തനതുനാടകസവിശേഷതകള്‍ കെ.ജെ.ബേബിയുടെ നാടുഗദ്ദികയില്‍
- GCW MALAYALAM
- Jan 15
- 6 min read
അഖില എസ്.

പ്രബന്ധസംഗ്രഹം
മനുഷ്യവംശത്തിന്‍റെ സാംസ്കാരികവും ധൈഷണികവുമായ വളര്‍ച്ചയില്‍ നിസ്തുല പങ്ക് വഹിച്ച കലാരൂപമാണ് നാടകം. സമ്പന്നമായ നാടകപാരമ്പര്യത്തിനുടമകളാണ് കേരളീയര്‍. 1960കളുടെ അവസാനത്തിലും 1970കളിലും നമ്മുടെ നാടകസാഹിത്യവും അതിന്‍റെ രംഗാവതരണവും ശക്തമായൊരു അടിത്തറയുണ്ടാക്കിയെടുത്തു. 1970 കളില്‍ മലയാള നാടകം പ്രതിനിധാനം ചെയ്ത നാടകശാഖയാണ് തനതുനാടകങ്ങള്‍. കേരളത്തിലെ നാടോടിയും ക്ലാസിക്കലും അനുഷ്ഠാനപരവുമായ തനത് പാരമ്പര്യ കലാരൂപങ്ങളുടെ പ്രത്യേകതകളില്‍ നിന്നും സ്വാംശീകരിച്ചെടുത്തതും നാടോടി അംശങ്ങളുടെ സ്വാധീനം ഉള്‍ക്കൊണ്ട് രചിക്കപ്പെട്ടതുമായ നാടകങ്ങളെയാണ് തനതുനാടകങ്ങള്‍ എന്നതു കൊണ്ടര്‍ത്ഥമാക്കുന്നത്. തെരുവ് നാടകം എന്ന പേരില്‍ പ്രശസ്തമായ കെ.ജെ.ബേബിയുടെ നാടുഗദ്ദികയിലെ തനതുനാടക സവിശേഷതകളെ വിലയിരുത്തുകയാണ് ഈ പ്രബന്ധത്തില്‍.
താക്കോല്‍ വാക്കുകള്‍
തെരുവ് നാടകം, ഗദ്ദിക, കീയുലോക സിദ്ധാന്തം, വല്ലി, കമ്പളനാട്ടി, നിപ്പുപണം, ഒക്കല്‍പ്പാട്ട്, ലോകധര്‍മ്മി, നാട്യധര്‍മ്മി, തൗര്യത്രികം.
മനുഷ്യന്‍റെ കലാപരവും ചിന്താപരവുമായ വിപ്ലവാശയങ്ങള്‍ ജനപങ്കാളിത്തത്തോടുകൂടി യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവര്‍ത്തിക്കുന്ന നാടകശാഖയാണ് 'തെരുവ്നാടകം'. ജനങ്ങളെ ബാധിക്കുന്ന അവര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാക്കുന്ന വലിയൊരു പ്രശ്നത്തിനു പരിഹാരം നിര്‍ദ്ദേശിക്കാന്‍ തെരുവുനാടകശാഖയ്ക്ക് സാധ്യമാകുന്നു. ജനമനസ്സുകളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാനുള്ള നാടകത്തിന്‍റെ സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് തെരുവുനാടകങ്ങള്‍ അവതരിപ്പിക്കുന്നത്. നമ്മുടെ വിപ്ലവകാലഘട്ടത്തിലെ സവിശേഷ പ്രശ്നങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് കെ.ജെ ബേബി എഴുതിയ 'നാടുഗദ്ദിക' (1983) മലയാളനാടകവേദിയുടെ അന്നുവരെയുള്ള ചരിത്രം തിരുത്തിക്കുറിച്ച ജനകീയ നാടകമായിരുന്നു ഇത്. ജډിസമൂഹം കാലാകാലങ്ങളായി അടിച്ചമര്‍ത്തിവച്ചിരുന്ന അടിയാളവിഭാഗത്തെ ചെറുത്തുനില്‍ക്കാന്‍ സന്നദ്ധത ഉള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടു കൂടി 1977-ല്‍ ബേബി 'അപൂര്‍ണ' എന്ന നാടകം തയ്യാറാക്കി. മറ്റേതു മാധ്യമത്തെക്കാളും കലാരൂപങ്ങള്‍ക്കു സംവേദനശേഷിയുണ്ടെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് 'അപൂര്‍ണ' ഉണ്ടാക്കിയത്. പാട്ടിലൂടെ പകരാന്‍ കഴിയുന്ന ചിലതുണ്ട്. ഞാനിപ്പോള്‍ ചെയ്യുന്നതും ഇതുതന്നെയാണ്. അപൂര്‍ണനാടകം അപൂര്‍ണമായിരുന്നു. അതുകൊണ്ടാണ് പേരും അങ്ങനെ നല്‍കിയത്. ഇതിന്‍റെ തുടര്‍ച്ചയായാണ് നാടുഗദ്ദിക രൂപപ്പെടുത്തിയത് എന്ന് കെ.ജെ.ബേബി പറയുന്നു.1 അപൂര്‍ണയുടെ വികസിത രൂപമാണ് 'നാടുഗദ്ദിക'. ചരിത്രം എന്നത് പലപ്പോഴും വരേണ്യരുടേത് മാത്രമായി മാറാറുണ്ട്. ചരിത്രകാരډാര്‍ മനഃപൂര്‍വ്വം വിസ്മൃതിയിലേക്കാഴ്ത്തിക്കളഞ്ഞ അടിയോര്‍ എന്ന ആദിവാസികളുടെ ചരിത്രത്തെക്കൂടിയാണ് നാടകത്തിലൂടെ കെ.ജെ ബേബി വെളിപ്പെടുത്തുന്നത്.
