top of page

ഗോത്ര പെൺ കവിതയുടെ രാഷ്ട്രീയം; ധന്യ വേങ്ങച്ചേരിയുടെ കവിതകളിൽ

ഡോ. എം എസ് മുരളി , ശ്രുതി വി.ജെ
ree

പ്രബന്ധ സംഗ്രഹം

 

ഗോത്ര ജീവിതം സാംസ്കാരികമായി അടയാളപ്പെടുത്തപ്പെട്ട ഒന്നാണ്.വ്യത്യസ്ത ഭൂവിഭാഗങ്ങളിൽ വ്യത്യസ്ത സാംസ്കാരിക അസ്തിത്വമുള്ള ഗോത്ര ജനതഅധിവസിക്കുന്നുണ്ട്.കേരളത്തിലും വ്യത്യസ്ത സാംസ്കാരിക സ്വത്വത്തിനുടമകളായ നിരവധി ഗോത്രജന വിഭാഗങ്ങൾ ഉണ്ട്. അത്തരം ജീവിതങ്ങളുടെ സാംസ്കാരികമായ അടയാളപ്പെടുത്തൽ ഉത്തരാധുനിക കാലഘട്ടത്തിൽശക്തമായി.സാഹിത്യം അതിനുള്ള മുഖ്യ മാധ്യമയായിരുന്നു. അത്തരംസാഹിത്യ കൃതികളുടെ സ്രഷ്ടാക്കൾ അധികവും പുരുഷന്മാരായിരുന്നു.എന്നാൽ ക്രമേണ ആ അവസ്ഥ മാറുകയും ഗോത്ര വനിതകൾ തങ്ങളുടെ ജീവിതങ്ങളെ  സാഹിത്യത്തിലൂടെ അവതരിപ്പിച്ചു തുടങ്ങുകയും ചെയ്തു .അത്തരം ആവിഷ്കാരങ്ങളിൽ കവിത എന്ന സാഹിത്യ രൂപത്തിനാണ്പ്രാമുഖ്യം.ഗോത്ര ജീവിതത്തിനകത്ത് പെൺ സാന്നിധ്യം എല്ലായിടത്തുമുണ്ട്. സർഗാത്മകമായും പ്രതിരോധാത്മകമായും സ്ത്രീകളെ അംഗീകരിക്കാൻ ഇന്നും സമൂഹം പൂർണ്ണമായുംതയ്യാറാകാത്തഒരു കാലത്താണ് ഗോത്ര പെൺ കവിതകളുടെരാഷ്ട്രീയ പ്രാധാന്യം വർധിക്കുന്നത്.  നിരവധി ഗോത്രവർഗ്ഗ കവയിത്രികൾഇന്ന് മുഖ്യധാര സാഹിത്യത്തോടൊപ്പം അറിയപ്പെടുന്നുണ്ട്. അക്കൂട്ടത്തിൽ ഏറെ പ്രശസ്തയാണ്ധന്യവേങ്ങച്ചേരി .ഗോത്രജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ  തങ്ങളുടെ അഭിലാഷങ്ങളും കാഴ്ചപ്പാടുകളും പ്രതിരോധങ്ങളും അതിജീവനങ്ങളും തിരിച്ചറിവുകളുമെല്ലാം കവയിത്രി തുറന്നെഴുതുന്നു.ധന്യ വേങ്ങച്ചേരിയുടെ കവിതകളെ രാഷ്ട്രീയ വായനയ്ക്ക് വിധേയമാക്കാനാണ് ഈ പ്രബന്ധത്തിലൂടെ ശ്രമിക്കുന്നത്


താക്കോൽ വാക്കുകൾ

 

