കോമാളിരൂപങ്ങളും ഭീകരമുഖങ്ങളും – കണ്ണേറ് എന്ന നാടോടിവിശ്വാസത്തെ ആസ്പദമാക്കിയുള്ള വിശകലനം
- GCW MALAYALAM
- Aug 15
- 8 min read
ഡോ. ഇന്ദുശ്രീ എസ്.ആർ.

സംഗ്രഹം
നാടോടിവിശ്വാസങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഭാഗമാണ് ദൃഷ്ടിദോഷം അഥവാ കണ്ണേറ്. നാടോടിവിശ്വാസങ്ങളിൽ മിക്കതും അസംബന്ധകല്പനകൾ നിറഞ്ഞതും പ്രതീകാത്മകവുമാണ്. നോക്കുകുത്തികൾ, മാക്കാൻ രൂപങ്ങൾ, സൂര്യരൂപങ്ങൾ, ഐബീഡ്സ് തുടങ്ങിയവ കണ്ണേറിനു പരിഹാരമായി കേരളത്തിലുണ്ടാക്കുന്ന നിർമ്മിതികളാണ്. നോക്കുകുത്തിയിൽ വിശ്വാസത്തിനു പുറമേ വിളനാശം വരാതെ സംരക്ഷിക്കുക എന്ന പ്രായോഗികലക്ഷ്യവുമടങ്ങിയിരിക്കുന്നു. വാഹനങ്ങളുടെ പിൻഭാഗങ്ങളിലും (ചിലപ്പോൾ മുൻഭാഗങ്ങളിലും) പുതുഭവനങ്ങളുടെയും കടകളുടെയും മുന്നിലും തൂക്കിയിടുന്ന ഭീകരരൂപങ്ങൾ എന്നിവയെ ദൃഷ്ടിദോഷത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന ലേഖനമാണിത്.
താക്കോൽവാക്കുകൾ
ഫോക് ലോർ, കണ്ണേറ്, അസംബന്ധകല്പന, പ്രതീകാത്മകത, നോക്കുകുത്തി, മാക്കാൻരൂപങ്ങൾ
ജനജീവിതത്തിന്റെ നേർസാക്ഷ്യങ്ങളാണ് നാട്ടറിവുകൾ. പരമ്പരാഗതമായ വിശ്വാസങ്ങൾ, ആചാരങ്ങൾ, ആരാധനകൾ, തൊഴിലുകൾ, ഭക്ഷണരീതി, ദിനചര്യ തുടങ്ങി ഓരോ കാര്യത്തിലും ജനസഞ്ചയം ഒന്നിനൊന്നു വ്യത്യസ്തമാണ്. ഒരേ വിശ്വാസത്തിന്റെ ഭാഗമായാണെങ്കിലും ആചാരങ്ങൾ രൂപപ്പെടുമ്പോൾ പലയിടങ്ങളിലും അവ വിഭിന്നമായിത്തീരുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സാമൂഹികമായ വ്യതിയാനങ്ങളും ഇതിനു കാരണമാകാം. വിശ്വാസം, അന്ധവിശ്വാസം തുടങ്ങിയ വേർതിരിവുകൾ പ്രാകൃതജനവർഗ്ഗങ്ങളിൽ ബാധകമായിരുന്നില്ല. അനുഭവങ്ങളിൽനിന്നു രൂപംകൊണ്ടവയായിരുന്നു അവരുടെ വിശ്വാസങ്ങൾ. നാഗരികസമൂഹങ്ങളിലേക്ക് പരിണമിച്ചപ്പോഴും ആ വിശ്വാസങ്ങളിൽ പലതും സംരക്ഷിക്കപ്പെട്ടു. അവയുടെ ഭാഗമായി ആചാരങ്ങളും ആരാധനകളുമുണ്ടായി. അഭൗമശക്തികളോട് മനുഷ്യനുള്ള മനോഭാവത്തെയാണ് മതം എന്നു വിളിക്കുന്നത് (പുറം 340, ഫോക് ലോർ) എന്ന് രാഘവൻ പയ്യനാട് അഭിപ്രായപ്പെടുന്നു. ഇത്തരത്തിൽ നോക്കുമ്പോൾ നാടോടി വിശ്വാസങ്ങളിൽ മതേതരമെന്നു കരുതാവുന്ന നിമിത്തം, ശകുനം, കണ്ണേറ്, നാവേറ് മുതലായവവും മതവിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം.
കണ്ണേറ്
ചിലരുടെ ദൃഷ്ടി സുന്ദരവസ്തുക്കളിൽ പതിച്ചാൽ അവയ്ക്ക് ദോഷമുണ്ടാകുമെന്നുള്ള വിശ്വാസമാണിത്. കരിങ്കണ്ണ്, ദൃഷ്ടിദോഷം, നോക്കുദോഷം എന്നെല്ലാം ഇതിനു പേരുണ്ട്. ഗൃഹനിർമ്മാണം, കൃഷി, വിളവിലെ സമൃദ്ധി ഇവയിലൊക്കെ കണ്ണേറുമൂലം നാശം സംഭവിക്കുമെന്നു കരുതുന്നു. ഓമനയായ കുഞ്ഞിനെ കരിങ്കണ്ണന്മാർ നോക്കിയാൽ അതിന് അസുഖങ്ങളോ അപകടമോ വരാൻ സാധ്യതയുണ്ടെന്നു കരുതുന്നത് കണ്ണേറിനു ദൃഷ്ടാന്തമാണ്. കന്നുകാലികൾ, വാഹനങ്ങൾ, കുഞ്ഞുങ്ങൾ, വീട്, ആരോഗ്യം (സമൃദ്ധമായ തലമുടി, സുന്ദരമായ കണ്ണ്) എന്നിങ്ങനെ ലക്ഷണമൊത്ത എന്തും ദൃഷ്ടിദോഷത്തിനു പാത്രീഭവിക്കാം. മനുഷ്യർക്കു ദൃഷ്ടിദോഷം ബാധിച്ചാൽ അവർക്ക് ശരീരക്ഷീണം, മടി, ശ്രദ്ധക്കുറവ് തുടങ്ങിയവ വരുമെന്ന് വിശ്വസിക്കുന്നു.
