എഴുത്തച്ഛൻ്റെ പേര് നീലകണ്ഠനെന്നാണോ?
- GCW MALAYALAM
- Sep 14
- 6 min read
Updated: Sep 15
ഡോ. ബി.എസ്. ബിനു

പ്രബന്ധസംഗ്രഹം
തുഞ്ചത്തെഴുത്തച്ഛൻ്റെ നാമം എന്താണെന്ന കാര്യത്തിൽ പണ്ഡിതന്മാർക്കു വ്യത്യസ്താഭിപ്രായമാണുള്ളത്. രാമാനുജൻ, രാമൻ, ശങ്കരൻ, കൃഷ്ണൻ എന്നിങ്ങനെ പല പേരുകളും അദ്ദേഹത്തിനു ചാർത്തിക്കൊടുത്തിട്ടുണ്ട്. എന്നാൽ അവയ്ക്കൊന്നിനും വ്യക്തമായ തെളിവുകളില്ല. എഴുത്തച്ഛൻ്റെ യഥാർത്ഥ നാമധേയം നീലകണ്ഠനെന്നാണെന്നു പറയാൻ വേണ്ട പല തെളിവുകളും ലഭിച്ചിട്ടുണ്ട്.
താക്കോൽവാക്കുകൾ:
എഴുത്തച്ഛൻ, രാമാനുജൻ, ശങ്കരൻ, രാമൻ, കൃഷ്ണൻ, ഹരിനാമകീർത്തനം, സൂര്യനാരായണനെഴുത്തച്ഛൻ, ദേവീമാഹാത്മ്യം കിളിപ്പാട്ട്.
എഴുത്തച്ഛന്റെ യഥാർത്ഥ നാമധേയത്തെക്കുറിച്ചു വ്യക്തമായ തീരുമാനമുണ്ടായിട്ടില്ല. തുഞ്ചത്തുരാമാനുജനെഴുത്തച്ഛൻ എന്നാണ് അദ്ദേഹം പൊതുവേ അറിയപ്പെടുന്നത്. അതിനു പ്രധാനമായും രണ്ടു കാരണങ്ങളാണ് ഗവേഷകന്മാർ ചൂണ്ടിക്കാട്ടുന്നത്. എഴുത്തച്ഛന് രാമനെന്ന പേരിൽ ഒരു ജ്യേഷ്ഠനുണ്ടായിരുന്നുവെന്നും അതിൻ്റെ അടിസ്ഥാനത്തിൽ രാമാനുജൻ എന്നു വിളിച്ചുവെന്നുമാണ് ഒരഭിപ്രായം. വിശിഷ്ടാദ്വൈതമതാചാര്യനായ രാമാനുജൻ്റെ ശിഷ്യനായിരുന്നു എഴുത്തച്ഛനെന്നും ഗുരുവിന്റെ മരണാനന്തരം ശിഷ്യൻ ഗുരുനാമം സ്വീകരിച്ചുവെന്നുമാണ് മറ്റൊരു കൂട്ടർ വാദിക്കുന്നത്. രണ്ടഭിപ്രായങ്ങൾക്കും സാധുതയില്ല. രാമനെന്ന പേരിൽ എഴുത്തച്ഛന് ഒരു ജ്യേഷ്ഠസഹോദരനുണ്ടായിരുന്നുവെന്നു പറയാൻ വേണ്ട തെളിവുകളൊന്നും ലഭ്യമല്ല. അധ്യാത്മരാമായണം കിളിപ്പാട്ടിലെ
"അഗ്രജൻ മമ സതാം വിദുഷാമഗ്രേസരൻ
മദ്‌ഗുരു നാഥനനേകാന്തവാസികളോടും
ഉൾക്കുരുന്നിങ്കൽ വാഴ്‌ക, രാമനാമാചാര്യനും
മുഖ്യന്മാരായ ഗുരുഭൂതന്മാർ മറ്റുള്ളോരും"1
എന്ന ഭാഗത്ത് എഴുത്തച്ഛൻ വന്ദിക്കുന്നത് അനേകം ശിഷ്യന്മാരോടുകൂടിയ പണ്ഡിതാഗ്രേസരനും ഗുരുനാഥനുമായ ജ്യേഷ്ഠനെയും, രാമൻ എന്ന ആചാര്യനെയും, മുഖ്യന്മാരായ മറ്റു ഗുരുഭൂതന്മാരെയുമാണ്. ജ്യേഷ്‌ഠനും രാമനാമാചാര്യനും വിഭിന്നവ്യക്തികളാണെന്നു സ്‌പഷ്‌ടം. ജ്യേഷ്ഠസഹോദരനെ 'മദ്‌ഗുരുനാഥ'നെന്നും രാമനെ ആചാര്യനെന്നുമാണ് എഴുത്തച്ഛൻ വെവ്വേറെ വന്ദിച്ചിരിക്കുന്നത്. അതിനാൽ രാമൻ എന്ന പേരിൽ എഴുത്തച്ഛന് ഒരു ജ്യേഷ്‌ഠനുണ്ടായിരുന്നുവെന്നു പറയാൻ വേണ്ട തെളിവുകൾ ഇനിയും ഉപലബ്‌ധമായിട്ടില്ല.
രാമാനുജാചാര്യനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള അഭ്യൂഹങ്ങൾക്കും പ്രസക്തിയില്ല. രാമാനുജന്റെ ജീവിതകാലം പതിനൊന്നാം ശതകമാണ്. അതിനും വളരെക്കാലം കഴിഞ്ഞതിനുശേഷമാണ് എഴുത്തച്ഛൻ ജീവിച്ചിരുന്നത്. പോരെങ്കിൽ, അക്കാലത്ത് ഗുരുവിൻ്റെ നാമം ശിഷ്യന്മാർ സ്വീകരിക്കുകയെന്നത് ഭാരതീയരുടെ ആസ്‌തിക്യദൃഷ്‌ടിയിൽ കടുത്ത അപരാധവുമായിരുന്നു. രാമാനുജന്റെ ശിഷ്യനെന്നോ രാമന്റെ അനുജനെന്നോ മാത്രം അറിയപ്പെടാൻ തക്ക വ്യക്തിമഹത്ത്വമല്ല എഴുത്തച്ഛനുണ്ടായിരുന്നത്. ശൈശവത്തിൽത്തന്നെ രക്ഷിതാക്കൾ അദ്ദേഹത്തിന് ഒരു പേരു ചൊല്ലി വിളിച്ചിരിക്കണം. അതെന്തായിരുന്നു എന്നതിനെക്കുറിച്ച് പണ്ഡിതന്മാർ ഒട്ടേറെ വാദങ്ങൾ നിരത്തിയിട്ടുണ്ട്.
