top of page

ഓണശീലുകളിലെ കേരളോദയപരിപ്രേക്ഷ്യം

Updated: Sep 15

ഡോ.സുമ പറപ്പട്ടോളി
ree

പ്രബന്ധ സംഗ്രഹം

        "കേരളോദയം" എന്ന മഹാകാവ്യം ആധുനിക സംസ്കൃതസാഹിത്യത്തിലെ ഒരു  ചരിത്രകൃതിയാണ്. ഡോ. കെ.എൻ. എഴുത്തച്‌ഛൻ എഴുതിയ ഈ കൃതി ഇരുപത്തൊന്നു സർഗങ്ങളിലായി കേരളചരിത്രം വളരെ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു.  ഐതിഹ്യങ്ങൾ, നാടോടിക്കഥകൾ,  ആചാരങ്ങൾ വിശ്വാസങ്ങൾ ,ഉൽസവങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയവ ഉൾക്കൊണ്ട ഈ കാവ്യം, സാഹിത്യ സൗന്ദര്യവും ചരിത്രസത്യവും ഇടചേർന്ന സാഹിത്യസൃഷ്ടിയാണ്. കാവ്യത്തിലെ 'സ്വപ്നമഞ്ജരി', 'സ്മൃതിമഞ്ജരി', 'ഐതിഹ്യമഞ്ജരി', 'ബോധമഞ്ജരി', 'ചരിത്രമഞ്ജരി' എന്നിവയിൽ ഓരോ മഞ്ജരിയിലും ഓരോ ചരിത്രഘട്ടത്തെയും സാംസ്കാരികപരിവർത്തനങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. കൂടാതെ ഓണം, വിഷു, തിരുവാതിര എന്നീ ആഘോഷങ്ങളുടെ ഐതിഹ്യങ്ങളും ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്.

         മലയാളക്കരയ്ക്ക് ആമോദത്തിൻ്റയും സമൃദ്ധിയുടേയും അലയൊലികൾ വാരിവിതറിക്കൊണ്ട് ചിങ്ങമാസത്തിലെ തിരുവോണ നാളിൽ ഓണം ആഘോഷിക്കുന്നു. ലോകത്തെവിടെയുള്ള മലയാളിക്കും ഓണക്കാലം സന്തോഷത്തിൻ്റെയും ആഘോഷത്തിൻ്റെയും നാളുകളാണ് പ്രദാനം ചെയ്യുന്നത്.   ഓണാഘോഷങ്ങളുടെ തുടക്കം ചിങ്ങത്തിലെ അത്തം നാൾ മുതൽ ആരംഭിക്കുന്നു. അത്തം പത്തിന് ഓണമാണ്. അത്തം നാൾ മുതൽ വീടുകളിൽ പൂക്കളം വരച്ചു പൂവിടൽ ആരംഭിക്കുന്നു. തൃപ്പൂണിത്തുറ അത്തച്ചമയം ചരിത്രപരമായി പ്രാധാന്യമുള്ള കേരളത്തിൻ്റെ ഔദ്യോഗിക ഓണാഘോഷത്തിൻ്റെ നാന്ദിയാണ്.അത്തം നാളിൽ ഒരു തരം പൂവിൽ പൂക്കളം തീർത്ത് തിരുവോണനാളിൽ അത് പത്ത് തരം പൂക്കളാൽ പൂക്കളം ഒരുക്കുന്നു. ഉത്രാടത്തിനും തിരുവോണത്തിനുമാണ് മുഖ്യ ആഘോഷങ്ങൾ. മലയാളികളുടെ തിരുവോണസദ്യ ആഗോള പ്രശസ്തമാണ്. എത്ര ദരിദ്രനായ മലാളിയും കാണം വിറ്റ് ഓണം ഉണ്ണണമെന്നാണ് ചൊല്ല്. സമത്വ സുന്ദരമായ കേരളത്തെ വിഭാവനം ചെയ്യുന്ന മഹാബലി തമ്പുരാൻ്റെ ഭരണകാലത്തെ സ്മരിക്കുന്ന ആഘോഷമാണ് ഓണം. മഹാബലി തമ്പുരാൻ തൻ്റെ ഭരണകാലത്തെ സ്മരിക്കാനും ഒരോവർഷവും തിരുവോണനാളിൽ തൻ്റെ പ്രജകളെ കാണാനും കേരളത്തിലെത്തുന്നുവെന്ന സങ്കല്പമാണ് ഓണാഘോഷം. സമ്പന്നതയുടെയും സമത്വത്തിൻ്റെയും സന്തോഷത്തിൻ്റെയും കള്ളവും ചതിയും ഇല്ലാത്ത സ്വപ്നസുന്ദരമായ ഒരു ഭരണകാലം ഓണം നാളിൽ എല്ലാ മലയാളിയും അനുഭവിച്ചും ആഘോഷിച്ചും സ്മരിക്കുന്നു. അത്തരത്തിലുള്ള ഒരു ഓണസ്മരണ കേരളോദയമഹാകാവ്യത്തിലൂടെ വായനക്കാരിൽ എത്തിക്കുക എന്നതാണ് ഈ പ്രബന്ധത്തിൻ്റെ ലക്ഷ്യം.

താക്കോൽ വാക്കുകൾ

        കേരളോദയം,ഡോ. കെ.എൻ. എഴുത്തച്ഛൻ, ചരിത്രമഹാകാവ്യം, സംസ്കൃത മഹാകാവ്യം,ഓണം ഐതിഹ്യം, ,കേരളചരിത്രം.

ആമുഖം

          കേരളോദയം" ഡോ. കെ.എൻ. എഴുത്തച്ഛൻ രചിച്ച, ഭാഷയും ഭാവങ്ങളുമായി ആധുനിക സംസ്‌കൃതസാഹിത്യത്തിൽ സ്വാതന്ത്ര്യാനന്തരകാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ഒരു ചരിത്ര മഹാകാവ്യമാണ്. പുരാണങ്ങളും ഐതിഹ്യങ്ങളും ചരിത്രവും ചേർത്ത് അവതരിപ്പിക്കുന്ന ഈ കൃതിയിൽ കേരളീയസംസ്കാരത്തെ വരച്ചുകാട്ടുന്നു.പരശുരാമൻ്റെ കേരളനിർമ്മാണം മുതൽ ബ്രിട്ടീഷ് ആധിപത്യം, സ്വാതന്ത്ര്യ സമരം, കേരളസംസ്ഥാനരൂപീകരണം വരെ എല്ലാ പ്രധാനഘട്ടങ്ങളും കാവ്യത്തിലൂടെ വിശദീകരിക്കപ്പെടുന്നു. ഇതോടൊപ്പം, കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഓണം, വിഷു, തിരുവാതിര ഉത്സവങ്ങളെയും , ഗ്രാമീണജീവിതമൊക്കെയും കാവ്യസന്ദർഭങ്ങളായി കവി ചേർത്തിരിക്കുന്നു.

ഡോ. കെ.എൻ. എഴുത്തച്ഛൻ

          ഡോ. കെ.എൻ. എഴുത്തച്ഛൻ എന്ന മഹാനായ സാഹിത്യകാരൻ സംസ്കൃതം, മലയാളം ഭാഷകളിൽ പണ്ഡിതനായിരുന്നു. സാഹിത്യത്തിനായി തന്റെ ജീവിതം അർപ്പിച്ച അദ്ദേഹം കവിത, സാഹിത്യ വിമർശനം, ഗവേഷണം തുടങ്ങിയ മേഖലകളിൽ അതുല്യമായ സംഭാവനകൾ നൽകി. 1911 മെയ് 21-ന് മലബാറിലെ മുന്‍വള്ളുവനാട്ടിലെ ചെർപ്പുളശ്ശേരിയിൽ കുഞ്ഞിരിക്കല്‍ കൃഷ്ണൻ എഴുത്തച്ഛൻ്റെയും ലക്ഷ്മി അമ്മയുടേയും മകനായി ജനിച്ചു.1948-ൽ അദ്ദേഹം നാഗ്പൂർ സർവകലാശാലയിൽ നിന്ന് എം.എ. സംസ്കൃതം ഒന്നാം റാങ്കോടെ പാസായി. പിന്നീട് 1953-ൽ മദ്രാസ് സർവകലാശാലയിലെ മലയാളവിഭാഗത്തിൽ ലക്‌ചററായി നിയമിതനായി. 1971-ൽ വിരമിക്കുന്നതുവരെ അതിൽ തുടർന്നു. ഇതിനിടയിൽ അദ്ദേഹം മലയാളത്തിൽ (1962), ഇംഗ്ലീഷിൽ (1964) പി.ജി.യും, മലയാളത്തിൽ പി.എച്ച്.ഡി.യും നേടിയെടുത്തു. മദ്രാസിൽ താമസിച്ചുകൊണ്ട് തമിഴ്, കന്നട, മറാത്തി, മറ്റ് ദ്രാവിഡഭാഷകളിൽ ഗൗരവമായ അറിവ് നേടി. 1972-ൽ കേരള സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിൽ സീനിയർ റിസർച്ച് ഓഫീസറായി സേവനം അനുഷ്ഠിച്ചു. 1973-ൽ ദ്രാവിഡ ലിംഗ്വിസ്റ്റിക്‌സ് അസോസിയേഷനിൽ സീനിയർ ഫെലോയായി, 1974 മുതൽ 1978 വരെ കാലിക്കറ്റ് സർവകലാശാലയിലെ പ്രൊഫസറായും, 1973 മുതൽ  കേരള സാഹിത്യ അക്കാദമിയിൽ ഗവേഷക ഗൈഡായും പ്രവർത്തിച്ചു.

