ഓണത്തിന്റെ വരവ് അറിയിച്ച്ദേശിങ്ങനാടിൻ്റെ കരടികളി
- GCW MALAYALAM
- Sep 14
- 3 min read
Updated: Sep 15
ഡോ റോഷ്നി എം.

പ്രബന്ധസംഗ്രഹം:-ഓരോ ജനവിഭാഗത്തിനും അവരുടെ സാംസ്കാരിക സ്വത്വത്തെ തിരിച്ചറിയുന്നതിനും ലോകബോധത്തെയും ജീവിതവീക്ഷണത്തെയും അടയാളപ്പെടുത്തുന്നതിനും പ്രത്യേകം അവതരണങ്ങളും പാട്ടുകളും ഉണ്ടായിരുന്നു. മിക്ക നാടൻ കലകളും ഇന്ന് മൺമറഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. ഒരു നാട് അവരുടെ തനത് കലാരൂപമായ ‘കരടികളി’യെതിരിച്ചറിയുകയും അതിനെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ദേശിങ്ങനാടിന്റെ സ്വന്തം കലയായ കരടികളിയുടെ ചരിത്രത്തെ അന്വേഷിക്കുകയാണ് ഈ ലേഖനം. ഒപ്പം നാടൻപാട്ടിന്റെ സവിശേഷതകളെക്കൂടി അന്വേഷിക്കുകയാണ് ഈ പഠനം വഴി ചെയ്യുന്നത്.
താക്കോൽവാക്കുകൾ
ഫോക് ലോർ, കരടികളി, നാടൻകലകൾ, നാടോടിഗീതം.
ആമുഖം
ഒരു സമൂഹത്തിന്റെ സാംസ്കാരികജീവിതത്തിൽആഴത്തിൽ വേഴൂന്നിയതാണ് നാടൻ കലകൾ.ആചാരാനുഷ്‌ഠാനം,ആരാധന എന്നിവയുമായിബന്ധപ്പെട്ടവയാണ്അവയിൽ ഏറെയും.എന്നാൽ അനുഷ്ഠാനപരമോ മതപരമോ ആയ യാതൊരു ബന്ധവുമില്ലാത്ത തികച്ചും കാർഷികബന്ധമുള്ള ഒരു വിനോദകലയാണ്'കരടികളി'.കൊയ്‌ത്തു കഴിഞ്ഞ് നെല്ല് ശേഖരിച്ചു ഗ്രാമീണ ജനതയെ ഉണർത്തിയിരുത്താൻ ആളുകൾ കരടി വേഷം ധരിച്ച് ചിങ്ങമാസത്തിൽ വീടുകളിൽ നിന്ന് വീടുകളിലേക്ക് സഞ്ചരിച്ചു.അങ്ങനെയാണ് കരടികളിയുടെ ഉത്ഭവം എന്ന് വേണം കരുതാൻ ഇത്"ജന്മി-കുടിയാൻ വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് ഓണക്കാലത്ത് ആരുടേയും വീട്ടിൽ കടന്നു ചെല്ലുന്നതിനു വേണ്ടി രൂപപ്പെടുത്തിയതാണ് കരടികളി എന്നൊരു അഭിപ്രായവും നിലവിലുണ്ട്".കൊല്ലം,കായംകുളം,തേവലക്കര തുടങ്ങിയ സ്ഥലങ്ങളിൽ ഓണക്കാലത്താണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്.കരടിയും വേട്ടക്കാരനുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. കരടിപ്പാട്ടുകാരും താളക്കാരനും അടങ്ങുന്ന സംഘം കരടിയെയും വേട്ടക്കാരനെയും അനുഗമിക്കുന്നു.
