top of page

ജനപ്രിയഘടകങ്ങള്‍ കാനത്തിന്‍റെ നോവലുകളില്‍

Updated: Sep 15

 വിനീത പി.ജെ.
ree

പ്രബന്ധസംഗ്രഹം.

 മലയാളത്തിലെ ജനപ്രിയസഹിത്യകാരനായ കാനം ഇ .ജെയുടെ നോവലുകളെ മുന്‍നിര്‍ത്തി അദ്ദേഹത്തിന്‍റെ നോവലുകളില്‍ പ്രധാനമായും കാണുന്ന ജനപ്രിയഘടകങ്ങളെ പഠിക്കുകയാണ് ഈ പ്രബന്ധം .മലയാളികള്‍ വിസ്മരിച്ചുതുടങ്ങിയ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹം മലയാള സാഹിത്യത്തിനുനല്‍കിയ സംഭാവനകളെ ഓര്‍മിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത് .  ജനപ്രിയസാഹിത്യത്തിന് വര്‍ത്തമാനകാലത്ത് ലഭിക്കുന്ന പരിഗണന കാണുമ്പോള്‍ ജനപ്രിയനോവലുകള്‍ മലയാളികളെക്കൊണ്ട് വായിപ്പിച്ച ഒരു എഴുത്തുകാരനായ കാനം ഇ ജെയുടെ നോവലുകളുടെ ചില സവിശേഷതകള്‍ മാത്രമാണിത് എന്നും ഓര്‍മിപ്പിക്കുന്നു .    

 

തക്കോല്‍വാക്കുകള്‍

 ജനപ്രിയസാഹിത്യം, ജനപ്രിയനോവല്‍ , ജനപ്രിയഘടകങ്ങള്‍ , കാനം ഇ ജെ, ഭാഷ ,കഥാപാത്രങ്ങള്‍


ആമുഖം

ജനപ്രിയസാഹിത്യത്തിന്‍റെ വളരെ സമ്പന്നമായ ഒരു പാരമ്പര്യമുള്ള ഭാഷയാണ് മലയാളം.ഈ സമ്പന്നത കഥയിലും നോവലുകളിലും മറ്റനവധി മേഖലകളിലും കാണാമെങ്കിലും നോവലുകളിലാണ് ഇവയുടെ അതിപ്രസരം കണ്ടിരുന്നത് . ജനപ്രിയസാഹിത്യത്തിനെ പൈങ്കിളി സാഹിത്യമെന്നുപോലും വിളിച്ചിരുന്നത് ജനപ്രിയതയേറി വന്നതിനാലും കൂടിയാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും .മലയാളത്തിലെ ജനപ്രിയസാഹിത്യത്തിലെ മുഖ്യഘടകമായ ജനപ്രിയനോവലുകളുടെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ച മഹാരഥന്മാരില്‍ ഒരാളാണ് കാനം ഇ .ജെ .മുട്ടത്തുവര്‍ക്കിയെയും കാനത്തെയും കുറിച്ച് പഠിക്കാതെ  മലയാളത്തിലെ ജനപ്രിയസാഹിത്യത്തെക്കുറിച്ച് പഠിക്കുക സാധ്യമല്ല .അത്രത്തോളം നോവലുകളെ മലയാളത്തില്‍ ജനപ്രിയമാക്കിയതില്‍ ഇവര്‍ പങ്ക് വഹിച്ചിരിക്കുന്നു .കാനം ഇ .ജെ എന്നറിയപ്പെടുന്ന ഇലവുങ്കല്‍ ജോണ്‍ ഫിലിപ്പ് എന്ന ജനപ്രിയനോവലിസ്റ്റിന്‍റെ നോവലുകളെല്ലാം ജനപ്രിയസാഹിത്യത്തിന്‍റെ എല്ലാ സ്വഭാവസവിശേഷതകളും ഉള്‍പ്പെട്ടവയായിരുന്നു  .  വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെടാതെപോയ ഒരു എഴുത്തുകാരന്‍ കൂടെയായിരുന്നു കാനം ഇ .ജെ . പക്ഷെ  മലയാളസാഹിത്യത്തെ സ്നേഹിക്കുന്നവര്‍ ഒരിക്കലും അദ്ദേഹത്തിന്‍റെ നോവലുകള്‍ മറക്കാനിടയില്ല .അത്രയേറെ ജീവിതഗന്ധിയായ കഥയും കഥാപാത്രങ്ങളും ആയിരുന്നു കാനത്തിന്‍റെത് .  അദ്ദേഹത്തിന്‍റെ നോവലുകളില്‍ നിറഞ്ഞുനിന്നിരുന്ന ജനപ്രിയഘടകങ്ങളെക്കുറിച്ചാണ് ഈ പ്രബന്ധം ചര്‍ച്ച ചെയ്യുന്നത് .

