"ഞാൻ ലൈംഗികത്തൊഴിലാളി നളിനി ജമീലയുടെ ആത്മകഥ"യിൽ തെളിയുന്ന പെണ്ണുടലിൻ്റെ രാഷ്ട്രീയം.
- GCW MALAYALAM
- Jun 14
- 5 min read
Updated: Jun 15
അനർഘ ഐ. എസ്.

പ്രബന്ധസംഗ്രഹം
ഒരു മനുഷ്യൻ തന്റെ വ്യക്തിപരമായ അനുഭവങ്ങൾ എഴുത്തിലൂടെ തുറന്നുപറയുന്ന സാഹിത്യരൂപമാണ് ആത്മകഥാസാഹിത്യം. ഇത് വ്യക്തിയുടെ തിരിച്ചറിവുകളെയും സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങളെയും തങ്ങൾ കടന്നു വന്ന അനുഭവങ്ങളെയും വ്യക്തമായി പ്രതിഫലിപ്പിക്കുന്നു. പുരുഷാധിപത്യ സമൂഹത്തിൽ അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് കരുത്തേകുന്ന പ്രതികരണങ്ങളായാണ് നാളിതുവരെ സ്ത്രീ ആത്മകഥകൾ പരിഗണിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ, ആത്മകഥാസാഹിത്യം പലപ്പോഴും ഒരു പ്രതിരോധമായി, സമരശബ്ദമായി മാറാറുണ്ട്.ലളിതാംബിക അന്തർജ്ജനത്തിന്റെയും കെ. ആർ ഗൗരിയമ്മയുടെയും കെ അജിതയുടെയും ആത്മകഥകൾ ഇവയ്ക്ക് ഉദാഹരണങ്ങളാണ്.
നളിനി ജമീലയുടെ "ഞാൻ ലൈംഗികത്തൊഴിലാളി നളിനി ജമീലയുടെ ആത്മകഥ" മലയാള സാഹിത്യത്തിൽ അതീവ ചർച്ചകൾക്ക് ഇടയാക്കിയ കൃതിയാണ്. ലൈംഗികത്തൊഴിലാളിയായ ഒരു സ്ത്രീയുടെ ജീവിതം,ലൈംഗികത , അനുഭവങ്ങൾ, സാമൂഹികമായി അവർ അനുഭവിച്ച അടിച്ചമർത്തലുകൾ, പച്ചയായ ജീവിതാവിഷ്കരണം തുടങ്ങിയവ ഈ കൃതിയിൽ മികവുറ്റ ഭാഷയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കപട സദാചാരവും പുരുഷാധിപത്യവും മുന്നോട്ട് വയ്ക്കുന്ന സമൂഹത്തിനെതിരെ എഴുത്തിലൂടെ പ്രതികരിച്ച നളിനി ജമീലയുടെ ആത്മകഥ, സ്ത്രീശരീരത്തിന്റെ രാഷ്ട്രീയ പദവിയെ പുന:വ്യാഖ്യാനിക്കുന്നു. നളിനി ജമീലയുടെ ആത്മകഥയിൽ പ്രതിഫലിക്കുന്ന പ്രതിരോധവും ചെറുത്തുനിൽപ്പും അതിന്റെ സാമൂഹിക-രാഷ്ട്രീയ പ്രസക്തിയും ആഖ്യാനരൂപവും വിശദമായി പരിശോധിക്കുക എന്നതാണ് ഈ പഠനത്തിന്റെ ലക്ഷ്യം.
താക്കോൽവാക്കുകൾ
ലൈംഗികത, സ്ത്രീശരീരം,രാഷ്ട്രീയം, പ്രതിരോധം,സ്വാതന്ത്ര്യം.
