കേരള പുരാവസ്തു വകുപ്പ്: കോട്ടപ്പുറം ഉത്ഖനനം; ചരിത്രം,പുരാവസ്തു ഗവേഷണം.
- GCW MALAYALAM
- Aug 15
- 7 min read
ഡോ. സുമിത.എസ്.എസ്
ഡോ. സുഭാഷ്.എസ്

പ്രബന്ധ സംഗ്രഹം
കേരളത്തിലെ വളരെ പഴക്കമുള്ള സര്‍ക്കാര്‍ വകുപ്പുകളില്‍ ഒന്നാണ് കേരള പുരാവസ്തു വകുപ്പ്. കേരളചരിത്രവും പുരാവസ്തു ഗവേഷണവും ഏകോപിപ്പിച്ച്, കൊണ്ടുപോകുന്നതില്‍ ഈ വകുപ്പ് വലിയ പങ്കു വഹിച്ചുകൊണ്ടിരിക്കുന്നു. പുരാവസ്തു ഉത്ഖനനം, പര്യവേഷണം, സംരക്ഷണം എന്നിങ്ങനെ പലതരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പുരാവസ്തു വകുപ്പ് നടത്തുന്നത്. ഈ വകുപ്പ് നടത്തിയിട്ടുള്ള ഒരു പ്രധാനപ്പെട്ട ഉത്ഖനനമാണ് കോട്ടപ്പുറം ഉദ്ഖനനം. തൃശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ഒരു പുരാവസ്തു മേഖലയാണ് കോട്ടപ്പുറം കോട്ട. 2007ൽ ഈ പ്രദേശത്ത് പുരാവസ്തുവകുപ്പ് ഉത്ഖനനം നടത്തുകയും കേരളചരിത്രവുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ കണ്ടെത്തുകയും ചെയ്തു. കോട്ടയെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ ലേഖനത്തിലുള്ളത്.
താക്കോല്‍ വാക്കുകള്‍
പുരാവസ്തു, കോട്ടപ്പുറം, ഉത്ഖനനം, പര്യവേഷണം, സംരക്ഷണം
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കേരളത്തിലെ അപൂര്‍വ്വം സര്‍ക്കാര്‍ വകുപ്പുകളില്‍ ഒന്നാണ് പുരാവസ്തു വകുപ്പ്. ഐക്യകേരള രൂപീകരണത്തിനും വളരെ മുമ്പുതന്നെ രാജഭരണകാലത്ത് തിരുവിതാംകൂറിലും, കൊച്ചിയിലും പുരാവസ്തുവകുപ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്‍റെ അന്ത്യപാദത്തില്‍ ബ്രിട്ടീഷ് അധീനതയിലായ മലബാറില്‍ പാശ്ചാത്യ ഭരണാധികാരികളുടെ മുന്‍കൈയ്യിലാണ് പുരാവസ്തുപരമായ അന്വേഷണങ്ങള്‍ ആരംഭിച്ചത്. ഇത്തരത്തില്‍ പതിനെട്ട്, പത്തൊന്‍പത് നൂറ്റാണ്ടുകളിലായി തദ്ദേശീയരും, വിദേശീയരും ചേര്‍ന്ന് പുരാവസ്തുശാസ്ത്രമെന്ന അറിവിന്‍റെ പുതിയ മേഖലയെ കേരള ഭൂപ്രദേശത്തിന് പരിചയപ്പെടുത്തി.
19-ാം നൂറ്റാണ്ടിന്‍റെ അവസാന ദശകത്തില്‍ പി.സുന്ദരപിള്ളയുടെ നേതൃത്വത്തില്‍ ആരംഭിച്ച തിരുവിതാംകൂറിലെ പുരാവസ്തു ഗവേഷണവകുപ്പ് ലിഖിതപഠനത്തിനാണ് ഊന്നല്‍ നല്‍കിയത്. തുടര്‍ന്ന് ടി.എ. ഗോപിനാഥറാവു, കെ.വി. സുബ്രമണ്യയ്യര്‍, എ.എസ്. രാമനാഥയ്യര്‍, ആര്‍.വാസുദേവ പൊതുവാള്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ലിഖിത പഠനത്തിന് ഗണനീയമായ സംഭാവനകള്‍ നല്‍കാന്‍ തിരുവിതാംകൂര്‍ പുരാവസ്തുവകുപ്പിന് കഴിഞ്ഞു. കേരള സംസ്ക്കാര-ചരിത്രപഠനത്തിന് മികച്ച മുതല്‍ക്കൂട്ടായ ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസ് എന്ന ഗ്രന്ഥപരമ്പര ഈ പഠനങ്ങളുടെ ഫലമാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തയ്യാറാക്കിയ പുരാവസ്തു സ്മാരകസംരക്ഷണനിയമത്തിന്‍റെ ചുവടുപിടിച്ച് തിരുവിതാംകൂറിലെ സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനായി 1937-ല്‍ തിരുവിതാംകൂര്‍ പുരാവസ്തു സംരക്ഷണ നിയമത്തിന് (The Travancore Ancient Monuments Preservation Act, (Act 1 of 1112 M.E)) തിരുവിതാംകൂര്‍ പുരാവസ്തുഗവേഷണവകുപ്പ് രൂപം നല്‍കി. സംസ്കൃതപണ്ഡിതനായിരുന്ന കെ. രാമപ്പിഷാരടിയുടെ നേതൃത്വത്തിലാരംഭിച്ച കൊച്ചി രാജ്യത്തെ പുരാവസ്തു ഗവേഷണവകുപ്പ് ഫീല്‍ഡ് ആര്‍ക്കിയോളജിയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. നേതൃത്വം പി.