കണ്ണേറ് – ആഗോളതലത്തിൽ
ബി.സികളിൽ തന്നെ ലോകമെമ്പാടും നിലനിന്നിരുന്ന വിശ്വാസമാണ് കണ്ണേറ് എന്ന് കരുതപ്പെടുന്നു. അമാനുഷികമായ ശക്തികൾ നിരപരാധികളായ വസ്തു അല്ലെങ്കിൽ ജീവികളിൽ ചെലുത്തുന്ന ബലം മൂലമാണ് ഇത്തരം ദ്രോഹങ്ങളുണ്ടാകുന്നത് എന്ന വിശ്വാസം എല്ലാവരിലുമുണ്ടായിരുന്നു. പ്ലേറ്റോ, തിയോക്രറ്റസ്, പ്ലൂട്ടാർക്ക് തുടങ്ങിയ ചിന്തകർ ഇതേപ്പറ്റി സംസാരിച്ചിരുന്നു. മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന റൂട്ട എന്ന ചെടി കണ്ണേറിൽനിന്നുള്ള സംരക്ഷണത്തിന് ഉപയോഗിച്ചിരുന്നു. പാത്രങ്ങളിൽ കണ്ണുകൾ വരച്ചു വയ്ക്കുക എന്നത് പല രാജ്യങ്ങളിലും ദൃഷ്ടിദോഷത്തിനുള്ള മുൻകരുതലാ യിരുന്നു. ആഫ്രിക്കയിലെ മന്ത്രവാദികൾക്ക് നോക്കി നോക്കി കൊല്ലാൻപോലും കഴിവുണ്ടായിരുന്നെന്ന് Natural History യിൽ (VII -2) പ്ലിനി രേഖപ്പെടുത്തുന്നതായി വിക്കീപീഡിയ സൂചിപ്പിക്കുന്നു. ലാറ്റിനമേരിക്ക, ദക്ഷിണേഷ്യ, യൂറോപ്പ്, മെഡിറ്ററേനിയൻ പ്രദേശങ്ങൾ, മധ്യേഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ണേറിലുള്ള വിശ്വാസം വ്യാപകമാണ്. കണ്ണിന്റെ രൂപത്തിലുള്ള വസ്തുക്കൾ ഉണ്ടാക്കി വീടുകളിൽ തൂക്കിയിടുന്നത് (അഫ്ഗാനിസ്ഥാൻ, തുർക്കി) ചില രാജ്യങ്ങളിൽ പതിവാണ്. ഇവ കടകളിൽ വിൽക്കുന്നുമുണ്ട്. കണ്ണേറിനെ ഇവ പ്രതിരോധിക്കുമെന്നാണ് വിശ്വാസം. ഐബീഡുകൾ (കൺരൂപങ്ങൾ കൊരുത്ത ചെയിൻ) ഇപ്പോൾ ഇന്ത്യയിലും കാണപ്പെടുന്നു. ഉപയോഗമറിയാതെ അലങ്കാരവസ്തുവായി ഇത് കൈകളിൽ ധരിക്കുന്നവരേയും സമകാലത്തു കാണാം. വിമാനങ്ങളുടെ ചിറകുകളുടെ അറ്റത്തുപോലും (തുർക്കി) ഇത്തരം കൺചിഹ്നങ്ങൾ കാണപ്പെടുന്നു. പേർഷ്യ, നെതർലാന്റ് എന്നീ സ്ഥലങ്ങളിലും ഇത്തരം കൺരൂപങ്ങളുടെ ബീഡുകൾ വിൽക്കുന്നുണ്ട്.
നാടോടിജീവിതക്കൂട്ടായ്മകളെ നിയന്ത്രിക്കുന്ന നാട്ടറിവുകളിൽ പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെടുന്ന വിശ്വാസങ്ങളിൽ പ്രധാനമാണ് കണ്ണേറ്. മനുഷ്യൻ അവൾ/അവൻ ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം യുക്തിപൂർവ്വം ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നു. രോഗങ്ങൾക്കും വസ്തു/ജീവിനാശത്തിനും കാരണം കണ്ടെത്താനുള്ള മനുഷ്യന്റെ വ്യഗ്രതയിൽ നിന്നുടലെടുത്ത ചിന്തയാണ് ദൃഷ്ടിദോഷം. നാടൻവിശ്വാസങ്ങളിൽ പലതും ആധുനികതയുടെ വരവോടെ നാമാവശേഷമായെങ്കിലും കണ്ണേറും നാവേറും സജീവമായി ഗ്രാമങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നു. നാവേറിൽ നാക്കുദോഷം മൂലമാണ് നാശം സംഭവിക്കുന്നത്. ഇതിന്റെ കാരണക്കാരെ കരിനാക്കുള്ളവർ എന്ന് പറയാറുണ്ട്. കണ്ണേറും നാവേറും മതപരമായ വിശ്വാസങ്ങളല്ല. പാശ്ചാത്യരാജ്യങ്ങളിലും ഇന്ത്യയിൽ തന്നെ പല മതവിഭാഗ ക്കാർക്കിടയിലും ഇതു നിലവിലുണ്ട്. കണ്ണേറു തട്ടിയെൻ കൈ മുടന്തി എണ്ണയിട്ടൊന്നിങ്ങുഴിഞ്ഞു തായോ… (ആവണിപ്പാടം, പുറം 443) എന്ന കവിഭാവന കേരളീയസംസ്കാരത്തിലെ ദൃഷ്ടിദോഷവുമായി ബന്ധപ്പെട്ട സാഹിതീയ പ്രതിനിധാനമാണ്. ദൃഷ്ടിദോഷം വരുത്തുന്നവരും പ്രശംസയിലൂടെ നാവുദോഷം വരുത്തുന്നവരും അത് ബോധപൂർവ്വം ചെയ്യുന്നതാകണമെന്നില്ല. പക്ഷേ ഋണാത്മകമായ ഒരു ശക്തി ഇത്തരം വ്യക്തികളിൽ കുടികൊള്ളുന്നതായി ജനത വിശ്വസിക്കുന്നു. കരിങ്കണ്ണന്മാർ, വെടിക്കണ്ണന്മാർ എന്നീ പേരുകളിൽ കണ്ണേറിനു കാരണമാകുന്നവരെ വ്യവഹരിക്കുന്നു.
ശിവനും വിഷ്ണുവിനും കണ്ണേറു മൂലമുള്ള പിണിദോഷം വന്നതായി കഥകളുണ്ട്. ഇവ മാറ്റുന്നത് ചില പ്രത്യേക സമുദായക്കാരാണ്.മഹാദേവന്റെ പിണിദോഷം മാറ്റുന്നത് മലയരും കൃഷ്ണന്റെ പിണിദോഷം മാറ്റുന്നത് വേലന്മാരുമാണ്. സ്വന്തം രൂപം മകളായ ഭദ്രകാളിയുടെ വെള്ളോട്ടുകണ്ണാടിയിൽ നോക്കിക്കണ്ടപ്പോൾ ശിവന് തന്റെ സൗന്ദര്യത്തെക്കുറിച്ച് അതിയായ മതിപ്പുണ്ടായി. തന്നോളം രൂപ ലാവണ്യം ആർക്കുമില്ലെന്ന തോന്നലാണ് ശിവന് പിണിദോഷമുണ്ടാകാൻ കാരണമായത്. കാർവിഷം, കരിവിഷം എന്നീ വ്യാധികൾ ശിവനുണ്ടായതായി എരിപൊരിദോഷം എന്ന കൃതിയിൽ പറയുന്നു വെന്ന് ഡോ. വിഷ്ണുനമ്പൂതിരി എം.വി. പുരാവൃത്തപഠനം എന്ന കൃതിയിൽ (പുറം 74) പ്രസ്താവിക്കുന്നു.
