top of page

എന്തുകൊണ്ട് 'കൂഴങ്കൽ'...

Updated: Nov 15, 2024

ലേഖനം
സംഗീത്

മനുഷ്യജീവിതത്തോടും അതിന്റെ കാലിക സമസ്യകളോടും സംവദിക്കുവാൻ ഒരു കലയ്ക്ക് എപ്പോൾ മുതൽ കഴിയാതെവരുന്നോ, അപ്പോൾ മുതൽ അതിന്റെ നിലനിൽപ്പ് വെല്ലുവിളിയിലാകുന്നുണ്ട്. ജീവിതത്തോടുള്ള ആത്മൈക്യത്തിന്റെ സംസ്ഥാപനത്തിലാണ് 'കല ജീവിതംതന്നെ'യാകുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് ഇന്നും വിപുലമായി ഉപഭോഗം ചെയ്യപ്പെടുന്ന ഒരു ജനപ്രിയ കലയെന്ന നിലയിൽ സിനിമയെ തിരിച്ചറിയേണ്ടത്. മായക്കാഴ്ചകളുടെ വിഭ്രാത്മകതകളാൽ വിസ്മയിപ്പിക്കുന്നതിനോടൊപ്പംതന്നെ മനുഷ്യന്റെ ഭൗതികവും ബൗദ്ധികവുമായ വ്യവഹാരങ്ങളോട് താദാത്മ്യം പുലർത്താനും അതിന് കഴിയുന്നുണ്ട്. സിനിമയെ സചേതനമാക്കി നിലനിർത്തുന്ന ജൈവീകോർജ്ജവും മറ്റൊന്നല്ല. ഇത്തരത്തിൽ ജീവിതത്തിന്റെ വിവിധങ്ങളായ വ്യവഹാരങ്ങളോട് ഏറെ അടുത്തുനിൽക്കുകയും അതിന്റെ ചൂടും ചൂരും ചുകപ്പും പകപ്പും പകർന്നുതരുകയും ചെയ്യുന്ന സിനിമകളിലൊന്നാണ് പി. എസ്. വിനോദ് രാജ് സംവിധാനം ചെയ്ത് 'റൗഡി പിക്ച്ചേഴ്‌സ്' നിർമിച്ച 'കൂഴങ്കൽ(Pebbles).'


കുടുംബത്തിനകത്തെ അസ്വാരസ്യങ്ങൾ കാരണം സഹോദരന്റെ വീട്ടിൽ താമസിക്കുന്ന ഭാര്യയെ (ശാന്തി) തിരിച്ച് വിളിച്ചുകൊണ്ടുവരുവാൻ ഭർത്താവും (ഗണപതി) മകനും (വേലു) ശ്രമിക്കുന്നതാണ് സിനിമയുടെ പ്രധാന ഇതിവൃത്തം. അതിനായി അടുത്ത ഗ്രാമത്തിലേക്ക് അവർ ഇരുവരും നടത്തുന്ന യാത്രയെ കേന്ദ്രസ്ഥാനത്ത് നിർത്തികൊണ്ടാണ് സിനിമ വളരുന്നത്. പ്രസ്തുത യാത്രയിൽ അവർ (പ്രധാനമായും വേലു) കാണുന്ന കാഴ്ചകളും ചെന്നെത്തുന്ന സാഹചര്യങ്ങളും ഇടപെടുന്ന മനുഷ്യരും സിനിമയുടെ കാവ്യാത്മകവും സ്വാഭാവികവുമായ ഒഴുക്കിനെ നിർണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. ഈ കാഴ്ചകളിലൂടെ ആവിഷ്കാരത്തിന്റെ സൗന്ദര്യം നിലനിർത്തിക്കൊണ്ടു തന്നെ കുടുംബം, ആണത്തം, പുരുഷാധികാരം, തൊഴിൽ, സാമൂഹികത, പ്രാകൃതികത, വിദ്യാഭ്യാസം, വിശപ്പ് തുടങ്ങി ഒരുപാട് ഘടകങ്ങളെ രാഷ്ട്രീയമായി നോക്കിക്കാണുകയും പ്രശ്നവൽക്കരിക്കുകയും ചെയ്യുകയാണ് 'കൂഴങ്കൽ.' ഇത്തരത്തിൽ പ്രധാന ഇതിവൃത്തത്തെയും അതിന് സമാന്തരമായി വളരുന്ന ഉപാഖ്യാനങ്ങളെയും ഉൾക്കൊള്ളുന്ന സിനിമ,അതുന്നയിക്കുന്ന പ്രധാനപ്പെട്ട പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ പ്രേക്ഷകരെ പ്രേരിപ്പിച്ചുകൊണ്ടാണ് അവസാനിക്കുന്നതും.