ആമുഖം
സാഹിത്യം വ്യക്തിയുടെ അനുഭവങ്ങൾ, സാമൂഹിക യാഥാർത്ഥ്യങ്ങൾ എന്നിവയിൽ നിന്ന് രൂപംകൊള്ളുന്ന വിശാലമാധ്യമമാണ്. അതുകൊണ്ടു തന്നെ ഇതരസാഹിത്യ രൂപങ്ങളെ അപേക്ഷിച്ച് ആത്മകഥകൾക്ക് സാഹിത്യ മണ്ഡലത്തിൽ സവിശേഷ പ്രാധാന്യം കല്പിക്കേണ്ടതുണ്ട്..സത്യസന്ധമായി ജീവിതാനുഭവങ്ങൾ തുറന്നുവെക്കുന്ന ഈ രചനാരൂപം, വ്യക്തിയുടെ ചുറ്റുപാടുകൾ മാത്രമല്ല, വ്യക്തിയുമായി ബന്ധപ്പെട്ട സാമൂഹിക-സാംസ്കാരിക മേഖലകളെയും തുറന്നുകാട്ടുന്നു. സമൂഹത്തെ സൂക്ഷ്മമായി വിശകലനം ചെയ്യാനും അധികാരവ്യവസ്ഥകളെ ആഴത്തിൽ അപഗ്രഥിക്കാനും ആത്മകഥകൾ പഠനവിധേയമാക്കുമ്പോൾ സാധിക്കുന്നു. ജീവിതത്തെ അഭിമുഖീകരിക്കുന്നതിലും ലോകത്തെ വിശകലനം ചെയ്യുന്നതിലും സ്ത്രീകളുടെയും പുരുഷൻമാരുടെയും ആത്മകഥകൾ വ്യത്യസ്ത വഴികളാണ് പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. തന്മൂലം പുരുഷാധിപത്യ സമൂഹം അടിച്ചമർത്തിയ ജീവിത യാഥാർഥ്യങ്ങൾ വെളിപ്പെടുത്തുന്ന രാഷ്ട്രീയവേദികളായി പലപ്പോഴും സ്ത്രീ ആത്മകഥകൾ മാറുന്നതു കാണാം.
നളിനി ജമീലയുടെ "ഞാൻ ലൈംഗികത്തൊഴിലാളി നളിനി ജമീലയുടെ ആത്മകഥ" സമൂഹത്തിന്റെ സന്മാർഗചിന്തകളെ ചോദ്യം ചെയ്യുന്നു.
തൃശൂർ നിവാസിയായ നളിനി എങ്ങനെ ,ലൈംഗിക തൊഴിലാളി നളിനി ജമീലയായി എന്ന കഥയല്ല ഇവിടെ അവതരിപ്പിക്കപ്പെടുന്നത്.മറിച്ച്, മൂന്നാംകിടയായി സമൂഹം എഴുതിത്തള്ളിയ ലൈംഗികത്തൊഴിലാളികളുടെ പ്രതിനിധിയായി അവർ ആ സമൂഹത്തിൻ്റെ വേദനകളും യാതനകളും സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടുകയാണ്.തങ്ങൾ ചെയ്യുന്ന തൊഴിലും മഹത്തരമാണെന്ന് അവർ സമൂഹത്തോട് വിളിച്ചു പറയുന്നു.
സമൂഹത്തിന്റെ സദാചാരചിന്തകളെയും ഇരട്ടത്താപ്പ് മാനദണ്ഡങ്ങളെയും ഈ കൃതി പരസ്യപ്പെടുത്തുന്നു. സ്ത്രീ ശരീരത്തെ പൂർണമായും അടിച്ചമർത്തുന്ന സാമൂഹിക നിലപാടുകൾക്കെതിരായി ഉയരുന്ന ശബ്ദമാണ് പ്രസ്തുത കൃതി.
മൗനത്തിലാഴ്ന്നുപോയ ജീവിതം വായനയ്ക്കുവേണ്ടി തുറന്നുവെക്കുമ്പോൾ, അതിന് രാഷ്ട്രീയപ്രസക്തിയേറും. ലൈംഗികത, ശരീരം, ഭാഷ, വ്യക്തിത്വം എന്നിവയുടെ രാഷ്ട്രീയവും സ്വാതന്ത്ര്യവും ഈ കൃതിയിൽ മുഖ്യ വിഷയങ്ങളായി മാറുന്നു.നളിനി ജമീലയുടെ അനുഭവങ്ങൾ വ്യക്തിപരതയെ അതിക്രമിച്ച് സമൂഹത്തിന്റെ അടിസ്ഥാന വ്യവസ്ഥകളെ പോലും ചോദ്യം ചെയ്യുന്നു. ഈ പരികല്പന മുൻനിർത്തി
സ്ത്രീ ശരീരം
"ഞാൻ ലൈംഗികത്തൊഴിലാളി നളിനി ജമീലയുടെ ആത്മകഥ "എന്ന കൃതിയിൽ എപ്രകാരമാണ് രാഷ്ട്രീയവത്കരിക്കപ്പെടുന്നത് എന്ന അന്വേഷണത്തിന് പ്രസക്തിയുണ്ട്.
