കൊളോണിയൽ സാംസ്‌കാരിക ചരിത്രത്തിലൂടെ ക്രിക്കറ്റും കേക്കും സർക്കസ്സും തലശ്ശേരിയിൽ
- GCW MALAYALAM
- Aug 15
- 7 min read
ഡോ.ഷീജ പി.സി.

പ്രബന്ധ സംഗ്രഹം
ആധുനിക കേരളത്തിൻ്റെ സാമൂഹിക-സാംസ്‌കാരിക അന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച പ്രദേശങ്ങളിൽ ഒന്നാണ് ഉത്തര കേരളത്തിലെ തീരദേശ പട്ടണമായ തലശ്ശേരി. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രവിശ്യയുടെ ഭാഗമായ ഈ പ്രദേശം ഒട്ടനവധി സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമായി വളർന്ന തലശ്ശേരി പ്രധാനപ്പെട്ട ബ്രിട്ടീഷ് കുടിയേറ്റ പ്രദേശമായി മാറിയതായി കാണാം. കോളനിവത്കരണം പല മേഖലകളെയും സ്വാധീനിച്ചതായി കാണാം. തദ്ദേശിയരും ബ്രിട്ടീഷുകാരും തമ്മിൽ ഉടലെടുത്ത ചില സാംസ്കാരിക വ്യതിവ്യാപനങ്ങൾ ഇത്തരത്തിൽ എടുത്തു പറയേണ്ടതാണ്. ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട കായികവിനോദമായി ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ഈ പ്രദേശത്തിന്റെ സംഭാവന എടുത്തുപറയേണ്ടതാണ്. ആദ്യമായി സാധാരണക്കാർ ക്രിക്കറ്റ് കളിയിൽ ഏർപ്പെട്ടത് തലശ്ശേരിയാണ്. അതുപോലെ കോളനിവത്കരണം തലശ്ശേരിയുടെ ഭക്ഷ്യസാംസ്കാ രത്തെ സ്വാധീനിച്ചതായി കാണാം. കേരളത്തിൽ ആദ്യമായി യുറോപ്യൻ ഭക്ഷ്യവിഭവമായ കേക്ക് ഉണ്ടാക്കിയതും തുടർന്ന് ആദ്യത്തെ ബേക്കറി സ്ഥാപിച്ചതും തലശ്ശേരിയിൽ ആണെന്ന് രസകരമായ ഒരു വസ്‌തുതയാണ്. കുടാതെ കേരള സർക്കസിന്റെ ഉത്ഭവവും ഇവിടെ നിന്നാണ്. സർക്കസിൻ്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന തലശ്ശേരിയിൽ തന്നെയാണ് ഇന്ത്യൻ സർക്കസിൻ്റെ പിതാവായ കീലേരി കുഞ്ഞികണ്ണൻ ജനിച്ചതും!
Key words : തലശ്ശേരി, ഉത്തര മലബാർ, ക്രിക്കറ്റ്, ബേക്കറി, കോളോണിയലിസം
ആധുനിക കേരളത്തിൻ്റെ സാമുഹിക-സാംസ്‌കാരിക അന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ ചരിത്രപരമായി മുഖ്യ പങ്കുവഹിച്ച പ്രദേശങ്ങളിൽ ഒന്നാണ് ഉത്തര കേരളത്തിലെ പ്രശസ്തമായ തീരദേശപട്ടണമായ തലശ്ശേരി. പഴയകാല പ്രതാപം നഷ്‌ടപ്പെട്ടെങ്കിലും ഇന്നത്തെ കേരളത്തിൻ്റെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമായ ചില ഏടുകൾ ആദ്യമായി തലശ്ശേരിയിൽ നിന്ന് രൂപപ്പെട്ടുവന്നതായി കാണാം. മദ്രാസ് പ്രവിശ്യയുടെ ഭാഗമായ മലബാർ ജില്ലയിൽ സ്ഥിതി ചെയ്തിരുന്ന ഈ പ്രദേശം ബ്രിട്ടീഷ് ഭരണത്തിൽ കീഴിൽ പല മാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ചു. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ ഈ പ്രദേശം പ്രധാനപ്പെട്ട കച്ചവട കേന്ദ്രമായി മാറുകയും 1683 ൽ ബ്രിട്ടീഷുകാർ ഇവിടെ ഒരു ഫാക്‌ടറി (കച്ചവട കേന്ദ്രം) സ്ഥാപിക്കുകയും ചെയ്തു.' കൂടാതെ ഒരുപാട് ഇംഗ്ലീഷുകാർ ഇവിടെ കുടിയേറി പാർക്കാൻ തുടങ്ങുകയും ചെയ്തു1
