ദൂരദർശൻ ഓണം
- GCW MALAYALAM
- Sep 14
- 3 min read
Updated: Sep 15
ഷിബു കുമാർ പി.എൽ.

ദൂരദർശൻ മാത്രം ഉണ്ടായിരുന്ന കാലം. ഞായറാഴ്ചകളിൽ വൈകുന്നേരം സംപ്രേഷണം ചെയ്യുന്ന മലയാളസിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വേറെ ലെവലാണ്. ശനിയാഴ്ച വൈകുന്നേരമുള്ള തിരനോട്ടംപരിപാടിയിൽ പിറ്റേ ആഴ്ചയുള്ള പ്രോഗ്രാമുകളുടെ വിവരങ്ങൾ പറയുമ്പോൾ ഞങ്ങൾ ഏറെ ശ്രദ്ധയോടെ നോക്കിയിരുന്നത് ഞായറാഴ്ചയിലെ സിനിമയും വെള്ളിയാഴ്ച വൈകുന്നേരമുള്ള ചിത്രഗീതവും ഉണ്ടോ എന്നാണ്.
ഞായറാഴ്ച സിനിമയുടെ പേര് നമുക്ക് അറിയേണ്ട ആവശ്യമില്ല. നായകനും നായികയും ആരെന്നറിയണ്ട. മലയാളസിനിമ മാത്രമായിരിക്കണം.
ഡൽഹിയിൽനിന്ന് രണ്ടുമാസത്തിലൊരിക്കലോ,മൂന്നുമാസത്തിലൊരിക്കലോ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരമണിക്ക് മലയാളസിനിമ സംപ്രേഷണം ചെയ്യുമായിരുന്നു.
അതും കാത്തിരുന്ന് കാണാറുണ്ട്.കടവും പെരുന്തച്ചനും മതിലുകളും അങ്ങനെ കണ്ട സിനിമകളാണ്.
വീട്ടിലോ അയൽപക്കങ്ങളിലോ ഒന്നുംതന്നെ അന്നു ടിവി ഇല്ലായിരുന്നു. എന്തിന് കറണ്ട് പോലുമില്ല. ആറ്റിനപ്പുറം അക്കരക്കരയിലുള്ള കക്കിളിമാമന്റെ വീട്ടിലും കേശവമാമന്റെ വീട്ടിലുമാണ് ടിവി ഉള്ളത്. അതും ബ്ലാക്ക് ആൻഡ് വൈറ്റ് ചെറിയ ടി വി. ആ ടിവിയുടെ മുമ്പിൽ അൻപതു അറുപതുപേരാണ് കാണാനെത്തുന്നത്. വീടിനകത്തും പുറത്തും വരാന്തയിലും ജനൽപാളിയിലും നിന്നാണ് സിനിമ കണ്ടിരുന്നത്. എത്രപേർ വന്നാലും അവർക്ക് സിനിമ കാണാനുള്ള സൗകര്യം വീട്ടുകാർ ഒരുക്കിയിരിക്കും.
അവരുടെ അഭിമാനപ്രശ്നമാണ് വരുന്നവരെ സിനിമ കാണിപ്പിക്കുക എന്നത്. ടിവിയിൽ വല്ല പിരിപിരിപ്പും വന്നാൽ ആന്റിന കറക്കേണ്ടത് നമ്മൾ പിള്ളാരുടെ ജോലിയാണ്.
ആഴ്ചയിൽ ഒരിക്കൽ കിട്ടുന്ന ഒരേയൊരു വിനോദോപാധിയാണ് ഞായറാഴ്ചയിലെ സിനിമ. പലരും ഈയൊരു ദിവസത്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്. പ്രത്യേകിച്ച് അണ്ടി ആപ്പീസിൽ പോകുന്ന പെണ്ണുങ്ങളും സ്കൂളിൽ പോകുന്ന നമ്മളും. മുതിർന്ന ആണുങ്ങൾ സിനിമ കാണാൻ വരാറില്ല. അവർ ആ സമയം വൈകുന്നേരം കല്ലുപ്പാലത്ത് പോയിരുന്നു സൊറ പറഞ്ഞിരിക്കും.
ഞായറാഴ്ച വൈകുന്നേരം പലയിടങ്ങളും ആളൊഴിഞ്ഞ പ്രദേശമാകും. ആ ഏലാ മൊത്തം കക്കിളിമാമന്റെയും കേശവൻമാമന്റേയും വീട്ടിൽ നിറയും.