ആത്മകഥാ വിശകലനം
“ഞാൻ ലൈംഗികത്തൊഴിലാളി നളിനി ജമീലയുടെ ആത്മകഥ " മലയാള സാഹിത്യത്തിൽ വലിയ രാഷ്ട്രീയ പ്രതിധ്വനികൾ ഉയർത്തിയ കൃതിയാണ്. പ്രസിദ്ധീകരിച്ച ഉടനെ തന്നെ വിമർശനങ്ങൾക്കും പ്രശംസകൾക്കും ഒരുപോലെ ആധാരമായ ഈ കൃതി, ലൈംഗികത്തൊഴിലാളികളുടെ പച്ചയായ ജീവിതവും സമൂഹത്തിന്റെ ഇരട്ടത്താപ്പുകളും തുറന്നുകാട്ടുന്നു. സത്യസന്ധത കൊണ്ടും
സാമൂഹ്യനീതി, സ്ത്രീശരീരം, തൊഴിലവകാശം, മതരാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലുള്ള ആത്മസാക്ഷ്യം കൊണ്ടും ഈ കൃതി, എഴുത്തിന്റെ രാഷ്ട്രീയത എന്താണെന്ന് വ്യക്തമാക്കുന്നു.
തൃശ്ശൂരിലെ ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ചു വളർന്ന
നളിനി, ഇരുപത്തി മൂന്നാം വയസ്സിൽ തന്റെ ഭർത്താവിന്റെ മരണശേഷം മക്കളെ വളർത്താനാണ് ലൈംഗികത്തൊഴിൽ തെരഞ്ഞെടുത്തത്.
തുടക്കത്തിൽ ഈ ‘തെരഞ്ഞെടുപ്പ്’ അവരുടെ സ്വാതന്ത്ര്യത്തെ പ്രതിനിധീകരിക്കുന്നതായിരുന്നില്ല. മറിച്ച് അതൊരു നിർബന്ധിതമായ പ്രതിരോധമായിരുന്നു. കുടുംബം, ദാരിദ്ര്യം, മതപരമായ നിയന്ത്രണങ്ങൾ എന്നിവയുടെ ചുരുളുകൾക്കകത്ത് കുരുങ്ങുന്ന ഒരു സ്ത്രീ തന്റെ ശരീരത്തെ ചെറുത്തുനിൽപ്പിന്റെ ആയുധമാക്കുകയായിരുന്നു.എന്നാൽ സമൂഹവും അധികാരവ്യവസ്ഥയും എന്നും ഇത്തരം ജീവിതങ്ങളോട് അനീതി കാട്ടിയിട്ടേയുള്ളു.വെളിച്ചത്ത് തള്ളിപ്പറയുകയും ഇരുട്ടത്ത് തപ്പിയിറങ്ങുകയും ചെയ്യുന്ന ലോകത്തിനു നേരെ നളിനി ജമീല വിരൽചൂണ്ടുന്നു. തൊഴിലിനിറങ്ങിയ ആദ്യ ദിവസം രാത്രി,തന്നെ ഉപയോഗിക്കുകയും രാവിലെ അനാശാസ്യമാരോപിച്ച് ലോക്കപ്പിൽ കൊണ്ട് പോയി മർദ്ദിക്കുകയും ചെയ്ത പോലീസിന്റെ ഇരട്ട നീതി നളിനി ജമീല തിരിച്ചറിയുന്നു.അതൊരു തുടക്കമായിരുന്നു.രാത്രിയുടെ മറവിൽ ചെന്നായകളും പകൽ വെളിച്ചത്തിൽ മാന്യന്മാരുമാകുന്ന സമൂഹത്തെ അവർ തിരിച്ചറിയുകയായിരുന്നു.ആ തിരിച്ചറിവിലാണ് ഇത്തരത്തിലൊരു ആത്മകഥ രൂപപ്പെട്ടതും.