എഴുത്തച്ഛനെയും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയെയും ചേർത്തു വന്ദിക്കുന്ന പ്രസിദ്ധമായ ഒരു ശ്ലോകമുണ്ട്. അതിപ്രകാരമാണ്:
"വന്ദേഹം ഗുരുസമ്പ്രദായമനിശം തുഞ്ചത്തെഴും ശ്രീഗുരും
വന്ദേ ശ്രീകരുണാകരം ച പരമം ശ്രീസൂര്യനാരായണം
വന്ദേ ദേവഗുരും പരാപരഗുരും ഗോപാലശ്രീമദ്‌ഗുരും
വന്ദേ നിത്യമനന്തപൂർണമമലം വന്ദേ സമസ്‌താൻ ഗുരൂൻ."
ഇതിൽ 'തുഞ്ചത്തെഴും ശ്രീഗുരും' എന്നു വിശേഷിപ്പിച്ചിരിക്കുന്നത് തുഞ്ചത്തെഴുത്തച്ഛനെയാണ്. കരുണാകരൻ, സൂര്യനാരായണൻ, ദേവൻ, പരാപരൻ, ഗോപാലൻ എന്നിവർ അദ്ദേഹത്തിന്റെ ശിഷ്യപ്രശിഷ്യന്മാരാകുന്നു. എഴുത്തച്ഛന്റെ യഥാർഥ നാമം ഈ ഗുരുവന്ദനശ്ലോകത്തിൽനിന്നു നമുക്കു ലഭിക്കുന്നില്ല. മറ്റൊരു ഗുരുവന്ദനശ്ലോകം കൂടിയുണ്ട്. അത് എഴുപത്തു കോപ്പസ്വാമികൾ എന്ന ഗോപാലനെഴുത്തച്ഛന്റേതാണ്. അതിപ്രകാരമാണ്:
“വന്ദേ സാനന്ദരൂപം നീലകണ്ഠപരമഗുരും
വന്ദേ വൈഷ്ണവകുലോദ്ഭൂതം ശ്രീകരുണാകരഗുരും
വന്ദേ സർവഗുണനിധിം ശ്രീസൂര്യനാരായണഗുരും
വന്ദേഹം ദേവം ച പരാപരഗുരും; സമസ്‌താൻ ഗുരൂൻ.”
കരുണാകരൻ, സൂര്യനാരായണൻ, ദേവൻ, പരാപരൻ എന്നിവർക്കു മുൻപായി സ്‌തുതിക്കുന്ന നീലകണ്ഠപരമഗുരു തുഞ്ചത്തെഴുത്തച്ഛൻ തന്നെയല്ലേ? അതേക്കുറിച്ചു വഴിയേ വിചിന്തനം ചെയ്യാം.
എഴുത്തച്ഛന്റെ യഥാർഥനാമധേയം രാമൻ, ശങ്കരൻ, കൃഷ്ണൻ എന്നിവയിലേതെങ്കിലുമാകാമെന്ന് ഉദാരമതികളായ പണ്ഡിതന്മാർ കരുതുന്നു. എന്നാൽ ഇവയ്ക്കൊന്നിനും വേണ്ട തെളിവുകൾ ഹാജരാക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല. 'രാമപക്ഷ'മാണ് കൂട്ടത്തിൽ പ്രബലം. മഹാകവി ഉള്ളൂർ, ആർ. നാരയ ണപ്പണിക്കർ, എ. ഡി. ഹരിശർമ്മ, പുതുക്കുളങ്ങര രാമചന്ദ്രമേനോൻ, വിദ്വാൻ കെ. ഇ. നാരായണപിള്ള, ടി. കെ. ജോസഫ് തുടങ്ങി ഒട്ടേറെപ്പേർ ഈ പക്ഷത്തുണ്ട്. രാമപക്ഷവാദികൾക്കു താഴെപ്പറയുന്ന തെളിവുകൾ ചൂണ്ടിക്കാണിക്കാനാവും:
1. പതിനെട്ടാംശതകത്തിൽ ജീവിച്ചിരുന്ന പുന്നശ്ശേരി നമ്പി ശ്രീധരശർമ്മാവ് അദ്ദേഹത്തിൻ്റെ ഏകാദശംകിളിപ്പാട്ടിൽ 'തുഞ്ചത്തുമേവും രാമദാസനാമെഴുത്തച്ഛൻ' എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. രാമദാസൻ എന്നതിലെ 'ദാസ' ശബ്ദം ശൂദ്രത്വത്തെക്കുറിക്കുന്നുവെന്നും അതിനാൽ എഴുത്തച്ഛന്റെ പേർ രാമനാണെന്നും നിർണയിക്കാം.
2. കല്യാണസുന്ദരം രേഖയിൽ എഴുത്തച്ഛൻ്റെ പേർ രാമനാണെന്നു വ്യക്തമായി പ്പറഞ്ഞിട്ടുണ്ട്.
3. സൂര്യനാരായണന്റേതെന്നു പറഞ്ഞുകൊണ്ടു പുറത്തുവന്ന
“ഭാസ്വത്തുഞ്ചാഖ്യ സന്മന്യഖിലഗുണശ്രേണീ പൂർണാവതീർണ ശ്രീമന്നിലാദ്യകണ്ഠ ദ്വിദിത ബഹുപഥസർവശാസ്ത്രാഗമാനാം
യന്തേ ത്യക്ത്വാ ച ചിറ്റൂർപ്പൂരവരസവിധേ സൂര്യനാരായണം മാം
ഹംസം പ്രാപ്യന്നു സൗമ്യം പദമഗദമഹോ മദ്ഗുരൂ രാമനാമാ”
എന്ന 'എഴുത്തച്ഛൻ്റെ ചരമശ്ലോക'ത്തിൽ അദ്ദേഹം രാമനാമാവാണെന്ന് വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നു.