തിരുവിതാംകൂർ, കൊച്ചിൻ മുതലായ നാട്ടുരാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൽ കീഴിൽ ഈ പ്രദേശം വലിയ ഒരു സാംസ്കാരിക വ്യതിവ്യാപനത്തിന് സാക്ഷ്യം വഹിച്ചതായും, (Cultural Osmosis) കോളോണിയൽ സ്വാധീനം മല മേഖലകളിലും മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തതായും നമുക്ക് കാണാൻ സാധിക്കും. ഈയൊരു പ്രബന്ധത്തിൽ അത്തരത്തിലുള്ള ചില ഏടുകൾ അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. കേരളത്തിൻ്റെ കായികചരിത്രവും അതുപോലെ ഭക്ഷണ ചരിത്രത്തിലെ ചില അധ്യായങ്ങൾ തേടി പോകുന്ന വർക്കും തലശ്ശേരിയുടെ ചരിത്രം പ്രധാനപ്പെട്ടതാണ്. ആദ്യമായി കേരളത്തിൽ യൂറോപ്യൻ ഭക്ഷ്യവിഭവമായ കേക്ക് ഉണ്ടാക്കിയതും തുടർന്ന് ആദ്യത്തെ ബേക്കറി (മാമ്പള്ളി ബേക്കറി) സ്ഥാപിക്കപ്പെട്ടതും ഇവിടെയാണ്. ഇന്ത്യക്കാരുടെ ഇപ്പോഴത്തെ പ്രധാനപ്പെട്ട കായികവിനോദമായ ക്രിക്കറ്റിൻ്റെ ചരിത്രത്തിലും തലശ്ശേരിക്ക് സുപ്രധാനമായ ഒരു ഇടമുണ്ട്. ക്രിക്കറ്റിൻ്റെ ചരിത്രം ബ്രിട്ടീഷ് സാമ്രാജ്യത്വവുമായും കോളനിവത്കരണവുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. ബ്രിട്ടീഷ് സാമ്രാജ്യം സ്ഥാപിക്കപ്പെട്ട സ്ഥലങ്ങളിൽ ക്രിക്കറ്റും ആരംഭിച്ചതായി കാണാൻ സാധിച്ചു. കോളനി വത്കരണം ശക്തിപ്പെടുത്തുന്നതിനും കോളോണിയൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഇത്തരത്തിലുള്ള സാംസ്‌കാരിക അടയാളങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്വം ഉപയോഗപ്പെടുത്തിയിരിക്കുന്നതായി കാണാം.
മറ്റൊരു തരത്തിൽ പറഞ്ഞാൽ ബ്രിട്ടീഷ് സാംസ്‌കാരിക മൂല്യങ്ങൾ അടയാളപ്പെടുത്തുന്നതിലും ക്രികറ്റിന് സ്ഥാനമുള്ളതായി അറിയാൻ സാധിക്കും.
18-ാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ക്രിക്കറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചെങ്കിലും ഇത് പ്രധാനമായും യൂറോപ്യൻകാരും രാജാക്കന്മാരും മാത്രമായിരുന്നു കളിച്ചിരുന്നത്. പിന്നീട് ഇന്ത്യയിലെ പാർസി വിഭാഗം ജനങ്ങൾ ഇത് കളിക്കാൻ ആരംഭിച്ചതായി കാണാം. എന്നിരുന്നാലും സാധാരണ ജനങ്ങളെ ഈ കായിക വിനോദത്തിൽ നിന്നും അകറ്റി നിർത്തിയിരുന്നതായി കാണാം. കോളോണിയൽ ആധുനികതയുടെ പ്രതീകമായി ഈ കായികവിനോദം മറ്റു സമുദായങ്ങളിൽ പ്രത്യേകിച്ചും സമ്പന്നരുടെ ഉന്നമരുടേയും ഇടയിൽ പ്രശസ്‌തി ആർജ്ജിച്ചെങ്കിലും സാധാരണ ജനങ്ങൾ ആദ്യമായി ഈയൊരു കായിക വിനോദത്തിൻ്റെ ഭാഗമാകുന്നത് തലശ്ശേരിയിൽ മാത്ര മാണ്. തലശ്ശേരി കോട്ടയിൽ തമ്പടിച്ചിരുന്ന ബ്രിട്ടീഷ് പട്ടാളക്കാർക്കായി ലോർഡ് ആർതർ വെല്ലസ്ലിയാണ് കേരളത്തിൽ ക്രിക്കറ്റ് അവതരിപ്പിച്ചത്. അങ്ങനെ നാട്ടുകാരും ക്രിക്കറ്റ് കളിക്കാരൻ തുടങ്ങുകയും. 1860 ൽ അവർ തലശ്ശേരി ക്രിക്കറ്റ് ക്ലബ്ബ് രൂപീകരി ക്കുകയും ചെയ്തു. സർക്കസിൻ്റെ ചരിത്രത്തിലും ഈ പ്രദേശം നിർണായക പങ്ക് വഹിച്ചിരുന്നതായി കാണാം. തലശ്ശേരിയെ ഇന്ത്യൻ സർക്കസിൻ്റെ കളിത്തൊട്ടിൽ എന്നാണ് പലപ്പോഴും വിളിക്കുന്നത്. ഇന്ത്യൻ സർക്കസിൻ്റെ പിതാവായ കിലേരി കുഞ്ഞികണ്ണൻ തലശ്ശേരി നിവാസി ആയിരുന്നു.
