ചാവുതുള്ളൽ: ദലിതിസത്തിൽ നിന്ന് ഹ്യൂമനിസത്തിലേക്കുള്ള ചുവടുമാറ്റം
- GCW MALAYALAM
- Sep 14
- 11 min read
Updated: Sep 15
ലക്ഷ്മി ആർ.ശേഖർ

പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും കേരളത്തിന്റെ സാമൂഹ്യ-ചരിത്ര-രാഷ്ട്രീയ മേഖലകളിൽ വലിയ പരിവർത്തനങ്ങൾ സംഭവിച്ചിട്ടുണ്ട്. മനുഷ്യസമൂഹത്തിന്റെ ചരിത്രം പരിശോധിച്ചാൽ നിലനിൽക്കുന്ന വ്യവസ്ഥിതിയുടെ പ്രത്യയശാസ്ത്രങ്ങൾ സർവ്വ മേഖലകളെയും സ്വാധീനിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. സാഹിത്യ രംഗത്തും ഈ സ്വാധീനം കാണാം. പ്രസ്തുത കാലത്തെ മദ്ധ്യതിരുവിതാംകൂറിലെ പുലയരുടെ ജീവിതമാണ് രാജു കെ.വാസുവിന്റെ ചാവുതുള്ളൽ എന്ന നോവൽ. പോളപ്പതം,കുഞ്ഞുലച്ചുമി തുടങ്ങിയ നോവലുകളിലൂടെ മലയാളനോവൽ രംഗത്ത് നിലയുറപ്പിക്കുകയും കാലത്തിൻ്റെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹികസാംസ്കാരിക ചലനങ്ങളെ ശക്തമായ ഭാഷയിൽ അടയാളപ്പെടുത്തുകയും ചെയ്യുന്ന സാഹിത്യകാരനാണ് രാജു കെ. വാസു. മലയാള സാഹിത്യചരിത്രത്തിൽ രാജു കെ. വാസുവിന്റെ സ്ഥാനം ഉത്തരാധുനികതയുടെതാണ്. ചാവുതുള്ളലിലെ കാലമാകട്ടെ മാനവികതയിലേക്കുള്ള പരിവർത്തനഘട്ടമാണ്. ചരിത്രവും മിത്തും രാഷ്ട്രീയവും പ്രണയവും ജാതി-മത-ഭാഷാവിഷ്കാരങ്ങളും കൂടിക്കലർന്ന സാംസ്കാരികഭൂമികയാണ് ചാവുതുള്ളലിലേത്. ജാതി വ്യവസ്ഥയുടെ പ്രതിലോമപരമായ പ്രതികരണങ്ങളും നവോത്ഥാന കാലഘട്ടം സൃഷ്ടിച്ച ഹ്യൂമനിസ്റ്റ് സങ്കല്പങ്ങളുടെ ശക്തമായ പ്രതിഫലനവും നോവലിൽ കാണാൻ കഴിയും. 1880 മുതൽ 1920 വരെ ഉള്ള കാലഘട്ടമാണ് നോവലിൻ്റെ പശ്ചാത്തലമെങ്കിലും നോവൽ എഴുതപ്പെടുന്നത് 2011 കാലത്താണ് എന്നത് ശ്രദ്ധേയമാണ്. ഉത്തരാധുനികതയുടെ സവിശേഷതകളിൽ ഒന്നായ സ്വത്വബോധത്തിന്റെ പ്രകടനമായിരിക്കുമ്പോൾ തന്നെ ഈ നോവൽ ലക്ഷ്യം വയ്ക്കുന്നത് മാനവികതയുടെ സംസ്ഥാപനം കൂടിയാണ്. ദളിത് സമക്ഷതയിൽ നിന്ന് മാനവികതയിലേക്കുള്ള പ്രയാണം എത്രമാത്രം ഈ നോവലിൽ പ്രതിഫലിക്കുന്നുണ്ട് എന്നതാണ് ഇവിടെ പഠനവിധേയമാക്കുന്നത്. ജന്മിത്തം മുതലാളിത്ത വ്യവസ്ഥിതിയിലേക്ക് ചുവട് വയ്ക്കുമ്പോൾ അങ്ങേയറ്റം ജീർണിച്ചിരുന്നു എന്ന് നോവൽ വെളിവാക്കുന്നു.
ഹ്യൂമനിസം (മാനവീകത )
ബഹുമുഖമായ ഒരു ദർശനമാണ് ഹ്യൂമനിസം അഥവാ മാനവികത (മാനവ വാദം).മനുഷ്യൻ വ്യവഹരിക്കുന്ന എല്ലാ മേഖലകളിലും അവൻ്റ പുരോഗതി ലക്ഷ്യം വയ്ക്കുന്ന ഒരു ചിന്താപദ്ധതിയാണ് മാനവികത.നവോത്ഥാനത്തോടൊപ്പം കടന്നുവന്ന മനുഷ്യകേന്ദ്രിതമായ പ്രമുഖ ദർശനമാണ് ഇത്.അതുകൊണ്ടുതന്നെ നവോത്ഥാനം എന്ന സാംസ്കാരികധാരയെ പരാമർശിക്കാതെ മാനവികതയെ പഠിക്കാനാകില്ല. ‘Renaissance’ എന്ന ഇംഗ്ലീഷ് പദത്തിന്റെ വിവർത്തനമായിട്ടാണ് ‘നവോത്ഥാനം’ എന്ന മലയാള പദം വ്യവഹരിക്കപ്പെട്ടത്. യൂറോപ്യൻ മദ്ധ്യകാലത്തെ ആധുനിക കാലവുമായി ബന്ധിപ്പിക്കുന്ന സംക്രമണകാലമാണ് റിനൈസൻസ് അഥവാ നവോത്ഥാനം എന്ന് പി ഗോവിന്ദപ്പിള്ള ‘ കേരള നവോത്ഥാനം- ഒരു മാർക്സിസ്റ്റ് വീക്ഷണം’എന്ന കൃതിയിൽ പറയുന്നു.(1) 14-ാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ആരംഭിക്കുകയും ഉത്തര പശ്ചി യൂറോപ്യൻ മേഖലകളിലേക്ക് വ്യാപിക്കുകയും ചെയ്ത ഒരു സാംസ്കാരിക ഉണർവാണ് ഇത്. അച്ചടിവിദ്യയുടെയും മാധ്യമങ്ങളുടെയും വളർച്ച നവോത്ഥാനത്തിന്റെ ഗതിവേഗം വർദ്ധിപ്പിക്കുകയുണ്ടായി പതിനെട്ട് പത്തൊൻപത് നൂറ്റാണ്ടുകളിൽ എത്തിയപ്പോഴേക്കും ശാസ്ത്രസാങ്കേതിക വ്യാവസായിക രംഗങ്ങളിൽ യൂറോപ്പ് പുത്തനുണർവ്വ് നേടി.ഈ നവോത്ഥാനം മുന്നോട്ട് വെച്ച ആശയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹ്യൂമനിസം. യൂറോപ്യൻ മാനവവാദത്തിന്റെ പിതാവായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത് ഫ്രാൻസിസ്കോ പെട്രാർക്കിനെയാണ് ( 2 ).യൂറോപ്യൻ നവോത്ഥാനം 14-ാം നൂറ്റാണ്ട് മുതൽ 17 വരെയുള്ള കാലയളവിലാണ് വളർന്നു വികസിച്ചതെങ്കിലും 19-ാം നൂറ്റാണ്ടിലാണ് ബംഗാളിലും പിന്നീട് ഇന്ത്യയിൽ ആകമാനവും വ്യാപിക്കുന്നത്. നവോത്ഥാന ആശയങ്ങൾ പുരോഗതിയിലും ജനകീയതയിലും ഊന്നി സ്വാതന്ത്ര്യം, സമത്വം,സാഹോദര്യം എന്നീ മഹത്തായ മുദ്രാവാക്യങ്ങൾ ഉയർത്തിയപ്പോൾ ഇവയ്ക്കെല്ലാം പ്രചോദനമായി നിന്ന ആശയം മാനവികതയുടെതായിരുന്നു . മാനവികത, ജനാധിപത്യം, മതേതരത്വം, യുക്തിവാദം, സോഷ്യലിസം തുടങ്ങി നവോത്ഥാനത്തിന് പ്രോത്സാഹനമായി ഉയർന്നുവന്ന പ്രസ്ഥാനങ്ങളുടെയെല്ലാം കാതൽ മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിർത്തുന്ന ഈ ചിന്താപ്രക്രിയ തന്നെയായിരുന്നു.