വയനാടിന്‍റെ രണ്ട് നൂറ്റാണ്ടുകളുടെ രാഷ്ട്രീയ ചരിത്രം വെളിപ്പെടുത്തുന്ന നാടുഗദ്ദിക 1961 ലെ ഡ്രമാറ്റിക് പെര്‍ഫോര്‍മന്‍സ് ആക്ട് (ഉൃമാമശേര ജലൃളീൃാമിരല അരേ) പ്രകാരം നിരോധിക്കപ്പെട്ടിരുന്നു.ആദിവാസികളുടെ ഒരനുഷ്ഠാനമാണ് ഗദ്ദിക. നാടിന്‍റെയും നാട്ടുകാരുടെയും ഈതിബാധകള്‍ ഉച്ഛാടനം ചെയ്യുന്നതിനുള്ള ഒരു ക്രിയ. സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന് നാട്ടിലുണ്ടായ മാറ്റങ്ങള്‍ ജനങ്ങളുടെ തലയ്ക്കു മീതെ കടന്നുപോകയാണെന്നും ആദിവാസികള്‍ ഉള്‍പ്പെടെയുള്ള അധഃസ്ഥിതവര്‍ഗ്ഗം ഇപ്പോഴും ചൂഷണത്തിനും മര്‍ദ്ദനത്തിനും വിധേയരാണെന്നും അധികാരിവര്‍ഗ്ഗത്തെ ഒഴിപ്പിച്ചുകളയാന്‍ മറ്റൊരു ഗദ്ദിക അനുഷ്ഠിക്കണമെന്നുമാണ് നാടകം ആഹ്വാനം ചെയ്യുന്നത്. ഇത്തരത്തില്‍ അധികാരിവര്‍ഗ്ഗത്തിനെതിരെ നിശിതമായ വിമര്‍ശനം നടത്തിയ നാടുഗദ്ദികയ്ക്ക് ഏറെ എതിര്‍പ്പുകളെ നേരിടേണ്ടിവന്നു.
ഭൂതവര്‍ത്തമാനകാലങ്ങള്‍ ഇടവിട്ട് അവതരിപ്പിക്കുന്ന മട്ടിലാണ് നാടകാവതരണം."ഋജുവായ ഒരു അവതരണ മാതൃകയില്‍ പല കാലങ്ങളിലെ അടിമത്തകഥ തുന്നിച്ചേര്‍ക്കും വിധമാണ് ബാഹ്യശില്പനിര്‍മ്മിതി."2 തമ്പുരാന്‍റെ ചൂഷണങ്ങളാലും ആജ്ഞകളാലും പൊറുതിമുട്ടുന്ന അടിയോരുടെ ദൈന്യതകള്‍ ഗദ്ദികക്കാരന്‍ വിശദീകരിക്കുമ്പോള്‍ യാചന്‍റെ മകന്‍ വെള്ളിയുടെ 'പയിക്കിന്‍റോ' എന്ന നിലവിളി ഉയര്‍ന്നുകേള്‍ക്കുന്നു. അതോടെ അപ്പനായ യാചന്‍ പൂര്‍വകാല സ്മരണകളിലേക്കു പോകുന്ന മട്ടില്‍ ഓര്‍മ്മകള്‍ പറയുന്നു. ആ ഓര്‍മ്മകള്‍ അടുത്ത രംഗത്തില്‍ അവതരിപ്പിക്കുന്നു. ഇതാണ് നാടകാവതരണ ക്രമം.
യാചന്‍, അയാളുടെ അന്ധനായ മകന്‍, വിദ്യാസമ്പന്നനായ മകന്‍ ലക്ഷ്മണന്‍, മകള്‍ വെള്ള, ഗദ്ദികക്കാരന്‍, അധികാരിയായ തമ്പുരാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായും യാചന്‍റെ കൂട്ടര്‍ അപ്രധാന കഥാപാത്രങ്ങളായും അഭിനയിക്കുന്ന നാടുഗദ്ദികയുടെ കഥാഗതി വികസിക്കുന്നത് എട്ട് ലഘു രംഗങ്ങളിലൂടെയാണ്. കാലാകാലങ്ങളായി ഉടയോډാരായ ജډിമാരില്‍ നിന്ന് അടിയോരനുഭവിക്കുന്ന കഷ്ടപ്പാടുകളും പീഡനങ്ങളുമാണ് നാടകത്തിന്‍റെ മുഖ്യ പ്രമേയം.
