ഒറ്റനിറമുള്ള പൂക്കളങ്ങൾ
- GCW MALAYALAM
- Sep 14
- 1 min read
Updated: Sep 15
ചെറുകഥ - സലീന സലാവുദീൻ

കുന്നിൻ പ്രദേശമായ ചെറുന്നിയൂർ ഗ്രാമത്തിലെ വീടുകൾക്കൊക്കെ ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഓണം വരുമ്പോൾ അവിടെയുള്ള പറമ്പുകളൊക്കെ പലവർണ്ണത്തിൽ നിറഞ്ഞ പൂക്കളത്താൽ അലങ്കരിക്കപ്പെടും. കാറ്റിൽ വീശി കളിക്കുന്ന പൂക്കൾ ആ ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കും. എന്നാൽ, ആ ഗ്രാമത്തിൽ ഒരേ ഒരു വീട്ടിൽമാത്രം ഒറ്റനിറമുള്ള പൂക്കളങ്ങൾ മാത്രമേ വിരിയാറുള്ളൂ. വല്ലിയമ്മയുടെ വീട്ടിൽ എത്തുമ്പോൾ കുട്ടികൾ കൗതുകത്തോടെ ചോദിക്കും:
“വല്ലിയമ്മേ, നിങ്ങളുടെ പറമ്പിൽ ഒരിക്കലും ചുവപ്പും, നീലയും, ധാരാളം നിറങ്ങളുമുള്ള പൂക്കൾ വരുന്നില്ലല്ലോ? എല്ലായ്പ്പോഴും വെളുത്ത പൂക്കൾ മാത്രമേ കാണൂ!”
വല്ലിയമ്മ പുഞ്ചിരിയോടെ പറയും:
“പൂക്കൾക്ക് അതാണ് ഇഷ്ടം മക്കളേ. അവർക്ക് തോന്നുന്നതു പോലെ വിരിയട്ടെ. അതാണ് അവരുടെ സന്തോഷം.” പക്ഷേ, വല്ലിയമ്മയുടെ കണ്ണുകൾ ആ ചെറിയ ചിരിയിൽ പോലും വേദനയുടെ മങ്ങിയ നിറം മറച്ചു വയ്ക്കുന്നുണ്ടായിരുന്നു.
വർഷങ്ങൾ മുമ്പ് ഒരു രോഗത്താൽ ഭർത്താവ് മരിച്ചുപോയ അവർ ഏക മകൻ രാമുവിനെ കഷ്ടപ്പെട്ട് പഠിപ്പിച്ചു. വിദേശത്ത് ജോലിലഭിച്ച രാമു ആദ്യമൊക്കെ കത്തുകളും ഫോൺ വിളികളും ആയി അമ്മയോടൊപ്പം ഉണ്ടായിരുന്നു. പിന്നെ, അവ എല്ലാം കുറയുകയും, അവസാനം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു.
പതിയെ അമ്മയുടെ മനസ്സ് ശൂന്യമായി.
ആ ശൂന്യതയുടെ നിറം തന്നെയായിരുന്നു പൂക്കളത്തിലും പതിഞ്ഞത്. ഗ്രാമവാസികൾക്ക് അത് മനസ്സിലാകുന്നില്ലായിരുന്നു. അവർക്കു തോന്നിയിരുന്നത്, വല്ലിയമ്മയുടെ പറമ്പിലെ മണ്ണോ വിത്തോ പുഷ്പിക്കാത്തതാണ് കാരണമെന്നായിരുന്നു.
എല്ലാ വർഷവും ഓണം അടുക്കുമ്പോൾ അത്തപ്പൂക്കളത്തിലേക്കു പൂക്കൾ ശേഖരിക്കാൻ കുട്ടികൾ എല്ലാ വീട്ടിലെയും പറമ്പുകളിലേക്ക് ഇറങ്ങി നടക്കും.
“ഈ വർഷവും കണ്ടോ, വല്ലിയമ്മയുടെ വീട്ടിലെ പറമ്പിൽ വീണ്ടും വെറും വെള്ള പൂക്കൾ മാത്രം!”
“അടുത്ത വീട്ടിലെ പൂക്കളത്തിൽ എത്ര മനോഹരമായി നിറങ്ങൾ വിരിഞ്ഞിരിക്കുന്നു.”
വല്ലിയമ്മ കുട്ടികളുടെ സംഭാഷണം കേട്ടുകൊണ്ട്, മൃദുവായി പറഞ്ഞു:
“കുട്ടികളേ, പൂക്കൾക്ക് നിറം നൽകുന്നത് പ്രകൃതിയല്ല… ഹൃദയമാണ്.”