ആദികാലം മുതൽക്കേ പ്രകൃതിയോട് കടപ്പെട്ടാണ് മനുഷ്യൻ നിലനിൽക്കുന്നത്. പ്രകൃതിയിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ അനുരണനങ്ങൾ ജീവിതത്തിൽ പ്രതിഫലിക്കാറുമുണ്ട്. ഇന്നും തുടരുന്ന ഈയൊരു ചരിത്രസത്യത്തിലാണ് 'കൂഴങ്കൽ' അടിസ്ഥാനം കണ്ടെത്തുന്നത്. സിനിമയിലുടനീളം പ്രത്യക്ഷപ്പെടുന്ന വരണ്ടുണങ്ങിയ പ്രകൃതി മനുഷ്യപ്രകൃതിയുടെതന്നെ പ്രതിനിധിയോ പ്രതിബിംബമോ കൂടിയാണ്.ജൈവപ്രകൃതിയെ വളർച്ചയിലേക്ക് തള്ളിവിടുന്നത് കൊടുംവേനലാണെങ്കിൽ മനുഷ്യനെ വറുതിയിലെത്തിക്കുന്നത് അവനവൻ തന്നെയാണ് .ചോദ്യം ചെയ്യപ്പെടാതെ നിലനിൽക്കുന്ന ആണധികാരമാണ്. രൂക്ഷമായ ഒരൊറ്റ നോട്ടത്തിലൂടെ മകനെ ക്ലാസ്സ്‌മുറിയിൽനിന്നും ഇറക്കികൊണ്ടുവരുന്ന അച്ഛനിലൂടെതന്നെ (ഗണപതി ) ഈയൊരാഖ്യാനം സിനിമ കൃത്യമായി വിനിമയം ചെയ്ത് തുടങ്ങുന്നുണ്ട്. തുടർന്ന് പുരുഷൻമാരെയും സ്ത്രീകളെയും അടയാളപ്പെടുത്തുന്ന ഓരോ സന്ദർഭത്തിലും ഇതേ വസ്തുത ആവർത്തിക്കപ്പെടുന്നു. നിഷ്ക്രിയരും അലസരും സമ്പത്തിന്റെ വിനിയോഗത്തിൽ ഔചിത്യം ദീക്ഷിക്കാത്തവരുമായ ഒരു വിഭാഗമായി പുരുഷൻമാരും അത്തരമൊരു ജീവിതപരിസരത്തിലും ക്രിയാത്മകമായും പ്രത്യാശാനിർഭരമായും ഇടപെടുന്നവരായി സ്ത്രീകളും സിനിമയിലുടനീളം പ്രത്യക്ഷപ്പെടുന്നുണ്ട്. വൈരുദ്ധ്യാത്മകമായ ഈ ഇരുധ്രുവങ്ങളിലും മാറി മാറി അടയാളപ്പെടുത്തപ്പെടുന്ന പുതിയ തലമുറ(കുട്ടികൾ)യാകട്ടെ പ്രതീക്ഷയുടേതായ മറ്റൊരാഖ്യാനമാണ്. സ്വകാര്യസ്വത്തിനേയും അതുവഴി ആണധികാരത്തിനെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന യുവ തലമുറയിലൂടെ സൂക്ഷ്മവും വ്യക്തവുമായ ഒരു രാഷ്ട്രീയമാണ് സിനിമ പങ്കുവെക്കുന്നത്. അച്ഛൻ സൂക്ഷിക്കാനേൽപ്പിച്ച പണം കീറിയെറിഞ്ഞ് കൊടുംചൂടിൽ തന്നോടൊപ്പം ദൂരദൂരം നടത്താൻ അച്ഛനെ നിർബന്ധിതനാക്കുന്ന വേലുവും, നീണ്ട പരിശ്രമത്തിനൊടുവിൽ തന്റെ കുടുംബം സ്വന്തമാക്കിയ ഭക്ഷണത്തിലെ ഒരു പങ്ക് വേലുവിന് സസ്നേഹം നൽകാൻ തയ്യാറാവുന്ന ഗംഗയും ആ രാഷ്ട്രീയത്തിന്റെ കൃത്യമായ ആവിഷ്കരണമാണ്.