അവതരണം
ശരീരമാസകലം കരിപുരട്ടി വലിയ കൊമ്പൻ മീശയും തലയിൽ കവുങ്ങിന്റെ പാള ചുരുട്ടിയ തൊപ്പിയും അരയിൽ കാട്ടു വള്ളിയുടെ ഇലകളും വെച്ചുകെട്ടി പ്രത്യേക വേഷക്കാരനായ വേട്ടക്കാരൻ കരടിയെ പിടിക്കുന്നതിനായി എത്തുന്നു.രണ്ടോ അതിലധികമോ കരടികളും വേട്ടക്കാരനും ആണ് സംഘത്തിൽ ഉണ്ടാവുക. പിന്നെ പാട്ട് പാടുന്നവരും കൈത്താളം അടിക്കുന്നവരും തെങ്ങോലയുടെ മടലും ഈർക്കിലും ചീന്തിക്കളഞ്ഞ് ചെറിയ നാരുകൾ ആക്കി കീറി കഴുത്തിലും അരയിലും വളച്ചുകെട്ടിയ വേഷമാണ് കരടിക്ക്. ഭാരം കുറഞ്ഞ പാലമരം പോലെയുള്ള തടികളാണ് കരടിത്തലയ്ക്ക് ആദ്യം ഉപയോഗിച്ചിരുന്നത്. ഇന്ന് റബ്ബറിന്റെയും പ്ലാസ്റ്റിക്കിന്റെയും ഒക്കെ കരടിത്തലകളാണ് പൊതുവേ ഉപയോഗിച്ച് കാണുന്നത്.വേട്ടക്കാരനിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ മെനയുകയാണ് കരടിയുടെ ദൗത്യം. അശ്രാന്ത പരിശ്രമം നടത്തി കരടിയെ വേട്ടക്കാരൻ വെടിവെച്ചു കൊല്ലുന്നതോടെ കളി അവസാനിക്കും. മനോഹരമായ വായ്ത്താരിയും താളവും കരടിയുടെയും വേട്ടക്കാരന്റെയുംതാളാത്മകമായ ചുവടുവെപ്പുകളുമാണ് കരടികളിയെ ഏറെ ആകർഷകമാക്കുന്നത്.ഈ കലാരൂപത്തിന് ഏകദേശം അൻപതുവർഷത്തെ പഴക്കമുണ്ട്.
പാട്ടുകൾ -വംശീയ സംഗീതം, വാദ്യോപകരണങ്ങൾ
കരടികളിയുടെ പാട്ടിനെ മറ്റ് നാടൻപാട്ടുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ പ്രമേയത്തിൽ നാട്ടുവിശേഷങ്ങൾ കടന്നു വരുന്നു എന്നതാണ്. സമകാല വാർത്താവിശേഷങ്ങളും ഇതിന്റെ ഭാഗമാകാറുണ്ട്. ശ്രീകൃഷ്ണലീലതുടങ്ങിയ പുരാണകഥകളും ഇതിന്റെ ഭാഗമാകാറുണ്ട്. രാമയണകഥയും ഇതിൽ ഉപയോഗിച്ച് കാണുന്നുണ്ട്.നാടൻ ഉപകരണങ്ങളായ കൈമണി, ഗഞ്ചിറ തുടങ്ങിയവയും കൈത്താളവുമാണ് ഉപയോഗിക്കുന്നത്.
സീതാന്വേഷണം
രാവണമാതുലനാകുന്ന മാരീചൻ
മാനായി വന്നു കളിച്ചിടുമ്പോൾ
മാനെ പഠിക്കുവാൻ രാമൻ പുറപ്പെട്ടു
മാനെ ലഭിയ്ക്കാഞ്ഞങ്ങെയ്തു കൊന്നു.
ലങ്കയ്ക്ക് അധിപതി ആയുള്ള രാവണൻ
കാനന മദ്ധ്യത്തിൽ ചെന്നൊരിയ്ക്കൽ
ശ്രീരാമ പത്നിയാം ജാനകിയേ പണ്ട്
അലർത്തേരിലേറ്റിക്കടന്നു പോയി
ജഡായുവിന്റെ കഥയും ഈ പാട്ടിൽ പരാമർശിക്കുന്നുണ്ട്.നാടൻ ഉപകരണങ്ങളായ കൈമണി, ഗഞ്ചിറ തുടങ്ങിയവയും കൈത്താളവും ഉപയോഗിച്ചു കൊണ്ടുള്ള മനോഹരമായ വായ്ത്താരിയും താളവും കരടികളുടെ താളാത്മകവുമായ ചുവട് വയ്പ്പുകളും ഈ കലാരൂപത്തെ വേറിട്ടു നിർത്തുന്നു.