 രാഷ്ട്രീയവായന, ഗോത്രകവിത, പ്രതിരോധം, സ്ത്രീപക്ഷ സമീപനം,പാരിസ്ഥിതികബോധം


ലോകത്തെവിടെയുംസാഹിത്യം പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും രാഷ്ട്രീയമാർഗ്ഗമായിമാറാറുണ്ട്. പ്രത്യേകിച്ച്കവിതഎന്ന സാഹിത്യരൂപം.കവിതയുടെ സ്വാധീനശക്തിരാഷ്ട്രീയമായും സാംസ്കാരികമായുംപരീക്ഷിച്ചറിഞ്ഞിട്ടുള്ളതാണ്.അടിച്ചമർത്തപ്പെട്ടവരുടെയും മാറ്റിനിർത്തപ്പെട്ടവരുടെയും അതിജീവന പ്രക്രിയയിലെ ശക്തിസ്രോതസ്സായി കവിത മാറി.അത്തരംബോധ്യം വളരെ പിന്നീടാണെങ്കിലും മലയാള സാഹിത്യവും തിരിച്ചറിഞ്ഞു.ബഹുസ്വരതയുടെ ആഖ്യാന തലങ്ങൾ സവിശേഷമായി അടയാളപ്പെട്ടുതുടങ്ങിയ ഉത്തരാധുനികതയുടെ കാലത്ത് കവിതയുടെ രാഷ്ട്രീയ പ്രാധാന്യം മലയാളത്തിലും പ്രകടമായി.ആ ഘട്ടത്തിലാണ്ഗോത്രകവിതകൾ സവിശേഷ പ്രാധാന്യത്തോടെ വായിക്കാനും പഠിക്കാനും തുടങ്ങിയത്.

ആദിവാസികളായ മനുഷ്യരെകുറിച്ചും അവരുടെ സാംസ്കാരിക സ്വത്വത്തെ കുറിച്ചുംചരിത്രപരമായ പ്രാധാന്യത്തെ കുറിച്ചുംപൊതുസമൂഹത്തിന് ധാരണകൾ ലഭ്യമായത് ഉത്തരാധുനിക കാലഘട്ടത്തിലാണ്. അവരെ കുറിച്ചുള്ള ആഖ്യാനങ്ങൾ പലതുംമുൻപും ഉണ്ടായിട്ടുണ്ട്.എന്നാൽ ജാതികൊണ്ടും, സാമ്പത്തിക നിലകൊണ്ടും അധികാരം കൊണ്ടുംഎല്ലാ അവകാശ ആനുകൂല്യങ്ങളും അനുഭവിക്കുന്ന ആദിവാസ്യേതരരായ എഴുത്തുകാരുടെ കണ്ണിലൂടെ കാണുന്ന ജീവിതമല്ല യഥാർത്ഥത്തിൽ അവരുടേത്.ഗോത്ര മനുഷ്യരുടെ അനുഭവങ്ങൾ പൊതു സാമൂഹിക ജീവിതത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ്.അവകാശ ബോധമോ അധികാര മോയില്ലാത്ത ആമനുഷ്യർ പൊതുവിടങ്ങളിൽ നിന്ന് അകന്ന്ജീവിക്കേണ്ടിവന്ന ചരിത്രപരമായ സാഹചര്യം പ്രധാനപ്പെട്ടതാണ്.ആ മനുഷ്യരുടെ അനുഭവങ്ങൾഫലപ്രദമായി ആവിഷ്കരിക്കാൻഅവർക്ക് മാത്രമേ കഴിയുകയുള്ളൂ.അവരെ ക്കുറിച്ചുള്ള എഴുത്തല്ല അവരുടെ എഴുത്താണ് വേണ്ടത്.അതിന് ദീർഘമായകാലഘട്ടം തന്നെ വേണ്ടിവന്നു.ഏതൊരു എഴുത്തും അനുഭവങ്ങളിലൂടെ ആവിഷ്കൃതമാകുമ്പോൾ കൂടുതൽ ആഴമുള്ളതാകുന്നു.അതിൻ്റെ സൂക്ഷ്മ രാഷ്ട്രീയത്തെക്കുറിച്ചുള്ള പഠനംവർത്തമാനകാല സമൂഹം ഏറെ പ്രാധാന്യത്തോടെ ആവശ്യപ്പെടുന്നു.

            സാഹിത്യം അതിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി നിരന്തരം സമൂഹത്തോട് സംവദിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സാമൂഹികം, സാമ്പത്തികം,തൊഴിൽ,വിദ്യാഭ്യാസം തുടങ്ങിയ സാംസ്കാരിക പ്രധാനമായ ഇടങ്ങളിലെല്ലാം അടിച്ചമർത്തപ്പെട്ടിരുന്ന ഒരു ജനതയ്ക്ക് നാവനക്കാൻ സാധിച്ചത് പുതിയ കാലത്തിൻ്റെ സവിശേഷതകളിൽ പ്രധാനപ്പെട്ടതാണ്. സ്വന്തം ഭാഷയും സ്വത്വവും അംഗീകരിക്കപ്പെടാത്ത സാമൂഹിക സ്ഥിതിയെ / നീതിയെ മറികടക്കുക എന്നത് ശ്രമകരമായിരുന്നു.അതിനുവേണ്ടിയുള്ള അതിശ്രമകരമായപോരാട്ടം വിദ്യാഭ്യാസം ലഭിച്ച ഗോത്ര ജനത നയിച്ചു.സാഹിത്യം എന്നത് അനുഭൂതികളുടെ ആവിഷ്കാരമല്ല എന്നും അത് അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൻ്റെ മാധ്യമമാണെമുള്ള ബോധ്യം ഗോത്രസാഹിത്യത്തെരാഷ്ട്രീയ പ്രാധാന്യമുള്ളതാക്കി മാറ്റി.അക്കൂട്ടത്തിൽ ഗോത്ര സ്ത്രീ ജീവിതാവിഷ്കാരംവും പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെട്ടു.രാഷ്ട്രീയമായി പാർശ്വവൽക്കരിക്കപ്പെട്ട ഗോത്ര ജനവിഭാഗങ്ങളിലെ സ്ത്രീകളുടെ ജീവിതം ഇതര വിഭാഗങ്ങളിലെ സ്ത്രീകളുടേതിൽ നിന്ന് തുലോം വ്യത്യസ്തമായിരുന്നു.അത് ആവിഷ്കരിക്കാൻ ആ വിഭാഗങ്ങളിലെ സ്ത്രീ എഴുത്തുകാർ തന്നെ വേണ്ടിവന്നു.

