ദളിത് ജീവിതാവിഷ്കാരവും പ്രതിരോധവും: പ്രദീപ് മണ്ടൂരിന്‍റെ വിരല്‍ നാടകത്തെ മുന്‍നിര്‍ത്തിയുള്ള പഠനം.
- GCW MALAYALAM
- Aug 15
- 4 min read
അര്‍ച്ചന ജി

താക്കോല്‍ വാക്കുകള്‍
ദളിത്, ദളിത് അവസ്ഥ, ദളിത് സഹനം, ദളിത് പ്രതിരോധം ഉത്തരാധുനികത, പാര്‍ശ്വവല്‍ക്കരണം.
സമകാലസാഹിത്യത്തില്‍ അവസ്ഥയുടെ ദളിതവസ്ഥകളുടെ ആവിഷ്കാരം ശക്തമാണ്, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനത, നൂറ്റാണ്ടുകളായി തങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടത് എങ്ങനെയെന്ന് പഠിച്ചും ചിന്തിച്ചും പ്രതിരോധത്തിന്‍റെ പുതിയ പാഠങ്ങള്‍ കണ്ടെത്തുന്നു.
ആമുഖം
കൃതി, അരങ്ങ് എന്നീ നിലകളില്‍ സംവേദനത്തിന് വ്യത്യസ്ത തലങ്ങളുള്ള മാധ്യമമാണ് നാടകം. കലാരൂപങ്ങളുടെ പ്രയോജനത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നാടകത്തിന്‍റെ ധര്‍മ്മങ്ങള്‍ക്ക് സവിശേഷ പ്രാധാന്യം ലഭിക്കുന്നു. അതാത് കാലങ്ങളില്‍ നിലവിലിരിക്കുന്ന സാമൂഹ്യവ്യവസ്ഥയെ പ്രതിഫലിക്കുകയോ പ്രതിരോധിക്കുകയോ ചെയ്യുക എന്നത് നാടകങ്ങളുടെ സവിശേഷതയാണ്. ക്രിയാനിരതമായ ജീവിതത്തിന്‍റെ ആവിഷ്കാരമെന്ന നിലയില്‍ നാടകത്തിന്‍റെ പ്രസക്തി അരിസ്റ്റോാട്ടിലിന്‍റെ കാലം മുതല്‍ക്ക് പാശ്ചാത്യലോകത്ത് ചര്‍ച്ചയായപ്പോള്‍ തന്നെ ലോക വൃത്താന്തകമായ നാടകത്തിന്‍റെ ബഹുമുഖതലങ്ങളും ഭരതമുനി മുതലിങ്ങോട്ടുള്ള ഭാരതീയരും പഠനവിധേയമാക്കി. ജീവിതാവസ്ഥകളെ അനുകരിക്കാനും അവതരിപ്പിക്കാനുള്ള ശക്തമായ മാധ്യമമാണ് നാടകമെന്നതില്‍ ഈ രംഗത്ത് വ്യത്യസ്ത സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ച അവര്‍ക്കെല്ലാം തന്നെ ഏകാഭിപ്രായമായിരുന്നു.
