top of page

തിരുവിതാംകൂറിൻ്റെ സംസ്കൃത വരമൊഴിയിൽ വിശാഖവിജയത്തിൻ്റെ പ്രസക്തി

Updated: Sep 15

ഡോ. ലക്ഷ്മി വിജയൻ വി. ടി. 
ree

പ്രബന്ധസംഗ്രഹം

ഭാരതത്തിൻറെ വിജ്ഞാനം സാധാരണക്കാരിലേക്കെത്തിയത് പ്രധാനമായും കഥകളിലൂടെയും കാവ്യങ്ങളിലൂടെയുമാണ്. തലമുറകളിൽനിന്ന്  തലമുറകളിലേക്ക് അവ കൈമാറ്റം ചെയ്യപ്പെട്ടു. ആദ്യകാലങ്ങളിൽ വാമൊഴിയും, വരമൊഴിയും സംസ്കൃതകേന്ദ്രീകൃതമായിരുന്നു. പ്രാദേശികഭാഷകളും, വൈദേശികഭാഷകളും ആധിപത്യമാരംഭിക്കും വരെ, ഭാരതത്തിൻറെ ഭാഷ സംസ്കൃതമായിരുന്നു. അറിവും ആശയവും മൂല്യംചോരാതെ സൂക്ഷിക്കാൻ ഉതകുന്നതായിരുന്നു, വൃത്തനിബദ്ധമായ പദ്യസാഹിത്യം. ചരിത്രം രേഖപ്പെടുത്തപ്പെട്ടിരുന്നതും ഒരു പരിധിവരെ ഇതേ രീതിയിലായിരുന്നു. തിരുവിതാംകൂറിലെ ഒരു സുപ്രധാന കാലഘട്ടത്തെ രേഖപ്പെടുത്തുന്ന ഗ്രന്ഥമാണ് കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച വിശാഖ വിജയം.

തക്കോൽവാക്കുകൾ: തിരുവിതാംകൂർ, വിശാഖവിജയം, സംസ്കൃതം, കേരളവർമ്മ വലിയകോയിത്തമ്പുരാൻ

 

ആമുഖം

  കേരളത്തിൻറെ തെക്കേ അറ്റത്താണ് ചരിത്രപ്രസിദ്ധമായ തിരുവിതാംകൂർ.  പാരമ്പര്യത്തിന്റെപ്രൗഢിയും ഒപ്പം വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും ഗരിമയും  ഒരുമിച്ചു നിലനിൽക്കുന്ന പ്രദേശമാണിത്. കേരളത്തിൻറെ മാത്രമല്ല, ഭാരതത്തിൻറെ ചരിത്രത്തിൽ പോലും തിരുവിതാംകൂറിൻറെ സ്ഥാനം സുദൃഢമാണ്. അതിപ്രഗൽഭരായ അനേകം രാജാക്കന്മാർ ഇവിടെ ഭരിച്ചപ്പോൾ നാടിൻറെ മഹനീയതയെ കാത്തുസൂക്ഷിക്കാനും വർധിപ്പിക്കാനും അവർ പരിശ്രമിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തെ വേഗത്തിൽ തന്നെ പ്രാവർത്തികമാക്കിയ ഈ തിരുവിതാംകൂർ, വിദ്യാഭ്യാസത്തിന് നൽകിയ പ്രാധാന്യം നൂറുകണക്കിന് സംസ്കൃത വിദ്വാന്മാരെ സൃഷ്ടിച്ചു. അതോടൊപ്പം കാവ്യ, നാടക, സംഗീത, സംസ്കൃത, സാംസ്കാരിക പാരമ്പര്യവും വളർത്തിയെടുക്കാൻ അന്നത്തെ ഭരണാധികാരികൾ പരിശ്രമിച്ചിരുന്നു.