ഓർമ വച്ച നാൾ മുതൽ പുരുഷന്റെ കപടതകൾ അറിഞ്ഞാണ് അവർ വളർന്നത്.പുറമെ പുരോഗമനവാദിയും കമ്മ്യൂണിസ്റ്റുമായ അച്ഛനൊപ്പം യാതൊരു സ്വാതന്ത്ര്യവും അറിയാതെ ജീവിച്ച അമ്മയുടെ കണ്ണുനീര് കണ്ടാണ് നളിനിയുടെ കുട്ടിക്കാലം കടന്നുപോയത്. വരുമാനമില്ലാത്ത സ്ത്രീയുടെ സ്ഥാനം പുരുഷന്റെ കാൽക്കീഴിലാണെന്ന യാഥാർത്ഥ്യം സ്വന്തം അമ്മയുടെ ജീവിതത്തിൽ നിന്നവർ മനസ്സിലാക്കി.പണമുണ്ടാക്കണം എന്ന ചിന്തയിൽ ഒൻപതാം വയസ്സിൽ ഒന്നര രൂപയ്ക്ക് നളിനി മണ്ണുചുമക്കാൻ പോകുന്നു. വീട്ടുജോലി ചെയ്തും കൂലിപ്പണി ചെയ്തും സ്വന്തം കാലിൽ കുടുംബം നോക്കുന്നു. എന്നാൽ വിവാഹത്തോടെ നളിനിയുടെ ജീവിതം ആകെ മാറിമറിയുന്നു.
പുരുഷന്റെ ആധിപത്യവും കീഴടക്കലും മാത്രമാണ് ദാമ്പത്യം എന്ന് വിവാഹത്തിലൂടെ അവർ മനസ്സിലാക്കുന്നു. സ്ത്രീയുടെ ജീവിതം പുരുഷന്റെ ഇഷ്ടാനിഷ്ടങ്ങൾക്കായി പരിവർത്തിപ്പിക്കേണ്ടതാണെന്നും സ്ത്രീശരീരം പുരുഷസുഖത്തിനും പ്രത്യുൽപാദനത്തിനുമായി സൃഷ്ടിച്ചതാണെന്നുമുള്ള സാമൂഹിക ധാരണകൾ നളിനി ജമീല മനസ്സിലാക്കി.
ഭർത്താവിന്റെ മരണത്തോടെ തന്റെ രണ്ട് മക്കളുടെ ഭാവിയ്ക്ക് വേണ്ടി നളിനി ലൈംഗികത്തൊഴിലാളിയായി മാറി.ദിവസവും 30 രൂപ മക്കൾക്ക് ചെലവിന് കൊടുക്കാൻ കഴിയുന്ന ഒരേയൊരു തൊഴിൽ നളിനിയുടെ മുൻപിൽ അത് മാത്രമായിരുന്നു.
തനിക്കിഷ്ടമുള്ള പുരുഷന്മാരെ സ്വീകരിക്കാനും അല്ലാത്തവരെ തിരസ്കരിക്കുവാനുമുള്ള ആനന്ദകരമായ സ്ത്രീ സ്വാതന്ത്ര്യം അവർ ലൈംഗികത്തൊഴിലിൽ കണ്ടെത്തുന്നു.
