top of page

തെക്കൻപാട്ടും ജാതിസംസ്കാരവും

ഡോ. ശ്രീലക്ഷ്മി എസ്.കെ
ഡോ. അമ്പിളി ആർ.പി


സംഗ്രഹം 

      വിവിധജനവിഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടു വിഭിന്നങ്ങളായ കൂട്ടായ്മകളിൽ നിലനിന്നിരുന്ന സംസ്കാരത്തെ നമുക്ക് നാടൻപാട്ടുകളിൽ  കണ്ടെടുക്കാനാകും. തെക്കൻപാട്ടുകൾ തെക്കൻജനതയുടെ സംസ്കാരത്തെ പുനർനിർമ്മിക്കുന്നതിനുള്ള അടിസ്ഥാനസ്രോതസ്സുകളാണ്. കോളനീകരണത്തിനുമുൻപുള്ള തെക്കൻ കേരളത്തിലെ ജാതിസംസ്കാരത്തെ അപഗ്രഥിക്കുകയാണ് ഈ പ്രബന്ധത്തിൽ. സങ്കീർണ്ണമായ ജാതിഘടന സജീവമായിരിക്കുമ്പോഴും സവർണജനത ആധിപത്യമനോഭാവം പുലർത്തുമ്പോഴും സഹകരണമനോഭാവത്തോടെ സാംസ്കാരികൈക്യം നിലനിർത്തി ഒരുമിച്ചുപുലർന്നിരുന്ന ഒരു സമൂഹം തെക്കൻദേശത്തുണ്ടായിരുന്നുവെന്ന് ഈ പഠനത്തിലൂടെ വ്യക്തമാകുന്നു.

 

താക്കോൽ വാക്കുകൾ: തെക്കൻ പാട്ടുകൾ, ജാതിസംസ്കാരം, ജാതിവ്യവസ്ഥ, ചാതുർവർണ്ണ്യവ്യവസ്ഥ

                                      

 

     മനുഷ്യൻ ഒരു സമൂഹജീവിയാണ്. അതുകൊണ്ടു തന്നെ മനുഷ്യരെ പരസ്പരം ബന്ധിച്ചുനിർത്തുന്ന സാമുഹികഘടകങ്ങൾ ഏതുദേശത്തും ഉണ്ടാകും. മനുഷ്യനെ വ്യത്യസ്തവിഭാഗങ്ങളായി വേർതിരിക്കുന്ന ഒരു സാമൂഹികസംവിധാനമാണ് ജാതി.” വംശീയവിവാഹബന്ധം, ജൻമനായുള്ള അംഗത്വം, വ്യതിരിക്തജീവിതശൈലി, പരമ്പരാഗതൊഴിൽരീതികൾ, അനുഷ്ഠാനസ്വഭാവത്തിൽ ശ്രേണീകരിക്കപ്പെട്ട സാമൂഹ്യവ്യവസ്ഥയിലെ പ്രത്യേകസ്ഥാനം എന്നീ സ്വഭാവഗുണങ്ങളുള്ള സവിശേഷമായ പേരുകൊണ്ടറിയപ്പെട്ട ചെറുസംഘങ്ങളാണ് ജാതികൾ എന്ന് ആന്ദ്രെബെറ്റി ജാതിയെ നിർവചിച്ചിട്ടുണ്ട്.”1. കേരളത്തിലെ ജാതിവ്യവസ്ഥയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കവും, തൊഴിൽപരവും വർഗ്ഗപരവുമായ വൈവിധ്യവുമുണ്ട്. ഒരേധർമ്മത്തോടു കൂടിയ വ്യക്തികളുടെ സമൂഹമാണ് ജാതി.2. നമ്മുടെ സാമൂഹ്യസാഹചര്യത്തിലെ സവിശേഷ കൂട്ടായ്മയാണവ. മതാധിഷ്ഠിതമല്ലാത്ത ദ്രാവിഡാചാരങ്ങൾ പിന്തുടർന്നുപോന്നിരുന്ന ഒരു സമൂഹമായിരുന്നു തെക്കൻകേരളത്തിലുണ്ടായിരുന്നത്. ആര്യൻമാരുടെ കടന്നുവരവും ആര്യാധിനിവേശവും വ്യത്യസ്തമായൊരു മതസംസ്കാരം ഇവിടെ പിറവിയെടുക്കുന്നതിനു കാരണമായി.

 

    ജാതിവ്യവസ്ഥയും ജാതിസമ്പ്രദായവും നിലവിൽ വരുന്നത് സംഘകാലത്തിനു ശേഷമാണ്. പൂർവ്വികരുടെ മതം സമൂഹമായിരുന്നു. ആ മതത്തിനുള്ളിലേക്ക് ചാതുർവർണ്യത്തിന്റെ കടന്നുവരവ് ആര്യാധിനിവേശത്തിലൂടെ സംജാതമായി. ഉച്ചനീചത്വഭാവത്തോടെ ജാതികളും ഉപജാതികളും സംസൃഷ്ടമായപ്പോൾ ദ്രാവിഡൻ എന്ന സമൂഹവും, കൊറ്റവൈ എന്ന ഏക ദൈവവും പിൻതള്ളപ്പെട്ടു. ജാതിവ്യവസ്ഥ ബ്രാഹ്മണന്റെ സൃഷ്ടിയാണെന്ന വാദങ്ങളും എതിർവാദങ്ങളും ഏറെയുണ്ടായി. ‘ജാതിനിർണ്ണയ‘പ്രകാരം കേരളത്തിൽ ജാതികൾ അറുപത്തിനാല് -ബ്രാഹ്മണർ എട്ട്, ന്യൂനവർഗ്ഗം രണ്ട്, അന്തരാളജാതി പന്ത്രണ്ട്, ശൂദ്രർ പതിനെട്ട്, ശില്പി ആറ്, പതിതർ  പത്ത്, താണജാതി എട്ട് എന്നിങ്ങനെ. എന്നാൽ സംഘകാലം തരുന്ന ജാതിസമൂഹത്തിന്റെ ചിത്രം വ്യത്യസ്തമാണ്. സംഘകാലഘട്ടത്തിൽ ഭൂമിശാസ്ത്രപരമായ പ്രത്യേകതയെ അടിസ്ഥാനമാക്കിയാണ് തൊഴിലും  ജാതിയും വിഭജിച്ചിരുന്നത്. ക്രമേണ ഓരോ ജാതിക്കും ഓരോ തൊഴിലെന്ന വിഭാഗം കല്പിക്കുകയും അതിലെ ഉച്ചനീചത്വങ്ങൾ അടിസ്ഥാനമാക്കി അയിത്തം ഉടലെടുക്കുകയും ചെയ്തു.