ആദ്യകാലത്ത് കരടികളിയുടെ ഗുരുക്കളിൽ ഒരാളായിരുന്നു പാലുവേലി വാദ്യാർ. അദ്ദേഹം ധാരാളം പാട്ടുകൾ രചിച്ചിട്ടുണ്ട്.വായ്‌ത്താരിയിലൂടെ പകർന്ന ആ പാട്ടുകളിൽ ഭൂരിഭാഗവും ഇന്ന് നഷ്ടപ്പെട്ടു കഴിഞ്ഞു. അതിൽ ഒന്ന് രണ്ട് പാട്ടുകൾ ഇപ്പോൾ നിലവിലെ അതിന്റെ ആചാര്യനായി തുടരുന്ന കളങ്ങര കിഴക്കതിൻ രാഘവന്റെ ഓർമ്മകളിൽ ഉണ്ട്. കായംകുളം പ്രദേശത്ത് കോവിലേഴം എന്ന വെടിക്കെട്ടുകാരന്റെ പാട്ട് :
കോവിലേഴം
വിശ്വത്തിലൊക്കെ പ്രസിദ്ധനായുള്ളൊരു
കോവിലേഴം ദഹിച്ചുള്ള വാർത്ത
പാടില്ലിതു കേട്ടീടുക ദോഷം പലതുണ്ട്
കീഴിൽ പറഞ്ഞിടാം കേട്ടു കോൾവിൻ
ആയിരത്തി എഴുത്തി ഒന്നാം കൊല്ലം
അസ്സിയമാസ്സം എട്ടാം ദിനത്തിൽ
തോയത്തിൽമറിഞ്ഞൊരു ഭുവനേശ്വരൻ
ഭാസ്കരൻ പാഴായിത്തീർന്നതും ദോഷമപ്പോൾ
എട്ടുമണി ചെന്നനേരത്തു സേവുകൻ
കത്തിച്ചവിടൊരു ലാത്തിയം
ചട്ടന്നിഹപൊട്ടിത്തെറി വട്ടം ചിതറി
ചെന്നൊരു ചെമ്പിൻ കരിമണിൽ പിടിച്ചു.
താളം
മനോഹരമായ വായ്ത്താരിയും താളവും കരടികളുടെ താളാത്മകവുമായ ചുവട് വയ്പ്പുകളുമാണ് ഈ നാടൻ കലയെ ആകർഷകമാക്കുന്നത്. കരടിപ്പാട്ടിൽ താന്നിന്നെ താനിന്നെ തന്നാന -എന്നിങ്ങനെ നാടൻ പാട്ടിന്റെ താളമാണ് ഇതിൽ ഉപയോഗിക്കുന്നത്. കുമ്മി,അമ്മാനം,കുമ്മിക്കുരുട് എന്നിങ്ങനെ പാട്ടിന് മൂന്ന് ശൈലികളുണ്ട്. പാർത്ഥസാരഥി പോലെ ഇതിഹാസ കഥകൾക്ക് അമ്മാനപാട്ടാണ് പാടുന്നത്.
നാടൻപാട്ടു കവികളുടെ ക്ഷിപ്ര കവിതകളും ഈ സന്ദർഭത്തിൽ പിറവിയെടുക്കും.
"പട്ടി കടിക്കല്ലെ വീട്ടുകാരെ ഞങ്ങൾ
ഓണം കളിക്കുവാൻ വന്നതാണേ
കരടിക്കരപ്പണം ഞങ്ങൾക്കരപ്പണം
അങ്ങനെയൊരു പണം തന്നിടേണം ".
തുടങ്ങിയ നർമ്മ ചിന്തകൾ കരടിപ്പാട്ടിന്റെ പ്രേത്യേകതയാണ്. പാട്ടിന്റെയും കൊട്ടിന്റെയും കളിയുടെയും അവസാനം വെയ്ക്കടാ വെടി, വെയ്ക്കടാ,ലാക്ക് നോക്കി വെയ്ക്കടാ എന്ന നിർദ്ദേശം വരുമ്പോൾ കരടിയെ വേട്ടക്കാരൻ വെടി വെച്ചിടുന്നതോടെ കരടിക്കളി അവസാനിക്കുന്നു.
ചരിത്രസംഭവങ്ങളും ആനുകാലിക വിഷയങ്ങളും കരടികളിപ്പാട്ടിനെ കൂടുതൽ മികവുറ്റതാക്കുന്നു.1990 കളിലെ മലനട ദുരന്തം, സുനാമി ദുരന്തം, പ്രകൃതി ദുരന്തം, പ്ലേഗ്, ഓഖി, കൊറോണ തുടങ്ങിയവയും പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പിന്റെയും വീരപ്പന്റെയും കഥകൾ കരടികളിയിൽ പാടാറുണ്ട്.