മേൽ സൂചിപ്പിച്ചതുപോലെ ഉത്തര മലബാറിൽ നിലവിൽ സംജാതമായ സാമൂഹിക സാംസ്കാരിക മാറ്റങ്ങൾ ഇത്തരത്തിൽ സാംസ്കാരിക വ്യതിവ്യാപനത്തിന് ആക്കം കൂട്ടിയതായി കാണാൻ സാധിക്കും.
കൊളോണിയലിസത്തിൻ്റെ അടിസ്ഥാന പ്രചോദനം കോളനിയിൽ നിന്നുള്ള സാമ്പത്തിക മിച്ചം സ്വായത്തമാക്കുക എന്നതായിരുന്നെങ്കിലും ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ ലക്ഷ്യമിട്ടുള്ള നയങ്ങൾ വടക്കൻ മലബാറിൻ്റെ സാമൂഹിക-സാമ്പത്തിക, സാംസ്കാരിക ജീവിതത്തിൽ നിരണായക സ്വാധീനം ചെലുത്തി. കൊളോണിയലിസത്തിന് കീഴിൽ തലശ്ശേരി ഒരു നഗര കേന്ദ്രമായി വളരുവാൻ നിരവധി കാരണങ്ങളുണ്ടായിരുന്നു. കൊളോണിയലിസം പരമ്പരാഗത കാർഷിക സമ്പദ് വ്യവസ്ഥയെയും കരകൗശല വ്യവസായത്തെയും നശിപ്പിച്ചു. പരമ്പരാഗത സമ്പദ് വ്യവസ്ഥ ക്രമേണ ഒരു കൊളേണിയൽ സമ്പദ്‌വ്യവസ്ഥയായി മാറി. കൊളോണിയൽ നയങ്ങൾ തൊഴിൽ വൈദഗ്ദ്യത്തിൻ്റെയും കൈത്തൊഴിലുകളുടേയും തകർച്ചയ്ക്ക് കാരണമായി.2 ഒടുവിൽ ഗ്രാമങ്ങളിൽ നിന്ന് നിരവധി തൊഴിൽ ഗ്രൂപ്പുകൾ അപ്രത്യക്ഷമായി.
മുതലാളിത്ത നുഴഞ്ഞുകയറ്റവും കൊളോണിയൽ നയങ്ങളും ചേർന്ന് തലശ്ശേരിയുടെ വ്യവസായവൽക്കരണ പ്രക്രിയക്ക് തുടക്കം കുറിച്ചപ്പോൾ പല പരമ്പരാഗത വ്യവസായങ്ങളും തകർച്ചയിലേക്ക് നീങ്ങി. കൊളോണിയലിസത്തിന് കീഴിൽ കൃഷി യുടെ വാണിജ്യവൽക്കരണ പ്രക്രിയ ആരംഭിച്ചത് ചരക്കുകളുടെ വ്യാപാരത്തിന് കാര ണമായി. ക്രമേണ, കൃഷിയും മറ്റ് ഗ്രാമ വ്യവസായങ്ങൾ തുടങ്ങി അഭിവൃദ്ധി പ്രാപിച്ച മേഖലകൾക്ക് പ്രാധാന്യം നഷ്‌ടപ്പെടുകയും കൊളോണിയലിസത്തിന് കീഴിൽ പുതിയ നഗര കേന്ദ്രങ്ങൾ ഉയർന്നുവരുകയും ചെയ്‌തു. വ്യാപാരവും വാണിജ്യ പ്രവർത്തനങ്ങളും അഭിവൃദ്ധി പ്രാപിച്ച കേന്ദ്രങ്ങളായിരുന്നു ഇവ. കൃഷിയിലും മറ്റ് ഗ്രാമാധിഷ്ഠിത പരമ്പരാഗത തൊഴിലുകളിലും ഉണ്ടായ തകർച്ച ആഭ്യന്തര നഗര കുടിയേറ്റം അനിവാര്യമാക്കി. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ സംഭവിച്ച ഗതാഗത സൗകര്യങ്ങളിലെ വളർച്ചയും സാമൂഹിക-സാമ്പത്തിക മാറ്റങ്ങളും നിരവധി ആളുകളെ നഗര കേന്ദ്രങ്ങളിലേക്ക് ആകർഷിച്ചു. ഉദാഹരണത്തിന്, തുണിയുടെ ലഭ്യതയും അതിനെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളും നഗര കേന്ദ്രങ്ങളിൽ വളരാൻ തുടങ്ങി. ഇത് ഗ്രാമങ്ങളിൽ നിന്നുള്ള ചാലിയക്കാരുടെ (നെയ്ത്‌ത് സമൂഹം) കുടിയേറ്റത്തിന് ആക്കം കൂട്ടി.3 ഒരു തീരദേശ പ്രദേശമെന്ന നിലയിൽ തലശ്ശേരിയുടെ തന്ത്രപ്രധാനമായ സ്ഥാനവും ലാഭകരമായ വ്യാപാര കേന്ദ്രമായുള്ള അതിന്റെ വളർച്ചയും വ്യാപാരികളേയും കച്ചവടക്കാരേയും ഈ തീരപ്രദേശത്തേക്ക് ആകർഷി ക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചു. മറ്റൊരു ഘടകം കോലത്തുനാടിലെ രാഷ്ട്രീയ സാഹചര്യമായിരുന്നു.4 ചൊവ്വക്കാരൻ ആലുപ്പികക്ക എന്ന മാപ്പിള (മലബാർ മുസ്ലീങ്ങൾ) വ്യാപാരിയുടെ കുടിയേറ്റം അത്തരമൊരു ഉദാഹരണമാണ്.5
