ധ്വനിസിദ്ധാന്തവും ഉടലറിവും: ധ്വന്യാലോകം ഒന്നാം ഉദ്യോതത്തെ മുൻനിർത്തിയുള്ള അപഗ്രഥനം
- GCW MALAYALAM
- Sep 14
- 9 min read
Updated: Sep 15
ഡോ. ശരത് ചന്ദ്രൻ

പ്രബന്ധസംഗ്രഹം
വ്യക്തിയുടെ ശരീരവും ഭൗതികചുറ്റുപാടുകളും തമ്മിലുള്ള ഇടപെടലിന്റെ ഭാഗമായിട്ടാണ് സങ്കല്പനപ്രക്രിയകൾ നടക്കുന്നതും ധൈഷണികവൃത്തികൾ നിലനില്ക്കുന്നതും എന്ന് ധൈഷണികശാസ്ത്രങ്ങൾ വ്യക്തമാക്കുന്നു. അവ മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട പരികല്പനകളിലൊന്നാണ്, അറിവിന്റെ ആധാരം ശരീരമാണ് എന്നത്. ശരീരത്തെ അടിസ്ഥാനമാക്കി അല്ലെങ്കിൽ, ശരീരത്തിലൂടെയാണ് നാം ലോകത്തെ അനുഭവിക്കുന്നത്. ശരീരത്തിൽനിന്നാണ് അർഥവും ഉല്പാദിപ്പിക്കുന്നത്. സാഹിത്യത്തെ സംബന്ധിച്ചും, ഭാഷയിലൂടെ വായനക്കാർക്കു ലഭിക്കുന്ന അവബോധമാണ് അർഥം. ഇതു ചിലപ്പോൾ ഒരു പദത്തിൽനിന്നോ, വാക്യത്തിൽനിന്നോ, ഒരു പ്രകരണത്തിലൂടെയോ ആവാം. എഴുത്തുകാരും വായനക്കാരും തമ്മിൽ നടക്കുന്ന വിനിമയത്തിലൂടെ സൃഷ്ടിക്കുന്ന അറിവാണ് സാഹിത്യാർഥം. ഇത് ഉടലറിവിന്റെ അടിസ്ഥാനത്തിലാണ് ഉരുവപ്പെടുന്നത് എന്ന് ഇന്ത്യൻ സാഹിത്യാപഗ്രഥനപദ്ധതിയായ ധ്വനിസിദ്ധാന്തത്തെ ആധാരമാക്കി വിശകലനം ചെയ്യാനാണ് പ്രബന്ധം ശ്രമിക്കുന്നത്. ധ്വന്യാലോകം ഒന്നാം ഉദ്യോതത്തിൽ ധ്വനിസിദ്ധാന്തം വ്യക്തമാക്കുന്നതിൻ്റെ ഭാഗമായി ഉടലറിവ് എന്ന സങ്കല്പം എങ്ങനെയെല്ലാം കടന്നുവരുന്നു എന്ന് പരിശോധിക്കുന്നു. അതിലൂടെ ധൈഷണികസൗന്ദര്യശാസ്ത്രത്തിൻ്റെ പരികല്പനകളെ ഇന്ത്യൻ കാവ്യമീമാംസയിൽ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം എന്ന അന്വേഷണത്തിൻ്റെ ഭാഗമാകുകയും അറിവാർജ്ജനത്തിലും ഭാഷാപ്രയോഗങ്ങളിലും ഉടലറിവ് എങ്ങനെയെല്ലാം ഉള്ളടങ്ങിയിരിക്കുന്നുണ്ട് എന്നു കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
താക്കോൽ വാക്കുകൾ: സങ്കല്പനം, ബിംബവ്യവസ്ഥ, ഉടലറിവ്, ധ്വനി, ബിംബശൃംഖല, ഉപാദാനലക്ഷണ, ലക്ഷകം.