മനുഷ്യൻ്റെ മഹത്വം, സാംസ്കാരികമായ ഐക്യദാർഢ്യം, യുക്തിയുടെ പ്രാമാണ്യം, വിജ്ഞാന തൃഷ്ണ, സദാചാരനിഷ്ഠ തുടങ്ങിയ ആദർശങ്ങളാണ് മനുഷ്യദർശനത്തിന്റെ കാതൽ. വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ടുതന്നെ അവയിൽ ചേർന്നിരിക്കുന്ന മനുഷ്യസങ്കല്പത്തിന്റെ ഏകത്വം കണ്ടെത്തുവാനുള്ള അഭിവാഞ്ച മനുഷ്യദർശനത്തിന്റെ സവിശേഷതയാണ്. (3).നവോത്ഥാന സഹചാരിയായ ഈ മാനവവാദം പോയകാലത്തെ മനുഷ്യസ്നേഹപരമായ പ്രത്യയശാസ്ത്രങ്ങളിൽ നിന്നെല്ലാം മൗലികമായി വ്യത്യാസപ്പെട്ടിരിക്കുന്നു.അതിനുമുമ്പ് നിലനിന്നിരുന്ന മിക്കവാറും എല്ലാ പ്രത്യയശാസ്ത്രങ്ങളും ആത്മീയ മൂല്യങ്ങളിൽ ആധാരമുറപ്പിച്ചവയായിരുന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി മാനവികതയിൽ നിന്ന് വളർന്ന് വന്ന മൂല്യബോധം പ്രധാനമായും മനുഷ്യകേന്ദ്രിതമായിരുന്നു.അതിൻ്റെ കേന്ദ്രബിന്ദു സാമൂഹിക ആവശ്യകതയുടെ അംഗീകരണവും സാമൂഹ്യ പ്രബുദ്ധതയുമാണ്.മനുഷ്യ സമൂഹത്തിൽ ആദ്യമായി,മതേതര (Secular) ജനാധിപത്യധാരണകളും ആശയങ്ങളും മൂല്യങ്ങളും കൊണ്ടുവന്നത് ഈ മാനവവാദമാണ്. (4) പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളും അധികാരകേന്ദ്രങ്ങളുടെ ഉത്തരവുകളും പ്രകൃത്യാതീത ശക്തികളും ഒന്നുമല്ല മനുഷ്യൻ്റെ വിശ്വാസത്തെയും കർമ്മപദ്ധതികളെയും നിശ്ചയിക്കേണ്ടതെന്നും സമകാലികജീവിതം ഉയർത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മനുഷ്യസംതൃപ്തിയെ ലക്ഷ്യമാക്കിയുള്ള വീക്ഷണ പദ്ധതിയാണ് വേണ്ടതെന്നും മാനവവാദം നിർദ്ദേശിക്കുന്നു (5). ആ അളവിൽ മാനവവാദം വിപ്ലവകരമായ ചിന്ത തന്നെയാണ്. ഈ വീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന എല്ലാ സംവിധാനങ്ങളെയും പുനക്രമീകരിക്കണം എന്നതാണ് മാനവവാദദർശനം മുന്നോട്ട് വെയ്ക്കുന്നത്.
ജന്മിത്തത്തിന്റെ തകർച്ചയുടെയും മുതലാളിത്തത്തിന്റെ വികാസത്തിന്റെയും ഘട്ടത്തിലാണ് ചിന്താധാര എന്ന നിലയിൽ ഹ്യൂമനിസം കടന്നുവന്നത്.ഫ്യൂഡൽ കാലഘട്ടത്തിൽ അടിയാന്മാരായി കഴിഞ്ഞിരുന്ന ജനതയെ ഉണർത്തേണ്ടതും തങ്ങളുടെ ലക്ഷ്യമായ ലാഭാധിഷ്ഠത കമ്പോളത്തെ രൂപപ്പെടുത്തിയെടുക്കേണ്ടതും മുതലാളിത്തത്തിന്റെ ആവശ്യമായിരുന്നു (6). മാനവവാദം ഇത്തരത്തിൽ മുതലാളിത്തത്തിന്റെ സംസ്ഥാപനത്തിനും വളർച്ചയ്ക്കും നിലനിൽപ്പിനും വേണ്ടിയാണ് ഉടലെടുത്തതെങ്കിലും സാധാരണക്കാരുടെ ഇടയിൽ അത് ഗുണപരമായ മാറ്റത്തിന്റെ അലയൊലികൾ വീശി. ഹ്യൂമനിസത്തിന്റെ ഭാഗമായി ദേശീയ വികാരം ഉണർത്തിവിട്ടാണ് ഇന്ത്യൻ ബൂർഷ്വാസി സ്വാതന്ത്ര്യം എന്ന മഹത്തായ ആശയത്തെ തങ്ങളുടെ കയ്യിലെ ആയുധമാക്കി മാറ്റിയത് (7). നവോത്ഥാനത്തിന്റെ എല്ലാ മണ്ഡലങ്ങളിലുമുള്ള പ്രവർത്തനങ്ങളിൽ വഴികാട്ടിയും വെളിച്ചവുമായി തീർന്നത് ഈ മാനവവാദദർശനമാണ്. കാലക്രമേണ ഹ്യൂമനിസം ഉയർത്തിയ മൂല്യങ്ങൾ മുതലാളിത്തത്തിന് തന്നെ ഭീഷണിയായി തീർന്നു. അക്കാലത്ത് സ്വതന്ത്ര ചിന്താഗതിയും വ്യക്തിബോധവും യുക്തി ബോധവും സമത്വാവകാശബോധവും ചേർന്ന് സമൂഹത്തിന്റെ താഴെത്തട്ടിൽ കിടന്നവർ കൂടി ഉയർത്തെഴുന്നേറ്റു തുടങ്ങി. ആ മാറ്റത്തിന്റെ പ്രചാരണം അക്കാലത്തെ സാഹിത്യവും ഏറ്റെടുത്തു ഇന്ത്യൻ സാഹിത്യത്തിൽ ശരത്ചന്ദ്ര ചാറ്റർജ്ജിയുടെയും കാസിംനസ്റുൾ ഇസ്ലാമിൻ്റെയും രവീന്ദ്രനാഥ ടാഗോറിന്റെയും ഒക്കെ കൃതികളിൽ അതിൻ്റെ പ്രതിഫലനം കാണാം(8) മലയാളസാഹിത്യത്തിൽ കുമാരനാശാനും വള്ളത്തോളും കേശവദേവും ബഷീറും പൊൻകുന്നം വർക്കിയും തുടർന്ന് പുരോഗമനസാഹിത്യസംഘടനയുടെ ചുവടു പിടിച്ച് ഉയർന്നുവന്ന നിരവധി എഴുത്തുകാരും ഒക്കെ തന്നെ ഈ ആദർശത്തിന്റെ പ്രതിനിധികളാണ്.
ദലിതിസം
ജാതിവ്യവസ്ഥ നിലനിന്നിരുന്ന ഇന്ത്യയിലെ സാമൂഹിക-സാമ്പത്തികപദവികളിൽ നിന്ന് നൂറ്റാണ്ടുകളായി ആട്ടിയകറ്റപ്പെട്ടവരും ചരിത്രപരമായ കീഴാളത അനുഭവിക്കേണ്ടി വന്നവരുമായ ജനതയെ ദലിത് എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നു. ദലിത് എന്ന പദത്തിന് 1970 കളുടെ തുടക്കത്തിൽ മഹാരാഷ്ട്രയിൽ രൂപംകൊണ്ട ‘ദലിത് പാന്ഥർ’ പ്രസ്ഥാനമാണ് പ്രചാരം നൽകിയത്. അടിച്ചമർത്തപ്പെട്ട എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന 'സബാൾട്ടേൺ’എന്ന പദം പ്രയോഗിച്ചത് അൻ്റോണിയോ ഗ്രാംഷിയാണ്. അടിച്ചമർത്തപ്പെടുന്ന എല്ലാ വിഭാഗങ്ങളെയും ഈ പദം ഉൾക്കൊള്ളുന്നു. മലയാളത്തിൽ ദലിത് എന്ന പദം കൊണ്ടാണ് ഈ പദം വിവർത്തനം ചെയ്തിരിക്കുന്നത്. ദലനം ചെയ്യപ്പെട്ടത് അതായത് പിളർക്കപ്പട്ടത്, പൊടിക്കപ്പെട്ടത്, മുറിച്ചു കളയപ്പെട്ടത് , കീറി നശിപ്പിക്കപ്പെട്ടത് എന്നൊക്കെയാണ് ദലിതം എന്ന വാക്കിൻ്റെ പദാർത്ഥം. ദലിതം എന്ന വാക്ക് ഒരു ജനതയെ പ്രതിനിധാനം ചെയ്യുമ്പോൾ മനുഷ്യകുലത്തിൽ നിന്ന് മുറിച്ചു തള്ളപ്പെട്ടവർ അല്ലെങ്കിൽ അകറ്റി നിർത്തപ്പെട്ടവർ എന്നർത്ഥം നിഷ്പ്രയാസം ലഭിക്കുന്നു എന്ന് കവിയൂർ മുരളി ‘ദളിത് ഭാഷ’ എന്ന തൻ്റെ പുസ്തകത്തിൽ സൂചിപ്പിക്കുന്നു.(9) ദലിത് എന്ന പദം ഒരു ജനസമുദായവുമായി ചേർത്ത് ആദ്യമായി ഉച്ചരിച്ചത് മഹാത്മ ജ്യോതിറാവു ഫുലേയും ഡോക്ടർ ബി ആർ അംബേദ്കറും ആണ്. ഫുലെ ദലിതോദ്ധർ എന്നാണ് പ്രയോഗിച്ചത് .വിമോചിത ആശയങ്ങൾ ഉൾച്ചേർന്ന ദലിത് പാന്തർ പ്രസ്ഥാനം അമേരിക്കയിലെ ബ്ലാക്ക് പാന്തർ പ്രസ്ഥാനത്തിൽനിന്ന് പ്രചോദനം ഉൾകൊണ്ടിരുന്നു എങ്കിലും അബേദ്ക്കറുടെ ജനാധിപത്യസങ്കല്പങ്ങൾ ഈ മുന്നേറ്റങ്ങൾക്ക് ആശയപരമായ അടിത്തറ നൽകി.ദളിത് സ്വത്വ രൂപീകരണത്തിന് പിന്നിൽ പരിവർത്തനങ്ങളുടെ ഒരു നീണ്ടകാലം തന്നെയുണ്ട്,എങ്കിലും കൃത്യമായ ആശയവ്യവസ്ഥയോ പ്രായോഗികമണ്ഡലമോ ചൂണ്ടിക്കാണിക്കുവാൻ പറ്റാത്ത വിധം സങ്കീർണമാണ് പുതിയ ദലിത് അവബോധം .ദലിത് എന്ന പദം വർഗ്ഗപരമായ ഉള്ളടക്കത്തിന് ഊന്നൽ നൽകിക്കൊണ്ട് വിശകലനം ചെയ്യപ്പെടാറുണ്ട്. നൂറ്റാണ്ടുകളായി അടിമത്തം അനുഭവിക്കേണ്ടി വരികയും അതുമൂലം വിഭവ അധികാര പങ്കാളിത്തത്തിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത ജനതയാണ് ദലിതർ എന്ന് പറയാം.ആ തലത്തിൽ ദലിത് എന്നത് തീവ്രമായ ഒരു രാഷ്ട്രീയബോധം കൂടിയാകുന്നു.