അനുജന്‍ അച്ചന്‍ ഏറ്റെടുത്തതോടെ പര്യവേഷണ-ഉത്ഖനന പ്രവര്‍ത്തനങ്ങള്‍ സജീവമായി. ഇയ്യാലില്‍ നിന്ന് റോമന്‍ നാണയങ്ങള്‍ അടങ്ങിയ നിധി കണ്ടെത്തിയതും രണ്ടാം ചേരപ്പെരുമാക്കന്മാരുടെ കേന്ദ്രമായി കരുതുന്ന ചേരമാന്‍പറമ്പില്‍ ശാസ്ത്രീയ ഉത്ഖനനം നടത്തിയതും എടുത്തു പറയേണ്ട പ്രവര്‍ത്തനങ്ങളാണ്. 1935-ല്‍ The Ancient Monument Preservation Regulation IX of 1110 എന്ന പേരില്‍ പുരാവസ്തു സംരക്ഷണനിയമത്തിനും കൊച്ചി പുരാവസ്തുവകുപ്പ് രൂപം നല്‍കി. 1949-ല്‍ കൊച്ചി തിരുവിതാംകൂര്‍ പുരാവസ്തു വകുപ്പുകള്‍ യോജിച്ച് ഒറ്റ വകുപ്പായി മാറി. പി. അനുജന്‍ അച്ചനായിരുന്നു തിരു-കൊച്ചി പുരാവസ്തു വകുപ്പിന്‍റെ അധ്യക്ഷന്‍. 1956-ല്‍ സംസ്ഥാന രൂപീകരണത്തോടെ കേരള പുരാവസ്തുവകുപ്പ് നിലവില്‍ വന്നു.
തിരുവനന്തപുരം കിഴക്കേകോട്ടയില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ വടക്കേ നടയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതും വകുപ്പിന്റെ സംരക്ഷിത സ്മാരകവുമായ ശ്രീപാദം കൊട്ടാരത്തിലാണ് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഡയറക്ടറേറ്റ് പ്രവര്‍ത്തിച്ചിരുന്നത്. 16.09.215 ന് ഡയറക്ടറേറ്റ് സുന്ദരവിലാസം കൊട്ടാരത്തിലേക്ക് മാറ്റി.[1]
രാഷ്ട്രീയമായി അതിര് തിരിഞ്ഞുകിടന്നിരുന്ന ചെറുനാടുകള്‍ ഒരു പൊതുഭരണത്തിന്‍റെ കീഴിലായതോടെ പ്രദേശം എന്ന നിലവിട്ട് കേരളത്തിന്‍റെ പൊതുവായ ചരിത്രം പുരാവസ്തുവകുപ്പിന്‍റെ അന്വേഷണ വിഷയമായി മാറി. കേരള ഭൂപ്രദേശത്തെ മനുഷ്യാധിവാസത്തിന്റെ പഴക്കം, അതിന്റെ സവിശേഷതകള്‍ എന്നിവ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഈ ഘട്ടത്തില്‍ സജീവമായി. സംസ്കാരവും ചരിത്രവും തിരയുന്നതോടൊപ്പം പിന്നിട്ട സമൂഹങ്ങളുടെ സംസ്കാരചിഹ്നങ്ങള്‍ വരും തലമുറയ്ക്ക് കൈമാറുന്നതിനായി കരുതിവയ്ക്കുക എന്ന ദൗത്യം പുരാവസ്തു വകുപ്പില്‍ നിക്ഷിപ്തമായി.
പര്യവേഷണം, ഉത്ഖനനം, സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തന പദ്ധതിയാണ് സംസ്ഥാന പുരാവസ്തുവകുപ്പ് തുടക്കത്തില്‍ ആവിഷ്ക്കരിച്ചത്. ഇതിനായി തിരുവിതാംകൂറിലും, കൊച്ചിയിലും നിലവിലുണ്ടായിരുന്ന പുരാവസ്തു സംരക്ഷണ നിയമം പരിഷ്കരിച്ച് 1968-ല്‍ കേരള പ്രാചീനസ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട നിയമത്തിലും കേരള ട്രഷര്‍ട്രോവ് ആക്ടിനും രൂപം നല്‍കി. 1968-ലെ ആക്ട് നടപ്പിലാക്കുന്നതിനായി 1972-ല്‍ ചട്ടങ്ങളും തയ്യാറാക്കി. ഘട്ടം ഘട്ടമായി വകുപ്പ് അതിന്‍റെ പ്രവര്‍ത്തന മേഖല വിപുലപ്പെടുത്തുകയുണ്ടായി. ഭരണ നിര്‍വ്വഹണ വിഭാഗത്തിനു പുറമേ പര്യവേഷണ-ഉത്ഖനനം, രാസസംരക്ഷണം, നിര്‍മ്മിതി സംരക്ഷണം, പുരാലിഖിതപഠനം, നാണയപഠനം, നാടന്‍കലാപഠനം, പ്രസിദ്ധീകരണം, ബോധവല്‍ക്കരണം, പ്രാമാണീകരണം, മ്യൂസിയം സജ്ജീകരണ-പരിപാലനം എന്നിങ്ങനെ പത്തു വിഭാഗങ്ങള്‍ ഇപ്പോള്‍ വകുപ്പിനുണ്ട്.