കുടുംബത്തിനകത്തെ ആണധികാരത്തിന്റെ പ്രയോഗസാധ്യതകളെയും പ്രതിലോമപ്രവണതകളെയും വ്യക്തമായി അടയാളപ്പെടുത്തുന്നതിൽ 'കൂഴങ്കൽ' വിജയിക്കുന്നുണ്ട്. ഗണപതി തന്നെ അതിന്റെ വ്യക്തമായ ഒരാവിഷ്കരണമാണ്.'കുടുംബനാഥനാ'ണ് സ്വത്തിനെ വിനിമയം ചെയ്യുന്നതെന്നതിനാൽത്തന്നെ അധികാരത്തിന്റെതായ ഒരു ഭാഷ്യം അയാളുടെ എല്ലാ വ്യവഹാരങ്ങളിലും പ്രകടമാണ്. അയാളുടെ ഓരോ നോക്കിലും വാക്കിലും അയാൾ കൈയ്യാളുന്ന അധികാരത്തിന്റെ അടയാളങ്ങളുണ്ട്. ഗണപതിയെന്ന കഥാപാത്രം ഇത്തരം വിവക്ഷകൾക്കുള്ളിലാണ് നിലനിൽക്കുന്നത്.സിനിമയ്ക്കകത്ത് ചുരുങ്ങിയ സന്ദർഭങ്ങളിൽമാത്രം കടന്നുവരുന്ന വേലുവിന്റെ മാമനും (ശാന്തിയുടെ സഹോദരൻ) കുടുംബത്തിനകത്തെ ഇതേ അധികാരവ്യവസ്ഥയെ കൃത്യമായി വിനിമയം ചെയ്യുന്നുണ്ട്. ഈയൊരു വ്യവസ്ഥിതിയെ നിരുപാധികം അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന കുടുംബാംഗങ്ങൾ വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രമാണ്. പുരുഷാധികാരത്തിനുമുൻപിൽ കീഴടങ്ങേണ്ടവരും മൗനം പാലിക്കേണ്ടവരുമാണ് സ്ത്രീകളെന്ന ഋണാത്മകമൂല്യത്തെ സ്ത്രീകൾതന്നെ ഉയർത്തിപ്പിടിക്കുന്ന ആഖ്യാനങ്ങളും ഈ സിനിമയിൽനിന്നും കണ്ടെടുക്കാനാകും.അത്തരമൊരു പ്രവണതയെ പുരുഷൻ കയ്യാളുന്ന അധികാരത്തിനുകീഴിൽ അസ്തിത്വം കണ്ടെത്താൻ ശ്രമിക്കുന്ന പ്രത്യയശാസ്ത്രോപാധിയായേ കണക്കാക്കേണ്ടതുള്ളൂ. ഇത്തരത്തിൽ, ആണധികാരത്തിൽ അടിസ്ഥാനം കണ്ടെത്തുന്ന വ്യവസ്ഥിതി സമൂഹത്തിൽ എത്രമാത്രം പ്രതിലോമകരമായാണ് ഇടപെടുന്നതെന്ന നേർക്കാഴ്ചകൾ സിനിമയിൽ ആവോളമുണ്ട്.എന്നാൽ പ്രതിഷേധത്തേക്കാളുപരി പ്രതിരോധത്തിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ഒരു പ്രതിപക്ഷത്തെയും സിനിമയിൽ കണ്ടെടുക്കാനാകും. ഇളയ തലമുറ അഥവാ കുട്ടികളാണ് അതിൽ പ്രധാനം. അച്ഛന്റെ സാന്നിദ്ധ്യം ഉയർത്തുന്ന അസ്വസ്ഥതയും അച്ഛനോടുള്ള പ്രതിഷേധവും സപഷ്ടമായിതന്നെ പ്രകടിപ്പിക്കുന്ന വേലു, അക്ഷരാർത്ഥത്തിൽ ഈയൊരു വ്യവസ്ഥിതിയോടാണ് കലഹിക്കുന്നത്. സ്വത്തിന്റെ വിഭജനത്തിൽ സജീവമായി ഇടപെടുന്ന ഗംഗ ആണധികാരത്തിന്റെ ധാർഷ്ട്യങ്ങളെ പൊളിച്ചുകളയുന്നുണ്ട്. പുരുഷനെ പുറകിലിരുത്തി ഇരുചക്രവാഹനയാത്ര നടത്തുകയും സ്വന്തവും സ്വതന്ത്രവുമായ തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന നവദമ്പതികളിലെ സ്ത്രീകഥാപാത്രവും ഇതേ പ്രതിപക്ഷത്തുതന്നെയാണ് നിലയുറപ്പിക്കുന്നത്. വ്യവസ്ഥാപിത 'ആൺ'ബോധ്യങ്ങളിൽ അടിസ്ഥാനം കണ്ടെത്തുന്ന അധികാരവിനിമയത്തിന്റെ പ്രത്യയശാസ്ത്രത്തെ ക്രിയാത്മകമായി പ്രതിരോധിക്കുന്ന മറ്റ് ആഖ്യാനങ്ങളും പ്രസ്തുത സിനിമക്കകത്തുനിന്നും കണ്ടെടുക്കാൻ സാധിക്കും.