കാഴ്ചക്കാര്‍ക്കിടയില്‍ നിന്നും തമ്പുരാന്‍ യാചനെ വലിച്ചിഴച്ചുകൊണ്ടുവന്ന് ഒരു മൂലയ്ക്ക് നിര്‍ത്തി, അയാളുടെ കയ്യില്‍ ഊന്നുവടിയും ചിരട്ടയും കൊടുത്ത് യാചകനാക്കി നിര്‍ത്തുന്നതോടെയാണ് നാടകാരംഭം. അവരുടെ കൂട്ടര്‍ കഷ്ടപ്പാടുകള്‍ മാറ്റിത്തരുന്നതിനായി കാളിയെ പാടിയുണര്‍ത്താനൊരുങ്ങുമ്പോള്‍ അരങ്ങിലെത്തുന്ന വെള്ളിയുടെ 'പൈയ്ക്കിന്‍റോ' എന്ന നിലവിളി ഉയര്‍ന്നു കേള്‍ക്കുന്നു. അവന്‍റെ അടുത്തെത്തുന്ന ഗദ്ദികക്കാരന്‍ അവനുചുറ്റും തുടികൊട്ടിപാടി. വിശപ്പകറ്റാനായി തെരുവില്‍ ശരീരം വില്‍ക്കാനായി നില്‍ക്കുന്ന വെള്ളയേയും വെള്ളിയ്ക്കരികില്‍ എത്തിച്ച് അവരെ എല്ലാപേരെയും ഒന്നിപ്പിച്ചു നിര്‍ത്താന്‍ അയാള്‍ ശ്രമിച്ചു. ഗദ്ദികക്കാരനാണ് അടിയോര്‍ക്ക് പണ്ടുണ്ടായിരുന്ന നല്ലകാലത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നത്. ഒന്നാം രംഗത്തില്‍ യാചന്‍ തന്‍റെ പൂര്‍വ്വികരുടെ വംശസ്മൃതികളിലേക്കും മേലോരച്ചന്‍, കീയോരത്തി, ഉത്തപ്പന്‍, ഉത്തമ്മ തുടങ്ങിയ പൂര്‍വികര്‍ തമ്പുരാന്‍റെ അടിമകളായി മാറിയതിനെക്കുറിച്ചാണ് ഓര്‍ക്കുന്നത്.
രണ്ടാംരംഗത്തില്‍ രാത്രിയില്‍ ഉറങ്ങിക്കിടക്കുന്ന അടിമകള്‍ക്ക് അരികിലെത്തുന്ന തമ്പുരാന്‍ അവരെ കാളിയമ്മയുടെ കോപമേല്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി പണിയെടുപ്പിക്കുന്നു. അയാള്‍ കൂലി(വല്ലി)യ്ക്കായി ഒന്നിച്ചു നില്‍ക്കുന്ന അടിയോരെ ഭിന്നിപ്പിച്ച് ചൂഷണം ചെയ്യുന്നു. പുതിയ ഇല്ലിക്കാടുകള്‍ തെളിയിക്കാനായി അടിയോരെ പറഞ്ഞുവിടാനൊരുങ്ങുമ്പോള്‍ വെള്ളിയുടെ 'പയിക്കിന്‍റോ' ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നു അത് യാചന്‍റെ പൂര്‍വസ്മൃതികളെ ഉണര്‍ത്തി. അടിമക്കൂട്ടത്തില്‍ നിന്നും അയാളുടെ കാര്‍ന്നോډാരില്‍ പലരും രക്ഷപ്പെടാനായി ഒളിച്ചോടിയെങ്കിലും അവരെ രക്ഷപെടാന്‍ സമ്മതിക്കാതെ തമ്പുരാക്കډാര്‍ തിരിച്ചുകൊണ്ടുവരുന്ന ഓര്‍മ്മയിലേക്കാണ് പോകുന്നത്.
മൂന്നാംരംഗത്തില്‍ അടിമക്കൂട്ടത്തില്‍ നിന്നും ചാടിപ്പോയ കറപ്പനെ തേടിപ്പിടിക്കാന്‍ കൂട്ടര്‍ കാട്ടിലെത്തുമ്പോള്‍ അവന്‍ അടിയോരുടെ പഴംപാട്ടും പാടി അവിടെ ഒളിച്ചിരിക്കുകയായിരുന്നു. മരണാനന്തരം വരാന്‍പോകുന്ന നല്ലകാലത്തെക്കുറിച്ചുള്ള തന്‍റെ കൂട്ടരുടെ സ്വപ്നത്തെ അവന്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. 'കീയുലോക സിദ്ധാന്തം' വിവരിച്ച് അവന്‍ അവരുടെ മരണാനന്തരമുള്ള മോചനസ്വപ്നത്തെ കരിച്ചു കളഞ്ഞു. യാചനാകട്ടെ 'നാനോര്‍തക്കിഞ്ചെ നാനോര്‍ക്കിഞ്ചെ' എന്നു പറഞ്ഞ് വള്ളിയൂര്‍ക്കാവ് ഉത്സവത്തില്‍ 'നിപ്പുപണം' വാങ്ങിയ ഓര്‍മ്മകളിലേക്കു കൊണ്ടുപോകുന്നു.
നാലാം രംഗത്തില്‍ നിപ്പുപണം വാങ്ങാനെത്തിയ അടിമകളെയാണ് അവതരിപ്പിക്കുന്നത്. തങ്ങളുടെ വിശപ്പകറ്റുന്ന കാടിനെ കുടിയേറ്റക്കാര്‍ക്ക് വില്‍ക്കുന്നതുകണ്ട് അടിയോര്‍ വേദനിച്ചു നില്‍ക്കുമ്പോള്‍ വെള്ളിയുടെ പതിവ് നിലവിളി കേള്‍ക്കുന്നു. യാചന്‍റെ ഓര്‍മ്മകള്‍ സഞ്ചരിക്കുന്നത് തമ്പുരാന്‍റെ പാടത്തില്‍ തുടിയടിച്ച്, കുഴലൂതി കമ്പളനാട്ടി നടുന്നതിലേക്കാണ്.