പര്യവേക്ഷണഉത്ഖനനവിഭാഗം(Exploration and Excavation Wing )
സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റിന്‍റെ നേതൃത്വത്തില്‍ വിവിധ സാങ്കേതികതസ്തികകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് പര്യവേഷണ ഉത്ഖനനവിഭാഗം. ചരിത്രത്തിന്‍റെ അവശേഷിപ്പുകള്‍ തേടുകയും അവ കണ്ടെത്തി വിശകലനത്തിന് വിധേയമാക്കുകയും ചെയ്യുന്ന വകുപ്പിന്‍റെ മുഖ്യ പഠന-ഗവേഷണ വിഭാഗമാണിത്. ചരിത്ര പുനര്‍നിര്‍മ്മിതിക്കാവശ്യമായ പുരാവസ്തുക്കളും പഠനങ്ങളും നടത്തുന്നത് ഈ വിഭാഗമാണ്.[2]
കോട്ടപ്പുറം കോട്ടയില്‍ ഉത്ഖനനം നടത്തിയത്
തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ മേത്തല വില്ലേജിലുള്ള കൊടുങ്ങല്ലൂര്‍ കോട്ട എന്നറിയപ്പെട്ടിരുന്ന കോട്ടപ്പുറം കോട്ടയില്‍ വകുപ്പിലെ ഉത്ഖനന വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ 27/04/07 മുതല്‍ 01/05/07 വരെ ശാസ്ത്രീയമായ ഉത്ഖനനം നടത്തുകയുണ്ടായി. രേഖാചിത്രം താഴെ ചേര്‍ക്കുന്നു. (ചിത്രം. 1) വകുപ്പിന്‍റെ സംരക്ഷിത സ്മാരകമായ ഈ കോട്ട 1523 ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചതാണ്. പ്രസ്തുത ഉത്ഖനനത്തില്‍ വകുപ്പദ്ധ്യക്ഷന്‍റെ ചുമതല വഹിച്ചിരുന്ന ഡോ. എസ്, ഹേമചന്ദ്രന്‍, ഡോക്യുമെന്റേഷന്‍ ഓഫീസര്‍ ശ്രീ. പി.കെ. ഗോപി, എസ്കവേഷന്‍ അസിസ്റ്റന്‍റ് ശ്രീ. ഡി. മോഹനന്‍ നായര്‍, ക്യൂറേറ്റര്‍ ശ്രീ. ബി. ബാലമോഹനന്‍, ഫീല്‍ഡ് അസിസ്റ്റന്‍റ് ശ്രീമതി കെ.ആര്‍. സോന, ഡിസൈനര്‍ ശ്രീ.കെ. കൃഷ്ണരാജ് എന്നിവര്‍ പങ്കെടുത്തു.[3]

ചിത്രം 1
തിരുവിതാംകൂറിനും വടക്ക് മലബാറിനും ഇടയ്ക്ക് സ്ഥിതി ചെയ്തിരുന്ന വളരെ പുരാതന ചരിത്രമുള്ള ഒരു ചെറിയ നാട്ടുരാജ്യമായിരുന്നു കൊച്ചി. വളരെക്കാലം ചേരസാമ്രാജ്യത്തിന്‍റെ തലസ്ഥാന നഗരിയായിരുന്ന കൊടുങ്ങല്ലൂര്‍ വടക്ക് തൃക്കണാമതിലകം മുതല്‍ പെരിയാര്‍ വരെ നീണ്ടു കിടന്നിരുന്നു. ഈ പട്ടണത്തെ മുസിരിസ് എന്നാണ് വിളിച്ചിരുന്നത്. നൂറ്റാണ്ടുകളോളം ഇവിടെ പെരുമാക്കന്മാര്‍ വാണിരുന്നതായി സംഘകാലത്തെ തമിഴ്കൃതികള്‍ വെളിവാക്കുന്നു. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ സാമൂതിരിമാരുടെ ആധിപത്യത്തിലായിരുന്നു കൊടുങ്ങല്ലൂര്‍. കൊടുങ്ങല്ലൂര്‍ രാജവംശവും സാമൂതിരിയും സൗഹൃദത്തിലായിരുന്നു കഴിഞ്ഞിരുന്നത്. പതിനഞ്ചാം ശതകത്തിന്‍റെ അന്ത്യത്തില്‍ പോര്‍ച്ചുഗീസുകാര്‍ കേരളക്കരയില്‍ വന്നു. പോര്‍ച്ചുഗീസുകാരുടെ കാലം കേരളചരിത്രത്തിലെ ഒരു സുപ്രധാന കാലഘട്ടമാണ്. ഇവിടുത്തെ ഭരണാധികാരികളുടെ പരസ്പര മാത്സര്യവും അനൈക്യവുമാണ് കേരളക്കരയുടെ പലഭാഗങ്ങളിലും അധികാരമുറപ്പിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് സൗകര്യം നല്‍കിയത്. അവര്‍ക്ക് കൊച്ചിരാജാവിന്‍റെ പിന്തുണയും സാമൂതിരിയുടെ കഠിനമായ എതിര്‍പ്പും നേരിടേണ്ടി വന്നു. പോര്‍ച്ചുഗീസ് ഭരണത്തിന്‍റെ കാല്‍പ്പാടുകള്‍ കേരളത്തിലെ ക്രിസ്റ്റ്യന്‍ ദേവാലയങ്ങളുടെ ഘടനയിലും ആരാധനയിലും ഇന്നും നിറഞ്ഞു നില്‍ക്കുന്നു. പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയുമായി ദീര്‍ഘകാലം യുദ്ധം നടത്തുകയും, സാമൂതിരിമാര്‍ വിദേശീയ ശത്രുവിനെ തോല്‍പ്പിച്ച് ഓടിക്കുകയും ചെയ്തു. എങ്കിലും 1505 ല്‍ പോര്‍ച്ചുഗീസുകാര്‍ കൊടുങ്ങല്ലൂര്‍ ആക്രമിച്ച് കൈവശപ്പെടുത്തുകയുണ്ടായി. പോര്‍ച്ചുഗീസുകാര്‍ സ്വരക്ഷയ്ക്കായും വാണിജ്യാവശ്യങ്ങള്‍ക്കായും പെരിയാറിന്‍റെ തീരത്തുള്ള കോട്ടപ്പുറത്തും (1623) പള്ളിപ്പുറത്തും (1503) ഓരോ കോട്ടകള്‍ നിര്‍മ്മിച്ചു. പട്ടണവും പള്ളിയും പണിയുന്നതിനായി കാനായി തോമയ്ക്ക് ചേരമാര്‍ പെരുമാള്‍ കൊടുങ്ങല്ലൂര്‍ ദേശത്ത് ഭൂമി ദാനമായി നല്‍കിയതായും ആ ഭൂമിയിലാണ് പോര്‍ച്ചുഗീസുകാര്‍ കോട്ടയും പട്ടണവും സ്ഥാപിച്ചത് എന്നും ചില വാദഗതികളുണ്ട്.