തന്റെ ശരീരത്തിലും മനസ്സിലും ആധിപത്യം സ്ഥാപിച്ച പുരുഷന്മാരെ നളിനി ആത്മകഥയിൽ ഓർക്കുന്നു. തന്നെ തേടിയെത്തിയ പുരുഷന്മാർക്കൊരോരുത്തർക്കും വ്യത്യസ്ത ആവശ്യങ്ങളായിരുന്നു. സ്ത്രശരീരത്തെ അറിയാനെത്തുന്നവർ,രതിയിൽ ആനന്ദം കണ്ടെത്താനെത്തുന്നവർ, ലൈംഗികതയെക്കുറിച്ചുള്ള സംശയങ്ങളുമായി എത്തുന്നവർ, കിടപ്പറയിൽ പങ്കാളിയെ എങ്ങനെ തൃപ്ത്തിപ്പെടുത്താം എന്ന ചോദ്യവുമായി എത്തുന്നവർ. ഇത്തരത്തിൽ പല ആവശ്യങ്ങളുമായി തന്നെ സമീപിച്ച പുരുഷന്മാരെ നളിനി ജമീല തന്റെ ആത്മകഥയിൽ പേരുകൾ നൽകാതെ പരാമർശിക്കുന്നു.ഒപ്പം വേദനയും ദുഃഖവും നിറഞ്ഞ അനവധി ലൈംഗിക്കാനുഭവങ്ങളും അവർ തുറന്നുകാട്ടുന്നു.ഒരു മുസ്ലിം ക്ലയന്റ് വിവാഹഭ്യർത്ഥന നടത്തുമ്പോഴാണ് അത് സ്വീകരിച്ച് നളിനി രണ്ടാമതൊരു ദാമ്പത്യത്തിലേക്ക് കടക്കുന്നതും നളിനി ജമീലയായി മാറുന്നതും.12 വർഷത്തെ ദാമ്പത്യത്തിന് ശേഷം മകളെയും ചേർത്ത് പിടിച്ച് നളിനി വീണ്ടും ലൈംഗികത്തൊഴിലിലേക്ക് പോകുന്നു.
രണ്ടാം ഘട്ടത്തിൽ നളിനി വെറുമൊരു ലൈംഗികത്തൊഴിലാളി മാത്രമല്ല.അനവധി ലൈംഗികത്തൊഴിലാളികൾക്കുവേണ്ടി ശബ്ദമുയർത്തുന്ന, ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടുന്ന 'ജ്വാലാമുഖി' എന്ന സംഘടനയുടെ പ്രവർത്തകയാണ് . താൻ ചെയ്യുന്ന തൊഴിലിനെയും അതിന്റെ അവകാശങ്ങളെയും പ്രതിസന്ധികളെയും നന്നായി അറിയുന്ന, പ്രശ്നങ്ങളെ തന്റേടത്തോടെയും യുക്തിയോടെയും സമീപിക്കുന്ന ഒരു തൊഴിലാളിയായി അവർ മാറുന്നു. സ്വന്തമായൊരിടമില്ലാതെ തെരുവിൽ അന്തിയുറങ്ങാൻ വിധിക്കപ്പെട്ട ലൈംഗികത്തൊഴിലാളികൾക്ക് വേണ്ടിയായിരുന്നു സംഘടനയുടെ പ്രവർത്തനങ്ങൾ.ഒപ്പം ലൈംഗികത്തൊഴിലിനെ മറ്റു തൊഴിലുകൾക്കൊപ്പം ഉയർത്തിക്കൊണ്ട് വരാനും, ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങൾ അധികാരത്തലത്തിലെത്തിച്ച് അവ നേടിയെടുക്കാനും നളിനി ശ്രമിച്ചിരുന്നു. ഇന്ത്യക്കകത്തും പുറത്തും തങ്ങളുടെ പ്രവർത്തന മേഖല വികസിപ്പിക്കാൻ സംഘടനയ്ക്ക് സാധിച്ചു. ഗ്ലോബൽ അലയൻസ് എഗൈൻസ്റ്റ് ട്രാഫിക് ഇൻ വിമനിന്റെ ആഭിമുഖ്യത്തിൽ മീഡിയ വർക്ക്ഷോപ്പിന് തായ്ലൻഡിൽ പോയതും തങ്ങളുടെ ആശയങ്ങൾ ഉന്നയിച്ചതും വർക്ക്ഷോപ്പിന്റെ ഭാഗമായി ക്യാമറ പ്രവർത്തിപ്പിക്കാൻ പഠിക്കുന്നതും ലൈംഗികത്തൊഴിലാളികളുടെ പ്രശ്നങ്ങൾ സ്വന്തമായി പകർത്തി ഡോക്യൂമെന്ററിയായി പ്രദർശിപ്പിച്ചതുമൊക്കെ നളിനി ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.ഇവയൊക്കെ ചെയ്തത് കേരളത്തിലെ ഒരു സെക്സ് വർക്കർ ആണെന്നോർക്കുമ്പോൾ പലർക്കും അത്ഭുതവും നീരസവും ഉണ്ടാകാം.സദാചാരവാദികളുടെ സിരകളിൽ രക്തം തിളച്ചു മറിയുമ്പോഴും തന്റെ വ്യക്തിത്വം ഇതാണെന്നും അതിൽ താൻ അഭിമാനിക്കുന്നുവെന്നും ഇനി ഇരു ജന്മമുണ്ടെങ്കിൽ താൻ ലൈംഗികത്തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും നളിനി ജമീല എന്ന സ്ത്രീ തന്റെ ആത്മകഥയിലൂടെ ലോകത്തോടു വിളിച്ചു പറയുന്നു.
