽ നിന്ന് ഉണ്ടായില്ലെങ്കിൽ ആ ഉദ്യമം ഞാൻ സ്വയം ഏറ്റെടുക്കുമായിരുന്നില്ല. അത് എഴുതുന്ന കാലമായപ്പോഴേക്ക് സാഹിത്യത്തിലെ വിവിധ ശാഖകളിൽ സ്ത്രീസാന്നിധ്യം ശ്രദ്ധേയമായി വികസിച്ചു കഴിഞ്ഞിരുന്നു. എന്നാൽ തുരുതുരെ കൃതികൾ രചിച്ചുകൊണ്ടിരുന്ന പല സ്ത്രീകളും വേണ്ടുന്ന പോലെ അംഗീകാരം നേടിയിരുന്നില്ല എന്ന ചിന്താഗതി എനിക്കുണ്ടായിരുന്നു. ലളിതാംബിക അന്തർജനം, സുഗതകുമാരി, മാധവിക്കുട്ടി, വത്സല, സാറ ജോസഫ്, ഗ്രേസി മുതലായ പലരും പ്രശസ്തരായി കഴിഞ്ഞിരുന്നെങ്കിലും ശ്യാമള, സാറാ തോമസ്, കെ. ബി ശ്രീദേവി, ചന്ദ്രകലാ എസ് കമ്മത്ത്, സുവർണ്ണ നാലപ്പാട്, സുലോചന നാലപ്പാട്, എം. ഡി രത്നമ്മ, ബി എം സുഹറ,നളിനി ബേക്കൽ എന്നിങ്ങനെ ഒരു വലിയ പരമ്പര ഗദ്യരംഗത്തും വിജയലക്ഷ്മിയെ പോലുള്ള പ്രതിഭാശാലിനികൾ കവിതാരംഗത്തും പരിഗണന അർഹിച്ചിരുന്ന അളവിൽ നേടാതിരുന്നത് നിരൂപണരംഗം അടക്കി ഭരിച്ചിരുന്നവർ പുരുഷന്മാരായതുകൊണ്ടാണെന്ന് എനിക്ക് തോന്നിയിരുന്നു. അതിനാലാണ് മുൻപറഞ്ഞ പുസ്തകത്തിൽ എന്നെക്കൊണ്ട് ആവും വിധത്തിൽ അക്കാലം വരെയുള്ള സ്ത്രീ സ്വത്വാവിഷ്കാരം രേഖപ്പെടുത്തുവാൻ വേണ്ടി അവരുടെ കൃതികൾ ശ്രദ്ധയോടെ വായിച്ചു തീർത്തത്. അന്ന് കെ ആർ മീരയെ പോലുള്ളവർ രംഗം കയ്യടക്കി കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ആ പുസ്തകത്തിനൊരു പുതിയ പതിപ്പ് ഉണ്ടാവുകയാണെങ്കിൽ കൂട്ടിച്ചേർക്കേണ്ടവരുടെ എണ്ണം വളരെ വലുതാണ്.
2. സമകാലിക സാഹിത്യവും ജീവിതവും തമ്മിലുള്ള വിരുദ്ധാനുഭവത്തെക്കുറിച്ചുള്ള അഭിപ്രായം?
ചുറ്റുപാടുകളിൽ ഉള്ള ജീവിതയാഥാർത്ഥ്യങ്ങളെ അവയുടെ തിക്തതകളും പരുഷതകളും മറച്ചുവെക്കാതെ, യഥാതഥമായി രേഖപ്പെടുത്തിയവരാണ് ബഷീർ, തകഴി, ദേവ്, വർക്കി, ഉറൂബ്, കാരൂർ, അന്തർജനം, ചെറുകാട് തുടങ്ങിയവർ. മലയാറ്റൂർ രാമകൃഷ്ണൻ, സുരേന്ദ്രൻ , പാറപ്പുറത്ത്, വിലാസിനി( എം.കെ മേനോൻ), കോവിലൻ മുതലായവരും സമകാല ജീവിത പരിതോവസ്ഥകൾ ശ്രദ്ധയോടെ നിരീക്ഷിച്ചവരാണ്. കേസരി ബാലകൃഷ്ണപിള്ളയുടെ ഉദ്ബോധനത്താലും മറ്റും ഇവരിൽ പലരും യൂറോപ്യൻ സാഹിത്യത്തെ കുറിച്ച് അറിയാൻ ശ്രമിച്ചിട്ടുമുണ്ട്. വിക്ടർ ഹ്യൂഗോവിൻ്റെ ലാ മിറാബല്ലെ, ‘പാവങ്ങൾ’ എന്ന പേരിൽ നാലപ്പാട്ട് നാരായണമേനോൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു കഴിഞ്ഞിരുന്നു. അടിത്തട്ടിലെ ജനത്തിന്റെ ജീവിതം സാഹിത്യത്തിലെ പ്രതിപാദ്യം ആകുന്നതിന് റഷ്യൻ സാഹിത്യവും വർഗ്ഗവൈരുദ്ധ്യ തത്വത്തിൽ അധിഷ്ഠിതമായ പ്രത്യയശാസ്ത്രവും പ്രചോദനമായി കഴിഞ്ഞിരുന്നു. തകഴിയുടെ ‘രണ്ടിടങ്ങഴി’യും ചെറുകാടിന്റെ ‘മണ്ണിന്റെ മാറി’ലും ഇടശ്ശേരിയുടെ ‘പുത്തൻകലവും അരിവാളും’ ‘പണിമുടക്ക’വും മറ്റും കേരളത്തിലെ കാർഷിക ജീവിതത്തിലെയും വ്യാവസായിക ജീവിതത്തിലെയും സംഘർഷങ്ങളും വൈരുദ്ധ്യങ്ങളും സാഹിത്യത്തിലെ പ്രതിപാദ്യങ്ങൾ ആകുന്നതെങ്ങനെ എന്നതിനും എന്തിന് എന്തുകൊണ്ട് എന്നതിനും ഉള്ള ഉത്തരങ്ങൾ ആയിരുന്നു. അതുപോലെ ‘സമകാലികത’ എന്ന പ്രതിപാദ്യസ്വഭാവം ബഷീർ, ദേവ്, തകഴി, അന്തർജനം, വർക്കി, ചെറുകാട്, ഉറൂബ് മുതലായവരുടെ കൃതികളിലെ സാധാരണ ധർമ്മം തന്നെയായിരുന്നു. പിന്നീട് പാശ്ചാത്യമായ ആധുനികതാപ്രസ്ഥാനത്തിന് നഗരങ്ങളിലെ സാഹിത്യകാരന്മാർ വരവേൽപ്പ് നൽകിയ കാലത്ത് ചിലരുടെ എഴുത്ത് സാമാന്യജന ജീവിതത്തിൽ നിന്ന് കുറേശ്ശെ അകന്നു. ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ മുക്കാൽ പങ്കും സാമാന്യജനജീവിത കഥയാണ്. മുകുന്ദന്റെ പ്രഥമ കൃതി,മയ്യഴിയിലെ ജനസാമാന്യത്തിന്റെ അസ്തിത്വത്തോട് സാമ്യമുള്ളതായിരുന്നു. രംഗം തലസ്ഥാനമായി മാറിയതിനു ശേഷമാണ് നാഗരികതയുടെ ആധുനികത അരങ്ങേറിയത്. ആധുനികതാ പ്രസ്ഥാനം നഗരങ്ങളിൽ വസിച്ചിരുന്ന മറ്റു പലരെയും സ്വാധീനിച്ചിട്ടുണ്ടെങ്കിലും സാഹിത്യത്തിലെ മുഖ്യധാര അക്കാലത്തും ബഹുജനത്തിൽ നിന്ന് അകന്നിരുന്നില്ല. പിന്നീട് യഥാർത്ഥ ജീവിതത്തിലേക്ക് നോക്കുന്നതിനു പകരം സാങ്കൽപ്പിക ജീവിതത്തിലേക്ക് കണ്ണും കരളും തിരിച്ചുവെക്കുന്ന പ്രവണതയ്ക്കു പ്രചാരമുണ്ടായി. എന്നാൽ പൊതുവേ അപലപിക്കുന്ന അത്ര വലിയ അളവിൽ ആ പ്രവണത മലയാളത്തെ ബാധിച്ചില്ലെന്നാണെൻ്റെ പക്ഷം. എം. ടി യെ പോലുള്ളവർ ഒരിക്കലും ചുറ്റുപാടുകളിലെ ജനതയിൽ നിന്ന് കണ്ണു പറിച്ചെടുത്തില്ല. ‘നാലുകെട്ടും’ ‘അസുരവിത്തും’ പോലെയുള്ള അദ്ദേഹത്തിന്റെ പ്രമുഖ നോവലുകളും കഥകളിലെ ബഹുഭൂരിപക്ഷവും, ചുറ്റുമുള്ള സാമാന്യ മനുഷ്യരുടെ ഇല്ലായ്മകളിലും വല്ലായ്മകളിലും വേദനകളും വ്യാപരിച്ച ആർദ്ര ചേതസിന്റെ സംവേദനങ്ങളാണ്. പാശ്ചാത്യ ആധുനികത കൂടുതൽ സ്വാധീനിച്ചത് കവിതയെയാണ്. എങ്കിലും ആധുനിക കവിതയുടെ മുഖ്യ വക്താക്കളിലാരും തന്നെ സ്വന്തം ചുറ്റുപാടുകളെ അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്തതായി കാണുന്നില്ല. ‘ കവിതാ സാഹിത്യ ചരിത്ര’ത്തിൽ ഇതു രേഖപ്പെടുത്തിയിട്ടുള്ളതിനാൽ ഇവിടെ വിസ്തരിക്കുന്നില്ല. ഇന്ത്യയിലെ ദരിദ്ര വർഗ്ഗത്തിന്റെ വിശപ്പിന്റെ വേദന ദിഗന്തം മുഴങ്ങുമാറ് ഒലികൊള്ളിക്കുന്ന ‘ബിരിയാണി’( സന്തോഷ് ഏച്ചിക്കാനം) പോലുള്ള കഥകൾ സമീപകാലത്ത് ഉണ്ടായിട്ടുണ്ടല്ലോ. പുതിയ എഴുത്തുകാരിൽ വലിയൊരു വിഭാഗം സങ്കല്പ ലോകത്തിലേക്ക് ചിറകു വിരുത്തുന്നുണ്ടെങ്കിലും, സന്തുലനം ചെയ്യാൻ യഥാർത്ഥ ജീവിത ചിത്രണം ഉതകുന്നുണ്ട്.
3.മാധ്യമങ്ങൾ മനുഷ്യനെ ഭരിക്കുന്ന ഈ കാലത്ത് റിപ്പോർട്ടർമാർ എങ്ങനെ ആയിരിക്കണം എന്നാണ് ടീച്ചറുടെ അഭിപ്രായം? എന്തുകൊണ്ട്?
മാധ്യമപ്രവർത്തകരുടെ ലക്ഷ്യം വസ്തുതകളെ ബഹുജന ശ്രദ്ധയിലേക്ക് യഥാതഥമായി എത്തിക്കുകയാണെന്നതിൽ സത്യം സ്വാതന്ത്ര്യം മുതലായ മൂല്യങ്ങളിൽ വിശ്വസിക്കുന്നവർക്ക്,പക്ഷാന്തര മുണ്ടാവാൻ ഇടയില്ലല്ലോ. എന്നാൽ നമ്മുടെ കാലഘട്ടത്തിൽ ആത്മാർത്ഥതയോടെ ആ കർത്തവ്യം അനുഷ്ഠിക്കുന്നവരെ നിശബ്ദരാക്കുന്ന രാഷ്ട്രീയ പ്രവർത്തകരുടെ വിളയാട്ടം വിജയിച്ചതിന്റെ നിദർശനങ്ങളാണ് ഗോവിന്ദ് പൻസാര, ഗൗരി ലങ്കേഷ്, നരേന്ദ്രദബോൽകർ, എം എം കൽബുർഗി, സ്റ്റാൻ സ്വാമി മുതലായവരുടെ അനുഭവങ്ങൾ. വാഴുന്നവരെ വാഴ്ത്തൽ നയമാക്കുന്ന പത്രമേൽക്കോയ്മകളുടെ ആജ്ഞാനുവർത്തികളായി മാധ്യമപ്രവർത്തകർ മാറുന്നത് സ്വന്തം ജീവിതത്തിന്റെ സുരക്ഷിതത്വം എന്ന സാമാന്യ മാനുഷിക ദൗർബല്യത്താലാണ് .