കാനത്തിന്‍റെ നോവലുകളിലെ ജനപ്രിയഘടകങ്ങള്‍

ജനപ്രിയനോവലുകളുടെ പ്രധാനസവിശേഷതകളില്‍ ഒന്നാണ് അതിലെ ജനപ്രിയഘടകങ്ങള്‍ . നോവലുകളെ ജനപ്രിയമാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നതും ഈ ജനപ്രിയഘടകങ്ങളാണ് .വായനക്കാരെ ആകര്‍ഷിക്കുന്നതും സ്വാധീനിക്കുന്നതും അവരുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതുമായ ഘടകങ്ങളെയാണ് ആ സാഹിത്യത്തിലെ ജനപ്രിയഘടകങ്ങള്‍ എന്ന് പറയുന്നത് . ജനപ്രിയസാഹിത്യത്തില്‍ നിരവധിയായ ജനപ്രിയഘടകങ്ങള്‍ ഉണ്ട് .കാനം ഇ .ജെ എന്ന എഴുത്തുകാരന്‍ അറിയപ്പെടുന്നത് തന്നെ ജനപ്രിയസാഹിത്യകാരന്‍ എന്നാണ് .അദ്ദേഹത്തിന്‍റെ നോവലുകളില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട ചില ജനപ്രിയഘടകങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം .

ആകര്‍ഷകമായ കഥ.

ഒരു നോവലില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അതിലെ കഥ .ഒരു കഥയെ ചുറ്റിപ്പറ്റിയാണ് ഒരു നോവല്‍ സാധാരണയായി വികസിക്കുന്നത് .നല്ല ഒരു കഥ അല്ലെങ്കില്‍ പ്രമേയമാണ് ഒരു നോവലിന്‍റെ വിജയം നിര്‍ണയിക്കുന്നതെന്നു പറയാം .അത് ഒരു സംഭവമാകാം ,  ഒരു വ്യക്തിയുമായി ബന്ധപ്പെട്ട എന്തെങ്കിലും വസ്തുതയാകാം .കാനം ഇ ജെ എന്ന എഴുത്തുകാരന്‍റെ നോവലുകളില്‍ പ്രധാനമായും വായനക്കാരെ ആകര്‍ഷിക്കുന്ന ഒന്ന് അദ്ദേഹത്തിന്‍റെ നോവലുകളിലെ കഥാപരിസരം തന്നെയാണ് .സാധാരണക്കാരെ ആകര്‍ഷിക്കുന്നതും സാധാരണക്കാരുടെ ജീവിതം കാണിക്കുന്നതുമായ കഥയായിരിക്കും കാനം ഇ ജെ തന്‍റെ നോവലുകളിലൂടെ പറയുന്നത് .