4. ചമ്പത്തിൽ മന്നാടിയാരിൽനിന്നു വാങ്ങിയ വസ്‌തുവകകളുടെ ആധാരപ്പ കർപ്പിൽ 'തുഞ്ചത്തു രാമനാർ' എന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
5. എഴുത്തച്ഛന്റെ ശിഷ്യപരമ്പരയിൽപ്പെട്ടവരുടേതെന്നു കരുതാവുന്ന ബ്രഹ്മാ ണ്ഡപുരാണം, ശിവരാത്രിമാഹാത്മ്യം, വേദാന്തസാരം മുതലായ കിളിപ്പാട്ടുകളിൽനിന്ന് എഴുത്തച്ഛൻ രാമാനാമാവാണെന്നു നിർണയിക്കാനാവും.
മേല്പറഞ്ഞ വാദഗതികളെ താഴെപ്പറയുന്ന കാരണങ്ങളാൽ ഖണ്ഡിക്കാവുന്നതാണ്:
1. 'ദാസ' ശബ്ദം ശുദ്രത്വത്തെക്കുറിക്കാൻ മാത്രമല്ല ഉപയോഗിക്കുന്നത്. ഭക്തൻ, ശിഷ്യൻ എന്നീ അർഥങ്ങളിലാണ് അതു കൂടുതൽ പ്രസക്തമാവുന്നത്. ദാസശബ്ദം ശൂദ്രത്വത്തെ മാത്രം കുറിക്കുന്നുവെങ്കിൽ കാളിദാസൻ, ഗൗരീദാസൻ, ഭവദാസൻ, ശിവദാസൻ, ദേവദാസൻ എന്നീ പേരുകാരെല്ലാം ശൂദ്രന്മാരാകേണ്ടി വരും. ഭവദാസൻ നമ്പൂതിരി കേരളീയനായിരുന്നു. പുന്നശ്ശേരി നമ്പി 'രാമദാസൻ' എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചതിനടിസ്ഥാനം അധ്യാത്മരാമായണരചനയിലൂടെ കേരളീയരുടെ രാമഭക്തിയെ ഉണർത്തിയെടുത്തതിനാലാവണം. 'രാമദാസനാ മെഴുത്തച്ഛൻ' എന്നതിന് രാമഭക്തനായ എഴുത്തച്ഛനെന്ന അർഥമല്ലേ കൂടുതൽ യോജിക്കുക? കണ്ണശ്ശരാമൻ്റെ ശിഷ്യനും രാമഭക്തനുമായ എഴുത്തച്ഛൻ എന്ന അർത്ഥത്തിൽ പതിനെട്ടാംശതകത്തിലെ കേരളകവിസമൂഹം അദ്ദേഹത്തെ വിവക്ഷിച്ചിരിക്കാം.
2. കല്യാണസുന്ദരം രേഖയിൽ എഴുത്തച്ഛൻ്റെ യഥാർഥനാമം രാമനാണെന്നു പറഞ്ഞിരിക്കുന്നതു ശരിതന്നെ. പക്ഷേ ഈ രേഖ അയഥാർഥപ്രമാണമാണെന്നു പിന്നീടു തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. മഹാകവി ഉള്ളൂർ, ആർ. നാരായണ പ്പണിക്കർ, വടക്കുംകൂർ രാജരാജവർമ്മ, ശിരോമണി പി.കൃഷ്ണൻ നായർ തുടങ്ങിയ പ്രാമാണികന്മാരായ പണ്ഡിതന്മാർ ഈ രേഖ പുറത്തു വന്നപ്പോൾ ത്തന്നെ അതിൻ്റെ വിശ്വാസ്യതയിൽ വലുതായ സംശയം പ്രകടിപ്പിച്ചിരുന്നു. അതിനാൽ, പിൽക്കാലത്തു കൃത്രിമമായി സൃഷ്‌ടിച്ചെടുത്ത കല്യാണസുന്ദരം രേഖയെ അടിസ്ഥാനമാക്കി എഴുത്തച്ഛൻ്റെ പേർ രാമൻ എന്നു പറയാനാവില്ല.
3. ബ്രഹ്മാണ്ഡപുരാണം, ശിവരാത്രിമാഹാത്മ്യം എന്നീ കിളിപ്പാട്ടുകൾ കരുണാ കരനെഴുത്തച്ഛനും വേദാന്തസാരം ദേവനെഴുത്തച്ഛനും രചിച്ചുവെന്ന ഊഹത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാദം. ബ്രഹ്മാണ്ഡപുരാണത്തിൽ താൻ രാമൻ എന്ന ആചാര്യന്റെ ശിഷ്യനാണെന്നു കവി സൂചിപ്പിച്ചിട്ടുണ്ട്. രാമനെന്ന ഗുരുവിനെ ശിവരാത്രിമാഹാത്മ്യത്തിലും വന്ദിച്ചിരിക്കുന്നു. ഇവ കരുണാകരൻ്റെ കൃതികളാണെങ്കിൽമാത്രമേ ഇവയിൽ പരാമർശിച്ചിരിക്കുന്ന 'രാമൻ', എഴുത്തച്ഛനാണെന്നു വിശ്വസിക്കാനാവൂ. ബ്രഹ്മാണ്ഡപുരാണവും ശിവരാത്രി മാഹാത്മ്യവും കരുണാകരനെഴുത്തച്ഛന്റെ കൃതികളാണെന്നു തെളിയിക്കാൻ വേണ്ട തെളിവുകളൊന്നും ഇതേവരെ ലഭിച്ചിട്ടില്ല. അധ്യാത്മരാമായണത്തിലും ഒരു രാമന്റെ ശിഷ്യനാണ് താനെന്ന് കവി നമ്മെ ധരിപ്പിക്കുന്നുണ്ടല്ലോ. രാമൻ എന്നാണ് എഴുത്തച്ഛൻ്റെ പേരെങ്കിൽ അധ്യാത്മരാമായണവും അദ്ദേഹത്തിൻ്റെ ശിഷ്യന്മാരിൽ ആരുടെയെങ്കിലും കൃതിയാകേണ്ടേ? മാത്രമല്ല, ശിവരാത്രിമാഹാത്മ്യവും ബ്രഹ്മാണ്ഡപുരാണവും തുഞ്ചത്താചാര്യൻ്റെ കൃതികളാണെന്നു തെളിയിക്കാൻ വേണ്ട രേഖകൾ ഇപ്പോൾ ലഭ്യമായിട്ടുണ്ട്. വേദാന്തസാരം എന്ന കൃതി ദേവനെഴുത്തച്ഛൻ്റെ കൃതിയാണെന്ന് പുതുക്കുളങ്ങര രാമചന്ദ്രമേനോൻ പറയുന്നുണ്ടെങ്കിലും അതിനടിസ്ഥാനമൊന്നുമില്ല. അതിൽ കാണുന്ന 'രാമനാമാവാമസ്‌മദ്ഗുരു' എന്ന പ്രയോഗം എഴുത്തച്ഛനെ പരാമർശിക്കുന്നതാണെന്നാണ് വാദം. കല്യാണസുന്ദരാദിരേഖകൾക്കു പിൻബലം നൽകുന്നതിനുവേണ്ടി പ്രക്ഷിപ്‌തമായി പിൽക്കാലത്ത് എഴുതി ച്ചേർത്തവരികളിലാണ് ഈ പരാമർശം കാണുന്നത്. ഇതിന്റെയും കല്യാണസുന്ദരംരേഖയുടെയും ഉദ്ഭവസ്ഥാനം ഒന്നാകയാൽ പ്രസ്തുത പരാമർശത്തെ അടിസ്ഥാനമാക്കി എഴുത്തച്ഛന്റെ പേർ രാമൻ എന്നു നിർണയിക്കാനാവില്ല.