            ആധുനികതയ്ക്ക് ശേഷം സ്ത്രീ കേന്ദ്രിത രചനകൾ സാഹിത്യത്തിൽ ധാരാളമായി കടന്നുവന്നെങ്കിലും ഗോത്ര സ്ത്രീകളോ അവരുടെ ജീവിത പരിസരമോ എവിടെയും ചർച്ച ‘ചെയ്യപ്പെട്ടില്ല.അതിനുള്ള രാഷ്ട്രീയ സാഹചര്യവും ഉണ്ടായിരുന്നില്ല. സ്ത്രീയെന്ന നിലയിലും ആദിവാസി എന്ന നിലയിലും അവർ അവഗണിക്കപ്പെട്ടു. യഥാർത്ഥത്തിൽ സാഹിത്യവും സമൂഹവും ഒന്നടങ്കം മാറ്റിനിർത്തിയ ഗോത്ര വർഗ്ഗ സ്ത്രീകളുടെ ഉയർത്തെഴുന്നേൽപ്പും ചെറുത്തുനിൽപ്പും ആയിരുന്നു ഒരർത്ഥത്തിൽഗോത്ര ആദിവാസി ഊരുകളിലെ ജീവിതങ്ങളുടെ നേർക്കാഴ്ചകൾ ആവിഷ്കരിക്കാൻ കാവ്യപ്രതിഭയുള്ളപെൺ കവികളുടെ ഒരു ഉയർന്നു വന്നിട്ടുണ്ട്.അവരുടെ വാക്കുകളിലൂടെ വിതയ്ക്കുന്ന തീക്കാറ്റുകൾ രാഷ്ട്രീയ പ്രാധാന്യമുള്ളവയാണ്.കേവലം വാമൊഴി മാത്രമുള്ള ഭാഷകളിലെ പദങ്ങളെ വരമൊഴിയിലേക്ക്സന്നിവേശിപ്പിച്ച് സൃഷ്ടിക്കുന്ന കാവ്യലോകം അമ്പരപ്പിക്കുന്നതാണ്.കവിത കൊണ്ടു മുന്നേറിയ ഗോത്ര ആൺ കവികൾക്ക് പിന്നാലെയാണ് ഇവരുടെ രംഗപ്രവേശമെങ്കിലും ഇവർ ഇപ്പോൾ ബഹുദൂരം മുന്നിലാണ്.അത്തരം പെൺ കവികളുടെ ഒരു നീണ്ട നിര തന്നെയുണ്ട്.വാമൊഴി മാത്രമുള്ള കാട്ടുനായ്ക്ക ഭാഷയെലിപ്യന്തരണം ചെയ്ത് കവിതകൾ എഴുതുന്ന ബിന്ദു ഇരുളം,ലിജിന കടുമേനി, രമ്യ ബാലകൃഷ്ണൻ,ഗ്രീഷ്മ കണ്ണോത്ത്,ശ്രീജശ്രീ വയനാട്,ഉഷ എസ് പൈനിക്കര തുടങ്ങിയ എത്രയോ പേർ ആ നിരയിലുണ്ട്. ധന്യ വേങ്ങച്ചേരി എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ച ഗോത്ര പെൺ കവിതകൾ -എന്ന പുസ്തകം അതിന് സാക്ഷ്യം നൽകുന്നു. അവർക്ക് പറയാൻ പലതുണ്ട്.പാരിസ്ഥിതിക ചൂഷണം, സ്ത്രീ ചൂഷണം,വീടിൻ്റെ രാഷ്ട്രീയം,സമൂഹത്തിൻ്റെ രാഷ്ട്രീയം,ഉടലിൻ്റെ രാഷ്ട്രീയം,അധികാരാധിനിവേശത്തിന്റെ രാഷ്ട്രീയംഎന്നിങ്ങനെ നീളുന്നു അവർക്ക് ആവിഷ്കരിക്കാനുള്ള പ്രമേയങ്ങളുടെ പട്ടിക..