കണ്ണേറ് – പരിഹാരങ്ങൾ
ദൃഷ്ടിദോഷം സംഭവിച്ചതിന്റെ തോതും സ്വഭാവവുമനുസരിച്ച് പലവിധ പരിഹാരങ്ങൾ ജനതയുടെ വിശ്വാസങ്ങളിൽ കാണാം. ദേവന്മാർക്കുണ്ടായ ദൃഷ്ടിദോഷം മാറ്റാൻ മലയർ, വേലർ എന്നീ വിഭാഗത്തിലുള്ളവർക്ക് മാത്രമേ കഴിഞ്ഞുള്ളൂ. മഹാവിഷ്ണുവിന് ബാധിച്ച നാവേറു മാറാൻ പാർവ്വതിയും ശിവനും വേലനും വേലത്തിയുമായി വന്നു എന്ന് വേലസമുദായവുമായി ബന്ധപ്പെട്ട ഉൽപ്പത്തി പുരാവൃത്തത്തിൽ പറയുന്നുണ്ട്. മന്ദരമുയർത്തിയപ്പോഴുണ്ടായ നാവേറാലാണ് വിഷ്ണുവിന് പിണിദോഷം ബാധിച്ചത്.
കടുകോ മുളകോ ഉഴിഞ്ഞിടൽ, അരിയും ഭസ്മവും മന്ത്രിച്ചിടൽ, തിരിയുഴിച്ചിൽ, തോലുഴിച്ചിൽ, കുറ, യന്ത്രങ്ങളും മാന്ത്രികചതുരങ്ങളുമായി നടത്തുന്ന മന്ത്രവാദം തുടങ്ങി പല ചടങ്ങുകളും കണ്ണേറിനു പരിഹാരമായുണ്ട്. ഈശ്വരീയമായ ദൃഷ്ടിദോഷങ്ങളിൽ മന്ത്രവാദപരമായ പരിഹാരങ്ങളാണ് പുരാവൃത്തങ്ങളിൽ പറയുന്നത്. കണ്ണുപെട്ടവരെയിരുത്തി ഉപ്പും മുളകും മൂന്നു തവണ തലയ്ക്കുഴിഞ്ഞ് അടുപ്പിലിടു ന്നതാണ് ഉഴിഞ്ഞിടൽ. ഇത് കണ്ണുവെച്ചയാൾക്കുതന്നെ ദോഷം ചെയ്യുമെന്നു വിശ്വസിക്കുന്നു. ചിലർ ചെറുനാരങ്ങ തലയ്ക്കുഴിഞ്ഞശേഷം ചവുട്ടിപ്പൊട്ടിക്കാറുണ്ട്. കണ്ണേറോ നാവേറോ മൂലമുണ്ടായതെന്നു കരുതുന്ന ഉളുക്ക്, കൈകാലുകളിലെ വേദന തുടങ്ങിയവയ്ക്ക് പരിഹാരമായി ഇരട്ടക്കുട്ടികളിലൊരാളെ ക്കൊണ്ട് തടവിയ്ക്കാറുണ്ട്.
കൊതിപെടുക എന്ന ഇത്തരം ദൃഷ്ടിദോഷത്തിന്റെ ഭാഗമായുള്ള വിശ്വാസമാണ്. വർദ്ധിച്ച ഉത്സാഹത്തോടെ ഏതെങ്കിലും പ്രത്യേക വിഭവം കുഞ്ഞുങ്ങളോ മുതിർന്നവരോ ഭക്ഷിക്കുമ്പോൾ, ചിലർ നോട്ടമയയ്ക്കുന്നു. ഈ നോട്ടം മൂലം ഭക്ഷിക്കുന്നവർക്ക് ദഹനക്കേട്, വയറുവേദന മുതലായവ ഉണ്ടാകുന്നതായുള്ള വിശ്വാസമാണ് കൊതി. കണ്ണേറ്, നാവേറ്, കൊതി ഇവയ്ക്കെല്ലാം പരിഹാരങ്ങളും കൂട്ടായ്മകളിലുണ്ട്. കൊതിക്കു മന്ത്രിക്കൽ എന്ന ചടങ്ങ് കൊതിയേറ്റവർക്കുള്ള ചികിത്സയാണ്. പുളി, ഉപ്പ്, കുരുമുളകുപൊടി ഇവ മന്ത്രിച്ച് കൊതിയേറ്റയാളിനു നൽകുന്നു. കൊതിയുള്ളവർ കാൺകെ വിഭവങ്ങളൊന്നു മെടുക്കാറില്ല.
തികവുള്ള എന്തിനും കണ്ണേറു പറ്റുമെന്ന സങ്കല്പമുള്ളതിനാൽ ആശാരിമാർ, ചിത്രകാരന്മാർ മുതലായവർ പണിത്തരങ്ങളിൽ ചെറിയ കുറവുകൾ വരുത്താറുണ്ട്. ഇതിന് കുറ എന്നു പറയുന്നു. ദൃഷ്ടിദോഷപരിഹാരമായല്ല ഇതുണ്ടാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിൽ പരോക്ഷമായാണ് കുറകൾ ചെയ്യുക. വാഹനങ്ങളിൽ തൂക്കിയിടുന്ന നാരങ്ങയും മുളകും ചേർത്തുകെട്ടിയ രൂപങ്ങൾ, ലോറികളുടെ പിന്നിലും മുന്നിലും തൂക്കിയിടുന്ന വികൃതരൂപങ്ങളുടെ കോലങ്ങൾ, ഭീകരമുഖങ്ങളുടെ വര, കറുത്ത കമ്പിളിച്ചരടിൽ ശംഖുകൾ തൂക്കിയിടൽ മുതലായവ കണ്ണേറിനുള്ള പ്രതിരോധമാർഗ്ഗങ്ങളാണ്. കലാരൂപങ്ങളിലെ കോമാളികൾ, ക്ഷേത്രബിബംങ്ങളുടെ സംരക്ഷകരായ ദ്വാരപാലകർ തുടങ്ങിയവയും ഇതിനു നിദർശനങ്ങളാണ്. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടുഘോഷയാത്രയിൽ മഹാരാജാവിന് കണ്ണേറ് തട്ടാതിരിക്കാനായി ഒരു ആറാട്ടുമുണ്ടൻ നടക്കാറുണ്ടെന്ന കാര്യം എസ്. കൃഷ്ണകുമാർ കേരള ഫോക് ലോർ എന്ന കൃതിയിൽ (പുറം 236) സൂചിപ്പിക്കുന്നുണ്ട്.
