top of page

ചെറുത്തു നില്പിന്റെ പ്രത്യയശാസ്ത്രം - ദലിത് സാഹിത്യം ഒരു പഠനം

Updated: Nov 15, 2024

സാഹിത്യപഠനം
യമുന ടി

"ദലിതർക്കു വേണ്ടി ദലിതരാൽ രചിക്കപ്പെടുന്ന ദലിതന്റെ സാഹിത്യമാണ് ദലിത് സാഹിത്യം"(കവിയൂർ മുരളി 2001:20). പ്രതികാരവാഞ്‌ച ജനിപ്പിക്കുക എന്ന മൗലികധർമ്മമാണ് അതിനുള്ളതെന്നും ദലിതർ ഇന്നും അനുഭവിക്കേണ്ടി വരുന്ന എല്ലാ ദുരിതങ്ങൾക്കുമെതിരെ പൊരുതുന്ന ഒരു ജനതയെ വാർത്തെടുക്കുകയാണ് അതിന്റെ ഉദ്ദേശ്യം എന്നും അദ്ദേഹം പറയുന്നു. ഉന്നതവർഗ്ഗത്തിൽ ജനിച്ചവർക്ക് ഒരിക്കലും ദലിത് സാഹിത്യം നന്നായി കൈകാര്യം ചെയ്യാൻ കഴിയില്ല .കാലാകാലങ്ങളായി ചൂഷണം അനുഭവിക്കുന്നവർക്കുമാത്രമേ ചൂഷിതന്റെ വേദനകൾ ശക്തമായി പ്രകാശിപ്പിക്കാൻ കഴിയൂ.വംശപരമായ വിവേചനങ്ങൾ നിരന്തരം നേരിടേണ്ടി വരുന്നവർ സമാനമായ വേദനയനുഭവിക്കുന്നവരെപ്രബുദ്ധരാക്കാനും പ്രക്ഷോഭകാരികളാക്കാനും വേണ്ടി പ്രേരിപ്പിക്കുന്ന എഴുത്തായിരിക്കണം ദളിത് സാഹിത്യകാരന്റേത്. തന്നെപ്പോലെ വേദനയനുഭവിക്കുന്നവരെ ആ ചിന്താധാരയിലേക്ക് കൊണ്ടുവരിക എന്ന ഉത്തരവാദിത്തവും ദലിത് സാഹിത്യകാരനുണ്ട്. ദലിത് സ്വത്വത്തിലൂന്നുന്ന സാഹിത്യത്തിന്റെ  ഉത്ഭവവും വികാസവും അംബേദ്ക്കറിൽ നിന്നാണാരംഭിക്കുന്നത്.  അതിനാൽ അംബേദ്ക്കറെ ദലിത് സാഹിത്യത്തിന്റെ പിതാവ് എന്നു വിളിക്കാം. ദലിതരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ദലിത് പ്രതിനിധികൾ തന്നെ വേണം എന്ന സന്ദേശം ശക്തമായുന്നയിച്ച രാഷ്ട്രീയ നേതാവുകൂടിയാണ് അദ്ദേഹം.ലണ്ടനിൽ വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടക്ക് അദ്ദേഹം ഭാര്യക്കെഴുതിയ എഴുത്തുകൾ സഹസ്രാബ്ദങ്ങളായി അനീതികൾ സഹിക്കുന്ന ഒരാളുടെ ഹൃദയത്തിലെ വേദനകളാണ്." ഈ മതപരമായ അടിമത്തത്തിന്റെ വേരുകൾ എനിക്ക് കണ്ടെടുക്കണം.ഈ സാമ്പത്തികവും സാമൂഹികവുമായ അധീശത്വത്തിന്റെയും മാനസിക അടിമത്തത്തിന്റെയും ഉദ്ഭവം കണ്ടെത്തണം. മനുഷ്യ ജീവിതത്തിൽ ഇവ മാറ്റമില്ലാതെ തുടരുകയാണ്. ഇവയെ പൂർണ്ണമായും കത്തിച്ച് ചാമ്പലാക്കണം. സമൂഹത്തിന്റെ ഓർമ്മയിൽ നിന്നും അനുഷ്ഠാനങ്ങളിൽ നിന്നും ഇവയെ എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യണം.നമുക്കു ചുറ്റും എപ്പോഴും ഇരുട്ടു മാത്രം. സങ്കടത്തിന്റെ ഒരു പെരും കടൽ. നമ്മുടെ സൂര്യോദയം നാം തന്നെ സൃഷ്ടിക്കണം. നമ്മുടെ പാത നാം തന്നെ നിർമ്മിക്കണം .ആ പാതയിലെ ദീപമാലകളും നാം തന്നെയാവണം. വിജയത്തിലേക്കുള്ള നമ്മുടെ സഞ്ചാരം ആ പാതയിലൂടെ തന്നെയായിരിക്കും. നമുക്കായി ഒരു ലോകമില്ല. നമ്മുടെ ലോകം നാം തന്നെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു(ടി.ടി. ശ്രീകുമാർ 2021: 20). അംബേദ്ക്കറിൽ നിന്നും പ്രചോദനമുൾക്കൊണ്ട ദലിതർക്ക് സ്വത്വബോധമുണരുകയും അനീതികൾക്കെതിരെ പ്രതികരിക്കുകയും ചെയ്തു.