സാധാരണക്കാരുടെ മനമറിഞ്ഞ  ഒരു എഴുത്തുകാരനായിരുന്നു കാനം ഇ. ജെ. ഒരു സാധാരണക്കാരൻ നേരിടുന്ന എല്ലാ പ്രശ്നങ്ങളും പ്രതിസന്ധികളും അദ്ദേഹം തന്‍റെ  നോവലുകൾക്ക് പ്രമേയമായി സ്വീകരിച്ചിരിക്കുന്നു. പ്രണയവും വിരഹവും ദാമ്പത്യവും സന്തോഷവും ദുഃഖവും മരണവും അനാഥത്വവും എല്ലാം കാനത്തിന്‍റെ  കഥകളിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ നോവലുകളില്‍  പ്രധാനമായും കണ്ടിരുന്ന ഒന്നായിരുന്നു ദാരിദ്ര്യം. അദ്ദേഹത്തിന്‍റെ  നോവലുകൾ വികസിച്ചു വന്ന കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം ദാരിദ്ര്യം ഒരു പ്രധാനപ്പെട്ട വിഷയം തന്നെയായിരുന്നു. അക്കാലത്തെ ചെറുപ്പക്കാർ തൊഴിലില്ലായ്മയും ദാരിദ്ര്യവും മൂലം വളരെയധികം കഷ്ടപ്പെട്ടിരുന്നവരാണ്. തൊഴിൽ ജീവിതത്തിന്‍റെ  പ്രധാനപ്പെട്ട ഒരു ഭാഗമാണെന്ന തിരിച്ചറിവും ദാരിദ്ര്യം മനുഷ്യനെതന്നെ മനുഷ്യനല്ലാതാക്കുന്ന സാമൂഹിക അവസ്ഥകളിലേക്ക് ഓരോരുത്തരെയും െ കൊണ്ടുചെന്നെത്തിക്കും  എന്ന യാഥാർത്ഥ്യവുമെല്ലാം  കാനം  തന്‍റെ നോവലുകളിലൂടെ തുറന്നു കാണിക്കുന്നുണ്ട്. സാധാരണക്കാരുടെ മറ്റൊരു  പ്രിയപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് പ്രണയം. പ്രണയനോവലുകൾ വായിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ ഏറെയും.കാനം ഇ ജെയുടെ  നോവലുകളിൽ നിറഞ്ഞുനിൽക്കുന്ന പ്രണയം എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. പ്രണയവും വിരഹവും പ്രണയ നഷ്ടവും മരണവും എല്ലാം അദ്ദേഹത്തിന്‍റെ  നോവലുകളിൽ പ്രധാന പങ്കുവഹിച്ചിരിക്കുന്നത് കാണാം. അദ്ദേഹത്തിന്‍റെ  നോവലുകളുടെ പ്രധാനപ്പെട്ട ഒരു പ്രത്യേകതയായിരുന്നു ദുരന്തപര്യവസായിയായ കഥകൾ. നേട്ടം മാത്രമല്ല നഷ്ടം കൂടെയാണ് ജീവിതം എന്ന് കാനം തന്‍റെ  നോവലുകളിലൂടെ മലയാളികൾക്ക് തുറന്നുകാട്ടി. ഇത്തരത്തിലുള്ള നിരവധി പ്രത്യേകതകൾ കാനത്തിന്‍റെ  നോവലുകൾക്ക് ഉണ്ടായിരുന്നു. ഒരു നോവലിനെ ജനപ്രിയമാക്കുന്നതിൽ പ്രധാനപങ്ക്  വഹിച്ചിരുന്ന എല്ലാ ഘടകങ്ങളും കാനം തന്‍റെ  നോവലുകളിൽ ഉൾപ്പെടുത്തിയിയിരുന്നു . ഒരു സിനിമ നേരില്‍ കണ്ടാസ്വദിക്കുന്ന രീതിയിൽ മാത്രമേ കാനം  ഇ ജെയുടെ  നോവലുകളെ നമുക്ക് വായിക്കാൻ കഴിയൂ ..തുടക്കം മുതൽ ഒടുക്കം വരെ മനസ്സിനെ പിടിച്ചുനിർത്തുന്ന ഉത്സാഹവും ഉത്കണ്ഠയും ഒരേപോലെ കാനത്തിന്‍റെ  നോവലുകളിൽ കാണാം .