കറുത്ത നൂല് ധരിക്കുന്നത് കണ്ണേറകറ്റുമെന്ന് വിശ്വസിക്കുന്നതിനാൽ ദക്ഷിണേന്ത്യയിലെ ഹിന്ദുക്കളും മുസ്ലീങ്ങളും അവ അരയിലും കഴുത്തിലും കൈകളിലും ധരിക്കുന്നു. സ്വർണ്ണം, വെള്ളി ഇവയിൽ തീർത്ത ആഭരണങ്ങളും ഇതോടൊപ്പമണിയുന്നു. കുഞ്ഞുങ്ങളുടെ ഇരുപത്തിയെട്ടുകെട്ടൽ ചടങ്ങിന് കറുത്ത കട്ടിനൂലിൽ അരഞ്ഞാണം ചാർത്തുന്നു. ഒരു വയസ്സാകുമ്പോൾ വെളുത്ത മണികൾ (ആണ്ടാമണി) ചരടിൽ ചേർത്തു കെട്ടാറുണ്ട്. പെൺകുട്ടികളുടെ അരഞ്ഞാണത്തിന്റെ ചുട്ടിയായി (താഴേക്കുള്ള ചങ്ങല) ആലിലപോലുള്ള താലിരൂപവും ആൺകുട്ടികളുടെ അരഞ്ഞാണത്തിൽ സിലിണ്ടർ ആകൃതിയിൽ താഴേക്ക് വന്ന് ഒരു ബിന്ദുവിലവസാനിക്കുന്ന രീതിയിലുള്ള രൂപവും കാണാറുണ്ട്. അലങ്കാരങ്ങൾക്ക് പുറമേ കണ്ണേറ് തട്ടാതിരിക്കാനുള്ള മാർഗ്ഗങ്ങൾ കൂടിയാണിതെന്ന് മനസ്സിലാക്കാം. ആൺ-പെൺ ലൈംഗികാവയവങ്ങളോടുള്ള രൂപസാദൃശ്യം ഈ അലങ്കാരങ്ങൾക്ക് വന്നത് ഒരുക്കങ്ങളുടെ ലിംഗപരതയിലെ മനഃശാസ്ത്രപരമായ ചിന്തകളിലാകാം.
വേപ്പിന്റെ തോൽകൊണ്ട് പിണിദോഷം ബാധിച്ചയാളെ ഉഴിയുന്നതാണ് തോലുഴിച്ചിൽ. മന്ത്രവാദിയെക്കൊണ്ട് വെള്ളം ജപിച്ചു തളിക്കുന്നതിന് വെള്ളമോതൽ എന്നു പറയുന്നു. നാവേറിനോ കണ്ണേറിനോ കാരണക്കാരനായ ആളുടെ കാൽച്ചുവട്ടിലെ മണ്ണ് കലത്തിലെടുത്ത് വറുത്ത് കൈതച്ചെടിയുടെ മുകളിലെറിഞ്ഞാൽ നാവേറു ചൊല്ലിയ നാക്ക് സ്തംഭിക്കും എന്ന് വിശ്വാസമുണ്ട്. നിമിത്തങ്ങളിലുള്ള വിശ്വാസവും ഇതോടനുബന്ധമായി വരുന്നു. യാത്ര തുടങ്ങുമ്പോൾ ഉപ്പും മുളകും ചേർത്തുഴിഞ്ഞ് അടുപ്പിലോ പുരപ്പുറത്തോ ഇടുന്നത് യാത്രയിലെ വിഘ്നമകറ്റാനാണ്. കുഞ്ഞുങ്ങളുടെ കവിളത്തോ നെറ്റിയിലെ മധ്യഭാഗത്തുനിന്നു മാറ്റിയോ പൊട്ടുതൊടുവിക്കുന്നതും കണ്ണേറുദോഷം ഒഴിവാക്കാനാണ്. കറവയുള്ള പശുക്കളുടെ കഴുത്തിൽ ചിരട്ട കോർത്തു കെട്ടുന്നത് (കൊക്കിപ്പനി വരാതിരിക്കുവാനും) കണ്ണേറു തീർക്കുവാനാണ്. ഗർഭിണിപ്പശുക്കളെ വെളിയിലേക്ക് കൊണ്ടുപോകുമ്പോൾ നെറ്റി/വശത്ത് ചുണ്ണാമ്പ് വൃത്തം വരയ്ക്കുന്നതും ദൃഷ്ടിദോഷം വരാതിരിക്കാനാണ്. ശംഖും ചരടും ജപിച്ചു കെട്ടുന്നതും പനയോലയിലെഴുതിയ യന്ത്രങ്ങൾ കഴുത്തിലെ കയറോടൊപ്പം മാലയായി ചേർത്തു കെട്ടുന്നതും വളർത്തുമൃഗങ്ങളുടെ ദൃഷ്ടിദോഷ പരിഹാരങ്ങളിൽപ്പെടുന്നു.
ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും കണ്ണേറ്/നാവേറ് ദോഷങ്ങൾ വളരെ എളുപ്പത്തിൽ വരുമെന്ന് കരുതുന്നു. ഇവർക്കായി പനയോലയിൽ യന്ത്രമെഴുതി ഏലസ്സു ധരിക്കുക, കിടക്കുന്ന സ്ഥലങ്ങളോടടുത്ത് പാല/കള്ളിച്ചെടിയുടെ കമ്പുകൾ വയ്ക്കുക മുതലായ മുൻകരുതലുകൾ എടുക്കാറുണ്ട്. പുതിയ കെട്ടിടം പണിയുമ്പോൾ ഓല, ഷീറ്റ്, പ്ലാസ്റ്റിക് മുതലായവ കൊണ്ട് മറയ്ക്കുന്നത് കണ്ണേറ് തടയാനാണ്. കുമ്പളങ്ങയിൽ മുഖം വരച്ച് തൂക്കിയിടൽ, പനമ്പുകൾ തൂക്കൽ, നോക്കുകുത്തികളുടെ സ്ഥാപനം മുതലായ പ്രതിവിധികൾ പുതിയ വീടുകളുടെ മുൻഭാഗത്ത് ദൃഷ്ടിദോഷപരിഹാരാർത്ഥം കാണാം. കുമ്പളങ്ങ, പാലക്കമ്പ് ഇവ ചീയുന്നതോടൊപ്പം കണ്ണേറ് മാറിപ്പോകുമെന്നാണ് വിശ്വാസം.
കണ്ണേറും അനുഷ്ഠാനങ്ങളും
കണ്ണേർപാട്ട്, കണ്ണേറുമാല ഇവ കണ്ണേറുമായി ബന്ധപ്പെട്ട മാന്ത്രികകർമ്മങ്ങളാണ്. ഉത്തരകേരളത്തിലെ മലയരാണ് ഇത് നടത്തുന്നത്. അണിയറശാസ്ത്രം, എരിപൊരിദോഷം, നിഴൽക്കുത്ത് തുടങ്ങിയ പാട്ടുകളാണ് ഇവയിലുപയോഗിക്കുന്നത്. തോലുഴിഞ്ഞുകൊണ്ട് കണ്ണേർപാട്ട് പാടുമ്പോൾ ചെണ്ടയുടെ മേളവും ഗണപതിനിവേദ്യവും മലയികളുടെ പങ്കാളിത്തവുമുണ്ടാകും. പാലാഴിമഥനത്തിൽ പൊങ്ങിവന്ന കാളകൂടം സ്വീകരിച്ച ശിവന് കാർവിഷം, കരിവിഷം എന്നീ വ്യാധികൾ തോന്നിയപ്പോൾ ദേവന്മാർക്കോ ഋഷികൾക്കോ അതിനു പരിഹാരം ചെയ്യാൻ കഴിഞ്ഞില്ല. ബ്രഹ്മഹ ത്യാപാപം (ബ്രഹ്മാവിന്റെ ശിരസ്സ് നുള്ളിയതിനാൽ) ത്രിപുരദഹനം, കാലഹത്യ തുടങ്ങിയ പാപങ്ങളുടെ വിഷങ്ങളും കാളകൂടവിഷത്തോടൊപ്പം വ്യാധിയായി. ഇവ മൂലം ഹരനുണ്ടായ കണ്ണേറ് മലയന്റെ കണ്ണേറുമാല എന്ന പാട്ടുപാടിയാണ് മാറ്റിയത്. നിരവധി ബലികൾ നൽകിയാണ് മലയർ ശിവന്റെ പിണിദോഷം മാറ്റിയതെന്ന് കരുതുന്നു.