1683-ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തലശ്ശേരിയിൽ ഒരു ഫാക്‌ടറി സ്ഥാപിച്ചത് തലശ്ശേരിയുടെ ചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. 1726-ൽ കമ്പനി കുരുമുളക് വ്യാപാര കുത്തക സ്വന്തമാക്കുകയും അതോടെ ഫാക്ടറി മലബാറിൽ രാഷ്ട്രീയ അധികാരം നേടുകയും ചെയ്‌തു.6 വ്യാപാര കുത്തക, തദ്ദേശീയ പ്രമാണിമാർക്ക് സാമ്പത്തിക സഹായം, കരാറുകളിലൂടെയും നയതന്ത്രത്തിലൂടെയും ഒരു പ്രദേശത്തെ ഏറ്റെടുക്കൽ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.7 മലബാറിലെ ഇംഗ്ലീഷ് ഫാക്‌ടറിയുടെ നയം. കുരുമുളക് വ്യാപാരം കുത്തകയാക്കാനുള്ള അവരുടെ ശ്രമങ്ങൾ മലബാറിലെ ഒരു രാഷ്ട്രീയ ശക്തിയായി ഫാക്‌ടറി വളരുന്നതിൻ്റെ ആദ്യ ഘട്ടമായിരുന്നു. 1766 മുതൽ 1792 വരെയുള്ള കാലഘട്ടം തലശ്ശേരിയിലെ വ്യാപാര സ്ഥാപനങ്ങളുടെ ചരിത്രത്തിലെ ഒരു നിർണായക കാലഘട്ടമായിരുന്നു. രാഷ്ട്രീയ അസ്ഥിരതയും തുടർച്ചയായുള്ള യുദ്ധങ്ങളും സംഘർഷങ്ങളും അവയെ വളരെയധികം പ്രശ്‌നത്തിലാക്കി. തലശ്ശേരിയിൽ ഇംഗ്ലീഷ് വ്യാപാരത്തകർച്ചക്ക് ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു. 1792 -ൽ മലബാർ മദ്രാസ് പ്രസിഡൻസിയുടെ കീഴിലായി, രണ്ട് വർഷത്തിന് ശേഷം തലശ്ശേരി ഫാക്‌ടറി അടച്ചുപൂട്ടുകയും ഒരു വ്യാപാര ഏജൻസിയായി അത് മാറുകയും ചെയ്‌തു.8 ഒരു നൂറ്റാണ്ടിലേറെയായി നിലനിൽക്കുന്ന ഫാക്ടറി നിരവധി വ്യാപാര കുടുംബങ്ങൾക്ക് ജന്മം നൽകി. അവയിൽ പ്രാധാനപ്പെട്ട ഒന്ന് 'കേയിസ്' ആയിരുന്നു.9 ഒരു വ്യാപാര ഏജൻസി എന്ന നിലയിൽ, അത് മുൻകൂർ പേയ്മെന്റുകളായി മൂലധന വിതരണം സുഗമമാക്കി, അത് വ്യാപാര മുതലാളിത്തത്തിന്റെ കാലഘട്ടമായിരുന്നു.
ദക്ഷിണേന്ത്യൻ കമ്പനിയുടെ കാര്യമെടുത്താൽ, വ്യാപാരം പണവായ്‌പകളുടെ വളർച്ചയിലേക്ക് നയിച്ചതായും ഉൽപ്പാദകനെ വ്യാപാര മുലധനത്തിന് കീഴ്പ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിച്ചതായും പറയപ്പെടുന്നു.10 സോവിയറ്റ് പണ്ഡിതനായ എ. ഐ.ചിചെറോവ്, ഉൽപ്പാദനം വ്യാപാര മൂലധനത്തിന് കീഴ്പ്‌പെടുന്നതിന്റെ വളർച്ചയെ അടിവരയിട്ടുപറയുന്നുണ്ട്. ഇന്ത്യ അതിൻറെ പൊതുവായ ഫ്യൂഡൽ സമ്പദ്വ്യവസ്ഥയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് മുതലാളിത്തത്തിൻ്റെ വികസനത്തോടൊപ്പം ഉൽപ്പാദനഘട്ടത്തിൻ്റെ തുടക്കത്തിലേക്ക് അടുക്കുകയായിരുന്നു. എന്നും അദ്ദേഹം വാദിക്കുന്നുണ്ട്.11 അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, 'കൊളോണിയൽ ഭരണത്തിന്റെ അവസാനത്തിൽ', കരകൗശല വസ്‌തുക്കളുടെയും കൃഷിയുടെയും വ്യാപാരത്തിന്റെയും സാമ്പത്തിക ഘടനയിൽ ഗുണപരമായി പുതിയ രൂപങ്ങൾ ഉടലെടുത്തിട്ടുണ്ട്.12എന്നാൽ വടക്കൻ മലബാറിൻ്റെ കാര്യത്തിൽ കൊളോണിയലിസം ഈ പ്രക്രിയയെ തടസ്സപ്പെടുത്തി, ഇത് തദ്ദേശീയമായി ചെറുകിട സംരംഭങ്ങൾ, കൃഷി, കരകൗശല വസ്തുക്കൾ മുതലായവയുടെ തകർച്ചക്ക് ഇടയാക്കി.