ധ്വനിയിലെ ഉടൽ
മനുഷ്യർ പൂർവ്വാനുഭവങ്ങളിലൂടെ ആർജ്ജിച്ചെടുക്കുന്ന അറിവാണ് സങ്കല്പനം. വിവിധ തരത്തിലുള്ള സങ്കല്പനങ്ങളിലൂടെ നേടിയെടുക്കുന്ന ജ്ഞാനത്തിന്റെ ഘടനയെയാണ് ബിംബവ്യവസ്ഥ എന്നു വിളിക്കുന്നത്. ഇത് ഭാഷാപരമെന്നതിലപ്പുറം സങ്കല്പനമായ/ ധൈഷണികമായ പ്രാതിനിദ്ധ്യങ്ങളുമായി ബന്ധപ്പെടുന്ന ഒന്നാണ്. ആളുകളുടെ മനസ്സിലെ അർഥങ്ങളാണ് ഇതിൽ പ്രധാനം; സാഹിത്യത്തിലെ വാക്കുകളല്ല. അതായത്, ഒരു വസ്തുവോ ആശയമോ സങ്കല്പനമോ ആയി ബന്ധപ്പെട്ട് ഒരു വ്യക്തിയുടെ ഓർമ്മയിലുള്ള അറിവിന്റെ ആകെത്തുകയെയാണ് ജ്ഞാനബിംബവ്യവസ്ഥ എന്നുപറയുന്നത്. ഉദാഹരണത്തിന്, തത്ത എന്നൊരു വാക്ക് കേൾക്കുന്ന ഒരാളുടെ ഓർമ്മയിൽ അടിസ്ഥാനപരമായി പക്ഷി, ചിറക്, തൂവൽ, പറക്കുന്നത്, മുട്ടയിടുന്നത്, കൊക്കുകളുള്ളത്, നിറമുള്ളത്, ശബ്ദിക്കുന്നത്, ഭംഗിയുള്ളത് എന്നിങ്ങനെ അനേകം ബിംബങ്ങളോടു കൂടിയ മാനസികപ്രതിനിധാനമായിരിക്കും ആദ്യം കടന്നുവരുന്നത്. ഇത് പൂർവ്വാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇവയെല്ലാം കൂടിച്ചേർന്നുള്ള ഒരു ജ്ഞാനമാതൃകയിലാണ് തത്തയെ മനസ്സിലാക്കാൻ കഴിയുന്നത്. ഇതുമായി ബന്ധപ്പെടുന്ന ഓരോ അനുഭവത്തിലും ഈ അറിവിനെ ഉപയോഗിക്കുകയും പുതിയ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഓർമ്മയിലുള്ള ധാരണകളെ പുതുക്കുകയും ചെയ്യുന്നു. അതായത് ചിലപ്പോൾ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തുന്നു.
നമ്മുടെ അറിവിന്റെ വലിയൊരു പങ്കും ഇത്തരത്തിൽ സങ്കല്പനപരമായി ആർജിക്കുന്നതാണ്. ഒരു അർഥത്തിലേക്ക് എത്തിച്ചേരാൻ ഓർമ്മയിലുള്ള/ ചിതറിക്കിടക്കുന്ന നിരവധി ബിംബങ്ങളെ കൂട്ടിച്ചേർത്ത് സമഗ്രമായ ഒന്നാക്കി മാറ്റുന്നു. ധൈഷണികഭാഷാശാസ്ത്രപഠനങ്ങൾ സൂചിപ്പിക്കുന്നത്, ‘രണ്ട് ഡസനില ധികം വ്യത്യസ്ത ബിംബശൃംഖലകളും നിരവധി ബിംബശൃംഖലാ പരിവർത്തനങ്ങളും ആളുകളിൽ പതിവായി ദൈനംദിന ചിന്തയുമായും യുക്തിയുമായും ഭാവനയു മായും ബന്ധപ്പെട്ട് നടക്കുന്നുണ്ട് എന്നാണ്’(Lakoff and Johnson, 1999). ഇതാണ് ഉടലറിവിനും അടിസ്ഥാനം. ഇവിടെ ശരീരം എന്നത് മനുഷ്യരുടെ സാംസ്കാരികവും ഭൗതികവും ജൈവികവുമായ നിരവധി ഘടകങ്ങളുടെ ആകെത്തുകയാണ്. ബിംബശൃംഖലകളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തുന്ന ജ്ഞാനമാതൃകയുടെ സഹായത്താൽ അറിവിനെ ഓർമ്മയിൽ സൂക്ഷിച്ചുവെക്കുന്നു. ഉദാഹരണത്തിന്, ‘അവൻ മുറിയിലാണ്’ എന്ന വാക്യം പരിശോധിച്ചാൽ, അവന്റെ ശരീരം നാലുചുവരു കളുള്ള ഒന്നിന്റെ ഉള്ളിലാണ് എന്നാണു മനസ്സിലാകുന്നത്. ഇവിടെ ശരീരമാണ് അകത്തുള്ളത്. മുറിക്ക് ഒരു അതിർത്തിയും പുറവും ഉണ്ട്. മുറിയെ അകവും പുറവു മുള്ള ഒരു പാത്രവ്യവസ്ഥയിലാണ് നാം മനസ്സിലാക്കുന്നത്. ചുവരുകളാകുന്ന അതിർത്തി ശരീരത്തെ പുറംഭാഗത്തുനിന്നും വേർതിരിച്ചു നിർത്തുന്നു. അതായത്, പുറംലോകവുമായുള്ള അവന്റെ ബന്ധം ചുവരുകൾ മറച്ചിരിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. അതിനെ ഭേദിച്ചാൽ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ മറികടന്നാൽ മാത്രമേ പുറത്തേയ്ക്ക് എത്തിച്ചേരാൻ ശരീരത്തിനു കഴിയൂ. പുറത്തുനിന്നു പൂട്ടിയിട്ടുള്ള മുറിയാണ് എങ്കിൽ തീർച്ചയായും മറ്റൊരാളുടെ സഹായവും ആവശ്യമാണ്. പുറത്ത് എത്തിക്കഴിഞ്ഞാൽ അവൻ മുറിയിലാണ് എന്ന വാക്യത്തിന് അർഥമില്ല. അപ്പോഴും പാത്രവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ തന്നെ യാണ് സങ്കല്പനം നടക്കുന്നത്. അവിടെ ശരീരം മറ്റൊരു പാത്രവ്യവസ്ഥ യിലേക്കു മാറുകയാണ് ചെയ്യുന്നത്. അത് വേറൊരു മുറിയോ, വീടോ, നാടോ എന്നിങ്ങനെ പലതുമാകാം. ഇത്തരത്തിൽ ശരീരം സ്ഥിതിചെയ്യുന്ന ഇടത്തെ അകം - പുറം - അതിര് എന്നിങ്ങനെയുള്ള ബിംബശൃംഖലയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തുന്ന പാത്രവ്യവസ്ഥയിലാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത്തരത്തിൽ പാത്രവ്യവസ്ഥയിലൂടെയാണ് നാം പല കാര്യങ്ങളും സങ്കല്പനം ചെയ്യുന്നത്. പുറത്ത് എത്തുമ്പോൾ അതിര് അകവുമായുള്ള ബന്ധം ഇല്ലാതാക്കുകയും മറ്റാെരു പാത്രത്തിനുള്ളിൽ നിലനിർത്തുകയും ചെയ്യുന്നു. ഇതിനു സമാനമായ ബിംബവ്യവസ്ഥ ഉപയോഗിച്ചാണ് ‘അവൻ ബസിലാണ്’, ‘അവൾ പ്രണയത്തിലാണ്’, ‘അവർ സെമിനാറിലാണ്', ‘അവൻ വിഷാദത്തിലാണ്’, ‘അവൾ കോമയിലാണ്’ എന്നിങ്ങനെ ആയിരക്കണക്കിനു അർഥസാധ്യതകളുള്ള പ്രയോഗ ങ്ങളിലേക്കു പോകുന്നത്. ഇവ കൂടിച്ചേർന്ന് ഒരു ജ്ഞാനമാതൃക രൂപപ്പെടുകയും ചെയ്യുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ ധ്വന്യാലോകത്തിലെ ഭാഷാസ്വഭാവത്തെ വിശകലനം ചെയ്യുമ്പോൾ, വന്ദനശ്ലോകത്തിനുശേഷം ആനന്ദവർധനൻ ധ്വനി എന്താണ് എന്നു വ്യക്തമാക്കുന്നതിൻ്റെ ഭാഗമായി പറയുന്ന കാരികയുടെ ആരംഭത്തിൽ വരുന്ന വാക്യമാണ് “കാവ്യസ്യാത്മാ ധ്വനിരിതി ബുധൈർയഃ”(ആനന്ദവർധനൻ, 1996/2008: 2) എന്നത്. ഇതിൽ പറയുന്ന കാവ്യസ്യ ആത്മായഃ എന്നത് കാവ്യത്തിൻ്റെ ആത്മാവായിട്ട് അറിവുള്ളവർ മുമ്പ് പറഞ്ഞിട്ടുള്ളത് എന്തോ അതാണ് ധ്വനി എന്നാണ്. ഇവിടെ ആനന്ദവർധനൻ ധ്വനിയെ കാവ്യത്തിൻ്റെ ആത്മാവായിട്ട് സങ്കല്പനം ചെയ്യുന്നു.[1] അപ്പോൾ കാവ്യം എന്നത് ശരീരമാകുന്നു. അങ്ങനെ ധ്വന്യാലോകത്തിലെ ആദ്യ ശ്ലോകം മുതൽ ഉടലറിവ് എന്ന ആശയം പ്രകടമാകുന്നു. ശരീരവും ആത്മാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഇന്ത്യൻ സങ്കല്പവും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. കാവ്യമാകുന്ന ശരീരത്തിലെ ആത്മാവായിട്ടുള്ള ധ്വനിയുടെ പ്രാധാന്യം അപ്പോഴാണ് വ്യക്തമാകുക. തുടർന്നുവരുന്ന കാരികയിലും അതിൻ്റെ വ്യാഖ്യാനത്തിലും ആനന്ദവർധനൻതന്നെ കാവ്യത്തെ ശരീരമായും, കാവ്യാത്മാവായിട്ടു വരുന്ന അർഥത്തെക്കുറിച്ചും അതിൻ്റെ ഭേദങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്.