4.എഴുത്തച്ഛന്റെ ചരമശ്ലോകം ഒരു കൃത്രിമരേഖയാണെന്നു പിൽക്കാല ഗവേഷണം തെളിയിച്ചിരിക്കുന്നു. അതിനാൽ ഈ രേഖയെ അടിസ്ഥാനമാക്കി എഴുത്തച്ഛൻ്റെ നാമം രാമനാണെന്നു പറയാനാവില്ല.
5.ചമ്പത്തിൽ മന്നാടിയാർ എഴുതിക്കൊടുത്ത തീറുജന്മാധാരവും അയഥാർഥ പ്രാമാണമാണെന്നു തെളിയിക്കപ്പെട്ടുകഴിഞ്ഞു. കല്യാണസുന്ദരം രേഖയ്ക്കു വിശ്വാസ്യതയും പിൻബലവും നൽകുന്നതിനുവേണ്ടി ചമയ്ക്കപ്പെട്ടവയാണ് ചരമശ്ലോകവും തീറുജന്മാധാരാവും മറ്റും. പിൽക്കാലത്തു ബോധപൂർവം കെട്ടിച്ചമച്ച രേഖകളെ മുൻനിർത്തി തുഞ്ചത്താചാര്യന്റെ പേരു രാമനാണെന്ന് എങ്ങനെ പറയും?
ശങ്കരൻ എന്ന പേരിനും തെളിവോ യുക്തിയോ ഇല്ല. ചന്ദ്രോത്സവത്തിൽ 'ഭവതു വദനബിംബം ശാങ്കരം പ്രീതയേ വഃ' എന്ന പരാമർശം കാണാം. എഴുത്തച്ഛനെക്കുറിച്ച് ആ കൃതിയിൽ പ്രത്യേകസൂചന കാണാത്തതിനാൽ ഇവിടെ പരാമർശിക്കപ്പെട്ട ശങ്കരൻ അദ്ദേഹമാകാമെന്നാണ് ചിലരുടെ വാദം. എന്നാൽ ഈ വാദം അടിസ്ഥാനരഹിതമാണെന്നു പിന്നീടു തെളിഞ്ഞിട്ടുണ്ട്. ചന്ദ്രോത്സവത്തിൽ സ്‌തുതിക്കപ്പെട്ട ശങ്കരൻ, രാഘവകവിയുടെ ശിഷ്യനും ശ്രീകൃഷ്‌ണവിജയത്തിന്റെ കർത്താവും കേരളവർമൻ കോലത്തിരിയുടെ ആശ്രിതനും പുനത്തിന്റെ സുഹൃത്തുമായ ശങ്കരവാരിയരാണ്.
എഴുത്തച്ഛന്റെ പേർ കൃഷ്ണനായിരുന്നുവെന്ന അഭിപ്രായത്തിനു വലിയ പ്രചാരം ലഭിച്ചുകാണുന്നില്ല. ഡോ. പി. കെ. നാരായണപിള്ളയാണ് ഈ വാദത്തിൻ്റെ നേതാവ്. അദ്ദേഹത്തിൻ്റെ അഭിപ്രായം ഇപ്രകാരം സംഗ്രഹിക്കാം: എഴുത്തച്ഛന് രാമനെന്ന പേരിൽ ഒരു ജ്യേഷ്‌ഠനുണ്ട്. രാമാനുജനെഴുത്തച്ഛൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ജ്യേഷ്‌ഠനു രാമനെന്നും അനുജനു കൃഷ്ണനെന്നും പേരിടുക സ്വാഭാവികമാണ്. രാമാനുജൻ എന്നതിനു കൃഷ്ണനെന്ന് അർത്ഥം ധരിക്കണം. രാമൻ എന്നാൽ ബലഭദ്രരാമൻ, തദനുജൻ കൃഷ്‌ണൻ അപ്പോൾ രാമാനുജൻ കൃഷ്ണനെന്നു വരുന്നു. ‘ചിന്താരത്നം’ തുഞ്ചത്താചാര്യന്റെ കൃതിയാണെന്ന പരമ്പരാഗതവിശ്വാസത്തിനു തെളിവൊന്നു മില്ല. മഹാകവി ഉള്ളൂർ ഇതിൻ്റെ കർത്തൃത്വവിഷയത്തിൽ എതിരഭിപ്രായം പുറപ്പെടുവിച്ചിട്ടുണ്ട്. ‘ചിന്താരത്നത്തി’ൽ കവി ശ്രീകൃഷ്ണഭഗവാനെ സ്‌തുതി ക്കാനുപയോഗിക്കുന്ന വരികളിൽ കൃഷ്ണനാമാവായ ഒരു ഗുരുവിനെക്കൂടി സ്‌മരിച്ചിട്ടുണ്ടാവാമെന്ന് ഉള്ളൂർ അഭ്യൂഹിക്കുന്നു. എഴുത്തച്ഛൻ്റെ ശിഷ്യനായ സൂര്യനാരായണന്റെ കൃതിയാകാം ചിന്താരത്നം. ചിന്താരത്നകാരൻ സ്തുതിക്കുന്ന 'കൃഷ്ണൻ' രാമാനുജനായ തുഞ്ചത്താചാര്യൻ തന്നെയാകണം.