              മാർത്താണ്ഡവർമ്മ,സ്വാതിതിരുനാൾ തുടങ്ങിയ അനേകം രാജാക്കന്മാർ നല്ല ഭരണാധികാരികളായും, പണ്ഡിതരായും, എഴുത്തുകാരായും, ചരിത്രകാരന്മാരായും, ചിത്രകാരന്മാരായും, സംഗീത സാമ്രാട്ടുകളായും തിരുവിതാംകൂറിന്റെ രാജപരമ്പരയിൽ പിറവിയെടുത്തു. പത്മനാഭ ദാസന്മാരായി മാത്രം തുടരാൻ തീരുമാനമെടുത്തിരുന്ന അവർ രാജാവായിരിക്കുക എന്നത് രാജ്യത്തെ ശരിയായ വഴിയിലൂടെ കൊണ്ടുപോകാൻ തങ്ങളിൽ നിക്ഷിപ്തമായ കർത്തവ്യമായി മാത്രം കരുതി. ഭരണത്തിലൂടെ ലഭിക്കുന്ന സമ്പാദ്യം മുഴുവനായും പത്മനാഭ സവിധത്തിൽ സമർപ്പിക്കപ്പെട്ടു. "ഭാതസ്യ പ്രതിഷ്ഠേ ദ്വേ സംസ്കൃതം സംസ്കൃതിസ്തഥാ" എന്ന് തിരിച്ചറിഞ്ഞ്, സംസ്കാരത്തെ നിലനിർത്താൻ സംസ്കൃത പഠനത്തെ പ്രോത്സാഹിപ്പിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസം ആധുനിക കാലത്ത് ആവശ്യമാണ് എന്ന് മനസ്സിലാക്കിയ അവർ അതിനുവേണ്ട നടപടികൾ ആദ്യമേ തന്നെ ആരംഭിച്ചു. പഴമയും പുതുമയും ഒരുമിച്ച് മുന്നേറണം എന്നതിനാൽ ഇംഗ്ലീഷിനെ സ്വീകരിച്ചപ്പോഴും സംസ്കൃതത്തിലെ മുറജപം പോലുള്ള ചടങ്ങുകൾ നിലനിർത്തി കൊണ്ടുപോകാൻ പ്രവർത്തനങ്ങൾ നടത്തി. അവ വ്യക്തികളുടെ ഉപജീവനത്തിന് ഉപകാരപ്രദമായി മാറി.

 

വിശാഖ വിജയം

പരമ്പരയുടെ ഭാഗമായി കൈവന്ന രാജഭരണം കൃത്യമായി നിർവ്വഹിച്ച വ്യക്തിയായിരുന്നു വിശാഖം തിരുനാൾ മഹാരാജാവ്. അദ്ദേഹത്തിൻറെ ജീവിതത്തെയും ഭരണത്തെയും ആസ്പദമാക്കി രചിക്കപ്പെട്ട ഗ്രന്ഥമാണ് 'വിശാഖവിജയം'. കേരള കാളിദാസൻ എന്നും, ആധുനിക ഗദ്യത്തിൻറെ നവോത്ഥാന ശില്പി എന്നും അറിയപ്പെടുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ആണ് വിശാഖവിജയം രചിച്ചത്. ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിൽ ജനിച്ച അദ്ദേഹം സർവ്വശാസ്ത്രങ്ങളിലും പാണ്ഡിത്യം നേടുകയും പതിനാറാം വയസ്സു മുതൽ എഴുത്തിന്റെ മേഖലയിൽ പ്രവേശിക്കുകയും ചെയ്തു. ആദ്യം സംസ്കൃതത്തിലും തുടർന്ന് മലയാളത്തിലുമായി 45 ഓളം കൃതികൾ അദ്ദേഹത്തിൻറേതായുണ്ട്. റാണി ലക്ഷ്മിഭായിയെ വിവാഹം ചെയ്തതിലൂടെ വലിയ കോയിത്തമ്പുരാൻ എന്ന പദവിയിലേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു. എഴുത്തിൻറെ സർഗാത്മകത അദ്ദേഹത്തിൻറെ കൃതികളെ സമ്പന്നമാക്കി. കേരളവർമ്മ വലിയകോയി തമ്പുരാൻറെ സംസ്കൃത കൃതികളിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ് 'വിശാഖവിജയം'.