[2] അതുകൊണ്ടാണ് ഭാമഹൻ മുതലുള്ള ആലങ്കാരികന്മാർ കാവ്യത്തെ ശരീരമായികാണുകയും ശരീരത്തെ അലങ്കരിക്കുന്നതിൻ്റെ ഭാഗമായി വിവിധ ഘടകങ്ങൾക്ക്(അവയവങ്ങൾക്ക്) അലങ്കാരങ്ങളാകുന്ന ആഭരണങ്ങൾ അണിയിക്കുന്നത്. ഇത്തരം ഘട്ടത്തിൽ ഭാമഹനെയും കുന്തകനെയുംപോലെ ആനന്ദവർധനനും കാവ്യമാകുന്ന ശരീരത്തെ ഒരു സ്ത്രീ ഉടലായാണ് സങ്കല്പനം ചെയ്യുന്നത്. ധ്വനി എന്താണ് എന്നു പറയുന്നതിൻ്റെ ഭാഗമായി ആനന്ദവർധനൻ പറയുന്നു: “മഹാകവികളുടെ വാങ്മയങ്ങളിൽ പിന്നെ വ്യംഗ്യമായുള്ള മറ്റൊന്ന് ഉള്ളത് ഏതോ അത് സ്ത്രീകളിൽ സൗന്ദര്യം പോലെ പ്രസിദ്ധാവയവങ്ങളിൽ നിന്നു വേറിട്ടു തെളിഞ്ഞു വിളങ്ങുന്നു”(8)[3] എന്ന്. കാവ്യത്തിലെ അർഥം ശരീരമാകുന്ന പ്രസിദ്ധാവയവങ്ങളിൽനിന്നും വേറിട്ടുനിന്ന് പ്രകാശിക്കുകയും അത് സഹൃദയരുടെ കണ്ണിന് അമൃതായിരിക്കുന്ന ഒന്നാണെന്നും പറയുന്നു. ധ്വനി എന്ന സങ്കല്പം അലങ്കാരങ്ങളിൽനിന്നും ഭിന്നമാണ് എന്നു പറയുന്നതിനാണ് സ്ത്രീശരീരവുമായി ബന്ധിപ്പിച്ച് ആനന്ദവർധനൻ സങ്കല്പനം നടത്തുന്നത്. പ്രസിദ്ധാവയവങ്ങളായിട്ടാണ് ശരീരഭാഗങ്ങളെ കല്പിപ്പിച്ചിരിക്കുന്നത്. അതിനെല്ലാം അപ്പുറത്തുനില്ക്കുന്ന ശരീരത്തിൻ്റെ നിർവചനാതീതമായ ഭംഗിയായാണ് ധ്വനിയെ അവതരിപ്പിക്കുന്നത് എന്നുകാണാം.
ഇവിടെ കാവ്യത്തിനുള്ളിലെ അർഥം ധ്വനി അല്ലെങ്കിൽ കാവ്യത്തിനുള്ളിൽ ഉണ്ടാവേണ്ടത് ധ്വനി എന്നു പറയുമ്പോൾ സങ്കല്പനം നടത്തുന്നത് മുകളിൽസൂചിപ്പിച്ച പാത്രവ്യവസ്ഥയിലാണ്. ഇവിടെ കാവ്യത്തെ ഒരു പാത്രമായും അതിനുള്ളിലുള്ള ഒന്നായി ധ്വനിയെയും സങ്കല്പനം ചെയ്യുന്നു. ഇതിൻ്റെ അടിസ്ഥാനധാരണ ഉടലറിവിൽ അധിഷ്ഠിതമാണ്. ശരീരത്തെ അകവും പുറവുമുള്ള ഒന്നായിട്ടാണ് നാം മനസ്സിലാ ക്കുന്നത്. പ്രാഥമികമായ അറിവും ഇതാണ്. മുകളിൽ സൂചിപ്പിച്ച ഉദാഹരണത്തിൽ, മുറി എന്നതിനെ ഒരു പാത്രവ്യവസ്ഥയുടെ അടിസ്ഥാനത്തിൽക്കൂടി നാം മനസ്സിലാ ക്കുന്നുണ്ടെന്ന് സൂചിപ്പിച്ചുവല്ലോ. അകം, പുറം, അതിർത്തി എന്നിങ്ങനെയുള്ള ഒരു ബിംബശൃംഖലയെ രൂപീകരിച്ചിരിക്കുന്നതിനു പിന്നിൽ ഉടലറിവാണ് പ്രാഥമികമായി നിലനില്ക്കുന്നത്. കാരണം, ശരീരത്തെ നാം അകവും പുറവുമുള്ള ഒന്നായിട്ടാണു കാണുന്നത്. അടിസ്ഥാനപരമായി നാം ചെയ്യുന്ന ഒരു കാര്യമാണ് ശ്വാസം അകത്തേക്കു വലിയ്ക്കുക, പുറത്തേക്കു വിടുക എന്നത്. ഇതിലൂടെ ശരീരത്തെ അകവും പുറവുമായി മനസ്സിലാക്കിയിരിക്കുന്നു. ഈ ബിംബശൃംഖലയുടെ വിപുലമായ ആവിഷ്കാരങ്ങളാണ് പിന്നീട് ഭാഷയിൽ നടത്തുന്നത്. ‘അവൻ മുറിയി ലാണ്’ എന്ന ഉദാഹരണത്തിനു പകരം ‘പൂച്ച മുറിയിലാണ്’ എന്നായിരുന്നെങ്കിലും അത് ഉടലറിവിനെ മുൻനിർത്തിത്തന്നെയാണ് അർഥത്തിലേക്ക് എത്തിച്ചേരാൻ സഹായിക്കുന്നത്. ഇത്തരത്തിൽ അകം - പുറം വിന്യാസക്രമത്തിന്റെ അടിസ്ഥാനത്തിൽ നിത്യജീവിതത്തിൽ മനസ്സിലാക്കിയെടുക്കുന്ന കാര്യങ്ങളെക്കുറിച്ച് ജോൺസന്റെ പഠനത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് ലക്കോഫും ടർണറും(1989) വ്യക്തമാക്കുന്നുണ്ട്. പാത്രം, വീട്, പെട്ടി, മുറികൾ, കെട്ടിടങ്ങൾ, വാഹനങ്ങൾ എന്നു തുടങ്ങിയുള്ള ഭൗതികവസ്തുക്കൾ മുതൽ സ്നേഹം, രോഗം, ഭയം, പ്രണയം, ആശയങ്ങൾ എന്നിങ്ങനെ പലതിനെയും ഇതിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കാം. കാവ്യത്തെ ഉടലറിവിലധിഷ്ഠിതമായി സങ്കല്പനം നടത്തുന്നതിൻ്റെ അടിസ്ഥാനത്തിലുള്ള രേഖാചിത്രമാണ് തുടർന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.