തന്റെ ജീവിതം മുഴുവൻ ഭാഷാ സാഹിത്യഗവേഷണരംഗത്ത് വലിയ സംഭാവനകൾ നൽകിയ അദ്ദേഹം, 1981-ൽ ഇഹലോകവാസം വെടിഞ്ഞു.

കേരളോദയം

        ഇരുപത്തൊന്നു സർഗ്ഗങ്ങളിലായി രണ്ടായിരത്തി അഞ്ഞുറോളം ശ്ളോകങ്ങളടങ്ങിയ, തികച്ചും ആധുനികമെന്നു വിളിക്കാവുന്ന, സംസ്കൃതത്തിലെ ചരിത്രമഹാകാവ്യമാണ് ഡോ. കെ. എൻ. എഴുത്തച്ഛന്റെ കേരളോദയം. 1977-ലാണു് ഈ കൃതി ആദ്യമായി പ്രകാശിപ്പിക്കപ്പെട്ടത്. കാവ്യസൗന്ദര്യവും ചരിത്രസത്യങ്ങളും തികഞ്ഞ ഈ കാവ്യത്തിന്  കേരളീയ സംസ്കൃതകാവ്യങ്ങളിൽ, വിശേഷിച്ചും ചരിത്രകാവ്യങ്ങളിൽ,  ഒരു പ്രത്യേക സ്ഥാനമുണ്ട്.ദേശീയോദ്ഗ്രഥനമെന്ന മഹത്തായ ഒരു ലക്ഷ്യം കൂടി ഈ കാവ്യമെഴുതുമ്പോൾ കവിയുടെ മനസ്സിലുണ്ടായിരുന്നുവെന്നതും പ്രത്യേകതയാണ്.  ഒരു ലതയായി തൻ്റെ കാവ്യത്തെ കവി സങ്കല്പിക്കുന്നു. കവിഭാവനയുടെ അഞ്ചു പൂങ്കുലകൾ അതിൽ വിരിഞ്ഞുനിൽക്കുന്നു. അവയെ യഥാക്രമം 'സ്വപ്നമഞ്ജരി', ' സ്മൃതിമഞ്ജരി', 'ഐതിഹ്യമഞ്ജരി', 'ബോധമഞ്ജരി', 'ചരിത്രമഞ്ജരി' ഇവയാണ് ആ അഞ്ചു പൂങ്കുലകൾ (മഞ്ജരികൾ ).ഈ കാവ്യത്തിൽ തപശ്ശക്തി നേടിയ പരശുരാമനു പശ്ചിമരത്നാകരം സ്നേഹപൂർവം ദാനം ചെയ്ത  ഒരു രത്നമാണു കേരളം.

സ്വപ്നമഞ്ജരി

      കടൽ പിൻവാങ്ങി കേരളക്കര ഉണ്ടായി എന്ന ബോധം ഭാരതീയർക്കു പൊതുവിൽ ഉണ്ട്.ഈ ബോധമാണു പരശുരാമകഥയിലൂടെ പരമ്പരയായി നാം കാത്തുസൂക്ഷിച്ചു പോരുന്നതു്. കേരളചരിത്രത്തിൻ്റെ ഈ കഥയാണ്     'സ്വപ്നമഞ്ജരി' എന്ന പേരിൽ രണ്ടു സർഗങ്ങളിലായി എഴുത്തച്ഛൻ ചിത്രീകരിച്ചിരിക്കുന്നത്. എഴുത്തച്ഛൻ്റെ ഭാവനയിൽ പശ്ചിമരത്നാകരം പരശുരാമനു സമ്മാനിച്ച പെൺകുട്ടിയാണു 'കൈരളി'. ഒരു പിതാവിൻ്റെ പുത്രീവാത്സല്യവും അവരിരുവരുമടങ്ങിയ ഒരു കുടുംബത്തിൻ്റെ ജീവിതവും ചരിത്രവും അലതല്ലുന്ന ഒരു പ്രദേശത്തിന്റെ ചിത്രവുമാണ് സ്വപ്ന മഞ്ജരിയിൽ കാണാൻ സാധിക്കുന്നത്.


സ്മൃതിമഞ്ജരി

       'സ്മൃതിമഞ്ജരി'യിൽ, ഉതിയൻചേരലാതൻ,  നെടുംചേരലാതൻ,ചെങ്കുട്ടുവൻ എന്നിങ്ങനെ പടിഞ്ഞാറേ കടൽത്തീരത്തു വാണ രാജാക്കന്മാരുടെ  യുദ്ധങ്ങളെയും അവരുടെ സ്വഭാവമഹിമയെയും  എഴുത്തച്ഛൻ വിസ്തരിച്ചു വർണിച്ചിട്ടുണ്ടു്. 'സ്മൃതിമഞ്ജരി'യിൽ ചരിത്രത്തെക്കാൾ ചരിത്രത്തിലെ മനുഷ്യർക്കാണു  കവി പ്രാധാന്യം നൽകിയിട്ടുള്ളത്, ചേരരാജ്യത്തിന്റെ അവസാനം വർണിക്കുന്നുമുണ്ട്.