പെൺശരീരത്തിന്റെ രാഷ്ട്രീയവത്കരണം
പുരുഷാധിപത്യ സമൂഹത്തിന്റെ കാഴ്ച്ചപ്പാടിൽ, സ്ത്രീ ശരീരം മാന്യതയുടെയും സദാചാര ബോധ്യങ്ങളുടെയും പരിമിതികളിലൊതുങ്ങേണ്ട ഒന്നാണ്. എന്നാൽ "ഞാൻ ലൈംഗികത്തൊഴിലാളി നളിനി ജമീലയുടെ ആത്മകഥ "ഈ ചട്ടങ്ങളെ സംശയത്തിനിരയാക്കി, സ്ത്രീ ശരീരത്തിൽ അവൾക്കുള്ള അധികാരത്തെ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നു. ലൈംഗികത, മാതൃത്വം, തൊഴിൽ, നിരീക്ഷണം, ഉടമസ്ഥാവകാശം എന്നീ മേഖലകളിൽ സ്ത്രീ ശരീരത്തെ സാമൂഹിക രീതികൾ എങ്ങനെ നിയന്ത്രിക്കുന്നു എന്നത് ഈ എഴുത്തിൽ ശക്തമായി അടയാളപ്പെടുന്നു.
പുറമെ ലൈംഗികതയെ മോശമായി ചിത്രീകരിക്കുന്ന,ലൈംഗികതയെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ മടിക്കുന്ന സമൂഹം, അതേ ആനന്ദത്തിനായി രഹസ്യമായി സ്ത്രീശരീരത്തെ ഉപയോഗിക്കാൻ വ്യഗ്രതപ്പെടുന്നതായി നളിനി തന്റെ അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു.ശരീരം തൻ്റെതാകുമ്പോൾ അതിനെ എങ്ങനെ ഉപയോഗിക്കണമെന്ന തീരുമാനവും തനിക്ക് വേണം എന്ന് നളിനി ആവശ്യപ്പെടുന്നു. ഈ അവകാശവാദമാണ് നളിനി ജമീലയുടെ ആത്മകഥയിലെ രാഷ്ട്രീയം.
ലൈംഗികത്തൊഴിലിലേക്ക് കടന്നു വരുന്നതിന് മുൻപ് തന്നെ തന്റെ ശരീരത്തേക്കുറിച്ച് നളിനി ബോധവധിയായിരുന്നു. ശരീരത്തിലേക്ക് ഒരു നോട്ടം കൊണ്ട് പോലും അതിക്രമിച്ചു കടക്കുന്നവരെ കുട്ടിക്കാലത്ത് നളിനി വെറുത്തിരുന്നു. മണ്ണുമടയിൽ തന്റെ ശരീരത്തെ നോക്കി അസഭ്യം പറഞ്ഞ പോക്കിരികളെയും ബന്ധുവീട്ടിൽ വച്ച് തന്റെ അനുവാദാമില്ലാതെ കടന്നുപിടിച്ച വൃദ്ധനെയും നളിനി വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് തന്റെ ശരീരമെന്ന സ്വാതന്ത്ര്യത്തിനുള്ളിൽ അതിക്രമിച്ച് കടക്കുന്നതിനാലാണ്.