 

    ഒരു സാഹിത്യരൂപത്തിന്റെ പ്രസക്തി നിർണ്ണയിക്കുന്നത് അത് നിലനിന്നതോ നിലനിൽക്കുന്നതോ ആയ സമൂഹവും, ആ സമൂഹത്തിൽ അതനുഷ്ഠിക്കുന്ന ധർമ്മങ്ങളുമാണ്. ഏതു സാഹിത്യത്തെയുംപോലെ തെക്കൻപാട്ടുകളും അവ ജനിച്ച ഭൂമികയെ പുനർനിർമ്മിക്കുന്നു. പാട്ടും സമൂഹവും തമ്മിൽ പുലർത്തുന്ന ബന്ധത്തിൽ നിന്നും ഒരു സാമൂഹികക്രമം പടുത്തുയർത്താനാകും. സമൂഹോപരിതലത്തിൽ മാത്രം ഒതുങ്ങുന്നവയല്ല തെക്കൻപാട്ടുകൾ. വ്യത്യസ്ത ജാതിസംസ്കാരങ്ങൾ,പ്രാദേശികചരിത്രം, സമുദായചരിത്രം, പ്രാദേശികഭേദങ്ങൾ, സമുദായനിയമങ്ങൾ, ജീവിതശൈലി എന്നിങ്ങനെ വ്യത്യസ്തഘടകങ്ങൾ ഈ പാട്ടുകൃതികളിൽ ഉൾച്ചേർന്നിട്ടുണ്ട്. തെക്കൻപാട്ടിൽ വൈവിധ്യമാർന്ന ജാതിസമൂഹങ്ങളെക്കുറിച്ചുള്ള വർണ്ണനകളുണ്ട്. അയിത്തവും അനാചാരവും ഉൾക്കൊള്ളുന്ന ഹൈന്ദവജാതീയവിശ്വാസത്തിന്റെ പൂർണ്ണരൂപം ഈ കൃതികളിൽ കണ്ടെത്താനാകും. തെക്കൻദേശത്തെ ഹൈന്ദവസമൂഹം ജാതികളും ഉപജാതികളുമായി വിഭജിക്കപ്പെട്ടിരുന്നു. സവർണ - അവർണഭേദവും ശക്തമായിരുന്നു. ജാതീയമായ അസമത്വങ്ങൾ സമൂഹത്തിൽ നിലനിന്നിരുന്നു. ജാതിക്കനുസരിച്ചുള്ള തൊഴിൽ വിഭജനക്രമമായിരുന്നു നിലവിലുണ്ടായിരുന്നത്.

 

  ചാതുർവർണ്യക്രമമനുസരിച്ചുള്ള ജാതിവിഭജനപ്രകാരം ഏറ്റവും ശ്രേഷ്ഠനും വിരാട്പുരുഷന്റെ വദനത്തിൽനിന്നു ജനിച്ചവനുമാണ് ബ്രാഹ്മണൻ. തെക്കൻപാട്ടു ‘കൃതികളിലും ബ്രാഹ്മണമതത്തെ ശ്രേഷ്ഠമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഈശ്വരന് തൊട്ടടുത്ത ആൾ എന്നർത്ഥത്തിൽ ക്ഷേത്രപൂജാരിയായി, മന്ത്രതന്ത്രാദികൾ കൈകാര്യം ചെയ്യുന്നവനായി ബ്രാഹ്മണൻ അംഗീകരിക്കപ്പെടുന്നു. പട്ടൻ, വേതിയോൻ, നമ്പി എന്നിങ്ങനെ വ്യത്യസ്തനാമങ്ങളിലാണ് ഈ ജാതിയെ സൂചിപ്പിച്ചിരിക്കുന്നത്. നീലികഥ, പൊന്നിറത്താൾ കഥ, ചാമുണ്ഡി കഥ, മാരിയാടുംപെരുമാൾകഥ, പുതുവാതപ്പാട്ട് തുടങ്ങിയ തെക്കൻപാട്ട് കൃതികളിൽ ബ്രാഹ്മണരെക്കുറിച്ചുള്ള സൂചനകൾ കാണാം.

 

   നീലികഥയിലും പൊന്നിറത്താൾകഥയിലും  ക്ഷേത്രപൂജാരിമാരിമാരായിട്ടാണ് നമ്പൂതിരിമാർ കടന്നുവരുന്നത്. എന്നാൽ അവർ നിഷ്ഠൂരന്മാരാണ്. നീലികഥയിൽ കല്ലുകൊണ്ട് ദേവദാസിയുടെ തലതച്ചുടയ്ക്കുന്നത് അവളുടെ കാമുകൻകൂടിയായ ക്ഷേത്രപൂജാരിയാണ്. പൊന്നിറത്താൾകഥയിൽ കള്ളൻമാർക്ക് നിധി എടുക്കാൻ ബലി നൽകുന്നതിന് ഗർഭിണിയായ പൊന്നിറത്താളിനെ കാണിച്ചുകൊടുക്കുന്നത് അവളെ സുരക്ഷിതമായി വീട്ടിലെത്തിക്കാമെന്ന് വാക്കുകൊടുത്ത ബ്രാഹ്മണനാണ്. 'മറകുലത്തിൽ പുറന്തവൻപോൽ ‘മറയോൻമാർ പെരുമാറിയത് സ്വാർത്ഥലാഭത്തിനു വേണ്ടിയാണ്. തൊഴിലനുസരിച്ചുള്ള ജാതിവിഭജനമാണ് നിലനിന്നിരുന്നതെങ്കിലും നീലികഥയിലെ ബ്രാഹ്മണൻ ദേവദാസിയെ ചതിച്ചുസ്വന്തമാക്കിയ ആഭരണങ്ങളുമായി പോകുന്നത് വാണിജ്യാവശ്യത്തിന് കപ്പൽ വാങ്ങാനാണ്.