കേരളക്കരയില്‍ പോര്‍ച്ചുഗീസുകാരെ അധികാര ഭ്രഷ്ടരാക്കിക്കൊണ്ട് ഡച്ചുകാര്‍ മുന്നോട്ടു വന്നു. 1662.ല്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നും കൊച്ചി പ്രദേശവും കോട്ടകളും പിടിച്ചെടുത്തതോടുകൂടിയാണ് കേരള ചരിത്രത്തില്‍ ഡച്ചുകാലഘട്ടം ആരംഭിക്കുന്നത്. പതിനേഴ്, 18-20 നൂറ്റാണ്ടുകളില്‍ ഇവിടുത്തെ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ സജീവമായി ഇടപെടുക എന്നതായിരുന്നു ഡച്ചുകാരുടെ നയം. എന്നാല്‍ കേരളം കീഴടക്കി ആധിപത്യം സ്ഥാപിക്കാമെന്ന അവരുടെ സ്വപ്നത്തെ തിരുവിതാംകൂര്‍ തകര്‍ത്ത് കളഞ്ഞു. പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യഘട്ടത്തില്‍ മൈസൂര്‍സുല്‍ത്താന്‍ ഹൈദരാലി കൊടുങ്ങല്ലൂരിനെ ആക്രമിച്ചു. കോട്ടമാത്രം കീഴടക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പിതാവിന്‍റെ പാത പിന്‍തുടര്‍ന്ന് ടിപ്പുസുല്‍ത്താനും കൊടുങ്ങല്ലൂരില്‍ എത്തുകയും ദീര്‍ഘകാലം യുദ്ധം ചെയ്യുകയും ചെയ്തു. അന്ന് തിരുവിതാംകൂറിന്‍റെ വടക്കേ അതിര്‍ത്തിയിലുണ്ടായിരുന്ന കോട്ടകളാണ് കോട്ടപ്പുറവും പള്ളിപ്പുറവും, തന്‍റെ അതിര്‍ത്തിയിലുള്ള നെടുംങ്കോട്ടയെ ബന്ധിക്കുന്നിടത്തുള്ള കോട്ടകള്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് പ്രയോജനപ്പെടുമെന്നു കരുതിയ തിരുവിതാംകൂര്‍ മഹാരാജാവ് ഈ കോട്ടകള്‍ വിലയ്ക്ക് വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ടിപ്പുസുല്‍ത്താന്‍ ഡച്ചുകാരുടെ ഈ കോട്ടകള്‍ കീഴടക്കുകയും അതുവഴി തിരുവിതാംകൂറിലേയ്ക്ക് പ്രവേശിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. മാത്രമല്ല ഡച്ചുകാരില്‍ നിന്ന് ഈ കോട്ടകള്‍ വാങ്ങുവാന്‍ ടിപ്പു ശ്രമിച്ചതായും മഹാരാജാവറിഞ്ഞു. ഈ രണ്ടു കോട്ടകളും ഡച്ചുകാരില്‍ നിന്ന് വിലയ്ക്ക് വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുവാന്‍ ദിവാന്‍ കേശവപിള്ളയെ ചുമതലപ്പെടുത്തി. ഇവ രണ്ടിലും ഇംഗ്ലീഷ്സൈന്യത്തെ പാര്‍പ്പിക്കാമെന്നും അങ്ങനെ അതിര്‍ത്തി സുരക്ഷിതമാക്കാമെന്നുമായിരുന്നു കരുതിയത്. 1780 ജൂലൈ 3 ന് ഈ സ്ഥലങ്ങളുടെ വിലയുറപ്പിച്ച് കച്ചവടം നടന്നു. ഡച്ചുകാര്‍ക്കുവേണ്ടി വാന്‍ എന്‍ജല്‍ ബക്കും തിരുവിതാംകൂറിനു വേണ്ടി ദിവാന്‍ കേശവപിള്ളയുമാണ് ഉടമ്പടികള്‍ ഒപ്പുവച്ചത്. ടിപ്പുസുല്‍ത്താന്‍ കൊടുങ്ങല്ലൂര്‍ ആക്രമിച്ച് കീഴടക്കിയപ്പോള്‍ കോട്ടപ്പുറം കോട്ടയും അതിനുള്ളിലെ നിര്‍മ്മിതികളും നിശ്ശേഷം തകര്‍ത്തുകളഞ്ഞു. അന്ന് നശിപ്പിക്കപ്പെട്ട നിലയില്‍ കോട്ടയുടെ ചില ഭാഗങ്ങളും കെട്ടിടങ്ങളുടെ അടിത്തറയും ഇന്ന് അവിടെ ദൃശ്യമാണ്. (ചിത്രം 2)