ഡോ.പി.കെ.നാരായണപിള്ളയുടെ നിഗമനങ്ങൾക്കു പല ന്യൂനതകളുമുണ്ട്. അവ താഴെപ്പറയാം:
1. എഴുത്തച്ഛനു രാമനെന്ന പേരിൽ ഒരു ജ്യേഷ്ഠസഹോദരനുണ്ടായിരുന്നതായി തെളിവില്ല. (ഇക്കാര്യം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്).
2.ചിന്താരത്നം സൂര്യനാരായണൻ്റെ കൃതിയാണെന്നു പറയാൻ വേണ്ട തെളിവു കളൊന്നും ലഭിച്ചിട്ടില്ല. തുഞ്ചത്താചാര്യന്റെ കൃതിയാണ് ചിന്താരത്നമെന്നതിനും പരമ്പരാഗതമായ വിശ്വാസം മാത്രമേയുള്ളൂ. കേരളീയരുടെ പരമ്പരാഗതമായ വിശ്വാസത്തെ നിഷേധിച്ച് പകരം ചിന്താരത്നത്തിന്റെ കർത്തൃത്വം സൂര്യനാരായണനിൽ അർപ്പിക്കുന്നതിനു വ്യക്തമായ തെളിവുകൾ വേണ്ടിയിരിക്കുന്നു.
3. ചിന്താരത്നത്തിൽ ശ്രീകൃഷ്‌ണഭഗവാനോടൊപ്പം ശ്രീക്യഷ്‌ണാചാര്യനെക്കൂടി സ്‌മരി ച്ചിട്ടുണ്ടാവാമെന്നത് മഹാകവി ഉള്ളൂരിന്റെ അഭ്യൂഹം മാത്രമാണ്. അതിൽ ഉറച്ച വിശ്വാസം അദ്ദേഹത്തിനില്ല. പ്രകടമായി നോക്കിയാൽ കൃഷ്‌ണൻ എന്ന ഗുരുവിനെക്കൂടി കവി സ്‌മരിച്ചിട്ടുണ്ടെന്നു തീർത്തുപറയാനാവില്ല.
4. രാമാനുജനെന്നതിനു കൃഷ്‌ണൻ എന്നർഥമെടുക്കുന്ന രീതി കേരളീയർക്ക് പരിചിതമല്ല. പുരാണേതിഹാസങ്ങളിൽ പ്രധാനമായും മൂന്നു രാമന്മാരുണ്ട്: ഭാർഗവരാമൻ, ശ്രീരാമൻ (രഘുരാമൻ), ബലരാമൻ. രാമാനുജനെന്നതിലെ 'രാമൻ' ബലരാമനാകുന്നതിനെക്കാൾ സാധ്യത കൂടുതൽ ശ്രീരാമ നാകുന്നതിലാണ്. രാമാനുജൻ എന്നതിന് ലക്ഷ്‌മണനും ഭരതശത്രുഘ്നന്മാരും ഒരുപോലെ അവകാശികളാണ്.
സൂര്യനാരായണനെഴുത്തച്ഛനാണ് ചിന്താരത്നത്തിന്റെ കർത്താവെന്നു വ്യക്തമായി തെളിയിക്കാത്തിടത്തോളം ഡോ. പി. കെ. നാരായണ പിള്ളയുടെ വാദം അപ്രസക്തമായിത്തീരുന്നു. മഹാകവി ഉള്ളൂരിൻ്റെ ചില അഭ്യൂഹങ്ങളിലും നിഗമനങ്ങളിലും ബുദ്ധിയും ഗവേഷണപാഠവവുംകൂടി ചാലിച്ചെടുത്തു പൊലിപ്പിച്ചുകാട്ടിയതാണ് ഡോ. പി.കെ.യുടെ വാദം.
എഴുത്തച്ഛന്റെ യഥാർഥനാമം രാമാനുജനെന്നു വാദിക്കുന്നവരും ഇല്ലാതില്ല. മഹാകവി ഉള്ളൂർ ഇക്കാര്യം കാര്യകാരണ സഹിതം നിഷേധിച്ചിട്ടുണ്ട്. രാമാനുജൻ എന്ന പേർ കേരളീയർക്കു പരിചിതമായ ഒന്നല്ല. പരദേശീയർ മാത്രം ഉപയോഗിക്കുന്നതാണെന്നും പറയാം. ഇന്നും ഈ പേർ മലയാളികൾക്കു സാധാരണമല്ല. എന്നാൽ എഴുത്തച്ഛനെ രാമാനുജനെന്നു കേരളീയർ വിളിച്ചുവരുന്നത് ഇന്നോ ഇന്നലെയോ അല്ല. കൊല്ലവർഷം ആയിരത്തി പതിനെട്ടാമാണ്ട് മംഗലാപുരത്തുനിന്നു പ്രസിദ്ധപ്പെടുത്തിയ ‘കേരളനാടകമെന്ന ‘കേരളോത്‌പത്തിഗ്രന്ഥത്തിൽ “ഇവയൊക്കെയും കലിയുഗത്തിൽ അല്‌പ ബുദ്ധികളായിരിക്കുന്ന മാനുഷർക്കു വഴിപോലെ ഗ്രഹിപ്പാൻ തക്കവണ്ണം തുഞ്ചത്തു രാമാനുജൻ ചൊന്ന കേരളനാടകം" എന്നു കാണുന്നുണ്ട്. അതിനാൽ ഈ പേരിന് നൂറ്റൻപതുവർഷത്തിലധികം പഴക്കമുണ്ടെന്നു പറയണം. തുഞ്ചത്തെഴുത്തച്ഛന് രാമാനുജനെന്ന പേർ പിൽക്കാലത്തു കേരളീയർ സമ്മാനിച്ചതാണെന്നും അദ്ദേഹത്തിന്റെ രക്ഷിതാക്കൾ നൽകിയതല്ലെന്നും ഗവേഷകന്മാർ ചൂണ്ടിക്കാട്ടുന്നു. രാമന്റെ അനുജനെന്നോ രാമാനുജൻ്റെ ശിഷ്യനെന്നോ ഉള്ള അർഥത്തിലല്ല എഴുത്തച്ഛന് രാമാനുജൻ എന്ന പേർ ലഭിച്ചതെന്ന അഭിപ്രായങ്ങളെ യുക്തിപൂർവം ഖണ്ഡിച്ച ശേഷം ഉള്ളൂർ മറ്റൊരഭിപ്രായം ഉന്നയിച്ചിട്ടുണ്ട്. എഴുത്തച്ഛൻ വാർദ്ധക്യാരംഭത്തിൽ സന്ന്യാസം സ്വീകരിച്ചുവെന്നും, ആ സന്ദർഭത്തിൽ അദ്ദേഹം 'രാമാനന്ദൻ' എന്ന പേർ സ്വീകരിച്ചുവെന്നും, അത് ഉച്ചാരണവൈകല്യത്താൽ രൂപഭേദം വന്ന് രാമാനുജനായി മാറിയെന്നും അദ്ദേഹം കരുതുന്നു. എഴുത്തച്ഛൻ സന്ന്യാസാശ്രമകാലത്ത് രാമാനന്ദനെന്ന നാമം ഉപയോഗിച്ചിരുന്നുവെന്നു പറയാൻ വേണ്ട വ്യക്തമായ തെളിവുകൾ ലഭ്യമല്ല. ഭാരതം, ഭാഗവതം എന്നീ കിളിപ്പാട്ടുകളുടെ ചില താളിയോലപ്പകർപ്പുകളിൽ കാണുന്ന "തുഞ്ചത്തു സ്വാമിയാർ' എന്ന പരാമർശം മാത്രമാണ് എഴുത്തച്ഛൻ സന്ന്യാസം സ്വീകരിച്ചുവെന്നു പറയുന്നതിന് അവലംബം. ഗുരുവര്യൻ എന്ന അർഥത്തിലും സ്വാമികൾ എന്നു പ്രയോഗിക്കാറുണ്ട്.