4. ഭാരതസ്ത്രീ എന്ന ബൃഹത്തായ കൃതി എഴുതിയതിന് പിന്നിലെ പ്രേരണ എന്തെന്ന് വിശദീകരിക്കാമോ?
ആധുനിക ഭാരതത്തിൽ, സ്ത്രീകൾക്ക് അർഹിക്കുന്ന അംഗീകാരം ഇല്ല എന്ന വസ്തുതയെ നിഷേധിക്കാനാവില്ലല്ലോ. ഭാരതീയ പ്രാചീന സാഹിത്യത്തിലെ സ്ത്രീ കഥാപാത്രങ്ങൾ എപ്രകാരമായിരുന്നു എന്ന അന്വേഷണത്തിന് പ്രസക്തി ഉണ്ടായത് ഇക്കാരണത്താലാണ്. വൈദിക ഘട്ടത്തിലും ഉപനിഷത്കാലങ്ങളിലും ഇതിഹാസ കാലങ്ങളിലും സ്വത്വപ്രഭാവത്താൽ തിളങ്ങിയ നക്ഷത്ര ചേതസ്സുകൾ സ്ത്രീ വിഭാഗത്തിൽ ഉണ്ടായിരുന്നുവെന്ന് സാഹിത്യത്തെ മാത്രം ആസ്പദമാക്കി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ചരിത്രത്തെ ആസ്പദമാക്കിയിട്ടില്ല. പ്രാചീന സാഹിത്യത്തിൽ എന്ന ഉപശീർഷകമുണ്ടായിരുന്നു. പ്രസാധനം ചെയ്തപ്പോൾ അതു വിട്ടു പോയി.
5. നിമിഷം, അശ്രുപൂജ എന്നിവ എഴുതാനുണ്ടായ സാഹചര്യം വിശദീകരിക്കാമോ?
അശ്രുപൂജ ഒരു വിലാപ കൃതിയാണ് . അക്കാലത്തുണ്ടായ ഭർതൃവിയോഗം ഒരു കനത്ത വൈകാരികാഘാതം ആയിരുന്നു. വീർപ്പുമുട്ടി വിങ്ങിക്കഴിഞ്ഞ ഒരു കൊല്ലത്തിനു ശേഷമാണ് നാലഞ്ചു നാൾക്കുള്ളിൽ ഒഴുകിയെത്തിയ ‘അശ്രുപൂജ’യിലെ ശ്ലോകങ്ങൾ. അത് ചെറിയൊരാശ്വാസം നൽകി. വായനയും എഴുത്തും ഇനി അസാധ്യമാണെന്ന് തോന്നലോടെ കഴിച്ചുകൂട്ടിയ ഒരു വർഷത്തിനുശേഷം അക്ഷര ലോകത്തിലേക്ക് തിരിച്ചുവരവ് സാധ്യമാണ് എന്ന തോന്നലുണ്ടായി. അദ്ദേഹത്തിൻറെ അന്തിമ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കാൻ നിശ്ചയിച്ചു. അങ്ങിനെ ‘അപ്പുവിന്റെ അന്വേഷണം’ എന്ന നോവൽ പഠനം (സി രാധാകൃഷ്ണന്റെ ഒമ്പതു വലിയ നോവലുകളുടെ വിശാല ലോകത്തിലെ പര്യടനം) അഞ്ചാറു മാസത്തിനുള്ളിൽ സാധിച്ചത് ആത്മവിശ്വാസം വീണ്ടെടുക്കാനുതകി.
6.സുഭാഷ് ചന്ദ്രന്റെ സമുദ്ര ശില എന്ന നോവൽ അഭൂത പൂർവ്വമായ ഒരു കലാശില്പ ശൈലിയിൽ സ്വയംഭൂ എന്ന പോലെ വളർന്നു നിൽക്കുന്നു എന്നു പറയാനുള്ള കാരണമെന്താണ്?
എനിക്ക് താല്പര്യമുള്ള “ആദിപ്ര രൂപനിരൂപണ”ത്തിന് ആ കൃതിയിൽ (സമുദ്രശില) പ്രസക്തി കണ്ടെത്തിയത് ആ പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
7.’He touch nothing that he did not down’ എന്ന ചൊല്ല് എം.ടി യുടെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് പറയാൻ കാരണം?
ഉള്ളു പൊള്ളയായ കഥകളോ നോവലുകളോ സിനിമകളോ എം.ടിയുടെ കൃതികളിൽ ഇല്ല എന്ന് തോന്നൽ -തോന്നലല്ല ഉറപ്പ് - എന്നും ഉണ്ടായിരുന്നു. പൊള്ളയായത് പിറക്കാത്തതുകൊണ്ടാണോ പിറന്നാൾ വെളിച്ചം കാണിക്കാതിരിക്കാൻ ഉറച്ചതുകൊണ്ടാണോ എന്ന ചോദ്യത്തിന് രണ്ടാമത്തെതാണെന്ന് ഉത്തരം കിട്ടിയത് ഒരു അഭിമുഖഭാഷണത്തിൽ അദ്ദേഹം വെളിപ്പെടുത്തിയപ്പോഴാണ്.
8. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ഉയർച്ച ഫെമിനിസ്റ്റ് സാഹിത്യ വ്യവഹാരങ്ങളെ ഏതെല്ലാം വിധത്തിൽ സ്വാധീനിച്ചിട്ടുണ്ട്?
ഈ വിഷയത്തിൽ ഒരു ഉറച്ച അഭിപ്രായം പറയാൻ വേണ്ടിടത്തോളം ആ മേഖലയിൽ പരിചയമില്ല.
9.നിരൂപണ രംഗത്ത് സ്ത്രീകൾ കടന്നുവരുന്നത് ഇന്നും അംഗീകരിക്കാൻ മനസ്സില്ലാത്ത ഒരു പണ്ഡിതപക്ഷം നമുക്കിടയിലുണ്ട്. അതിനോടുള്ള ടീച്ചറുടെ കാഴ്ചപ്പാട് വിശദീകരിക്കാമോ?
കുറച്ചുകാലം മുമ്പ് ഉണ്ടായിരുന്ന അത്ര അസഹിഷ്ണുത ഇന്നില്ല എന്നാണ് എന്റെ പക്ഷം. ജിജ്ഞാസയും (അറിവ് നേടാനുള്ള ഇച്ഛ) പ്രയത്ന സന്നദ്ധതയും ആവശ്യമുള്ള ബുദ്ധി പ്രവർത്തന മേഖലയാണല്ലോ നിരൂപണം. അത് രണ്ടും സ്ത്രീകൾക്ക് വേണ്ടിടത്തോളമില്ല എന്ന് പുരുഷന്മാർ കരുതുന്നുണ്ടാവാം.ആ തോന്നൽ ഇല്ലാതാക്കാൻ വേണ്ടുന്ന പ്രയത്ന സന്നദ്ധതയും വിജ്ഞാന തൃഷ്ണയും ഉള്ള സ്ത്രീകൾ കൂടിക്കൂടി വരുന്നുണ്ട്. അങ്ങനെയുള്ളവരെ ജീവിതപങ്കാളികളാക്കുന്നതിൽ അപകർഷബോധം തോന്നാത്ത പുരുഷന്മാരുടെ എണ്ണവും കൂടി വരുന്നുണ്ട്.
10.ഇന്നത്തെ നിരൂപണ സമ്പ്രദായത്തെ കുറിച്ചുള്ള അഭിപ്രായമെന്ത്?
സമൂഹത്തോടുള്ള പ്രതിബദ്ധത വർത്തമാനകാല സാഹിത്യം വേണ്ട രീതിയിൽ പ്രകടിപ്പിക്കുന്നില്ല എന്നത് യാഥാർത്ഥ്യമാണോ?
സാഹിത്യത്തിലെ പ്രതിപാദ്യത്തിനുള്ള വൈകാരിക തലങ്ങളെക്കാൾ, പശ്ചാത്തലം(ദേശം) ചരിത്രം, പലതരത്തിലുള്ള( ലിംഗം, വർണ്ണം, വർഗ്ഗം, ഉച്ചനീചവിഭാഗം ഇത്യാദി) “ഗുണ” ങ്ങൾ എന്നിവ വിചിന്തന വിഷയങ്ങളായി തീരുന്ന പ്രവണത വർദ്ധിച്ചുവരുന്നു. വസ്തു (ആശയം) ഭാവ ധ്വനികളോട് കൂടാത്ത യുക്തിവൈചിത്ര്യങ്ങളേയും പദഘടനകളെയും ആസ്പദമാക്കിയുള്ള ഒരു കവിതാ നിരൂപണ ശൈലിയിലേക്ക് അപഗ്രഥനം വ്യതിയാനം ചെയ്ത ചരിത്രം പഴയ “അലങ്കാരശാസ്ത്ര”ത്തിനുണ്ട്.അതുപോലെയുള്ള ഒരു വ്യതിയാനമാണ് കൃതിയുടെ ആശയ ഭാവ ചൈതന്യത്തിലേക്ക് ഉൾക്കണ്ണ് ചെല്ലാത്ത, ഉപരിതല ഘടനയെ മാത്രം അപഗ്രഥനം ചെയ്യുന്ന പുതിയ പ്രവണതയുടെ അതിവ്യാപ്തി എന്ന് തോന്നിയിട്ടുണ്ട്. ഏതു അപഗ്രഥനവും കൃതിയുടെ ആത്മാവിലേക്ക് - അന്ത ചൈതന്യത്തിലേക്ക് -പ്രവേശിക്കുമ്പോഴേ സാഹിത്യ മൂല്യ ദർശനം സാർത്ഥമാവൂ എന്നാണ് എന്റെ പക്ഷം.
11.വർണരാജി, കവിതാ ധ്വനി, കവിതയും ശാസ്ത്രവും, മലയാള കവിതാ സാഹിത്യചരിത്രം തുടങ്ങിയ കൃതികൾ മലയാള സാഹിത്യ ചരിത്രത്തിലെ പ്രധാന കൃതികളാണ്. ഇവയുടെ പിറവിക്കു പിന്നിലെ പ്രേരണ എന്താണ്? വിശദീകരിക്കാമോ?