വിവാഹശേഷം ഭർത്താവിൽ നിന്നുമുള്ള ശാരീരികബന്ധം പീഡനമായിരുന്നപ്പോഴും ആനന്ദകരമായ രതിക്കായി നളിനിയുടെ മനസ്സ് ചുറ്റുപാടും തിരഞ്ഞു. സ്വന്തം ശരീരത്തിന്റെ സാധ്യതകളും സ്വാതന്ത്ര്യങ്ങളും അറിയുന്ന ഒരു സ്ത്രീക്ക് തന്റെ ശരീരത്തെ തൃപ്തിപ്പെടുത്തിയെ മതിയാകു.അതിനായ് ഒരു സ്ത്രീ മുന്നിട്ടിറങ്ങുമ്പോൾ സമൂഹം അതിനെ തെറ്റായ് വ്യാഖ്യാനിക്കാം.അവളെ കൊള്ളരുതാത്തവളായ് മുദ്രകുത്താം. എന്നാൽ അതിലൊന്നും നളിനി തളരുന്നില്ല.പ്രതിസന്ധികൾക്കിടയിലാണ് താൻ മദ്യപാനം തുടങ്ങിയതെന്ന് യാതൊരു കൂസലുമില്ലാതെ നളിനി ആത്മകഥയിൽ എഴുതുന്നു. മദ്യപിച്ചു കഴിയുമ്പോൾ തനിക്ക് പരിചയമുള്ള ചിലവ്യക്തികളോട് ശാരീരികമായ ആസക്തി തോന്നിയിരുന്നുവെന്ന് നളിനി തുറന്നെഴുതിയപ്പോൾ, തകർന്നത് കാലങ്ങളായ് സമൂഹം ബന്ധിച്ചുസൂക്ഷിച്ച കുലസ്ത്രീ സങ്കൽപ്പവും മൂല്യബോധങ്ങളുമാണ്.
ലൈംഗികത്തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് മലയാളി അറിയുന്നത് നളിനീ ജമീലയുടെ ആത്മകഥയിലൂടെയാണ്. നാട്ടുകാരെയും പോലീസിനെയും സാമൂഹികവിരുദ്ധരെയും ഒരേപോലെ അവർ ഭയപ്പെടണം. ഒരേസമയം തങ്ങളുടെ ശരീരത്തെയും സാമ്പാദ്യത്തെയും അവർ സംരക്ഷിക്കണം. എങ്കിലും സമൂഹം അവരെ പുച്ഛത്തോടെയും അറപ്പോടെയും മാത്രമേ പരിഗണിക്കുകയുള്ളു.അത്തരത്തിലുള്ള ഒരുപാടനുഭവങ്ങൾ നളിനി ജമീല ആത്മകഥയിൽ കുറിക്കുന്നു.
സ്ത്രീയുടെ ശരീരത്തെ പോലീസ്, മാധ്യമങ്ങൾ, മതസംഘടനകൾ തുടങ്ങിയ സമ്പ്രദായങ്ങൾ നിരന്തരമായി നിരീക്ഷിക്കുന്നു. നളിനി ജമീലയുടെ ജീവിതത്തിൽ ഇവയുടെ ഇടപെടലുകൾ വ്യക്തമാക്കുന്നത്, സ്ത്രീ ശരീരം പൊതുപ്രശ്നമാക്കപ്പെടുമ്പോൾ അതിന് ഏതെല്ലാം തരത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകുന്നു എന്നു മുൻനിർത്തിയാണ്.
സ്ത്രീശരീരം എങ്ങനെയൊക്കെ, ആരൊക്കെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്ന സാമൂഹിക ഘടനയാണ് ഇതിലൂടെ മറനീക്കി പുറത്തുവരുന്നത്. സ്ത്രീ തന്റെ ശരീരം കച്ചവടം ചെയ്യുമ്പോൾ ആ ശരീരം ആവശ്യപ്പെട്ടവരെ, അതിന്റെ ഫലം അനുഭവിക്കുന്നവരെ എന്തു കൊണ്ട് സമൂഹം കാണാതെ പോകുന്നു എന്ന ചോദ്യം ഇവിടെ ഉയർന്നു വരുന്നു.