ഐതിഹ്യമഞ്ജരി

      എട്ടുമുതൽ പതിനാല് വരെയുള്ള സർഗ്ഗങ്ങളാണ് ഐതിഹ്യമഞ്ജരി. സാമൂതിരിമാർ പ്രാബല്യം നേടുന്നതുവരെയുള്ള കാലഘട്ടമാണു് ഇതിലെ വിഷയം. ദ്രാവിഡദേശത്തിലെ അന്ധകാരയുഗമെന്നാണ് ഇതിനെ ചരിത്രകാരന്മാർ വിശേഷിപ്പിച്ചിട്ടുള്ളത്. കേരളത്തിലെ ബ്രാഹ്മണാധിനിവേശത്തെ എഴുത്തച്ഛൻ സാമാന്യം വിസ്തരിച്ചു തന്നെ പ്രതിപാദിക്കുന്നുണ്ട്. കേരളത്തിലെ സാംസ്കാരിക സാമൂഹികമാറ്റങ്ങൾക്കു കളമൊരുക്കിയത് ഈ സംഭവമാണ് എന്നതായിരിക്കാം അതിനു കാരണം.ബ്രാഹ്മണാധിനിവേശത്തോടൊപ്പം ജൂതർ, ക്രൈസ്തവർ, മുസ്ളിങ്ങൾ എന്നിവർ കൂടി ഉടലെടുത്തു. അതോടെ കേരളത്തിലെ ഭാഷയും ജീവിതരീതിയും മാറി. അക്കാലത്തെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക പരിവർത്തനങ്ങളുടെ വിവരണം എഴുത്തച്ഛൻ നല്കുന്നുണ്ട്.തുടർന്ന് രണ്ടാം ചേരസാമ്രാജ്യത്തിൻ്റെ കുലശേഖരൻ, ,ചേരമാൻ, സ്ഥാണുരവി, രാമവർമ കുലശേഖരൻ, എന്നീ ചേരരാജാക്കന്മാരുടെ ഭരണവും,ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ശങ്കരാചാര്യരെയും അദ്ദേഹത്തിൻറ വേദാന്തചിന്തകളെയും,കൃതികളെയും  കവി വിശദീകരിക്കുന്നുണ്ട്.

      പത്താം സർഗത്തിലെ മുഖ്യമായ പ്രമേയം, കുലശേഖര ആൾവാർ, ചേരമാൻ പെരുമാൾ, സ്ഥാണുരവി എന്നിവരുടെ ചരിത്രമാണ്. അഞ്ചുവണ്ണം, മണിഗ്രാമം എന്നീ വാണിജ്യസംഘങ്ങളെയും കാന്തളൂർ, വിഴിഞ്ഞം എന്നീ ചേരന്മാരുടെ നാവിക തലസ്ഥാനങ്ങളെയും കുറിച്ചുള്ള വിവരണങ്ങൾ പതിനൊന്നാം സർഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ചേരചോള യുദ്ധം, രാജേന്ദ്ര ചോളൻ്റെ ആക്രമണങ്ങൾ തുടർന്നുണ്ടായ കേരള തലസ്ഥാനമായിരുന്ന മഹോദയപുരത്തിന്റെ വിനാശം എന്നി വയാണു പന്ത്രണ്ടാം സർഗത്തിലെ പ്രതിപാദ്യം.

കേരളചരിത്രത്തിലെ പ്രധാന സംഭവങ്ങളായ രാമവർമകുലശേഖരൻ്റ തലസ്ഥാനം മാറലും സ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള അദ്ദേഹത്തിൻറെ പ്രയത്നങ്ങളും നൂറ്റാണ്ടുയുദ്ധവും അതിന്റെ പരിണാമവും ചോളന്മാരുടെ ഉന്മൂലനാശവും മറ്റും പതിമൂന്നാം സർഗത്തിൽ വിസ്തരിച്ചിരിക്കുന്നു. പതിനാലാം സർഗത്തിൽ കുലോത്തുംഗചോളൻ മൂന്നാമൻ്റെ രാജ്യഭരണം, ഉത്തരേന്ത്യയിൽ നിന്നുള്ള മുസ്ലിങ്ങളുടെ ആഗമനം, മാലിക്‌ കാഫറുടെ നേതൃത്വ ത്തിൽ നടന്ന മധുരാക്രമണവും കൊള്ളയും, സാമൂതിരിമാരുടെ ആവിർഭാവം തുടങ്ങിയവ പ്രതിപാദിച്ചിരിക്കുന്നു.