            പല നോവലുകളിലും ദുഃഖം മാത്രമാണ് നിറഞ്ഞുനിൽക്കുന്നത്. നോവലുകൾ ഏറെ വായിക്കുന്ന സ്ത്രീപ്രേക്ഷകർക്ക് അതിലെ സ്ത്രീ കഥാപാത്രങ്ങളെ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്താൻ സാധിക്കുന്നു എന്നുള്ളത് അദ്ദേഹത്തിന്‍റെ  നോവലുകളുടെ മാത്രം പ്രത്യേകതയാണ്. ഒരു സ്ത്രീ സമൂഹത്തിലും കുടുംബത്തിലും നേരിടുന്ന എല്ലാവിധ ദുരന്തങ്ങളും ദുഃഖങ്ങളും ചൂഷണങ്ങളും എല്ലാം കാനം തന്‍റെ  നോവലുകളിലൂടെ തുറന്നു കാണിക്കുന്നു. അദ്ദേഹത്തിന്‍റെ  മിക്ക നോവലുകളുടെയും പ്രധാന കഥാപാത്രങ്ങൾ സ്ത്രീകൾ തന്നെയാണ്. കുടുംബത്തിന്‍റെ  ഭാരം ചുമക്കേണ്ടിവരുന്ന സ്ത്രീകഥാപാത്രങ്ങളുടെ വേദനയും നൊമ്പരവും കാനം  തന്‍റെ  കഥയിലൂടെ പറയുമ്പോൾ ഓരോ വായനക്കാരനും അത് നെടുവീർപ്പോടുകൂടിയല്ലാതെ വായിച്ചു തീർക്കാൻ സാധിക്കുന്നില്ല.പുരുഷാധിപത്യവും സ്ത്രീപ്രതിരോധവുമെല്ലാം കാനം ഇ ജെയുടെ  കഥകളുടെ പ്രധാന വിഷയങ്ങളാണ്. അദ്ദേഹത്തിന്‍റെ  ഭൂരിഭാഗം കഥകളുടെയും പരിസരം എന്നു പറയുന്നത് ക്രിസ്ത്യൻ പശ്ചാത്തലമാണ്. അതായത് അദ്ദേഹത്തിന്‍റെ  നോവലുകളിലെ പ്രധാനകഥാപാത്രങ്ങളെല്ലാം തന്നെ ക്രിസ്ത്യൻ കുടുംബങ്ങളിൽ ഉള്ളവർ ആയിരുന്നു. പ്രണയവും ദാരിദ്ര്യവും പോലെ തന്നെ രോഗവും തൊഴിലില്ലായ്മയും ആത്മഹത്യയും എല്ലാം കാനത്തിന്‍റെ  നോവലുകളിൽ സ്ഥിരം കാണാവന്നതാണ്. ഒരു നോവലിന് ആവശ്യമായ ആകർഷണ ഘടകങ്ങളെല്ലാം തന്നെ ആ  നോവലുകളിൽ നമുക്ക് കണ്ടു കിട്ടുന്നുണ്ട്. ആകർഷകമായ കഥ തന്നെയായിരുന്നു കാനത്തിന്‍റെ  നോവലുകളുടെ പ്രധാന പ്രത്യേകതയെന്നു ചുരുക്കത്തില്‍  ഇതില്‍നിന്നെല്ലാം മനസിലാക്കാം .ജനപ്രിയനോവലുകളുടെ പ്രധാനസവിശേഷതകളില്‍ ഒന്നായ ആകര്‍ഷകമായ കഥ കാനത്തിന്‍റെ നോവലുകളെ ജനപ്രിയമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചുവെന്ന് മനസിലാക്കാവുന്നതാണ് .


സാധാരണക്കാരുടെ ഭാഷ .