ഭാഷയിൽ ആധാരത്തെ കുറിക്കുന്ന ‘-ഇൽ’ പ്രത്യയം ഉപയോഗിക്കുന്ന എല്ലാ കാര്യങ്ങളെയും ഈ ജ്ഞാനമാതൃകയുടെ അടിസ്ഥാനത്തിലാണ് നാം മനസ്സിലാക്കുന്നത്. ആശയം പുറത്തോ അതിർത്തിയിലോ ആയിരുന്നാലും ജ്ഞാനമാതൃക ഇതുതന്നെയായിരിക്കും സ്വീകരിക്കുക. ബിംബവ്യവസ്ഥ എന്നത് ഇവിടെ പ്രധാനമാണ്. ഓരോ അർഥത്തെയും രൂപപ്പെടുത്തുന്നതിനുപിന്നിലും പല തരത്തിലുള്ള ബിംബവ്യവസ്ഥകളായിരിക്കും പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ, അതുവരെയുണ്ടായിരുന്ന അർഥത്തെക്കുറിച്ചുള്ള ആലോചനകളെ തിരുത്തിക്കൊണ്ട് ശരീരവും ലോകവും തമ്മിൽ നടത്തുന്ന ഇടപെടലുകളിൽ നിന്നാണ് അർഥം ഉണ്ടാകുന്നത് എന്ന് ധൈഷണികാർഥപഠനം വാദിക്കുന്നു. അസ്തിത്വം, സവിശേഷത, ബന്ധം എന്നിങ്ങനെ മൂന്നു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ലോകത്തിലുള്ളതെല്ലാം സ്ഥിതിചെയ്യുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽക്കൂടിയാണിത്.
ധൈഷണികശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട മൂന്നു കണ്ടെത്തലുകൾ ഇതിന്റെയെല്ലാം പിന്നിൽ അടിസ്ഥാനമായി വർത്തിക്കുന്നു:
1. മസ്തിഷ്കം ഉടലറിവിൽ അന്തർലീനമാണ്.
2. ചിന്ത മിക്കവാറും അബോധാത്മകമാണ്.
3. അമൂർത്തമായ ആശയങ്ങൾ അധികവും ലക്ഷകാത്മകമാണ്(Lakoff, Mark Johnson, 1999: 14).
മനസ്സ് എന്നതിനെ ധൈഷണികശാസ്ത്രങ്ങളിലെല്ലാം ഉടലുമായി ബന്ധിപ്പിച്ചാണ് മനസ്സിലാക്കുന്നത്. ജോൺസണും(1987, 2008) ടർണറും(1991, 1996) ഇതു കൃത്യമായി വ്യക്തമാക്കുന്നുണ്ട്. മനുഷ്യവംശത്തിന്റെ പരിണാമത്തിന്റെയും സംസ്കാര ത്തിന്റെയും ആകെത്തുകയാണ് ഇന്നു കാണുന്ന ഓരോ വ്യക്തിയും. നാം ഇടപെടുന്ന ലോകവും ചുറ്റുപാടുകളുമായി ബന്ധപ്പെട്ട് ഒരു ജ്ഞാനമാതൃക നിർമ്മിക്കുകയും അതിനുള്ളിൽനിന്നുകൊണ്ട് നമ്മുടെ മസ്തിഷ്കം നമ്മളെയും ലോകത്തെയും മനസ്സിലാക്കുകയും ഇടപെടുകയും അർഥത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുപോലെ നമ്മുടെ ചിന്തകൾ വലിയൊരളവും അബോധത്തിലാണു നടക്കുന്നത്. പക്ഷേ അത് ഫ്രോയ്ഡിന്റെ ‘അബോധം’ എന്ന പരികല്പനയല്ല. ഇത് ശക്തമായി നമ്മുടെ ധൈഷണികതലത്തിനു താഴെ പ്രവർത്തിക്കുന്നു എന്ന അർഥത്തിൽ അബോധം എന്നു വിളിക്കുന്നു. പക്ഷേ, ‘ബോധത്തിന് കടന്നുചെല്ലാൻ കഴിയാത്തതും ശ്രദ്ധ കേന്ദ്രീകരിക്കാൻ വളരെ വേഗത്തിൽ പ്രവർത്തിക്കുന്നതുമായ ഒരു തലമായി’(Lakoff and Johnson, 1999: 21) ഇതിനെ കാണുന്നു. വലിയൊരു സദസ്സിനു മുന്നിൽനിന്നു സംസാരിക്കുകയോ ചർച്ചയിൽ പങ്കെടുക്കുകയോ ചെയ്യുമ്പോൾ സംഭവിക്കുന്ന നമ്മുടെ പ്രവൃത്തികളെ അടിസ്ഥാനമാക്കി ഇതിനെ ലക്കോഫും ജോൺസണും(1999:21) വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ആദ്യകാല ധൈഷണികഭാഷാശാസ്ത്രത്തിൽനിന്നും മാറി പുതിയ ന്യൂറോപഠനങ്ങളുടെ അടിസ്ഥാനത്തിൽ അറിവിന്റെ ആധാരം ഉടലറിവാണ് എന്ന കണ്ടെത്തലിലേക്ക് എത്തുന്നു. ശരീരം നമ്മുടെ അനുഭവങ്ങളിൽനിന്നും യുക്തിപൂർവമുള്ള പ്രവൃത്തികളിൽനിന്നും മറ്റുള്ളവരുമായി നാം നടത്തുന്ന ഇടപെടലുകളിൽനിന്നും അർഥത്തെ നിർമ്മിച്ചെടുക്കുന്നു. ഇത് ഭാഷയിലൂടെ മാത്രമല്ല, നമ്മുടെ എല്ലാത്തരം പ്രതീകാത്മകപ്രവർത്തനങ്ങളിൽനിന്നും കലകളിൽനിന്നും അനുബന്ധപ്രവർത്തനങ്ങളിൽനിന്നുംവരെ അർഥത്തെ സൃഷ്ടിച്ചെടുക്കുന്നുണ്ട്.
ഉടലുമായി ബന്ധപ്പെട്ടും ഉടൽ കേന്ദ്രിതമായി സൃഷ്ടിച്ചെടുത്തുമാണ് നമ്മുടെ അടിസ്ഥാനധാരണകളെല്ലാം രൂപപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ ഒന്നോ ഒന്നിലധികമോ ആയ സ്ഥലപരമായ ധാരണകളുടെയും മറ്റും അടിസ്ഥാനത്തിലാണ് തുടർന്ന് മറ്റു പലതിനെയും ഭാഷയിൽ അവതരിപ്പിക്കുന്നത്. ആനനവർധനൻ പത്താമത്തെ കാരികയിൽ ഇങ്ങനെ പറയുന്നു: “എങ്ങനെ പദങ്ങളുടെ അർഥത്തിൽനിന്ന് വാക്യത്തിൻ്റെ അർഥം വെളിപ്പെടുന്നുവോ അതുപോലെ വ്യംഗ്യമായ വിവക്ഷിതം സ്ഫുരിക്കാൻ വാച്യാർഥം മുൻനിൽക്ക തന്നെ വേണം”[4]. ഇവിടെ വ്യംഗ്യാർഥത്തെയും വാച്യാർഥത്തെയും മുന്നിലും പിന്നിലും നിർത്തിക്കൊണ്ടാണ് ആനന്ദവർധനൻ ആശയം വ്യക്തമാക്കുന്നത്. ഇവിടെയും ഉടലറിവാണ് അടിസ്ഥാനധാരണയായിട്ടു പ്രവർത്തിക്കുന്നത് എന്നുകാണാം. ഒരു കുട്ടി വളർന്നു വരുമ്പോൾത്തന്നെ തൻ്റെ ശരീരത്തെ കേന്ദ്രമാക്കിയാണ് അകലെ- അടുത്ത്, മുകളിൽ- താഴെ, മുന്നിൽ- പിന്നിൽ, വലത്- ഇടത് എന്നിങ്ങനെ പലതിനെയും മനസ്സിലാക്കുന്നത്. പല തരത്തിലുള്ള നമ്മുടെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട് ശരീരം ആർജ്ജിച്ചെടുക്കുകയും ബിംബശൃംഖലകളുടെ സഹായത്താൽ ഓർമ്മയിൽ സൂക്ഷിച്ചു വയ്ക്കുകയും പിന്നീട് വിവിധ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് അർഥത്തെ ഉല്പാദിപ്പിക്കുകയും ചെയ്യുന്നത്.