 

             “”കാശിക്കു പോയ് വിട്ടു വാശിക്കുവാങ്കലാം

                കപ്പലുംവൈത്തിലാം…”3

                   

         എന്നു പറയുന്നതിൽനിന്നു കച്ചവടം അവർക്കും അന്യമല്ല എന്നു മനസ്സിലാക്കാം. അതോടൊപ്പം ക്ഷേത്രപൂജാരിയും ദേവദാസിയും തമ്മിലുള്ള സമ്പർക്കം അന്നത്തെ സമൂഹത്തിന് സുപരിചിതമായിരുന്നുവെന്നും വ്യക്തമാണ്.

 

        ചാമുണ്ഡികഥയിൽ ‘മധുരയിലെ ബ്രാഹ്മണത്തെരുവുകളെ കുറിച്ചുള്ള പരാമർശമുണ്ട്. ‘പുതുമാതപ്പാട്ടിൽ‘ കേരളവർമ്മയുടെ പാചകക്കാരനായും കാര്യവിചാരിപ്പുകാരൻ എന്ന നിലയിലും പട്ടൻമാർ കടന്നുവരുന്നുണ്ട്. നേർച്ചയുടെ ഭാഗമായും ഉദ്ദിഷ്ടകാര്യപ്രാപ്തിക്കായും ബ്രാഹ്മണർക്ക് അന്നദാനം നൽകി ആദരിക്കുന്ന ഒരു ജനതയുടെ ചിത്രം ‘ഉലകുടെപെരുമാൾപാട്ടിൽ ‘ കാണാം.

 

          ചാതുർവർണ്ണ്യവ്യവസ്ഥയിൽ ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും ഭൃത്യൻമാരായി അവരോധിക്കപ്പെട്ടിട്ടുള്ളത് നായർവിഭാഗത്തെയാണ്. നമ്പൂതിരിമാരെപ്പോലെ നായൻമാർക്കും സമൂഹത്തിൽ ഉന്നതസ്ഥാനം  ഉണ്ടായിരുന്നുവെന്ന് പാട്ടുകൃതികളിൽ നിന്നും മനസ്സിലാക്കാം. നായൻമാരെ പ്രബലജാതികളായി അവതരിപ്പിക്കുന്ന മൂന്നു കൃതികളാണുള്ളത്. ഇരവിക്കുട്ടിപ്പിള്ളപ്പോര്, വലിയതമ്പി കുഞ്ചുതമ്പികഥ, മൂവോട്ടുമല്ലൻകഥ എന്നിവ. ഇരവിക്കുട്ടിപ്പിള്ളപ്പോരിൽ ഇരവിയുടെ വളർത്തുപുത്രനായി കാളിനായർ എന്നൊരു വ്യക്തിയെ പരാമർശിക്കുന്നുണ്ട്. ചക്കാലനായർ വിഭാഗത്തിൽപ്പെടുന്നയാളാണ് കാളിനായർ എന്നു പാട്ടുകൃതിയിൽ സൂചിപ്പിക്കുന്നുണ്ട്.

 

       വലിയതമ്പികുഞ്ചുതമ്പികഥയിൽ തമ്പിമാർ നായർവംശജരാണ്. ’ തമ്പി’ എന്നതിന് തിരുവിതാംകൂർരാജാവിന്റെ മകൻ അല്ലെങ്കിൽ ഒരു സ്ഥാനപ്പേര് എന്നാണ് ശബ്ദതാരാവലിയിൽ കാണുന്നത്4. ഇരവിക്കുട്ടിപ്പിള്ളയും നായർവംശജൻ തന്നെ. ശൂദ്രനു നൽകുന്ന സ്ഥാനപ്പേരാണ് പിള്ള എന്നത്. നായൻമാർ നാലുതരമുണ്ട് - ഇല്ലം, കിരിയം, തൊരുവം, പാതമംഗലം5. മാർത്താണ്ഡവർമ്മ ക്ഷത്രിയ കുലവംശജനാണ്. അതിനാലാണ് ജാതിദ്യോതകമായി ‘വർമ്മ‘ ചേർത്തിരിക്കുന്നത്. എന്നാൽ വലിയതമ്പികുഞ്ചുതമ്പി കഥയിൽ തമ്പിമാരുടെ സഹോദരിക്ക് പട്ടും കച്ചയും നൽകാനുള്ള മാർത്താണ്ഡവർമ്മ യുടെ ആഗ്രഹത്തെ തമ്പിമാർ എതിർക്കുന്നത് ഇല്ലക്കാരും സ്വരൂപക്കാരും തമ്മിലുള്ള വിവാഹം നിഷിദ്ധമായതിനാലാണ്. ഇല്ലക്കാരുടെ സ്ത്രീകളും സ്വരൂപക്കാരായ പുരുഷൻമാരും തമ്മിൽ വിവാഹം സാധ്യമല്ല എന്നുവരുമ്പോൾ തമ്പിമാർ ഇല്ലക്കാരും മാർത്താണ്ഡവർമ്മ സ്വരൂപക്കാരനും ആണെന്നു വരുന്നു. മാർത്താണ്ഡവർമ്മയെ ക്ഷത്രിയകുലജാതനെന്ന നിലയിൽ തമ്പിമാർ പരിഗണിക്കുന്നില്ല എന്ന് പാട്ടുകൃതിയിൽ നിന്ന് വ്യക്തമാണ്.

 

      ‘മൂവോട്ടുമല്ലൻകഥയി’ലെ പ്രധാന കഥാപാത്രങ്ങളായ അയിക്കര ചേരിക്കുറുപ്പും ആലച്ചേരിക്കുറുപ്പും നായർവിഭാഗത്തിന്റെ പ്രതിനിധികളാണ്. കുറുപ്പ്, പിള്ള,തമ്പി എന്നിവ നായൻമാർക്ക് നൽകുന്ന സ്ഥാനപ്പേരുകളാണ്. ഇതിലെ കുറുപ്പൻമാർ മരുമക്കത്തായമാണ് പിന്തുടർന്നിരുന്നത്. കൃഷിയായിരുന്നു ഉപജീവനമാർഗ്ഗം, അമ്മയ്ക്കായിരുന്നു മുഖ്യസ്ഥാനവും.