മുൻകൂർ പേയ്മെൻ്റുകളായുള്ള മൂലധന വിതരണം നിരവധി തദ്ദേശീയ വ്യാപാരികൾക്ക് സമ്പന്നമായ വ്യാപാര മൂലധനം സ്വന്തമാക്കാൻ സഹായിക്കുകയും അവർ അത് ലാഭകരമായ തദ്ദേശീയ വ്യാപാരത്തിൽ ഉപയോഗിക്കുകയും ചെയ്തു. ഇത് അയൽ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി വ്യാപാരികളെയും വ്യാപാരികളെയും തലശ്ശേരിയിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചു. സമുദ്ര വ്യാപാരത്തിന് നല്ലൊരു കേന്ദ്രമായി രുന്നു. ഇവിടം, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ശക്തികേന്ദ്രങ്ങളിൽ ഒന്നായിരുന്നതുകൊണ്ട് ലാഭകരമായ വ്യാപാര പ്രവർത്തനങ്ങൾക്ക് അനുകുലമായ അന്തരീക്ഷവും ഇവിടെ നിലനിന്നിരുന്നു. ഒരു ഇംഗ്ലീഷ് കുടിയേറ്റ കേന്ദ്രമെന്ന നിലയിൽ തലശ്ശേരി ക്രമസമാധാനം നിലനിർത്തുകയും നിരവധി ആളുകൾ അവരുടെ വിലപിടിപ്പുള്ള വസ്തുക്കളുമായി ഇവിടെ അഭയം തേടുകയും ചെയ്തു. ഇംഗ്ലീഷ് കുടിയേറ്റ പരിധിക്കുള്ളിൽ താമസിച്ചിരുന്ന വ്യാപാരികൾക്കും ഗണ്യമായ സുരക്ഷ ലഭിച്ചു.13 ഈ കാലയളവിൽ തലശ്ശേരിയിൽ നിരവധി സമ്പന്നരായ വ്യാപാരികൾ ഉണ്ടായിരുന്നു. അവരിൽ പ്രശസ്‌തനായ ഒരാളാണ് കേയി കുടുംബത്തിലെ ചൊവ്വക്കാരൻ മൂസ. 'കേയി'കളുടെ ട്രേഡിങ് കമ്പനിയും, അതിൻ്റെ വ്യാപാര തലസ്ഥാനവും, വിപുലമായ വ്യാപാര ബന്ധവും ബോംബെ, നാഗപട്ടണം തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ അതിന്റെ ഏജൻസികൾ സ്ഥാപിക്കുന്നതിനും അതിൻ്റെ വിജയത്തിനും കാരണമായി14 പിന്നീട്, ഈ ട്രേഡിങ് കമ്പനി ഭൂപ്രഭുക്കന്മാരായി മാറുകയും എല്ലായ്പ്പോഴും ബ്രിട്ടീ ഷുകാർക്ക് പിന്തുണ നൽകുകയും ചെയ്തു.
19-ാം നൂറ്റാണ്ടിന്റെ്റെ അവസാനത്തിൽ, ബ്രിട്ടീഷ് മൂലധനം ഈ പ്രദേശത്തേക്ക് ഒഴുകാൻ തുടങ്ങിയത് കൊളോണിയൽ നിക്ഷേപങ്ങളുടെ കീഴിൽ ആദ്യം തോട്ടങ്ങൾ ആരംഭിക്കുന്നതിനും പിന്നീട് അത് മറ്റ് നിർമ്മാണ വ്യവസായങ്ങളിലേക്ക് വ്യാപിക്കുന്നതിനും വഴിവെച്ചു. വാണിജ്യവൽക്കരണ പ്രക്രിയ ചില തദ്ദേശീയ ജാതികൾക്കോ ഗ്രൂപ്പുകൾക്കോ ഗുണം ചെയ്തു. വടക്കൻ മലബാറിൽ തിയ്യകളും മാപ്പിള മുസ്ലീങ്ങളും ഇതിൽ നിന്ന് പ്രയോജനം നേടിയ ആ കാലഘട്ടത്തിൽ സാമൂഹികപരമായി അവർ ഉയർന്ന വളർച്ച നേടുന്നതായി കാണാം. 1792-ൽ ശ്രീരംഗപട്ടണം ഉടമ്പടിയോടെ മലബാർ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായി 15 ഇത് മലബാറിൽ നേരിട്ടുള്ള ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൻ്റെ തുടക്കം കുറിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ആദ്യ വർഷങ്ങളിൽ തന്നെ മലബാറിൽ ജാതിവിവേചന നിയമങ്ങൾക്ക് നിയമപരമായ അംഗീകാരം നഷ്ടപ്പെട്ടു. സ്‌കൂളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും എല്ലാ സമുദായ ങ്ങൾക്കും പ്രവേശനം സാധ്യമായി. ചില തിയ്യകളും (ഹിന്ദു ജാതികളിൽ ഒന്ന്) മാപ്പിള ന്മാരും (മലബാർ മുസ്ലീങ്ങൾ) സ്‌കൂൾ സംവിധാനത്തെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തി മികച്ച തൊഴിൽ നേടിയെടുക്കുകയും സർക്കാർ സേവനങ്ങളിലും മറ്റും ഭാഗഭാക്കാവുകയും ചെയ്‌തതിലൂടെ സമൂഹത്തിൻ്റെ ഉന്നതശ്രേണിയിലേക്ക് ഉയർന്നുവന്നു.