ആത്മകഥയിൽ ഒരിടത്തും നളിനി ജമീല തന്റെ തെരഞ്ഞെടുപ്പിന് ക്ഷമാപണമോ പശ്ചാത്താപമോ നടത്തുന്നില്ല.സമൂഹം നിർവചിച്ച നാഗരികതയെ ചോദ്യം ചെയ്യാനും, ലൈംഗികത്തൊഴിലിനെ തൊഴിലവകാശമായി പ്രതിഷ്ഠിക്കാനും അവർ തയ്യാറാകുന്നു. ഇതിനാലൊക്കെത്തന്നെ നളിനി
ജമീലയുടെ കൃതിയിൽ പെൺശരീരത്തിന്റെ രാഷ്ട്രീയം കേന്ദ്രവിഷയമായി മാറുന്നു. നളിനി ജമീലയുടെ ശരീരത്തിലൂടെ സംസാരിക്കുന്ന ഈ എഴുത്ത്, പുരുഷാധിപത്യ സമൂഹ സംവിധാനങ്ങൾ സ്ത്രീ ശരീരത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നെന്ന സത്യവും പ്രകടമാക്കുന്നു.
ഉപസംഹാരം
ഇതര സ്ത്രീ ആത്മകഥകളിൽ കാണുന്ന നിരാശകളോ ഉപേക്ഷകളോ നഷ്ടബോധമോ ഒന്നും "ഞാൻ ലൈംഗികത്തൊഴിലാളി നളിനി ജമീലയുടെ ആത്മകഥ"യിൽ പ്രത്യക്ഷപ്പെടുന്നില്ല. ആത്മകഥയുടെ ആഖ്യാനശൈലി, ഭാഷയുടെ തുറച്ചുപറച്ചിൽ, സദാചാരനിലപാടുകളോടുള്ള പരിഹാസം എന്നിവയെല്ലാം, ഈ കൃതിയെ ഒരു രാഷ്ട്രീയ പാഠപുസ്തകമാക്കിമാറ്റുന്നു.അതിനാൽ നളിനി ജമീലയുടെ ആത്മകഥാ വിശകലനം സ്ത്രീശരീരത്തെ പൊതുചർച്ചകളിലേക്കും സാമൂഹിക-പാഠഭാഗങ്ങളിലേക്കും കൊണ്ടുവരാൻ സഹായിക്കുന്നു. സദാചാരത്തിന്റെ മുഖംമൂടികൾ നീക്കി, സ്ത്രീയുടെ ജീവിതത്തെയും ശരീരത്തെയും അവളുടെ മാത്രം നിയന്ത്രണത്തിൽ നിലനിർത്താൻ ഈ കൃതി ആഹ്വാനം ചെയ്യുന്നു.
പെൺശരീരവും ഭാഷയും രാഷ്ട്രീയവത്കരിക്കപ്പെടുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന ശക്തമായ എഴുത്താണ് "ഞാൻ ലൈംഗികത്തൊഴിലാളി " എന്ന നളിനി ജമീലയുടെ ആത്മകഥ.
സഹായഗ്രന്ഥങ്ങൾ
1.ഗോപാലകൃഷ്ണൻ നടുവട്ടം, ആത്മകഥാസാഹിത്യം മലയാളത്തിൽ, തിരുവനന്തപുരം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1998
2.നളിനി ജമീല, ഞാൻ ലൈംഗികത്തൊഴിലാളി നളിനി ജമീലയുടെ ആത്മകഥ, ഡി. സി. ബുക്സ്, കോട്ടയം, 2005
3.നളിനി ജമീല, എന്റെ ആണുങ്ങൾ, ഡി. സി. ബുക്സ്, കോട്ടയം, 2018
4.രതിദേവി, സ്ത്രീ സ്വത്വം സ്വാതന്ത്ര്യം,കോട്ടയം, ഡി. സി. ബുക്സ്,2024
അനർഘ ഐ. എസ്.
ഗവേഷക, മലയാള വിഭാഗം,
മഹാരാജാസ് കോളേജ്,എറണാകുളം
ഇമെയിൽ- isanargha1@gmail.com





perspective ❤️