 

വിശാഖ വിജയത്തിൻറെ വൈശിഷ്ടങ്ങൾ

ശ്രീ വിശാഖം തിരുനാൾ മഹാരാജാവിന്റെ ജീവിതത്തിലെ സ്മരണീയ സംഭവങ്ങളെ കാവ്യത്തിലേക്ക് പകർത്തിയെടുക്കുകയാണ് കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 'വിശാഖ വിജയത്തിൽ'.യഥാർത്ഥത്തിൽ ഈ കൃതിയെ ഒരു ജീവചരിത്ര കാവ്യമായി പരിഗണിക്കാവുന്നതാണ്. എന്നാൽ മഹാകാവ്യത്തിന്റെ ലക്ഷണങ്ങളെ പൂർണ്ണമായും സന്നിവേശിപ്പിച്ചതിനാൽ ഇത് മഹാകാവ്യമായി  പരിഗണിക്കപ്പെടുന്നു.

1880മുതൽ അഞ്ചുവർഷം മാത്രം തിരുവിതാംകൂർ ഭരിച്ച വ്യക്തിയായിരുന്നു വിശാഖം തിരുനാൾ മഹാരാജാവ് (അശ്വതി തിരുനാൾ ,224). അദ്ദേഹത്തിൻറെ ജനനം മുതൽക്കുള്ള സംഭവങ്ങളെ അടുക്കും ചിട്ടയുമായി മനോഹരമായ വാക്കുകളിലൂടെയും വരികളിലൂടെയും ആവിഷ്കരിച്ച് ചരിത്രത്തിലെ നാഴികക്കല്ലായ വിശാഖവിജയം രൂപംകൊണ്ടു. 48 വർഷം മാത്രം ജീവിച്ച അദ്ദേഹത്തിൻറെ വ്യക്തിജീവിതത്തിന്റെയും അഞ്ചുവർഷത്തെ രാജഭരണത്തിന്റെയും സ്മരണകളും വിശകലനവും വിശാഖ വിജയത്തിൽ കാണാം. അതിശയോക്തി അല്ല, യാഥാർത്ഥ്യത്തെ ആസ്വാദ്യ ജനകമായ രീതിയിൽ നിർമ്മിച്ചിരിക്കുകയാണ് കേരളവർമ്മ തമ്പുരാൻ.

വിശാഖം തിരുനാളിന്റെ സ്വഭാവ ശുദ്ധിയും ഭരണപാടവവും വളരെ പ്രശസ്തമാണ്. മഹാരാജാവ് ധീരോദാത്തനും, ചതുരനുമായ നായകൻ കൂടിയാണ്. മഹാകാവ്യങ്ങളിൽ നാടക ലക്ഷണത്തെ സന്നിവേശിപ്പിക്കാറുണ്ടെങ്കിലും,ജന്മസിദ്ധമായ നായക ലക്ഷണങ്ങളിൽ തിളങ്ങുന്ന കഥാപാത്രമായിരുന്നു ശ്രീ വിശാഖം തിരുനാൾ മഹാരാജാവ്. വിശാഖവിജയം, 20 അധ്യായങ്ങളിലായി 1237 പദ്യങ്ങൾ അടങ്ങിയ മഹാകാവ്യമാണ്. മഹാകാവ്യ ലക്ഷണത്തിലെ യുദ്ധത്തെയും യുദ്ധത്തിനുള്ള പുറപ്പാടിനെയും കൃതി സ്വീകരിക്കുന്നില്ല. ഓരോ സർഗ്ഗത്തിനും പ്രത്യേകം പേരുകൾ നൽകിയ ഈ കൃതി താരതമ്യേന മറ്റ്  കാവ്യങ്ങളേക്കാൾ ചെറിയതാണ്. വൈവിധ്യമുള്ള വൃത്തങ്ങളും, വ്യത്യസ്തത നിറഞ്ഞ കഥാപാത്ര ഘടനയും അലങ്കാരങ്ങളുടെ ഉപയോഗത്തിലുള്ള കൃത്യതയും ഔചിത്യവും ഈ ഗ്രന്ഥത്തിൽ കാണാവുന്നതാണ്. പാരമ്പര്യ രീതികളിലൂടെ കാവ്യലക്ഷണങ്ങളെ സാധൂകരിച്ച് എഴുതിയ ഈ കാവ്യം പൂർണ്ണമായും ആധുനികതയുടെ പരിവേഷത്തോടെ നിലനിൽക്കുന്നതാണ്.