ദലിത് സാഹിത്യം എന്ന വാക്ക് ഇന്ത്യയിൽരൂപം കൊള്ളുന്നത് 1958 ലെ ദലിത് എഴുത്തുകാരുടെ ബോംബെ സമ്മേളനത്തിലാണ്. 1969 ൽ " മറാത്താ വാഡാ " യുടെ ദീപാവലിപ്പതിപ്പിലാണ് ദലിത് സാഹിത്യം എന്ന സംജ്ഞ പ്രാധാന്യം നേടുന്നത്. വിപ്ലവത്തിന്റെ ആഹ്വാനങ്ങൾ അംബേദ്ക്കറിൽ നിന്നും കേട്ടു വളർന്നതുകൊണ്ട് ദലിത് പ്രസ്ഥാനത്തിന് മഹാരാഷ്ട്രക്കാരിൽ ശക്തമായ അടിത്തറയുണ്ടായി. ധാരാളം ദലിത് കവികളും പാട്ടുകാരും സാഹിത്യകാരന്മാരും അവിടെയുണ്ടായി. ഉന്നതരുടെ എതിർപ്പുകൾ അവഗണിച്ച് എഴുതാനും പാടാനും ദലിത് പാന്ഥേഴ്സ് എന്ന സംഘടന അവരെ സഹായിച്ചു. ദലിതരുടെവേദനയും പ്രതിഷേധവും പരിഹാസവും വിമർശനവുമെല്ലാം അവർ പല രീതിയിൽ ആവിഷ്ക്കരിച്ചു. ഹിന്ദുമതത്തിലെ ജാതി ചിന്തകൾ ദലിത് ജീവിതം എത്രമാത്രം ദുസ്സഹമാക്കിയിരുന്നു എന്നും ദലിതനെ എങ്ങനെ മുഖ്യധാരയിലേക്ക് കൊണ്ടു വരാം എന്നും ദലിത് സാഹിത്യം ചിന്തിക്കുന്നുണ്ട്. ദലിതൻ തന്റെ ജീവിതത്തെ ഏതൊക്കെ രീതിയിലാണ് ആവിഷ്ക്കരിക്കുന്നതെന്നും തന്നെപ്പോലുള്ളവരുടെ മനസ്സിലേക്ക് അഗ്നിയായി പടരാൻ ദലിത് സാഹിത്യകാരന്മാർ സ്വീകരിക്കുന്ന ആഖ്യാന സവിശേഷതകൾ എന്തൊക്കെയാണെന്നുമുള്ള അന്വേഷണമാണ് ഈ പ്രബന്ധം.താക്കോൽ വാക്കുകൾ: ആത്മകഥ, സ്വത്വനഷ്ടം, വിശപ്പിന്റെ രാഷ്ട്രീയം, ഭാഷാവിപ്ലവം,ഫ്യൂഡൽമൂല്യങ്ങളുടെലംഘനം.ആത്മകഥ- നിലവിലുള്ള മുഖ്യധാരാ സാഹിത്യകൃതികൾ സ്വീകരിക്കുന്ന മാനദണ്ഡം കൊണ്ട് ദലിത് കൃതികളെ വിലയിരുത്തുക അസാധ്യമാണ്. ദലിതർ ഏതു സാഹിത്യ രചന നടത്തിയാലും അതിലവരുടെ അനുഭവത്തിന്റെ കയ്പുണ്ടാകും. കവിത,നാടകം, ചെറുകഥ, ആത്മകഥ തുടങ്ങി ഏതു സാഹിത്യരൂപങ്ങളെടുത്താലും അത് ദലിതന്റെ വേദനയും ദുഃഖവും പ്രതിഷേധവുമാണ്.നിലവിലുള്ള മൂല്യങ്ങളോടും സങ്കല്പങ്ങളോടും അവർ പൊട്ടിത്തെറിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാം. താനനുഭവിച്ച കാര്യങ്ങൾ വെട്ടിത്തുറന്നു പറയാൻ ദലിതന് ആലങ്കാരികതയോ വളച്ചു കെട്ടലോ താളമോ ഈണമോ ആവശ്യമില്ല. അവർക്ക് അവരുടെ ഭാഷയും താളവുമുണ്ട്. മാർക്സിയൻ സാമ്പത്തികാടിത്തറയിൽ ദലിതൻ വിശ്വസിക്കുന്നില്ല. അതുകൊണ്ടു തന്നെ തൊഴിലാളിവർഗ്ഗ സാഹിത്യവും ദലിത് സാഹിത്യവും വ്യത്യസ്തമാണ്. ദലിതർ തൊഴിലാളിവർഗ്ഗത്തിൽപെട്ടവരായാലും കൂലിയുടെ കാര്യത്തിൽ മറ്റുള്ളവരിൽ നിന്നും വിവേചനം നേരിടുന്നുണ്ട്. സാമ്പത്തിക ഉയർച്ചയേക്കാൾ സമൂഹത്തിലെ സന്തുലിതാവസ്ഥ നിലനിർത്തുക എന്ന ആവശ്യമാണ് ദലിതരുടേത്. ജാതീയമായ അസമത്വത്തേയും ഉയർന്നവന്റെ "സംസ്ക്കാരം" പടുത്തുയർത്തിയ വ്യവസ്ഥകളേയും അവർ ശക്തമായെതിർക്കും. പ്രസിദ്ധ ഹിന്ദി ആത്മകഥാകാരനായ ഓം പ്രകാശ് വാല്മീകി ഹിന്ദുമതത്തിലുള്ള വിശ്വാസക്കുറവിനെ കുറിച്ചു പറയുന്നുണ്ട്. "ഞാൻ യഥാർത്ഥത്തിൽ ഹിന്ദുവായിരുന്നെങ്കിൽ, ഹിന്ദുക്കൾ എന്നെ ഇത്രമാത്രം വെറുക്കുമായിരുന്നോ? അതല്ലെങ്കിൽ എന്നോട് വിവേചനം കാട്ടുമായിരുന്നോ? അതുമല്ലെങ്കിൽ നിസ്സാര കാര്യങ്ങൾക്കുപോലും എന്നിൽ ജാതിയുടെ അപകർഷത നിറയ്ക്കുമായിരുന്നോ? ഒരു നല്ല മനുഷ്യനാവാൻ ഒരാൾ ഹിന്ദുവാകേണ്ട കാര്യമെന്തെന്നും ഞാനാലോചിച്ചു. കുട്ടിക്കാലം മുതലേ ഹിന്ദുക്കളുടെ ക്രൂരത ഞാൻ കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് ജാതിയുടെ പേരിലുള്ള അഹങ്കാരവും ശ്രേഷ്ഠതാബോധവും ദുർബലരെ മാത്രം ആക്രമിക്കുന്നത്? എന്തുകൊണ്ടാണ് ഹിന്ദുക്കൾ ദലിതർക്കെതിരെ ഇത്ര ക്രൂരമായും ഹൃദയശൂന്യമായും പ്രവർത്തിക്കുന്നത്?"( ഓം പ്രകാശ് വാല്മീകി 2019:105) വ്യക്തിയെഅതേപടി ആവിഷ്ക്കരിക്കാതെ സാമൂഹികമായ പശ്ചാത്തലത്തിൽ ആവിഷ്ക്കരിക്കുന്ന തന്ത്രമാണ് ദലിത് സാഹിത്യത്തിൽ കാണുക. " ദലിത് സാഹിത്യം മുഴുവൻ അമർഷം നിറഞ്ഞതാണ്. എന്തുകൊണ്ടെന്നാൽ, ദലിത് ജീവിതത്തിലെ നിലയ്ക്കാത്ത പീഡനങ്ങൾ മാധുര്യമൂറുന്ന കവിതയുടെ ശ്ലോകങ്ങളിൽ ആവിഷ്ക്കരിക്കുക അസാദ്ധ്യമാണ്; അത് ആസ്വാദനം തരുന്നില്ല. എന്തുകൊണ്ടെന്നാൽ,ചൂഷണത്തിൽ നിന്ന് ഉദ്ഭവിക്കുന്ന വേദനയുമായി ദളിത് എഴുത്തുകാരൻ നടത്തുന്ന മുഖാമുഖത്തിൽ നിന്നാണ് ഈ സാഹിത്യം പിറക്കുന്നത്” (അരുൺ പ്രഭാ മുഖർജി 2019 : 33). മലയാളത്തിലെ പ്രമുഖ ഗോത്ര കവിയായ സുകുമാരൻ ചാലിഗദ്ദ “പോരാടാൻ സമരത്തേക്കാൾ നല്ലത് എഴുത്താണ്" എന്നു പറയുമ്പോഴും ദലിത് ആവിഷ്ക്കാരത്തിന്റെ ശക്തി തന്നെയാണ് വ്യക്തമാകുന്നത്. ദലിത് ജീവിതം ആവിഷ്ക്കരിക്കുന്ന നാടൻ പാട്ടുകളും തോറ്റംപാട്ടുകളും അവരുടെ ആത്മകഥകൾ തന്നെയാണ്. "നേരം പോയ് നേരം പോയ് " എന്ന നാടൻ പാട്ട് ജന്മിയുടെ ചൂഷണത്തിനുനേരെയുള്ള പ്രതിഷേധമാണ്. അന്തിയാവോളം പണി ചെയ്യിച്ച് നാമമാത്രമായ കൂലിയും നൽകി ചൂഷണം ചെയ്യുന്ന സവർണ്ണ വർഗ്ഗത്തിനു നേരെയുള്ള അടിയാളന്മാരുടെ ശക്തമായ പ്രതിഷേധമാണ് ഈ പാട്ട് .അരമുറിക്കരിക്കും അരത്തൊണ്ട് കള്ളും കൊടുത്ത് അവന്റെ അധ്വാനം വിലക്കു വാങ്ങുന്നവർ. സവർണ്ണന്റെ കെട്ടാത്ത പുര കെട്ടിക്കൊടുക്കുന്നതും പറമ്പിൽ കിണർ കുത്തുന്നതും കുളം കെട്ടുന്നതും അടിയാളരാണ്. നേരം പോയ നേരത്ത് കൊല്ലാക്കൊല ചെയ്യുന്ന ജന്മിയോട് അവൻ പ്രതിഷേധിക്കുന്നു. അതുപോലെ അദ്വൈത സിദ്ധാന്ത സ്ഥാപകനായ ശങ്കരാചാര്യരും ചണ്ഡാളനും തമ്മിൽ തീണ്ടലിനെക്കുറിച്ചുള്ള സംഭാഷണത്തെ അടിസ്ഥാനമാക്കി അദ്ദേഹം എഴുതിയ ശ്ലോകകൃതിയാണ് "മനീഷാപഞ്ചകം." തന്റെ മുമ്പിൽ നിന്ന് വഴിമാറി പോകാനാവശ്യപ്പെടുന്ന ശങ്കരാചാര്യരോട് ദേഹമാണോ ദേഹിയാണോ മാറേണ്ടത് തന്റെ ശരീരത്തിനാണോ ആത്മാവിനാണോ തീണ്ടൽ എന്നു ചോദിച്ചു കൊണ്ട് ചണ്ഡാളൻ അദ്ദേഹത്തിൻ്റെ കണ്ണുതുറപ്പിക്കുന്നുണ്ട്. പാക്കനാർ ജന്മിയോടു ചോദിക്കുന്ന ചോദ്യരൂപത്തിലെഴുതിയ "എന്തുതന്റെ തീണ്ടലാണ്" എന്ന പാട്ടിലും ഈ ആശയമാണുള്ളത്. തൊട്ടു തീണ്ട്യാല് കറക്കുമോ വെളുക്കുമോ ചുവക്കുമോ എന്നിങ്ങനെ ജാതി വ്യവസ്ഥയുടെ അർത്ഥശൂന്യതകൾ പാക്കനാർ പ്രകടിപ്പിക്കുന്നുണ്ട്. " നാങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര നീങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര " എന്ന പൊട്ടൻതെയ്യത്തിന്റെ തോറ്റംപാട്ടിലും ജാതീയതയോടുള്ള പ്രതിഷേധം തന്നെയാണുള്ളത്.അമേരിക്കയിലെ നീഗ്രോ കുട്ടികളെയും ഞങ്ങളെയും ഒന്നിപ്പിക്കുന്ന പൊതുവികാരം മനുഷ്യത്വരഹിതമായ അടിമത്തമാണെന്ന് ശരൺകുമാർ ലിംബാളെ പറയുന്നുണ്ട്. " അടിമത്തത്തിൽ കഴിയുന്ന സർവരും അടിമത്തത്തിനെതിരായ പോരാട്ടം നയിക്കുന്ന മുഴുവൻ പേരും എൻ്റെ സ്വന്തമാണെന്ന തോന്നൽ എനിക്കുണ്ടാകുന്നു" (ശരൺ കുമാർ ലിംബാളെ 2021: viii). ദലിതരുടെ ജീവിതം അവർ അവരുടെ മാനസികാവസ്ഥകളിൽ നിന്ന് ശക്തമായി തുറന്നെഴുതുകയാണ് ചെയ്യുന്നതെന്ന് ഈ കൃതികൾ കാണിച്ചുതരുന്നു.

