top of page

ദലിത് പ്രതിനിധാനവും ആവിഷ്കാരവും നായാട്ടിൽ

ഷൈനി.ജെ
ree

താക്കോൽ വാക്കുകൾ -പ്രതിനിധാനം - ആവിഷ്കാരം - കീഴാളവസ്ഥ


സിനിമ അടിസ്ഥാനപരമായി ഒരു ദൃശ്യകലയാണ്. ദൃശ്യങ്ങളുടെ അനുഗുണമായ കൂട്ടിച്ചേർക്കലുകളിലൂടെ നൂതനമായ ഒരു കാഴ്ചസംസ്കാരം അത് രൂപപ്പെടുത്തുന്നു. ജനപ്രിയമായ ഇത്തരത്തിലുള്ള സംസ്കാരം ചലച്ചിത്രങ്ങൾ രൂപപ്പെടുത്തുന്നത് അവയ്ക്കുള്ളിലെ  പ്രതിനിധാനങ്ങളിലൂടെയാണ്. കലയെന്നും കമ്പോളമെന്നും  ചലച്ചിത്ര മേഖല വേർതിരിയുന്ന  70കളുടെ കാലഘട്ടം മുതൽ ദളിത് ജീവിതങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ച് ചലച്ചിത്രങ്ങളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്നുണ്ട്. നെല്ല്, കാഞ്ചന സീത, അവളുടെ രാവുകൾ, ചുവന്ന വിത്തുകൾ, കരിമ്പന, കുമ്മാട്ടി, വിഷ്ണുലോകം, ചിദംബരം,ഭൂതക്കണ്ണാടി, ശാന്തം, ഇങ്ങനെ ഒരു നിര ചിത്രങ്ങൾ പാർശ്വവൽക്കൃത   ജീവിതങ്ങളെ കേന്ദ്രീകരിച്ച് നിർമ്മിക്കപ്പെട്ടവയാണ്. അതോടൊപ്പം തന്നെ പ്രശസ്തരായ താരങ്ങൾ അഭിനയിച്ച ചലച്ചിത്രങ്ങളിൽ അപ്രസക്ത കഥാപാത്രങ്ങളായി /ജീവിതങ്ങളായി ദളിത് വിഭാഗങ്ങൾ കടന്നുവരുന്നു . ഒരു ജനസമൂഹത്തിലെ ഒന്നോ അതിലധികമോ വ്യക്തികളുടെ ജീവിതകാഴ്ചകളെ ആകർഷണീയമായ ചേരുവകൾ കൊണ്ട് ദൃശ്യ സമ്പുഷ്ടമാക്കിയാണ് മലയാളസിനിമ കേരള ജനതയെ ആകർഷിച്ചത്. സിനിമയ്ക്കുള്ളിലെ കഥാപാത്രങ്ങളും ജീവിതാനുഭവങ്ങളും അവരുടെ ആവിഷ്കരണരീതിയും മലയാളിയുടെ സാംസ്കാരികപശ്ചാത്തലങ്ങളെ അധിഗാഢമായി സ്വാധീനിച്ചു. അതിൽ നിന്നും രൂപമെടുക്കുന്ന സവർണാധിപത്യ മൂല്യ വ്യവസ്ഥയ്ക്ക് അനുസൃതമായ ഒരു പൊതുബോധമാണ് സമ്പൂർണ്ണമായി ഇവിടെ വിനിമയം ചെയ്യപ്പെട്ടത്.