             ഗോത്രപെൺകവികൾ തങ്ങളുടെ പരിസ്ഥിതിയെയും ജീവിതത്തെയും സംസ്കൃതിയെയും സവിശേഷമായിഅടയാളപ്പെടുത്തന്നു.അന്യർക്ക് അപരിചിതമായ ജീവിതത്തിൻറെ നേർക്കാഴ്ചകളെ അതിജീവനത്തിന്റെ ഭാഷ ഉപയോഗിച്ച് വരച്ചിടുന്നു.തങ്ങളെ കീഴ്പ്പെടുത്തുന്നപ്രതിലോമകരമായ വ്യവസ്ഥിതിയെ കുടഞ്ഞെറിയുകയും പ്രതിരോധത്തിന്റെയുംപ്രതീക്ഷയുടെയും വ്യവസ്ഥിതിയെ രൂപപ്പെടുത്തുകയാണ് അവർ ആ ഭാഷയിലൂടെ ചെയ്യുന്നത്.അത് അവർക്കു മാത്രം നിർവഹിക്കാൻ കഴിയുന്ന രാഷ്ട്രീയ ദൗത്യമാണ്.അത്തരം എഴുത്തുകാരികളിൽ പ്രമുഖയാണ് ധന്യാവേങ്ങച്ചേരി.

ഗോത്ര പെൺ കവിതകൾക്ക് മാതൃകയായി ധന്യ വേങ്ങച്ചേരിയുടെ ആദ്യ കവിതാ സമാഹാരമായ മിരെനീര് പ്രസിദ്ധീകരിക്കപ്പെട്ടു.ഗോത്രപെൺ കവിതകളുടെ ദിശാസൂചിയുടെ അടയാളപ്പെടുത്തലായി ആ സമാഹാരത്തെ കാണാം. ഗോത്രവർഗ്ഗ രാഷ്ട്രീയം സമൃദ്ധമായി ആവിഷ്കരിക്കുന്ന കവിയാണ് ധന്യ വേങ്ങച്ചേരി.പ്രത്യക്ഷത്തിൽ ലളിതമെന്ന് തോന്നുമെങ്കിലും ആവിഷ്കാര മികവുകൊണ്ട് ഭാഷയുടെ മൂർച്ച കൊണ്ട്  പോരാട്ട രാഷ്ട്രീയം അവ പങ്കുവെക്കുന്നു. ഒഞ്ചി ഉണ്ടത്തെ കഥെ (ഒരു ഉരുളയുടെ കഥ ) തൊടക്കള ഒടുക്കള (തുടക്കവും ഒടുക്കവും ) ഉട്ങ്ക ല് ത്ത കുപ്പായം (ഉണക്കമീനിന്റെ കുപ്പായം)വിറക് കൊണ്ടുപോകുന്ന പെൺകുട്ടി തുടങ്ങിയ കവിതകൾ സൂക്ഷ്മമായി പരിശോധിച്ചാൽ സൂക്ഷ്മ രാഷ്ട്രീയത്തിന്റെ ആഖ്യാനം എപ്രകാരമാണ് അടരടരായ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് കാണാം.

 

മാവിലൻ തുളു ഭാഷയിൽ എഴുതുന്ന ധന്യ വേങ്ങച്ചേരി  തന്റെ കവിതകളിലൂടെ ഗോത്ര സ്ത്രീകളുടെ കണ്ണിലൂടെ കാണുന്ന കാടും പ്രകൃതിയും ജീവിതവും പ്രത്യാശകളും ആകുലതകളും ചിത്രീകരിക്കുന്നു. മാതൃഭാഷയും സാഹിത്യഭാഷയും തമ്മിലുള്ള സംഘർഷങ്ങളും കവിതയിൽ തെളിഞ്ഞു കാണാം. മുഖ്യധാര സമൂഹത്തിൽ നിന്നും പൂർണ്ണമായി മാറ്റിനിർത്തപ്പെട്ട ആദിവാസി സമൂഹത്തിന് സ്വന്തം ഭാഷയിൽ നിന്നുകൊണ്ട് ജീവിതാവിഷ്കാരം സാധ്യമാക്കാൻ കഴിയാതെ വന്നു.അതു കൊണ്ടു തന്നെ കവിതയും സാഹിത്യവും അവരുടെ നിലനിൽപ്പിന്റെ കൂടെ അവിഭാജ്യ ഘടകമാണ്.