അഞ്ചാംരംഗത്തില്‍ അവര്‍ 'കമ്പളനാട്ടി'നടുന്നതിനിടയിലേക്ക് എത്തുന്ന തമ്പുരാന്‍ ഗാന്ധിജിയെക്കുറിച്ചും സ്വാതന്ത്ര്യസമരത്തെക്കുറിച്ചും കുറ്റം പറയുന്നു. അടിമകള്‍ ഒന്നും മനസ്സിലാകാതെ നില്‍ക്കുമ്പോള്‍ യാചന്‍റെ ഓര്‍മ്മ തമ്പുരാന്‍റെ അറയില്‍ പുന്നെല്ല് നിറയ്ക്കാന്‍ വേണ്ടി അതില്‍ കിടക്കുന്ന പഴനെല്ല് കത്തിച്ചുകളയുന്ന പണിയിലേക്കാണ് പോകുന്നത്. ഒക്കല്‍ക്കളത്തില്‍ ഒക്കല്‍പാട്ടും പാടി പണിയെടുക്കുന്ന അടിമകള്‍ക്കിടയില്‍ നിന്ന് തമ്പുരാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ താന്‍ നടത്തിയ സമരങ്ങളെക്കുറിച്ച് ക്ഷോഭിച്ചു സംസാരിക്കുന്നു. കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ വിമോചനസമര മുദ്രാവാക്യം വിളിക്കാന്‍ അയാള്‍ അവരോടാവശ്യപ്പെട്ടു. തന്‍റെ ചുറ്റും കൂടിയ അടിയോരോടായി ഗദ്ദികക്കാരന്‍, നമ്മള്‍ തിരഞ്ഞെടുക്കുന്ന ഒരു ഗവണ്‍മെന്‍റില്‍ നിന്നും എത്രടം വരെ പ്രതീക്ഷിക്കാമെന്ന് അറിയാന്‍ കഴിയില്ലെന്നും ഈ ലോകത്തും പരലോകത്തും കനവിന്‍റെ നനവില്ലാത്ത കണ്ണുനീരും ഇരുട്ടും പുകഞ്ഞു എന്നറിയിക്കുമ്പോള്‍ വെള്ളിയുടെ പതിവ് നിലവിളി ഉയര്‍ന്നുകേള്‍ക്കുന്നു. യാചന്‍ ഏവരും ഒത്തുചേര്‍ന്ന 'പെലദിന'ത്തിന്‍റെ ഓര്‍മ്മകളിലേക്ക് പോകുന്നു.
അവസാനരംഗത്തില്‍ ഗദ്ദികക്കാരന്‍ തങ്ങള്‍ക്ക് പരമ്പരാഗതമായി കൈമാറികിട്ടിയ മണ്ണും ഓലയും തിരിച്ചുതന്ന് കഷ്ടപ്പാടുകള്‍ ഒഴിവാക്കാനായി കാരണവډാരെ വിളിച്ചുകേഴുന്നു. അടിമകളോട് സംഘടിപ്പിക്കുവാനും അനീതികളെ ചോദ്യം ചെയ്യാനും അടിയോരെ ഗദ്ദികക്കാരന്‍ ഉദ്ബോധിപ്പിച്ചു. 'മുളങ്കുറ്റിയില്‍ നിന്നും ലിറ്ററിലേക്കുള്ള കൂലി' തമ്പുരാന്‍ അംഗീകരിച്ചതിന്‍റെ സന്തോഷം അവര്‍ ആഘോഷിക്കുന്നു. ആ ആഘോഷത്തിനിടയിലേക്ക് കര്‍ഷകനേതാവും കമ്മ്യൂണിസ്റ്റുകാരനുമായി മാറിയ തമ്പുരാന്‍ ചെങ്കൊടിയുമായി എത്തുന്നു. തമ്പുരാന്‍റെ ഭാവപകര്‍ച്ചയില്‍ ആകൃഷ്ടരായ കുറെ അടിമകള്‍ അയാളുടെ പക്ഷം ചേര്‍ന്നു. തമ്പുരാന്‍റെ വസ്ത്രങ്ങളായി കഴിഞ്ഞ കൊടികളെ ഗദ്ദികക്കാരന്‍ വലിച്ചഴിച്ച് തുടിയെയും കുഴലിനെയും സാക്ഷിനിര്‍ത്തി അവ യാചന് കൈമാറി. അടിയോരില്‍ ചിലരുടെ തമ്പുരാനെതിരെയുള്ള പ്രതിഷേധത്തെയും ഒത്തൊരുമയെയും തമ്പുരാന്‍റെ കാവലാളുകള്‍ അടിയന്തിരാവസ്ഥയിലൂടെ ഭിന്നിപ്പിച്ചു. ഇതിനെ എതിര്‍ത്ത ഗദ്ദികക്കാരനെ അവര്‍ വധിച്ചതിനുശേഷം അയാളുടെ ആചാരമുണ്ട് അടിമകള്‍ക്ക് മുന്നിലിട്ട് നശിപ്പിച്ച് അവര്‍ അവിടം വിട്ടു. അശരീരിയായി കേട്ട ഗദ്ദികക്കാരന്‍റെ ഉപദേശം അനുസരിച്ച അടിമകളിലൊരുവന്‍ മറ്റുള്ളവര്‍ തടഞ്ഞിട്ടും ആ ആചാരവേഷ മെടുത്തണിഞ്ഞ് ഗദ്ദികയാട്ടം ആടി. അവിടെയെത്തുന്ന തമ്പുരാനെ അവര്‍ വീറോടെ ചോദ്യം ചെയ്തു. അവരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ അടിപതറിനിന്ന തമ്പുരാനെ ക്കൊണ്ട് മണ്ണിനെ കെട്ടിപ്പിടിപ്പിച്ച് മാപ്പുപറയിച്ചു. തങ്ങളുടെ കാട് മുറിച്ച, കുഞ്ഞുങ്ങളെ അടിമയാക്കി വിറ്റ കാരണോډാരുടെ ചുടലകള്‍പോലും തട്ടിമാറ്റിയ അധികാര വര്‍ഗത്തിന്‍റെ പ്രതിനിധിയായ തമ്പുരാനെ ഗദ്ദികയാട്ടം പൂര്‍ത്തിയാക്കാനായി അവര്‍ കാരണോډാരുടെ കനവുമൂടിയ മലയിലേക്ക് കൊണ്ടുപോകുമ്പോള്‍ നാടുഗദ്ദിക അവസാനിക്കുന്നു.