എഴുത്തച്ഛനെ രാമാനന്ദസ്വാമികൾ എന്നു വിശേഷിപ്പിക്കുന്ന ഒരു രേഖയും നമുക്കു ലഭിച്ചിട്ടില്ല. ഉള്ളൂരിൻ്റെ അഭിപ്രായത്തിൽ മറ്റു ചില ന്യൂനതകളും കണ്ടെത്താവുന്നതാണ്. രാമാനന്ദൻ എന്ന പേർ ഉച്ചാരണത്തിലൂടെ രൂപഭേദം വന്ന് രാമാനുജനാകാൻ തരമില്ല. ശബ്ദശാസ്ത്രനിയമങ്ങൾക്കു പോലും അംഗികരിക്കാനാവാത്ത ഒന്നാണ് മഹാകവിയുടെ സിദ്ധാന്തം. രാമാനന്ദൻ എന്ന പേർ എങ്ങനെയെല്ലാം രൂപഭേദം പ്രാപിച്ചാലും രാമാനുജനാകുന്നതിനു യുക്തി യില്ല. ഉള്ളൂരിൻ്റെ അഭിപ്രായത്തിൽ ബുദ്ധി കൂടുതലും യുക്തി കുറവുമാണ്.
കിഴക്കൻ ചിറ്റൂരിൽ രാമാനന്ദപുരം എന്നുകൂടിപ്പേരുള്ള രാമാനന്ദാഗ്രഹാരം പണിയിച്ചത് സൂര്യനാരായണനെഴുത്തച്ഛനാണ്. അതിനോടനുബന്ധിച്ച് ഒരു ശ്രീരാമക്ഷേത്രമുള്ളതിനാലാണ് അവിടം രാമാനന്ദപുരമായത്. തമിഴ് ബ്രാഹ്മണരെ സൂര്യനാരായണൻ അവിടെ കുടിവച്ചു. തമിഴ്ബ്രാഹ്മണർ വസിക്കുന്ന സ്ഥലം അഗ്രഹാരമെന്നാണ് അറിയപ്പെടുന്നത്. രാമക്ഷേത്രത്തിനു ചുറ്റുമുള്ള ഗ്രാമം രാമാനന്ദാഗ്രഹാരമായി മാറി. സൂര്യനാരായണൻ പാർപ്പിച്ച ബ്രാഹ്മണരുടെ പിന്മുറക്കാർ ഇപ്പോഴും ചിറ്റൂർമഠത്തിനു ചുറ്റുമുണ്ട്.
എഴുത്തച്ഛന്റെ യഥാർഥ നാമധേയം നീലകണ്ഠനെന്ന് ഒരു വാദമുണ്ട്. എന്നാൽ രാമനിലും രാമാനുജനിലും മറ്റും ചുറ്റിക്കറങ്ങിയപ്പോൾ ഈ വാദത്തിനു വലിയ പ്രചാരം ലഭിക്കാതെപോയി. നീലകണ്ഠനെന്നാണ് എഴുത്തച്ഛന്റെ പേരെന്ന് ആദ്യകാലത്തുതന്നെ ചിലർ വാദം ഉന്നയിച്ചിരുന്നു. കൽത്തറ ജാനകിക്കുട്ടി ലക്ഷ്മീഭായ് മാസികയിൽ 'എഴുത്തച്ഛന്റെ തിരുനാമം' എന്ന പേരിൽ ഒരു ലേഖനം എഴുതി പ്രസിദ്ധപ്പെടുത്തി. പ്രസ്തുത ലേഖനത്തിൽ ആചാര്യൻ്റെ നാമധേയം നീലകണ്ഠനാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എഴുത്തച്ഛൻ നീലകണ്ഠനാമാവാണെന്ന് ഒരു വിശ്വാസവും അക്കാലത്തു നിലവിലിരുന്നു. പരമ്പരാഗതമായ വിശ്വാസവും ബാഹ്യമായ അറിവുകളുമല്ലാതെ വ്യക്തമായ തെളിവുകൾ ഉപലബ്‌ധമായിട്ടില്ലാത്തതിനാൽ നീലകണ്ഠവാദം ആദ്യകാലത്തുതന്നെ മങ്ങിപ്പോയി. എന്നാൽ ഈ അഭിപ്രായം ശരിവയ്ക്കുന്ന ചില തെളിവുകൾ പിൽക്കാലത്തു ലഭിച്ചിട്ടുണ്ട്. എഴുത്തച്ഛൻ്റെ ശിഷ്യനും ചിറ്റൂർ ഗുരുമഠസ്ഥാപകനുമായ സൂര്യനാരായണനാണ് ഹരിനാമകീർത്തനം രചിച്ചതെന്നു വ്യക്തമായ തെളിവുണ്ട്. ഹരിനാമകീർത്തനത്തിന്റെ വളരെപ്പഴകിയ ഒരു താളിയോലഗ്രന്ഥത്തിൽ 'ഇതി ഹരിനാമകീർത്തനം സൂര്യനാരായണകൃതം' എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. സൂര്യനാരായണന്റെ പിന്മുറക്കാർ ഇപ്പോഴുമുണ്ട്; ഹരിനാമകീർത്തനം സൂര്യനാരായണകൃതമാണെന്ന് അവർ പരമ്പരയായി വിശ്വസിച്ചുവരുന്നു. ചിറ്റൂരിലായിരുന്നു സൂര്യനാരായണന്റെ കുടുംബം. അദ്ദേഹത്തിൻ്റെ സമാധിക്കുശേഷം അവർ മംഗലാങ്കുന്ന് എന്ന സ്ഥലത്തേക്കു