സിനിമ അതിൻറെ സാങ്കേതികാർത്ഥത്തിൽ ഒരു ദൃശ്യകലാമാധ്യമമാണ്. ഓരോ സമൂഹത്തിന്റെയും സവിശേഷമായ സാംസ്കാരിക പരിച്ഛേദം എന്ന നിലയിൽ സാഹിത്യത്തിനൊപ്പം തന്നെ പ്രാധാന്യം സിനിമയ്ക്ക് നൽകുന്നുണ്ട്.  മാധ്യമങ്ങൾ സൃഷ്ടിക്കുന്ന ചില വാർപ്പുമാതൃകകളുടെ  രൂപീകരണവുമായി ബന്ധപ്പെട്ട് നിൽക്കുന്ന സ്റ്റുവർട്ട് ഹാളിൻ്റെ ആശയമാണ് റെപ്രസൻ്റേഷൻ.  മീഡിയ അഥവാ പൊതുജനവുമായി നിരന്തരം വിനിമയം ചെയ്യുന്ന ഒരു മാധ്യമം എന്ന നിലയിൽ സിനിമ ഒരു സംഭവത്തെ ,ഒരു പ്രത്യേക വിഷയത്തെ  ,ഒരുകൂട്ടം മനുഷ്യരെ  ചില സന്ദർഭങ്ങളെ എപ്രകാരമാണ് അവതരിപ്പിക്കുന്നത് എന്ന വിശകലനമാണ് ഈ ലേഖനം.

ഇവിടെ പ്രതിനിധാനം ആവിഷ്കാരം എന്നീ രണ്ടു പദങ്ങൾ

യഥാക്രമം representation, Expression എന്നീ വാക്കുകളുടെ അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്.

മീഡിയ എപ്പോഴും രൂപപ്പെടുത്തിയെടുക്കുന്ന സ്റ്റീരിയോടിപ്പിക്കൽ മാതൃകകൾ പലപ്പോഴും യാഥാർത്ഥ്യവിരുദ്ധമായ വസ്തുതകളായിരിക്കും. അധീശത്വവർഗ്ഗം എപ്പോഴും ഇത്തരത്തിലുള്ള കപടവസ്തുതകളെ പ്രേക്ഷകൻ്റെ തന്നെ താരതമ്യത്തിന് വിട്ടുകൊടുക്കുകയും അവയെ മഹത്വവൽക്കരിക്കുകയും യാഥാർത്ഥ്യമാണെന്ന് വരുത്തി തീർക്കുകയും ചെയ്യുന്നു. നന്മ-തിന്മ

ഉത്തമം - അധമം എന്നിങ്ങനെയുള്ള വേർതിരിവുകൾ പ്രേക്ഷകനിൽ ഉണ്ടാകുന്നത് ഈ പശ്ചാത്തലത്തിലാണ്.

ഇങ്ങനെ ഉണ്ടാകുന്ന പൊതുബോധങ്ങളെ സ്ഥിരം വാർപ്പുമാതൃകകൾ ഉപയോഗിച്ച് ഊട്ടിയുറപ്പിക്കുക എന്ന തന്ത്രപരമായ കർത്തവ്യമാണ് സിനിമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നിറവേറ്റുന്നത്.



മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ 2021ൽ റിലീസ് ചെയ്ത സിനിമയാണ് നായാട്ട്’.കുഞ്ചാക്കോ ബോബൻ,ജോജു ജോർജ്,നിമിഷ സജയൻ എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.എസ് ഐ മണിയൻ,പ്രവീൺ മൈക്കിൾ,സുനിത എന്നീ പോലീസ് ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റിയാണ് സിനിമ വികസിക്കുന്നത്.സുനിത എന്ന യുവതിയെ നിരന്തരം ശല്യം ചെയ്യുന്ന ബിജു എന്ന ദളിത് യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത് മുതലാണ് സിനിമയിലെ സംഘർഷം ആരംഭിക്കുന്നത്.എസ് ഐ മണിയനുമായും പ്രവീണുമായും ഇയാൾ സ്റ്റേഷനിൽ വച്ച് വാക്കു തർക്കം ഉണ്ടാകുകയും ഇതിൻറെ പേരിൽ ബിജുവിനെ ലോക്കപ്പിൽ അടക്കുകയും ചെയ്യുന്നു. ഡിപിഡിഎസ് എന്ന് ദളിത് സംഘടനയിലെ പ്രവർത്തകനായ ബിജുവിനെ ലോക്കപ്പിൽ ഇട്ട് മർദ്ദിക്കുന്നു എന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നു.ഇലക്ഷൻ സമയമായതുകൊണ്ടും ജാതി വോട്ട് നഷ്ടപ്പെടാതിരിക്കുക എന്ന ഉദ്ദേശ്യം ഉള്ളതുകൊണ്ട് ഭരണകൂടം ബിജുവിനെ ലോക്കപ്പിൽ നിന്ന് വിട്ടയയ്ക്കാൻ നിർദ്ദേശിക്കുന്നു.എന്നാൽ തൊട്ടടുത്ത ദിവസം ഇതേ സംഘടനയിലെ മറ്റൊരു പ്രവർത്തകൻ പോലീസ് വാഹനമിടിച്ച് മരിക്കുന്നു.മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പോലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തപ്പെടുന്നു.തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ എസ് ഐ മണിയൻ, പ്രവീൺ മൈക്കിൾ, സുനിത എന്നീ ഉദ്യോഗസ്ഥർ തുടർന്ന് നടത്തുന്ന അതിജീവനമാണ് സിനിമയുടെ കഥാതന്തു.