നാം ജീവിക്കുന്ന കാലത്തിന്‍റെ സാഹിത്യമെന്ന നിലയില്‍ അറിയപ്പെട്ട ഉത്തരാധുനികത ഏതെങ്കിലും ഒരു പ്രത്യേക എഴുത്തുരീതിയോ ദര്‍ശനമോ മുന്നോട്ടുവയ്ക്കുന്നില്ല. വിവരസാങ്കേതികവിദ്യയുടെ വികാസത്തിന്‍റെ ഫലമായുണ്ടായ വൈജ്ഞാനികാന്തരീക്ഷവും മാറുന്ന ലോകക്രമവും എഴുത്തുകാരുടെ ജീവിത വീക്ഷണത്തെ ശക്തമായി സ്വാധീനിച്ചു. മാനവികതയെക്കുറിച്ചുള്ള ശക്തമായ ബോധം സജീവമാവുകയും അക്കാദമിക് വേദികളിലും പൊതു ഇടങ്ങളിലും ചര്‍ച്ചകളും സെമിനാറുകളും ശില്പശാലകളും നടക്കുകയുമുണ്ടായി. മനുഷ്യര്‍ എന്ന കാഴ്ചപ്പാടിനോടൊപ്പംതന്നെ ആവാസവ്യവസ്ഥയും ചിന്താധാരകളിലേക്ക് കടന്നുവരാന്‍ തുടങ്ങി. ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള ഉല്‍ക്കര്‍ഷ അപകര്‍ഷ ചിന്തകളുടെ അവതരണവും നിരാകരണവും ഉത്തരാധുനിക സാഹിത്യ വീക്ഷണത്തില്‍ നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങി. പരിസ്ഥിതി, സ്ത്രീവാദചിന്തകള്‍ക്കും തുല്യപ്രാധാന്യം ലഭിച്ചതോടെ നമ്മുടെ സാഹിത്യം പ്രമേയാവിഷ്കാരത്തില്‍ പുതിയ വഴികള്‍ തേടുകയായിരുന്നു. ചൂഷണത്തിന് വിധേയമാകുന്ന പരിസ്ഥിതി, സ്ത്രീ, ദളിതര്‍ എന്നീ മൂന്ന് തലങ്ങളെ പരസ്പരപൂരകങ്ങളായി അവതരിപ്പിച്ചു എന്നതാണ് ഇതിവൃത്ത ഘടനയില്‍ വന്നുചേര്‍ന്ന പുതുമ.
മലയാളസാഹിത്യത്തില്‍ ദളിത് ജീവിതാവിഷ്കാരം ആദ്യമായി പ്രത്യക്ഷപ്പെട്ടത് നോവലിലാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ച റിച്ചാര്‍ഡ് കോളിന്‍സിന്‍റെ ‘ഘാതകവധം’ പുലയരുടെ ദൈന്യം അനാവരണം ചെയ്യുന്നുണ്ട്. ആര്‍ച്ച് ഡീക്കന്‍ കോശിയുടെ ‘പുല്ലേലി കുഞ്ചു’ ഹിന്ദുമതത്തിലെ അനാചാരങ്ങളെയും അയിത്തത്തെയും വിമര്‍ശിക്കുന്ന നോവലാണ്. പോത്തേരി കുഞ്ഞമ്പു രചിച്ച ‘സരസ്വതീവിജയം’ ദളിതരുടെ പിന്നോക്കാവസ്ഥ മാറാനുള്ള ഏക പോംവഴി വിദ്യാഭ്യാസം ചെയ്യുകയാണെന്ന കാഴ്ചപ്പാടാണ് മുന്നോട്ടുവയ്ക്കുന്നത്. ഗൗരവമുള്ള സാഹിത്യ രചനകള്‍ ഉണ്ടായ കാലം മുതല്‍ തന്നെ ദളിത് ജീവിതാവസ്ഥകളും പ്രമേയത്തില്‍ കടന്നുവന്നിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. നവോത്ഥാനകാലസാഹിത്യം കുറേക്കൂടി ഗൗരവമായി ദളിത്ജീവിതാവിഷ്കാരം നിര്‍വഹിക്കുന്നുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ കഥയിലും നോവലിലും നാടകത്തിലും കടന്നുവന്നു. കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രക്രിയയില്‍ ഇത്തരം കലാസൃഷ്ടികള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. പ്രചരണാംശം ഏറിയ രാഷ്ട്രീയ നാടകങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ സംഭാവന നല്‍കി. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകമായ പാട്ടബാക്കിയിലൂടെ സാമൂഹികമായ എല്ലാ വേര്‍തിരിവുകള്‍ക്കും പിന്നില്‍ സാമ്പത്തിക അസമത്വമാണെന്ന് നാടകകൃത്തായ കെ.ദാമോദരന്‍ പ്രഖ്യാപിച്ചു. ആയിരത്തി തൊള്ളായിരത്തി അറുപതുകള്‍ക്കുശേഷം നോവല്‍ കഥാ സാഹിത്യത്തില്‍ ആധുനികതാദര്‍ശനം കടന്നുവന്നുവെങ്കിലും നാടകത്തില്‍ കാര്യമായി പ്രതിഫലിച്ചില്ല എന്ന് മനസ്സിലാക്കാവുന്നതാണ്.