വർണ്ണരാജിയും കവിതാധ്വനിയും അവയുടെ രചനാ ഘട്ടത്തിലെ മുഖ്യ കവിതകളുടെ കൃതികൾ പഠിക്കുന്നതിനുള്ള ഉദ്യമങ്ങളാണ്. ആദ്യത്തേതിൽ ആധുനികതാ പ്രസ്ഥാനത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തിയിട്ടില്ല. രണ്ടാമത്തേതിലെ രണ്ടാം ഭാഗം അവരെ ഉൾക്കൊള്ളാനും ആധുനികത പ്രസ്ഥാനത്തിലെ നിരൂപണശൈലിയിൽ നിന്നും വ്യത്യസ്തമായ രീതിയിൽ (ആദിപ്ര രൂപപരമായ അപഗ്രഥനം) നിരീക്ഷിക്കാനും ഉള്ള ഉദ്യമങ്ങളാണ്. സച്ചിദാനന്ദന്റെ കവിതയിൽ ‘രൂപാന്തര പ്രാപ്തി’ എന്ന പ്രാതിഭാസിക പ്രരൂപം ആവർത്തിച്ചു വരുന്നതും അത് വ്യവസ്ഥിതിയിൽ ഉണ്ടാവേണ്ട വിപ്ലവത്തെ കുറിച്ചുള്ള ബോധചേതസ്സിലെ ഉൽകണ്ഠകൾക്കും ഉദ്യോഗങ്ങൾക്കും അനുഗുണമായിരിക്കുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മഹാപിതാവ് എന്ന ആദിപ്രരൂപം കടമ്മനിട്ട കവിതകളിൽ ഇതുപോലെ ബോധചേതസ്സിലെ വിപ്ലവ സങ്കൽപ്പങ്ങൾക്ക് ഇണങ്ങുന്ന രീതിയിൽ വ്യത്യസ്തമായിരിക്കുന്നതും ഉപദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.
കവിതയും ശാസ്ത്രവും, മലയാള കവിതാ സാഹിത്യ ചരിത്രം:
ഭൗതികശാസ്ത്രത്തിന്റെ മുന്നേറ്റവും, വ്യാവസായിക വിപ്ലവത്തിനു ശേഷം മനുഷ്യന്റെ വൈകാരിക - വൈചാരിക മേഖലകളിൽ വന്നുചേരുന്ന സ്വാഭാവിക പരിണാമവും കവിതയുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്ക കാല്പനിക പ്രസ്ഥാനത്തിന്റെ വക്താക്കളെ സ്വാധീനിച്ചിരുന്നു. “ന്യൂട്ടൻ മഴവില്ലിലെ കവിത ചോർത്തി കളഞ്ഞു” എന്നും മറ്റുമുള്ള നഷ്ടബോധങ്ങൾ ഉണ്ടാവാമെങ്കിലും, കവിതയുടെ രൂപഭാവങ്ങൾ മാറാമെന്നല്ലാതെ, മനീഷയുടെ അധസ്ഥലങ്ങളിൽ നിന്ന് ഉറവ കൊള്ളുന്ന കവിതയുടെ സ്വയം ഭൂത്വം വറ്റിവരളുകയില്ലെന്ന ചിന്താഗതിയും നിലവിൽ ഉണ്ടായിരുന്നു. രണ്ടാമത്തേതിനോട് ചേർന്നുനിന്നുകൊണ്ട്, ശാസ്ത്ര വികാസം മലയാള കവിതയിൽ എപ്രകാരം പ്രതിഫലിച്ചിരിക്കുന്നുവെന്ന ഒരു അന്വേഷണമാണ് ‘കവിതയും ശാസ്ത്രവും’ എന്ന ചെറിയ കൃതി. പ്രസിദ്ധീകൃതമായ എൻറെ ഒന്നാമത്തെ കൃതി അതാണെങ്കിലും രണ്ടാമത്തെതായ ‘കണ്ണീരും മഴവില്ലും’ എന്ന പുസ്തകത്തിലുള്ള വിലാപകാവ്യ പഠനങ്ങളാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മുൻപേ പ്രസിദ്ധപ്പെടുത്തി കഴിഞ്ഞിരുന്നത്. ശാസ്ത്രീയമായ ആശയങ്ങൾ കവിതയിൽ പ്രതിഫലിക്കുന്നതിന്റെ നിദർശനങ്ങൾ ഇംഗ്ലീഷിലെയും മലയാളത്തിലെയും കവിതകളെ ആസ്പദമാക്കി ആദ്യ കൃതിയിൽ വിവരിച്ചിട്ടുണ്ട്. എറണാകുളത്തുനിന്ന് വാസുദേവൻ പിള്ളയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകൃതമായിരുന്ന ‘തിലകം’ എന്ന മാസികയിലാണ് ആ ലേഖന പരമ്പര വന്നത്. അതിലേക്ക് ലേഖനങ്ങൾ കൊടുക്കാൻ ഗുരുനാഥനായ മഹാകവി ജി പ്രേരിപ്പിച്ചിരുന്നില്ലെങ്കിൽ, മക്കൾ മുതിർന്നു കഴിഞ്ഞിട്ടില്ലാത്ത അന്നത്തെ കുടുംബ പശ്ചാത്തലത്തിൽ അത്തരത്തിലുള്ള ഒരു ഉദ്യമം ഏറ്റെടുക്കുമായിരുന്നില്ല.