നിലനിൽക്കുന്ന ചരിത്ര ബോധത്തിന്റെ അടിസ്ഥാനശിലകളെ ഇളക്കി കൊണ്ടാണ് മലയാളത്തിൽ ദലിത് സാഹിത്യം രൂപം കൊണ്ടത്.കൊളോണിയൽ സാഹിത്യരൂപമായ നോവൽ കേരളത്തിൽ തുടക്കത്തിലേതന്നെ പ്രമേയപരമായി ജാതിയെ പ്രശ്നവൽക്കരിക്കാൻ ശ്രമിച്ചിരുന്നു. പുല്ലേലി കുഞ്ചു (1882) സരസ്വതി വിജയം (1892) തുടങ്ങിയ ആദ്യകാല നോവലുകളുടെ ഉള്ളടക്കം തിരുവിതാംകൂറിലും മലബാറിലും നിലനിന്ന ജാതി വ്യവസ്ഥയുടെ വ്യത്യസ്ത പ്രയോഗങ്ങളായിരുന്നു. മലയാളസാഹിത്യം പൊതുവേ പരിശോധിച്ചാൽ ബോധപൂർവ്വമായ കീഴാളപക്ഷ രചനകൾ ആരംഭിക്കുന്നത് നോവലുകളിലാണെന്ന് പറയാം. ജാതിവിരുദ്ധസമരം, സാമൂഹികനീതിയുടെ സംരക്ഷണം, സാമ്പത്തിക സമത്വത്തിനു വേണ്ടിയുള്ള പ്രക്ഷോഭം തുടങ്ങിയവ ദലിത് സാഹിത്യത്തിൻ്റെ വികാസത്തിന് ഊന്നൽ നൽകി. ദളിത് സാഹിത്യത്തിനും കലകൾക്കും തനത് സൗന്ദര്യശാസ്ത്രം ഉണ്ട്.
ചാവു തുള്ളൽ
ഫ്യൂഡലിസത്തിൻ്റെ തകർച്ചയ്ക്കുശേഷവും അയിത്താചാരങ്ങൾ ബാക്കിയാകുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുള്ള മദ്ധ്യതിരുവിതാംകൂറിലെ പുലയ ജീവിതഗാഥയാണ് ചാവുതുള്ളൽ. അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര, സാധുജനപരിപാലന സംഘത്തിന്റെ പ്രവർത്തനങ്ങൾ, പറയരുടെയും പുലയരുടെയും കുടിയേറ്റം, മതം മാറ്റം, മതം മാറിയിട്ടും വിട്ടുമാറാത്ത അവഗണന, വിദ്യാഭ്യാസ മുന്നേറ്റം എന്നിവ നോവലിൻ്റെ ജീവധാര ആകുന്നു. നോവലിന്റെ അധ്യായവിഭജനം ശ്രദ്ധേയമാണ്. ‘തരിക്’ എന്ന എണ്ണൽ സംഖ്യ അനുസരിച്ച് ആണ് അധ്യായങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത്.ചാവ്, തോവ്, തിലവ്, പാത്ത്, തട്ടൽ,തടവൽ, ഞൊളക്കൽ, വലിവ്, തായാപോലിവ്, പൊലി ചാവ്, പൊലിതോവ് തുടങ്ങി പാത്തുപൊലിതായാൻ വരെയുള്ള അധ്യായവിഭജനം നോവലിൽ ഉണ്ട്. ഈ പേരുകൾ പുലർക്കിടയിൽ നെല്ല് അളക്കുന്നതിന് പ്രയോഗിച്ചിരുന്ന അളവ് നാമങ്ങളാണ്. കീഴാളജീവിത സംഘർഷങ്ങളും പ്രാദേശിക ഭൂമികയിൽ സൃഷ്ടിക്കപ്പെടുന്ന പാഠഭേദങ്ങളും ചാവുതുള്ളലിനെ വ്യത്യസ്തമാക്കുന്നു.
മധ്യതിരുവിതാംകൂറിലെ പുലയജീവിതം, ആചാരാനുഷ്ഠാനങ്ങൾ, വിശ്വാസം,ഭക്ഷണം തുടങ്ങിയ എല്ലാ തലങ്ങളുടെയും നേർചിത്രം നോവലിൽ കാണാം. ചാവുതുള്ളൽ എന്ന ശീർഷകത്തിന്റെ ഔചിത്യം ശ്രദ്ധേയമാണ്. മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് പുലർക്കിടയിൽ നിലനിന്നിരുന്ന ചടങ്ങാണ് ഇത്. മരിച്ചതിന്റെ പതിനാറാം നാൾ വേലത്താന്റെ നേതൃത്വത്തിൽ,മരിച്ചുപോയവരെ വെട്ടത്ത് വരുത്തുന്ന ചടങ്ങാണിത്. പരേതാത്മാക്കളെക്കുറിച്ചുള്ള വിശ്വാസം നോവലിൻ്റെ അടിത്തറയായി വർത്തിക്കുന്നു. സ്ത്രീ സ്വത്വാവിഷ്കാരതലവും നോവലിനെ സമ്പുഷ്ടമാക്കുന്നു.
പ്രമേയതലം
പുലയ മൂപ്പനായ കറുമ്പൻ മക്കളായ നീലനെയും മയിലനെയുംകാൾ ചെറുപ്പമായ വള്ളിയെ വിവാഹം കഴിക്കുന്നു. വള്ളിയും ചെറുപ്പക്കാരനായ ചീരനും തമ്മിൽ ആദ്യമേ തന്നെ പ്രണയത്തിലായിരുന്നു. വള്ളിയുടെ അച്ഛൻ ആവശ്യപ്പെട്ട പെൺപണം നൽകാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് കറുമ്പൻ വള്ളിയെ വിവാഹം കഴിക്കുന്നത്. ആ പ്രണയകഥ കറുമ്പൻ അറിയുന്നത് കെട്ടുകഴിഞ്ഞാണ്. പ്രായശ്ചിത്തം പോലെ താൻ കെട്ടിപ്പൊക്കിയിരുന്ന ചിറയുടെ കാവൽ തമ്പുരാൻ വഴി ചീരനെ ഏൽപ്പിക്കുകയാണ് കറുമ്പൻ. മനപ്പൊരുത്തം വന്നവരെ പിരിക്കുന്നത് ദൈവങ്ങൾ പൊറുക്കില്ല എന്ന് അയാൾക്ക് അറിയാമായിരുന്നു. ചീരനും വള്ളിയും അടുക്കുന്നുണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് കരുതി തന്നെയായിരുന്നു കറുമ്പൻ ചീരനെ കൂടെ കൂട്ടിയത്. ചിറ പൊട്ടുകയും വള്ളിയെ കാണാതാവുകയും ചെയ്യുന്നതോടെ കറുമ്പൻ കൂടുതൽ തളർന്നു. ചീരനും വള്ളിയും ഒളിച്ചോടി എന്ന നാട്ടുകാർ കരുതിയപ്പോഴും അവരുടെ കുറകൾ (വസ്ത്രങ്ങൾ) കാണുന്ന കറുമ്പന് അവരെ മാടൻ കൊണ്ടുപോയെന്ന് മനസ്സിലാകുന്നു. നീലൻ, മൈലൻ സഹോദരങ്ങൾക്ക് അരുമയായ മൈലന്റെ മകൾ ചിരുത എരണക്കെട്ടുമനയിലെ കൊച്ചമ്പ്രാനാൽ ബലാത്സംഗം ചെയ്യപ്പെട്ട് അതിദയനീയമായി മരിക്കുന്നു. മിടുക്കിയായ ആ ചെറിയ പെൺകുട്ടിയെ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു. അവളുടെ മരണം പുലയ കുടികളിൽ ദുഃഖവും പ്രതിഷേധവും ഉണ്ടാക്കിയെങ്കിലും അതിനപ്പുറം ഒന്നും നടന്നില്ല.ചിരുതയുടെ ചാവിന് സാഹചര്യമൊത്ത് വന്നപ്പോൾ നീലൻ പ്രതികാരം ചെയ്യുന്നുണ്ട്. ചിന്നൻ്റെ പെണ്ണിനെ കടന്നു പിടിക്കാൻ ശ്രമിക്കുന്ന കൊച്ചമ്പ്രാനെ നീലൻ കൊന്ന് കുഴിച്ചുമൂടുന്നു. ഇതോടെ കഥാഗതി മറ്റൊരു തലത്തിലേക്ക് മാറുന്നു. ഈ പശ്ചാത്തലത്തിൽ നീലൻ കാഞ്ഞിരപ്പള്ളിയിലേക്ക് നാടുവിടുന്നു.