 

ബോധമഞ്ജരി

      നമ്മുടെ ബോധമണ്ഡലത്തിൽനിന്നു മാഞ്ഞുപോയിട്ടില്ലാത്ത ഒരു കാലഘട്ടത്തെ സൂചിപ്പിച്ചുകൊണ്ടു പേരിട്ടിട്ടുള്ള 'ബോധമഞ്ജരി'യിൽ പതിനഞ്ചാം സർഗത്തിൽ- പോർച്ചുഗീസുകാർ വരുന്നതുവരെയുള്ള സാമൂതിരിമാരുടെ ചരിത്രം പ്രതിപാദിച്ചിരിക്കുന്നു.

പ്രാചീന കേരളത്തിലെ ഭരണരീതി, കേരളീയരുടെ ഉത്സവപ്രിയത, ഉത്സാഹശീലം ഇതേപ്പറ്റിയെല്ലാം മാമാങ്കത്തിന്റെ വർണനയെ മുൻനിർത്തി വിസ്തരിക്കുന്നുണ്ടു്. മദ്ധ്യകാലകേരളീയരുടെ ആചാരാനാചാരങ്ങളും വിശ്വാസങ്ങളും വിശേഷിച്ചും ഗ്രാമീണ ജീവിതത്തിലെ സാധാരണമായ 'വാർത്ത'കളും പ്രവർത്തികളും കവി വിശദീകരിക്കുന്നുണ്ട്.

ചരിത്രമഞ്ജരി

    കേരളത്തിൻ്റെ ആധുനികചരിത്രമാണു പതിനാറ് മുതൽ ഇരുപത്തൊന്ന് വരെയുള്ള സർഗങ്ങളിൽ പ്രതിപാദിക്കുന്നതു്. ഈ പ്രകരണത്തിനും ചരിത്രമഞ്ജരി'യെന്നുതന്നെ ബോധപൂർവം പേരിട്ടിരിക്കുന്നു.  പതിനഞ്ചാം നൂറ്റാണ്ടു മുതല്ക്കുള്ള ചരിത്രത്തിലെ പ്രധാനസംഭവങ്ങളിൽ മിക്കതും ഇവിടെ വർണ്ണിച്ചിട്ടുണ്ടു്. പോർച്ചുഗീസുകാരുടെ വരവും ആദ്യം കേരളത്തിലും പിന്നീട് ഇന്ത്യയിലൊട്ടുക്കും രാഷ്ട്രീയവ്യവസ്ഥിതിയിൽ വരുത്തിയ മാറ്റങ്ങളും പതിനാറാം സർഗത്തിലെ വിഷയമാണ്. കോഴിക്കോട്ടെത്തിയ വാസ്കോഡഗാമയ്ക്കു നാട്ടുകാർ നൽകിയ സ്വീകരണവും സത്കാരവും വളരെ സരസമായി കവി ചിത്രീകരിച്ചിരിക്കുന്നു.

ഡച്ചുകാരുടെ കാലഘട്ടവും തിരുവിതാംകൂറിൽ മാർത്താണ്ഡവർമയുടെ ഭരണവും അഭ്യുദയവുമാണു് പതിനേഴും പതിനെട്ടും സർഗങ്ങളിലെ വിഷയം. 

            ബ്രിട്ടീഷുകാരുടെ ആഗമനം, മുഗൾചക്രവർത്തിമാരുടെ പതനം, ദക്ഷിണേന്ത്യയിൽ ഹൈദരുടെയും ടിപ്പു സുൽത്താൻ്റെയും ആക്രമണങ്ങൾ, സാമൂതിരിവാഴ്ചയുടെ അവസാനം,കേരളത്തിൽനിന്നുള്ള ടിപ്പുവിൻ്റെ തിരിച്ചോട്ടം, മംഗലാപുരം ഉടമ്പടി ഇത്രയും വസ്തുതകൾ പത്തൊമ്പതാം സർഗത്തിൽ സംക്ഷേപിച്ചിരിക്കുന്നു.  രാജാകേശവദാസൻ, വേലുത്തമ്പിദളവ, പഴശ്ശിവീരകേരളവർമ എന്നിവരുടെ സാഹസിക ചരിതം-ഇത്രയുമാണു് ഇരുപതാം സർഗത്തിലെ പ്രമേയം.

ഇന്ത്യാചരിത്രത്തിൻ്റെ ആധുനിക കാലഘട്ടം വർണിച്ചു കൊണ്ട് ആരംഭിക്കുന്ന ഇരുപത്തൊന്നാം സർഗം ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യമുറപ്പിച്ചതും അതിന്റെ  പ്രത്യാഘാതങ്ങളും ബ്രിട്ടീഷുഭരണത്തിന്നെതിരായി ഇന്ത്യയിലുടനീളം ഉയർന്ന പ്രതിഷേധവും സ്വാതന്ത്ര്യസമരപ്രസ്ഥാനവും ലോകമഹായുദ്ധങ്ങളും സ്വാതന്ത്ര്യലബ്ധിയും കേരളസംസ്ഥാനരൂപവൽക്കരണവും ചുരുക്കി വിവരിക്കുന്നു.