മലയാള കവിതാ സാഹിത്യ ചരിത്രം പ്രസിദ്ധപ്പെടുത്തിയത് 1980 ൽ ആണെങ്കിലും രണ്ടുകൊല്ലം മുമ്പ് അത് സാഹിത്യ അക്കാദമിക്ക് എഴുതിക്കൊടുത്തു കഴിഞ്ഞിരുന്നു. അക്കാദമി മലയാളത്തിലെ നോവൽ, ചെറുകഥ, നാടകം, കവിത എന്ന സാഹിത്യ ശാഖകളുടെ ചരിത്രമെഴുതാൻ നാലു പേരെ ചുമതലപ്പെടുത്തിയിരുന്നു. കവിതയുടെ ചരിത്രം എഴുതാൻ ഏറ്റിരുന്ന ആൾ മറ്റു ശാഖകളിലെ പുസ്തകങ്ങൾ പുറത്തുവന്നിട്ടും തന്റെ കർത്തവ്യം തുടങ്ങിക്കഴിഞ്ഞിരുന്നില്ല. ആ പശ്ചാത്തലത്തിലാണ്, 1977ൽ അക്കാദമി ആ ചുമതല എന്നെ ഏൽപ്പിച്ചത്. എന്നെക്കൊണ്ട് ആവും പോലെ ഞാൻ എഴുതി, കാലവിളമ്പം ഉണ്ടാകാതെ തന്നെ അതിന്റെ അച്ചടി ഏൽപ്പിച്ചത് മാതൃഭൂമിയെ ആയിരുന്നു എന്നും നിർഭാഗ്യവശാൽ അക്കാലത്ത് മാതൃഭൂമിയിൽ ഉണ്ടായ ഒരു സ്ട്രൈക്ക് മൂലമാണ് പുസ്തകം പുറത്തുവരാൻ വൈകിയതെന്നും കേട്ടിട്ടുണ്ട്. പക്ഷേ, പ്രൂഫ് നോക്കാൻ ഏറ്റിരുന്ന ആൾ മാതൃഭൂമിയിലെ ജീവനക്കാരൻ ആയിരുന്നില്ല. അത് ശ്രദ്ധയോടെ നിർവഹിക്കാതിരുന്നതിന്റെ ഹേതു മറ്റൊരാളുടെ പ്രേരണയാണെന്നും കേട്ടിട്ടുണ്ട്. ഇതിനു തെളിവൊന്നും ഇല്ലാത്തതിനാൽ, കെട്ടുകഥകളുണ്ടാക്കുന്നവരുടെ അണിയറക്കഥകളെ അവഗണിക്കുകയേ തരമുള്ളൂ. പക്ഷേ, കാരണമെന്തായാലും, അച്ചടി തെറ്റുകളുടെ ഘോഷയാത്ര ആ പുസ്തകത്തെ വിരൂപമാക്കി തീർത്തു എന്ന വസ്തുത ശേഷിക്കുന്നു. പിന്നീട് വന്ന പതിപ്പുകളിൽ തിരുത്തൽ വരുത്തിയിട്ടുണ്ട്. എങ്കിലും ചിലതെല്ലാം ഇപ്പോഴും മായാതെ കിടക്കുന്നു. കാലത്തോടൊപ്പം എത്താൻ(അപ്പ് റ്റു ഡേറ്റ് ആക്കാൻ) എഴുതിക്കൊടുക്കാറുള്ളത്, രണ്ട് അനുബന്ധങ്ങൾ ചേർത്തതിനുശേഷം വന്ന പതിപ്പുകളിൽ ഉൾപ്പെടുത്തി കാണുന്നില്ല. എഴുതിക്കൊടുത്തത് നഷ്ടപ്പെട്ടുപോയി എന്നും നഷ്ടപ്പെടുത്തിയതാണ് എന്നും മറ്റും കേൾക്കുകയുണ്ടായി. 2017 തൃശ്ശൂരിൽ രണ്ടാഴ്ചയോളം വസിച്ച് അക്കാദമിയിൽ കിട്ടാവുന്ന പുതിയ കൃതികൾ എല്ലാം ശേഖരിച്ച് പുതിയ അനുബന്ധം എഴുതിക്കൊടുത്തു. അതിനുശേഷം വന്ന പതിപ്പിൽ അത് ചേർത്തു കാണുന്നില്ലെന്നത് എന്നെ വല്ലാതെ വ്യഥിതയാക്കുന്നു. നോവൽ ചരിത്രത്തിലോ നാടക ചരിത്രത്തിലോ ഇപ്രകാരം ‘പുതുക്കലു’കൾ നടത്തിയിട്ടില്ല. കവിതയോട് ആവും പോലെ നീതി ചെയ്യണമെന്നതല്ലാതെ മറ്റൊരു ഉദ്ദേശവും എൻറെ ഉദ്യമത്തിനു പിറകിൽ ഇല്ല. 3000 രൂപ പ്രതിഫലത്തിലാണ് ‘77 ൽ ഉദ്യമം ഏറ്റെടുത്തത്. പിന്നീട് വന്ന ചില പതിപ്പുകൾക്ക് ആവശ്യപ്പെടാതെ തന്നെ അക്കാദമി ചെറിയതോതിൽ (5% ആണെന്ന് തോന്നുന്നു) പ്രതിഫലം തന്നിട്ടുണ്ടെന്ന് നന്ദിയോടെ സ്മരിക്കുന്നു. (എല്ലാ പതിപ്പുകൾക്കും തന്നിട്ടില്ല). 2023 ഒമ്പതാം പതിപ്പിന്റെ പ്രസാദകക്കുറിപ്പിൽ ബഹു. സെക്രട്ടറി രേഖപ്പെടുത്തിയിട്ടുണ്ട്, എഴുതിക്കൊടുത്തുകഴിഞ്ഞ മാറ്റർ അടുത്ത പതിപ്പിൽ ചേർക്കുമെന്ന്. ചേർത്തു കഴിഞ്ഞാലും അതിൽ 2017 വരെയുള്ള കൃതികളെ ഉൾപ്പെട്ടിരിക്കുകയുള്ളൂ. ഇനി, ഏതായാലും, കൂട്ടിച്ചേർക്കലുകൾ നടത്താൻ വേണ്ടുന്ന ആരോഗ്യം ഇല്ലാത്തതുകൊണ്ട് പിൻവാങ്ങുകയേ തരമുള്ളൂ. 2017ൽ നിര്യാതനായ എന്റെ പ്രിയപ്പെട്ട സഹോദരനോടൊപ്പം ഞാനും വിട പറഞ്ഞതായി കരുതണമെന്ന് കവികളോട് അഭ്യർത്ഥിക്കുന്നു -
12.നിരൂപണത്തിലെ അമ്മ മനസ്സായ ടീച്ചർ കുട്ടികളുടെ മനസ്സിൽ സംസ്കാരത്തിന്റെ അനുരണനങ്ങൾ ഉണ്ടാക്കാൻ ഉതകുമാറ് ‘കുട്ടികളോപ്പം’ എന്ന ലഘുഗ്രന്ഥം രചിച്ചല്ലോ ? ഇതിനു പിന്നിലെ സന്ദേശം എന്താണ്?