ദൃഷ്ടിദോഷപരിഹാരങ്ങളിലെ രൂപങ്ങൾ
നോക്കുകുത്തികൾ, മാക്കാൻ രൂപങ്ങൾ, സൂര്യരൂപങ്ങൾ എന്നിവയാണ് കുണ്ണേർ രൂപങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നവ. നോക്കുകുത്തികളാണ് ഇവയിൽ സാർവ്വലൗകികമായി കാണ പ്പെടുന്നത്. കൃഷിഭൂമിയിലെ തുറസ്സുകളിൽ മനുഷ്യാകൃതിയിലുണ്ടാക്കി വച്ചിട്ടുള്ള കോലങ്ങളെയാണ് നോക്കുകുത്തി എന്ന പേരിൽ വ്യവഹരിക്കുന്നത്. നോക്കുകുത്തി എന്ന പേരിൽ സൂചിപ്പിക്കുന്നതുപോലെ നോട്ടമാണ് ഇതിന്റെ പ്രധാന കടമ. ഇംഗ്ലീഷിൽ scarecrow എന്ന പേരാണിതിനുള്ളത്. കാക്കയ്ക്കെതിരായ ഇതിന്റെ ഉപയോഗമാണ് ഈ പേരിനു പിന്നിലുള്ളത്.
നോക്കുകുത്തികൾ - ചരിത്രം
നോക്കുകുത്തികൾ എന്നു മുതലാണ് ഉപയോഗത്തിൽ വന്നത് എന്നത് അജ്ഞാതമാണ്. എല്ലാ രാജ്യങ്ങളിലും കൃഷിയുടെ സംരക്ഷണത്തിന് നോക്കുകുത്തികളെ ഉപയോഗിച്ചിരുന്നു. ബി.സി. 2500നടുത്ത് ഗ്രീക്കുകാർ ഡയോനിസസിന്റെയും അഫ്രാഡൈറ്റിന്റെയും മകനായ പ്രിയാപസിന്റെ ഛായയിൽ തടി കൊണ്ടുണ്ടാക്കിയ ഒരു ഭീമനെ മുന്തിരിത്തോട്ടത്തിന്റെ സംരക്ഷണത്തിനായി സ്ഥാപിച്ചതായും അതിനെത്തുടർന്ന് ഇത്തരം രൂപങ്ങൾ റോമിലും യൂറോപ്പിലും തോട്ടങ്ങളുടെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടതായും പറയപ്പെടുന്നു (https://modernfarmer.com Lore Rotenberk.) ജപ്പാനിൽ പഴന്തുണിക്കഷ്ണങ്ങളും മണികളും ധരിച്ച രൂപത്തെ കുരുവികളെ ഓടിക്കാനായി നിർമ്മിക്കുകയും വിളവെടുപ്പിനുശേഷം കത്തിച്ചുകളയുകയും ചെയ്യുമായിരുന്നു. അയർലണ്ടിലെ ജാക്ക്-ഒ-ലാന്റേൺ എന്ന കഥാപാത്രം നാരദരെപോലെ അലഞ്ഞുതിരിയുന്നവനാണ്. മത്തങ്ങയുടെ രൂപത്തിൽ വെളിച്ചം നിറച്ച് ഈ കഥാപാത്രത്തിന്റെ തലയുണ്ടാക്കുന്നു. തുണികളുപയോഗിച്ച് ശരീരവുമുണ്ടാക്കുന്നു. ഇതും നോക്കു കുത്തിയുടെ മാതൃകയാണ്. നൈൽനദിക്കരയിലെ ഗോതമ്പ് വയലുകളുടെ സംരക്ഷണാർത്ഥം ഈജിപ്റ്റുകാർ നോക്കുകുത്തികൾ ഉപയോഗിച്ചിരുന്നു. ക്വയിൽപക്ഷികളെ അകറ്റാൻ വലകൊണ്ട് പൊതിഞ്ഞ തടിഫ്രെയിമുകൾ അവർ ഈ ആവശ്യത്തിനായെടുത്തു. ഇത്തരം ഡമ്മികൾക്ക് പിന്നിലൊളിച്ചിരുന്ന് പക്ഷികളെത്തുമ്പോൾ പേടിപ്പിച്ച് വലയിലാക്കുകയും ചെയ്തിരുന്നു. ബി.സി. 6,7 നൂറ്റാണ്ടുകളിൽ പാലസ്തീനിലെ എബ്രായ പ്രവാചകൻ യഹൂദരുടെ വിഗ്രഹങ്ങളെ പരിഹസിച്ചത് വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തികളോടുപമിച്ചാണ്.
രൂപഘടനയും സ്ഥാനവും
തോട്ടങ്ങളിലും വിശാലമായ പാടങ്ങളിലും ഒറ്റയ്ക്ക് നിൽക്കുന്ന തരത്തിലാണ് നോക്കുകുത്തികളുടെ സ്ഥാനം. ഒരു കൃഷിക്കാരൻ കാലുകവച്ച് നിൽക്കുന്നതുപോലെയോ തോട്ടക്കാരൻ തന്റെ വിളകളെ നിരീക്ഷിക്കുന്നതുപോലെയോ ഉള്ള ശരീരനിലയാണിവയ്ക്കുള്ളത്. തെക്കോട്ടു നോക്കി നിൽക്കുന്ന രീതിയിലോ വഴിയ്ക്കഭിമുഖമായോ ആണ് ഇവ നാട്ടുന്നത്. വൈക്കോൽ, പഴന്തുണി, ചുള്ളിക്കമ്പുകൾ, ഉടഞ്ഞകലം, പുല്ല് തുടങ്ങിയ വസ്തുക്കളുപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ കമ്പുകളും മുഷിഞ്ഞ തുണിയുമുപയോഗിച്ച് ശരീരവും കലമോ ഗോളാകൃതിയിലുള്ള വസ്തുക്കളോ (പന്ത്, കുടം) കൊണ്ട് തലയും സൃഷ്ടിച്ച് ഇവയെ നാട്ടാൻ കഴിയും. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ഇവയ്ക്ക് തലയായി ഉടഞ്ഞ മൺകലങ്ങൾ കമ്പിൽ കമിഴ്ത്തി കണ്ണും മൂക്കും വെളുത്ത ചായത്താൽ വരച്ചുവയ്ക്കുന്നു. ഇത്തരം മുഖങ്ങൾ വരയ്ക്കുമ്പോൾ സൗന്ദര്യത്തെ കണക്കിലെടുക്കുകയേ ഇല്ല. എന്തോ കുഴപ്പമുള്ള ഒരു വ്യക്തിയുടെ മുഖമാകും പലപ്പോഴും വരയ്ക്കുക. ഒരു കാരിക്കേച്ചർപോലെ / കോമാളിയെപ്പോലെ /തുറിച്ചുനോട്ടക്കാരനായിട്ടാണ് നോക്കുകുത്തികളുടെ നിർമ്മാണം.