സ്വത്വനഷ്ടവും പ്രതിഷേധങ്ങളും: ദലിത് കഥകളിലും കവിതകളിലും ആത്മകഥകളിലുമെല്ലാം ഭീകരമായ പ്രതികൂല സാഹചര്യങ്ങളോട് നിരന്തരം പൊരുതുന്നതിന്റെ ആഖ്യാനങ്ങൾ കാണാം. ഒരു വശത്ത് കഠിനമായ ദാരിദ്ര്യവും മറുവശത്ത് നിരന്തരമായ അവഹേളനങ്ങളും അവർ നേരിട്ടു. ദലിത് ആത്മകഥകൾ ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്. "ഒരാളുടെ പേര് അയാളുടെ വ്യക്തിത്വമായിരുന്നു. അതുമായി ബന്ധപ്പെട്ട അയാളുടെ സ്വത്വവും അവകാശവും കടപ്പാടുകളും പേരില്ലാതെ നിലനിൽക്കുകയില്ല." (എം.വി വിഷ്ണുനമ്പൂതിരി 2021: 74). ഭാഷണോൽപ്പത്തി മുതൽ മനുഷ്യർക്കു പേരുകളുണ്ട്. പക്ഷെ ഈ പേരിൽ അഭിസംബോധന ചെയ്യപ്പെടാൻ ഭാഗ്യമില്ലാതവരാണ് ദലിതർ. പ്രസിദ്ധ സാമ്പത്തികവിദഗ്ദ്ധനും ദളിത് എഴുത്തുകാരനുമായ കുഞ്ഞാമൻ തന്റെ ഒരനുഭവം പറയുന്നുണ്ട്." മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ പഠിപ്പിച്ച കണക്ക് അധ്യാപകൻ ബോർഡിൽ കണക്കെഴുതി "പാണൻപറയെടാ " എന്നു പറയും ഒടുവിൽ സഹികെട്ട കുഞ്ഞാമൻ ഒരു ദിവസം "സാർ എന്നെ ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമൻ എന്നു വിളിക്കണം""എന്താടാ നിൻ്റെ ജാതിപ്പേര് വിളിച്ചാൽ " എന്നു ചോദിച്ച് ചെകിട്ടത്ത് ആഞ്ഞടിച്ചു " (കുഞ്ഞാമൻ 2023:15). ഇവിടെ സ്വന്തം പേര് വിളിക്കാനാവശ്യപ്പെട്ടപ്പോൾ കുഞ്ഞാമന് ക്രൂരമർദ്ദനമാണ് ലഭിക്കുന്നത്. ഓം പ്രകാശ് വാല്മീകിയുടെ ജൂഠൻ എന്ന ആത്മകഥയിലും സവർണ്ണ ജാതിക്കാർ "ഓ ചുഹ്രേ” എന്നും "അബ്ബേ ചുഹ്‌രേ " എന്നിങ്ങനെയാണ് തന്റെ ജാതിക്കാരെ വിളിക്കുക എന്നു പറയുന്നുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പഠിക്കാൻ മിടുക്കനായ ഓംപ്രകാശിനെ ഉയർന്ന ജാതിക്കാരനായ ഒരു കുട്ടി തന്റെ വടി കൊണ്ട് ഓംപ്രകാശിന്റെ  വയറ്റിൽ കുത്തി വേദനിപ്പിച്ചു കൊണ്ട് പറയുന്നുണ്ട്." നീ എത്ര പഠിച്ചാലും ചുഹ്റ ചുഹ്റ തന്നെ " ( ഓം പ്രകാശ് വാല്മീകി 2019:90). അതുപോലെ ശരൺ കുമാർ ലിംബാളെയുടെ "അക്കർമാശി " എന്ന ആത്മകഥയിൽ മഹാർജാതിയിൽ പിറന്ന തനിക്കനുഭവപ്പെട്ട അവഹേളനങ്ങൾ പങ്കുവെക്കുന്നുണ്ട്. സ്കൂളിൽ മൂത്രമൊഴിക്കാനുള്ള ഇടവേളകളിൽ പോലും മറ്റു കുട്ടികൾ 'മഹാർ ,മഹാർ' എന്നു വിളിച്ച് അധിക്ഷേപിക്കുകയും കല്ലെറിയുകയും ദ്രോഹിക്കുകയും ചെയ്യും. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അധ്യാപകൻ വനഭോജനത്തെപ്പറ്റി ഉപന്യാസമെഴുതാൻ ആവശ്യപ്പെടുന്നു. എന്തെഴുതണമെന്നറിയാതെ വിഷമിക്കുന്ന ലിംബാളെയോട് മാസ്റ്റർ പറയുന്നു. "എടാ നായിന്റെ മോനേ, എഴുതടാ.മൂരിയിറച്ചിതിന്നാൻ അറിയാം നിനക്ക് അല്ലേടാ" (ശരൺ കുമാർ ലിംബാളെ 2021:26). ദലിതർ ഹിന്ദുമതത്തിലെ ജാതി സമ്പ്രദായം മടുത്ത് അതിൽ നിന്നു രക്ഷനേടാൻ ക്രിസ്തുമതത്തിലേക്കു മതം മാറാറുണ്ട്. പക്ഷെ അവരപ്പോഴും ദലിത് കൃസ്ത്യാനി തന്നെയായിരിക്കും. " അച്ചണ്ട വെന്തീഞ്ഞ ഇന്നാ !" എന്ന കഥയിലെ കണ്ടങ്കോരൻ മതം മാറി ദേവസ്സിയായപ്പോൾ അയൽവാസിയായ തേവച്ചനോട് "നിനക്കെണ്ണ തേവസ്തി തമ്പാനെണ്ണു വിളിച്ചാലെന്നാ" എന്നു ചോദിക്കുന്നുണ്ട്. അപ്പോൾ അയാൾ പറയുന്ന മറുപടി "നീ ആരിക്ക തമ്പാനാടാ? പെലേൻ്റെ ചൂരുമാറീട്ടില്ലല്ലാടാ"(ടി.കെ.സി.വടുതല 2021:31). ഇവിടെ മതംമാറിയതു കൊണ്ടൊന്നും ജാതിപ്പേര് ഇല്ലാതാകുന്നില്ല എന്ന സത്യമാണ് വ്യക്തമാകുന്നത്. അതുപോലെ സാമ്പത്തികശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന കുഞ്ഞാമൻ തന്റെ ഗവേഷണ മേധാവിയായ കെ.എൻ. രാജിനോടു പറയുന്ന കാര്യങ്ങൾ ഒരു ദളിതൻ്റെ ആത്മസംഘർഷങ്ങളിൽ നിന്നുള്ള ശക്തമായ പ്രതിഷേധമാണ്. "താങ്കൾ ഇങ്ങനെ ഉയർന്നുവന്നത് അനുകൂല സാഹചര്യങ്ങളിൽ നിന്നാണ്. ഞാനൊക്കെ ഭക്ഷണം കഴിക്കാതെ ഇരന്നിരന്ന് നിങ്ങളെപ്പോലുള്ളവരുടെ അടികൊണ്ട് വന്നതാണ്. അതുകൊണ്ടു തന്നെ നിങ്ങളെപ്പോലുള്ളവരോട് എതിർപ്പുണ്ട്; താങ്കൾ എന്റെ സ്ഥാനത്തായിരുന്നുവെങ്കിൽ സ്ക്കൂൾ ഫൈനൽ പരീക്ഷ പാസാകില്ലായിരുന്നു. ഞാൻ താങ്കളുടെ സ്ഥാനത്തായിരുന്നെങ്കിൽ ഒരു നോബൽ സമ്മാന ജേതാവായേനേ". (കുഞ്ഞാമൻ 2023:29). "ഞങ്ങൾക്കൊരു കുഞ്ഞു പിറന്നു ഞാൻ അച്ഛനായി അവൾ അമ്മയായി അവൻ വണ്ണാനായി "എന്ന് തമിഴ് ദലിത് കവി പാടുമ്പോഴും സ്വത്വ നഷ്ടത്തിനോടുള്ള ശക്തമായ പ്രതിഷേധം തന്നെയാണ് വ്യക്തമാക്കുന്നത്.