എട്ടു നാൾ കുട്ടികൾക്കൊപ്പം എന്ന പുസ്തകം രചിക്കാൻ പ്രേരിപ്പിച്ചത് എസ് രമേശൻ നായർ ആണ്. ടെലിവിഷന്റെ അമിത പ്രചാരവും, മൊബൈൽ ഫോണുകൾക്ക് പണക്കാരുടെ കുട്ടികൾക്കിടയിൽ ഉള്ള അനാശാസ്യമായ സ്വാധീന ശക്തിയും കമ്പ്യൂട്ടറുകൾ ഉപയോഗിച്ചുള്ള കളികളും അവരുടെ വായനാശീലത്തെ വല്ലാതെ ബാധിക്കുമെന്ന് ഞാൻ ആശങ്കിക്കുന്നു. വായനാശീലം വളർത്താൻ രക്ഷിതാക്കളും അധ്യാപകരും കഠിനാധ്വാനം ചെയ്യേണ്ട കാലമാണിത്. മുൻപറഞ്ഞ പുസ്തകത്തിന്റെ വായനക്കാരായി സങ്കൽപ്പിച്ചിട്ടുള്ളത് തന്നെ ചെറിയ കുട്ടികളെ അല്ല. പത്തിനും പതിനഞ്ചിനും ഇടയിലുള്ള വരെയാണ്. അവർ ഇതിഹാസ കഥകളും കുട്ടികൾക്കുള്ള ശാസ്ത്ര സാഹിത്യവും വായിച്ചു വളരണം. ഇതിഹാസ കൃതികളുടെ പുനരാഖ്യാനങ്ങൾ വിപണിയിൽ ധാരാളം കിട്ടും. കുട്ടികൾക്കുള്ള ശാസ്ത്രഗ്രന്ഥങ്ങൾ പ്രൊഫസർ എസ് ശിവദാസിനെ പോലുള്ളവർ രചിച്ചിട്ടുണ്ട്. അവയെല്ലാം വാങ്ങി സമ്മാനിക്കാൻ ആണ് പിറന്നാളാഘോഷത്തിലും മറ്റും ജനയിതാക്കൾ ശ്രദ്ധിക്കേണ്ടത്. സുമംഗലയെ( ലീലാ നമ്പൂതിരിപ്പാട്) പോലെ ഈ രംഗത്ത് പ്രവർത്തിക്കാനുള്ള കഴിവോ ഭാഗ്യമോ എനിക്കില്ലാതെ പോയി. കഥാരംഗത്ത് സുമംഗല, രാമനാഥൻ, ശ്രീകുമാർ മുതലായ പലരും ശാസ്ത്രരംഗത്ത് പ്രൊഫസർ ശിവദാസിനെ പോലുള്ള വരും ചെയ്ത സേവനങ്ങൾ മലയാളത്തിലെ വേണ്ടുവോളം സമ്പന്നമാക്കിയിട്ടുണ്ട്. അത് പ്രയോജനപ്പെടുത്തേണ്ട ചുമതല രക്ഷാകർത്താക്കളും അധ്യാപകരും ഏറ്റെടുക്കണം.
13. കമലാ ഹാരിസിന്റെ ‘ജീവിതയാത്ര’ എന്ന ജീവചരിത്ര ഗ്രന്ഥവും ‘ധ്വനിപ്രയാണം’ എന്ന ടീച്ചറുടെ ആത്മകഥയും എഴുതുവാനുണ്ടായ സാഹചര്യം വിശദീകരിക്കാമോ? ആത്മകഥയ്ക്ക് ഇങ്ങനെ ഒരു പേരു നല്കാനുള്ള കാരണമെന്താണ്?
രണ്ട് അമ്മമാർ ആണ് ഈ പുസ്തകങ്ങളുടെ രചനയ്ക്ക് പിന്നിലുള്ള പ്രേരണകൾ. ആദ്യത്തേതിൽ കമലാഹാരിസിന്‍റെ അമ്മയായ ഡോ. ശ്യാമള ഹാരിസ്. മറ്റേത് എന്റെ അമ്മ തന്നെ. ഇന്ത്യയിലെ സിവിൽ സർവീസിൽ പ്രവർത്തിച്ചിരുന്ന ശ്രീ ഗോപാലന്റെ മകളായ ശ്യാമള, നന്നേ ചെറുപ്പത്തിൽ, (ഇരുപത് തികയും മുമ്പ്)ഉപരിപഠനത്തിന് അമേരിക്കയിൽ പോയതിനുശേഷം ശാസ്ത്ര ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്നതിനോടൊപ്പം തന്നെ തന്റെ രണ്ടു പെൺമക്കളെ ധീര നൂതന ലോകത്ത് ഉന്നത ശീർഷരായി നിൽക്കാൻ കഴിവുണ്ടാക്കുന്ന രീതിയിൽ വളർത്തിയെടുത്തു. കഥയും “കറുത്ത വർഗ്ഗ”ത്തിൽ പെട്ട കുടിയേറ്റക്കാരുടെ ഗണത്തിൽ നിന്ന് പ്രയത്നം കൊണ്ടും സ്വപ്രത്യയസ്ഥൈര്യം കൊണ്ടും അത്യുന്നത പദവിയിലെത്തിയ കമലഹാരിസിന്റെ വീരചരിതവും മലയാളസാഹിത്യത്തിൽ രേഖപ്പെട്ടേ തീരൂ എന്ന ഉത്കണ്ഠയാണ് ആ ഹ്രസ്വ ജീവിതചരിത്രം എഴുതാൻ പ്രേരണ ആയത്. കമലഹാരിസ് അമേരിക്കയിലെ പ്രസിഡൻ്റവണമെന്ന് ഞാൻ തീവ്രമായി ഇച്ഛിച്ചു, ആത്മാർത്ഥമായി പ്രാർത്ഥിച്ചു. അതേസമയം അമേരിക്കയിലെ വെള്ളക്കാർ ഒരു സ്ത്രീയെ ആസ്ഥാനത്ത് പ്രതിഷ്ഠിക്കുകയില്ലെന്ന് തീവ്രമായ ആശങ്കയും ഉണ്ടായിരുന്നു. എങ്കിലും വോട്ട് അവകാശമുള്ള കുടിയേറ്റക്കാർ ഒറ്റക്കെട്ടായി