കവിയുടെ ചിന്തകളാണ് കാവ്യങ്ങളായി പരിണമിക്കുന്നത്. എന്നാൽ വിശാഖ വിജയം ചരിത്രത്തെ തുറന്നുകാട്ടുന്ന കാവ്യമാണ്. മനോഹരമായ പദപ്രയോഗങ്ങൾ നടത്തുമ്പോഴും ഔചിത്യവും ലാളിത്യവും  നിലനിർത്തിക്കൊണ്ടുതന്നെ ഗാംഭീര്യം നിറഞ്ഞ വരികളിൽ ഈ കാവ്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കാവ്യ ലക്ഷണത്തെ കൃത്യമായും സാധൂകരിക്കുന്നതോടൊപ്പം, കൃതിയെ ചരിത്രകാവ്യമായും  നിലനിർത്തിയത് ക്ലിഷ്ടകരമായ രചനാപ്രവർത്തനമാണ്. വിശാഖവിജയത്തെ സംബന്ധിച്ച്  തികച്ചും നീതിപുലർത്തിയിരിക്കുന്നു.

 

സർഗ്ഗസഞ്ചാരം 

ശ്രീ വിശാഖം തിരുനാളിൻറെ ജനനവും പഠനവും ഉപനയനവും വ്യായാമവുമെല്ലാം ശൈശവകഥ എന്ന ഒന്നാം സർഗ്ഗത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. വിവാഹം വരെ നീളുന്ന സംഭവവികാസങ്ങളും യാത്രകളും ഇതേ സർഗ്ഗത്തിൽ തന്നെയാണ് പരാമർശിച്ചിരിക്കുന്നത്.

"ശ്രീമാൻ വിശാഖർക്ഷഭവോ വിഭാതി ശ്രീവഞ്ചിഭൂപാല കുലാവതംസ:

ശ്രീപത്മനാഭാങ്ഘ്രിസമർപിതാത്മശ്രീരാമവർമാകുലശേഖരോട√യം” 

(കേരളവർമ്മ വലിയകോയിത്തമ്പുരാൻ, 1-1).

ശ്രീ വിശാഖം തിരുനാളിന്റെ മദ്രാസ് സന്ദർശനം, കുടുംബ ചരിത്രം, രാജാഭിഷേകം, ഉത്സവങ്ങൾ, കാശിയാത്ര തുടങ്ങിയ വിഷയങ്ങളും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.

 "നോദാസ്ത ക്വചിദപി ഭൂപതി: സ്വയകൃതോ

നാകാർഷിത് കിമപി യഥാകഥാചരീത്യാ

ആരബ്ധാത് ഫലമനവാപ്യ ന വ്യരം സീ-

ദാരംഭം ന ച കൃതവാനനിശ്ചയേന"

തിരുവിതാംകൂറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് വർണ്ണിക്കുന്ന മനോഹരമായ  ഒരു ശ്ലോകം, പത്താം സ്വർഗ്ഗത്തിൽ നൽകിയിരിക്കുന്നു.

"ഉരുരയേ ഭ്രമതോദക സഞ്ചയേ

തരുധിയാ കൃഷകേണ ച കേനചിത്

ശയുരഗൃഹ്യത ജീവിതരക്ഷണ-

വ്യസനിനാ സനിനാദപയോഹൃത:"

(വിശാഖവിജയംX-30).