സിനിമ കഴിയുമ്പോൾ രാത്രി എട്ടര ഒൻപതു മണിയാകും. ചൂട്ടു കത്തിച്ചു പിടിച്ചാണ് തിരിച്ചുവരുന്നത്. ആറ്റിനു മുകളിലൂടെയുള്ള ചെറിയ വഴിയിലൂടെ വളരെ ശ്രദ്ധിച്ചു വേണം നടക്കാൻ .അല്ലെങ്കിൽ ആറ്റിനകത്ത് ആയിപ്പോകും. വൈകുന്നേരം തുടങ്ങുന്ന സിനിമയുടെ ഇടയിലെ ഏകവില്ലൻ 7 30 നുള്ള മലയാളം വാർത്തയാണ്. സിനിമ ആസ്വദിച്ചിരിക്കുന്ന സമയത്തെ വാർത്ത പലപ്പോഴും നമുക്ക് അരോചകമായിരുന്നു. 'വാർത്ത വായിക്കുന്നവർ ചത്തു പോകട്ടെ' എന്നു പ്രാർത്ഥിച്ചാണ് ആ സമയം ഇരിക്കുന്നത്. പക്ഷേ, ഒരുത്തനും ചത്തില്ല, എന്നും വാർത്ത വായിക്കുന്നവർ വാർത്ത വായിച്ചു. പ്രധാനനഗരങ്ങളിലെ താപനില പറയുമ്പോൾ നമ്മൾ ഉണരും.വാർത്ത തീരാറായി എന്ന് സാരം.വാർത്തയും പരസ്യവും ചേരുമ്പോൾ രണ്ടരമണിക്കൂർ നീളമുള്ള സിനിമ തീരാൻ മൂന്നര -നാലു മണിക്കൂർ ആകും .
സഹിക്കാനും ക്ഷമിക്കാനും പഠിച്ചത് അവിടെനിന്നാണ്.
ഓണനാളുകളാണേൽ പിന്നെ പറയണ്ട. സിനിമയുടെ ഇടയിൽ അല്ല അപ്പോൾ പരസ്യം, പരസ്യത്തിന്റെ ഇടയിലാണ് സിനിമ. മറ്റൊരു ഇഷ്ടപ്രോഗ്രാമായ ചിത്രഗീതം വാലും തുമ്പും ഇല്ലാതെയാണ് പരസ്യത്തിനു വേണ്ടി സംപ്രേഷണം ചെയ്തിരുന്നത്.തുണി ഉള്ളതും തുണിയില്ലാത്തതുമായ പരസ്യങ്ങളും എപ്പോഴൊക്കെയോ ആസ്വദിച്ചു. ഒരു തരത്തിൽ പരസ്യങ്ങളും. സർഗാത്മകമായിരുന്നു. 'തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു' എന്നെഴുതിക്കാണിക്കുമ്പോൾ പോലും സന്തോഷിച്ചിരുന്നു. കാരണം ആന്റിനയുടെ കുഴപ്പമല്ലെന്നറിഞ്ഞതിൽ.
ചില ദിവസങ്ങളിൽ ഇലക്ട്രിസിറ്റി പണിമുടക്കും. പോയ കറണ്ട് പോയതുതന്നെ. പിന്നെ വന്നാൽ വന്നു. വന്നാൽ മിച്ചം കണ്ടു തൃപ്തി അടയും. കാണാത്ത ഭാഗം സ്കൂളിൽ പോയി കണ്ടവരോട് ചോദിച്ചു മനസ്സിലാക്കും.
ഞായറാഴ്ച കണ്ട സിനിമ പിറ്റേദിവസം തിങ്കളാഴ്ച ക്ലാസ്മുറിയിൽ ചർച്ചയ്ക്ക് വിഷയമാകും. കാണാതിരുന്നവന് ചർച്ചയിൽ പങ്കെടുക്കാൻ കഴിയില്ല. സിനിമ കാണാത്തവർ ഞായറാഴ്ച രണ്ടുമണിക്കുശേഷം ആകാശവാണി സംപ്രേഷണം ചെയ്ത ഏതെങ്കിലും സിനിമയുടെ ശബ്ദരേഖ കേട്ടിട്ട് അതിനെക്കുറിച്ച് ചർച്ച ചെയ്യും. എന്തായാലും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഇടവേള ക്ലാസ് മുറിയിൽ സിനിമ ചർച്ചയായിരിക്കും, ആകാശവാണിയിലെ ശബ്ദരേഖയും ദൂരദർശനിലെ സിനിമയും.
ഞായറാഴ്ച അങ്ങനെ ഞങ്ങളുടെ ഇടയിൽ അത്ഭുതദിവസമായി. ചിത്രഗീതവും സിനിമയും വല്ലാത്ത അനുഭവമായി മാറി .
പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ അധ്യാപകരുടെ പരാതി ടിവിയെപ്പറ്റിയാണ്. ആഴ്ചയിലൊരിക്കൽ കാണുന്ന സിനിമയാണ് നമ്മളെ പഠിത്തത്തിൽ മോശമാക്കുന്നത്. അല്ലാതെ നമ്മൾ പഠിക്കാത്തതല്ല.
- എല്ലാക്കാലത്തും ടെക്നോളജിയെ കുറ്റം പറഞ്ഞില്ലെങ്കിൽ മുതിർന്നവർക്ക് ഉറക്കം വരില്ല.-
അന്നു വിലപിടിപ്പുള്ളതും വിപണിയിൽ ഏറ്റവും ഡിമാൻഡ് ഉള്ളതുമായ സാധനവും ടിവിയായിരുന്നു. ഗൾഫുകാരുടെ വീട്ടിലാണ് ടിവിയും വിസിആറും ആദ്യമൊക്കെ ഉണ്ടായിരുന്നത്. നമ്മുടെ നാട്ടിൽ അത്തരക്കാർ കുറവായതുകൊണ്ടാവാം ടിവി വരാൻ ലേറ്റായത്.
ടിവി പിന്നീട് അത്ഭുതമായി മാറിയത് തൊട്ടടുത്ത വെള്ളം കൊള്ളി വീട്ടിലെ വിനുവണ്ണൻ കളർ ടിവി എടുത്തതോടെയാണ്. പച്ച പച്ചയായി കാണുന്നു,ചുവപ്പ് ചുവപ്പ് ആയി കാണുന്നു.
വിശ്വസിക്കാനായില്ല.
കാണാൻ നല്ല ചന്തം .പക്ഷേ, ക്രിക്കറ്റ് ഭ്രാന്തനായ വിനുവണ്ണൻ ഇരുട്ടെ വെളുക്കെ വെള്ളയും വെള്ളയും ഇട്ടു കളിക്കുന്ന ഏതൊക്കെയോ രാജ്യത്തിന്റെ ക്രിക്കറ്റ്കളികൾ കണ്ടിരുന്നു. കളർ ടിവിയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കളി കണ്ടു അണ്ണൻ അറുമാദിച്ചു .ഇടയ്ക്കിടയ്ക്ക് സിക്സ്, ഫോർ എന്നൊക്കെ പറഞ്ഞ് അട്ടഹസിക്കും. തറയിലിരുന്നു ഞങ്ങൾ കഥയറിയാതെ ആട്ടം കണ്ടു.
കൂടെയിരുന്നു വെറുതെ കണ്ടു കണ്ടു ഞാനും ക്രിക്കറ്റ് പഠിച്ചു.കളി നിയമങ്ങളെക്കുറിച്ചും കളിക്കാരെക്കുറിച്ചും പഠിപ്പിച്ചു തന്നത് 'വിനുഗുരു' തന്നെയാണ്.പിന്നെ സിനിമയല്ല,ക്രിക്കറ്റ് ആയി കമ്പം. 1996 ലെ ലോകകപ്പ് കളിയോടുകൂടി ക്രിക്കറ്റ് തലച്ചോറിലും രക്തത്തിലും അലിഞ്ഞു ചേർന്നു. ടൈറ്റാൻ കപ്പും ഷാർജ കപ്പും ക്രിക്കറ്റ് തലയ്ക്കുപിടിച്ചവനെ ഉന്മാദിയാക്കി.
ഞായറാഴ്ച രാവിലെ 9 മണിക്കുള്ള ശ്രീകൃഷ്ണ, ഉച്ചയ്ക്ക് 12 മണിക്കുള്ള പഴയ സിനിമാഗാനങ്ങളുടെ സ്മൃതിലയം എല്ലാം കണ്ടു.അങ്ങനെ അങ്ങനെ സിനിമ കാണാൻ മാത്രം പോയിരുന്ന ഞങ്ങൾ പിന്നീട് ടിവി കാണാൻ പോകുന്നവരായി.
ടി വി കാണാൻ വീട്ടിൽനിന്നു അനുവാദം കിട്ടുന്നതിനായി എന്തെല്ലാം ത്യാഗങ്ങളും ജോലികളുമാണ് നമ്മൾ ചെയ്തിരുന്നത്.