പ്രമേയം, രൂപം, ആഖ്യാനം എന്നിവയില്‍ വ്യത്യസ്തത പുലര്‍ത്തുവാന്‍ ഉത്തരാധുനികരും സമകാല എഴുത്തുകാരും ശ്രദ്ധിക്കുന്നുണ്ട്. ദളിത് ജീവിതാവസ്ഥകള്‍ അവതരിപ്പിക്കുമ്പോള്‍ പൂര്‍ണ്ണമായും ദളിത് വീക്ഷണം പുലര്‍ത്തുന്നു. വരേണ്യ കാഴ്ചപ്പാടുകള്‍ക്ക് പാരഡി തീര്‍ക്കുകയോ അവഗണിക്കുകയോ ചെയ്യുന്നു. ജാതി ഒരു യാഥാര്‍ത്ഥ്യമാണെന്ന് സ്ഥാപിച്ചു കൊണ്ടാണ് ജാതിയെ നിരസിക്കുന്നത്. കറുത്ത കല്ല് എന്ന കവിതയില്‍ എസ്.ജോസഫ് ഇങ്ങനെ പ്രഖ്യാപിക്കുന്നു.
എനിക്ക് മുമ്പേ ജനിച്ച കല്ലിത്
കറുത്തവനെന്‍റെ കറുപ്പുള്ള കല്ല്
വെയിലത്തും കൊടും മഴയത്തും
ഒരു വിഷാദമില്ലാതെ
വികാരമില്ലാതെ കിടന്നിരുന്ന കല്ല്.
ജാതി അപകര്‍ഷതയല്ലെന്നും ജാതിയെ തുറന്നെഴുതി പ്രതിരോധിക്കുകയാണ് വേണ്ടതെന്നും ഇന്നത്തെ എഴുത്തുകാര്‍ വിശ്വസിക്കുന്നു. ചരിത്രത്തില്‍ എഴുതപ്പെടാതെപോയ തന്‍റെ വംശാവലിയെക്കുറിച്ച് പൊയ്കയില്‍ യോഹന്നാന്‍ തന്‍റെ സഞ്ചാരി പ്രസംഗങ്ങളിലൂടെ പാടിയെങ്കില്‍ എം.ബി.മനോജിന്‍റെ ‘കാണുന്നീലൊരക്ഷരവും’ എന്ന കവിത പറഞ്ഞത്, ഇവിടെ എഴുതപ്പെട്ടതൊന്നും ചരിത്രമല്ല എന്നാണ്.
ഏതെങ്കിലും ഒരു കഥയെയോ സംഭവത്തെയോ ഒരു രംഗത്തില്‍ ധ്വന്യാത്മകമായി അവതരിപ്പിക്കുമ്പോള്‍ അത് ഏകാങ്കനാടകമാകുന്നു. ആശയത്തെ പ്രചരിപ്പിക്കാനുള്ള ഏകാങ്കനാടകങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ നാടകകൃത്തുകള്‍ ഈ മേഖലയില്‍ വിജയം നേടിയിട്ടുണ്ട്. നോവല്‍, ചെറുകഥ, കവിത എന്നീ പ്രസ്ഥാനങ്ങളില്‍ ദളിത് ഭാവുകത്വം ശക്തമായ കാലയളവില്‍ തന്നെ ഇത്തരം പ്രമേയങ്ങള്‍ നാടകങ്ങളിലും പ്രത്യേകിച്ച് ഏകാങ്കനാടകങ്ങളിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇന്ത്യയിലാകെ ചര്‍ച്ചയായ രോഹിത് വെമുലയുടെ ആത്മഹത്യ മുന്‍നിര്‍ത്തി ഭാരതത്തിലെ ദളിത് അവസ്ഥകളുടെ ആഖ്യാനം നിര്‍വഹിക്കുന്ന നാടകമാണ് പ്രദീപ് മണ്ടൂരിന്‍റെ വിരല് എന്ന ഏകാങ്കനാടകം.