പ്രത്യാശയുടേതും പ്രതീക്ഷയുടേതുമായ തെളിവാർന്ന ഒരാഖ്യാനം 'കൂഴങ്കൽ' എപ്പോഴും മുന്നോട്ട് വെക്കുന്നുണ്ട്.'തങ്കച്ചിക്ക്' എന്ന ആമുഖത്തോടെ വേലു എടുത്തുവെക്കുന്ന കളിപ്പാട്ടങ്ങളിലതുണ്ട്. ഉണങ്ങിപ്പോയ ജീവിതപരിസരങ്ങളിലും അതിജീവനസാധ്യതകൾ കണ്ടെത്തുന്ന കുടുംബത്തിന്റെ ചിത്രീകരണത്തിൽ അതുണ്ട്. വിരസമായ ജീവിതത്തിന്റെ ഇടവേളകളെപ്പോലും തന്റേതായ രീതിയിൽ സജീവവും സൃഷ്ടിപരവുമായി നിലനിർത്താൻ ശ്രമിക്കുന്ന ഗംഗയുടെ വ്യവഹാരങ്ങളിലതുണ്ട്. കൊടുംചൂടിൽ നടന്നുപോകുന്ന വേലുവിന് സഹായം നൽകുന്ന നവദമ്പതികളിലും, ആത്യന്തികമായി, ഊറിവരുന്ന ജലത്തിന് ഊഴം കാത്തിരിക്കുന്ന സ്ത്രീസംഘത്തിലും പ്രതീകവത്കരിക്കപ്പെടുന്നത് വറ്റാത്ത മനുഷ്യസ്നേഹത്തിന്റെയും അതിലർപ്പിതമായ പ്രത്യാശയുടേതുമായ വാതായനങ്ങളാണ്. സിനിമയിൽ ഒരിടത്തുമാത്രം പ്രത്യക്ഷപ്പെടുന്ന, കൈകാലുകളെല്ലാം ഒടിഞ്ഞുനുറുങ്ങപ്പെട്ടിട്ടും മുന്നോട്ടിഴയാൻ ശ്രമിക്കുന്ന ആ ഒരെലി പോലും പങ്കുവെക്കുന്നത് മഹത്തരമായ ഒരു ജീവിതദർശനം തന്നെയാണ്. 'കൂഴങ്കല്ലി'ന്റേതായ എല്ലാ ഘടകങ്ങളിലും നാളെയെക്കുറിച്ചുള്ള ഇത്തരം പ്രത്യാശാനിർഭരമായ പ്രതീക്ഷകൾ കണ്ടെത്താനാകും.