വിശപ്പിന്റെ രാഷ്ട്രീയം : ദലിത് എഴുത്തുകാരന്റെ പ്രധാന പ്രമേയം വിശപ്പാണ്. സവർണ്ണ വിഭാഗത്തിന്റെയും ജന്മിമാരുടെയും അടിമകളായി ജീവിച്ച കാലത്ത് അനുഭവിച്ച കഠിനദാരിദ്ര്യം അവർ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. "ശവപ്പറമ്പിലേക്കുള്ള വഴിയെപ്പോലെയായിരുന്നു എന്റെ വയർ. എത്ര വിഴുങ്ങിയാലും പിന്നെയും ആവശ്യപ്പെടുന്ന ഒന്ന്. അമ്മ എപ്പോഴും അലറുമായിരുന്നു "നിനക്ക് വയറോ അതിന്റെ സ്ഥാനത്ത് വങ്കോ”? തൊള്ളയിൽ ഒരു പാട്ടേം വെച്ച് നടന്നോ; "എന്നും അരവയറുമായി എഴുന്നേൽക്കേണ്ടിവരുമായിരുന്നു. ശേഷിച്ച ഭക്ഷണം വല്ലതുമുണ്ടോ എന്നന്വേഷിച്ച് ഞാൻ വീടു മുഴുവനും അരിച്ചു പെറുക്കുമായിരുന്നു. ഭൂമി മുഴുവൻ വിഴുങ്ങി കല്ലുചവച്ചരക്കണമെന്നു പോലും തോന്നാറുണ്ട് " (ലിംബാളെ 2021:25). നരകത്തിന്റെ ഏഴു പാതാളങ്ങളേക്കാൾ വലിപ്പമേറിയതാണ് വിശപ്പ്; വിശപ്പിന് മനുഷ്യനേക്കാൾ ശക്തിയുണ്ട്. ഒരു വയർ എന്നു പറഞ്ഞാൽ ഈ ഭൂമി തന്നെയാണ്. വിശപ്പിന് നിങ്ങളുടെ ഉള്ളംകയ്യിന്റെ വലിപ്പമേയുള്ളു എന്നു തോന്നും. എന്നാൽ അതിന് ഈ ലോകത്തെ മുഴുവൻ വിഴുങ്ങാനും ഒരേമ്പക്കമിടാനും കഴിയും; വയറ്റിൽ നിന്നാണ് ഈലോകമുണ്ടായത്.അച്ഛനുംഅമ്മയും സഹോദരനുംസഹോദരിയുമൊക്കെയുള്ള ബന്ധമുണ്ടായത്. "( ലിംബാളെ 2021: 89). കന്നുകാലികളുടെ ചാണകത്തിൽ ദഹിക്കാതെ കിടക്കുന്ന ജോവാർ ധാന്യം പുഴയിലെ വെള്ളത്തിൽ കഴുകി പൊടിച്ചെടുത്ത് ഭാക്രി എന്ന ഭക്ഷണമുണ്ടാക്കി കഴിക്കുന്ന സാന്താമായി എന്ന തന്റെ മുത്തശ്ശിയെക്കുറിച്ച് ലിംബാളെ പറയുമ്പോൾ ദാരിദ്ര്യം ഒരു ദലിതന്റെ ജീവിതത്തെ എത്ര മാത്രം ബാധിച്ചിരുന്നു എന്നു മനസ്സിലാക്കാം. ചത്ത മൃഗങ്ങളെ കിട്ടുമ്പോൾ ഗ്രാമത്തിലെ ദലിതരുടെ സന്തോഷം ലിംബാളെ വ്യക്തമാക്കുന്നുണ്ട്. ഇവിടെയെല്ലാം വിശപ്പിനെതിരെയും അസമത്വത്തിനെതിരെയും സംഘടിക്കാനുള്ള ആഹ്വാനമാണ് ലിംബാളെ നടത്തുന്നത്. "വയറുകാളാൻ തുടങ്ങുമ്പോൾ ജന്മിമാരുടെ വീടുകളിലേക്കു പോകും. അവിടെ കഞ്ഞി പാത്രത്തിൽ തരില്ല .മുറ്റത്തു പോലുമല്ല, തൊടിയിൽ മണ്ണു കുഴിച്ച്, ഇലയിട്ട് ഒഴിച്ചു തരും" (കുഞ്ഞാമൻ 2023 : 13). പതിന്നാലുവയസ്സുള്ളപ്പോൾ ജന്മിയുടെ തൊടിയിൽ കഞ്ഞി കുടിക്കാനുള്ള ആർത്തിയിൽ തന്നെ ഒരു പട്ടികടിച്ചു മാറ്റിയതും ആ പട്ടിയോടു തനിക്ക് തോന്നിയത് ദേഷ്യമല്ല മറിച്ച് തന്റെ അവസ്ഥയിലുണ്ടായിരുന്ന മറ്റൊരു ജീവി എന്ന അനുതാപം മാത്രം എന്ന് കുഞ്ഞാമൻ പറയുമ്പോൾ അടിമത്തത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിഷേധമാണ് വ്യക്തമാക്കുന്നത്. വാടാനം കുറിശ്ശിയിലെ സ്ക്കൂളിൽ ആരും കാണാതെ തനിക്ക് ഉപ്പുമാവ് തരുന്ന ലക്ഷ്മിയേടത്തിയെ കുഞ്ഞാമൻ നന്ദിപൂർവം ഓർക്കുന്നുണ്ട്. തനിക്ക് റാങ്കു കിട്ടിയപ്പോൾ അവർ പറയുന്ന കാര്യം കുഞ്ഞാമൻ ഓർക്കുന്നുണ്ട് "എടാ, എന്റെ ഉപ്പുമാവ് തിന്നു പഠിച്ചിട്ടാണ് നിനക്ക് റാങ്കു കിട്ടിയത്" (കുഞ്ഞാമൻ 2023:14) കഞ്ഞി കുടിക്കാനാണ് സ്ക്കൂളിൽ വരുന്നത് എന്ന അധ്യാപകന്റെ അധിക്ഷേപം കേട്ടതിനു ശേഷം സ്ക്കൂളിലെ കഞ്ഞി കുടി നിർത്തിയ സംഭവവും കുഞ്ഞാമൻ വിവരിക്കുന്നുണ്ട്.റാങ്കു കിട്ടിയതിൽ തനിക്കഭിമാനം തോന്നിയില്ല എന്നും വയറു വിശക്കുന്നവന് അഭിമാനമില്ല എന്നും തലച്ചോറല്ല ശരീരത്തിന്റെ പ്രധാന അവയവം വയറാണ് എന്നും അദ്ദേഹം പറയുന്നു. ഓം പ്രകാശ് വാല്മീകിയുടെ ജൂഠൻ എന്ന ആത്മകഥയുടെ പേരു തന്നെ വിശപ്പുമായി ബന്ധമുള്ളതാണ്. ഉയർന്ന വർഗ്ഗക്കാരുടെ ഇലയിൽ ബാക്കിയായ എച്ചിലാണ് ചുഹ്‌രകളുടെ ആഹാരം. ജൂഠനു വേണ്ടി മറ്റുള്ളവരുടെ ഭക്ഷണം കഴിയാൻ കാത്തുനിന്ന അമ്മയേയും അവർക്കു സഹിക്കേണ്ടി വന്ന അപമാനങ്ങളും അതിനെതിരെ അമ്മ ജന്മിയോട് ശക്തമായി പ്രതികരിക്കുന്നതും ഓം പ്രകാശ് വ്യക്തമാക്കുന്നുണ്ട്. ചത്ത പശുവിന്റെ തൊലിയുരിക്കേണ്ട ഗതികേടിനെക്കുറിച്ചും അതു തലച്ചുമടായി കൊണ്ടുപോകേണ്ടി വന്ന വിഷമാവസ്ഥകളെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്." ഈ ചേറിൽ നിന്ന് എനിക്ക് പുറത്തുകടക്കാൻ പറ്റി. പക്ഷേ, ദശലക്ഷക്കണക്കിന് മനുഷ്യർ ഇന്നും ആ ഭയാനക ജീവിതം ജീവിച്ചുകൊണ്ടിരിക്കുന്നു".( ഓം പ്രകാശ് വാല്മീകി 2019:98).കല്യാണ സീസണുകളിൽ എച്ചിൽഇലകളിൽ നിന്നു ശേഖരിക്കുന്ന പൂരിക്കഷ്ണങ്ങൾ വെയിലത്തുവച്ച് ഉണക്കി മഴക്കാലത്തെ വറുതിയുടെ നാളുകളിൽ വെള്ളത്തിൽ കുതിർത്തു വേവിക്കുമ്പോൾ നല്ല രുചിയായിരുന്നു എന്ന് വാല്മീകി പറയുന്നു. പക്ഷെ ഇന്ന് അവയെക്കുറിച്ചാലോചിക്കുമ്പോൾ എന്റെ ഹൃദയത്തിൽ മുള്ളു കൊള്ളുന്നു എന്നും രാവും പകലും കഠിനാധ്വാനം ചെയ്ത ഞങ്ങളുടെ വിയർപ്പിൻ്റെ വിലയായിരുന്നു വെറും ജൂഠൻ എന്നും അദ്ദേഹം പ്രതിഷേധിക്കുന്നുണ്ട്. വാമൻ നിംബേൽക്കർ എന്ന മറാഠി ദളിത് കവിയുടെ "അമ്മ " എന്ന കവിതയിൽ പ്രഭാതം മുതൽ രാത്രി വരെ കാട്ടിൽ നിന്നും വിറകു ശേഖരിക്കുന്ന അമ്മയെപാമ്പുകടിച്ചതും അവർ മരിക്കുന്നതും ഹൃദയഭേദകമായി അവതരിപ്പിക്കുന്നുണ്ട്. "പ്രഭാതം മുതൽ അമ്മ കാട്ടിൽ ഉഴലുകയായിരുന്നു. അമ്മ വിറകു വിറ്റില്ലെങ്കിൽ ഞങ്ങൾ വിശന്ന് വിശന്ന് ഉറങ്ങുമായിരുന്നു " എന്ന് അദ്ദേഹം പറയുമ്പോൾ വിശപ്പിന്റെ രാഷ്ട്രീയം ശക്തമായി അടയാളപ്പെടുത്തുന്നു.