പ്രദീപ് മണ്ടൂര്‍
നാടകരചന, സംവിധാനം എന്നീ മേഖലകളില്‍ ശ്രദ്ധ നേടിയ പ്രദീപ് മണ്ടൂരിന്‍റെ ഏകാങ്കനാടകമാണ് ‘വിരല്‍’ പ്രമുഖ നാടകവേദികള്‍ക്കായി പൂര്‍ണ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. തെരുവുനാടകവേദിയിലൂടെ നിരവധി സാമൂഹിക പ്രശ്നങ്ങള്‍ പൊതുശ്രദ്ധയിലെത്തിക്കുന്നു. കൂടാതെ അമച്വര്‍ നാടകങ്ങളും റേഡിയോ നാടകങ്ങളും രചിച്ചു. പ്രിയനന്ദന്‍റെ څഞാന്‍ നിന്നോട് കൂടെയുണ്ട്چ എന്ന സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയിട്ടുണ്ട്. പൂര്‍ണ പബ്ലിക്കേഷന്‍സ് നടത്തിയ ഏകാങ്കനാടകമത്സരത്തില്‍ ആദ്യസമ്മാനം നേടിയ നാടകമാണ് വിരല്‍.
വിരല്‍ - ഇതിവൃത്തം
കാടിന്‍റെ പശ്ചാത്തലത്തില്‍ ഒരു സ്ത്രീയുടെ കരച്ചില്‍ അവതരിപ്പിച്ചു കൊണ്ടാണ് നാടകം ആരംഭിക്കുന്നത്. ആത്മഹത്യ ചെയ്ത മകന്‍റെ ചിതയ്ക്ക് അരികില്‍ നിന്നാണ് ആ സ്ത്രീ നിലവിളിക്കുന്നത്. അത് രോഹിത് വെമുലയുടെ മാതാവാണെന്ന് ആദ്യമേ നാടകകൃത്ത് വെളിപ്പെടുത്തുന്നില്ല. 2016 ജനുവരിയില്‍ ഒരു തെറ്റായ പരാതിയിേډല്‍ രോഹിത് വെമുല അടക്കമുള്ള ദളിത് വിദ്യാര്‍ഥികളെ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് വെമൂല ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഭാരതത്തിലെ ദളിതരുടെ അവസ്ഥകള്‍ രാമായണ മഹാഭാരത സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തി നാടകകൃത്ത് അവതരിപ്പിക്കുന്നു.
വിലപിക്കുന്ന അമ്മയുടെ അടുത്തേക്ക് ആദ്യമെത്തുന്നത് മഹാഭാരതത്തിലെ ഘടോല്‍ക്കചന്‍റെ മാതാവാണ്. കുരുക്ഷേത്രയുദ്ധത്തില്‍ തന്‍റെ മകനെ ബലി കൊടുത്തു എന്ന ഹിഡിംബിയുടെ വാക്കുകള്‍ കേട്ടുകൊണ്ട് കോപത്തോടെ വേദവ്യാസന്‍ അവിടേയ്ക്കെത്തുകയാണ്. കാട്ടാളത്തി എന്ന് വ്യാസന്‍ വിളിച്ചപ്പോള്‍ ഹിഡിംബി വ്യാസനെത്തന്നെ ചോദ്യം ചെയ്യുന്നു.
ڇപാവം മുക്കുവപ്പെണ്ണിനെ പ്രാപിച്ച പരാശരമുനി അല്ലേ അങ്ങയുടെ പിതാവ്? മീന്‍മണമുള്ള അവളുടെ ശരീരത്തോട് ഒട്ടിക്കിടക്കുമ്പോള്‍ അയാളുടെ പൂണൂല്‍ എവിടെയാണ് ഒളിപ്പിച്ചിരുന്നത്ڈ
മഹാഭാരതയുദ്ധത്തിലെ അര്‍ജ്ജുന വിജയത്തിന് പിന്നില്‍ കാട്ടുവാസിയുടെ പ്രാണത്യാഗമായിരുന്നുവെന്നും ഹിഡിംബി തുടര്‍ന്നു പറയുന്നു.