 

         തെക്കൻപാട്ടുകളിൽ അവിഭാജ്യഘടകമായി കടന്നുവരുന്നവരാണ് ചോതിരി അഥവാ ജ്യോതിഷി. ജ്യോതിഷി എന്ന പദത്തിന്റെ നാടൻരൂപമാണ് ചോതിരി. ജ്യോതിഷം എന്നത് പ്രത്യേകജാതിക്കാരിൽ നിക്ഷിപ്തമായിരുന്നതിന്റെ സൂചനകൾ ഇപ്രകാരം തെക്കൻപാട്ടുകളിൽ കാണാം. ’കണിയാൻ‘ ജാതിക്കാരാണ് കവടിനിരത്തി പ്രശ്നം പറയുകയും ജാതകംകുറിക്കുകയും ചെയ്യുന്ന പ്രവൃത്തി കുലവൃത്തിയായി സ്വീകരിച്ചിരുന്നത്.  ജീവിതവുമായി ബന്ധപ്പെട്ട ഏതവസരത്തിലും മാർഗ്ഗദർശികളായി ഇവർ കടന്നുവരുന്നുണ്ട്. ജ്യോതിഷിമാരുടെ വാക്കുകൾക്ക് രാജകൊട്ടാരങ്ങളിലും ഏറെ വിലകൽപ്പിച്ചിരുന്നു. ഇവർ ഗണിച്ചുപറയുന്ന കാര്യങ്ങൾ സത്യമായി ഭവിക്കുന്നതിന്റെ തെളിവുകൾ തെക്കൻപാട്ടുകഥകളിൽ ധാരാളമുണ്ട്.

 

    ചോതിരി കണിയാൻ ജാതിയാണെന്ന സൂചന നൽകുന്ന കൃതിയാണ് ‘മൂവോട്ടുമല്ലൻകഥ’.

                               “കൊച്ചുകണ്ണൻ കണിയാരും

                                 നൽത്തിവസം ചൊല്ലുവാനാം” 6

 

       പൊന്നിറത്താളിന്റെയും രണശൂരന്റെയും ജാതകങ്ങൾ പൊരുത്തംനോക്കി ദീർഘനാൾ വാഴില്ലെന്ന് പ്രവചിക്കുന്നതും (പൊന്നിറത്താൾ കഥ), കൊച്ചുമണിത്തങ്കയുടെ ജനനം തമ്പിമാരുടെ മരണത്തിനു കാരണമാകും (വലിയതമ്പി കുഞ്ചുതമ്പി കഥ) ചോളരാജ്ഞി പ്രസവിക്കുന്ന കുഞ്ഞുങ്ങൾ രാജ്യം നശിപ്പിക്കും (നീലികഥ )എന്നീ പ്രവചനങ്ങളും സത്യമായി ഭവിക്കുന്നുണ്ട്. ജ്യോതിഷിമാരുടെ പ്രവചനങ്ങൾ ഫലിക്കും എന്ന വിശ്വാസം അന്നേ രൂഡമൂലമായിരുന്നു. 

 

   ശുദ്രവിഭാഗത്തിലുൾപ്പെടുന്നവരും വ്യാപാരം തൊഴിൽമേഖലയാക്കിയവരുമായ ‘ചെട്ടികൾ‘ തെക്കൻപാട്ടുകളിൽ ധാരാളമായി കടന്നുവരുന്നുണ്ട്. കച്ചവടക്കാരൻ എന്നർത്ഥത്തിൽ വണികേശൻ, പണികേശൻ എന്നിങ്ങനെ ‘നീലികഥ‘യിൽ പ്രയോഗിച്ചു കാണുന്നു. വെങ്കലം വിൽക്കുന്ന ചെട്ടികളെയും മറ്റു വ്യാപാരങ്ങൾ നടത്തുന്ന ചെട്ടികളെയും കുറിച്ചുള്ള പരാമർശം ‘ഉലകുടെപെരുമാൾപാട്ടിൽ‘ കാണുന്നുണ്ട്. ചെട്ടിത്തെരുവുകൾ നിലനിന്നിരുന്നതായി ചാമുണ്ഡികഥയിലും പൊന്നിറത്താൾ കഥയിലും പറയുന്നുമുണ്ട്.

 

     ആടുമേയ്ക്കൽ കുലത്തൊഴിലായി സ്വീകരിച്ച ജാതിയാണ് ഇടയർ. നീലികഥയിൽ ഇടയരെ ‘കോനാർ‘ എന്നും ‘’കൂലിയർ’ എന്നും പരാമർശിച്ചുകാണുന്നു. ഇടയരെക്കുറിച്ചുള്ള പരാമർശം ‘മാരിയാടുംപെരുമാളി’ലുമുണ്ട്. ഇടയൻമാരുടെ സ്ത്രീകൾ /  ഇടച്ചികൾ അങ്ങാടിയിൽ ആടിന്റെയും എരുമയുടെയും പാലും നെയ്യും വിൽക്കുന്ന ദൃശ്യം’ ഉലകുടെ പെരുമാൾപാട്ടി’ലുണ്ട്.