ആനന്ദവർധനൻ പതിമൂന്നാം കാരികയിൽ പറഞ്ഞിരിക്കുന്ന ആശയം “എവിടെ അർഥമോ ശബ്ദമോ സ്വയം അപ്രധാനമായി മാറി ആ വ്യംഗ്യാർഥം വെളിപ്പെടുത്തുന്നു. അങ്ങനെയുള്ള കാവ്യം ധ്വനി എന്നു വിദ്വാന്മാർ പറയുന്നു.”[5] ഇവിടെ അർഥത്തെയും ശബ്ദത്തെയും ആത്മവും വ്യംഗ്യാർഥത്തെ അപരവുമായി സങ്കല്പനം ചെയ്തതിനാലാണ് സ്വയം അപ്രധാനമായി മാറി വ്യംഗ്യാർഥത്തിന് വഴിതുറന്നു കൊടുക്കാൻ സാധിക്കുന്നത്. ശരീരാധിഷ്ഠിതമായ ജ്ഞാനമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് എന്നു വ്യക്തമാണ്. എന്നാൽ ഇതിൻ്റെ തുടർച്ചയായിട്ടു വരുന്ന വ്യാഖ്യാനങ്ങളിൽ ഒരിടത്ത് “വാച്യവാചകസൗന്ദര്യഹേതുക്കൾ വ്യംഗ്യത്തിൻ്റെ(ധ്വനിയുടെ) അംശങ്ങൾ മാത്രമാണ്”[6](22) എന്നു പറയുന്നുണ്ട്. ഇവിടെ ധ്വനിയെ ഒരു സാകല്യ(പൂർണം) മായും അവിൻ്റെ വിവിധ അംശങ്ങളെ വാച്യവാചകസൗന്ദര്യഹേതുക്കളും മറ്റുമായി സങ്കല്പനം ചെയ്തിരുന്നു. ധൈഷണികസൗന്ദര്യശാസ്ത്രത്തിൽ ഇതിനെ ഉപാദാനലക്ഷണ എന്നു പറയുന്നു. അംശംകൊണ്ട് സാകല്യത്തെ സൂചിപ്പിക്കുന്ന ഉപാദാനലക്ഷണയുടെ സ്വഭാവമാണ് ആനന്ദവർധനൻ്റെ ഭാഷയിലുള്ളത്. ഇത് ഉടലറിവിലധിഷ്ഠിതമാണ്. അംശങ്ങളാകുന്ന വിവിധ അവയവങ്ങൾ ചേർന്ന് ശരീരമാകുന്ന പൂർണം എന്ന ജ്ഞാനമാണ് ഇവിടെ ഉപാദാനലക്ഷണയുടെ സങ്കല്പനത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. ധ്വനി എന്ന സങ്കല്പത്തെ പല അംശങ്ങൾ കൂടിച്ചേർന്നുണ്ടാകുന്ന ഒരു പൂർണശരീരമായിട്ടാണ് ആനന്ദവർധനൻ സങ്കല്പനം ചെയ്തിട്ടുള്ളത്.
ഇതിൻ്റെ തുടർച്ചയെന്ന നിലയിൽ ധ്വനിയെക്കുറിച്ചു പറയുന്ന പല ഭാഗത്തും ഉപാദാനലക്ഷണയുടെ അംശ- സാകല്യബന്ധത്തെ അടിസ്ഥാനമാക്കി സങ്കല്പനം നടത്തുന്നത് കാണാം. “... എന്തുകൊണ്ടെന്നാൽ അംഗിയായ കാവ്യഭേദമാണ് ധ്വനിയെന്നു പറഞ്ഞു. അതിൻ്റെ അംഗങ്ങളാണ് അലങ്കാരങ്ങളും ഗുണങ്ങളും വൃത്തികളും എന്ന് ഇനി വ്യക്തമാക്കും. ഒരു അവയവം വേർതിരിഞ്ഞു നിന്നാൽ അവയവി(മുഴുവൻ) ആവില്ല എന്നു പ്രസിദ്ധവുമാണല്ലോ.”[7](28) വിവിധ ശരീരഭാഗങ്ങൾ കൂടിച്ചേർന്ന് പൂർണശരീരമാകുന്ന ഉടലറിവാണിവിടെ പശ്ചാത്തലത്തിലുള്ളത്. മറ്റുള്ളവരുടെ, ധ്വനി ഇല്ലാ എന്ന വാദത്തെ എതിർത്തുകൊണ്ട് ധ്വനി ഉണ്ട് എന്നും അത് കാവ്യത്തിൽ സർവവ്യാപിയായി നില്ക്കുന്നതാണ് എന്നും സ്ഥാപിക്കാനാണ് ഇവിടെ ആനന്ദവർധനൻ ശ്രമിക്കുന്നത്. ധ്വനി വിശാലമായ ഒന്നാണെന്നും സകല അലങ്കാരങ്ങളും അതിൽ ഉള്ളടങ്ങുന്നു എന്നും ആനന്ദവർധനൻ പറയുന്നു.[8] ഇവിടെ ധ്വനിയെയാണ് ഒരു പാത്രമായി സങ്കല്പനം ചെയ്യുന്നത്. പാത്രത്തിനുള്ളിലുള്ള വസ്തുവായി വിവിധ അലങ്കാരങ്ങളെയും. അങ്ങനെ അകം- പുറം വിന്യാസക്രമത്തിൻ്റെ അടിസ്ഥാനത്തിലുള്ള പാത്രവ്യവസ്ഥയിലൂടെ ധ്വനിയെ ഒരു ഉടലായി സങ്കല്പനം ചെയ്തിരിക്കുന്നു. ഈ ശരീരത്തിനുള്ളിലുള്ള വിവിധ അവയവങ്ങളോ ഭാഗങ്ങളോ ആയാണ് തുടർന്ന് വിവിധ ധ്വനിഭേദങ്ങളെയും ആനന്ദവർധനൻ അവതരിപ്പിക്കുന്നത്. മറ്റ് അലങ്കാരങ്ങൾ ഈ ഉടലിൻ്റെ ഭംഗി വർധിപ്പിക്കുന്ന വിവിധ ആഭരണങ്ങളാണ്. ഇതിനുശേഷമാണ് അദേഹം അവിവക്ഷിതവാച്യം, വിവക്ഷിതാന്യപരവാച്യം എന്നിങ്ങനെ പൊതുവെ രണ്ടുതരം ധ്വനിഭേദങ്ങളുണ്ട് എന്നുപറയുന്നത്. തുടർന്ന് ഇവ വ്യക്തമാക്കുന്ന ഭാഗത്ത് ഇവ രണ്ടിൻ്റെയും സ്വഭാവം ഭിന്നമാണെന്നു വ്യക്തമാക്കിക്കൊണ്ട് ഇവയെയും രണ്ടു ശരീരങ്ങളായി സങ്കല്പനം ചെയ്യുന്നുണ്ട്[9](31).