കുട്ടികൾക്ക് അതിന്റെ അർത്ഥം മനസ്സിലായില്ല. അവർ കളിച്ചു ചിരിച്ചു പോയി.
കുറേ നാളുകൾക്ക് ശേഷം
വല്ലിയമ്മ വീടിന്റെ വാതിൽക്കൽ ഒറ്റക്ക് ഇരിക്കുമ്പോൾ, ഒരു കാറ് വീട്ടിന് മുന്നിൽ വന്ന് നിന്നു.
“അമ്മേ…”
ആ ശബ്ദം കേട്ട് വല്ലിയമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു.
“രാമു…!”
വല്ലിയമ്മ പൊട്ടി കരഞ്ഞു. മകൻ നീണ്ട വർഷങ്ങൾക്ക് ശേഷം അമ്മയെ തേടി വന്നിരിക്കുന്നു.
“ക്ഷമിക്കണം അമ്മേ… ജീവിതത്തിന്റെ തിരക്കുകൾ, തെറ്റായ തീരുമാനങ്ങൾ എന്നിവയെല്ലാം കൊണ്ട് ഞാൻ അമ്മയെ വിട്ടുപോയി. ഇനി ഒരിക്കലും അമ്മയെ ഒറ്റപ്പെടുത്തില്ല. തനിച്ചാക്കി പോകില്ല.”
വല്ലിയമ്മയുടെ ഹൃദയം വീണ്ടും നിറഞ്ഞു. സ്നേഹത്തോടെ മകനെ ചേർത്ത് പിടിച്ചു.
അടുത്ത വർഷം ഓണം വന്നപ്പോൾ, ഗ്രാമത്തിലെ കുട്ടികൾ വല്ലിയമ്മയുടെ പറമ്പിലെത്തിയപ്പോൾ അത്ഭുതത്തോടെ നോക്കി നിന്നു.
“അയ്യോ! വല്ലിയമ്മേ, നിങ്ങളുടെ പറമ്പ് നിറയെ പല വർണ്ണങ്ങളിലുള്ള പൂക്കളാണല്ലോ ! എല്ലായിടത്തും ചുവപ്പ്, വെള്ള, മഞ്ഞ, നീല എത്ര നല്ല നിറങ്ങൾ!”
കുട്ടികൾ ആവേശത്തോടെ ഓടിവന്ന് ചോദിച്ചു:
“ഇത്രയും വർഷം ഒറ്റ നിറമുള്ള പൂക്കൾ മാത്രം ആയിരുന്നല്ലോ, ഇപ്പോൾ എങ്ങനെയാ മനോഹരമായ വർണ്ണങ്ങൾ നിറഞ്ഞത്?”
വല്ലിയമ്മ ചിരിച്ചുകൊണ്ട് കാരണം ഞാൻ പറയാം മക്കളേ...
“എന്റെ ഹൃദയത്തിൽ വീണ്ടും നിറങ്ങൾ വിരിഞ്ഞു. എന്റെ മകൻ മടങ്ങി വന്നപ്പോൾ, എന്റെ മനസ്സിൽ നിന്നിരുന്ന ഏകാന്തത അകലുകയായിരുന്നു. മനസ്സിൽ സന്തോഷമുണ്ടെങ്കിൽ, മണ്ണിനും പൂക്കൾക്കും നിറം ഉണ്ടാകും.”
ഗ്രാമവാസികൾക്കും കുട്ടികൾക്കും അതൊരു പുതിയ അറിവായിരുന്നു.
“ഒറ്റ നിറമുള്ള പൂക്കളങ്ങൾ ഒരു ഹൃദയത്തിലെ ഏകാന്തതയുടെ വേദനയാണ്. പൂക്കളത്തിലെ വർണ്ണങ്ങൾ ഒരുമയുടേയും സ്‌നേഹത്തിന്റെയും സംഗമം പറയുന്ന ഭാഷയാണ്.”
സലീന സലാവുദീൻ
സാക്ഷ്യപത്രം
'ഒറ്റ നിറമുള്ള പൂക്കളങ്ങൾ' എന്ന ചെറുകഥ മറ്റെവിടെയും പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു.
സലീന സലാവുദീൻ
തെങ്കര തൊടിയിൽ വീട്
അഴൂർ പോസ്റ്റ്
തിരുവനന്തപുരം - 695305
ഫോൺ : 9495923103





Comments