പിടികിട്ടാപ്പുള്ളിക്കുറുപ്പ്
1984 ആം മാണ്ടിൽ ആദ്യമാസം അവസാനമയ്യോ
കേരള മർദ്യരെ ഞെട്ടിച്ചു വിറപ്പിച്ച
ഖോരകഥയൊന്നുരച്ചിടാം ഞാൻ
ഓച്ചിറേ വാഴം പരബ്രഹ്മമൂർത്തിയെ
ഓർത്തുകൊണ്ടാനം ഭജിച്ചിടുന്നേ
മാവേലി മന്നന്റെ പേരിൽ ഒരു ദേശം
ഉണ്ടല്ലോ കേരള നാട്ടിലിന്നു
മാവേലിക്കരയെന്നതാണാസ്ഥലത്തിന്റെ
നാമധേയം എന്നു കേട്ടിടേണം.
മാവേലിക്കരയെന്നു ചൊല്ലുന്ന ദേശത്ത്
ചെറിയ നാടെന്നൊന്നു ഗ്രാമമുണ്ട്.
ചെറിയ നാട്ടിൽ ചെറു ചെറിയ തറവാടു്
താനുവേലിൽ തറവാടു കേട്ടോ
താനുവേലിൽ ശിവരാമക്കുറുപ്പിന്റെ
ഓമനസന്താനമായ വീരൻ
സുകുമാരക്കുറുപ്പിന്റെ വീരകഥയൊന്നു
രച്ചിടാം മർദ്ധരേ കേട്ടു കോൾവിൻ
വീട്ടിലും നാട്ടിലും പള്ളിക്കുടത്തിലും
പട്ടാളത്തിൽ ചേർന്ന നാളിലോ ഈ
വീരൻകുറുപ്പിന്റെ പേരെന്തെണറിയാമോ
ഗോപാലകൃഷ്ണക്കുറുപ്പെന്നാണെ.
ഇങ്ങനെ സുകുമാരക്കുറുപ്പിന്റെ കഥ നീളുന്നു.
കരടികളി വീട്ടുമുറ്റത്ത് മാത്രമല്ല നടത്തുന്നത്, പള്ളികളിലും ഈ കരടികളി നടത്തിയിട്ടുണ്ട്.ഓണക്കാലത്താണ് ഇത് നടത്തുന്നത്. കരടികളി നടത്തുന്ന ദിവസങ്ങളിൽ ക്രൈസ്തവരുടെ ഭവനങ്ങളിൽ ഉള്ളവർ അത്തപ്പൂക്കളം ഇടണം. അന്ന് ഭവനങ്ങളിൽ കരടികളിപ്പാട്ടിൽ യേശുദേവന്റെ ചരിത്രം പാടും.
വിശ്വത്തിലൊക്കെ പ്രസിദ്ധനായുള്ളൊരു
ശ്രീയേശുനാഥൻ മഹത് ചരിത്രം
പാടി സ്തുതിക്കുവാൻ പൈതലാം ഞങ്ങൾക്കു
ശക്തി തരേണമേ യേശുനാഥ.
2000 ത്തോളം വർഷങ്ങൾക്കപ്പുറം
ഗബ്രിയിൽ എന്നൊരു ദൈവദൂതൻ
നസ്രേത്തു പട്ടണം ആയികിടക്കുന്ന
ശലീലിയാ ദേശെത്തി പോലും
നാടിന്റെ വീണ്ടെടുപ്പ്
അന്യം നിന്നു പോയ കരടികളിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് കൊല്ലം തേവലക്കര അരിനല്ലൂർ ജവഹർ ലൈബ്രറി കരടികളി സംഘം നടത്തുന്നത്. ഇന്ന് കരടികളി അന്യം നിന്ന് പോകാതെ അടുത്ത തലമുറയിലേക്ക് പകർന്ന് നൽകാനും യുവജനങ്ങളെ പരിശീലിപ്പിക്കാനും ഉള്ള പരിപാടികൾ അവർ നടത്തുന്നുണ്ട്.