കൃഷിയുമായി ബന്ധപ്പെട്ട, സംസ്കാരത്തിന്റെ ഒരുൽപ്പന്നമെന്ന നിലയിലാണ് ആഗോള തലത്തിൽ നോക്കുകുത്തികളുടെ പ്രഥമസ്ഥാനമെങ്കിലും കേരളത്തിൽ കണ്ണേറിനുള്ള പ്രതിവിധി എന്ന നിലയിൽ ഏറ്റവും പരിഗണനാർഹമായ ഒരു രൂപമാണിത്. വിളവെടുപ്പ് കാലത്ത് അമേരിക്കയിലെ പോർച്ചുകളിൽ മത്തങ്ങ കൊണ്ടലങ്കരിച്ച നോക്കുകുത്തികളെ വയ്ക്കുമായിരുന്നു (https://symbols and synchronicity.com). ചത്ത പക്ഷികളെ നോക്കുകുത്തികളുടെ കയ്യിൽ തൂക്കിയിട്ട് ഭീകരാവസ്ഥ കൂട്ടുന്ന രീതിയുമുണ്ടാ യിരുന്നു.
നോക്കുകുത്തികളുടെ സ്ഥാനം പലപ്പോഴും അനുഷ്ഠാനാത്മകമായാണ് പല രാജ്യങ്ങളിലും നടന്നിരുന്നത്. കോമാളിരൂപങ്ങളുടെ (mannequin) ഏറ്റവും അപരിഷ്കൃതമായ ഘടന ഇവയുടേതാണ്. ഭൂതകാലത്തിന്റെ അവശിഷ്ടമെന്ന നിലയിലാണ് യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ന് ഇതിന്റെ അവസ്ഥ. മനുഷ്യബലിക്ക് പകരമായിപോലും ഇത്തരം രൂപങ്ങളെ പ്രതീകാത്മകമായി പല സ്ഥലങ്ങളിലും ഉപയോഗിച്ചിരുന്നു. പോളിഷ് വിശ്വാസങ്ങളിൽ പെൺകുട്ടികളുടെ രൂപം ധരിച്ചുവരുന്ന വനപിശാചു ക്കളാണ് നോക്കുകുത്തികളെന്ന് കരുതിയിരുന്നു. യുവാക്കളെ ചതുപ്പുകളിലേക്കും ഉൾനിലങ്ങളിലേക്കും നയിച്ച് അവരെ കൊല്ലാനുള്ള ശക്തി ഇവയ്ക്കുണ്ടായിരുന്നെന്ന് അവർ വിശ്വസിച്ചു. നിർഗുണത്വം, മരവിപ്പ് മുതലായ ഘടകങ്ങളാൽ നോക്കുകുത്തി എന്നത് ഒരു ശൈലിയായി പ്രയോഗിക്കാറുണ്ട്. വിശ്വസ്തത യജമാനന്റെ (വിള സംരക്ഷിക്കുന്നതിനാൽ) ഏകാന്തതയിലെ കൂട്ട് (വിശാലതകളിലുള്ള ഒരേ ഒരു മനുഷ്യരൂപമെന്ന നിലയിൽ) മന്ദത, ഭയം (രൂപസംബന്ധമായ ആവിഷ്കാരത്താൽ) സമൃദ്ധി (ക്ഷാമം, വിശപ്പ് എന്നിവയെ നശിപ്പിക്കുന്നതിനാൽ), വഞ്ചന (പക്ഷികളെ കബളിപ്പിക്കുന്നതിനാൽ) മാർഗ്ഗ നിർദ്ദേശം തുടങ്ങി നിരവധി കാര്യങ്ങളുടെ പ്രതീകമായി നോക്കുകുത്തികളെ വിലയിരുത്താറുണ്ട്. ജപ്പാനിലെ വിദൂരഗ്രാമമായ നഗോറോയിൽ (ഷിക്കോകു ദ്വീപ്) മുപ്പത് ആളേ താമസമുള്ളൂ. അവർ എഴുപതു വയസ്സിന് മുകളിലുള്ളവരാണ്. ആളെ കൂട്ടാൻ അവിടുത്തെ ടൂറിസം പദ്ധതിയുടെ ഭാഗമായി റോഡരികിലും ബസ്സ് സ്റ്റോപ്പുകളിലും നിരവധി നോക്കുകുത്തികളെ നിർമ്മിച്ചു.
കേരളീയ പശ്ചാത്തലത്തിൽ വയലുകൾ, പുതിയ വീടുകൾ, പുതുതായി വാങ്ങിയ ഭൂമി ഇവയോടനുബന്ധമായി നോക്കുകുത്തികളെ നിർമ്മിച്ചുവച്ചിരിക്കുന്നത് കാണാം. ഷർട്ടുകൾക്കുള്ളിൽ പഴയതുണികൾ കയറ്റിവച്ച് ദേഹം നിർമ്മിക്കുകയാണ് ഇപ്പോൾ ചെയ്യാറുള്ളത്. പഴയകാലത്ത് വൈയ്ക്കോൽ ഉള്ളിൽ തിരുകുകയാണ് ചെയ്തിരുന്നത്. പൊട്ടിയ മൺചട്ടി തലയായി കമിഴ്ത്തി ചുണ്ണാമ്പുകൊണ്ട് മുഖത്തെ അവയവങ്ങൾ വരയ്ക്കുന്നു. കണ്ണേറു തടയുക എന്ന ജോലി കൂടി ഇവ വിളസംരക്ഷണത്തോടൊപ്പം നടത്താറുണ്ട്. വീടുകൾക്ക് മുന്നിലുള്ള നോക്കുകുത്തിയുടെ ധർമ്മം ദൃഷ്ടിദോഷം തടയുക എന്നതു മാത്രമാണ്. പാശ്ചാത്യദേശങ്ങളിൽ (USA) അലാറം, പ്രതിഫലനാത്മക കണ്ണാടികൾ, ശബ്ദപ്രസരണികൾ, ഹെൽമറ്റ്, സി.ഡി, തിളക്കമുള്ള റിബണുകൾ, ജി.പി.എസ്. ബന്ധിതമായ റിമോട്ട് കൺട്രോളുകൾ, ലേസർ ഉപകരണങ്ങൾ ഇവയൊക്കെ ഘടിപ്പിച്ച നോക്കുകുത്തികൾ പുരോഗമിക്കുന്നത് വിളസംരക്ഷമത്തിനായുള്ള ഒളിമനുഷ്യൻ എന്ന രീതിയിൽ മാത്രമാണ്. ടച്ച് സ്ക്രീൻ റ്റാബുകൾ ഘടിപ്പിച്ച നോക്കുകുത്തികൾ സ്ഥാപിച്ച് പക്ഷികൾ വരാതെ വിമാനങ്ങൾക്ക് അനുകൂലമായ റൺവേ സൗകര്യംപോലും സമകാലത്ത് സൗകര്യപ്പെടുത്തുന്നു.