 

                  “ആവിനുടൻ പാലുന്തയിരും

                    ആട്ടെരുമൈ പാലുടനേ നെയ്യും

                    അറുത്തിരുക്കിറയിടച്ചികൾ ചടൈത്തലൈ” 7

 

 ശില്പജാതികളിലുൾപ്പെട്ട ഐങ്കുടികമ്മാളരെക്കുറിച്ചുള്ള പരാമർശം തെക്കൻപാട്ടുകളിലുണ്ട്. സ്വർണ്ണപ്പണിക്കാരനെന്നർത്ഥത്തിൽ തട്ടാൻജാതി പാട്ടുകഥകളിൽ കടന്നുവരുന്നുണ്ട്. നീലികഥയിലും വലിയതമ്പികുഞ്ചുതമ്പികഥയിലും തന്റെ സന്താനങ്ങൾക്ക് ഇരുപത്തിയെട്ട് കെട്ടുന്നതിനുള്ള സ്വർണ്ണം പണിയിക്കാൻ തട്ടാനെ വരുത്തുന്നുണ്ട്. ശില്പനിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചവരാണ് ആശാരിമാർ അഥവാ തച്ചൻമാർ. കുലത്തൊഴിലിന്റെ അടിസ്ഥാനത്തിൽതന്നെ ഇവർ തെക്കൻപാട്ടുകഥകളിൽ കടന്നുവരുന്നു. ഉലകുടെപെരുമാൾകഥയിൽ പെരുമാളിന് ആയുധാഭ്യാസം പഠിക്കാൻ ഇലങ്കപ്പുര പണിയുന്നതും ഓടംപണിയാൻ മേൽനോട്ടം വഹിക്കുന്നതും തച്ചനാണ്. പുതുവാതപ്പാട്ടിലും കേരളവർമ്മയ്ക്ക് ആയുധാഭ്യാസത്തിന് ഇലങ്കം പണിയുന്നത് തച്ചനാണ്. മഴു, ഉളി, മുഴക്കോൽ, വാച്ചുറ്റളം തുടങ്ങിയ പണിസാധനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് തച്ചന്മാർ മേൽനോട്ടം നൽകിയ കഥകൾ ഈ കൃതികളിൽ കാണാം.

 

          മൺപാത്രനിർമ്മാണം കുലവൃത്തിയായി സ്വീകരിച്ച ജാതിയാണ് കുശവർ. ആ അർത്ഥത്തിൽതന്നെ കുശവൻ എന്ന പദം ഉലകുടെപെരുമാളിൽ കടന്നുവരുന്നുണ്ട്. കൂനയും പാനയും മെനഞ്ഞെടുക്കുന്ന കുശവരെക്കുറിച്ച് പെരുമാൾകഥയിൽ പറയുന്നു. നാടൻ വിശ്വാസവുമായി ബന്ധപ്പെട്ടാണ് ‘നീലികഥ‘ യിലും ‘മൂവോട്ടുമല്ലൻകഥ’യിലും കുശവൻ വരുന്നത്. കുശവനോ കുശത്തിയോ എതിരെ വരുന്നത് ദുഃസൂചകമായി കരുതി പോന്നിരുന്നു. വ്യാപാരാവശ്യത്തിനായി ഇറങ്ങുന്ന ആനന്ദന് മുന്നിലേക്ക് ഒരു കുശവത്തി എതിര് വരുന്നു. കൃഷിക്കായി ഇറങ്ങുന്ന കുറുപ്പന്മാരുടെ എതിരെയും ഒരു കുശവൻ  വരുന്നുണ്ട്. നീലികഥയിൽ അത് ആനന്ദന്റെ മരണത്തിൽ കലാശിച്ചപ്പോൾ, മൂവോട്ടുമല്ലനിൽ കൃഷിക്കളം രക്തക്കളമായി പരിണമിക്കുന്നതിന് അത് കാരണമാകുന്നു.

 

     ‘ചക്കിലിയൻ’ അഥവാ ചെമ്മാൻ എന്നത് ചെരുപ്പ് തുന്നൽ കുലവൃത്തിയായി സ്വീകരിച്ച ജാതിയാണ്. സ്ത്രീനാമം ചക്കളത്തി എന്ന് ‘നീലകഥ’യിൽ പരാമർശിച്ചിരിക്കുന്നു. ’പൊന്നിറത്താൾകഥ‘ യിൽ പൊന്നിറത്തെ വധിക്കാൻ വരുന്ന കള്ളന്മാരിൽ ഏഴുപേർ ചക്കിലിയജാതിക്കാരാണ്. പെരുമാൾകഥയിൽ ‘ചെമ്മാര്’ എന്നാണ് ചെരുപ്പുകുത്തിയ വിശേഷിപ്പിച്ചിരിക്കുന്നത്.

 

        കള്ളുചെത്ത് കുലവൃത്തിയായി സ്വീകരിച്ചിട്ടുള്ള ഹിന്ദുവർഗ്ഗജാതിയാണ്  ഈഴവർ.

കുലത്തൊഴിലിന്റെ അടിസ്ഥാനത്തിൽ ഈഴവജാതി  കടന്നുവരുന്നു. മുവോട്ടുമല്ലനിൽ ദേവതമാരെ ബന്ധിക്കാൻ വരുന്ന മന്ത്രവാദിയായ കുഞ്ചുമാതൻവേലൻ കള്ളരക്കു കുടിക്കാനായി ചക്കി എന്ന ഈഴത്തിയുടെ സമീപം എത്തുന്ന ദൃശ്യം കാണാം.

      

                             “ ചക്കിയെന്ന ഈഴത്തിയുട

                              വീടതിലെ ചെല്ലുതാരം” 8

 

                    ഇങ്ങനെ പറഞ്ഞിരിക്കുന്നതിൽനിന്നും കള്ള് ചെത്തുമായി ബന്ധപ്പെട്ട മേഖലയിലാണ് അവർ പ്രവർത്തിച്ചിരുന്നതെന്ന് കാണാം.  ‘തെറ്റിക്കോട്ട്കാവഴിച്ച പാട്ട് ‘ എന്ന കൃതിയിൽ നിധിയെടുക്കാൻ മന്ത്രവാദം ചെയ്യാൻവരുന്നത് മായിറ്റി ഈഴവൻ എന്ന മന്ത്രവാദിയാണ്. ഇവിടെ ഈഴവൻ പേരാണോ ജാതിസൂചകമാണോ എന്ന് വ്യക്തമല്ല.