ഭാഷയിലെ വിപ്ലവം: മാനക ഭാഷയോ സവർണ്ണരുടെ ആലങ്കാരികതയോ ദലിതർ സ്വീകരിക്കുന്നില്ല. പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളുടെ പൊള്ളുന്ന ഭാഷ അവർക്കുണ്ട്. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥിതിയോടുള്ള അതൃപ്തിയും വിദ്വേഷവും പ്രതിഷേധവുമെല്ലാം അവരുടെ ഭാഷയിലുണ്ട്. " അക്കർമാശി"യുടെ അവതാരികയിൽ ലിംബാളെ തന്റെ ഭാഷയെക്കുറിച്ച് പറയുന്നുണ്ട്." ഇതിൽ പ്രയോഗിച്ചിട്ടുള്ള " കീഴാള ഭാഷ" ഒരു പക്ഷെ കവിതകളിലും ശോഭിക്കുവാൻ കഴിവുള്ള ഭാഷ തന്നെയാണ്. വാക്ക് എനിക്ക് ഏറെ മുഖ്യമല്ല. അത് പ്രകാശിപ്പിക്കുന്ന വേദനയും ദുഃഖവുമാണ് പ്രധാനപ്പെട്ട വിഷയം ("ലിംബാളെ 2021: x). ദളിതന്റെ ദാരിദ്ര്യം, നിരക്ഷരത, തകർന്ന ജീവിതങ്ങൾ, വാതിലിനു പുറത്തു കാത്തുനില്ക്കുന്നവന്റെ വേദന എന്നിവയൊക്കെ നാഗരികനായ സവർണ്ണഹിന്ദു എങ്ങനെയറിയാനാണ് എന്ന് ഓംപ്രകാശ് വാല്മീകി ചോദിക്കുന്നുണ്ട്. "ഉദ്ബോധന പ്രധാനമാണ് ജൂഠനിലെ സ്വരം. അത് മറുപടികൾ ആവശ്യപ്പെടുകയും വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. അഗാധ ദുഃഖത്തിന്റെയും വിഷാദത്തിന്റെയും നിരവധി നിമിഷങ്ങളുണ്ടെങ്കിലും പ്രബലമായ ഭാവം വിരോധാഭാസം തന്നെയാണ് " ( അരുൺ പ്രഭാ മുഖർജി 2019 : 46).ദലിത് ചെറുകഥകളിലും ദലിത് ഭാഷയുടെ സൗന്ദര്യം കാണാം. ടി.കെ.സി വടുതലയുടെ ചെറുകഥയുടെ തലക്കെട്ട് "അച്ചണ്ട വെന്തീഞ്ഞ ഇന്നാ " എന്നതാണ്. പുലയനായ കണ്ടങ്ങോരൻ ഹിന്ദുമതത്തിലെ ജാതീയത പേടിച്ച് കൃസ്ത്യാനിയാവുന്നു. പക്ഷെ അയാൾ കണ്ടങ്ങോരൻതേവസ്തി എന്ന പുലയ കൃസ്ത്യാനിയേ ആകുന്നുള്ളൂ. പുലയ കൃസ്ത്യാനിക്ക് സമൂഹത്തിൽ സമത്വം ലഭിക്കുന്നില്ല എന്നു തിരിച്ചറിഞ്ഞ അയാൾ പള്ളിമേടയിൽ ചെന്ന് തനിക്കു ലഭിച്ച വെന്തിങ്ങ ഊരി വികാരിയുടെ കയ്യിൽ കൊടുക്കുകയും "ഏൻ പയേകണ്ടങ്കാരനായിട്ടു തന്നെ ചീവിച്ചോളാം" (ടി.കെ.സി വടുതല 2021 :37). എന്നു പറഞ്ഞിട്ട് തിരിച്ചു നടക്കുകയും ചെയ്യുമ്പോൾ മതാധികാരവ്യവസ്ഥയുടെ ചൂഷണങ്ങൾ ദലിതനെ ഉപയോഗിക്കുന്നതും ദലിതന്റെ തിരിച്ചറിവും ശക്തമായി ദലിത് ഭാഷയിൽ തന്നെ ആവിഷ്ക്കരിക്കുന്നു. കേരളത്തിലെ ഗോത്ര കവികളിൽ ശ്രദ്ധേയനായ സുകുമാരൻ ചാലിഗദ്ദ റാവുള ഭാഷയിലാണെഴുതുന്നത്. അത് പിന്നീട് മലയാളത്തിലേക്കു വിവർത്തനം ചെയ്യുന്നു. കൂരി, ഏട്ടക്കൂരി ,നിന്റെ ഉള്ളിലെ നരിയും എന്റെ ഉള്ളിലെ പുലിയും തുടങ്ങിയ പേരുകൾക്കു തന്നെ ഗോത്രഭാഷയുടെ തനിമയുണ്ട്. കാടും പുഴയും മൃഗങ്ങളും ഗോത്ര ജീവിതത്തിന്റെ ആത്മസംഘർഷങ്ങളുമെല്ലാം മറ്റൊരു ഗോത്ര കവയിത്രിയായ ധന്യ വേങ്ങച്ചേരിയുടെ കവിതകളിൽ കാണാം. അവരുടെ കവിതകൾ തുളു ഭാഷയിലാണ്. തുളു ഭാഷയുടെ സംരക്ഷണത്തിനുള്ള ശ്രമവും കൂടിയാണ് ധന്യയുടെ കവിത. തുളുവിന് ലിപിയില്ലാത്തതിനാൽ മലയാളം ലിപിയാണുപയോഗിക്കുന്നത്. മിരെ നീര് , ഉട്ങ്കല്ത്ത കുപ്പായം തുടങ്ങിയ പേരുകൾക്ക് തുളുവിന്റെ സൗന്ദര്യമുണ്ട്. പച്ച കൂണിന്റെ മണവും കാടിന്റെ തനിമയും ജൈവികതയും അടിമത്തൊഴിലിന്റെ മണവുമൊക്കെ ധന്യയുടെ കവിതകളെ വേറിട്ടതാക്കുന്നു.ഫ്യൂഡൽ മൂല്യങ്ങളുടെ ലംഘനം : നിലവിലിരിക്കുന്ന വ്യവസ്ഥകളോടും സദാചാരനിയമങ്ങളോടും ആചാര മര്യാദകളോടും കഠിനമായ വെറുപ്പും പുച്ഛവുമാണ് ദലിത് സാഹിത്യകാരന്മാർക്കുള്ളത്. മണ്ണിൽ കാലൂന്നി നിലക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത ഇന്ത്യയിൽ ദലിതന് എവിടെയാണ് ഭാരതാംബ എന്ന് അംബേദ്ക്കർ ഗാന്ധിജിയോട് ചോദിച്ചതുപോലെ സത്യം, ശിവം, സുന്ദരം തുടങ്ങിയ ഭാരതീയ മൂല്യങ്ങളെ ഓം പ്രകാശ് വാല്മീകി ചോദ്യം ചെയ്യുന്നുണ്ട്. "എത്ര മേൽ അത്ഭുതംഗ്രാമീണ ജീവിതം "എന്ന സുമിത്രാനന്ദപന്ത് എഴുതിയ ഹിന്ദികവിത പഠിക്കുമ്പോൾ നിരർത്ഥകമായി തോന്നാറുണ്ട് എന്ന് ഓംപ്രകാശ് പറയുന്നു.സാമ്പത്തികവിദഗ്ദ്ധനായ കുഞ്ഞാമൻ മഹാരാഷ്ട്രയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായപ്പോൾ കുട്ടികളോട് ആദ്യം പറയുന്ന കാര്യം ഇതാണ്. "ഞാൻ ആരെയും ബഹുമാനിക്കാത്ത ആളാണ്. എന്നെ നിങ്ങളും ബഹുമാനിക്കരുത്. ബഹുമാനം, അച്ചടക്കം, വിധേയത്വം ഇവയെല്ലാം ഫ്യൂഡൽ മൂല്യങ്ങളാണ്. എന്നെയും എന്നെപ്പോലുള്ളവരെയും അടിച്ചമർത്തി കീഴാളരായി നിലനിർത്തിയ മൂല്യങ്ങളാണിവ. നിങ്ങളാരെയും ബഹുമാനിക്കരുത് എന്നു ഞാൻ പറയില്ല. ഏതായാലും എന്നെ വേണ്ട. നിങ്ങൾക്ക് ഒരു റോൾ മോഡൽ പാടില്ല മറ്റുള്ളവരെ നോക്കി