ശൂര്‍പ്പണഖയെ അംഗവിച്ഛേദം ചെയ്യുന്ന ലക്ഷ്മണനെയാണ് അടുത്തതായി അവതരിപ്പിക്കുന്നത്. നിലവിളിക്കുന്ന ശൂര്‍പ്പണഖയുടെ അടുത്തേക്ക് എത്തുന്ന വാല്മീകി തന്‍റെ രചനാലക്ഷ്യം പാഴിലായെന്ന് പരിതപിക്കുന്നു. കാട്ടാളവര്‍ഗ്ഗത്തെ ഉയര്‍ത്തുകയായിരുന്നു തന്‍റെ ഉള്ളിലുള്ള മോഹം എന്നും അതിനായില്ല എന്നു പറയുമ്പോള്‍ വ്യാസന്‍ കടന്നുവന്ന് വാല്മീകിയെ ശാസിക്കുന്നു.
ഏകലവ്യന്‍റെ വിരല്‍ മുറിച്ചെടുത്ത കഥയാണ് തുടര്‍ന്ന് ആവിഷ്കരിക്കുന്നത്. ഗുരുദക്ഷിണയായി വിരല്‍ വാങ്ങിയെടുക്കുകയും പാണ്ഡവരോട് മാപ്പ് ചോദിക്കാന്‍ വിമുഖത കാട്ടിയ ഏകലവ്യനെ തകര്‍ക്കുകയും ഏകലവ്യന്‍റെ തോഴി ചോലയെ രാജകുമാരന്‍മാര്‍ക്ക് വലിച്ചെറിഞ്ഞു നല്‍കുകയും ചെയ്യുന്നു.
രോഹിത് വെമുലയെ രോഹന്‍ എന്ന പേരിലാണ് നാടകത്തില്‍ അവതരിപ്പിക്കുന്നത്. അധ:കൃതന്‍ എന്ന തിരിച്ചറിവില്‍ രോഹന്‍ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയ ശേഷം കുരുക്ക് പ്രതിരോധം എന്നപോലെ കഴുത്തില്‍ അണിയുന്നു.
അടുത്തതായി വ്യാസനെ നാടകകൃത്ത് രംഗത്തേക്ക് കൊണ്ടുവരുന്നു. താന്‍ എഴുതിയതുപോലെ ഈ ലോകത്ത് സംഭവങ്ങള്‍ നടക്കുന്നതായി വ്യാസന്‍ പ്രഖ്യാപിക്കുന്നു.ڇഹാ കാട്ടാളന്‍റെ പെരുവിരല്‍!
കറുത്തവന്‍റെ ജീവന്‍ ..ജീവിതം.. എല്ലാം…എല്ലാം എന്നിലൂടെ
ഇങ്ങനെ പറയുന്ന വ്യാസന്‍റെ സമീപത്തേക്ക് മാതാവായ സത്യവതി എത്തുന്നു. വ്യാസന്‍റെ താളിയോലകളില്‍ ചോരയുടെ ഗന്ധം പരന്നൊഴുകുന്നതായി സത്യവതി പറയുന്നു. സംഭാഷണങ്ങള്‍ക്കൊടുവില്‍ അയാളുടെ പൂണൂല്‍ കഴുത്തില്‍ കുരുക്കി മാതാവായ സത്യവതി വ്യാസനെ വധിക്കുന്നു.
ദളിത് ജീവിതാവസ്ഥയും പ്രതിരോധവും ‘വിരല്‍’ നാടകത്തില്‍
ഈ നാടകത്തിലെ രോഹിത് എന്ന കഥാപാത്രം ‘അധകൃതന്‍’ എന്ന ബോധം സ്വയം പേറുന്നയാളാണ്.
‘ഞങ്ങള്‍ എല്ലായിടത്തും ഒറ്റപ്പെട്ടു! നിങ്ങളുടെ സ്കൂളില്‍.. കോളേജില്‍... നിങ്ങളുടെ ഹോസ്റ്റലില്‍ ... ബസില്‍... ഓഫീസില്‍..! ഞങ്ങള്‍ക്കുവേണ്ടിയിരുന്നത് അല്പം ദയ മാത്രമായിരുന്നു എന്നാല്‍ എവിടെയും മുഴങ്ങിക്കേട്ടത് ഒന്നുമാത്രം! അധ:കൃതന്‍.. അധ:കൃതന്‍..