           

വാത്മീകിയുടെയോ എഴുത്തച്ഛന്റെയോ കണ്ണശ്ശന്മാരുടെയോ രാമായണ വായനകൾ അല്ല ധന്യ തന്റെ രാമായണം എന്ന കവിതയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഇവിടെ ഭക്തിക്കും വീര രസത്തിനും സാഹസികതകൾക്കും സവർണ്ണ ഭാഷയ്ക്കും പ്രാധാന്യമില്ല.പുരാണങ്ങളിലെ ദൈവ ബിംബങ്ങൾ ആരും തന്നെ ആദിവാസികളുടെ ജീവിത പരിസരങ്ങളിൽ വെളിച്ചം നൽകിയിട്ടില്ല.അത്തരം ദൈവസങ്കൽപങ്ങൾ ഗോത്ര മനുഷ്യരെ ജീവിത പ്രതിസന്ധികളിൽ നിന്നും കൈപിടിച്ചുയർത്താനും ഉണ്ടായിട്ടില്ല.


അവരെന്നോട്

രാമായണത്തെക്കുറിച്ചും

രാമനെക്കുറിച്ചും ചോദിച്ചു

എനിക്ക് രാമായണവും

അതിലെ രാമനെ കുറിച്ചും

ഒന്നും അറിയില്ല        (രാമായണം)

 

തന്റെ വംശ ചരിത്രത്തിൽ രാമായണത്തിലെ രാമന് കഥകളിൽ പോലും സ്ഥാനമില്ലെന്ന് കവയത്രി ഓർമ്മിപ്പിക്കുന്നു. തിരസ്കൃതരായ ഒരുപറ്റം മനുഷ്യർക്ക് എങ്ങനെയാണ് ഇത്തരം ഹൈന്ദവ മത ഗ്രന്ഥങ്ങൾ തുണയാവുക!

എന്റെ കറുത്ത രാമൻമാരെയാണ്

അവരെക്കുറിച്ച് ആരും

ഒന്നും എവിടെയും

എഴുതിയില്ല.

അവർക്കുവേണ്ടി അമ്പലവും പൂജയും പണിതില്ല.(രാമായണം)


ചരിത്രത്തിൽ എവിടെയും അടയാളപ്പെടുത്താതെ പോയ മനുഷ്യ ജീവിതത്തെ കുറിച്ചാണ് കവയത്രി ഇവിടെ സൂചിപ്പിക്കുന്നത്. ഇതുതന്നെയാണ് കാലങ്ങൾക്ക് മുൻപേ കുമാര ഗുരുദേവൻ തന്റെ വംശ ചരിത്രങ്ങൾ ഒരിടത്തും കാണാത്തതിനെ പറ്റിയും അനേകം വംശങ്ങളുടെ ചരിത്രങ്ങൾ എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നതിനെ കുറിച്ചും പറഞ്ഞുവെച്ചത്. കവയത്രി മുന്നോട്ടുവയ്ക്കുന്ന കറുത്തരാമൻമാർ എന്ന രൂപകം യഥാർത്ഥത്തിൽ ആഴമേറിയതാണ്. ജാതിപരമായും വർണ്ണപരമായും അവർ അനുഭവിക്കുന്ന അസമത്വത്തിന്റെ പ്രതീകമാണ് അത്.ഊഴിയിൽ ചെറിയവർക്ക് അറിയാനായി ചീരാമകവി പാടി വന്ന കവിതാ സാഹിത്യ ചരിത്രം പിന്നീട് ആദിവാസികളെ അവഗണിക്കുകയായിരുന്നു. ദളിതരായ / അധ:സ്ഥിതരായ തന്റെ കറുത്തരാമന്മാരെ കുറിച്ച് ഇന്നേവരെ ഒരിടത്തും ആരും പറയാത്തതിന്റെ ആത്മരോഷം കവയത്രിയിൽ ഉണ്ട്. രാമനും രാമക്ഷേത്രങ്ങളും വാഴ്ത്തപ്പെടുന്ന സമകാലിക രാഷ്ട്രീയം ഒരിക്കലും ഇത്തരം മനുഷ്യരെ പരിഗണിക്കുന്നില്ല. അതുകൊണ്ടുതന്നെ ധന്യ വേങ്ങച്ചേരിയുടെ ‘രാമായണം’ മുൻ രാമായണ ആഖ്യാനങ്ങളെ റദ്ദാക്കുന്നു.