           കേരളോദയം ഒരു ചരിത്ര മഹാകാവ്യമായതിനാൽ, ഡോ. കെ.എൻ. എഴുത്തച്ചൻ പല തരത്തിലുള്ള മിത്തുകളേയും കൃതിയിൽ ഉപയോഗിച്ചിരിക്കുന്നു. പുരാണ മിത്തുകൾ (പരശുരാമൻ), മഹാകാവ്യ മിത്തുകൾ (കണ്ണകി, കോവലൻ), നാടോടി കഥകൾ (പറയിപെറ്റ പന്തിരുകുലം, ഒതേനൻ),  ഉത്സവങ്ങൾ,  വിശ്വാസങ്ങൾ, ആചാരങ്ങൾ, അനാചാരങ്ങൾ ജനകീയ ആഘോഷങ്ങൾ എന്നിവ കാവ്യത്തിലുടനീളം പ്രതിഫലിപ്പിച്ചിരിക്കുന്നു. ഇതിലേറ്റവും പ്രധാനപ്പെട്ടത് പരശുരാമകഥയാണ്. കവി തന്റെ കാവ്യം ആരംഭിക്കുന്നത് പരശുരാമകഥ അവതരിപ്പിച്ചുകൊണ്ടാണ്.

 

കേരളോദയത്തിലെ ഓണശീലുകൾ       

അവാതരദഥോദ്ബുദ്ധ ബന്ധൂകമണിദീപകഃ।

ശ്രാവണഃ ശ്രവണോദാര പക്ഷിസ്വരവികസ്വര।। 

                              (കേരളോദയം - 18-46)

സാദരം ഗൃഹമാനീത

കവാടതിലകായിതാ।

അദൃശ്യതായതിപ്രേമമഞ്ജരീ

സസ്യമഞ്ജരീ।।

വർണസ്യഗന്ധസംസർഗോ ഗന്ധസ്യരസസംഗതിഃ।

രസസ്യനാദസംസിദ്ധി

രാഗാദോണമഹോത്സവഃ।।

                              (കേരളോദയം-18-48,51)

യോഷിത്പുരുഷബാലൌഘൈർ

ഭൂഷണാംബരലിപ്സുഭിഃ।

പൂർണഃ സമ്പത്തിഭാരേണ വ്യാചുക്രോശപുരാപണഃ।।

                               (കേരളോദയം-18-54)

കോമരേണ കരന്യസ്ത 'ബീജ' സംവാപശക്തിനാ।

പ്രതിബദ്ധാ കഥഞ്ചിത്സാ ഘോരഗ്രാമമസൂരികാ।।

                           (കേരളോദയം-18-12) 

സമാജുഹാവ നിപുണം സ്ത്രീവേഷേണ തഥാപി സാ।

നിദ്രിതാന്തരുണീംഗേഹേ ദ്വാരഗോമയനീരകേ।।

താലപത്രതുരഗം സമാരുഹൻ ബര്‍ഹപുഷ്പപരിണദ്ധമൂർദ്ധജഃ।

പ്രേതഭൂമിമഗമത്ക്വചിത് ക്വചിത് പ്രേമഭംഗവിവശഃ പുരേ യുവാ।। 

                            (കേരളോദയം-6-64)

യുവഭിർജനതാവർധിമധ്യദ്വീപായിതാങ്കണേ।

അസേവികേലീസമരോ ഹസ്താഹസ്തി ഗദാഗദീ।।

                              (കേരളോദയം-18-65)

കഞ്ജിതേതാലകോദണ്ഡേ വംശസദ്ഗുണരഞ്ജിതേ।

ജാതോ ബാലകരാശ്ലിഷ്ടേ ഘൃഷ്ടേ മംഗളനിസ്വനഃ।।

                            (കേരളോദയം-18-67)

ദ്യൂതകാര കൃതാത്യുച്ചദേവതാഹ്വാനദുർധ്വനിഃ।

മിശ്രിതശ്ചരുഡിംഭാനാം 'പൂര്‍വ' പൂര്‍വമഹാരവൈഃ।।

                              (കേരളോദയം-18-69)

        ഓണം, മലയാളികളുടെ ദേശീയ ഉത്സവം,

ചിങ്ങമാസത്തിലാണ് ആഘോഷിക്കുന്നത്. പ്രകൃതിയെല്ലാം പൂക്കളാൽ നിറഞ്ഞ് പക്ഷികളുടെ മധുരഗാനങ്ങളാൽ ഓണത്തെ സ്വാഗതം ചെയ്യുന്നു. ദീർഘകാലത്തെ വേർപാടിനുശേഷം തിരിച്ചെത്തിയ സുഹൃത്തിനെപ്പോലെ ജനങ്ങൾ ഓണത്തെ വരവേൽക്കുന്നു. ഇത് വിളവെടുപ്പ് ഉത്സവമാണ്. പുത്തൻ വിളവിന്റെ കതിർമണികൾ കതകുകളിൽ അണിയിക്കുന്നു. വിദൂരങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ ഈ അവസരത്തിൽ ഒന്നിക്കുന്നു. സമൃദ്ധരാണ് തങ്ങൾക്കുള്ള ധനസമ്പത്ത് പ്രകടിപ്പിക്കുന്നത്, എന്നാൽ ദരിദ്രർ ഭാവിയിലെ നല്ല ദിവസം പ്രതീക്ഷിച്ച് മുന്നോട്ട് നോക്കുന്നു.