ഈ സിനിമ ദളിത് വിരുദ്ധമാണെന്നും എന്നാൽ സാമൂഹിക യാഥാർത്ഥ്യങ്ങളെ കൃത്യമായി അവതരിപ്പിച്ചു എന്ന നിലയിലും ചർച്ച ചെയ്യപ്പെട്ടു.ഈ രണ്ടുതരം വായനകൾക്കും  സാധ്യത നൽകുന്നതാണ് സിനിമയുടെ ആവിഷ്കാരം.


സിനിമയുടെ പൊതുവിലുള്ള ആവിഷ്കാരമാതൃക പ്രേക്ഷകരെ എപ്പോഴും ഇരയുടെ പക്ഷത്തുനിന്ന് സംസാരിക്കാൻ അഥവാ ചിന്തിക്കാൻ ഉതകുന്ന തരത്തിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.ഇരയും വേട്ടക്കാരനും എന്ന പാറ്റേൺ.

ഏതെങ്കിലും ഒരു ഭാഗത്തിനോട് ചേർന്ന് സംസാരിക്കാതെ നായകനും വില്ലനും സിനിമയിൽ തുല്യപ്രാധാന്യം കൊടുക്കുന്ന തരത്തിലുള്ള ആവിഷ്കാര രീതിയാണ് നായാട്ടിൽ ഉപയോഗിക്കുന്നത്.ഈ അടുത്തകാലത്തായി ഇറങ്ങിയ ചില സിനിമകളിലെങ്കിലും ഈ രീതിയിലുള്ള‘ആവിഷ്കാര മാതൃകകൾ കാണാനാകും.

ഒരു പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യുന്ന മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന പ്രശ്നക്കാരനായ യുവാവ് എന്ന ലേബലാണ് ബിജുവിന് കൊടുക്കുന്നത്.ഇതൊരു റെപ്രസൻ്റേഷനാണ്.ദലിത്  വിഭാഗത്തിൽപ്പെട്ടവർ ഇങ്ങനെ ആയിരിക്കും അല്ലെങ്കിൽ അവർ ഇത്തരത്തിൽ പ്രശ്നക്കാരാണ് എന്നാണ് ഇവിടെ പറയാൻ ശ്രമിക്കുന്നത്.ഇയാൾക്ക് തന്റെ സമുദായത്തിനെ കുറിച്ചും തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും കൃത്യമായ അറിവുണ്ട്.പട്ടികവിഭാഗ പീഡനനിരോധനനിയമത്തെപ്പറ്റി അയാൾ സിനിമയിൽ  സംസാരിക്കുന്നുണ്ട്.തന്നെ തൊട്ടാൽ വകുപ്പ് വേറെയാണെന്നും കുനിഞ്ഞു നിന്ന കാലം കഴിഞ്ഞു എന്നും അയാൾ പോലീസിനോട് ആക്രോശിക്കുന്നുണ്ട്.തന്റെ സമുദായത്തിൽപെട്ട  സുനിത എന്ന പോലീസുകാരിയുടെ മേൽ തൻ്റെ ആണധികാരത്തിന്റെയും