നാടകം എന്ന ദൃശ്യകല അതതുപ്രദേശത്തെ ദൃശ്യകലാപാരമ്പര്യ ത്തില്‍ നിന്നുമാണ് സ്വന്തം സങ്കേതങ്ങളെ വികസിപ്പിച്ചെടുക്കുന്നത്. ലോകവ്യാപകമായി നാടകരംഗത്ത് ആരംഭിച്ച പാരമ്പര്യാന്വേഷണത്തിന്‍റെ ചുവടുപിടിച്ച് മലയാള നാടകവേദിയും ഇറങ്ങിതിരിച്ചപ്പോള്‍ 'തനത്' എന്ന പദത്തിനും അതില്‍ നിന്നുളവായ 'തനതുനാടക'ത്തിനും പ്രാധാന്യം കൈവന്നു. ഡോക്യുമെന്‍ററി തിയേറ്ററിന്‍റെയും തെരുവ് നാടകത്തിന്‍റെയും സ്വഭാവങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് രചിച്ച നാടകമായ നാടുഗദ്ദിക പൂര്‍ണ്ണമായും തൗര്യത്രികാധിഷ്ഠിതവും നാട്യധര്‍മ്മിയോട് അടുത്തു നില്‍ക്കുന്നതുമായ കേരളത്തിലെ രംഗശീല ക്രമങ്ങളില്‍ നിന്നും തോറ്റിയെടുത്ത തനതുനാടക സവിശേഷത കളുമായി ഏറെ അടുത്തു നില്‍ക്കുന്നു.ഒരു മിത്തിന്‍റെ അടിത്തറയുള്ളതും അയവാര്‍ന്ന തുമായ പ്രമേയം, ലോകധര്‍മ്മിത്വത്തിനൊപ്പം നാട്യധര്‍മ്മിത്വത്തിന് പ്രാധാന്യം, കേരളീയ നാടോടിക്കലകളോടും അനുഷ്ഠാനകലകളോടും ക്ലാസിക്കല്‍ കലകളോടുമുള്ള സാദൃശ്യം, അനുഷ്ഠാനപരത, കുറിക്കുക്കൊള്ളുന്ന ഹാസ്യത്തിന്‍റെ പ്രയോഗം, പ്രേക്ഷകരെക്കൂടി പങ്കാളികളാക്കിക്കൊണ്ടുള്ള പരിസരാഭിനയം, തൗര്യത്രികത്തിന്‍റെ പ്രയോഗം കൊണ്ട് സജീവമായ ക്രിയാംശം, ശൈലീവല്ക്കരിക്കപ്പെട്ട സംഭാഷണം, ചലനക്രമങ്ങള്‍, താളാത്മകമായ ആംഗികവാചികാഭിനയം, പാരമ്പര്യകലാരൂപങ്ങളുടേത് പോലുള്ള അരങ്ങ്, സൂത്രധാര വിദൂഷകാദി കഥാപാത്രങ്ങളുടെ പ്രാധാന്യം, കോറസ്സിനുള്ള പ്രാധാന്യം തുടങ്ങിയ തനതുനാടകത്തിന്‍റേതായ മിക്ക സവിശേഷതകളും നാടുഗദ്ദികയില്‍ കണ്ടെത്താനാകും.
വയനാട്ടിലെ തിരുനെല്ലിപ്രദേശത്തെ അടിയോര്‍ എന്ന ആദിവാസിവിഭാഗത്തിന്‍റെ അനുഷ്ഠാനനൃത്തരൂപമാണ് ഗദ്ദിക. "നമ്മ ചെയ്തവരുടെ ജീവന്‍ ദേവപദവി നേടുന്ന 'നെകല്' എന്ന വിശ്വാസത്തിന്‍റെ സ്വാധീനമാണ് മാന്ത്രികരംഗാവതരണമാണ് ഗദ്ദികയില്‍ കാണുന്നത്."3 മിത്തിന്‍റെ അടിത്തറയുള്ള പ്രമേയമാണ് തനതുനാടകങ്ങളുടെ ഒരു പ്രധാന സവിശേഷത. അങ്ങ് മാവേലിക്കാലം മുതലുള്ള അടിമത്ത കഥയെ ആസ്പദമാക്കി രചിച്ച നാടുഗദ്ദികയിലെ മിത്ത് 'മാവേലിമണ്വത്തെയ്യ'ത്തിന്‍റെ കഥയാണ്. ജാതികളോ ഉപജാതികളോ ഇല്ലാതിരുന്ന മാവേലിമണ്വത്തെയ്യത്തിന്‍റെ കാലത്തില്‍ തെയ്യത്തെ കാണാന്‍ ആകാശത്ത് നിന്ന് മൂന്ന് തമ്പുരാക്കډാര്‍ എത്തി. തെയ്യം വിശ്രമിക്കാന്‍ പോയ അവസരം നോക്കി അവര്‍ അദ്ദേഹം സൂക്ഷിച്ചു വച്ചിരുന്ന മണ്ണ് കട്ടെടുത്തു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മിലുണ്ടായ തര്‍ക്കവും ശേഷം നടന്ന സംഭവങ്ങളും വിവരിക്കുന്ന 'പെലപ്പാട്ടി'ല്‍ നിന്നുമാണ് നാടകരചനയ്ക്കാവശായമായ മിത്ത് ബേബി സ്വീകരിച്ചത്.