(ചിത്രം 2)
ഉത്ഖനനം:
കാലപ്രവാഹത്തില്‍ വിവിധ കാരണങ്ങളാല്‍ തകര്‍ന്നടിഞ്ഞു പോയ കോട്ടപ്പുറം കോട്ടയുടെ ചില അവശിഷ്ടങ്ങള്‍ മാത്രമാണ് ഇന്ന് നിലനില്‍ക്കുന്നത്. കോട്ടയുടെ ആകൃതി കേരളത്തിലെ മറ്റ് കോട്ടകളില്‍ നിന്നും തികച്ചും വിഭിന്നമാണ്. ഏകദേശം മൂന്ന് ഏക്കറോളം വരുന്ന പ്രസ്തുത കോട്ട പെരിയാറിന്‍റെ തീരത്ത് തെക്കു വടക്കായി നീണ്ടുകിടക്കുന്നു. കോട്ടയുടെ എല്ലാ ഭാഗത്തും മരങ്ങള്‍ ഇടതൂര്‍ന്ന് വളര്‍ന്ന് നില്‍ക്കുകയായിരുന്നു. (ചിത്രം 3)

കോട്ടപ്പുറം കോട്ട സംരക്ഷണത്തിന് മുന്പ് (ചിത്രം 3)
കോട്ടകള്‍ നമ്മുടെ സേനാനികള്‍ പടുത്തുയര്‍ത്തിയതാണ്. അവയുടെ പഠനത്തിന് അടുക്കോടും ചിട്ടയോടും കൂടിയ ഉത്ഖനനമാണ് ആവശ്യം. വകുപ്പിന്‍റെ ചരിത്രത്തില്‍ ഇതിനുമുമ്പ് മഹാശിലായുഗ സ്മാരകങ്ങളിലും മറ്റു നിരവധി ശാസ്ത്രീയമായ ഉത്ഖനനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും സ്ട്രക്ച്ചറര്‍ എസ്കവേഷന്‍ നടത്തിയിട്ടുള്ളത് കാസര്‍ഗോഡ് ജില്ലയിലെ ചന്ദ്രഗിരിക്കോട്ടയിലും പവ്വല്‍കോട്ടയിലും കോട്ടപ്പുറം കോട്ടയിലും മാത്രമാണ്. ക്രമാനുഗതമായ വസ്തുതകള്‍ക്കുവേണ്ടി അടുക്കോടും ചിട്ടയോടും കൂടിയാണ് ഇവിടെ ഉത്ഖനനം ആരംഭിച്ചത്. ശാസ്ത്രീയമായ ഉത്ഖനനത്തിന്‍റെ അടിസ്ഥാനം സൂക്ഷ്മമായ നിരീക്ഷണത്തിനു വിധേയമായതും തൃപ്തികരമായ രീതിയില്‍ രേഖപ്പെടുത്തിയിട്ടുള്ളതുമായ സെക്ഷനുകള്‍ ആണ്. മണ്‍മറഞ്ഞുപോയ കോട്ടകളെ തിരയുന്നതിനുള്ള രീതിയായ അനവധി പരീക്ഷണകിടങ്ങുകള്‍ കുഴിച്ചുകൊണ്ടുള്ള യുക്തിസഹമായ രീതിയാണ് ഇവിടെയും അവലംബിച്ചത്.[4] മണ്ണിനടിയില്‍ മൂടപ്പെട്ട താവളങ്ങലുടെ വശങ്ങള്‍ എന്ന് ഊഹിക്കപ്പെട്ട സ്ഥാനങ്ങളിലൊന്നില്‍ ആ വശത്തോട് ചേര്‍ന്ന് പല വരികളിലായി ജോലിക്കാരെ കൂന്താലിയും മണ്‍വെട്ടിയുമായി നിറുത്തി ഓരോരുത്തരോടും രണ്ടടി വീതിയില്‍ മണ്ണ് നീക്കാന്‍ നിര്‍ദ്ദേശിച്ചു. കൂന്താലി തട്ടുന്നത് ഉറച്ച മണ്ണിലാണെങ്കില്‍ ആ മണ്ണ് ഒരിക്കലും കുഴിച്ചു മറിക്കപ്പെട്ടിട്ടില്ലെന്നും അവിടെ പോര്‍ച്ചുഗീസുകാരുടെ കിടങ്ങുകള്‍ ഉണ്ടായിരുന്നില്ലെന്നും അനുമാനിക്കാം. കിടങ്ങുണ്ടായിരുന്ന സ്ഥാനത്ത് സംശയാതീതമായി എത്തുമ്പോള്‍ അതിന്‍റെ വ്യത്യാസം വളരെ വ്യക്തമായി കാണാവുന്നതാണ്. ഏറ്റവും സമര്‍ത്ഥമായതും നേരിട്ടുള്ളതുമായ മേല്‍നോട്ടത്തിലല്ലാതെ ഒരു തൂമ്പ മണ്ണുപോലും വെട്ടാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. ഈ ഉത്ഖനനത്തിന്‍റെ ഫലമായി വ്യാപകമായ തോതില്‍ കെട്ടിടങ്ങളുടെ അടിവാരങ്ങളും കോട്ടയുടെ അവശിഷ്ടങ്ങളും മറ്റ് വസ്തുക്കളും ലഭ്യമായിട്ടുള്ളത് വകുപ്പിന് അഭിമാനിക്കാവുന്ന ഒന്നാണ്.