തദ്ദേശീയ, ബ്രിട്ടീഷ് വ്യാപാര പ്രവർത്തനങ്ങളുടെ ഒരു പ്രധാന കേന്ദ്രമായ തലശ്ശേരി ഒരു സാമൂഹിക-സാംസ്‌കാരിക പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. വിദ്യാഭ്യാസം, സാഹിത്യം, നീതിന്യായ വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ ഇത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്‌ടിച്ചു. ഇന്ത്യയിലെ ആദ്യത്തെ ബേക്കറി ആരംഭിച്ചത് തലശ്ശേരിയിലാ ണ്. 'മാമ്പള്ളി ബാപ്പു' ആൻഡ് സൺസ്, 1880-ൽ ഒരു ബിസ്‌കറ്റ് കമ്പനി ആരംഭിച്ച ബാപ്പു, തൻ്റെ മധുരപലഹാര ഉൽപ്പന്നങ്ങളിലൂടെ വിദേശികളെ ആകർഷിച്ചു. ഇംഗ്ലണ്ടിൽ നിന്നുള്ള ബേക്കറികളിൽ നിന്ന് കേക്കിൻ്റെ രുചി പഠിച്ച അദ്ദേഹം അയൽക്കാരുടെ സഹകരണത്തോടെ ബിസ്ക്കറ്റും ബ്രെഡും ഉണ്ടാക്കി. 1883 ഡിസംബർ 20, ഇന്ത്യയുടെ ബേക്കറി വ്യവസായ ചരിത്രത്തിലെ ഒരു സുപ്രധാന ദിവസമാണ്. ഇംഗ്ലീഷ് ഓഫീസർ ബ്രൗൺ ഇംഗ്ലണ്ടിൽ നിന്ന് ബാപ്പുവിന് ഒരു കേക്ക് കൊണ്ടുവന്നു. ബാപ്പു അത് മണത്ത് അതിൻ്റെ ഘടനയും ചേരുവകളും മനസ്സിലാക്കി. അങ്ങനെ 1883-ൽ ബാപ്പു ആദ്യത്തെ കേക്ക് ചുട്ടു. ഒന്നാം ലോകമഹായുദ്ധസമയത്ത് മാമ്പള്ളി ബേക്കറിയിൽ നിന്നുള്ള മധുരപലഹാരങ്ങൾ ഈജിപ്ത്‌തിലേക്കും സൈനികർക്കും അയച്ചു16
ഇന്ത്യയിൽ സാധാരണക്കാർ ആദ്യമായി ക്രിക്കറ്റ് കളിച്ചത് തലശ്ശേരിയിലാണ്. മുംബൈയിലും (അന്ന് ബോംബെ) കൊൽക്കത്തയിലും (അന്ന് കൊൽക്കത്ത) ഇംഗ്ലീഷുകാരും മറ്റ് സ്ഥലങ്ങളിൽ മഹാരാജാക്കന്മാരും മാത്രമാണ് ക്രിക്കറ്റ് കളിച്ചത്. ഇന്ത്യയിൽ, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നാവികർ 1721-ൽ കാംബെയിൽ ക്രിക്കറ്റ് കളിച്ചതായി റിപ്പോർട്ടുണ്ട്. രാജ്യത്ത് അരങ്ങേറിയ ആദ്യത്തെ ക്രിക്കറ്റ് ഒരുപക്ഷേ ഇതായിരി ക്കണം.
പക്ഷേ, ഇന്ത്യക്കാർ ആരും ഈ കളിയിൽ ചേർന്നിരുന്നില്ല. 1792-ൽ കൽക്കട്ട ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു, എന്നിട്ടും ഒരു ഇന്ത്യക്കാരനും ക്രിക്കറ്റ് കളിച്ചതായി റിപ്പോർട്ടില്ല.17 1792-ൽ മലബാർ മദ്രാസ് പ്രസിഡൻസിയുടെ ഭരണത്തിൽ കീഴിലായി.