 

   ചാതുർവർണ്യക്രമത്തിൽ ബ്രാഹ്മണർക്ക് തൊട്ടുതാഴെ സ്ഥാനം നിർണയിക്കപ്പെട്ടവരാണ് ക്ഷത്രിയർ. രാജ്യാധികാരം ക്ഷത്രിയരുടെ കൈകളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ക്ഷത്രിയവംശപരാമർശമുള്ള അഞ്ച് കൃതികൾ തെക്കൻപാട്ടിലുണ്ട്. ഇതിൽ കേരളവർമ്മയുടെ കഥ, പുതുവാതപ്പാട്ട്, വലിയ തമ്പി കുഞ്ചുതമ്പികഥ എന്നിവയിലെ പ്രമേയം വേണാട് രാജവംശവുമായി ബന്ധപ്പെട്ടാണ്.മാരിയാടുംപെരുമാൾകഥയിലും ഉലകുടെപെരുമാൾ കഥയിലും പാണ്ഡ്യരാജവംശ കഥയാണ് മുഖ്യപ്രമേയം           ദക്ഷിണേന്ത്യയിലെ പൂർവ്വനിവാസികളും ക്രൂരന്മാരും നിഷ്ഠൂരന്മാരും കൊള്ളക്കാരും ഉൾപ്പെടുന്ന ജാതിസമൂഹമായിരുന്നു മറവർ. അത്തരം ഒരു പരിവേഷത്തോടെയാണ് ഇരവിക്കുട്ടിപിള്ളപ്പോരിൽ മറവർ കടന്നുവരുന്നത്. കൊള്ളയും മോഷണവും കൈമുതലാക്കിയ ജനസമൂഹമായിരുന്നു മറവർ എന്നതിന്റെ സൂചനകൾ ഇരവിക്കുട്ടി പ്പിള്ളപ്പോരിൽ കാണാം.

 

        പള്ളനും പറയരും തീണ്ടാജാതിക്കാരായി കരുതപ്പെട്ടിരുന്നു. ഇരവിക്കുട്ടിപ്പിള്ളപ്പോരിൽ തീണ്ടാജാതിക്കാരായ പളളരും പറയരും ഇരവിയുടെ ശിരസിനെ തൊട്ടു എന്നോർത്ത് ഇരവിയുടെ മാതാവ് വിലപിക്കുന്നു. മൂവോട്ടുമല്ലൻകഥയിലും ഇവർ തീണ്ടാജാതിക്കാർ തന്നെ. മന്ത്രവാദത്തിന് ആവശ്യമായ ദേവതമാരെ നൽകുന്നതും മന്ത്രവാദം നടത്തുന്നതും പറയൻമാരാണ്. അവർ കൊടുത്ത ദേവതമാരെ മുഖ്യകഥാപാത്രങ്ങളായ കുറുപ്പന്മാർ വാങ്ങുന്നുണ്ടെങ്കിലും പറയർ നൽകുന്ന അവലും പാളയും തേങ്ങയും അവർ കൈയേറ്റു വാങ്ങുന്നില്ല. മാത്രമല്ല അവരെ സ്പർശിച്ചുവന്നതിനാൽ മുങ്ങികുളിച്ചു മാത്രമേ വീടിനുള്ളിൽ പ്രവേശിക്കുന്നുള്ളൂ. എന്നാൽ അത്ഭുതമുള്ള ദേവതമാർ പള്ളരുടെയും പറയരുടെയും സ്വന്തമാണ്. പൊന്നിറത്താൾകഥയിൽ കരുമ്പറയരെയും ചെമ്പറയരെയും കുറിച്ച് പറയുന്നുണ്ട്. പറയസമൂഹത്തിലെ തന്നെ ഓരോ വിഭാഗമാണത്.        കേരളത്തിൽ നിലനിന്നിരുന്ന പ്രാകൃതാചാരങ്ങളാണ് പുലപ്പേടിയും മണ്ണാപ്പേടിയും. ഇവ  കഥാസൂചകമായി വരുന്ന തെക്കൻപാട്ട്കൃതിയാണ് ‘വലിയകേശികഥ ‘. മണ്ണാനും പുലയനും എല്ലാം തീണ്ടാജാതിക്കാരായിരുന്ന സാമൂഹികപരിതസ്ഥിതിയാണ് ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നതെന്ന് ഈ കൃതിയിൽനിന്ന് മനസ്സിലാക്കാം. എന്നാൽ ആ പരിതസ്ഥിതി നിലവിലിരിക്കെത്തന്നെ സമർത്ഥരായ ആയുധാഭ്യാസികളായ ഗുരുക്കന്മാർ പുലയർക്കിടയിൽ ഉണ്ടായിരുന്നുവെന്നും ഈ കൃതി തെളിവുനൽകുന്നു. വസ്ത്രം അലക്കൽ കുലത്തൊഴിലായി സ്വീകരിച്ച ജാതിയാണ് മണ്ണാൻ സമുദായം. ആ അർത്ഥത്തിൽ തന്നെ ഉലകുടപെരുമാൾ പാട്ടിൽ മണ്ണാൻ ജാതി കടന്നുവരുന്നു.

       നമ്പൂതിരിമാർക്കൊപ്പം മാന്ത്രികപാരമ്പര്യം അവകാശപ്പെടാവുന്ന ജാതികളിൽ ഒന്നായിരുന്നു  വേലൻസമുദായം. വേലൻമാരെ മന്ത്ര തന്ത്രവിദ്യകളിൽ നിപുണൻമാരായ ജനവിഭാഗമായിട്ടാണ് തെക്കൻപാട്ടുകളിലും ചിത്രീകരിച്ചിരിക്കുന്നത്. പൊന്നിറത്താൾ കഥയിലും മൂവോട്ടുമല്ലൻകഥയിലും ബാധകളെ ഒഴിപ്പിക്കുന്നതിന് വേലന്മാരെയാണ് നിയോഗിക്കുന്നത്.     മുക്കുവത്തെരുവുകൾ നിലനിന്നിരുന്നതായി പൊന്നിറത്താൾകഥയിൽ സൂചനകളുണ്ട്. ഉലകുടെപെരുമാൾപാട്ട് കഥയിൽ കടലിലെ ശത്രുക്കളായി കാട്ടുമുക്കുവർ ഉണ്ടെന്നു പറയുന്നു. അതോടൊപ്പം മുക്കുവർ കരുവാട് വിറ്റ് ഉപജീവനം നടത്തുന്നവരാണെന്നും സൂചിപ്പിക്കുന്നു.