രാഷ്ട്രീയ മേൽക്കോയ്മയുടെയും അധികാരം അയാൾ പ്രയോഗിക്കാൻ ശ്രമിക്കുന്നു.ഇവിടെ പ്രേക്ഷകർ കൃത്യമായി ബിജുവിനെതിരെ ചിന്തിക്കാൻ പ്രേരിതരാകുന്നു.സർക്കാരിനാകട്ടെ ജാതി വോട്ട് പ്രധാനമായതിനാൽ അവരോട് അനുഭാവം പുലർത്തുന്ന സമീപനം മാത്രമാണ് സ്വീകരിക്കാൻ സാധിക്കുന്നത്.


തങ്ങളുടെ മക്കൾക്ക് പഠനാവശ്യത്തിനായി ഒരു എൻജിനീയറിങ് കോളേജ് നിർമിച്ചു തരണം എന്ന ആവശ്യവുമായി ദളിത് സംഘടനയുടെ നേതാവ് മന്ത്രിയെ സമീപിക്കുന്നു.പക്ഷേ മുഖ്യമന്ത്രി ഈ വിഷയത്തോട് അലക്ഷ്യ മനോഭാവമാണ് കാട്ടുന്നത്.അധികാരി വർഗ്ഗം ദളിതരെ വോട്ട് ബാങ്കുകൾ മാത്രമായി കാണുകയും അവരുടെ സാമൂഹിക വികസനത്തിന് യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ല എന്ന യാഥാർത്ഥ്യത്തെ സിനിമ അവതരിപ്പിക്കുന്നുണ്ട്.എന്നാൽ ഉപരിപ്ലവമായി സിനിമയിൽ പരാമർശിച്ചുപോകുന്ന ഇത്തരം സന്ദർഭങ്ങൾക്കപ്പുറം ഈ സിനിമ വിനിമയം ചെയ്യാൻ ശ്രമിക്കുന്ന രാഷ്ട്രീയം അങ്ങേയറ്റം വിദ്വേഷാജനകമാണ് എന്ന് കാണാം.

ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസം ഒരു ദളിത് യുവാവ് അപകടത്തിൽ മരിക്കുന്നു ഇതിൻ്റെ പ്രതിസ്ഥാനത്ത് കേന്ദ്ര കഥാപാത്രങ്ങൾ ആയ പോലീസുകാർ തന്നെയാണ് ദളിത് സംഘടനകൾ ഇതിന്റെ പേരിൽ നാട്ടിലുടനീളം അക്രമങ്ങൾ അഴിച്ചുവിടുകയും ഹർത്താലുകളും മറ്റും പ്രഖ്യാപിക്കുകയും ചെയ്യുന്നു എന്ന തരത്തിൽ സിനിമയിൽ അവതരിപ്പിക്കുന്ന സന്ദർഭം യാഥാർത്ഥ്യവിരുദ്ധമായി ദളിത് വിഭാഗത്തിനെ പുനരാവിഷ്കരിക്കാനാണ് ശ്രമിക്കുന്നത്.

സംഘടനയുടെ നേതാക്കൾക്ക് സർക്കാരിനോട് വിലപേശാനുള്ള അവസരമായി ഇത് മാറുകയും പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ നിർബന്ധിക്കപ്പെടുകയും ചെയ്യുന്നു.ദളിത് രാഷ്ട്രീയം ഇവിടെ പ്രതിക്കൂട്ടിലാകുന്നു. ദളിതരുടെ അവകാശങ്ങളും പരിഗണനകളും ഇത്തരത്തിലുള്ള മുതലെടുപ്പുകൾക്ക് കാരണമാകും. എന്ന ആശയമാണ് പ്രേക്ഷണം ചെയ്യപ്പെടുന്നത്.