 

        ഓണം ഒരു കാലഘട്ടത്തിൻ്റെ ഉത്സവമാണ്, ഇന്നത്തെ നേട്ടങ്ങൾ, ഇന്നത്തെ ആശ്വാസങ്ങൾ, ഭാവിയിലേക്കുള്ള പ്രതീക്ഷകൾ എന്നിവയെ ഒന്നായി കെട്ടിപ്പടുക്കുന്നു. ഓണത്തിന്റെ വരവ് വർണ്ണത്തിൽ സുഗന്ധം ചേർക്കുന്നു, സുഗന്ധത്തിൽ മധുരം ചേർക്കുന്നു, മധുരത്തിൽ സംഗീതം ചേർക്കുന്നു. ഇതൊരു ആനന്ദത്തിന്റെയും സമൃദ്ധിയുടെയും പ്രകാശമാണ്. ഭൂമിയുടെ അനുഗ്രഹവുവുമാണ് ഓണം.

 

      ഓണത്തിന്റെ പ്രവാസത്തിൽ കുട്ടികൾക്ക് അവരുടെ അമ്മമാരിലൂടെ കുടുംബത്തിലെ ജ്യേഷ്ഠനെ സമീപിച്ച് തങ്ങൾക്കാവശ്യമായ വസ്തുക്കൾ അപേക്ഷിക്കാനുള്ള അനുമതിയുണ്ട്. ഓണക്കാലം സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരുന്നു. പട്ടണത്തിലെ ചന്തകൾ കുട്ടികളെക്കൊണ്ടും മുതിർന്നവരെക്കൊണ്ടും നിറഞ്ഞിരിക്കുന്നു. സമ്പത്തിന്റെയും ധനസമ്പാദനത്തിന്റെയും സൂചകങ്ങളാണ് ആ കച്ചവടസ്ഥലങ്ങൾ. തങ്ങൾക്കിഷ്ടപ്പെട്ട വസ്ത്രങ്ങൾ, ആഭരണങ്ങൾ മുതലായവ വാങ്ങാൻ ഓടുന്നു. കർഷകരുടെ വീടുകൾ, അവരുടെ ഭൃത്യന്മാർ, ഗ്രാമീണശിൽപികൾ, കാർഷിക തൊഴിലാളികൾ തുടങ്ങിയവരുടെ കൃതജ്ഞതയുടെ അടയാളമായ സമ്മാനങ്ങളാൽ നിറഞ്ഞിരിക്കുന്നു.  കാഴ്ചയായി വാഴക്കുലകളും മറ്റും കാണാം.

 

      ഭൂമി  ചെവിയിൽ പുതിയ കമ്മലിട്ടതുപോലെ കാഴ്‌ചയാകുന്നു — മഞ്ഞനിറമുള്ള മുക്കുറ്റിപൂക്കളാലും അതോടൊപ്പം  നീലനിറത്തിലുള്ള ഓണപ്പൂക്കളും തൻ്റെ ഹൃദയത്തിലെ ആനന്ദം വിളിച്ചുപറയുന്നു. തൂമ്പപ്പൂവ് ഓണക്കാലം വന്നുവെന്ന് പ്രഖ്യാപിക്കുന്നു.ചെറിയ കുട്ടികൾ കൊച്ചുടുപ്പ് ധരിച്ച് പൂക്കൾ ശേഖരിക്കാൻ ഒരു കുമ്പിളുമായി കുതിച്ചോടുന്നു. ശേഖരിച്ച പൂക്കൾ വീടിന്റെ മുൻവശത്ത് മനോഹരമായ മുറ്റങ്ങളിൽ അണിയിച്ചിരിക്കുന്നു.

 

 ഓണരാത്രികളിൽ വാനിൽ തെളിഞ്ഞ നിലാവും തിളങ്ങുന്ന നക്ഷത്രങ്ങളുമാണ് കാണുന്നത്. പുലർച്ചെ തന്നെ പാണദമ്പതികൾ വീടുകളിൽ വന്ന് അവരുടെ പാട്ടുകൾ പാടി ആളുകളെ ഉണർത്തുന്നു. മഹാബലി, വിഷ്ണുവിന്റെ അവതാരമായ വാമനൻ അദ്ദേഹത്തെ പാതാളത്തിലേക്ക് താഴ്ത്തിയിട്ടും, ഓരോ വീടുകളിലും തന്റെ അനുചരന്മാരുമായ് വരുന്നു. തൃക്കാക്കരയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വാമനന്റെ പ്രതിമയായ തൃക്കാക്കരയപ്പനെ മണ്ണാൽ നിർമ്മിച്ച് ഓരോ വീട്ടിലും പ്രതിഷ്ഠിക്കുന്നു, പൂക്കളും അലങ്കാരങ്ങളുംകൊണ്ട് അണിയിക്കുന്നു.