നിന്നാൽ, വർണ്ണ വിവേചനം അപ്രസക്തമാകുമെന്ന് രണ്ടുതവണ പ്രസിഡൻറ് ആയ ഒബാമ തെളിയിച്ചിട്ടുള്ളതിനാൽ പ്രതീക്ഷയുടെ നാളം ജ്വലിച്ചിരുന്നു. അതു കെട്ടുപോയതിൽ എനിക്കുള്ള വ്യഥ വളരെ വലുതാണ്. ധനാധിപത്യം ജനാധിപത്യത്തെ കീഴടക്കുന്ന കഥ അമേരിക്ക കാട്ടിത്തന്നു. പുസ്തകം ഞാൻ സമർപ്പിച്ചിട്ടുള്ളത് ശ്യാമളക്കാണ്. ശ്യാമളയുടെ മകൾക്ക് വിജയം ഉണ്ടാകേണ്ടത് കാവ്യനീതിയാണെന്ന് വിശ്വസിക്കുകയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ആത്മകഥ പ്രസിദ്ധപ്പെടുത്തണമെന്ന വിചാരം എനിക്കില്ലായിരുന്നു. എന്നാൽ എന്റെ അമ്മയുടെ ധീരതയും, സഹനശക്തിയും, തോറ്റു പിന്മാറാൻ അനുവദിക്കാത്ത ഉത്പതിഷ്ണുതയും രേഖപ്പെടുത്തേണ്ടതുണ്ടെന്ന വിചാരവും ശക്തിമത്തായിരുന്നു. പക്ഷേ അത് എന്റെ പിതാവിന്റെ നിഴലിൽ പെടുത്തുമെന്ന വിചാരം മൂലം എന്റെ കാലം കഴിഞ്ഞതിനുശേഷമേ പ്രസിദ്ധപ്പെടുത്താവൂ എന്ന നിർദ്ദേശത്തോടെയാണ് 2015 ൽ എഴുതിവെച്ച ‘എന്റെ അമ്മ’ എന്ന ശീർഷകത്തിലുള്ള ധ്വനി പ്രയാണത്തിലെ രണ്ടാം ഭാഗം മകനെ ഏൽപ്പിച്ചത്. ധ്വനി പ്രയാണത്തിൽ ഉള്ള എന്റെ കഥ, 2019 -ൽ എന്റെ ഏറ്റവും ഇളയ അനിയൻ പോയ ഘട്ടത്തിലെ മനസ്സിന്റെ നിശ്ശൂന്യതയെ മറികടക്കാൻ വേണ്ടപ്പെട്ടവരെല്ലാം നിർദ്ദേശിച്ചതിന്റെ ഫലമായി രൂപപ്പെട്ടതാണ്. എന്റെ പ്രിയ സുഹൃത്തും ശിഷ്യയുമായ ഡോ. രതിമേനോൻ നിർബന്ധിച്ചു കൊണ്ടേയിരുന്നു. അങ്ങനെയാണ് 26 ദിവസത്തിനുള്ളിൽ 26 അധ്യായമായി ആഖ്യാനം രൂപപ്പെട്ടത്- ഒരു മാനസിക ചികിത്സ പോലെയായിരുന്നു ആ എഴുത്ത്. കുറേക്കൂടി അധ്യായങ്ങൾ വേണമെന്ന് സുഭാഷ് ചന്ദ്രൻ (മാതൃഭൂമി വാരികയുടെ അമരക്കാരൻ) നിർബന്ധിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് രണ്ടാം ഭാഗമായി ‘ എന്റെ അമ്മ’ വെളിച്ചം കാണട്ടെ എന്ന് മകൻ തീരുമാനിച്ചത്. സത്യം രേഖപ്പെടുത്തുന്നതിൽ ആശങ്കകൾ ഒന്നും വേണ്ട എന്നാണ് അയാളുടെ വാദം. പ്രതികൂലമായ എല്ലാ സാഹചര്യങ്ങളെയും അവഗണിച്ച് എന്റെ അമ്മ ധീരമായ തീരുമാനമെടുത്തിരുന്നില്ലെങ്കിൽ എനിക്ക് ഇന്നത്തെ ഞാൻ ആകുവാൻ കഴിയുമായിരുന്നില്ല. അത് ജീവിച്ചിരിക്കുമ്പോൾ തന്നെ വെളിപ്പെടുത്തുന്നത് അമ്മയോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നതിന്റെ ഭാഗമാണല്ലോ എന്നു ഞാൻ ആശ്വസിക്കുന്നു. പുസ്തകത്തിന്റെ പേരിൽ ധ്വനി പ്രയാണം എന്ന പദം വന്നതിന്റെ ചുമതല സുഭാഷ് ചന്ദ്രനാണ്. ജീവിത പ്രയാണത്തിലെ ധ്വനിയെയും, സാഹിത്യത്തിന്റെ പ്രാണനായ ധ്വനിയെയും അത് കുറിക്കുന്നു. ആദ്യത്തേതിന് സാഹിത്യ നിരൂപണത്തിൽ ഒരു പെണ്ണിന്റെ സാഹസ സഞ്ചാരങ്ങൾ എന്നും രണ്ടാമത്തേതിന് മരുമക്കത്തായത്തിൽ ഒരു പെണ്ണിന്റെ സാഹസ സഞ്ചാരങ്ങൾ എന്നും ഉപശീർഷകങ്ങൾ കൊടുത്തിട്ടുണ്ട്. ധ്വനി പ്രയാണത്തിലെ ധ്വനിയെന്തെന്ന് അവ ധ്വനിപ്പിക്കുന്നു. ഈ ഭൂമിയിൽ ഏറ്റവും വലുതിനെന്ന പോലെ ഏറ്റവും ചെറുതിനും അവകാശമുണ്ടെന്നപോലെയാണ്, വലിയവരുടെ എന്നപോലെ എളിയവരുടെ കഥകൾക്കും ഉള്ള സ്ഥാനം.





Comments