  

                       ‘ കരുവാട് വിക്കിന്റ മുക്കുവർ ചോണകൾ ‘ 9

 

    ഏറ്റവും കൂടുതൽ ജാതികളെ പരാമർശിക്കുന്ന തെക്കൻപാട്ട് കൃതികളാണ് മാരിയാടുംപെരുമാൾകഥയും ഉലകുടെപെരുമാൾകഥയും. ‘മാരിയാടുംപെരുമാൾകഥ’യിൽ മാരിയാടുംപെരുമാളും തമ്പുരാൻ കുട്ടിറാവുത്തരും തമ്മിലുള്ള പോര് കാണുന്നതിന്  വ്യത്യസ്ത ജാതിയിൽപ്പെട്ട ജനങ്ങളാണ് തടിച്ചു കൂടിയത്. മറവർ, ചാന്നാർ, വടുവർ, തുലുക്കർ, ഇടയർ, തെലുങ്കർ, ഉറകാറർ, പാണ്ടിയർ, തച്ചർ, ഓച്ചർ, ചലിപ്പർ, കൊങ്ങിണി, ഈഴവർ, നാശിയർ, കവിറേൻ, മാരായൻമാർ, നായർ, മുക്കുവർ, വാണിയർ, വണ്ണാൻ, കരവാണിയർ, ഒട്ടിയർ, പട്ടൻ, കുലവാണിയർ, ഊരാകൊല്ലികൾ, പരവർ, ചീനർ, പണിക്കൻമാർ, കുറവർ, ചാലിയർ, മരക്കാൻമാർ, മാകുത്തൻ, വെള്ളാളർ, മുച്ചോനവർ, കുളുവർ, കൊല്ലർ, പറങ്കികൾ, ചിങ്കളവൻ, വെങ്കുറവൻ എന്നിങ്ങനെ നാനാജാതികൾ അവിടെയെത്തിയതായി മാരിയാടുംപെരുമാൾ കഥയിൽ പറഞ്ഞിരിക്കുന്നു.

 

 ഉലകുടെപെരുമാൾപ്പാട്ടുകഥയിൽ പെരുമാൾ പോരിനായി പുറപ്പെടുമ്പോൾ അകമ്പടിയായി ആന, കുതിര, കാലാൾപ്പട എന്നിവയോടൊപ്പം ‘പേർ ചൊൽവതല്ലാത്ത ജാതിപേതങ്കളും’ പെരുമ്പടയോടൊപ്പം പാളയത്തിലേയ്ക്ക് പോകുന്നുണ്ട്.  ചിങ്കളർ, വങ്കളർ, ചീനർ, തുലുക്കർ, ചെമ്മാർ, പട്ടാണി, കൊങ്കിണി, നാടാടുകൾ ( നാടാർ ), ഒട്ടർ, പട്ടർ, വണ്ണാൻ, പാണൻ, വേട്ടുവർ, കാട്ടാളർ, വാണിയർ, മുക്കുവർ, ഇടയർ, മറവർ, ചെട്ടികൾ, കന്നാൻ, തട്ടാൻ, കുശവൻ, തച്ചൻ എന്നിവരോടൊപ്പം മുൻപിലായി വേദമന്ത്രങ്ങളോതിക്കൊണ്ട് ബ്രാഹ്മണരും പോകുന്നുണ്ട്. ഒട്ടൻമാർ കുട്ട ചുമക്കുന്നവരാണെന്നും കരുവാടു വിൽക്കുന്നവരാണ് മുക്കുവരെന്നും,മെയ്ക്ക് എണ്ണ വിൽക്കുന്നവരാണ് വാണിയരെന്നും വെങ്കലം വിൽക്കുന്നവരാണ് ചെട്ടിമാരെന്നും വെങ്കലം കൊട്ടുന്നവരാണ് കന്നാൻമാരെന്നും പാന മെനയുന്നവരാണ് കുശവരെന്നുമുള്ള സൂചനകൾ ‘ഉലകുടെപെരുമാൾപാട്ടുകഥ’യിൽ കാണുന്നുണ്ട്. ‘പൊന്നിറത്താൾകഥ’യിൽ പ്രതികാരനിർവഹണത്തിന് ശിവലോകത്തുനിന്ന് വരം വാങ്ങിവന്ന ബാധകൾ നാട്ടിലെങ്ങും അനർത്ഥം സൃഷ്ടിക്കുന്നത് വർണ്ണിക്കുന്നുണ്ട്.ബാധകൾ തുലുക്കൻതെരുവിൽ കടന്ന് അലുക്കിട്ട കാതുമായി തലമൂടിയിരിക്കുന്ന തുലുക്കച്ചിയെ എടുത്തെറിയുന്ന രംഗമുണ്ട്. മുസ്ലീംസമുദായംഗമായി തുലുക്കൻമാരും മാകുത്തൻമാരും/ റാവുത്തർമാരും പട്ടാണികളുമൊക്കെ കടന്നുവരുന്നുണ്ട്. മാകുത്തൻമാർ എന്നത് കുതിരാഭ്യാസികളായ മുസ്ലീം പുരുഷൻമാരുടെ വിശേഷണമാണ്.ഇരവിക്കുട്ടിപ്പിള്ളപ്പോരിൽ ഇരവിയെ ആക്രമിച്ച് വധിക്കുന്നത് കുതിരക്കാരൻമാരായ റാവുത്തർമാരാണ്.പട്ടാണികളെന്നും അവരെ വിശേഷിപ്പിക്കുന്നുണ്ട്.ഉലകുടെപെരുമാൾപാട്ടിൽ കുട്ടിയാലിമരയ്ക്കാരെയും സംഘത്തെയും കുറിച്ചുള്ള പരാമർശമുണ്ട്. 