സിനിമയെ സംബന്ധിച്ചിടത്തോളം സിനിമയുടെ സൗന്ദര്യശാസ്ത്രത്തെ വിപുലമായ തോതിൽതന്നെ നിർണയിക്കുന്ന ദൃശ്യഭാഷയാണ് അതിന്റെ ആത്മാവ്.'കൂഴങ്കല്ലി'ന് അത് ഏറ്റവും മികച്ച ആശയവിനിമയോപാധി കൂടിയാണ്. ഗ്രാമത്തിന്റെ വരൾച്ചയും ജനതയുടെ അതിജീവനവും തുടങ്ങിയ സ്ഥൂലമായ കാഴ്ചകളും, കഥാപാത്രങ്ങളുടെ ആന്തരികസംഘർഷങ്ങൾ പോലും വ്യക്തമായി ആവിഷ്കരിക്കാൻ സാധിക്കുന്ന സൂക്ഷ്മമായ ഇമേജുകളും സിനിമയുടെ ദൃശ്യഭാഷയ്ക്ക് അതിന്റെ വ്യാകരണത്തിനുമപ്പുറത്തേക്കുള്ള അനന്തസാധ്യതകളാണ് തുറന്നുകൊടുക്കുന്നത്. സംവിധാനത്തിന്റെ ചാരുത വെളിവാകുന്നത് ഇത്തരം സൂക്ഷ്മമായ ആഖ്യാനങ്ങളിലൂടെയുമാണല്ലോ.കേവലമായ ആശയവിനിമയത്തിനപ്പുറത്തേക്ക് പ്രസ്തുത സിനിമയുടെ ചിത്രീകണത്തിലെ സവിശേഷതകൾ, പ്രത്യേകിച്ച് ക്യാമറാകോണിന്റെ തെരഞ്ഞെടുപ്പുകൾ അതിനെ മികച്ച ഒരു കലാസൃഷ്ടിയാക്കുക കൂടി ചെയ്യുന്നുണ്ട്. ഹൈ ആംഗിൾ ഷോട്ടുകളും ( High Angle shot) ലോങ്ങ്‌ ഷോട്ടുകളും ( Long shot ) സിനിമയിൽ പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. അവയെല്ലാം ആ ഗ്രാമം - ജീവിതം തന്നെയും നേരിട്ടുകൊണ്ടിരിക്കുന്ന കൊടുംവരൾച്ചയുടെ നേർസാക്ഷ്യങ്ങളാണ്. സംഘർഷഭരിതവും പ്രത്യാശ നിറഞ്ഞതുമായ മുഹൂർത്തങ്ങളെല്ലാം കണ്ണിന്റെ വിതാനത്തിലുള്ള ( Eye level ) ക്യാമറാകോണിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അത്തരം സന്ദർഭങ്ങളെല്ലാംതന്നെ സാമാന്യമായ, സാധാരണമായ ജീവിതയാഥാർഥ്യങ്ങൾ തന്നെയാണെന്ന പ്രതീതി പ്രേക്ഷകരിലുണർത്തുവാൻ ഇത്തരമൊരു ചിത്രീകരണത്തിന് കഴിയുന്നുണ്ട്. ട്രാക്കിങ് ഷോട്ടുകൾ ( tracking shots ), ക്ലോസ്-അപ്പ്‌ ഷോട്ടുകൾ ( close-up shots) തുടങ്ങിയ വ്യത്യസ്തമായ മറ്റ് ക്യാമറാകോണുകളുടെ തെരഞ്ഞെടുപ്പിലും ഇതേ ഔചിത്യബോധം സ്പെഷ്ടമാണ്. സിനിമാറ്റിക് സൗന്ദര്യത്തെ കണിശമാക്കുന്ന മറ്റ് ഘടകങ്ങളായ സ്ലോ മോഷനും ( Slow motion ) പിന്നണി സംഗീതവു( Background music )മടക്കമുള്ള സാങ്കേതികതകളും അത്യധികം അച്ചടക്കത്തോടെയും സൂക്ഷ്മവുമായുമാണ് ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.വേലുവിന്റെ അമ്മയായ ശാന്തിയെ സിനിമയിലൊരിടത്തും നേരിട്ട് അഭ്രപാളിയിലെത്തിക്കാത്ത സംവിധായകൻ, ശാന്തിയെ ഒരു ജനതയുടെതന്നെ ആദർശപ്രതിനിധിയായി നിലനിർത്തുകയാണ് ചെയ്യുന്നത്. അത്തരമൊരവതരണം മുന്നോട്ടുവെക്കുന്നത് ആണധികാരത്തിന്റെ നീണ്ട വേനലിൽ വരണ്ടുപോയ ജീവിതങ്ങൾ നേരിടുന്ന /നേരിട്ടുകൊണ്ടിരിക്കുന്ന പരുക്കൻ യാഥാർഥ്യങ്ങളുടെ സാമൂഹിക സാഹചര്യങ്ങളെക്കൂടിയാണ്. ഇത്തരത്തിൽ ചലച്ചിത്രത്തിന്റെതായ ഘടകങ്ങളുടെ 'സിനിമാറ്റിക്കാ'യ വിന്ന്യാസമാണ് 'കൂഴങ്കല്ലി'ലുടനീളം കാണാൻ സാധിക്കുന്നത്. അവയുടെ തെരഞ്ഞെടുപ്പിലെ ഔചിത്യവും പ്രയോഗവത്കരണത്തിലെ സൗന്ദര്യാത്മകതയും സാങ്കേതികമായ കൃത്യതയും സുദൃഢമായ ക്രോഡീകരണവും ആത്യന്തികമായ സമന്വയവും കാഴ്ചക്കപ്പുറത്തേക്കുള്ള, കേവലാസ്വാദനത്തിന്റേതല്ലാത്ത ഒരു വിശാലമായ തലത്തിലേക്ക് സിനിമയെ മാറ്റിപ്രതിഷ്ഠിക്കുന്നുണ്ട് .