തുടർന്ന് കേണൽ ആർതർ വെല്ലസ്ലിയെ മലബാറിലും കാനറയിലും മൈസൂരിലും ബ്രിട്ടീഷ് സേനയുടെ കമാൻഡറായി നിയമിച്ചു. തലശ്ശേരിയിലെ ഇംഗ്ലീഷുകാർ പ്യൂൺമാരെയും, മേധാവികളേയും, മത്സ്യത്തൊഴിലാളികളേയും അവരോടൊപ്പം ക്രിക്കറ്റ് കളിക്കാൻ കൊണ്ടുപോയി. പിന്നീട് വെല്ലിംങ്ടൺ ഡ്യൂക്കായ ആർതർ വെല്ല സ്ലി, പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാന ദശകത്തിൽ തലശ്ശേരിയിൽ ക്രിക്കറ്റ് അവതരിപ്പിച്ചു.18
തലശ്ശേരി കോട്ടയിൽ കാവൽ ഏർപ്പെടുത്തിയിരുന്ന ബ്രിട്ടീഷ് പട്ടാളക്കാർക്കായി ലോർഡ് ആർതർ വെല്ലസ്ലി കേരളത്തിൽ ഈ കളി അവതരിപ്പിച്ചതായി വിശ്വസിക്കപ്പെടുന്നു. അക്കാലത്ത് അദ്ദേഹം മലബാറിലെയും കാനറയിലെയും മൈസൂരിലെയും ബ്രിട്ടീഷ് സേനകളുടെ കമാൻഡറായിരുന്നു.19 1917-ൽ ഒന്നാം ലോകമഹായുദ്ധകാലത്ത് ഫണ്ട് സ്വരൂപിക്കുന്നതിനായി ഈ മൈതാനത്ത് ഒരു പ്രദർശനം മത്സരം നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വം സ്ഥാപിച്ചിടത്തെല്ലാം വിനോദത്തിനായി അവർ ക്രിക്കറ്റ് കളി ആരംഭിച്ചു. ക്രമേണ സ്ഥിരതാമസമാക്കിയിട ത്തെല്ലാം അവർ ക്രിക്കറ്റ് ക്ലബ്ബുകൾ സ്ഥാപിച്ചു. ലോർഡ് ആർതർ വെല്ലസ്ലി തന്റെ സഹപ്രവർത്തകരോടൊപ്പം തലശ്ശേരി മൈതാനത്ത് ക്രിക്കറ്റ് കളിച്ചിരുന്നു. കേരളത്തിലെ ബ്രിട്ടീഷ് ഭരണപ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്ന തലശ്ശേരിയിൽ ധാരാളം ബ്രിട്ടീഷ് ഭരണ ഉദ്യോഗസ്ഥരും വ്യാപാരികളും പ്ലാൻ്റർമാരും സ്ഥിരതാമസമാ ക്കിയിരുന്നു. മലബാർ, നീലഗിരി, കോയമ്പത്തൂർ, സൗത്ത് കാനറ എന്നിവിടങ്ങളിലെ ജില്ലാ കോടതികൾ പ്രവർത്തിച്ചിരുന്നത് ഇവിടെ നിന്നാണ്. ഡിസംബർ മാസങ്ങളിൽ മറ്റ് അയൽ ജില്ലകളിൽ നിന്നുള്ള യൂറോപ്യന്മാരും ബ്രിട്ടീഷുകാരും സൂര്യസാന ത്തിന് (സൺ ബാത്ത്) വേണ്ടി മാത്രം തലശ്ശേരിയിൽ എത്തിയിരുന്നു. ക്രമേണ, ഈ സന്ദർശനങ്ങൾ തദ്ദേശവാസികളും ഇംഗ്ലീഷ് ടീമുകളും തമ്മിലുള്ള ക്രിക്കറ്റ് മത്സര ങ്ങൾക്ക് കാരണമായി.