രോഹിത് കഴുത്തിലേക്ക് കുരുക്കണിയുന്നത് ഒരു പ്രതിരോധമെന്ന കണക്കാണ്. ദളിതര്‍ പ്രതിഷേധിച്ചോ ദു:ഖിച്ചോ ആത്മഹത്യചെയ്യുന്നത് പ്രതിരോധമല്ലെന്ന തിരിച്ചറിവാണ് വേണ്ടതെന്ന് മറ്റു കഥാപാത്രങ്ങളെക്കൊണ്ട് പറയിപ്പിക്കുന്നു.
ഹിഡിംബി: (അമ്മയോട്) ‘ആ കണ്ണീരുകൊണ്ട് ഈ ചിതയണയ്ക്ക്. എന്നിട്ട് അതില്‍ നിന്ന് നിന്‍റെ മകനെ വലിച്ചുപുറത്തിട്’ അവന്‍ ജീവിക്കും.
അപകര്‍ഷതയും വിലാപവുമല്ല വേണ്ടത് പ്രതിരോധമാണെന്നാണ് ഈ കഥാപാത്രം പറയുന്നത്.
പുരാണങ്ങളും മിത്തുകളും ദളിതരെ എത്രത്തോളം അടിമകളാക്കിക്കളഞ്ഞു എന്നത് ഘടോല്‍ക്കചന്‍റെയും ശൂര്‍പണഖയുടെയും ഏകലവ്യന്‍റെയും വൃത്താന്തത്തിലൂടെ സമര്‍ത്ഥിക്കുന്നു. അന്ന് ചോദ്യം ചെയ്യാതെ അനുസരിച്ചതാണ് തുടര്‍ന്ന് യുഗങ്ങളുടെ അധ:പതനത്തിന് കാരണമെന്ന തിരിച്ചറിവില്‍ പുതിയകാലം ചോദ്യങ്ങള്‍ ആവശ്യപ്പെടുന്നുവെന്ന് ഹിഡിംബിയുടെയും സത്യവതിയുടെയും പ്രതിരോധത്തിലൂടെ വിശദീകരിക്കുന്നുണ്ട്.
ഹിഡിംബി: ڇനഗരത്തിരക്കിന്‍റെ വന്യതയില്‍ ആശ്വാസം കൊള്ളാനായി ആരൊക്കെയോ ചേര്‍ന്നെഴുതിയ മഹാകാവ്യത്തിന്‍റെ പഴന്താളുകളില്‍ ആരായിരുന്നു ഞാന്‍? ആരായിരുന്നു എന്‍റെ മകന്‍ ഘടോല്‍കചന്‍ڈ
സത്യവതി: ചരിത്രം ചമച്ചതും ചമച്ചുകൊണ്ടിരിക്കുന്നതും ആര്‍ക്കുവേണ്ടിയാണ്?
ദളിത് വിമോചനത്തിന് തടസ്സമായി നില്‍ക്കുന്ന എല്ലാ സാഹിത്യവും തമസ്കരിക്കണമെന്ന ആഹ്വാനമാണ് വ്യാസനെ വധിക്കുന്ന സത്യവതിയിലൂടെ നല്‍കുന്നത്. നൂറ്റാണ്ടുകളായി ദളിതര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് അവരെ അടിമകളാക്കി ഒടുക്കിയതിന്‍റെ ചരിത്രസാക്ഷ്യമാണ് ഏകലവ്യന്‍റെ വിരല്‍ അറുത്തു മാറ്റിയ കഥ. ആ കഥയെ അറിയുന്നതിലൂടെ അതിനു പിന്നിലെ ചൂഷണവും നിഷേധിക്കണമെന്ന് നാടകം പറയുന്നു.
സത്യവതി: പിന്നോട്ടല്ല, മുന്നോട്ടുവാ! അറുത്തുമാറ്റപ്പെടാനുള്ളതല്ല പെരുവിരലുകള്‍, പണയം വയ്ക്കാനുള്ളതല്ല നാവുകള്‍..., ആരെയും ഭയന്ന് അടക്കി വയ്ക്കേണ്ടതല്ല നമ്മുടെ പാട്ടുകള്‍...! തോല്‍ക്കാനുള്ളതാവരുത് പോരാട്ടം.. പാട് ഉറക്കെയുറക്കെ പാട്.
ദളിതര്‍ സ്വയം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം എന്നതാണ് ഈ നാടകത്തിന്‍റെ സന്ദേശം വിലാപവും ആത്മഹത്യയും കൊണ്ട് ഒരു വിമോചനവും സാധ്യമാകില്ല.