           ഇത്തരത്തിൽ വ്യത്യസ്ത ജാതിവിഭാഗങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ തെക്കൻദേശത്തെ ജാതിസംസ്കാരത്തിന്റെ സമഗ്രവീക്ഷണം രൂപപ്പെടുത്താൻ സഹായിക്കുന്നവയാണ്. സാധാരണജനങ്ങൾ രൂപപ്പെടുത്തിയ ഈ പാട്ടുകൃതികളിൽ തെക്കൻദേശത്തെ ജാതിരാഷ്ട്രീയത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. തെക്കൻപാട്ടുകളിൽ ഉൾച്ചേർന്നിരിക്കുന്ന പാരമ്പര്യവിശ്വാസം ഹൈന്ദവമത ത്തിലധിഷ്ഠിതമാണ്. അതിൽനിന്ന് വേറിട്ടൊരു സംസ്ക്കാരത്തിന്റെ സ്വാധീനം  ഈ പാട്ടുകഥകളിൽനിന്നു  കണ്ടെത്താനാവില്ല. ജാതികളും ഉപജാതികളും  ചേർന്ന സങ്കീർണ്ണമായ കേരളീയജാതിസംസ്കാരത്തിന്റെ നേർചിത്രം പാട്ടുകൃതികളിൽ കാണാം. തൊഴിൽ വിഭജനാടിസ്ഥാനത്തിലുള്ള ജാതിവ്യവസ്ഥയാണ് നിലനിന്നിരുന്നതെങ്കിൽപോലും സാമ്പത്തികലാഭവും ജീവിതമാർഗ്ഗവും ലക്ഷ്യമാക്കി ജനങ്ങൾ മറ്റു തൊഴിലുകൾ തേടുന്നതിന്റെ ദൃശ്യവും തെക്കൻപാട്ടിൽ കാണാം. സവർണ്ണജനത പലപ്പോഴും തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് ജാതിചിന്തയെ മാറ്റിമറിച്ചിരുന്നുവെന്നുള്ളതും ശ്രദ്ധേയമാണ്.

           ജാതിവ്യവസ്ഥ കർക്കശമായിരുന്ന അവസ്ഥയിലും വ്യത്യസ്തജാതികൾ പരസ്പരസഹകരണമനോഭാവം പുലർത്തിയിരുന്നുവെന്നു കാണാം.  ജാതീയമായ ഉച്ചനീചത്വങ്ങളെ അടിസ്ഥാനമാക്കി അയിത്താചാരം നിലനിന്നിരുന്നു. എന്നാൽ ചാതുർവർണ്ണ്യക്രമത്തിൽ മുൻപന്തിയിൽ അവരോധിച്ചിരുന്ന ബ്രാഹ്മണനും പിൻപന്തിയിൽ തള്ളപ്പെട്ട പുലയനും ഒരേപോലെ നിഷ്ഠൂരകർമ്മങ്ങൾ അനുഷ്ഠിക്കുന്നതായി കാണാം. ഏതു സാമൂഹികക്രമപ്രകാരം വേർതിരിച്ചാലും മനുഷ്യന്റെ അടിസ്ഥാനസ്വഭാവം ഒന്നു തന്നെയാണെന്ന് തെക്കൻപാട്ടുകൃതികൾ വെളിപ്പെടുത്തുന്നു.

 

    

  കുറിപ്പുകൾ

 

1.സന്തോഷ്.എച്ച്.കെ, ഫോക് ലോർ -വഴിയും പൊരുളും, പുറം- 63.

2.ശബ്ദതാരാവലി, പുറം 850

3.നീലികഥ, പുറം  80

4.ശബ്ദതാരാവലി, പുറം 909

5.ശബ്ദതാരാവലി, പുറം- 1074

6.മുവോട്ടു മല്ലൻകഥ, പുറം - 46

7.ഉലകുടെപെരുമാൾ പാട്ടുകഥ, പുറം -319

8.മൂവോട്ടുമല്ലൻ കഥ, പുറം - 87

9.ഉലകുടെപെരുമാൾപാട്ടു കഥ, പുറം - 246

 

സഹായഗ്രന്ഥങ്ങൾ

 

1.ഗംഗാധരൻ, തിക്കുറിശ്ശി (ഡോ), (സമ്പാ),ഇരവിക്കുട്ടിപ്പിള്ളപ്പോര്: ഒരു പഠനം, സാഹിത്യകൈരളി പ്രസിദ്ധീകരണം, തിരുവനന്തപുരം, 1988

2……..... ഉലകുടെപെരുമാൾ പാട്ടു കഥ,

സാഹിത്യകൈരളി പ്രസിദ്ധീകരണം, തിരുവനന്തപുരം, 2006

3. ത്രിവിക്രമൻ തമ്പി. ജി (ഡോ), വലിയ കേശിക്കഥ, നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം, 2000

4.പത്മകുമാരി.ജെ (സമ്പാ ), മുവോട്ടുമല്ലൻകഥ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1994

5.....(സമ്പാ), നീലികഥ,കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1994

6…… (സമ്പാ), പൊന്നിറത്താൾ കഥ- പാഠവും പഠനവും, കേരള സർവ്വകലാശാല, തിരുവനന്തപുരം, 2001

7. പത്മനാഭപിള്ള. ജി.ശ്രീകണ്ഠേശ്വരം, ശബ്ദതാരാവലി, സാഹിത്യപ്രവർത്തക സഹകരണ സംഘം,26-ാം പതിപ്പ്, കോട്ടയം, 2003

8. സന്തോഷ് എഛ്. കെ, ഫോക് ലോർ: വഴിയും പൊരുളും, സംസ്കൃതി പബ്ലിക്കേഷൻസ്, കണ്ണൂർ, 1998

9. ഹുസൈൻ. കെ.ബി.എം, പത്മകുമാരി.ജെ (സമ്പാ ), വലിയ തമ്പി കുഞ്ചുതമ്പികഥ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2003

ഡോ. ശ്രീലക്ഷ്മി എസ്.കെ,

അസോ.  പ്രൊഫസർ,

സർക്കാർ വനിതാ കോളേജ്, തിരുവനന്തപുരം .

ഡോ. അമ്പിളി ആർ.പി,

അസി. പ്രൊഫസർ,

സർക്കാർ വന്നിതാ കോളേജ്, തിരുവനന്തപുരം 


 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ.ദീപ ബി.എസ്.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page