കോട്ടയുടെ വടക്കുഭാഗത്തെ കവാടത്തിന്‍റെ ഇടതുവശത്ത് കായലിനോട് ചേര്‍ന്നുള്ള ചെറുമരങ്ങളും കുറ്റിച്ചെടികളും നീക്കം ചെയ്തപ്പോള്‍ കണ്ടെത്തിയ 28.5 മീറ്റര്‍ നീളമുള്ളതും വെട്ടുകല്ലുകൊണ്ട് നിര്‍മ്മിച്ചതുമായ കോട്ടമതിലായിരുന്നു. കായലിന്‍റെ ഭാഗത്തുള്ള പ്രസ്തുത മതിലിന് 1.40 മീറ്റര്‍ വീതിയുണ്ട്. ചുവട്ടിലുണ്ടായിരുന്ന മണ്ണ് നീക്കം ചെയ്തപ്പോള്‍ 1 സെ.മീ. മുതല്‍ 20 സെ.മീ. ഇടവിട്ട് പത്തിരുപ്പുകള്‍ (offset) കാണപ്പെട്ടു.[5]
തുടര്‍ന്ന് ആ ഭാഗത്ത് കോട്ടയ്ക്കുള്ളില്‍ പടിഞ്ഞാറ് വശത്തുണ്ടായിരുന്ന കുറ്റിക്കാടുകളും ചെറുമരങ്ങളും കൂടാതെ 30 അടിയോളം പൊക്കമുണ്ടായിരുന്ന ആവശ്യമില്ലാത്ത മരങ്ങളും മുറിച്ചുമാറ്റി. തുടര്‍ന്ന് വടക്കുഭാഗത്തു നിന്നും തെക്കോട്ടു നിര്‍മ്മിച്ചിട്ടുള്ള ഒരു മതിലിന്‍റെ ഭാഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ ഭാഗം തെളിച്ചു വൃത്തിയാക്കി. ഈ മതിലിന് 75 സെ.മീ. വീതിയും 40 മീറ്റര്‍ നീളവുമുണ്ട്. കോട്ടയുടെ നടുവില്‍ നെടുകെ കാണപ്പെട്ട മതിലിന്‍റെ പടിഞ്ഞാറ് ഭാഗത്ത് 60 സെ.മീ. വീതിയിലും 75 സെ. മീ. താഴ്ചയിലും കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനായി മണ്ണ് നീക്കം ചെയ്ത് പരിശോധിച്ചു. ഇവിടെ നിന്നും നിരവധി മണ്‍പാത്രാവശിഷ്ടങ്ങളും ശൃീി ഹെമഴ ഉം കണ്ടെത്തി. (ചിത്രം 4)

(ചിത്രം 4)
ഈ മതിലിനും കായലിനും സമീപത്തുള്ള മതിലിനും ഇടയ്ക്കുള്ള സ്ഥലം 45 മീറ്റര്‍ അകലത്തില്‍ 4 baulk (വരമ്പുകള്‍) നല്‍കി ഉത്ഖനനം നടത്തി ചതുരങ്ങള്‍ക്കിടയിലുള്ള വരമ്പുകളെ കൂടി പരിഗണിച്ചാണ് അളവുകള്‍ നിശ്ചയിച്ചത്. കുറ്റികള്‍ അടിച്ച് തിട്ടപ്പെടുത്തിയ ചതുരങ്ങള്‍ക്ക് A1, A2, A3, A4 എന്ന പേര് കൊടുത്തിരുന്നു. ഖനനം തുടരുമ്പോള്‍ തന്നെ കളത്തിന്‍റെ വശങ്ങളില്‍ അനാവൃതമാകുന്ന സ്ഥലങ്ങള്‍ നിരീക്ഷണ വിധേയമാക്കിക്കൊണ്ടിരുന്നു. ഓരോ കുഴിയിലെ വശങ്ങള്‍ തമ്മിലും, അടുത്തടുത്തുള്ള കളങ്ങളുടെ സമാനവശങ്ങള്‍ തമ്മിലും വ്യക്തമായ ചേര്‍ച്ചകള്‍ കാണുകയാല്‍ കൂടുതല്‍ ആഴത്തില്‍ കുഴിക്കുകയാണ് ചെയ്തത്. ഒരു ഭിത്തി കണ്ടെത്തിയതിനുശേഷം അതിനെ അനുഗമിക്കുക എന്നതായിരുന്നു ഉചിതമായിട്ടുള്ളത്. ഇവിടെ നിന്നും കിട്ടിയ പൊട്ടിയ മണ്‍പാത്രങ്ങള്‍, ആഭരണങ്ങള്‍, നാണയങ്ങള്‍ എന്നിവ കാലനിര്‍ണയത്തിന് സഹായിക്കുന്നതാണ്. ഇവിടെ ഏകദേശം 50 സെ.മീ. കുഴിച്ചപ്പോള്‍ മേച്ചിലോടുകളും, മണ്‍പാത്രാവശിഷ്ടങ്ങളും VOC (Vereenigde Oostindische Compagnie) വിഭാഗത്തില്‍പ്പെട്ട ഡച്ച് നാണയവും കണ്ടെത്തുകയുണ്ടായി.[6] (ചിത്രം 5). കൂടാതെ മധ്യകാലത്തെ വാണിജ്യത്തെളിവുകളായ ചൈനീസ് കോപ്പക്കഷണങ്ങള്‍, സെലഡന്‍ പാത്രക്കഷണങ്ങള്‍, ടര്ക്വൈസ് ഗ്ലെയ്സ്ഡ് പാത്രക്കഷണങ്ങള്‍ (TGP), മുത്തുകള്‍, സ്ഫടിക പാത്രങ്ങള്‍, പീരങ്കി ഉണ്ടകള്‍, ഇരുമ്പുപകരണങ്ങള്‍, മേച്ചിലോടുകള്‍, സ്മോക് പൈപ്പുകള്‍ നാണയങ്ങള്‍, ടെറാകോട്ടയിലുള്ള വസ്തുക്കള്‍ എന്നിവ കുഴിച്ചെടുത്തു. കോട്ടപ്പുറം ഖനനത്തിനനുബന്ധമായി ചേരമാന്‍ പറമ്പ്, പള്ളിപ്പുറം, കോട്ടയില്‍ കോവിലകം എന്നിവിടങ്ങളിലും പരീക്ഷണഖനനങ്ങള്‍ നടത്തി.

