ഓർക്കാനൊരോണം,മറക്കാനൊരോണം
- GCW MALAYALAM
- Sep 14
- 1 min read
Updated: Sep 15
സുഗത എസ്.

മറവിതൻ മാറിൽ മയങ്ങി
കിടക്കുന്നോരോണ പഴമതൻ
നല്ലോർമ്മകൾ
പൂരാടനാളിൽ പുത്തൻ ഉടുപ്പിട്ടു
പൂത്തുമ്പിയായി പറന്നകാലം
ഉത്രാടനാളിലണിഞ്ഞോരുടുപ്പിന്റെ
ഉല്ലാസ ലഹരിയിലാണ്ടകാലം
തിരുവോണ സദ്യതൻ
തീരാത്തൊരോർമ്മകൾ
തുരുതുരെ വന്നങ്ങടിഞ്ഞ കാലം
ദശപുഷ്പ സംഘവും
കാനന കുസുമവും, തുമ്പയും
ആമ്പലും മാവേലിയും
ഗോമായ ശുദ്ധിയാൽ
പാവനമായൊരു
ഭവനാങ്കണത്തെ ഒരുക്കിടുമ്പോൾ
നാക്കില വട്ടയിൽ
നിറഞ്ഞൊരാ സ്വാദിന്റെ
സ്മരണകൾ നാവിൽ നിറഞ്ഞകാലം
ചെറു സമൃദ്ധിയിൽ കുംഭയും
ചേതസ്സും, ഭവനവും
ആമോദ തൃപ്തിയാൽ
പരിപാവനമായ നല്ലൊരോണം
എന്നും മനസ്സിൽ ഓർക്കാനൊരോണം
ദശപുഷ്പമറിയാത്ത
കാട്ടുപൂവറിയാത്ത
സദ്യതൻ മാധുരി എന്തെന്നറിയാത്ത
അമ്മതൻ കൈപ്പുണ്യശുദ്ധിയറിയാത്ത
പുത്തൻ യുഗത്തിന്റെ തിരയിലകപ്പെട്ട്
ചഞ്ചലമെൻമനമെരിയുമ്പോൾ
നിലവിളക്കിൻ തിരിനാളത്തിൽ
പുത്തരിതൻ നറുമാധുരിയിൽ
തെളിഞ്ഞു നിൽക്കുന്നൊരാ
തിരിനാള ശോഭയിൽ
താതന്റെ മടിയിലമർന്നിരുന്ന്
അമ്മതൻ അനുഗ്രഹമായ
തുളസിക്കതിർക്കുല നെറുകയിൽ
വീണനേരം, അച്ഛന്റെ സ്നേഹം
പുത്തരി ഉരുളയായ്
തിരുവായിൽ അന്നങ്ങ് ചേർന്നനേരം
നേർത്തൊരു തേങ്ങലായ്
മധുര സ്മരണയായ്
നഷ്ട നിമിഷമായ്
ഓർക്കാനൊരോണം,
കയ്പ്പായ കാലത്തിൻ
കരത്തിലമർന്നിന്ന്
മറക്കാനുമുണ്ടൊരു
പുത്തനോണം
ഓർക്കാനുമുണ്ടൊരു
നല്ലൊരോണം…
സുഗത .എസ്
മലയാളം അധ്യാപിക,
ബെത്ലഹേം കമ്യൂണിറ്റി ഇംഗ്ലീഷ്
മീഡിയം സ്കൂൾ, പേഴുംപാറ, പാലക്കാട്





Comments