കാനം ഇ ജെയുടെ നോവലുകളില്‍ കാണുന്ന മറ്റൊരു പ്രത്യേകതയാണ് അതില്‍ ഉപയോഗിക്കുന്ന സാധാരണക്കാരുടെ ഭാഷ . മാനകഭാഷയല്ല കാനം തന്‍റെ നോവലുകളില്‍ ഉപയോഗിക്കുന്നത് .കാനത്തിന്‍റെ നോവലുകളില്‍ കാണപ്പെടുന്ന കഥാപാത്രങ്ങളുടെ ജീവിതപരിസരവുമായി ബന്ധപ്പെട്ട ഭാഷയാണ് അദ്ദേഹം തന്‍റെ നോവലുകളില്‍ ഉപയോഗിച്ചിരിക്കുന്നത് .ക്രിസ്ത്യന്‍ ജീവിതവുമായി ബന്ധപ്പെട്ട നോവലുകള്‍ ആണ് കാനം കൂടുതലായും എഴുതിയിരിക്കുന്നത് .പമ്പാനദി പാഞ്ഞൊഴുകുന്നു , അദ്ധ്യാപിക ,ദത്തുപുത്രന്‍ ,ഏദന്‍ തോട്ടം ,ജീവിതം ആരംഭിക്കുന്നു ,ഈ അരയേക്കര്‍ നിന്‍റെതാണ് ,പാതിരാത്രി ,എനിക്ക് ദാഹിക്കുന്നു തുടങ്ങിയ അദ്ദേത്തിന്‍റെ നോവലുകള്‍ ഇത്തരത്തില്‍ ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവലുകളാണ് . കഥാപാത്രങ്ങളുടെ ഭാഷയുമായി ബന്ധപ്പെട്ട മറ്റൊരു പ്രത്യേകതയും കാനത്തിന്‍റെ നോവലുകളില്‍ കാണാം .അത് പ്രദേശവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നതാണ് .കോട്ടയം ജില്ലക്കാരനായ കാനം ഇ .ജെ തന്‍റെ നോവലുകളില്‍ ഭൂരിഭാഗവും സ്വീകരിച്ചിരിക്കുന്ന പ്രദേശം കോട്ടയം ,പാലാ  എന്നിവയാണ് .അവിടുത്തെ ആളുകളുടെ സംസാരഭാഷയാണ്‌ അതിനാല്‍ കഥാപാത്രങ്ങള്‍ സ്വീകരിച്ചിരിക്കുന്നത് എന്ന് കാണാം  .സംസാരഭാഷയില്‍ എഴുതപ്പെടുന്ന നോവലുകള്‍ക്ക് വായനക്കാരനുമായി പെട്ടെന്ന് സംവദിക്കാന്‍ കഴിയുന്നു . വായനക്കാര്‍ക്ക് കഥാപാത്രത്തിലേക്ക് പെട്ടെന്ന് ഇഴുകിചെരാനും  അവരുമായി സ്വയം ബന്ധപ്പെടുത്താനും കഥാപാത്രത്തിന്‍റെ വികാരങ്ങള്‍ മനസിലാക്കാനും അവയുമായി താദാത്മ്യം പ്രാപിക്കാനും കഴിയുന്നു. .

 ‘നീ സംശയിക്കുന്നതുപോലെ ഞാൻ വികാരങ്ങൾക്ക് അടിമയല്ല പക്ഷേ എന്നിലെ കലാകാരൻ നിനക്ക് അടിമയാണ് നിന്നോട് കൂടി മാത്രമേ ഞാൻ ജീവിക്കൂ നിന്നോട് കൂടി നശിക്കുകയും ചെയ്യും.’ ഇത് കാനം ഇ ജെയുടെ പ്രേമശില്പി എന്ന നോവലിലെ ഒരു സംഭാഷണമാണ്. നായികയും നായകനുമായ ജെയിംസും ലിസിയും തമ്മിൽ നടത്തുന്ന ഒരു സംഭാഷണം. ഭാഷയിൽ നിറഞ്ഞുനിൽക്കുന്ന പ്രണയം എന്ന വികാരത്തെ എടുത്തു കാണിക്കുവാൻ സംഭാഷണത്തിന് സാധിക്കുന്നു. അക്കാലത്തെ ചെറുപ്പക്കാരെ വളരെയധികം സ്വാധീനിച്ച ഒരു എഴുത്തുകാരൻ കൂടിയാണ്കാനം . അദ്ദേഹത്തിന്‍റെ  നോവലുകളിലെ പ്രധാന പ്രത്യേകതയും അദ്ദേഹത്തിന്‍റെ  നോവലുകൾ നിറഞ്ഞ നിൽക്കുന്ന പ്രണയ സങ്കല്പമാണ്. പ്രണയത്തെ വളരെ മനോഹരമായിട്ടാണ് കാനം ഇ ജെ  തന്‍റെ  ഭാഷയിലൂടെ ചിത്രീകരിക്കാൻ ശ്രമിച്ചിരിക്കുന്നത്. ഓരോ നോവലുകളും വായിക്കുമ്പോൾ ഇത്തരത്തിൽ നിരവധിയായ പ്രയോഗങ്ങളും മധുര സംഭാഷണങ്ങളും നമുക്ക് കാണുവാൻ സാധിക്കും .