നാടകത്തിലെ കഥാപാത്രങ്ങളായി അരങ്ങത്തെത്തിയവര്‍ ആരും തന്നെ ലോകധര്‍മ്മിയോ നാട്യധര്‍മ്മിയോ ആയ അഭിനയ സങ്കേതങ്ങള്‍ അഭ്യസിച്ച വരായിരുന്നില്ല. ആദ്യം നാടകാവതരണം നടത്തിയ 'ഡ്രോപ്പ് നാടകസംഘ'ത്തിലെ അംഗങ്ങള്‍ നിരക്ഷരരായ അവിടത്തെ ആദിവാസികളായിരുന്നു. അവരാരും തന്നെ ഒരിക്കലും ഈ നാടകത്തില്‍ അഭിനയിക്കുകയായിരുന്നില്ല, മറിച്ച് ജീവിക്കുകയായിരുന്നു. "ശൂന്യമായ വെളിമ്പുറങ്ങളില്‍ നടډാരാല്‍ സൃഷ്ടിക്കപ്പെടുന്ന കൃഷിയിടവും കാടും വള്ളിയൂര്‍ക്കാവും പത്തായപ്പുരയും ഒക്കല്‍ക്കളവും പെലപ്പുരയുമൊക്കെ സങ്കല്പിക്കാന്‍ കഴിഞ്ഞതും പ്രബോധന-പ്രതിബന്ധനാടകങ്ങള്‍ക്ക് അനാര്‍ഭാടവും ശക്തവും നേരിട്ടുള്ളതുമായ ഒരു മുഖം നല്‍കാന്‍ കഴിഞ്ഞതും നാടുഗദ്ദികയുടെ നേട്ടം തന്നെയാണ്."4 ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തനതുനാടക സവിശേഷതയായ നാട്യധര്‍മ്മിത്വത്തെക്കാള്‍ അടിയോരെന്ന ആദിവാസികളുടെ തനതായ 'കാട്ടുധര്‍മ്മിത്വ'ത്തിനായിരുന്നു രംഗാവതരണവേളയില്‍ പ്രാധാന്യം.
കേരളീയ നാടോടിക്കലകളോട് സാദൃശ്യം പുലര്‍ത്തുന്നവയാണ് തനതുനാടകങ്ങള്‍. നാടുഗദ്ദികയാകട്ടെ വയനാട്ടിലെ ആദിവാസി വിഭാഗക്കാരായ അടിയോരുടെ നാടോടിയും അനുഷ്ഠാനപരവുമായ 'ഗദ്ദികയാട്ട'വുമായി സ്വാധീനമുള്ള നാടകമാണ്. അനുഷ്ഠാനപരതയെ ഒരിക്കലും തനതുനാടകങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകില്ല. ദുഷ്ടാത്മാക്കളുടെ ബാധ, രോഗപീഡ തുടങ്ങിയവയില്‍ നിന്നും മറ്റും മോചനം നേടുന്നതിനുമായി വയനാട്ടിലെ അടിയഗോത്രവിഭാഗം നടത്തിപ്പോരുന്ന ഒരു മന്ത്രവാദ അനുഷ്ഠാന കലയാണ് ഗദ്ദിക. അനുഷ്ഠാനത്തിന്‍റേതായ അലൗകികമായ അന്തരീക്ഷം സൃഷ്ടിച്ച് ആഭിചാരത്തിന്‍റേതായ അനവധിചടങ്ങുകള്‍ നടത്തുന്ന രീതിയിലാണ് നാടകാവതരണം. തിരുനെല്ലി ക്ഷേത്രത്തിന് സമീപമുള്ള പാപനാശിനിയില്‍ കുളിച്ച് ഗദ്ദിക്കാരന്‍ ക്ഷേത്രത്തിനു താഴെനടയിലുള്ള തുളസിത്തറയുടെ അരികില്‍ എത്തും. അവിടെ നിന്ന് വേഷഭൂഷാദികള്‍ അണിഞ്ഞ് അവര്‍ യാത്ര തുടങ്ങും. വാഴപ്പോള കൊണ്ടുണ്ടാക്കിയ ക്ഷേത്രവും വാളുമായി തുടിയടിച്ചും ചീനി ഊതിയും ഗദ്ദികസംഘാംഗങ്ങള്‍ വീടുകള്‍ തോറും കയറിയിറങ്ങി അപ്പം, ഇളനീര്‍, കോഴി, അരി തുടങ്ങിയ നേര്‍ച്ചകള്‍ സ്വീകരിക്കും. ഗദ്ദികക്കാര്‍ എത്തുന്ന വേളയില്‍ പ്രേതബാധിതരായ ആളുകള്‍ ഉറഞ്ഞുതുള്ളും. ഗദ്ദികസംഘങ്ങളെല്ലാം മാരിയമ്മന്‍തറയിലെത്തുമ്പോള്‍ നാടിനെ ബാധിച്ചിരുന്ന സര്‍വരോഗങ്ങളും മാറാനുള്ള പൂജ അവിടെ നടത്തും. ഗദ്ദികയാട്ടം എന്ന ഈ ആചാരാനുഷ്ഠാനത്തെയാണ് നാടകത്തില്‍ സ്വീകരിച്ചത്. രോഗദേവതകളെയും ഭൂതപ്രേതാദികളെയും ഊരുകളില്‍ നിന്ന് ആട്ടിയോടിക്കുന്ന ഗദ്ദിക ഊരാകെ ചുറ്റി നടത്തുന്ന ഒരനുഷ്ഠാന കര്‍മ്മവും കൂടിയാണ്. "ആഖ്യാനത്തില്‍ മാന്ത്രികാംശങ്ങളുടെ പ്രാധാന്യം കുറച്ചുകൊണ്ടുവരാനും മറ്റൊരര്‍ത്ഥത്തിലെക്ക് അവയെ വ്യാപര്‍ത്തിപ്പിക്കുവാനുമാണ് ബേബിയുടെ യത്നം."5