ചലച്ചിത്രത്തിന്റെതായ തലങ്ങളിൽ സൗന്ദര്യാത്മകമായും സാങ്കേതികമായും ബൗദ്ധികമായും ഉന്നതനിലവാരം പുലർത്തുന്ന 'കൂഴങ്കൽ' ഒരു ഒരു കലാസൃഷ്ടിയായി തിരിച്ചറിയപ്പെടുന്നത് അതിന്റെ സംവിധാനചാതുരി കൊണ്ടുതന്നെയാണ്. റോട്ടർഡാമിലെ (Rotterdam) അമ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയിലാണ് 'കൂഴങ്കൽ' ആദ്യമായി പ്രദർശനത്തിനെത്തുന്നത്. മേളയിൽ ടൈഗർ പുരസ്കാരം കരസ്ഥമാക്കിയ പ്രസ്തുത ചലച്ചിത്രം പിന്നീട് ഒട്ടധികം ചലച്ചിത്രമേളകളിൽ പ്രദർശനത്തിന് തെരഞ്ഞെടുക്കപ്പെടുകയും വിവിധങ്ങളായ പുരസ്കാരങ്ങൾ നേടിയെടുക്കുകയും ചെയ്തു. ഐ. എഫ്. എഫ്. കെ. യുടെ ( IFFK ) ഇരുപത്തിയാറാമത് എഡിഷനിൽ പ്രേക്ഷകർ തെരഞ്ഞെടുത്ത മികച്ച ചലച്ചിത്രമായി 'കൂഴങ്കൽ.' ഇത്തരത്തിൽ പ്രേക്ഷകർക്കും നിരൂപകർക്കുമിടയിൽ വ്യക്തമായ സ്വീകാര്യത നേടിയെടുത്ത 'കൂഴങ്കൽ' നവാഗത സംവിധായകനായ പി. എസ്. വിനോദ് രാജിന്റെ ആദ്യ ചലച്ചിത്രമാണെന്നത് വലിയൊരു വാഗ്ദാനമാണ്. പി. എസ്. വിനോദ് രാജ് തന്നെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് നയൻ‌താരയും വിഘ്‌നേഷ്ശിവനും ചേർന്നാണ് ( റൗഡി പിക്ചേഴ്സ് ). മികച്ച രാഷ്ട്രീയ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്ന ചലച്ചിത്രങ്ങൾ എക്കാലവും നിർമ്മിക്കാറുള്ള തമിഴ് ഇൻഡസ്ട്രിയിൽനിന്നാണ് 'കൂഴങ്കൽ'-ഉം പുറത്തുവന്നിരിക്കുന്നത്. വിപണിമൂല്യത്തിന്റെ അളവുകോലുകളെ അപ്രസക്തങ്ങളാക്കുന്ന ഇത്തരം നിർമിതികളാണ് ചലച്ചിത്രമെന്ന മാധ്യമത്തിന്റെ കലാപരതയെ കാലാതിവർത്തിയായി നിലനിർത്തുന്നത്.


സംഗീത്

Ph : 92 07 21 40 47

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page