 

 

നിങ്ങളെ രൂപപ്പെടുത്താൻ ശ്രമിച്ചാൽ അപകർഷതാബോധമായിരിക്കും അവശേഷിക്കുക (കുഞ്ഞാമൻ 1923:41). തൻ്റെ തീഷ്ണമായ പീഡാനുഭവങ്ങൾ ആരുടെ മുന്നിലും ഒളിച്ചുവെക്കാതെ സത്യസന്ധതയോടെ അവതരിപ്പിക്കുമ്പോൾ മറ്റുള്ളവർക്ക് സാധിക്കാത്ത സാമൂഹ്യ പ്രതിബദ്ധതയാണ് കുഞ്ഞാമൻ പ്രകടിപ്പിക്കുന്നത്.ബ്രാഹ്മണനായ അധ്യാപകൻ തന്റെ സുഹൃത്തിനെ തെറിവിളിച്ചപ്പോൾ ബ്രഹ്മത്തെ അറിഞ്ഞവന് അസഭ്യം പറയാനാവുമോ എന്ന് ഓംപ്രകാശ്‌ചിന്തിക്കുന്നുണ്ട്. എല്ലാ അസ്‌പൃശരെയും ഹരിജനങ്ങൾ ദൈവത്തിന്റെ മക്കൾ എന്നു വിളിച്ചുകൊണ്ട് ഗാന്ധിജി അവരെ ശ്രദ്ധാ കേന്ദ്രമാക്കി എന്നു സ‌വർണ്ണർ പറയുന്നു. പക്ഷെ ഓം പ്രകാശിന്റെ അഭിപ്രായത്തിൽ ഗാന്ധിജി അസ്‌പൃശരെയും ഹരിജനങ്ങൾ എന്നുവിളിച്ചതിലൂടെ ദേശീയ മുഖ്യധാരയിൽ ചേരാൻ അവരെ സഹായിക്കുകയല്ല മറിച്ച് ന്യൂനപക്ഷമായിത്തീരുന്നിൽ നിന്ന് ഹിന്ദുക്കളെ രക്ഷിക്കുകയാണ് ചെയ്തത്. യഥാർത്ഥത്തിൽ ഹിന്ദുക്കളുടെ താല്പര്യം സംരക്ഷിക്കുകയാണ് ഗാന്ധിജി ചെയ്തത് സ്കൂളിലും കോളേജിലും നൽകപ്പെടുന്ന വിദ്യാഭ്യാസം നമ്മെ മത നിരപേക്ഷകരാക്കുന്നതിനു പകരം സങ്കുചിതമനസ്‌കരും, ഹിന്ദുമൗലികവാദിക ളുമാക്കി മാറ്റുകയാണ് ചെയ്യുന്നതെന്ന് ഓം പ്രകാശ് പറയുന്നു.ജന്മസിദ്ധമായ അധികാരമുപയോഗിച്ച് ദരിദ്രയും അയിത്തക്കാരിയുമായ തന്റെ അമ്മയെ അച്ഛൻ ബലാൽസംഗം ചെയ്യുകയായിരുന്നെന്നും ദലിതരുടെനേരെ നടക്കുന്ന അന്യായങ്ങളെയും അക്രമങ്ങളെയും കുറിച്ച് വായിക്കുമ്പോഴൊക്കെ താൻ അസ്വസ്ഥനാകുന്നുവെന്നും ലിംബാളെ എഴുതുമ്പോഴും നിലവിലിരിക്കുന്ന വ്യവസ്ഥിതിയെ മാറ്റി മറിക്കണം എന്ന ചിന്താഗതിയാണുള്ളത്. താനന്നനുഭവിച്ച ഭയാനകമായ ജീവിതം തുറന്നെഴുതുമ്പോൾ അതെത്രമാത്രം അസ്വസ്ഥതയാണ് സൃഷ്ടിച്ചതെന്നും ലിംബാളെ പറയുന്നുണ്ട് 'ഇത്' എന്റെ ജീവിതമല്ല എനിക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ട അടിമത്തമാണ്' (ശരൺകുമാർ ലിംബാളെ 2021l:xiii) അധീശ സംസ്കൃതി ഇതിന് മറുപടി തരണം എന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടദ്ദേഹം. 'എന്നാപ്പിന്നെ ജാതിവേണ്ട' എന്ന ജോൺ കെ എരുമേലിയുടെ കഥാപാത്രം ഒരാഴ്ചയോളം പണിമെനക്കെട്ട് ജാതിസർട്ടിഫിക്കറ്റിനായി ഓഫീസിൽ കയറി ഇറങ്ങുകയാണ്. ഓഫീസർ പറയുന്നത് ഇനിയും അന്വേഷിക്കണം. 'താൻ ഇടയ്ക്ക് ജാതി മാറിയെങ്കിലോ'! ഇത് ആൾമാറാട്ടത്തിന്റെ കാലമാണ്'' (ജോൺ.കെ.എരുമേലി 2021 89). എന്നാണ്. ജാതിമാറുകയോ! അയാൾക്കൊന്നും മനസ്സിലായില്ല. എന്നാപ്പിനെ ജാതി വേണ്ട " എന്നുപറഞ്ഞ് അപേക്ഷക്കടലാസ് പിച്ചിച്ചീന്തിയെറിഞ്ഞ് ഓഫീസിൽ നിന്ന് പടിയിറങ്ങുന്ന അയാൾ ജാതിക്കെതിരെ അതിശക്തമായി പ്രതിഷേധിക്കുകയാണ്.