വെമുലയുടെ ആത്മഹത്യാക്കുറിപ്പ് നാടകത്തിന് ആമുഖമായി നല്‍കിയിട്ടുണ്ട്. അതിന്‍റെ അവസാനത്തില്‍ ഇങ്ങനെ പറയുന്നു.
ڇഒരു ചെറു ചിരിയോടെ നിങ്ങളെന്നെ നിശ്വസിക്കും, അതെ അന്ന് ഞാന്‍ പുനര്‍ജനിക്കും.ڈ
നാടകം അവസാനിക്കുന്നത് കത്തിയെരിയുന്ന വലിയ പുസ്തകത്തിന്‍റെ ദൃശ്യത്തോടുകൂടിയാണ്. അവിടെ പുതിയ കാലത്തിന്‍റെ പ്രതിരോധത്തിന്‍റെ ചുവടുവെയ്ക്കുന്ന കറുത്ത കരുക്കള്‍.
ദളിതര്‍ക്ക് വേണ്ടത് ചരിത്രപാഠം മാത്രമല്ല ചരിത്ര വിശകലനവും വിമര്‍ശനവുമാണെന്ന് രാമായണ-ഭാരത കഥാപാത്രങ്ങളെക്കൊണ്ടുതന്നെ പറയിക്കുന്നു. ദളിതന്‍ ദളിതനെ അറിയുന്നതുപോലെ മറ്റാരും അറിയുന്നില്ല. അതാണ് വാല്മീകിയെ ദളിത് ബോധമുള്ള എഴുത്തുകാരനാക്കിയത്. വേദവ്യാസനാകട്ടെ പിതൃപാരമ്പര്യത്തില്‍ വിശ്വസിക്കുന്നയാളും. ഈ ചരിത്ര പാഠങ്ങള്‍ അറിഞ്ഞ് മുന്നോട്ടുപോകണമെന്ന ദര്‍ശനമാണ് അവതരിപ്പിച്ചത്. ദളിതര്‍ സഹനത്തില്‍ നിന്ന് പ്രതിരോധത്തിലേക്ക് നീങ്ങണമെന്നും അതിന് വിഘാതമായ യാഥാസ്ഥിതിക ദര്‍ശനങ്ങള്‍ ദൂരെയെറിയണമെന്നും നാടകം പറയുന്നു.
ഉപസംഹാരം
ഏതുതരം ചൂഷണത്തിനെതിരെയുമുള്ള ആഹ്വാനമാണ് പുതിയകാല ദളിത് സാഹിത്യം മുന്നോട്ട് വയ്ക്കുന്നത്. അറിവില്ലായ്മയില്‍ നിന്നാണ് സഹനമുണ്ടായതെങ്കില്‍ അറിവില്‍ നിന്ന് പ്രതിരോധമുണ്ടാകണമെന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന ‘വിരല്‍’ നാടകം തുടര്‍ വായനയുടെ സാധ്യതകള്‍ തുറന്നിടുകയാണ്.
ഗ്രന്ഥസൂചി
1. നാടക പൂര്‍ണിമ (2017) ഏകാങ്കനാടകങ്ങള്‍ - പൂര്‍ണ പബ്ലിക്കേഷന്‍സ് കോഴിക്കോട്
2. കെ.ഇ.എന്‍ (1999) കുറുപ്പിന്‍റെ സൗന്ദര്യശാസ്ത്രം - ചിന്താ പബ്ലിക്കേഷന്‍സ്
3. രാജശേഖരന്‍. പി.കെ (2006) ഏകാന്ത നഗരങ്ങള്‍ ഉത്തരാധുനിക മലയാളസാഹിത്യത്തിന്‍റെ സൗന്ദര്യശാസ്ത്രം
4. പോള്‍ എം.എസ് (2019) ഉത്തരാധുനിക കവിതാ പാഠങ്ങള്‍ - കേരള സാഹിത്യ അക്കാഡമി
അര്‍ച്ചന ജി
ഗവേഷക
മലയാള വിഭാഗം
എം.ജി കോളേജ്
തിരുവനന്തപുരം





Comments