(ചിത്രം 5)
തറനിരപ്പില്‍ നിന്നും 30 സെ.മീ. താഴ്ചയില്‍ A4 ചതുരത്തിലെ തെക്കു പടിഞ്ഞാറെ മൂലയില്‍ നിന്നുമാണ് നാണയം കണ്ടെത്തിയത്. ഈ പ്രവേശന കവാടത്തില്‍ നിലനില്‍ക്കുന്ന തിരുവിതാംകൂര്‍-കൊച്ചിപ്രദേശങ്ങളെ വേര്‍തിരിച്ചുകൊണ്ട് രാജഭരണകാലത്ത് നാട്ടിയിരുന്ന അതിരുകല്ല് ഭാഗത്ത് മതിലിന്‍റെ അവശിഷ്ടം കാണാതിരുന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.[7] കോട്ടയുടെ ഒത്തനടുവില്‍ തെക്കുവടക്കായി നെടുനീളത്തില്‍ ഒരു ഭിത്തി കാണപ്പെടുന്നുണ്ട്. 15 അടിയോളം പൊക്കമുള്ള ഈ ഭിത്തിയുടെ തെക്കുഭാഗത്ത് 6 അടി വീതിയിലും 8 അടി നീളത്തിലുമുള്ള വെട്ടുകല്ല് കൊണ്ട് നിര്‍മ്മിച്ച അര്‍ദ്ധവൃത്താകൃതിയിലുള്ള ഒരു മുറി കുറ്റിച്ചെടികളും കാടും കയറി കിടക്കുകയായിരുന്നു. കുറ്റിച്ചെടികള്‍ മാറ്റി അവിടെ ഉത്ഖനനം ആരംഭിച്ചു. 30 സെ.മീ. മണ്ണ് മാറ്റിയപ്പോള്‍ ഇളകിയ മണ്ണ് ആണ് കാണപ്പെട്ടത്. ഏകദേശം 4 അടിയോളം മണ്ണ് മാറ്റിയപ്പോള്‍ മരുന്നറയോട് ചേര്‍ന്നുള്ള നെടുനീളത്തിലുള്ള ഭിത്തിയുടെ അടിത്തറ കണ്ടെത്തി. തുടര്‍ന്ന് മണ്ണ് ഉറപ്പുള്ളതായിരുന്നതിനാല്‍ അവിടം ബ്രഷ് ചെയ്യുകയും ഫോട്ടോ എടുക്കുകയും ചെയ്തു. പ്രസ്തുത മരുന്നറയുടെ 15 അടി വടക്കുമാറി നെടുനീളത്തിലുള്ള ഭിത്തിയോട് ചേര്‍ന്ന് 5 മീറ്റര്‍ കുറ്റിയടിച്ച് അടയാളപ്പെടുത്തുകയുണ്ടായി. അവിടെയുണ്ടായിരുന്ന ഒരു പാഴ്മാവും മറ്റ് കുറ്റിച്ചെടികളും നീക്കം ചെയ്ത് സൈറ്റ് ഉത്ഖനനത്തിന് സജ്ജമാക്കി. ഈ സ്ഥലത്തെ മുകള്‍പ്പരപ്പില്‍ തന്നെ മരങ്ങളുടെ വേരുകള്‍ ആഴ്ന്നിറങ്ങിയിരുന്നതിനാല്‍ മണ്ണ് നീക്കം ചെയ്യാന്‍ ഏറെ പ്രയാസമുണ്ടായിരുന്നു. 20 സെ.മീ. മണ്ണ് മാറ്റിയപ്പോള്‍ വഞ്ചിയിലും കപ്പലിലും ഉപയോഗിക്കുന്ന പിച്ചളയിലുള്ള നിരവധി ആണികള്‍ കണ്ടെത്തി. കൂടാതെ ഇരുമ്പിലുള്ള പീരങ്കിയുണ്ടയുടെ ചിന്നിച്ചിതറിയ (പൊട്ടിയ) ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നും ഈ കോട്ടയിലേയ്ക്ക് പെരിയാര്‍ ഭാഗത്തു നിന്നും ആക്രമണമുണ്ടായി എന്നുള്ളത് വ്യക്തമായി സ്ഥിരീകരിക്കാവുന്നതാണ്. പ്രസ്തുത ട്രഞ്ചിന്‍റെ കിഴക്കുഭാഗത്ത് 30 സെ.മീ. ഉം പടിഞ്ഞാറ് ഭാഗത്ത് 8 സെ.മീ. താഴ്ത്തിയപ്പോള്‍ നല്ല ഉറച്ച മറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ ഭാഗത്തെ ഉത്ഖനനം നിറുത്തിവെച്ചു.