            “മഴപെയ്യുമ്പോൾ” എന്ന കവിതയിൽ തങ്ങളുടെ ശബ്ദം ഉരുക്കി അടച്ച സമൂഹത്തെയാണ് കവയത്രി ചോദ്യം ചെയ്യുന്നത്.

“തൊണ്ടയിൽ നിന്ന് ശബ്ദം

                        ആരാണ് ഉരുക്കിയ അടച്ചത്

ഞാനോ 

നീയോ

                        നിങ്ങളോ”(മഴപെയ്യുമ്പോൾ)


സമൂഹ ശരീരത്തിൽ നിന്ന് വിച്ഛേദിക്കപ്പെട്ട ഒരു ജനവിഭാഗം തങ്ങളുടെ സ്വത്വബോധവും പ്രതിഷേധവും രേഖപ്പെടുത്തുകയാണ് ഇവിടെ. ഇടമില്ലാത്തവരുടെ ഇടവും ശബ്ദമില്ലാത്തവരുടെ ശബ്ദവും ആണ് ഗോത്ര കവിത. അതുകൊണ്ടുതന്നെ അവരുടെ ഭാഷയും സാഹിത്യവും പാരമ്പര്യ മൂല്യ സങ്കൽപങ്ങളെ നിരാകരിക്കുന്നു. അവരുടെ ഭാഷയ്ക്ക് കിരീടവും വെൺചാമരങ്ങളും ആവശ്യമില്ല.

            തങ്ങളുടെ നാക്കറുത്ത ഉരിയാടാനുള്ള അവകാശം പോലും നിഷേധിച്ച അധികാര വർഗ്ഗത്തോട് കവയത്രി ഇവിടെ പ്രതികരിക്കുന്നു. ഗോത്രത്തിനകത്ത് നിന്നുകൊണ്ടുതന്നെ തങ്ങൾക്കെതിരെയുള്ള ചൂഷണങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് ഇവിടെ.

            ‘കാവൽ’ എന്ന കവിത പങ്കുവെക്കുന്ന ആശയലോകം മറ്റൊന്നാണ്. അവരുടെ ജീവിത ചുറ്റുപാട് കാടും മണ്ണും ചെളിയും കൃഷിയും മൃഗങ്ങളും മരങ്ങളും ചേർന്നതാണ്. കവയത്രി താൻ ഞാറിന് കാവിൽ നിന്ന് കാലുകൾ നഷ്ടപ്പെട്ടതിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് കവിത തുടങ്ങുന്നത്. തമ്പ്രാന്റെ പാടത്ത് വരമ്പ് മുഴുവനും കൊത്തിയൊതുക്കുമ്പോൾ ഒരു ഇല വാടി പഴുത്തുവീണ പോലെ തന്റെ കണ്ണുകൾ നിർജീവമായെന്നും ചിറകെട്ടി കഴിഞ്ഞപ്പോൾ തന്റെ കാതുകൾ നിലച്ചെന്നും,ഓലമടഞ്ഞു മടഞ്ഞു തന്റെ സ്വത്വം തന്നെ നഷ്ടമായെന്നും പറയുന്നു. പണിയെടുക്കാൻ മാത്രം വിധിക്കപ്പെട്ട സമൂഹത്തിന്റെ,ഏറ്റവും താഴെത്തട്ടിൽ ഉള്ള മനുഷ്യരുടെ ജീവിതാവസ്ഥയുടെ നേർ ചിത്രമാണിത്. രാവന്തിയോളം പണിയെടുത്ത് സ്വന്തം ജീവനും ജീവിതവും മേലാളർക്ക് പണയം വെച്ചാണ് ആദിവാസികൾ ജീവിച്ചിരുന്നത്. സദാസമയം മണ്ണുമായി ചേർന്ന ഗോത്ര മനുഷ്യർക്ക് ഒടുവിൽ ആ മണ്ണിൽ നിന്നും കാടകങ്ങളിൽ നിന്നും പുറത്താക്കപ്പെടുന്നതിന്റെ ആത്മരോഷമാണ് ഈ കവിതയിൽ നിഴലിക്കുന്നത്.