1860 ടെല്ലിച്ചേരി ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. 1890-ൽ മലയാള മനോരമ പത്രത്തിൽ വന്ന ഒരു വാർത്തയിൽ കണ്ണൂരിൽ നടന്ന ടെലി ച്ചേരിയും കാനന്നൂർ (ഇപ്പോൾ കണ്ണൂർ) തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് പരാ മർശമുണ്ടായിരുന്നു. ആ മത്സരത്തിൽ പങ്കെടുത്ത മൂർക്കോത്ത് കുമാരൻ പറഞ്ഞത്, ആ മത്സരം കളിക്കാൻ 20 കിലോമീറ്ററിലധികം അകലെയുള്ള കണ്ണൂരിലേക്ക് നടന്നാണ് പോയതെന്നും, രാത്രി ഏറെവൈകിയാണ് അവർ കാൽനടയായി തിരിച്ചെത്തി യതെന്നുമാണ്.20 മംഗലാപുരം, കുടക്, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള 20 ടീമുകൾ തലശ്ശേരിയിൽ കളിച്ചു. അവിടെ നിന്നുള്ള തോട്ടമുടമകൾ വിദേശികളായ കളിക്കാരെയും കൊണ്ടുവന്നിരുന്നു. ഇടത്തിൽ, അച്ചാരത്ത്, മൂർക്കോത്ത്, മാമ്പള്ളി, പഴയ പാമ്പത്ത് തുടങ്ങി നിരവധി ക്രിക്കറ്റ് കുടുംബങ്ങൾ തലശ്ശേരിയിൽ ഉണ്ടായിരുന്നു. കേരള സർക്കസിന്റെ ജന്മസ്ഥലം എന്നും തലശ്ശേരി അറിയപ്പെടുന്നു. ക്രിക്കറ്റ് കളിച്ചിരുന്ന കീലേരി കുഞ്ഞിക്കണ്ണനെ കേരള സർക്കസിൻ്റെ പിതാവ് എന്നും വിളിക്കുന്നു. അദ്ദേഹം തലശ്ശേരിക്കാരനാണ്. ഹെർമൻ ഗുണ്ടർട്ടിൻ്റെ ബാസൽ ഇവാ ഞ്ചലിക്കൽ മിഷൻ സ്‌കൂളിൽ ജിംനാസ്റ്റിക്‌സ് പഠിപ്പിച്ചിരുന്ന ഒരു ആയോധനകല അധ്യാപകനായിരുന്നു കുഞ്ഞിക്കണ്ണൻ (1858-1939). 1901-ൽ കൊല്ലം നഗരത്തിനടു ത്തുള്ള ചിറക്കര എന്ന ഗ്രാമത്തിൽ കുഞ്ഞിക്കണ്ണൻ ഒരു അസ്സൽ സർക്കസ് സ്കൂളും ആരംഭിച്ചു. 1904 ൽ കുഞ്ഞിക്കണ്ണൻ്റെ ശിഷ്യരിൽ ഒരാളായ പരിയാലി കണ്ണൻ ഗ്രാൻസ് മലബാർ സർക്കസ് എന്ന സ്വന്തം കമ്പനി സ്ഥാപിച്ചു. അതിൻ്റെ ആയുസ്സ് രണ്ട് വർഷം മാത്രമായിരുന്നു. തലശ്ശേരിയിൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാലും ജോലിക്കുള്ള അവസരങ്ങൾ കുറവായിരുന്നതുകൊണ്ടും ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികൾ സർക്കസിൽ ചേർന്നു. ചിറക്കരയിലെ സർക്കസ് സ്കൂളിൽ നിന്ന് ഉയർന്നുവരുന്ന നിരവധി സർക്കസുകളിൽ ആദ്യത്തേത് മാത്രമായിരുന്നു ഇത്. താമസിയാതെ കേരളം ഇന്ത്യൻ സർക്കസിൻ്റെ കളിത്തൊട്ടിൽ എന്നറിയപ്പെട്ടു. തീർച്ചയായും തലശ്ശേരിയുടെ ചരിത്രം ഇന്ത്യയിലെ ക്രിക്കറ്റ്, സർക്കസ്, ബേക്കറി, വ്യവ സായം എന്നിവയുടെ ചരിത്രമാണ്.
Notes and References:
1. William Logan, Malabar Manuel, Vol.2, Madras,1951, p.cccvi.
2. K.P.Kannan, OF RURAL PROLETARIAN STRUGGLES-Mobilization and Organization of Rural Workers in South-west India,Oxford, 1988,p.40
3. M.R.Raghava Warrier, Keraleeya charitra manangal(Mal), Vallathol Vidyapeedom, Sukapuram, 1990, p.155
4. Hyder Ali ,father of Tipu Sultan invaded places like Chirakkal and other neighbouring areas in North Kerala in 1766. Most of the coastal villages suffered due to the lootings and plundering by the enemy.
Tellicherry as an English settlement maintained law and order and many people took
refuge in this settlement with their valuables.
5. Churia Vasudevan, The Keyis of Malabar,Tellicherry,1930,p.2.
6. K.K.N.Kurup and E.Ismail, The Keyis of Malabar-A Cultural study,Calicut,2008,p.12
7. Ibid.,p.10
8. Ibid.,p.22.
9. For details see Churia Vasudevan, op.cit.,pp.2-3.
10. T.Ray.Chaudhuri, Jan company in Coromandel ,1605-1690:A study in the Inter relation of European commerce and traditional economies, The Hague,1962,pp.214-15.
11. A.I.Chicherov, India:Economic development,pp-159-70
12. Ibid.,p.230.
13. K.K.N.Kurup and E.Ismail,op.cit.,p.26.
14. Ibid.,pp.20-23.
15. William Logan, op.cit., Vol.2, Madras, 1951,p.320
16. Thalasserry,Sarada Krishnayyarmemorial fine arts society smaranika(souvenir)p.93
17. Moorkoth Ramunny,Cricket in Tellicherry in Thalasserry,Sarada Krishnayyarmemorial fine arts society smaranika(souvenir),1930,p.140.
18. Ibid.
19. William Logan, op.cit.,p.527.
20. Thalassery, Sarada Krishnayyarmemorial fine arts society, smaranika(souvenir),1930,p.11
Dr.Sheeja P.C
Associate Professor of History,
Sri.C.Achutha Menon Govt. College,
Thrissur





Comments