നോവലിലെ മറ്റൊരു അത്ഭുത കഥാപാത്രമാണ് കാളി. ഭാര്യയായ അഴകിക്കൊപ്പം ജീവിക്കുമ്പോൾ തന്നെ ഇടയ്ക്കിടെ അതിരമ്പുഴയിൽ പോയി നീലൻ കാളിയുമായി പ്രേമസംഗമം നടത്താറുണ്ടായിരുന്നു.മനയ്ക്കലെ കൊച്ചമ്പ്രാനെ കൊന്നശേഷം കാഞ്ഞിരപ്പള്ളിയിലേക്ക് മാറി താമസിക്കാനെല്ലാം കാളിയായിരുന്നു അവനെ ഉപദേശിച്ചത്. അവർ തമ്മിലുള്ളത് അവിഹിതബന്ധമാണങ്കിലും അതിനെ മനോഹരമായാണ് നോവലിൽ ആവിഷ്കരിക്കുന്നത്. നോവലിൻ്റെ അവസാന ഭാഗം എത്തുമ്പോഴാണ് കാളിയുടെ യഥാർത്ഥ ചരിത്രം വായനക്കാർക്ക് മനസ്സിലാകുന്നത്. കാലങ്ങൾക്ക് മുമ്പ് കോന്നൻ തമ്പ്രാൻ അപ്പനെയും കാമുകനെയും കൊന്നതിൽ പ്രതിഷേധിച്ച് അയാളെ കൊടുവാൾ എടുത്തു വെട്ടിക്കൊല്ലുന്ന പെണ്ണാണ് കാളി. പിന്നീട് നിരവധി സന്ദർഭങ്ങളിൽ പ്രേമിക്കുന്നവർക്ക് തുണയായും പ്രേമിക്കുന്നവനെ തേടിയലയുന്ന കുഞ്ഞിലക്ഷ്മിയായും കാളി നോവലിൽ പ്രത്യക്ഷമാകുന്നു.തമ്പ്രാക്കന്മാരുടെ കോപത്തിൽ നിന്നും പ്രണയികളായ കണ്ടനെയും മാണിയെയും രക്ഷപ്പെടുത്താനുള്ള വഴി ഉണ്ടാക്കിയതും കാളി തന്നെയായിരുന്നു നീലനെ നേർവഴിക്ക് നയിക്കുന്നവളാണ് കാളി. കാമവും കരുത്തും വാത്സല്യവും മാത്രമല്ല,ഉത്തരവാദിത്തബോധവും അവൾ നീലന് പകർന്നു നൽകി. സാധാരണ കാണാറുള്ളതുപോലെ ഭാര്യയിൽ നിന്ന് അവനെ അകറ്റി സ്വന്തമാക്കാനല്ല കാളി ആഗ്രഹിച്ചത്. പകരം കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള വരവുകളിൽ നീലൻ അഴകിക്കൊപ്പം കൂടിയിട്ട് മതി തൻ്റെ അടുത്തേക്കുള്ള വരവ് എന്നാണ് കാളി പറയുന്നത്. അഴകിയുടെ ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തിൽ ഒപ്പം നിൽക്കാതെ തന്റെ അടുത്ത് വന്ന് ഭാര്യയെ കൂത്തിച്ചി എന്ന് വിളിക്കുന്ന നീലനു നേരെ പൊട്ടിത്തെറിച്ചുകൊണ്ട് അക്ഷരാർത്ഥത്തിൽ കാളീഭഗവതിയായി അവൾ മാറി.ഭർത്താവിന്റെ അസാന്നിധ്യത്തിൽ കുടുംബം നോക്കാൻ പെടാപ്പാടുപെടുന്ന ഭാര്യയെ അവഹേളിക്കുന്ന നീലനു നേരെ കാളിയുടെ സ്ത്രൈണപ്രജ്ഞ കത്തി ജ്വലിച്ചു. മൈഥുനവേളയിൽ വച്ചുതന്നെ നീലനിലെ പുരുഷാധിപത്യഗർവ്വിനെ അവൾ ആട്ടിയിറക്കി വിടുന്നു. വ്യക്തിത്വമുള്ള ആ കഥാപാത്രത്തിന് പിന്നീട് നോവലിൽ ഉടനീളം ഒരു അഭൗമ തലം നൽകുകയാണ് നോവലിസ്റ്റ്.
നീലൻ്റെ മകൻ പൊടിയൻ പുതുലോകത്തിൻ്റെ സവിശേഷതകളുള്ള കഥാപാത്രമാണ്. ആരോടും പറയാതെ നാടുവിട്ട് കാഞ്ഞിരപ്പള്ളിയിലെ ഒരു റബ്ബർ തോട്ടത്തിൽ അവൻ പണിയെടുക്കുന്നു.അവിടെ വെച്ച് മർഫിസായിപ്പിനെ കണ്ടുമുട്ടുന്നു. സായിപ്പിന്റെ അയിത്തമില്ലായ്മയും അവിടെ നിന്ന് കിട്ടിയ അറിവിൻ്റെ വെളിച്ചവും പൊടിയനെ പുതിയകാലത്തെ മനുഷ്യനാക്കുന്നു.