ആലോചിക്കുമ്പോൾ ഇപ്പോൾ ചിരിവരും. എന്റെ വീട്ടിൽ നാലു പേരെയും ഒരേസമയം ടിവി കാണാൻ അനുവദിക്കാറില്ല. ഓരോരുത്തർക്കും ഊഴമുണ്ട് ഊഴംപ്രകാരമാണ് പോകേണ്ടത്.ഈയാഴ്ച പോയവൻ അടുത്താഴ്ച പോകാൻ പാടില്ല. ഇക്കാരണംകൊണ്ട് പലപ്പോഴും പല നല്ല സിനിമകളും എനിക്കു നഷ്ടമായിട്ടുണ്ട് .
ഇന്ന് സിനിമയും ടിവിയും ഒരു അത്ഭുതമല്ലാതായി മാറി. ദൂരദർശൻ ആർക്കും വേണ്ടാതായി. ജിയോ സിനിമയിലും ടെലഗ്രാമിലും ഹോട്ട് സ്റ്റാറിലും ആമസോൺ പ്രൈമിലും സിനിമകൾ കെട്ടിക്കിടക്കുന്നു. കാണാൻ സമയമില്ല. എങ്കിലും ചൂട്ടും കത്തിച്ചു ജീവിതനൗകയും തച്ചോളി ഒതേനനും ലങ്കാദഹനവും ചിത്രവും തറയിൽ ഇരുന്നു കണ്ടത് പുതിയകാലത്തെ തിയേറ്റർ അനുഭവങ്ങളെക്കാളും മനോഹരമായിരുന്നു..
സച്ചിന്റെയും ഗാംഗുലിയുടെയും സേവാഗിന്റെയും ജഡേജയുടെയും കുമ്പളെയുടെയും ശ്രീനാഥിന്റെയും കളികൾ കാത്തിരുന്നു കണ്ട കാലം.
അവരെ ആരാധിച്ചിരുന്ന പ്രായം . സച്ചിൻ ഔട്ട് ആകുന്നത് ഉൾക്കൊള്ളാൻ കഴിയാതിരുന്ന മനസ്സ്. ഇന്ത്യ തോറ്റാലും, സച്ചിൻ സെഞ്ച്വറി അടിക്കണം എന്ന് ആഗ്രഹിച്ച രാജ്യദ്രോഹി.
എന്തൊരു കാലമായിരുന്നു അത്.
എല്ലാത്തിനും കാരണം ദൂരദർശൻ മാത്രം. ലോകത്തെ ഒരു പെട്ടിക്കുള്ളിലൂടെ നമ്മൾ അന്നു കണ്ടു. വീടിനു പുറത്തൊരു ലോകം അറിഞ്ഞത് ദൂരദർശനിലൂടെയായിരുന്നു.
ദൂരദർശനില്ലാതെ ഓർമ്മയിലെ ഒന്നും പൂർത്തിയാകില്ല.ഓണംപോലും ദൂരദർശനാണ്.പഴയ ഓണം ദൂരദർശന്റെ ചരിത്രം കൂടിയാണ്.നാലാം ഓണംവരെ ഉച്ചയ്ക്ക് സിനിമയുണ്ട്. ഓണത്തിന് ഞങ്ങളെ സന്തോഷിപ്പിക്കുന്ന ഏകഘടകം അതാണ്.
രാജ്യത്തെ പ്രമുഖ വ്യക്തികൾ മരിച്ചാൽ ദൂരദർശനും ആകാശവാണിയും പ്രത്യേകതരം മ്യൂസിക് ഇട്ട് രാജ്യത്തോടൊപ്പം കരയും. അതുമാത്രം ഞങ്ങൾക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.
മരവിച്ച മുഖഭാവത്തോടുകൂടി വാർത്ത വായിക്കുന്ന താടിക്കാരനായ ബാലകൃഷ്ണനെയും സുന്ദരിയായ അളകനന്ദയെയും പല പ്രോഗ്രാമുകൾക്കിടയിലൂടെയും ഞങ്ങൾ കണ്ടിരുന്നു.
അവരെ ആദ്യമൊക്കെ വെറുത്തിരുന്നെങ്കിലും പിന്നീട് എപ്പഴോ ഇഷ്ടപ്പെട്ടു. പയ്യെ പയ്യെ ഇവർ വാർത്ത വായിക്കുന്നത് കേൾക്കാൻ കാത്തിരുന്നു.- ഓണസ്സിനിമപോലെ-.
ദൂരദർശൻ വെറുമൊരു വിഡ്ഢിപ്പെട്ടി അല്ലായിരുന്നുവെന്നു കാലം സാക്ഷി.
ദൂരദർശൻ ഓർമ്മയാണ്
സുന്ദരമായ ഓർമ്മ.
ഓണംപോലെ സുന്ദരമായ ഓർമ്മ.





Comments