ഉപസംഹാരം 

വംശപരമായി വിവേചനം അനുഭവിക്കുന്ന സമാനമായ ദുഖങ്ങളിലൂടെ കടന്നുപോകുന്നവരെ പ്രബുദ്ധരാക്കാനും പ്രക്ഷോഭകാരികളാക്കാനും വേണ്ടി എഴുതുന്ന എഴുത്താണ് ദളിത് സാഹിത്യം വേദനകൾ അനുഭവിച്ചവർക്കു മാത്രമേ അതിനെ തീവ്രമായി ആവിഷ്ക്കരിക്കാൻ കഴിയൂ എന്ന കാഴ്ചപ്പാടാണ് ദളിത് സാഹിത്യത്തിനുള്ളത്. ഹിന്ദു സമൂഹത്തിലെ ജാതി സമ്പ്രദായം ജാതിയില്ലാത്ത മറ്റു മതങ്ങളിലേക്ക് പലായനം ചെയ്യാൻ ദളിതരെ പ്രേരിപ്പിച്ചു. പക്ഷെ പലർക്കും അവിടെയും നിരാശയായിരുന്നു ഫലം .തങ്ങൾക്കു പ്രവേശിക്കാൻ കഴിയാത്ത അമ്പലങ്ങളിലെ ദൈവങ്ങളെ അവർ വെറുത്തു. മറ്റു മനുഷ്യരെപ്പോലെ സ്വന്തം പേരിലറിയപ്പെടാനും ചെയ്ത ജോലികൾക്ക് കൃത്യമായ കൂലികിട്ടാനും അവരാഗ്രഹിച്ചു. പക്ഷെ എവിടെയും നിരാശയായിരുന്നു ഫലം. തെക്കെ ഇന്ത്യയിലായാലും വടക്കെ ഇന്ത്യയിലായാലും ദലിതന്റെ ദുഃഖങ്ങൾ സമാനമാണെന്ന് ഈ കൃതികൾ തെളിയിക്കുന്നു. "വിശപ്പ്" അവരെ ധാരാളമായി ചിന്തിക്കാൻ പ്രേരിപ്പിച്ചു. വയറു വിശക്കുന്നവന് അഭിമാനമില്ല എന്ന് കുഞ്ഞാമനും വിശപ്പിന് മനുഷ്യനേക്കാൾ ശക്തിയുണ്ടെന്ന് ലിംബാളെയും പറയുമ്പോൾ അത് കത്തിയേക്കാൾ മൂർച്ചയുള്ള ആയുധമായി അവരുടെ മനസ്സിൽ തറച്ചു നിൽക്കുന്നു. ദളിതന്റെ ഭാഷയിൽ കഥ പറയുമ്പോൾ സവർണ്ണന്റെയും നാഗരികന്റെയും ഭാഷയിൽ നിന്നു വ്യത്യസ്തമായ ഒരു ഭാഷ പിറക്കുന്നു. കാടിനെയും പ്രകൃതിയെയും ജീവജാലങ്ങളെയും സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഭാഷ. തങ്ങളെ അടിമകളാക്കിയ വ്യവസ്ഥിതിയോടുള്ള പ്രതിരോധത്തിന്റെ ഭാഷ. ലിപിയില്ലാത്ത ഭാഷകളെ അവർ തിരിച്ചു പിടിക്കുന്നു. ഈ വ്യവസ്ഥിതിയിൽ തങ്ങൾക്കും നില നിൽക്കാനവകാശമുണ്ടെന്ന് വിളിച്ചു പറയുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജി അധ:കൃതരെ ഹരിജനങ്ങളാക്കിയതിലൂടെ ഹിന്ദുക്കളെ രക്ഷിക്കുകയാണ് ചെയ്തത് എന്നവർ തിരിച്ചറിഞ്ഞു. കാലാകാലങ്ങളായി മനുഷ്യമനസ്സിൽ നിലനില്ക്കുന്ന വിഗ്രഹങ്ങളെഉടച്ചുകളയുകയും പകരം ധാരാളം ചോദ്യങ്ങളുന്നയിക്കുകയും ചെയ്തു.കാക്ക കുളിച്ചാൽ കൊക്കാകുമോ എന്ന പഴഞ്ചൊല്ലിനെ കാക്ക ഒരിക്കലും കൊക്കാകാൻ ആഗ്രഹിക്കുന്നില്ല എന്ന വാക്യത്തിലൂടെ പ്രതിരോധിച്ചു. ഫ്യൂഡൽ വ്യവസ്ഥയുടെ മൂല്യങ്ങളെ തച്ചുടച്ചു കൊണ്ട് മുന്നേറുന്ന ദലിത് സാഹിത്യം ചെറുത്തു നില്പിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു.

സഹായക ഗ്രന്ഥങ്ങൾമുരളി കവിയൂർ (2001). ദലിത് സാഹിത്യം. കോട്ടയം: കറന്റ് ബുക്സ്

ശ്രീകുമാർ ടി.ടി(ഡോ.) (2021). അംബേദ്ക്കർ നീതി രാഷ്ട്രീയത്തിന്റെ ആഗോള ദാർശനികൻ, മെയ് 9 മാതൃഭൂമി ആഴ്ചപ്പതിപ്പ്, കോഴിക്കോട് മാതൃഭൂമി ബുക്സ്.അരുൺ പ്രഭാ മുഖർജി(2019). ജൂഠൻ ആമുഖം(വിവ). പി .എ ഹമീദ് , കോഴിക്കോട് മാതൃഭൂമി ബുക്സ്.ഓം പ്രകാശ് വാല്മീകി (2019). ജൂഠൻ ഒരു ദളിതന്റെ ജീവിതം (വിവ.) പി.എ.ഹമീദ്, കോഴിക്കോട് മാതൃഭൂമി ബുക്സ്.ശരൺ കുമാർ ലിംബാളെ (2021). അക്കർമാശി (വിവ.) കാളിയത്ത് ദാമോദരൻ, കോഴിക്കോട് മാതൃഭൂമി ബുക്സ്.കുഞ്ഞാമൻ. എം. (2023). എതിര്,കെ. കണ്ണൻ (എഡി.). കോട്ടയം ഡി.സി ബുക്സ്.

വിഷ്ണുനമ്പൂതിരി എം.വി (2021). മലയാള സാഹിത്യം 4, വ്യക്തിനാമ പഠനം, കോട്ടയം ഡി.സി ബുക്സ്.

രേണുകുമാർ എം.ആർ (എഡി.)(2021). ഞാറുകൾ, ടി.കെ.സി വടുതല, അച്ചണ്ട വെന്തീഞ്ഞ ഇന്നാ, കോഴിക്കോട് ഒലീവ് ബുക്സ്.രേണുകുമാർ എം .ആർ(എഡി.)(2021). ഞാറുകൾ, ജോൺ. കെ. എരുമേലി, എന്നാപ്പിന്നെ ജാതി വേണ്ട , കോഴിക്കോട് ഒലീവ് ബുക്സ്.

 


യമുന . ടി

അസിസ്റ്റന്റ് പ്രൊഫസർ

മലയാളവിഭാഗം

ഗവൺമെന്റ് കോളേജ്

കോടഞ്ചേരി

കോഴിക്കോട് ജില്ല.

പിൻ 673580.

ഫോൺ നമ്പർ.9400214794

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page