ചിരുതക്കുഞ്ഞിനെ കൊന്നതിന് പകരം വീട്ടാൻ എരണക്കാട്ടെ കൊച്ചമ്പ്രാനെ കൊന്നു എന്ന സത്യം മൈലനിൽ നിന്ന് അറിയാതെ പുറത്തുവരുന്നു. സവർണർ ഹാലിളകി നീലൻ്റെയും മൈലൻ്റെയും കുടിലുകൾ ചുട്ടു ചാമ്പലാക്കുന്നു. നോവൽ അതിൻ്റെ അവസാനത്തിലേക്ക് അടുക്കുമ്പോൾ അയ്യങ്കാളിയും ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയും മന്നത്തും ഒക്കെ തുടങ്ങിവച്ച നവോത്ഥാന പ്രവർത്തനങ്ങളുടെ വെളിച്ചം അതുവരെ അടിച്ചമർത്തപ്പെട്ടിരുന്ന അന്തർജനങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി.എരണക്കെട്ട് മനയിലെ കൊച്ചമ്പ്രാൻ്റെ വേളി തേതിക്ക് വിവാഹത്തിനു മുമ്പ് തന്നെ സാമൂഹ്യ പരിഷ്കർത്താക്കളുമായി അടുപ്പം ഉണ്ടായിരുന്നു. വി.ടിയുടെ നാടകം കാണുകയും ഇഎംഎസ്സുമായും ചങ്ങനാശ്ശേരി പരമേശ്വരപിള്ളയുമായും ഒക്കെ സൗഹൃദം സൂക്ഷിക്കുകയും ചെയ്ത അവൾ മറക്കൂടയും ഘോഷയും ഉപേക്ഷിച്ചിരുന്നു.ആദ്യമെല്ലാം മനയ്ക്കകത്ത് ഒതുങ്ങിക്കൂടിയെങ്കിലും കൊച്ചമ്പ്രാൻ്റെ തിരോധാനത്തിനുശേഷം മനക്കലെ കാര്യങ്ങളുടെ നിയന്ത്രണം അവൾ ഏറ്റെടുത്തു. തേതിയുടെ വ്യക്തിത്വം കാര്യക്കാരായ നായന്മാരെ എല്ലാം ചൊല്പടിക്ക് നിർത്തി. കൊച്ചുതമ്പുരാൻ കാശിക്ക് പോയതാണെന്നും ഉടനെങ്ങും മടങ്ങില്ലെന്നും കാണിച്ച് കത്തെഴുതിയിരുന്നതായി കള്ളം പറഞ്ഞ് ചിരുതയുടെ വീട്ടുകാരെ ഉപദ്രവിക്കുന്നതിൽ നിന്ന് അവരെ വിലക്കുന്നു. പുലയക്കുടികളിൽ അയിത്തം നോക്കാതെ അവൾ കയറിയിറങ്ങി. നോവലിൻ്റെ അന്ത്യത്തിൽ തന്റെ ഭർത്താവിനാൽ ക്രൂരമായി കൊലചെയ്യപ്പെട്ട ചിരുതയുടെ കുഴിമാടം കാണാൻ തേതി ഇറങ്ങി പുറപ്പെടുന്നു. അവളെ താഴെ വീഴാതെ ഒറ്റത്തടിപ്പാലം കടത്തിവിടുന്നത് ചെമ്പകത്തിന്റെ കൊമ്പായി വന്ന ചിരുതയുടെ കരങ്ങൾ തന്നെയാണെന്ന് അവൾക്ക് തോന്നുന്നു. ചിരുതക്കുഞ്ഞിന്റെ വല്ല്യാങ്ങള പൊടിയനെ അവിടെ വച്ച് പരിചയപ്പെടുന്ന തേതി, അവൻ്റെ പൊന്നനിയത്തി ചിരുതക്കുഞ്ഞായി മാറുന്നു.മനയ്ക്കലെ കൊച്ചമ്പ്രാൻ്റെ വേളിയാണെന്ന് അറിഞ്ഞപ്പോൾ ആദ്യം കോപം ഉണ്ടായെങ്കിലും ചിരുതക്കുഞ്ഞിൻ്റെ ചിരിപോലെ ചെമ്പകം പൂത്തു നിൽക്കവെ പൊടിയൻ തേതിക്കും സഹോദരനായി മാറുന്നു .അവൻ അവൾക്ക് ഇംഗ്ലീഷ് പത്രം വായിച്ചു കൊടുക്കുന്നു .പൊടിയന്റെയും തേതിയുടെയും പുതിയ തലമുറയ്ക്ക് വർണവ്യത്യാസം കൂടാതെ തുല്യരായി ജീവിക്കുവാൻ തക്ക അറിവ് പുതിയകാലം നൽകുന്നുണ്ടെന്ന സൂചനയാണ് ഇവിടെ കാണുന്നത്. പാതി മയക്കത്തിൽ നിന്ന് താരാട്ടിന്റെ താളത്തിലേക്ക് ഉണർന്ന തേതി എഴുന്നേറ്റ് വെല്ല്യാങ്ങളെ എന്ന് വിളിച്ച പൊടിയനോടൊപ്പം നടന്നു നീങ്ങുന്നു.ഇവിടെ നോവൽ അവസാനിക്കുന്നു. തീണ്ടലും തൊടീലും ഒന്നുമില്ലാത്ത അറിവിൻ്റെ പുതുയുഗത്തിലേക്കുള്ള നടത്തമായി അത് മാറുകയാണ്
ചാവുതുള്ളൽ: ദലിതിസത്തിൽ നിന്ന് മാനവികതയിലേക്ക്.
കേരളത്തിലെ ദലിതർക്ക് ശക്തമായ ഒരു ഭൂതകാലവും വ്യക്തമായ ചരിത്രവും ഉണ്ട്. കേരളീയ സാമൂഹ്യഘടനയുടെ മുൻനിരയിൽ നിന്നും അകറ്റിനിർത്തപ്പെട്ട ജനതയാണ് കേരളത്തിലെ ദലിതർ.സാമൂഹികസാംസ്കാരികമേഖലകളിൽ പുതു ചലനങ്ങൾ ഉണ്ടായ നവോത്ഥാന കാലഘട്ടത്തിലാണ് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ദലിതർ ബോധവാന്മാരാവുകയും പ്രതിസന്ധികളെ അതിജീവിക്കാൻ സമരപ്രതികരണങ്ങളിലേക്ക് കടക്കുകയും ചെയ്തത്. ഈ ചരിത്രപശ്ചാത്തലത്തെ അടിസ്ഥാനമാക്കിയാണ് രാജു കെ.വാസു ചാവ് തുള്ളൽ എഴുതിയത്. “കേട്ടു മറന്ന ഭാഷയും കണ്ടു മറന്ന ജീവിതങ്ങളും തിരികെ പിടിച്ച് അനുഭവങ്ങളുടെ കൈപ്പുനീരിൽ വിരിയിച്ചത് എടുത്തതാണീ ഈ കഥ “ എന്ന് ആമുഖത്തിൽ നോവലിസ്റ്റ് എഴുതിയിട്ടുണ്ട്.( 10 രാജു കെ. വാസു, ചാവുതുള്ളൽ, ആമുഖം.)
മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവ അനുഭവങ്ങൾ പകർന്നു നൽകുന്ന നോവൽ കൂടിയാണ് ചാവ് തുള്ളൽ.
“ഏതെങ്കിലും ജാതിക്കാരുടെ വിമോചനം അല്ല സമഗ്രമായ മനുഷ്യവിമോചനമാണ് നോവൽ ലക്ഷ്യമാക്കുന്നത്.അതിനാലാണ് മധ്യതിരുവിതാംകൂറിലെ പുലയരുടെ ജീവിതം ചിത്രീകരിക്കുന്നതിലുപരി മലയാളസാഹിത്യത്തിലെ
പുത്തൻ പ്രത്യാശാപുസ്തകമായി ചാവുതുള്ളൽ സ്ഥാനം പിടിക്കുന്നത് “ എന്ന് അവതാരികയിൽ കെ പി രാമനുണ്ണി അഭിപ്രായപ്പെടുന്നുണ്ട്.(11) മാനവികസങ്കല്പങ്ങളായ വ്യക്തിബോധവും സമത്വബോധവും യുക്തിബോധവും സ്വാതന്ത്ര്യ ചിന്തയും ഒക്കെ കൂടി സമൂഹത്തിൻ്റെ താഴെത്തട്ടിൽ കിടന്നവർ കൂടി ഉയർത്തെഴുന്നേൽക്കുന്നതിന്റെ പ്രതിഫലനങ്ങൾ നോവലിൽ ഉടനീളം കണ്ടെടുക്കാൻ കഴിയും.
കറുമ്പനും നീലനും മയിലനും അഴകിയും ചിരുതയും ഒക്കെ ജീവിച്ചിരുന്ന ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിലെ സാമൂഹ്യരാഷ്ട്രീയചലനങ്ങൾ നോവലിൽ ചിത്രീകരിക്കുന്നുണ്ട്. കഠാരയും അരയിൽ തിരുകി ബാലരാമപുരം തെരുവിലൂടെയുള്ള അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര,സാധുജനപരിപാലന സംഘത്തിന്റെ പ്രവർത്തനങ്ങൾ , ജനിച്ചുവളർന്ന മണ്ണ് വിട്ട് കിഴക്കൻ തോട്ടങ്ങളിലേക്കുള്ള പുലയരുടെയും പറയരുടേയും കൂടിയേറ്റം. സവർണ്ണ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായുള്ള കീഴാളന്റെ ക്രിസ്ത്യാനിറ്റിയിലേക്കുള്ള മതം മാറ്റം,മതം മാറിയിട്ടും മാറാതെ നിൽക്കുന്ന അയിത്തം ഇംഗ്ലീഷ് ഭരണത്തിന്റെ ഫലമായി ഏറെക്കുറെ ലഭ്യമായ വിദ്യയുടെ വെളിച്ചം, തുടങ്ങി നോവലിൻ്റെ ആഖ്യാനത്തെ സമ്പുഷ്ടമാക്കുന്ന നിരവധി ഘടകങ്ങൾ നമുക്ക് വായിച്ചെടുക്കാം
അമർത്തി വച്ച പകയുടെയും പ്രതിഷേധങ്ങളുടെയും മൂർത്തിമദ്ഭാവമാണ് നീലൻ്റെത്.
‘ചിറയുടെ പകുതി ദൂരം പിന്നിട്ട നീലൻ അവിടെത്തന്നെ നിന്നു. എനി ത്രടം വന്നു. തമ്പ്രാൻ ഇച്ചിരെ മാറി നിന്നോ.ഏൻ പോയേക്കാം ധിക്കാരം പറയണോടാ…...
പപ്പൻ ചിറയിൽ കുത്തി വച്ചിരുന്ന പത്തലുകളിൽ ഒന്ന് വലിച്ചൂരി….. തലയ്ക്കുനേരെ വന്ന അടി കുനിഞ്ഞൊഴിഞ്ഞ് ചുവടു മാറ്റി വലതുകൈ കൊണ്ട് പത്തല് പിടിച്ച് താഴ്ത്തി സ്വന്തം ദേഹത്ത് കൊള്ളിച്ച് നായരെ തോണ്ടിയെടുത്ത് കണ്ടത്തിലേക്കെറിഞ്ഞു.’ 12
ജന്മിത്തവ്യവസ്ഥയുടെ അധികാരരൂപങ്ങൾക്കെതിരെയുള്ള നീലൻ്റെ കലഹമാണിത് കാണിക്കുന്നത്. അയിത്തം പാലിക്കാൻ ശഠിക്കുന്ന അഞ്ചക്കാരൻ നായരെ വടികൊണ്ട് കറക്കി എടുത്ത് പാടത്ത് ഇടാൻ തക്ക ആത്മവീര്യമാണ് നീലനപ്പോൾ കാട്ടുന്നത്. സവർണാധികാരത്തിന്റെ അന്യായങ്ങൾക്ക് കൂട്ടുനിൽക്കുന്ന പോലീസുകാരെ വള്ളം മറിച്ച് പുഴയിൽ ഇടുന്നതും നീലനിലെ വ്യക്തിയുടെ അഭിമാനബോധമാണ്. വ്യക്തിബോധം മാനവികതയുടെ ഉദാത്ത സങ്കല്പമാണ്.