ജീവിതത്തിലെ പരിചിതകഥാപാത്രങ്ങള്‍.

കാനം ഇ ജെയുടെ  നോവലുകളിലെ മറ്റൊരു പ്രധാന സവിശേഷതയാണ് നോവലുകളിലെ കഥാപാത്രങ്ങൾ. നമുക്ക് ചുറ്റും കാണുന്ന പരിചിതങ്ങളായ കഥാപാത്രങ്ങൾ തന്നെയാണ് അദ്ദേഹത്തിന്‍റെ  നോവലുകളിലും നാം വായിക്കുന്നത്. അല്ലെങ്കിൽ ഞാൻ തന്നെയാണോ ആ കഥാപാത്രങ്ങൾ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് കാനം  തന്‍റെ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. അതുതന്നെയാണ്  അദ്ദേഹത്തിന്‍റെ  നോവലുകളുടെ വിജയത്തിന് ഒരു കാരണമായി തീർന്നതെന്നും പറയാം . കാനം  സ്ത്രീകഥാപാത്രങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകിയിരുന്ന ഒരു എഴുത്തുകാരനാണ്. അദ്ദേഹത്തിന്‍റെ  അധ്യാപിക എന്ന നോവൽ വളരെ പ്രശസ്തി നേടിയ കൃതിയാണ്. അധ്യാപിക എന്ന നോവലിലെ സാറാമ്മ എന്ന കഥാപാത്രത്തെ വായിച്ചവർ ആരും തന്നെ മറക്കാനിടയില്ല. അത്രയധികം ഹൃദയഹാരിയായ ഒരു കഥാപാത്രമായിരുന്നു സാറാമ്മ. അക്കാലത്തെ കുടുംബങ്ങളിൽ പെൺകുട്ടികൾ അനുഭവിച്ചിരുന്ന മാനസികമായ ബുദ്ധിമുട്ടുകളും കുടുംബത്തിന്‍റെ  ദാരിദ്ര്യവും കഷ്ടപ്പാടുകളും കുടുംബഭാരം  ഏറ്റെടുക്കേണ്ടി വരുന്ന അവസ്ഥയിൽ അവർ നേരിടുന്ന വെല്ലുവിളികളും എല്ലാം സാറാമ്മ എന്ന കഥാപാത്രത്തിലൂടെ വളരെ ശക്തമായി തന്നെ അദ്ദേഹം  അവതരിപ്പിച്ചിട്ടുണ്ട്.. അതുപോലെതന്നെ ‘പമ്പാനദി പാഞ്ഞു ഒഴുകുന്നു ‘എന്ന് നോവലിലെ ലിസി എന്ന കഥാപാത്രത്തെയും  നമ്മുടെ ഇടയിൽ നിന്ന് തന്നെ കണ്ടെത്താൻ സാധിക്കും. സ്ത്രീ കഥാപാത്രങ്ങൾക്ക് പൊതുവേ പരസ്പരം സാമ്യതയുണ്ടായിരുന്നു എന്നുള്ളത് അദ്ദേഹത്തിന്റെ നോവലുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. അതുപോലെതന്നെ കാനത്തിന്‍റെ പുരുഷകഥാപാത്രങ്ങളെ കുറിച്ച് പറയുമ്പോൾ വളരെ ശക്തരും ധീരരും സുന്ദരന്മാരും അതിലേറെ കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന പുരുഷന്മാരും തന്നെ ആയിരുന്നു എന്ന് പറയാം. നോവൽ എഴുതപ്പെടുന്ന കാലഘട്ടത്തിന്‍റെ  പ്രത്യേകതയും ഈ കഥാപാത്രങ്ങൾക്ക് ഉണ്ടായിരുന്നു. തൊഴിലില്ലായ്മയും ദാരിദ്ര്യവും സമൂഹത്തിലെ പലവിധത്തിലുള്ള അസമത്വങ്ങളും കഥാപാത്രങ്ങളിലൂടെ നമുക്ക് നേരിട്ട് കാണുവാൻ സാധിക്കും. . വളരെ അപൂർവമായിട്ടാണ് അദ്ദേഹത്തിെന്റെ നോവലുകളിൽ അസാധാരണ സ്വഭാവമുള്ള കഥാപാത്രങ്ങളെ  നാം കണ്ടുമുട്ടുക. ഒരു സാധാരണക്കാരനായ വായനക്കാരനെ ഉദ്ദേശിച്ച് തന്നെയാണ് തന്‍റെ  നോവലുകൾ അദ്ദേഹം എഴുതിയിരുന്നത് എന്ന് അദ്ദേഹത്തിന്‍റെ  പരിചിതങ്ങളായ കഥാപാത്രങ്ങളിൽ നിന്ന് നമുക്ക് വ്യക്തമാകും..