                        കാട് കൊത്തുന്നവന്റെ കാലറുക്കാൻ

                        കാട് കക്കുന്നവന്റെ കഴുത്തറുക്കാൻ.(കാവൽ)

ഈ കവിതയുടെ മറ്റൊരു മാതൃക കടമ്മനിട്ടയിൽ കാണാം:

‘വേട്ടക്കാരവരുടെകൈകൾ

വെട്ടുംഞാൻ കൽമഴുവോങ്ങി

മലതീണ്ടിയശുദ്ധംചെയ്തവർ

തലയില്ലാത്ത തൊഴുകണമാറ്റിൽ “

    (കിരാതവൃത്തം)

രണ്ടും രണ്ടു തരത്തിലുള്ള ആവിഷ്കാരങ്ങളാണ്.രണ്ട് കാലഘട്ടത്തിൻ്റേത്.ഒന്ന്കൊണ്ടതിന്റെയും (ധന്യവേങ്ങച്ചേരി) മറ്റൊന്ന് കണ്ടതിന്റെയും (കടമ്മനിട്ട )

 

 കാടിനെയും പ്രകൃതിയെയും അവരുടെ ആവാസ വ്യവസ്ഥയെ തന്നെയും ഇല്ലാതാക്കുന്ന അധികാര വർഗ്ഗത്തെ മറികടക്കാൻ തങ്ങൾ കരുതിയിരിക്കണം എന്ന് തന്റെ കൂട്ടാളികൾക്ക് കവയിത്രി മുന്നറിയിപ്പ് നൽകുന്നു.കാട് കാക്കുകഎന്നുള്ളത് കാട് കക്കാൻ വരുന്നവരെ തുരത്തിയോടിക്കുക എന്നുള്ളതാണ്. പ്രകൃതിയുടെതാക്കോൽ സൂക്ഷിപ്പ് തങ്ങളുടെ രാഷ്ട്രീയ ദൗത്യം ആണെന്ന് ഇത്തരം കവിതകൾ ആവർത്തിച്ചു ബോധ്യപ്പെടുത്തുന്നു. വനശോഭയുടെ ആകർഷണീയതയെ കുറിച്ച് കല്പനികമായി എഴുതുന്ന കവിതകളല്ല ഇത്.തങ്ങളുടെആവാസ വ്യവസ്ഥയെ  തകർക്കാൻവരുന്ന ലാഭേച്ഛുക്കളായ നവ മുതലാളിത്ത ദല്ലാളന്മാരോടുള്ള അടങ്ങാത്ത പ്രതിഷേധമാണ്

“അന്നു നമ്മൾ അടുത്തു നിന്നവ-

                        രൊന്നു നമ്മളെ ഓർത്തു രാപ്പകൽ

                        ഉഴവു ചാലുകൾ കീറി ഞങ്ങൾ

                        കൊഴുമുനയ്ക്കൽ ഉറങ്ങി ഞങ്ങൾ

                        തളർന്ന ഞങ്ങളെ വലയിലാക്കി

                        അടിമയാക്കി മുതുകുപൊള്ളിച്ചു

                        ഞങ്ങളെ ബുദ്ധിമങ്ങിച്ചു

                        നിങ്ങൾ ഭരണമായി. (കുറത്തി)


            മലയാള കവിത കാല്പനികതയിൽ ആറാടിക്കൊണ്ടിരുന്ന കാലത്ത് നിങ്ങൾ എന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നുവോ നിങ്ങളവരുടെ നിറഞ്ഞ കണ്ണുകൾ ചൂഴ്ന്നെടുക്കുന്നുവോ എന്ന് ഉറക്കെ പാടിക്കൊണ്ട് മലയാള കവിതയുടെ ലോകത്തേക്ക് നടന്നുവന്ന കവിയാണ് കടമ്മനിട്ട. മുകളിലെ വരികൾക്ക് കാവൽ എന്ന ധന്യവേങ്ങച്ചേരിയുടെ കവിതയുമായി സാമ്യം തോന്നാം. കാലങ്ങൾക്ക് മുൻപേ കടമ്മനിട്ട പറഞ്ഞുവെച്ച കാര്യങ്ങൾക്ക് ഇന്നും മാറ്റമില്ല. ജീവനും ജീവിതത്തിനും നിലനിൽപ്പിനും വേണ്ടി ഇന്നും അടിസ്ഥാനവർഗ്ഗം പൊരുതുകയാണ്. പണിയെടുക്കാനും ശിക്ഷകളും ശകാരങ്ങളും ദ്രോഹങ്ങളും വിശപ്പും ഏറ്റുവാങ്ങാനും പാവപ്പെട്ട ഈ ജനങ്ങൾ ബലിയാടാവുന്നു. ജീവിത പ്രയാസങ്ങളിൽ തളർന്നുപോയി ഇവരെ അടിമകളാക്കി അധികാരത്തിന്റെ സകലമാന ഏറുകളും അവരിൽ അടിച്ചേൽപ്പിക്കുകയും സ്വന്തം നിലത്തിൽ നിന്നും പണിയിടങ്ങളിൽ നിന്നും ആട്ടിപ്പായിക്കുകയും ചെയ്യുന്ന സമ്പന്ന വർഗ്ഗത്തെ തന്നെയാണ് ധന്യ വേങ്ങച്ചേരി  തന്റെ കവിതയിൽ കരുതിയിരിക്കുന്നത്. കടമ്മനിട്ട തന്റെ കവിതയിലൂടെ തന്റെ കറുത്ത മക്കളെ ചുട്ടുതിന്നവർക്ക് നേരെ ചോദ്യശരങ്ങൾ ഉയർക്കുകയാണെങ്കിൽ ധന്യാ വേങ്ങച്ചേരി അവരെ നേരിടാൻ തന്റെ ജനതയെ പ്രാപ്തയാക്കുകയാണ്.