മാറിപ്പാർത്തു വരുന്നു. ചോഴിയത്തു ഭവനം എന്നാണ് പ്രസ്‌തുത തറവാട് ഇപ്പോഴും അറിയപ്പെടുന്നത്. ജാതിയിൽ തരകന്മാരാണ് ചോഴിയത്തു കുടുംബം. തമിഴ്‌നാട്ടിൽനിന്നു പുരാതനകാലത്തുതന്നെ കേരളത്തിലേക്കു കുടിയേറിപ്പാർത്തവരാണ് തരകന്മാർ. ഇവർ മക്കത്തായികളാണ്. പാലക്കാടു ജില്ലയിൽ ധാരാളമായി കണ്ടുവരുന്നു. ഇപ്പോൾ നായർസമുദായവുമായി കുറെയൊക്കെ ഇഴുകിച്ചേർന്നിട്ടുണ്ട്. ശാക്തേയപൂജാപാരമ്പര്യം പിൻതുടരുന്ന വരാണ് ചോഴിയത്തുകുടുംബം. എഴുത്തച്ഛൻ്റെ മരണശേഷം ദക്ഷിണഭാരത ത്തിലെ പല സ്ഥലങ്ങളിലും സഞ്ചരിച്ച് ഒട്ടേറെ പണ്ഡിതന്മാരുമായി വാഗ്വാദങ്ങളിൽ ഏർപ്പെട്ട് അവരെയെല്ലാം അനായസമായി തോല്‌പിച്ച് സൂര്യനാരായണൻ ധാരാളം ശിഷ്യസമ്പത്തു നേടി. വാർധക്യാരംഭത്തോടെ കേരളത്തിൽ തിരിച്ചെത്തി, ഗുരുവിന്റെ ഭവനത്തിൽച്ചെന്ന് അദ്ദേഹത്തിന്റെ മെതിയടികളും യോഗദണ്ഡും ദേവീമാഹാത്മ്യം, രാമായണം, ഭാരതം, ഭാഗവതം മുതലായ ഗ്രന്ഥങ്ങളും വാങ്ങി ചിറ്റൂരിലെത്തി, ചമ്പത്തിൽ മന്നാടിയാരിൽ നിന്നു സ്ഥലം വാങ്ങി ഗുരുമഠവും ക്ഷേത്രങ്ങളും അഗ്രഹാരവും സ്ഥാപിച്ചു. ആധ്യാത്മികചിന്തയിലും വേദാന്താദിവിഷയങ്ങളിലും അഗ്രഗണ്യനായ സൂര്യനാരായണൻ ഗുരുവായ തുഞ്ചത്താചാര്യൻ ജീവിച്ചിരുന്ന കാലത്തുതന്നെ ഹരിനാമകീർത്തനം രചിച്ചു. ഗുരുവിനെക്കൊണ്ട് ഗ്രന്ഥം പരിശോധിപ്പിക്കുന്നുണ്ട് ശിഷ്യൻ.
“കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ
വിരവൊടു പാർത്തു പിഴ വഴിപോലെ തീർത്തരുൾക” 2
എന്ന ഭാഗം കാണുക.
ഹരിനാമകീർത്തനം എഴുത്തച്ഛൻ്റെ ശിഷ്യനായ സൂര്യനാരായണനല്ല; എഴുത്തച്ഛൻ തന്നെ രചിച്ചതാണെന്നു പറയാനാണ് കേരളീയർക്കു താത്പര്യം. ഭക്തിയും ദാർശനികചിന്തയും ഒത്തിണങ്ങിയ ഈ കീർത്തനകാവ്യത്തിൻ്റെ കർത്തൃത്വം അനേകം എഴുത്തച്ഛന്മാരുള്ളതിൽ കൂടുതൽ പ്രസിദ്ധനായ തുഞ്ചത്തെഴുത്തച്ഛനിൽ ആരോപിക്കാനാണ് സാധാരണ മലയാളിസമൂഹവും ഒട്ടുമിക്ക പണ്ഡിതന്മാരും ശ്രമിച്ചത്. എന്നാൽ കാവ്യശൈലി സൂക്ഷ്മമായി പരിശോധിക്കുന്ന ഒരാൾക്ക് അത് എഴുത്തച്ഛനിൽനിന്നു ഭിന്നനായ ഒരു കവിയുടെ രചനയാണെന്നു പറയാൻ സാധിക്കും. മഹാകവി ഉള്ളൂർ ഈ 'ഭിന്നവ്യക്തിത്വം' സൂക്ഷ്‌മമായി കണ്ടുപിടിച്ചിട്ടുണ്ട്. ഡോ. എം. ലീലാവതിയും ഇക്കാര്യം തുറന്നുപറഞ്ഞു. ഭക്തനും ദാർശനികനും കലാകാരനും ഒന്നിച്ചിണങ്ങിനിൽക്കുന്നതാണ് എഴുത്തച്ഛൻ കവിത. എന്നാൽ ഹരിനാമകീർത്തനത്തിൽ കലാകാരത്വം വളരെ ചോർന്നുപോയിരിക്കുന്നു. ഗുരുവിൽനിന്നു ശിഷ്യനിലേക്കും ശിഷ്യനിൽനിന്നു ഗുരുവിലേക്കും കർത്തൃത്വം മാറിമറിഞ്ഞു വരാറുണ്ട്. ഹരിനാമകീർത്തനത്തിൽ കവി 'അൻപേണമെന്മനസി ശ്രീ നീലകണ്ഠഗുരു' എന്നു സ്‌തുതിച്ചിട്ടുണ്ട്. സൂര്യനാരായണൻ സ്തുതിക്കുന്ന നീലകണ്ഠഗുരു എഴുത്തച്ഛൻ തന്നെയാവണം.