 

ഉപസംഹാരം

മലയാളത്തിലെ ജനപ്രിയസാഹിത്യകാരന്മാരിൽ പ്രശസ്തനായ  ഒരു സാഹിത്യകാരൻ ആണ് കാനം  ഇ ജെ. പലരും വിസ്മരിക്കപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നതെന്നും ഈ അവസരത്തില്‍ പറയേണ്ടിയിരിക്കുന്നു . ജനപ്രിയസാഹിത്യ പാരമ്പര്യത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള കാനം  ഇ ജെയുടെ  നോവലുകളിലെ ജനപ്രിയഘടകങ്ങളെക്കുറിച്ചാണ് ഈ പ്രബന്ധം പറയുന്നത്. ജനപ്രിയനോവലുളില്‍ ജനപ്രിയഘടകങ്ങൾ നിരവധിയുണ്ട്. എന്നാൽ അവയിലെ പ്രധാനപ്പെട്ട മൂന്ന് ജനപ്രിയഘടകങ്ങളെ മാത്രമാണ് ഈ പ്രബന്ധത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാനം  ഇ ജെ എന്ന ജനപ്രിയ സാഹിത്യകാരനെക്കുറിച്ച് അറിയുവാനും ജനപ്രിയനോവലുകളുടെ സവിശേഷതകളിൽ ഒന്നായ ജനപ്രിയഘടകങ്ങളെക്കുറിച്ച് ചെറിയ ഒരു ധാരണ നൽകുവാനും ഈ പ്രബന്ധം സഹായകമാണ്.

 

 

ഗ്രന്ഥസൂചി .

1.      ജനപ്രിയസാഹിത്യം മലയാളവായനകള്‍  ;2014 ; എഡിറ്റര്‍ ,ഡോ .ശ്രീകുമാര്‍ എ.ജി -ആത്മ ബുക്സ് പുസ്തകലോകം കോഴിക്കോട്

2.      ദത്തുപുത്രന്‍ ;കാനം ഇ ജെ -പൂര്‍ണാ പുബ്ലിക്കെഷന്‍സ് കോഴിക്കോട്

3.      പമ്പാനദി പാഞ്ഞൊഴുകുന്നു -കാനം ഇ ജെ -പൂര്‍ണ പുബ്ലികെഷന്‍സ് കോഴിക്കോട്‌

4.      അദ്ധ്യാപിക - കാനം ഇ ജെ -പൂര്‍ണ പുബ്ലികെഷന്‍സ് കോഴിക്കോട്‌

5.      പ്രേമശില്പി - കാനം ഇ ജെ -പൂര്‍ണ പുബ്ലികെഷന്‍സ് കോഴിക്കോട്‌

6.      ജനപ്രിയസംസ്കാരം ;സാഹിത്യം ,സംഗീതം ,സിനിമ -വിനീത പി ജെ പാല്യത്ത്-2025 -ടോല്‍മൌണ്ട് പബ്ലിക്കേഷന്‍സ് കോട്ടയം

 

 വിനീത പി ജെ

 അദ്ധ്യാപിക , മലയാള സാഹിത്യഗവേഷക,

സെന്‍റെ .തോമസ്‌ കോളേജ് ,പാലാ  )

 

 

 

 

 

 

 

 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page