കാര്‍ഷികവൃത്തിയുടെ വിവിധതലങ്ങള്‍ നാടകത്തിലുടനീളം അവതരിപ്പിക്കുന്നുണ്ട്. അടിയോരുടെ പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന ജീവിതമാണ് നാടുഗദ്ദികയിലേത്. അടിയോരെന്ന ആദിവാസി വിഭാഗക്കാരുടെ ആദിമവും വന്യവുമായിരുന്ന ജീവിതത്തെയാണ് തുറസ്സായ തെരുവരങ്ങിലൂടെ അവതരിപ്പിച്ചത്. നാടകത്തിന്‍റെ പ്രേക്ഷകരാകട്ടെ ഒരിക്കലും നാടകം കാണാനായി പ്രത്യേകം തയ്യാറായി വന്നവരല്ല. എന്നാല്‍ നാടകാവതരണത്തോടെ പ്രേക്ഷകര്‍ നാടകത്തിന്‍റെ ഭാഗമായി മാറുന്നുണ്ട്. നാടകത്തിന്‍റെ ആദ്യ പ്രേക്ഷകരാകട്ടെ നാടകാവബോധം തെല്ലുമില്ലാതിരുന്ന എന്നാല്‍ ജീവിതാവബോധം ഏറെയുണ്ടിയിരുന്ന ആദിവാസികളായിരുന്നു. ഇത്തരത്തില്‍ പ്രേക്ഷക പങ്കാളിത്തത്തോടുകൂടിയ പരിസരാഭിനയം എന്ന തനതുനാടക സവിശേഷതയും നാടുഗദ്ദികയ്ക്ക് അവകാശപ്പെടാനാകും.
ഗീത നൃത്ത വാദ്യ സമ്മേളിതമായ തൗര്യത്രികത്തിന്‍റെ അധിക്യമുള്ള നാടകമാണ് നാടുഗദ്ദിക. അടിയോരുടെതായ ധാരാളം തനതു ഭാഷാഗാനങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ നാടകം
'ഏയ്....ഏ...ഓ വാവാ ഗാളിയേ വാ',
'ബല്ലാത്ത ഇരുടുബല്ലാത്ത ഇരുടു
ഒന്‍റു മു കണ്ടു മൂപാരാ
ഏയ്....ഓ.....ഏയ്....ഓ'
'തമ്പുരാന്‍ററേന്ന് നാബിത്തെടുത്തേ' എന്ന കാവല്‍പാട്ട്
'ഹൊലിയേ ഹൊലിയേ
ഹൊലിയേ ഹൊലിയേ
ബേഗനടീ എര്‍തേ ബേഗനടീ
നീര്‍കുടിപ്പലേ നേരിലാത്ത്' എന്ന ഒക്കല്‍പാട്ട് തുടങ്ങി നിരവധി പാട്ടുകള്‍ ഇതിന് ഉദാഹരണം. ഇവ കൂടാതെ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ പള്ളിമുറ്റത്ത് മുഴങ്ങികേള്‍ക്കുന്ന
'ഭാരതനാട്ടില്‍ തെക്കേക്കോണില്‍
കേരളമെന്നോരു ദേശത്ത്' എന്നു തുടങ്ങുന്ന ഗാനവും വിമോചന സമരഗാഥയില്‍ മുഴങ്ങിക്കേള്‍ക്കുന്ന
'മുപ്പത്തൊന്നില്‍ ജൂലൈമാസം
മുറ്റീമോദം നാടാകെ' എന്നാരംഭിക്കുന്ന ഗാനവും നാടുഗദ്ദികയിലെ ഗാനങ്ങളുടെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടുന്നു.
നാടകത്തില്‍ ആദിമധ്യാന്തം മുഴങ്ങികേള്‍ക്കുന്നത് തുടി, കുഴല്‍ എന്നീ തനത് സംഗീതോപകരണങ്ങളുടേതായ പ്രത്യേക താളമാണ്. 'രാത്രിയില്‍ അടിയാളപ്പുരയില്‍ ഉയര്‍ന്നുകേട്ട തുടിയൊച്ച അന്വേഷിച്ചിറങ്ങിയതില്‍ നിന്നാണ് നാടകരചനയ്ക്ക് തുടക്കം കുറിച്ചതെന്ന് കെ.ജെ. ബേബി വിശദീകരിക്കുന്നുണ്ട്. അടിയാളരെ സബന്ധിച്ച് 'തുടി' അവരുടെ ഗോത്രചിഹ്നം കൂടിയാണ്. 'നഷ്ടപ്പെട്ടുപോയ ഗോത്രബന്ധത്തിന്‍റെയും വര്‍ഗ്ഗബന്ധത്തിന്‍റെയും വേരുകള്‍ തപ്പിതടയുന്ന തുടി' എന്നാണ് ഈ വാദ്യോപകരണത്തെ നാടകകാരന്‍ വിശേഷിപ്പിക്കുന്നത്. നാടകാവസാനത്തില്‍ തമ്പുരാനെ അടിയാളര്‍ കനവുമലയിലേക്ക് കൊണ്ടുപോകുന്നതും വലിയ താള മേളങ്ങളുടെ അകമ്പടിയോടു കൂടിയാണ്. തനതുനാടകങ്ങളില്‍ കാണുന്ന സൂത്രധാരന് തുല്യനായ നാടുഗദ്ദികയിലെ കഥാപാത്രമാണ് ഗദ്ദികക്കാരന്‍. കോറസ്സിന്‍റെ അഭിനയത്തിനും ഈ നാടകം ഏറെ പ്രാധാന്യം കൊടുക്കുന്നു.