കാഞ്ഞിരപ്പള്ളിയിലേക്ക് പോയ നീലനെക്കുറിച്ച് ആശങ്കപ്പെടുന്ന അഴകിയോട്
“ആടെ ഈടത്തെപ്പോലല്ല, തീണ്ടലും തൊടീലും ഇല്ല” എന്ന് മൈലൻ പറയുന്നു.”
“എന്നാ അതില്ലാത്തേ” എന്ന അഴകിയുടെ ചോദ്യത്തിന് മൈലൻ്റെ മറുപടി “ആടത്തെ ആൾക്കാർക്കു പടിത്തോം വിവരോമൊണ്ടു ".....
തീണ്ടലും തൊടിലും തെറ്റാണന്നും ഈ ഭൂമിയിൽ എല്ലാവരും ഒരു പോലാണെന്നും പറഞ്ഞാൽ കിടാങ്ങൾക്കുണ്ടോ മനസ്സിലാകുന്നു.ഭൂമി എല്ലാവരുടെയുമാണ് അത് മേലാളൻമാർ വളച്ചുകെട്ടി സ്വന്തമാക്കിയതാണ് (13) ഇങ്ങനെ പോകുന്നു ആഖ്യാതാവിൻ്റെ ഇടപെടീൽ.
“ ഇവിടുത്തെ പെലേത്തികളു കാലുകൊണ്ട് ചവിട്ടിമെതിക്കുന്ന നെല്ലാ അവരുടെ പത്തായത്തില്. തീണ്ടലും തൊടീലും പെലേരേം പറയരേം മാറ്റി നിർത്താനാ…അവരുണ്ടാക്കുന്നതു തട്ടിയെടുത്തു വച്ചിരിക്കുന്നത് തിരിച്ചു കൊടുക്കാതിരിക്കാനുള്ള സൂത്രം”(14).
കൂട്ടത്തിൽ ഇതൊക്കെ പൊടിയന് മനസ്സിലാകുന്നുണ്ട്. ഈ സംഭാഷണങ്ങളിലൊക്കെ സമത്വത്തെക്കുറിച്ചുള്ള അവബോധത്തിനൊപ്പമോ അതിലുപരിയോ മാനവികതയുടെ യുക്തി സങ്കല്പം ദർശിക്കാനാകും.
പ്രതിഷേധിക്കുന്നവന് സ്വന്തം മണ്ണിൽ ഭയരഹിതമായി നിൽക്കാനാകില്ലെന്ന യാഥാർത്ഥ്യമാണ് നീലനെ കിഴക്കൻ മലയിലെത്തിക്കുന്നത്, ഒപ്പം പട്ടിണിയും ദുരിതങ്ങളും. കിഴക്കൻ മലയുടെ രാഷ്ട്രീയം വൃത്യസ്തമാണ്. അവിടെ പണത്തിൻ്റെയും അധികാരത്തിൻ്റെയും പുതുഭാവങ്ങൾ കാണാൻ കഴിയും.പാടത്തു നിന്ന് തോട്ടങ്ങളിലേക്കുള്ള കുടിയേറ്റം മുതലാളിത്ത സമ്പദ് വ്യവസ്ഥയിലേക്കുള്ള പരിവർത്തനഘട്ടമാണ് (15).
മതപരിവർത്തനവും വിദ്യാഭ്യാസവും അടിയാൻ്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. മതം മാറ്റം തങ്ങളുടെ ദുരിതങ്ങളിൽ നിന്നുള്ള മോചനമായി പ്രതീക്ഷ ഉണർത്തുന്നുണ്ടെങ്കിലും പറയപ്പള്ളി, പുലയപ്പള്ളി എന്നിങ്ങനെ മാറിയിട്ടും മാറാതെ നിൽക്കുന്ന അയിത്താചാരസ്ഥാപനങ്ങൾ ദലിതനെ അവനിലേക്കു തന്നെ ചുരുക്കുന്നു. എങ്കിലും വേലയും വിദ്യാഭ്യാസവും കിട്ടുമല്ലോ എന്നതാണവരുടെ ആശ്വാസം.
അടിയാനെ സ്വതന്ത്ര വ്യക്തിത്വങ്ങളാക്കുവാൻ മിഷണറിമാർ മതപരിവർത്തനം നടത്തിയെങ്കിലും അധ:സ്ഥിതത്വം മാറാതെ തന്നെ നിന്നു.
“പുലയനെല്ലാം ചേരമരായാൽ
പുലയൻ്റെ പുലമാറുമോ
പറയനെല്ലാം സാമ്പവരായാൽ
പറയൻ്റെ ഗതി മാറ്റുമോ” (16)
എന്ന പൊയ്കയിൽ കുമാരഗുരുവിൻ്റെ വരികൾ ചോദ്യചിഹ്നമാകുന്നതിൻ്റെ തെളിവുകളാണ് പുലയപ്പള്ളിയും പറയപ്പള്ളിയും.
നോവലിൽ ചിന്നൻ ചോദിക്കുന്നു
“കാഞ്ഞിരപ്പള്ളിക്കരേ ഇന്തുക്കളും നമ്പൂരീം ഒന്നും ഇല്ലേ” (17
ക്രിത്യാനിപ്പള്ളി, തുലുക്കപ്പള്ളി മാത്രമായിരുന്നിടത്ത് പുലയർക്കും പറയർക്കും വെവ്വേറെ പള്ളിയുണ്ടായി.
നീലൻ്റെ മകൻ പൊടിയൻ്റെ മനസ്സിൽ ജാതി കുശുമ്പൻമാരോടുള്ള വെറുപ്പ് പ്രകടമായിരുന്നു. ഒരിക്കൽ വേലചെയ്ത ചക്രം കുടിയിൽ നിന്ന് അറുപത് അടി അകലെ എമ്പ്രാന്തിരിക്ക് ധർമ്മം ചെയ്തപ്പോൾ ചക്രത്തിൽ നിന്ന് അറുപത് അകലെ നിന്ന് എമ്പ്രാന്തിരി ശുദ്ധം ചെയ്യാൻ വെള്ളം ചോദിച്ചു. പൊടിയന് വിറഞ്ഞു കയറി.
“ കാഞ്ഞിരപ്പള്ളിയിൽ തീണ്ടലും തൊടീലുമില്ല എന്നു മൈലമ്പാപ്പൻ പറഞ്ഞല്ലോ? പിന്നിവിടെ എന്നേത്തിനാ തീണ്ടലും തൊടീലും.രണ്ടു തേശോം പരിക്കുന്നത് ഒരു താശാവാണല്ലോ?” (18)
എന്നു പിറുപിറുത്തു കൊണ്ട് കുടിക്കു പിന്നിൽ പോയി ചിരട്ടയിൽ മൂത്രമൊഴിച്ച് പുഴയിൽ നിന്ന് വെള്ളവും ചേർത്ത് ചക്രത്തിനടുത്ത് വച്ച് അറുപത് അടിമാറി ഓച്ഛാനിച്ചു നിന്നു. എമ്പ്രാന്തിരി അതെടുത്ത് പുണ്യാഹം തളിച്ച് ബാക്കി വെള്ളം തലയിൽ തൂത്ത് ചക്രമെടുത്ത് മടിക്കുത്തിൽ തിരുകി ഹോയ്, ഹോയ് വിളിച്ച് അടുത്ത തറ ലക്ഷ്യമാക്കി നടന്നു.
ജാതി കുശുമ്പൻമാരോടുള്ള അടക്കിപ്പിടിച്ച അമർഷമാണ് പൊടിയനെ കൊണ്ടത് ചെയ്യിച്ചത്.ഇതേ പൊടിയൻ പിന്നീട് കാഞ്ഞിരപ്പള്ളിയിൽ നിന്ന് മലയാളം എഴുതാനും വായിക്കാനും പഠിച്ച് നൈറ്റ് ക്ലാസ്സിൽ നിന്ന് ഇംഗ്ലീഷും പഠിച്ച് ലോക വിവരം നേടിയപ്പോഴേക്കും പാടേ മാറുന്നു. എരണക്കെട്ട് മനക്കലെ തേതിയെ സവർണ്ണ അവർണ്ണവ്യത്യാസം മറന്ന് സ്വന്തം സഹോദരിയായി കണ്ട് ചേർത്തു പിടിക്കാൻ തക്ക പാകതയുള്ളവനായി അവൻ മാറുന്നു. മാനവികതയിലധിഷ്ഠിതമായ നവലോകം സ്വപ്നം കാണാൻ നീലൻ്റെ മകനെ പ്രാപ്തനാക്കുന്നത് വിദ്യാഭ്യാസമാണ്.