മാക്കാൻ രൂപങ്ങളും സൂര്യരൂപങ്ങളും
വീടുകളുടെയും കടകളുടെയും മുന്നിൽ തൂക്കിയിടുന്ന ഭീകരരൂപങ്ങളാണിവ. കാഴ്ചയിൽ പേടിപ്പെടുത്തുന്നതാണ് ഈ രൂപങ്ങളെങ്കിലും രൂപപരമായി ഇവ വലിപ്പം കുറഞ്ഞവയാണ്. മാക്കാൻ എന്ന പേര് തെക്കൻകേരളത്തിൽ ഇവയ്ക്കുള്ള ദേശ്യഭേദമാണ്. കാട്ടുപൂച്ച, എന്നാണ് മാക്കാൻ എന്ന വാക്കിന് അർത്ഥം. വിലക്ഷണമായ രൂപങ്ങളുള്ളത് (ഭയപ്പെടുത്തുന്നത്) എന്നതാണ് ഇവിടെ മാക്കാന്റെ ഭാഷാഭേദപരമായ അർത്ഥം. തുറിച്ചുനിൽക്കുന്ന കണ്ണുകളുള്ളതും കടുംചുവപ്പായ നാക്കുള്ളതും തേറ്റയുള്ളതുമായ കറുത്ത രൂപമാണ് മാക്കാൻ. ക്ഷേത്രങ്ങളോട് ബന്ധപ്പെട്ട ചെറു കച്ചവടകേന്ദ്രങ്ങളിൽ ഇത്തരം രൂപങ്ങൾ ധാരാളമായി വാങ്ങാൻ കിട്ടുന്നു. തമിഴ്നാട്ടിൽനിന്നും എത്തുന്നവയാണ് ഈ രൂപങ്ങൾ. മഞ്ഞനിറത്തിലുള്ള കുണ്ഡലങ്ങളും ചുവന്ന രണ്ട് കൊമ്പുകളും ഇതിനുണ്ടായിരിക്കും. പ്ലാസ്റ്റിക്കോ മറ്റ് അളങ്കുകളോ കൊണ്ട് നിർമ്മിച്ച ഇവ കട്ടിയുള്ള ചരടിൽ കോർത്ത് തൂക്കിയിടുന്നു. രൂപത്തിന് താഴേക്കുള്ള ചരടിൽ മഞ്ഞനൂലുകൾകൊണ്ട് പൊതിഞ്ഞ ഒരു ഗോളവും അതിനും താഴെ മൂർച്ചയുള്ള അരികുകളോടു കൂടിയ ഇടത്തരം ശംഖും ചേർന്നതാണ് മാക്കാൻ രൂപം.
ചെമ്പ് നിറത്തിലുള്ള തകിടിൽ സൂര്യരൂപം ചരടിൽ കോർത്തു കെട്ടുന്നതാണ് സൂര്യരൂപങ്ങൾ. സൂര്യന്റെ രശ്മികൾ വൃത്താകൃതിയിൽ പ്രസരിക്കുന്ന രീതിയിലാണ് തകിടുണ്ടാക്കുക. സൂര്യരൂപത്തിന് ഗോപിക്കുറിയും മീശയും കണ്ണും വായും മൂക്കുമെല്ലാം വരച്ചിട്ടുണ്ടാകും. മാക്കാൻ രൂപത്തിലേതുപോലെ താഴേക്ക് മഞ്ഞനൂലുകളാൽ പൊതിഞ്ഞ ഗോളാകൃതിയിലുള്ള ഒരു ഭാഗവും അതിനും താഴെ ശംഖു ചേർത്ത് കെട്ടിയ അറ്റവും ഇതിലുണ്ടാകും. ഈ രൂപങ്ങളൊക്കെ ദൈവികമാണെന്നും സ്ത്രീകൾ അശുദ്ധിയോടെ ഇവ കെട്ടുന്ന സ്ഥലങ്ങളിൽ പോകരുതെന്നും വിശ്വാസമുണ്ട്. മാക്കാൻ രൂപങ്ങളിൽ മഞ്ഞ, കറുപ്പ്, ചുവത്ത്, വെള്ള എന്നീ നിറങ്ങൾ കാണുമ്പോൾ സൂര്യരൂപം ഇത്തരത്തിൽ നിറപ്പകിട്ട് കൂടുതലുള്ളതല്ല. മാക്കാൻ രൂപങ്ങൾ കാഴ്ചയിൽ ഭീകരങ്ങളാണ്. എന്നാൽ സൂര്യരൂപങ്ങൾ അങ്ങനെയല്ല. മൂർത്തീരൂപങ്ങളെന്നാണ് ഇവയെ ചിലയിടങ്ങളിൽ അറിയപ്പെടുന്നത്. സൂര്യനാരായണയന്ത്രമെന്ന് സൂര്യരൂപങ്ങളിലെ പൂജാവിധിയിൽ ഇവയെ സൂചിപ്പിക്കുന്നു. വീട്, കട മുതലായ സ്ഥലങ്ങളിലെ ശുഭമായ സ്ഥാനത്ത് ഇവ സ്ഥാപിച്ചാൽ ശാന്തിയും സുഖവും ഐശ്വര്യവും പരക്കുമെന്നും ദൃഷ്ടിദോഷങ്ങൾ നശിക്കുമെന്നുമാണ് വിശ്വാസം.
കിംപുരുഷസങ്കല്പത്തെ ഓർമ്മിപ്പിക്കുന്നവയാണ് മാക്കാൻ രൂപങ്ങൾ. ഇന്ത്യൻ ശൈലിയിലുള്ള ദ്വാരപാലകശില്പങ്ങൾ ഭയാനകമായ ആകാരമുള്ളവയാണ്. ഉള്ളിലെ മൂർത്തിയിലേക്ക് ദൃഷ്ടിദോഷമുണ്ടാകാത്ത വിധമുള്ള കല്പനകളാണ് ഇവയെല്ലാമെന്ന് മനസ്സിലാക്കാം. ക്ഷേത്രങ്ങളുടെ മുഖ്യമായ വാതിലിന് മുകളിൽ പണിതു വയ്ക്കുന്ന ഭയാനക രൂപമാണ് കിംപുരുഷൻ. ഈ രൂപം തുറിച്ച കണ്ണുകളും നീട്ടിയ നാവും കൂർത്ത പല്ലുകളും കാട്ടി നിൽക്കുന്നു. അഗ്നീധ്രൻ എന്ന രാജാവിന് പൂർവ്വചിത്തി എന്ന അപ്സര സ്ത്രീയിലുണ്ടായ ഒൻപതു പുത്രന്മാരിലൊരുവനാണ് കിംപുരുഷൻ എന്ന് പുരാതന നിഘണ്ടുവിൽ (പുറം 283) പറയുന്നു.