ആയില്യം തിരുനാളിൻറെ അന്ത്യകാലം, രാജാവിൻറെ പൊന്മുടിയാത്ര, ഭരണപരിഷ്ക്കാരങ്ങൾ, അനന്തപുരം കൊട്ടാരപ്രവേശം, മുറജപം, ലക്ഷദീപം എന്നിങ്ങനെ ഓരോരോ സംഭവങ്ങളെക്കുറിച്ചും ഈ കാവ്യത്തിൽ വിവരിക്കുന്നുണ്ട്. രാജാവിൻറെ ഭരണ പാടവത്തെക്കുറിച്ചും, അദ്ദേഹത്തിൻറെ കർത്തവ്യത്തെക്കുറിച്ചും, ചെയ്തികളെക്കുറിച്ചും ഒരു പരിച്ഛേദം ലഭിക്കാൻ ഈ കൃതി സഹായിക്കുന്നു.

അന്ന് ആ സമൂഹത്തിൽ നിലനിന്നിരുന്ന രീതികൾ, രാജാവ് യാത്രചെയ്ത് മറ്റ് രാജാക്കന്മാരുമായി സൗഹൃദം സ്ഥാപിച്ച് രാജ്യത്തെ സുശക്തമാക്കുന്നത്, അതിലൂടെ ഭാരതത്തിൻറെ മൊത്തം സാംസ്കാരികത്തനിമയിലേക്കും ഭൂപ്രകൃതിയിലേക്കും വായനക്കാരനെയും കവി നയിക്കുന്നു. ഇത് കാവ്യാസ്വാദനത്തോടൊപ്പം പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഈ വർണ്ണനാശൈലിയാണ് ഗ്രന്ഥത്തിൻറെ മനോഹാരിത.

കവിതയ്ക്ക് ജീവൻ വയ്ക്കുന്നത് വായനക്കാരുടെ മനസ്സിൽ പ്രതിഷ്ഠിക്കപ്പെടുമ്പോഴാണ്. ഹൃദ്യതയും, ലാളിത്യവും മനസ്സിനെ സ്പർശിക്കുമ്പോഴും കവിയുടെ ആത്മാവിഷ്കാരമാണ് കാവ്യത്തിൻറെ ശക്തി. 'സ്വാന്ത സുഖം' തന്നെയാണ് യഥാർത്ഥത്തിൽ കവി നേടുന്ന സമ്പാദ്യം (ഡോ. ടിഭാസ്കരൻ,119). അത് വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കപ്പെടുമ്പോൾ കവി വിജയിക്കുന്നു.

വിശാഖവിജയത്തിൽ എഴുതപ്പെടുന്നത് ഒരു യഥാർത്ഥ ജീവിതത്തിൻറെ ചിത്രമാണ്. അതുകൊണ്ടുതന്നെ ചരിത്രത്തെ വർണ്ണിക്കുന്ന ഈ രചന ഭാവിതലമുറകൾക്ക് ലഭിക്കുന്ന ഒരു ചരിത്രരേഖയാണ്. കഥയും കഥാപാത്രങ്ങളും പ്രകൃതിയും ജീവനുള്ളവയാകുന്നു. ലേഖകനും, പത്നി റാണി ലക്ഷ്മീഭായിയും കൂടെ കഥാപാത്രങ്ങളാകുമ്പോൾ കവിയുടെ ഹൃദയത്തിൻറെ ബഹിസ്ഫുരണം കൂടിയാണ് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ആദരണീയനായ കേരളവർമ്മയ്ക്ക് തൻറെ എഴുത്തിൽ പൂർണ്ണമായി നീതിപുലർത്താൻ സാധിച്ചു എന്ന് മനസ്സിലാകുന്നു. യാഥാർത്ഥ്യങ്ങൾ കൃത്യമായി വായനക്കാരന് അറിയാൻ സാധിക്കുകയും ചെയ്യുന്നു. ഒരു മഹാനായ രാജാവിൻറെ ചരിത്രം കേവലം പ്രാദേശികതലത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല എന്ന കാഴ്ചപ്പാടുണ്ടായിരുന്ന കേരളവർമ്മ, ആ ചരിത്രത്തെ പദ്യരൂപത്തിൽ സംസ്കൃതഭാഷയിൽ പുനരാവിഷ്കരിച്ചു.  ഭാരതം മുഴുവൻ ആ ചരിത്രം എത്തിച്ചേരാൻ ഏറ്റവും ഉചിതമായ ഭാഷ, ഭാരതത്തിൻറെ എല്ലാ പ്രദേശങ്ങളിലും നിലനിൽക്കുന്ന ഏക ഭാഷയായ സംസ്കൃതമാണ്. ഇത് കവിയുടെ കാഴ്ചപാടിനെ കാണിക്കുന്നു.