 

ഇത് ആത്മീയമായി പ്രാപ്തരായ യുവാക്കളെ "കണ്ണാങ്കളി", "ഓണത്തല്ല്" പോലുള്ള യുദ്ധകലകളിൽ തങ്ങളുടെ കഴിവ് കാട്ടുന്നതിനുള്ള അവസരമാണ്. വൃത്താകൃതിയിൽ ചുറ്റിയിരിക്കുന്ന വലിയ ജനക്കൂട്ടം ഇവ കാണുന്നു. സ്ത്രീകൾ "കൈകൊട്ടിക്കളി" കളിക്കുന്നു. കുട്ടികൾക്ക് തങ്ങളുടെ സ്വന്തം സംഗീതവുമുണ്ട് – അവർ താളത്തിലായി മരത്തടി കൊണ്ടുള്ള വില്ലിലമർത്തിയ മുളനൂലുകളിൽ തട്ടുന്നു. ചില പുരുഷന്മാർ ചൂത്  കളിക്കുന്നു, അവരുടെ ഇഷ്ടദൈവങ്ങളുടെ പേരുകൾ വിളിച്ചു പറയുന്നു. കുട്ടികളുടെ പൂവിളിയുമായി ആകാശം മുഴുവൻ ഉത്സവത്തിമിർപ്പിലാണ്.

 

ഉപസംഹാരം

കേരളോദയം അതിന്റെ കാവ്യാത്മക സൗന്ദര്യവും ചരിത്രപരമായ ആഴവും മൂലം ഒരു അപൂർവകൃതിയായി മാറുന്നു. ഐതിഹ്യങ്ങൾ, ചരിത്രശകലങ്ങൾ, ഉത്സവങ്ങൾ എന്നിവയുടെ സമന്വയത്തിലൂടെ ഈ കാവ്യം, കേരളചരിത്രത്തെ ഒരു ജീവിതചിത്രമായി നമ്മോട് പങ്കുവെക്കുന്നു. കാവ്യസങ്കല്പനയിലൂടെയും, വാച്യപ്രവാഹത്തിലൂടെയും, ഡോ. കെ.എൻ. എഴുത്തചച്ഛൻ കേരളത്തിന്റെ ഒരു സമഗ്രചരിത്രം തുറന്ന് കാണിക്കുന്നു.

ഓണം പോലെയുള്ള ഉത്സവങ്ങളുടെ പശ്ചാത്തലത്തിൽ ഈ കൃതിയുടെ സാമൂഹികവ്യാപ്തി നാം കാണുന്നു. അതിനാൽ തന്നെ "കേരളോദയം" സംസ്കൃതസാഹിത്യത്തിലെ മാത്രമല്ല, കേരളീയസംസ്കാരത്തിൻ്റെയും ചരിത്രത്തിൻ്റെയും ഒരു സമന്വയമാണ്.

 

 

ഗ്രന്ഥസൂചി

1. Ezhuthachan K.N, Keralodayam , Tvm State Institute of Languages 2008

2.  Keralodaya an epic kavya on Kerala History,             Dr. Dharmaraj Edat -Calicut University Sanskrit Series No.18, 2003

3  Essays on Myth Philosophy and History -Dr. Dharmaraj Adat -Kalady 2004

4. Studies in Kerala Sanskrit Literature -Dr. N.V.P. Unithiri -Calicut University Sanskrit Series No. 23, 2004

5. Ezhuthachan K.N, Ente Sahitya Jivitam, Vallathol Sahityavedi, Mavoor, Kozhikkode, 1981

6.Dr. Dharmaraj Adat, Dr. K.N Ezhuthachante Krithikal oru Patanam, Kerala Sahitya Academy, Trissur, 1991

7. Anappaya Sethumadhavan, Dr. K.N Ezhuthachan, Department of Cultural Publication, Govt. of Kerala, Trivandrum, 1999,

8 Lilavathy. M, Amrithamasnuthe- Ezhuthachante Kavyasudha, National Book Stall, Kottayam,


ഡോ.സുമ പറപ്പട്ടോളി

അസോസിയേറ്റ് പ്രൊഫസർ

സംസ്കൃതവിഭാഗം

ചെമ്പൈ മെമ്മോറിയൽ ഗവ.മ്യൂസിക് കോളേജ് പാലക്കാട്                             

 

 

 

 

 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page