കണ്ണേറ് – മനഃശാസ്ത്രപരമായ അപഗ്രഥനം
സമൃദ്ധിയുണ്ടാകുമ്പോൾ അത് നിലനിന്നുപോകുമോ എന്ന ആശങ്ക അതോടൊപ്പമുണ്ടാകുന്നു. സൗന്ദര്യവും നന്മയും ഗാംഭീര്യവുമുള്ള വസ്തുക്കളിലും ആരോഗ്യവും അഴകുമുള്ള ശരീരങ്ങളിലും ദൃഷ്ടിദോഷമുണ്ടാകുമെന്ന സങ്കല്പത്തിനാധാരമിതാണ്. സുന്ദരവസ്തുക്കൾ സ്വന്തമാക്കാനുള്ള ആഗ്രഹവും അത് കൈവശം വയ്ക്കുന്നവരോടുള്ള അസൂയയും മനുഷ്യസഹജമാണ്. ഇത്തരം അസൂയകൾ വെളിയിലേക്ക് വരുന്നത് ഉദാത്തീകരിച്ച രൂപത്തിലായിരിക്കും. അതിനാലാണ് അതിന് പ്രശംസയുടെ രീതി കൈവരുന്നത്. കണ്ണുകൾ എന്നും അസൂയയെപ്പറ്റി പറയാറുണ്ട് എന്ന വസ്തുത കാഴ്ച എന്ന അനുഭവവുമായും അത് സൃഷ്ടിക്കുന്ന അർഥവിതാനങ്ങളുമായും ബന്ധപ്പെട്ട് ചിന്തിക്കേണ്ടതാണ്. കണ്ണേറിനുള്ള പരിഹാരങ്ങൾ ലളിതവും ചിലപ്പോൾ സങ്കീർണ്ണവുമാകാറുണ്ട്. ഉഴിഞ്ഞിടുക എന്നത് നിത്യജീവിതപ്രശ്നങ്ങൾക്കുള്ള സരളമായ പരിഹാരമാണ്. നോക്കി മോഹിക്കുന്നവർക്കുള്ള മറുപടിയായി ഇത് ചെയ്യുമ്പോൾ മനഃസമാധാനവും കൂട്ടായ്മകളിൽ ലഭിക്കുന്നുണ്ട്.
നോക്കുകുത്തി എന്ന കോമാളിരൂപവും മാക്കാൻ എന്ന ഭീകരരൂപവും കണ്ണേറിനെ പ്രതിരോധിക്കുന്നതിനായി സൃഷ്ടിക്കുമ്പോൾ അതിനു പിന്നിലെ ലക്ഷ്യങ്ങളിൽ ഫോക് ലോർ രൂപങ്ങളിലെ മനഃശാസ്ത്രബന്ധമാണ് തെളിഞ്ഞുവരുന്നത്. സുന്ദരമായതിനെ നോക്കി കൊതിക്കുന്നതിനെതിരെ വിരൂപമായ രൂപങ്ങൾ നിർമ്മിക്കുന്നത് പ്രതിരോധപരമായ പ്രവർത്തനമാണ്. അസംബന്ധഭാവനകളും പ്രതീകാത്മകചിന്തകളും ഇത്തരം രൂപങ്ങളുടെ നിർമ്മാണത്തിന് ഹേതുവാകുന്നു. കണ്ണുകൾ കാരണമായുണ്ടാകുന്ന ദോഷത്തിന് കണ്ണുകൾക്ക് പ്രാധാന്യമുള്ള രൂപങ്ങളാണ് പരിഹാരമായി സൃഷ്ടിക്കുന്നത്. കള്ളിച്ചെടിയും ചെമ്പകപ്പാലയുടെ കമ്പും അസുന്ദരമായ വസ്തുക്കളായ തിനാലാണ് ഇവ ദൃഷ്ടിദോഷത്തിനെതിരെ പ്രയോഗിക്കുന്നത്. മാക്കാൻരൂപങ്ങളെ കണ്ണുകൾ തുറിച്ചു നിൽക്കുന്ന രീതിയിലാണ് കല്പിച്ചിട്ടുള്ളത്. ശ്രീദേവിക്ക് മുമ്പേ മൂധേവി വരുമെന്നുള്ള സങ്കല്പത്താൽ വിളക്കുകൊളുത്തും മുമ്പ് നെരിപ്പോട് കത്തിക്കുന്ന പാരമ്പര്യവും ഇവിടെയുണ്ടായതും ഇത്തരം ദോഷപരിഹാരത്തിനാണ്. നോക്കുകുത്തിയുടെ കാര്യത്തിലാണെങ്കിൽ കണ്ണുകൾ ആദ്യം നോക്കു കുത്തിയിലേക്ക് വരുമ്പോൾ നിർഗുണമായ ആ രൂപത്തിന് ഒന്നും സംഭവിക്കില്ല എന്ന വിശ്വാസവും (പൊള്ളയായ ഒന്നിലേക്ക് ദുഷ്ടതകളെല്ലാം കേന്ദ്രീകരിച്ച് ഒഴുക്കിക്കളയുക എന്നത്) ജനതയ്ക്കുണ്ടാകുന്നു. കീറിപ്പറിഞ്ഞ വേഷവും കോമാളികളുടേതുപോലെ ഹാസ്യം ജനിപ്പിക്കുന്ന ആകാരവും വയലിലാണെങ്കിൽ കൃഷിപ്പരപ്പിൽ നിന്നുയർന്ന സ്ഥാനവും അതിനെ വേഗത്തിൽ നോട്ടപ്പുള്ളിയാക്കുന്നു.
ഗ്രന്ഥസൂചി
കർത്താ പി.സി., ആചാരാനുഷ്ഠാനകോശം, ഡി.സി. ബുക്സ്, 2003.
കുറുപ്പ് ഒ.എൻ.വി, ഒ.എൻ.വിയുടെ കവിതകൾ ഒരു ബൃഹത്സമാഹാരം, ഡി.സി. ബുക്സ്, കോട്ടയം, ജൂലായ്, 2008.
പള്ളത്ത് ജെ.ജെ. ഡോ., സാംസ്കാരികവിശകലനത്തിന് ഒരു രീതിശാസ്ത്രം, അക്ഷരസംസ്കൃതി, 1998.
മാണിവെട്ടം, പുരാണനിഘണ്ടു (പതിപ്പ് 11), കറന്റ് ബുക്സ്,കോട്ടയം, 1993.
രാഘവൻ പയ്യനാട് ഡോ., ഫോക് ലോർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2019
രാഘവൻ പയ്യനാട് (എഡി.), കേരള ഫോക് ലോർ, സമയം പബ്ലിക്കേഷൻസ്, കണ്ണൂർ, 2012
വിഷ്ണുനമ്പൂതിരി എം.വി., ഫോക് ലോർ നിഘണ്ടു, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2010.
വിഷ്ണുനമ്പൂതിരി എം.വി., പുരാവൃത്തപഠനം, മാതൃഭൂമി ബുക്സ്, 2014
വിഷ്ണുനമ്പൂതിരി എം.വി., ഫോക് ലോറും അസംബന്ധകല്പനകളും, ചിന്ത പബ്ലിഷേഴ്സ്, തിരുവന ന്തപുരം, 2019
വെബ് സ്രോതസ്സുകൾ
ഡോ. ഇന്ദുശ്രീ എസ്.ആർ.
പ്രൊഫസ്സർ,
മലയാളവിഭാഗം,
ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്,
കരുനാഗപ്പള്ളി-690523
E-mail: drindusreesr@gmail.c





Comments