മണ്‍കൂനയിലെ ഉത്ഖനനം
കോട്ടയുടെ നടുവിലെ നെടുനീളത്തിലുള്ള ഭിത്തിയുടെ മുന്‍വശത്ത് കാണപ്പെട്ട ഒരു മണ്‍കൂനയിലും ഉത്ഖനനം നടത്തുകയുണ്ടായി. ഈ മണ്‍കൂനക്കു 10 അടി നീളവും 15 അടി വീതിയുമുണ്ട്. ചുറ്റിനും 5 അടിയോളം മണ്ണ് മാറ്റിയപ്പോള്‍ ഇരുമ്പിലും പിച്ചളയിലുമുള്ള നിരവധി ആണികള്‍ കണ്ടെടുത്തു. ഈ നടുവില്‍ മിനുസപ്പെടുത്തിയ ഒരു കരിങ്കല്ലും കണ്ടെത്തിയിരുന്നു. കുറേ ഈ ഭാഗത്തു കുതിരയുടെതെന്നു കരുതുന്ന നിരവധി അസ്ഥികഷണങ്ങളും ഉണ്ടായിരുന്നു. (ചിത്രം 6)

കോത്തളങ്ങളിലെ ഉത്ഖനനം (ചിത്രം 6)
ഈ കോട്ടയില്‍ ആകെ രണ്ട് കൊത്തളങ്ങളാണുള്ളത്. പെരിയാറിനോട് ചേര്‍ന്നാണ് കോട്ടയുടെ കിഴക്കുഭാഗത്തെ ഭിത്തി എന്നതിനാല്‍ വേലിയേറ്റ സമയത്ത് 3 അടിയോളം വെള്ളം കയറുകയും വേലിയിറക്ക സമയത്ത് വെള്ളം ഇറങ്ങുകയും അതിരാവിലെ നിരവധി വള്ളങ്ങളില്‍ മണല്‍ വാരുന്ന കാഴ്ചയും പതിവാണ്. മണല്‍ ഇടിയുന്നതിനാലാകാം കിഴക്കുഭാഗത്തെ കോട്ടഭിത്തിക്കും കൊത്തളത്തിനും കേടുപാടുകള്‍ സംഭവിച്ചത്. ഭിത്തിയുടെ ചില ഭാഗങ്ങള്‍ ഇടിഞ്ഞ് തീരത്ത് കിടക്കുന്നതു കാണാന്‍ സാധിക്കും. രണ്ട് കൊത്തളങ്ങളിലും വളര്‍ന്നു നിന്ന വലിയ മരങ്ങളും കുറ്റിച്ചെടികളും വേരുകളോടെ പിഴുതുമാറ്റുകയും ഇടതുഭാഗത്തെ കൊത്തളത്തിന്‍റെ നാലുവശത്തും 4 അടിയോളം മണ്ണ് മാറ്റുകയുണ്ടായി. കൊത്തളത്തിന്‍റെ ഉള്ളില്‍ നിന്നും കുതിരകളുടേതെന്നു കരുതുന്ന നിരവധി അസ്ഥിക്കഷ്ണങ്ങള്‍ കിട്ടി. (ചിത്രം 7) ഇപ്പോള്‍ ഈ കോട്ട കേരളപുരാവസ്തു വകുപ്പിന്‍റെ പൂര്‍ണ സംരക്ഷണത്തിലാണ്.

കോട്ടപ്പുറം കോട്ട സംരക്ഷണത്തിന് ശേഷം (ചിത്രം 7)
കുറിപ്പുകളും ഗ്രന്ഥസൂചികളും
[1] Administration Report 2015-16, Department of Archaeology, Kerala State, 2020, p.3.
[2] Administration Report 2015-16, Department of Archaeology, Kerala State, 2020, p.4.
[3] Administration Report 2007-2008, Department of Archaeology, Kerala State, 2008, p.6.
[4] Administration Report 2007-2008, Department of Archaeology, Kerala State, 2008, p.10.
[5] Interview with Dr. S. Hemachandran, Former Director (Rtd), Department of Archaeology,
22/04/2023.
[6] Dr. G. Premkumar Archaeological Excavation at Kottappuram, fort, publication Division .
Department of Archaeology, Government at Kerala, 2014, pp – 25-36
[7] Administration Report 2007-2008, Department of Archaeology, Kerala State, 2008, p.11.
സഹായക ഗ്രന്ഥങ്ങൾ
Surekha.M.T (ed.), samskarikam (Keralathile Samskarika sthapanangal- Oru Reference Grandham), Kerala State Institute of Encyclopedia, Thiruvananthapuram, 2013.
Premkumar, G., Department of Archaeology, Publication Wing, Department of Archaeology, Thiruvananthapuram, 2015.
Premkumar, G., Puravasthu Vakuppu (mal.), Publication Wing, Department of Archaeology, Thiruvananthapuram, 2015.
Premkumar, G., Pauravakasarekharekha, Publication Wing, Department of Archaeology, Thiruvananthapuram, 2015.
ഡോ. സുമിത.എസ്.എസ്
ഗസ്റ്റ് ലക്ചറർ
ചരിത്രവിഭാഗം
ശ്രീനാരായണ കോളേജ്
പുനലൂര്‍, കൊല്ലം
Email Id: itsmesumiss@gmail.com
ഡോ. സുഭാഷ്.എസ്
അസ്സോസിയേറ്റ് പ്രൊഫസർ
ചരിത്രവിഭാഗം
യൂണിവേഴ്സിറ്റി കോളേജ്
തിരുവനന്തപുരം
Email Id: hist.subhash@ gmail.com





Comments