ഇന്ന് തേവലക്കരയിലും അരിനല്ലൂരിലും കരടികളി സംഘങ്ങൾ മാത്രമല്ല. കരടികളി മത്സരവും ഉണ്ട്. നിശാഗന്ധി ഓഡിറ്റോറിയത്തിലും മലപ്പുറത്തും ഭാരതപ്പുഴയുടെ തീരത്തുമെല്ലാം ദേശിങ്ങനാടിന്റെ തനതു കല അവതരിപ്പിക്കുന്നുണ്ട്. സ്കൂളുകളിൽ കരടികളി പ്രചരിപ്പിക്കുന്ന സംഘടനകളും രംഗത്തുണ്ട്. കരടികളിയുടെ പാട്ടുകൾ ചിട്ടപ്പെടുത്തുന്നവരിൽ പ്രമുഖൻ തേവലക്കര കളങ്ങര കിഴക്കതിൽ രാഘവനാണ്. അദ്ദേഹം ബന്ധുവായ വലിയ മാടത്തിൽ വിക്രമനിൽ നിന്നാണ് പാട്ടു പഠിച്ചത്. രാഘവന്റെ അച്ഛനും മുത്തച്ഛനും കരടികളിക്കാർ ആയിരുന്നു. രാഘവൻ ഇപ്പോൾ സ്വന്തമായി പാട്ടെഴുതി ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നു. കേരളതീരത്ത് കപ്പൽ തകർന്നതും വിമാനദുരന്തവും ഇത്തവണ പാട്ടായി മാറി. ഒട്ടേറെപുരസ്‌കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഫോക് ലോർ അക്കാദമിയുടെ സഹായങ്ങളും ഈ കലാകാരൻമാർക്ക് ലഭിക്കുന്നുണ്ട്.
ഇന്ന് കരടികളി ഓണത്തിന്റെ വരവറിയിച്ച്വീടുകൾതോറും സഞ്ചരിക്കുന്നു. തങ്ങളുടെ നാടിന്റെ തനതായ നാടൻ കലാരൂപത്തെ ജനങ്ങൾ തിരിച്ചറിയുകയും അതിനെ സംരക്ഷിക്കാൻ വേണ്ടി നിരവധി ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു എന്നത് ആശ്വാസകരമായ ഒരു പ്രവർത്തിയാണ്. ഫോക് ലോർ കഴിഞ്ഞ കാലത്തിന്റേതു മാത്രമല്ല അതൊരു തുടർച്ച കൂടിയാണ്. സമൂഹത്തിന്റെ ബാഹ്യബോധത്തിൽ പ്രകടമല്ലെങ്കിലും പാരമ്പര്യനിഷ്ഠമായ ആന്തരിക ബോധത്തിൽ അത് നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണ് ആധുനിക നാഗരികതയ്ക്ക് നേർക്കുള്ള ഒരു പ്രതിരോധമെന്ന നിലയിൽ ഇത്തരം വീണ്ടെടുപ്പുകൾ സാധ്യമാകുന്നത്. അന്യമാകപ്പെടുന്ന ഓരോ നാടൻകലയും സംസ്കാരവും നമ്മുടെ വംശീയവും ദേശീയവുമായ പെരുമകളാണ്.
സഹായക ഗ്രന്ഥങ്ങൾ
രാഘവൻ പയ്യനാട് ഡോ: -ഫോക് ലോർ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
വിഷ്ണുനമ്പൂതിരി. എം.വി. ഡോ: -നാടോടിവിജ്ഞാനീയം, ഡി.സിബുക്സ്.
വിഷ്ണുനമ്പൂതിരി.എം.വി ഫോക് ലോർ ചിന്തകൾ, പൂർണ പബ്ലിക്കേഷൻസ്, കോട്ടയം.
വിഷ്ണുനമ്പൂതിരി.എം.വി ഫോക് ലോറും അസംബന്ധകല്പനകളും, ചിന്ത പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
വിഷ്ണുനമ്പൂതിരി.എം.വി നാടൻകലകൾ നാടൻപാട്ടുകൾ, പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്.
ആവേദകൻ
എ. രാഘവൻ-കളങ്ങരവീട് (68) അരിനല്ലൂർ, കൊല്ലം.
ഡോ റോഷ്നി എം
അസിസ്റ്റന്റ് പ്രൊഫസർ,
ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം
ഇ-മെയിൽ:roshnidennis123@gmail.com





Comments