യുറോപ്പിൽ നവോത്ഥാനം ഉദയം ചെയ്ത് അസ്തമിക്കാറായ കാലത്താണ് ഇന്ത്യയിൽ നവോത്ഥാനത്തിന് തുടക്കമിടുന്നത്. അതു കൊണ്ടു തന്നെ സോഷ്യലിസം, കമ്മ്യൂണിസം പോലുള്ള ചിന്തകളും മാനവികതയോടൊപ്പം കേരളത്തിലേക്കും കടന്നു വന്നു.നോവലിലെ കുഞ്ഞപ്പനെന്ന കഥാപാത്രവും ദുമ്മിനിയെന്ന മാഷും അത്തരം ചിന്തകൾക്ക് വഴിവയ്ക്കുന്നവരാണ്.ദുമ്മിനി നൽകിയ പുസ്തകങ്ങളിലൂടെ കുഞ്ഞപ്പൻ്റെ ചിന്തകൾ വിപ്ളവാദർശങ്ങളിലേക്ക് ചേക്കേറി. കുഞ്ഞപ്പനിലൂടെ മാർത്താണ്ഡവർമ്മയുടെ തേരോട്ടങ്ങൾ, ദളവായുടെ മുന്നേറ്റം, നിവർത്തന പ്രക്ഷോഭം തൊഴിലാളി വർഗ്ഗത്തിൻ്റെ ഉയർത്തെഴുന്നേൽപ്പ് തുടങ്ങിയ ചരിത്രസംഭവങ്ങൾ നോവലിൽ വിവരിക്കുന്നുണ്ട്.ചൂഷണഗ്രസ്തമായി കൊണ്ടിരിക്കുന്ന മുതലാളിത്തത്തിൻ്റെ അന്ത്യത്തിന് സായുധസമരം ചെയ്യുക എന്നതാണ് പരിഹാരം എന്നും കിട്ടാനുള്ള പുതിയൊരു ലോകത്തിനു വേണ്ടി ആത്മത്യാഗം ചെയ്യുന്നത് മാനവികതയുടെ മഹത്തായ പ്രകടനമാണ് എന്നും കുഞ്ഞപ്പൻ മനസ്സിലാക്കുന്നു.
നോവലിസ്റ്റിൻ്റെ സ്ത്രീപക്ഷചിന്തകൾ വെളിവാക്കുന്ന കഥാപാത്രങ്ങളാണ് കാളി, തേതി എന്നിവർ.മനസ്സറിയാതെ ചൂഷണം അനുഭവിക്കുന്ന അഴകിയോടുള്ള നീലൻ്റെ സമീപനത്തെ ശക്തിയുക്തം എതിർക്കുന്ന കാളി വർത്തമാനകാലയാഥാർത്ഥ്യമല്ലെങ്കിൽപ്പോലും ഒരു പെൺപോരാളിയാണ്. ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി പടപൊരുതുന്ന മരിച്ചവരുടെ പ്രതിനിധിയാണ് അവൾ. വള്ളിയുടെയും അഴകിയുടെയും തേതിയുടെയും മറ്റനേകം സ്ത്രീകളുടെയും അടിച്ചമർത്തപ്പെട്ട വികാരവിചാരങ്ങളുടെ പ്രതിരൂപമാണ് കാളി.
തേതി സവർണാധിപത്യത്തിന്റെ പ്രതിനിധിയായല്ല നോവലിൽ പ്രത്യക്ഷപ്പെടുന്നത്.മാനവികതയുടെ നന്മ ആർജ്ജിച്ചവളാണ് തേതിയെങ്കിലും പുരുഷാധിപത്യത്തിൻ്റെ ഇര കൂടിയാണ്. ആണധികാരത്തിന്റെ കാര്യത്തിൽ സവർണ്ണനും അവർണ്ണനും ഒരുപോലെയാണെന്ന് സ്ത്രീകഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് പ്രഖ്യാപിക്കുന്നു.വർണ്ണവ്യത്യാസമില്ലാതെ തന്നെ സ്ത്രീക്ക് ഒരു നീതി പുരുഷന് മറ്റൊരു നീതി എന്നത് അഴകി, തേതി എന്നിവരിലൂടെ നോവലിസ്റ്റ് ചൂണ്ടിക്കാട്ടുന്നു. നോവലിന്റെ ഒടുക്കം തേതിയും പൊടിയനും സഹോദരങ്ങളായി രൂപാന്തരപ്പെടുമ്പോൾ നവലോകസൃഷ്ടിക്ക് സ്ത്രീയും പുരുഷനും ഒന്നിച്ചുള്ള മുന്നേറ്റമാണ് വേണ്ടത് എന്ന നോവലിസ്റ്റിന്റെ ആഹ്വാനം നമുക്ക് കേൾക്കാനാകും
നോവലിനെ ഗദ്യാഖ്യായിക എന്നാണ് ഓക്സ്ഫോർഡ് വെബ്സ്റ്റർ നിഘണ്ടുക്കളൊക്കെ നിർവചിച്ചിരിക്കുന്നത്. ജീവിതത്തെക്കുറിച്ച് വ്യക്തവും പ്രത്യക്ഷവുമായ ധാരണ നൽകുന്ന ഒരു സാഹിത്യരൂപം ആണ് നോവൽ. നോവലിന്റെ മുഖ്യസ്വഭാവം മാനവികതയാണ്. നൈരന്തര്യമാണ് നോവലിന്റെ സത്തയെന്ന് മിലൻ കുന്ദേര വ്യക്തമാക്കിയിട്ടുണ്ട്. 19 വ്യക്തിയുടെ സ്വാതന്ത്ര്യം, യുക്തിചിന്ത, പ്രകൃതി സൗന്ദര്യം, സമത്വബോധം എന്നിങ്ങനെ നോവലിലൂടെ പ്രസരിക്കുന്ന മാനവികതയുടെ നിരവധി ആശയങ്ങൾ ഉണ്ട്. മാനവനീതിയെക്കുറിച്ചും ജാതിമതരാഷ്ട്രഭേദങ്ങൾക്ക് അതീതമായ മനുഷ്യസ്നേഹത്തെക്കുറിച്ചും നോവൽ പ്രതിപാദിക്കുന്നു.
ഉപസംഹാരം
ചാവുതുള്ളൽ ദലിതിസത്തിൽ നിന്ന് മാനവികതയിലേക്കുള്ള ചുവട് മാറ്റമാണ് പ്രകടിപ്പിക്കുന്നത് എന്ന് നിസ്സംശയം പറയാം. ലോകത്തെ മാറ്റിമറിക്കാനുള്ള ശേഷി മനുഷ്യനിൽ കുടികൊള്ളുന്നു എന്ന് മനുഷ്യൻ തിരിച്ചറിയുന്ന ചിന്താസരണിയാണ് മാനവികത. നവോത്ഥാനമാണ് ആ തിരിച്ചറിവിന് ആധാരം. സാമൂഹികസംവിധാനത്തിൽ സജീവമായി ഇടപെടുന്ന ഒരു അവസ്ഥയായി മാനവികത മാറിയിട്ടുണ്ട്. അത്തരം നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്ന ഒരു നോവലായി ചാവുതുള്ളലിനെ രേഖപ്പെടുത്താം.നോവലിനെ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഒരു ചിഹ്നം ആയിട്ടാണ് ടെറി ഈഗിൾട്ടൺ പരിഗണിക്കുന്നത്.( 20) ചാവു തുള്ളൽ ഇത് വ്യക്തമാക്കുന്നു.
യൂറോപ്പിലേതിൽ നിന്ന് വ്യത്യസ്തമായ കാലഘട്ടത്തിലാണ് നവോത്ഥാനം ഇന്ത്യയിൽ പ്രചരിക്കപ്പെട്ടത് എന്നതിനാൽ തുടക്കത്തിൽ പുരോഗമനപരമായിരുന്ന മുതലാളിത്തപ്രത്യയശാസ്ത്രം വ്യത്യസ്തമായ ചൂഷണസങ്കല്പങ്ങളിലേക്ക് ജനസമൂഹത്തെ കൊണ്ടെത്തിച്ചു.ഫ്യൂഡലിസത്തിനെതിരെ പുത്തൻ ഉണർവ്വ് പ്രദാനം ചെയ്തുകൊണ്ടാണ് മുതലാളിത്തം കടന്നു വന്നത്. എന്നാൽ ജൻമിത്തത്തിൻ്റെ ജീർണ്ണതകൾ അപ്പോഴും സാംസ്കാരിക അന്തരീക്ഷത്തിൽ നിന്നും വിട്ടൊഴിഞ്ഞിരുന്നില്ല. അതാണ് നോവലിൻ്റെ ഏറിയ ഭാഗത്തും കാണാൻ കഴിയുന്നത്.
