തുടരുന്ന വായനകൾ.....
- GCW MALAYALAM
- Aug 15
- 1 min read

വൈജ്ഞാനികമലയാളം റിസർച്ച് ജേർണൽ ഓഗസ്റ്റ് 2025- ലക്കം പ്രകാശിതമാവുകയാണ്. 79-ആം സ്വാതന്ത്ര്യദിനത്തിൽ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അഭിമാനത്തോടൊപ്പം ആശങ്കകളും മനസ്സിൽ നിറയുന്നു. ചരിത്രപാഠങ്ങളിലേക്ക് ഓരോ എഴുത്തുകാരനും കടന്നുചേല്ലേണ്ടതിന്റെ ആവശ്യകതയും കാലം ബോധ്യമാക്കുന്നുണ്ട്.
പുതിയ എഴുത്തുകാരുടെ നിരയിൽ ശ്രദ്ധേയനായ വി.ഷിനുലാലുമായുള്ള അഭിമുഖം പ്രാധാന്യം നേടുന്നതും അദ്ദേഹം പുലർത്തുന്ന മാറിയ രാഷ്ട്രീയബോധവും ചരിത്രവീക്ഷണവും കൊണ്ടുതന്നെയാണ്.
ദൈവ- മതവിശ്വാസങ്ങളോടുള്ള മനോഭാവവും മാറിയിരിക്കുന്നു. ഭാവനയെ ജീവിതത്തോട് ചേർത്തുവയ്ക്കുന്നു. അന്വേഷണങ്ങളും ഗവേഷണവും വിജ്ഞാനികമായ പരിവേഷം കൂടി രചനകൾക്ക് നൽകുന്നു.ഇവരുടെ കൃതികൾ സാഹിത്യത്തിലെ പുതിയ പാഠങ്ങളാണ്. മാറുന്ന കാലത്തിന്റെ വായനകളാണ്.
കേരളത്തിന്റെ സാംസ്‌കാരികരാഷ്ട്രീയ രംഗങ്ങളിലെ അതികായരായ രണ്ടുപേരെ നഷ്ടമായതും അടുത്ത ദിനങ്ങളിലാണ്. വി.എസ്. അച്യുതാനന്ദനും പ്രൊഫ. എം. കെ. സാനുമാഷും.
വി. എസ്സിനെപ്പോലെ കേരളരാഷ്ട്രീയത്തെ സ്വാധീനിച്ച നേതാക്കന്മാർ ഏറെയില്ല. ഇന്ത്യ കണ്ട മികച്ച കമ്മ്യൂണിസ്റ്റ് നേതാവായി അദ്ദേഹം അംഗീകരിക്കപ്പെടുന്നു 1940- കളിൽ രാഷ്ട്രീയരംഗത്ത് കടന്നുവന്നു. ചരിത്രത്തെ വിപ്ലവഭരിതമാക്കുന്ന പുന്നപ്ര വയലാർ കർഷകസമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. സഖാവ് പി. കൃഷ്ണപിള്ളയെപോലുള്ള നേതാക്കന്മാർ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. കമ്മ്യൂണിസത്തിന്റെ വേരുകൾ നമ്മുടെ മണ്ണിൽ ശക്തമായത് ഇത്തരം നേതൃത്വത്തിലൂടെയാണ്.രാഷ്ട്രീയഭേദമില്ലാതെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെട്ടു. പ്രകൃതി- സ്ത്രീ ചൂഷണങ്ങൾക്കെതിരെ ശക്തമായ നിലപാടുകളാണ് അദ്ദേഹം കൈക്കൊണ്ടത്. അദ്ദേഹത്തിന്റെ വേർപാട് രാഷ്ട്രീയരംഗത്ത് വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്.
പ്രൊഫ. എം. കെ. സാനു സാഹിത്യസാംസ്‌കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്നു. അധ്യാപകൻ, എഴുത്തുകാരൻ, വാഗ്മി, നിരൂപകൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ വിവിധരംഗങ്ങളിൽ അദ്ദേഹം ശോഭിച്ചു. സൗമ്യമെങ്കിലും ശക്തമായിരുന്നു ആ ഇടപെടലുകൾ. 98-ആം വയസ്സിൽ അദ്ദേഹം കടന്നുപോകുമ്പോൾ വാക്കിന്റെ വെളിച്ചം ഒളിമങ്ങാതെ നിൽക്കുന്നു. ചങ്ങമ്പുഴയുടെയും ബഷീറിന്റെയും ജീവചരിത്രങ്ങൾ അദ്ദേഹവും സാഹിത്യവുമായുള്ള ബന്ധത്തിന്റെ മനോഹാരിത വെളിപ്പെടുത്തുന്നു. 40-ൽ അധികം ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെതായുണ്ട്.
ഉള്ളടക്കം കൊണ്ട് ഏറെ സമ്പന്നമായ ഈ ലക്കം വായനയ്ക്കും ചർച്ചകൾക്കുമായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു.
-ഡോ. ബി. ശ്രീകുമാർ സമ്പത്ത്
ചീഫ് എഡിറ്റർ





Comments