അവശവിഭാഗങ്ങൾക്കെതിരെയുള്ള പീഡന നിരോധന നിയമം ഇവിടെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു.ഈ നിയമം തിരഞ്ഞെടുക്കെതിരെയുള്ള അന്യായങ്ങൾ തടയുക എന്ന ഉദ്ദേശത്തോടുകൂടിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.ആ അവകാശത്തെ എന്തും ചെയ്യാനുള്ള മറയാക്കി അവർ ഉപയോഗപ്പെടുത്തുന്നു എന്ന തരത്തിൽ സിനിമ സംസാരിക്കുന്നു.എന്നാൽ ഇതിൻ്റെ മറുവശം സിനിമയിൽ പരാമർശിക്കുന്നുമില്ല.ദളിത് സമൂഹത്തിനോട് ആകെ ഒരു അമർഷം പ്രേക്ഷക മനസ്സിൽ ഉണ്ടാകുന്നുണ്ട്.എന്നാൽ സിനിമ അപ്രകാരം സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് പുറംമോടി കാണിക്കുവാൻ പോലീസുകാരുടെ (അധികാരി വർഗ്ഗത്തിൻ്റെ)പക്ഷത്തും ഒരു ദളിത് വിഭാഗക്കാരനെ അവതരിപ്പിക്കുന്നു.

പോലീസ് സ്റ്റേഷനിൽ ബിജു മർദ്ദനത്തിന് ഇരയാകുന്നുണ്ട്.നിയമപ്രകാരം പോലീസുകാർക്കെതിരെ പീഡന നിരോധന നിയമം ഉപയോഗിക്കാൻ മതിയായ കാരണമാണ്.എന്നാൽ അപ്പോഴേക്കും അധികാര വർഗ്ഗത്തിന് ഒപ്പം ചലിച്ചു തുടങ്ങുന്ന പ്രേക്ഷക മനസ്സ് അത് അംഗീകരിക്കാൻ തയ്യാറാകുന്നില്ല.ദളിത് പീഡനം ഒരു പ്രശ്നമല്ല എന്ന ചിന്താഗതിയെ രൂപപ്പെടുത്തുന്നു.ഇങ്ങനെ ചലച്ചിത്രങ്ങളെ കേന്ദ്രീകരിച്ചുള്ള പൊതുബോധത്തിന്റെ സൃഷ്ടിക്കായി സാമൂഹികമായ വിവേചനങ്ങളിൽ അസമത്വങ്ങളെയും സ്വാഭാവികമായ രീതിയിൽ ആവിഷ്കരിക്കാൻ സിനിമ ശ്രമിക്കുന്നു. രണ്ട് വിരുദ്ധ ചേരിയിൽ കഥാപാത്രങ്ങളെ വേർതിരിച്ച് അവയുടെ താരതമ്യത്തിലൂടെ കപട വസ്തുതകളെ യാഥാർത്ഥ്യവൽക്കരിക്കാൻ സിനിമ ശ്രമിക്കുന്നു .ഇപ്രകാരം ഈ സിനിമയിൽ ആവിഷ്കരിക്കുന്ന ഈ ദ്വന്ദ്വനിർമ്മിതി

മികച്ച ദളിതനായി എസ് ഐ മണിയനെ  ഉയർത്തുകയും മറുവശത്ത് ചുവരിൽ തുപ്പുന്ന, ചീത്ത പറയുന്ന, സംസ്കാരശൂന്യനായി ബിജുവിനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഒരു ആദർശ ദളിതൻ എന്ന കഥാപാത്രമായി മണിയൻ മാറുന്നു.