കൃത്യമായ ചരിത്ര ബോധം ഉണ്ടാവുകയും, പരിസ്ഥിതിയെ കുറിച്ചും, പ്രകൃതിയെക്കുറിച്ചും മനസ്സിലാക്കുകയും, ഓരോ പ്രദേശത്തുമുള്ള സസ്യലതാദികളെക്കുറിച്ചും  പക്ഷിമൃഗാദികളെക്കുറിച്ചും അവബോധമുണ്ടായിരിക്കുക കവിയുടെ ഗുണങ്ങളിൽ പെടുന്നു. അത്തരത്തിലുള്ള വ്യക്തി കവി ആകുമ്പോൾ, അദ്ദേഹത്തിൻറെ എഴുത്തിൽ ഭൂപ്രദേശങ്ങളുടെ സമഗ്രമായ വൈശിഷ്ട്യങ്ങൾ ഉൾപ്പെടുന്നു. ആ കാവ്യം പഠിക്കുമ്പോൾ അത്തരം പ്രദേശത്തെക്കുറിച്ച് മുഴുവനായും മനസ്സിലാക്കാൻ പഠിതാവിന് സാധിക്കുന്നു.

ഉപസംഹാരം

പദ്യസാഹിത്യത്തിൻറെ പ്രത്യേകതതന്നെ, അർത്ഥലോപം വരാതെ വരികൾ സംരക്ഷിക്കപ്പെടുന്നു എന്നതാണ്. വിശദീകരണത്തിൻറെ അതിപ്രസരമില്ലാതെ ചരിത്രത്തെ രേഖപ്പെടുത്തുന്ന ചരിത്രകാവ്യ രീതി ഭാരതത്തിൻറെ പാരമ്പര്യമാണ്. ആ എഴുത്ത് വൃത്തത്തിലാവുമ്പോൾ, യാഥാർത്ഥ്യം കാലങ്ങളോളും നിലനിൽക്കപ്പെടും. അത് സംസ്കൃതത്തിലാകുന്നത് മൂലം ഭാരതത്തിൻറെ എല്ലായിടങ്ങളിലും എത്തിച്ചേരും എന്നതും വാസ്തവമാണ്. ഇവിടെ വിശാഖവിജയം ഒരു കാലഘട്ടത്തെ അടുത്ത തലമുറകളിലേക്ക് ചരിത്രചോർച്ചയില്ലാതെ എത്തിക്കുന്നു. ഇത്തരം ഗ്രന്ഥങ്ങളുടെ പുനർവായന കാലഘട്ടത്തിൻറെ അനിവാര്യതയാണ്, ഒപ്പം സംസ്കൃത സാഹിത്യത്തിൻറെ പരിപോഷണവും.

ഗ്രന്ഥസൂചികകൾ

1. ലക്ഷ്മീഭായി, അശ്വതി തിരുനാൾ ഗൗരി , ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2018

2.കോയി തമ്പുരാൻ, കേരള വർമ്മ വലിയ. വിശാഖവിജയം. സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ, തിരുവനന്തപുരം, 1995.

3.ഭാസ്കരൻ, ഡോ. എസ്. ഭാരതീയ കാവ്യാശാസ്ത്രം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം,2014.

4. Kunjunni Raja, K. The Contribution of Kerala to Sanskrit Literature. University of Madras, 1980.

5.Panikkar, K. M. A History of Kerala, 1498-1801. Gyan, 2024.

6.Sreedhara Menon, A. Kēraḷacaritraṃ. DC Books : Distributors, Current Books, 2014.


ഡോ. ലക്ഷ്മി വിജയൻ വി. ടി. 

അസിസ്റ്റന്റ് പ്രൊഫസർ 

സർക്കാർ സംസ്‌കൃത കോളേജ് 

തിരുവനന്തപുരം 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page