അധ:സ്ഥിതന് വേലയും വിദ്യാഭ്യാസവും നൽകേണ്ടത് മുതലാളിത്തത്തിൻ്റെ മാർക്കറ്റുകളുടെ ആവശ്യമായിരുന്നു.സ്വാർത്ഥപരമായ ആവശ്യമായിരുന്നെങ്കിൽ പോലും അടിയാനെ മനുഷ്യനാക്കുവാൻ, വസ്ത്രം ധരിക്കുന്ന, റോഡിലൂടെ നിർഭയം സഞ്ചരിക്കുന്ന, സ്വന്തം ജീവിതത്തെ സ്വയംനിർണ്ണയിക്കുന്ന വ്യക്തിബോധമുള്ള മനുഷ്യനാകുവാൻ മുതലാളിത്തത്തിൻ്റെ പുരോഗമനാശയങ്ങൾ കാരണമായി. സ്വതന്ത്രനായ മനുഷ്യനു മാത്രമേ തങ്ങളുടെ മാർക്കറ്റിനെ ചലിപ്പിക്കാൻ കഴിയൂ എന്ന് മുതലാളിത്തത്തിനറിയാം. അതിന് അവൻ കൂലി പണമായി വാങ്ങേണ്ടതുണ്ട്. പണം കൊടുത്ത് സാധനങ്ങൾ വാങ്ങേണ്ടതുണ്ട്.വസ്ത്രം ധരിക്കേണ്ടതുണ്ട്.നിർഭയം വഴിയിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. സാഹോദര്യവും സമത്വവും പുലർത്തേണ്ടതുണ്ട്. അതായിരുന്നു പുതിയ ഉൽപ്പാദനക്രമത്തിൻ്റെ ആവശ്യകത.മുതലാളിത്തത്തിന് അടിയാനെ ആയിരുന്നില്ല തൊഴിലാളികളെ ആയിരുന്നു ആവശ്യം. ഫ്യൂഡലിസത്തിൽ നിന്നും മുതലാളിത്ത സമ്പദ്ക്രമത്തിലേക്കുള്ള പരിണാമവും അവിടെ നിന്നു കൊണ്ട് സോഷ്യലിസ്റ്റ് ചിന്തയിലേക്കുള്ള എത്തിനോട്ടവുമായി ചാവുതുള്ളൽ അവസ്സാനിക്കുന്നു. നോവലിസ്റ്റിൻ്റെ പ്രത്യാശാഭരിതമായ ചിന്തയുടെ പ്രതിഫലനം തന്നെയാണ് ഈ നോവലെന്ന് അടിവരയിട്ട് പറയാം.മാനവികതയിൽ ഉറച്ചു നിന്നു കൊണ്ടു മാത്രമേ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്ന ഒരു പുതിയ ലോകം സൃഷ്ടിക്കാൻ കഴിയൂ എന്ന് നമ്മെ ചിന്തിപ്പിക്കുകയാണ് നോവലിസ്റ്റ്.
കുറിപ്പുകൾ
1. ഗോവിന്ദപ്പിള്ള പി, കേരള നവോത്ഥാനം ഒരു മാർക്സിസ്റ്റ് വീക്ഷണം, ചിന്താ പബ്ളിക്കേഷൻസ്, തിരുവനന്തപുരം, 2003, പുറം-13
2. ഗോവിന്ദപ്പിള്ള പി, കേരള നവോത്ഥാനം ഒരു മാർക്സിസ്റ്റ് വീക്ഷണം, ചിന്താ പബ്ളിക്കേഷൻസ്, തിരുവനന്തപുരം, 2003,പുറം-59
3. പുരുഷോത്തമൻ പി.ഓ, പദ്മറാവു എം.എ, താരതമ്യ സാഹിത്യം, അമൂല്യ പബ്ലിക്കേഷൻസ്, കൊച്ചി 17, പുറം - 33
4. Ghosh Shibdas, Selected Works Volume-ll, Cultural Movement in India and our task, Central committee SUCI, Calcutta, 1992, Page -299
5. ഗോവിന്ദപ്പിള്ള പി, കേരള നവോത്ഥാനം ഒരു മാർക്സിസ്റ്റ് വീക്ഷണം, ചിന്താ പബ്ളിക്കേഷൻസ്, തിരുവനന്തപുരം, 2003, പുറം-60
6. Ghosh Shibdas, Selected Works Volume-ll, Cultural Movement in India and our task, Central committee SUCI, Calcutta, 1992, Page - 304
7. Ghosh Shibdas, Selected Works Volume-ll, Cultural Movement in India and our task, Central committee SUCI, Calcutta, 1992, Page - 300
8. Ghosh Shibdas, Selected Works Volume-ll, Cultural Movement in India ‘', our task, Central committee SUCI, Calcutta, 1992, Page - 307
9. മുരളി കവിയൂർ, ദലിത് സാഹിത്യം, ഡി.സി.ബുക്സ് കോട്ടയം,Page -135
10. വാസു കെ.രാജു ചാവുതുള്ളൽ, ആമുഖം. പുറം- 8
11. രാമനുണ്ണി കെ .പി, വിമോചനത്തിൻ്റെ കീഴാള മന്ത്രം, ചാവുതുള്ളൽ അവതാരിക, ഡി.സി ബുക്സ്, കോട്ടയം, ജൂൺ 2011, പുറം13
12.വാസു കെ രാജു, ചാവുതുള്ളൽ, ഡി.സി ബുക്സ്, കോട്ടയം 2014 പുറം 23
13.വാസു കെ രാജു, ചാവുതുള്ളൽ, ഡി.സി ബുക്സ്, കോട്ടയം 2014 പുറം 79
14. വാസു കെ രാജു, ചാവുതുള്ളൽ, ഡി.സി ബുക്സ്, കോട്ടയം 2014 പുറം 79
15.രാമനുണ്ണി കെ .പി, വിമോചനത്തിൻ്റെ കീഴാള മന്ത്രം, ചാവുതുള്ളൽ അവതാരിക, ഡി.സി ബുക്സ്, കോട്ടയം, ജൂൺ 2011, പുറം - 19
16. ചെന്താരശ്ശേരി ടി.എച്ച്.പി,പൊയ്കയിൽഅപ്പച്ചൻ, മൈത്രി ബുക്സ്, തിരുവനന്തപുരം,പുറം 78.
17.വാസു കെ രാജു, ചാവുതുള്ളൽ, ഡി.സി ബുക്സ്, കോട്ടയം 2014 പുറം 112
18.വാസു കെ രാജു, ചാവുതുള്ളൽ, ഡി.സി ബുക്സ്, കോട്ടയം 2014 പുറം 114
19.Milan Kundera, The art of Novel, London, Faber and Faber, 2005, P-18.)
20. Terry Eagleton, The English Novel, New Delhi: Atlantic Publishers, 2005,P-17).
ഗ്രന്ഥസൂചി
● ഗോവിന്ദപ്പിള്ള പി, കേരള നവോത്ഥാനം ഒരു മാർക്സിസ്റ്റ് വീക്ഷണം, ചിന്താ പബ്ളിക്കേഷൻസ്, തിരുവനന്തപുരം, 2003,
● പുരുഷോത്തമൻ പി.ഓ, പദ്മറാവു എം.എ, താരതമ്യ സാഹിത്യം, അമൂല്യ പബ്ലിക്കേഷൻസ്, കൊച്ചി 17.മുരളി കവിയൂർ, ദലിത് ഭാഷ,
● രാമനുണ്ണി കെ .പി, വിമോചനത്തിൻ്റെ കീഴാള മന്ത്രം, ചാവുതുള്ളൽ അവതാരിക, ഡി.സി ബുക്സ്, കോട്ടയം, ജൂൺ 2011.
● ജ്യോതിലക്ഷ്മി പി.എസ് ഡോ, ആത്മാക്കളുടെ സംഘനൃത്തം, ആധുനീകാനന്തര മലയാളനോവൽ, എഡിറ്റേഴ്സ് ഡോ.കുമാർ ജെ, ഡോ.കെ ഷിജു, മാളൂബൻ പബ്ലിക്കേഷൻസ്, തിരുവനന്തപുരം, 2018.
● ചെന്താരശ്ശേരി ടി.എച്ച്.പി,പൊയ്കയിൽഅപ്പച്ചൻ, മൈത്രി ബുക്സ്, തിരുവനന്തപുരം.
● ജോർജ് ഇരുമ്പയം ഡോ, ആദ്യകാല മലയാളനോവൽ, എസ്.പി.സി.എസ്, കോട്ടയം.
● മുരളി കവിയൂർ, ദലിത് സാഹിത്യം ഡി.സി ബുക്സ്, കോട്ടയം
● വാസു കെ രാജു, ചാവുതുള്ളൽ, ഡി.സി ബുക്സ്, കോട്ടയം 2014.
● Ghosh Shibdas, Selected Works Volume-ll, Cultural Movement in India and our task, Central committee SUCI, Calcutta, 1992.
● Terry Eagleton, The English Novel, New Delhi: Atlantic Publishers, 2005.
● Milan Kundera, The art of Novel, London, Faber and Faber, 2005
ലക്ഷ്മി ആർ.ശേഖർ
ഗവേഷക
മലയാള വിഭാഗം
ഗവ: വനിതാ കോളേജ്
തിരുവനന്തപുരം.
Email: lekshmirsekhar3@gmail.com





Comments