നാടുഗദ്ദികയിലുപയോഗിച്ചിരിക്കുന്ന ഭാഷ അടിയോരുടെ തനത് നാട്ടുഭാഷയാണ് എന്നതാണ് ഈ നാടകത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. സ്വന്തം ഭാഷയെ സ്നേഹിച്ചിരുന്ന ഒരു മുന്‍തലമുറ അടിയോര്‍ക്കുണ്ടായിരുന്നു എന്ന് ബേബി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവരുടെ തന്നെ 'തിറപ്പാട്ടി'ല്‍ കാര്‍ണോډാര്‍ മക്കള്‍ക്കു കൊടുക്കുന്ന ഉപദേശമുണ്ട്.
"എവുത്തച്ഛന്‍റ എവുത്ത് പഠിക്കാന്‍ നീ
പോകണ്ട, എവുത്തച്ഛന്‍ എവുത്തച്ഛന്‍
എവുത്ത് കോല്കൊണ്ട് തച്ച്
നിന്‍റെ ഭാഷ കെടുത്തികളയും"6 എന്ന ഉപദേശത്തില്‍ അവരുടെ ഭാഷാസ്നേഹം വ്യക്തമാകുന്നു. ഇതിലെ തമ്പുരാന്‍റെ ഭാഷ ആ നാട്ടിലെ ജډിവര്‍ഗ്ഗത്തിന്‍റെ തനതായ ഭാഷാശൈലിയിലുള്ളതാണ്. ഗദ്ദികക്കാരന്‍ ഉപയോഗിക്കുന്നതുമാത്രമാണ് ശരിക്കുള്ള മലയാളം. ഇതിലേ അടിമകളായ അടിയോര്‍ യാതൊരു അലങ്കാരങ്ങളും ചേര്‍ക്കാതെയുള്ള അവരുടെ സംസാരഭാഷയാണ് ഉപയോഗിക്കുന്നത്.
തെരുവ് നാടകത്തിന്‍റെ സവിശേഷതകള്‍ ഉപയോഗിച്ച് കേരളമൊട്ടാകെ അവതരിപ്പിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ നാടകമാണ് കെ.ജെ.ബേബിയുടെ നാടുഗദ്ദിക. എന്നാല്‍ ഇത്തരത്തില്‍ തനതുനാടക സവിശേഷതകള്‍ ഒത്തിണങ്ങിയ ഒരു നാടകം കൂടിയാണ് നാടുഗദ്ദിക എന്ന് നിസംശയം വിലയിരുത്താം.
കുറിപ്പുകള്‍
1. കെ.ജെ.ബേബി, 'നാടുഗദ്ദികയുടെ കാലം', (അഭിമുഖം), ജയന്‍ ശിവപുരം, ഭാഷാ
പോഷിണി, 2000 ഏപ്രില്‍, പുറം 154.
2. എല്‍.തോമസ്കുട്ടി, 'കീഴാളന്‍റെ നാടുഗദ്ദിക', ഭാഷാസാഹിതി 76, പുറം 72.
3. സി.ആര്‍. രാജഗോപാലന്‍, 'ആട്ടക്കോലങ്ങള്‍', പുറം 27.
4. എല്‍.തോമസ്കുട്ടി, 'മലയാളനാടകരംഗം പ്രമാണവും പ്രയോഗവും', പുറം 72.
5. എല്‍.തോമസ്കുട്ടി, 'കീഴാളന്‍റെ നാടുഗദ്ദിക', ഭാഷാസാഹിതി 76, പുറം 72.
6. കെ.ജെ.ബേബി, നാടുഗദ്ദിക, പുറം തത.
ഗ്രന്ഥസൂചി
1. തോമസ്കുട്ടി.എല്‍, മലയാള നാടകരംഗം പ്രമാണവും പ്രയോഗവും, ഇന്‍സൈ
റ്റ്, പബ്ലിക്കേഷന്‍, കോഴിക്കോട്, 2018.
2. ബേബി.കെ.ജെ, നാടുഗദ്ദിക, കറന്‍റ് ബുക്സ്, തൃശൂര്‍, 1977.
3. ഭാഷാസാഹിതി 76, മലയാള വിഭാഗം, കേരള സര്‍വകലാശാല, 1995
ഡിസംബര്‍.
4. രാജഗോപാലന്‍ സി.ആര്‍, ആട്ടക്കോലങ്ങള്‍, അന്താരാഷ്ട്രകേരള പഠനകേന്ദ്രം, കേരള സര്‍വകലാശാല.
അഖില എസ്.
ഗവേഷക മലയാള വിഭാഗം
യൂണിവേഴ്സിറ്റി കോളേജ്
തിരുവനന്തപുരം
Commentaires