എറങ്ങിപ്പോവുന്നോളുമാര്‍ക്ക്
- GCW MALAYALAM
- Mar 14
- 1 min read
Updated: Mar 15
അന്ന ജോയി

ഞാനൊഴിഞ്ഞ് പോവാണ് പോവാണ് പറഞ്ഞ്
ചീതുവെപ്പഴും കലമ്പും.
മോന്തിക്ക് വെള്ളം ചൂടാക്കുമ്പോ
പച്ച വെറക് കയ്ച്ചിട്ടടുപ്പ്
പൊകഞ്ഞ് പൊകഞ്ഞ് കെതക്കുമ്പൊ
അലക്കിയുണക്കി മടക്കാനയയിലിട്ട തുണീനെ
മഴ, പൊട്ട്യെ ഓടിന്റെടെക്കടെ ഒളിച്ചു വന്ന്
നനച്ച് ചീയാറാക്കുമ്പൊ
ഒതുക്കുകല്ല് കടന്ന് ഓടുമ്പൊ തട്ടിവീണിട്ട്
എളെ കുരിപ്പ് വീണ്ടും മുട്ട് പൊട്ടിക്കുമ്പൊ
ചിട്ടി പിടിച്ച കാശിന്റൊപ്പം
പഴേ തുണിപ്പെട്ടീല് ഓള് സൂക്ഷിച്ച
ശങ്കീരി പോയ തരിപ്പൊന്ന് മൂക്കുത്തീം
പടിഞ്ഞാറ്റെ കള്ളും ഷാപ്പിലിരുന്ന് മൂക്കുമ്പൊ
പണിക്ക് പോവാ പറഞ്ഞ് പോണ കെട്ട്യോന്‍
രണ്ടു രാത്രീം ഒരു പകലും കഴിച്ച്
പെണ്ണുങ്ങടെ വാസനസോപ്പ് മണോം കൊണ്ട്
തിരിച്ചു വരുമ്പൊ,
ഒരിക്കലാകാശം നെറഞ്ഞിരുന്ന കണ്ണ് നെറച്ച്
കരച്ചിലൊരു തുള്ളി പൊറത്തിക്ക് തൂളാതെ
ഏങ്ങലടിച്ച് ഏങ്ങലടിച്ച് ചീതു കലമ്പും.
തിരുമ്പാന്‍ തുണീം കൊണ്ട് പോണ മൂത്തോള്
അപ്പൊ ഓടി വന്ന് ചീതൂനെ ചേര്‍ത്ത് പിടിക്കും
സാരല്യാ സാരല്യാ ന്ന് പൊറത്ത് തലോടും
ചമ്മന്തി കൂട്ടി കഞ്ഞി യ്ക്ക് വേണ്ടന്ന് കെറുവിച്ച്
കാലത്തൂടി അമ്മേന്റെ തല്ല് മേടിച്ചോള്
പെട്ടന്ന് വളര്‍ന്ന് അമ്മ തന്നെയാവുന്ന കണ്ട്
മുറിവ് വേദന മാറീട്ടും എളേതിന് കരച്ചില് പൊട്ടും
കലമ്പീം കെതച്ചും കണ്ണ് കഴച്ചിട്ടൊരൂസം
വെയില് മൂക്കുന്നേനും മുന്നുള്ള രാവിലെ നേരത്ത്
എളേ കൊച്ചിനെ ഒക്കത്തും
മൂത്തേനെ വലത്തെ കയ്യിലും തൂക്കി
ഓളാ പെരേന്ന്
തോട് പൊട്ടിച്ചൊരപ്പൂപ്പന്‍താടി പറന്നു പോവുന്നത്ര
കനമില്ലാതെ
ലോകത്തോട്ട് ഇറങ്ങിപ്പോയി
ജീവിതത്തിലോട്ട് ഒഴുകിപ്പോയി.
ലോകത്തിന് ഒന്നും പറ്റിയില്ല,
ഭൂമി പിളര്‍ന്നില്ല
സൂര്യന്‍ കെട്ടുപോയില്ല
കാറ്റിനെ ആകാശം വിഴുങ്ങിയില്ല
ഒരു പെണ്ണ് അവളുടെ കയ്പ്പ് തുപ്പിക്കളഞ്ഞ്
ജീവിതത്തിലോട്ടിറങ്ങുമ്പൊ
ഏങ്ങലുകളില്ലാണ്ട് ഓക്ക് ചിരിക്കാന്‍ പറ്റൂന്നല്ലാതെ
നിവര്‍ന്നു നിന്നാകാശം കാണാന്നല്ലാതെ
കൈകോര്‍ത്ത് തുള്ളിച്ചാടാന്നല്ലാതെ
മുട്ടിപ്പത്തല് പോലെ
ജീവിതത്തിലൊറച്ചു നിക്കൂന്നല്ലാതെ
മറ്റൊന്നും പറ്റൂല്ലാന്നറിഞ്ഞപ്പൊ
ദൈവങ്ങക്ക് മാത്രം ഓരെ ലോകമൊന്നുലഞ്ഞു
തുണി തിരുമ്പിച്ചോന്ന കൈ ഉടുപ്പില് തൂത്ത്
ദൈവങ്ങടെ പെണ്ണുങ്ങള് കണ്ണ് നെറയാണ്ട് ചിരിച്ചു.
അന്ന ജോയി
ഗവേഷക
മലയാളവിഭാഗം
യൂണിവേഴ്സിറ്റി കോളേജ്
തിരുവനന്തപുരം
പിന്‍: 695034





Comments