രാമൻ, ശങ്കരൻ, നീലകണ്ഠൻ, മാധവൻ, കൃഷ്ണൻ, ഗോവിന്ദൻ, ഗോപാലൻ തുടങ്ങിയ സംസ്കൃതപ്പേരുകൾ ശൂദ്രകവികൾക്ക് മുൻപ് അന്യമായി രുന്നില്ല. കണ്ണശ്ശകവികളെന്നറിയപ്പെടുന്നവർ ശങ്കരമാധവരാമന്മാരാണല്ലോ. രാമ ചരിതകാരൻ ഒരു ശ്രീരാമനായിരുന്നു. ‘തിരുനിഴൽമാല ‘ രചിച്ച ഗോവിന്ദകവി യെയും മറാക്കാവതല്ല. ഹര്യക്ഷമാസസമരോത്സവം കിളിപ്പാട്ടെഴുതിയത് ചെപ്പുകാട് നീലകണ്ഠനാണ്. കരുണാകരനും സൂര്യനാരായണനും ദേവനും ഗോപാലനുമെല്ലാം എഴുത്തച്ഛന്റെ ശിഷ്യപരമ്പരയിൽപ്പെട്ടവരാണല്ലോ. ഇത്തരം പേരുകൾ ബ്രാഹ്മണർക്കു മാത്രമായിരുന്നില്ല മുൻകാലത്തു പതിച്ചു നൽകിയിരുന്നത്. ബ്രാഹ്മണരല്ലാത്ത ബഹുഭൂരിപക്ഷം വരുന്ന പാട്ടുകവികൾക്ക് സംസ്‌കൃതപ്പേരുകൾ ഒരുകാലത്തും അന്യമായിരുന്നില്ല. സംസ്കൃതത്തിലെഴു തിയ പുരാണേതിഹാസങ്ങളെ ദേശീയഭാഷയിൽ പുനരാവിഷ്കരിച്ച അവർക്ക് സംസ്‌കൃതപ്പേരുകൾ സ്വീകരിക്കുന്നതിൽമാത്രം അയിത്തം കല്പിക്കാമോ? തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനടുത്ത് അധ്യാപനവും കാവ്യരചനയും ജീവിത വൃത്തിയായി സ്വീകരിച്ച ഒരു കുടുംബത്തിലെ അംഗത്തിന് ശിവപര്യായമായ നീലകണ്‌ഠനെന്നു പേരിടുന്നതിൽ യുക്തിയുണ്ട്.
എഴുത്തച്ഛന്റെ ദേവീമാഹാത്മ്യം കിളിപ്പാട്ടിന് ഒട്ടേറെ താളിയോലമാതൃകകൾ ലഭിച്ചിട്ടുണ്ട്. അതിലൊന്നിൻ്റെ അവസാനഭാഗത്ത് “തുഞ്ചത്തു ശ്രീനീലകണ്ഠഗുരുപാദവിരചിതം ശ്രീമദ്ദേവീമാഹാത്മ്യം ഭാഷാഗാനം സമാപ്‌തം" എന്നു കാണുന്നു. തിരുവനന്തപുരം ഹസ്‌തലിഖിതഗ്രന്ഥശാലയിൽ സൂക്ഷിച്ചിട്ടുള്ള ദേവീമാഹാത്മ്യത്തിൻ്റെ മറ്റൊരു ആദർശഗ്രന്ഥത്തിൽ “ഇതി ശ്രീ ദേവീമാഹാത്മ്യം അഷ്‌ടാദശാധ്യായഃ ഇദം ശ്രീനീലകണ്ഠസ്യ ദേവീമാഹാത്മ്യ മുത്തമം” എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തേ സൂചിപ്പിച്ച "വന്ദേ സാനന്ദ രൂപം ശ്രീനീലകണ്‌ഠപരമഗുരും" എന്നാരംഭിക്കുന്ന ഗുരുപരമ്പരാശ്ലോകത്തിൽ കരുണാകരൻ, സൂര്യനാരായണൻ, ദേവൻ, പരാപരൻ, ഗോപാലൻ എന്നിവർക്കു മുൻപായി ആദ്യം സ്‌തുതിക്കുന്ന ശ്രീനീലകണ്‌ഠൻ എഴുത്തച്ഛൻ തന്നെയാണ്. അദ്ദേഹത്തെ പരമഗുരുവെന്നു വിശേഷിപ്പിച്ചിട്ടുള്ളതും ശ്രദ്ധിക്കണം. ഇതിൽനിന്നെല്ലാം സൂര്യനാരായണൻ ഹരിനാമകീർത്തനത്തിൽ കീർത്തിക്കുന്ന നീലകണ്ഠൻ അദ്ദേഹത്തിൻ്റെ ഗുരുനാഥനായ തുഞ്ചത്തെഴുത്തച്ഛനാണെന്നും, എഴുത്തച്ഛന്റെ യഥാർഥനാമം നീലകണ്ഠനാണെന്നും വ്യക്തമാവും.
കുറിപ്പുകൾ:
അധ്യാത്മരാമായണം കിളിപ്പാട്ട്, ബാലകാണ്ഡം, പുറം: 11.
ഹരിനാമകീർത്തനം, പുറം: 32.
സഹായഗ്രന്ഥങ്ങൾ:
എഴുത്തച്ഛൻ തുഞ്ചത്ത്, അധ്യാത്മരാമായണം, മാതൃഭൂമി ബുക്സ്, 2021.
എഴുത്തച്ഛൻ തുഞ്ചത്ത്, ദേവീമാഹാത്മ്യം കിളിപ്പാട്ട്, ദേവീ ബുക് സ്റ്റാൾ, കൊടുങ്ങല്ലൂർ, 1990.
പരമേശ്വരയ്യർ ഉള്ളൂർ, കേരളസാഹിത്യചരിത്രം, കേരളസർവകലാശാലാ പ്രസിദ്ധീകരണവിഭാഗം, തിരുവനന്തപുരം,1993.
രാമവർമ്മത്തമ്പുരാൻ (വ്യാഖ്യാ:), ഹരിനാമകീർത്തനം, ദേവീ ബുക് സ്റ്റാൾ, കൊടുങ്ങല്ലൂർ, 1991.
ഡോ. ബി.എസ്. ബിനു,
അസോസിയേറ്റ് പ്രൊഫസർ,
മലയാള വിഭാഗം, മഹാത്മാഗാന്ധി
കോളേജ്, തിരുവനന്തപുരം.





Comments