കീഴാളരെ അപരസ്ഥാനത്ത് നിർത്തി സവർണ്ണാധിപത്യത്തെ ഉദ്ഘോഷിക്കുന്ന ചലച്ചിത്രങ്ങൾ മലയാള സിനിമയുടെ ചരിത്രത്തിൽ ധാരാളം കാണാം.സവർണ്ണ ബോധങ്ങൾക്കെതിരെയുള്ള പാഠങ്ങൾ എന്ന രീതിയിൽ ഉദ്ഘോഷിക്കപ്പെട്ട ചിത്രങ്ങളിൽ പോലും ആഴത്തിൽ പരിശോധിച്ചാൽ ഇത്തരത്തിലുള്ള ആവിഷ്കാര മാതൃകകൾ കാണാൻ സാധിക്കും.മലയാളത്തിൽ ജയൻ ചെറിയാന്റെ പാപ്പിനിയോ ബുദ്ധ,ഷാനവാസ് നരണിപ്പുഴയുടെ കരി തുടങ്ങിയ ചിത്രങ്ങൾ കീഴാള പ്രതിഷേധത്തെ അടയാളപ്പെടുത്താൻ ശ്രമിക്കുന്നുവെങ്കിലും അവ വ്യാപകമായ അർത്ഥത്തിൽ പൊതുജനങ്ങൾക്കിടയിൽചർച്ച ചെയ്യപ്പെട്ടില്ല. അന്യഭാഷ ചിത്രങ്ങളിൽ അതേസമയം തന്നെ കീഴാള അവസ്ഥയുടെ വിവിധ നിലകളെ വ്യക്തമായ അടയാളപ്പെടുത്തുവാൻ ശ്രമിച്ച സിനിമകൾ ഉണ്ടായിട്ടുണ്ട്



ഉപസംഹാരം:


കീഴാള ദളിത് ജീവിതങ്ങളെ മുഖ്യധാര ചിത്രത്തിൽ ആവിഷ്കരിക്കുക വഴി ദളിത് സമൂഹത്തിൻറെ പ്രതിനിധാനം സാധ്യമാക്കി എന്ന് അവകാശപ്പെടുന്ന പല സിനിമകളും യഥാർത്ഥത്തിൽ ദളിത്പക്ഷ സിനിമകളായിരുന്നില്ല.

നീലക്കുയിൽ മുതൽ 2025ൽ പുറത്തിറങ്ങിയ നരിവേട്ട വരെയുള്ള സിനിമകൾ പരിശോധിച്ചാൽ കീഴാളന്റെ അനാകർഷകമായ ജീവിതത്തിൻ്റെ വൈവിധ്യങ്ങളെ മാത്രമാണ് ആവിഷ്കരിക്കാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കാം.അവയിൽ സവർണ്ണ ബോധത്തിന്റെ ദലിത് നോട്ടങ്ങൾ മാത്രമാണ് കാണാൻ സാധിക്കുക.

സവർണ്ണ ബോധ്യങ്ങളുടെ അരികുകളിൽ മാത്രം നിർമ്മിക്കപ്പെടുന്ന ഇത്തരം ചിത്രങ്ങൾ  സൂക്ഷ്മവായനയിൽ  ദലിത് വിരുദ്ധമാണ് എന്ന് മനസ്സിലാക്കാം.


ഗ്രന്ഥസൂചി

1 ‘.കെ., അനിൽകുമാർ, ഡോ. രശ്മി ജി. വെള്ളിത്തിരയുടെ രാഷ്ട്രീയം, ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം, ഡിസംബർ 2018


2 ‘.ജിനീഷ് കാരയാട്, ഡോ. വിഷ്ണു രാജ്. കാഴ്ചയുടെ വിനിമയങ്ങൾ, ഇൻഡ്യ ബുക്സ്, 2023


3 ‘.നായാട്ട്, സംവി. മാർട്ടിൻ പ്രക്കാട്ട് , ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനി 2021


4 .ഡോ. ഷീബ എം. കുര്യൻ. സിനിമ സാങ്കേതികതയും സംസ്കാരവും. പ്രകാശന വിഭാഗം കേരള സർവകലാശാല 2016

   



ഷൈനി.ജെ

ഗവേഷക

ഗവ. വിമൺസ് കോളേജ്

വഴുതക്കാട്



 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page