ഇത്തരത്തിൽ തന്റെ ഭാഷയും സ്വത്വവും പ്രകൃതിയും ചുറ്റുപാടുകളും നഷ്ടപ്പെടുന്ന ഒരുപറ്റം മനുഷ്യരെ അവരുടെ ജീവിതത്തെ,അതിജീവനങ്ങളെ കവിതയിലൂടെ ധന്യ വേങ്ങച്ചേരി അടയാളപ്പെടുത്തുന്നു. ഇടമില്ലാത്തവരുടെ ഇടമായി ശബ്ദമില്ലാത്തവരുടെ ശബ്ദമായി ഗോത്ര പെൺകവിതകൾ നിറഞ്ഞുനിൽക്കുന്നു.കവിതയിലൂടെ നടത്തുന്ന ഇത്തരം പ്രതിരോധത്തിന്റെ രാഷ്ട്രീയം ഏറെ പ്രധാനപ്പെട്ടതാണ്.എല്ലാം അപഹരിക്കപ്പെട്ടവരുടെ ഇടയിൽനിന്ന് ഇത്തരം ഉയർത്തെഴുന്നേൽപ്പുകൾ ഉണ്ടാവുന്നത് സാംസ്കാരിക സമൂഹത്തിന് ആശ്വാസത്തിന് വക നൽകുന്നതാണ്.സാമൂഹ്യനീതി ഭരണഘടന ഉറപ്പു നൽകുന്ന ഒരു രാജ്യത്ത് അത് നിഷേധിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രതിഷേധം അനുഭവത്തിന്റെ തീച്ചൂളയിൽ മിനുക്കിയെടുത്ത അക്ഷരങ്ങൾ കൊണ്ട് കോറി യിടുമ്പോൾ അതിൻെറ  കാവ്യാത്മകമായ അനുരണത്തിനപ്പുറം രാഷ്ട്രീയമായ പ്രത്യാഘാതം ദീർഘകാലാടിസ്ഥാനത്തിൽ സംഭവിക്കുന്നു.ഗോത്ര വിഭാഗത്തിലെ കവയത്രികൾക്ക് കവിത എന്നത് വൈകാരിക രോമാഞ്ചം ഉണ്ടാക്കാനുള്ള മാധ്യമമല്ല;മറിച്ച് വീണ്ടെടുക്കലിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയുംരാഷ്ട്രീയ പ്രവർത്തനമാണ്.

ഗ്രന്ഥസൂചി

●       സുകുമാരൻ ചലിഗദ്ധ, സുരേഷ് എം മാവിലൻ,2021,ഗോത്ര കവിത, ഡി. സി ബുക്സ്, കോട്ടയം 

●       കടമ്മനിട്ട രാമകൃഷ്ണൻ,1983, കടമ്മനിട്ടയുടെ കവിതകൾ,ഡി. സി ബുക്സ്. കോട്ടയം 

●       ധന്യ വേങ്ങച്ചേരി,2023,ഗോത്ര പെൺ കവിതകൾ,ഇൻസൈറ്റ് പബ്ലിക്കേഷൻസ്

●       ധന്യവേങ്ങച്ചേരി, 2024,മിരെ നീര്, ചിന്താ പബ്ലിക്കേഷൻസ്,തിരുവനന്തപുരം.


ഡോ. എം എസ് മുരളി ,

അസോസിയേറ്റ് പ്രൊഫസർ, മലയാള വിഭാഗം, മഹാരാജാസ് കോളേജ്

ശ്രുതി വി.ജെ,

ഗവേഷക,മലയാള വിഭാഗം ,മഹാരാജാസ് കോളേജ്

 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page