തുടർന്ന് വാച്യാർഥത്തെയും ലക്ഷ്യാർഥത്തെയും കുറിച്ചു പറയുന്നിടത്ത് ആനന്ദവർധനൻ ഇങ്ങനെ പറയുന്നു: “ലക്ഷ്യാർഥം വെറും ഉപചാരമാണ്”(31). വാച്യവാചകങ്ങൾകൊണ്ടുതന്നെ വെളിവാക്കുന്നിടത്തുള്ള വ്യംഗ്യം പ്രധാനമെങ്കിൽ അതാണ് ധ്വനി എന്നു പറഞ്ഞതിനുശേഷമാണ് ഇങ്ങനെ പറയുന്നത്. ലക്ഷ്യാർഥം എന്നു തന്നെ ധ്വനിക്കു ലക്ഷണം ചെയ്യരുത് എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഇവിടെ ലക്ഷ്യാർഥത്തെ കൂടെസഞ്ചരിക്കുന്നത്(ഉപചാരം) ആയിട്ടാണ് ആനന്ദ വർധനൻ കാണുന്നത്. അതിലൂടെ രണ്ടുതരത്തിലുള്ള അർഥങ്ങളെ സഹയാത്രികരായി സങ്കല്പനംചെയ്ത് ഒരു യാത്രാലക്ഷകത്തിൻ്റെ ബിംബ വ്യവസ്ഥയിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഒരു തുടക്കം- രേഖീയമായ സഞ്ചാരം- ഒടുക്കം എന്നിങ്ങനെയുള്ള ജ്ഞാനവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഇവിടെ സങ്കല്പനം നടത്തിയിട്ടുള്ളത്. ജീവിതത്തെ യാത്രയായി സങ്കല്പനം ചെയ്യുമ്പോൾ, ലക്ഷ്യതലത്തിലും സ്രോതസ്‌തലത്തിലും നില്ക്കുന്ന ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള ജ്ഞാനം ആവശ്യമാണ്. അവയുടെ ശരിയായ ധാരണയിലൂടെ മാത്രമേ യഥാർഥ അർഥത്തിലേക്ക് അനായാസം എത്തിച്ചേരാൻ കഴിയൂ. അവയിൽ ചിലത്, ജീവിതം നയിക്കുന്ന വ്യക്തി ഒരു സഞ്ചാരിയാണ്, ഉദ്ദേശ്യം ലക്ഷ്യസ്ഥാനങ്ങളാണ്, ലക്ഷ്യങ്ങൾ നേടുന്നതിനുള്ള മാർഗ്ഗങ്ങൾ വഴികളാണ്, ജീവിതത്തിലെ ബുദ്ധിമുട്ടുകൾ യാത്രയ്ക്കിടയിലുണ്ടാകുന്ന തടസ്സങ്ങളാണ്, കൂടെയുള്ളവർ സഹയാത്രികരും വഴികാട്ടികളുമാണ്, യാത്ര ചെയ്‌ത ദൂരം പുരോഗതിയാണ്, പുരോഗതി കണക്കാക്കുന്ന കാര്യങ്ങൾ നിർണായക ഘട്ടങ്ങൾ, ജീവിതത്തിലെ തിരഞ്ഞെടുപ്പുകൾ വഴിത്തിരിവുകളാണ്, ഭൗതികവിഭവങ്ങളും വ്യവസ്ഥകളും കഴിവുകളാണ് എന്നിങ്ങനെ നിരവധി ഘടകങ്ങൾ കാണാം. ജീവിതം ഒരു യാത്രയും അതിൻ്റെ ലക്ഷ്യം/ അവസാനം മരണവുമാണെന്ന് പറയുമ്പോൾ, അതിനിടയിൽ മുകളിൽ സൂചിപ്പിച്ച തരത്തിലുള്ള നിരവധി ഘടകങ്ങൾക്ക് വിവിധ സന്ദർഭ ത്തിനനുസരിച്ചും, ഊന്നൽ നല്കുന്നതിനനുസരിച്ചും വ്യത്യസ്‌തമായ അർഥ സാധ്യതകൾ കൈവരുന്നു. അതായത് ഒരു ലക്ഷകത്തിൽത്തന്നെ പലതരം ജ്ഞാന വ്യവസ്ഥ പ്രവർത്തിക്കുകയും അവിടെയുള്ള ഘടകങ്ങൾക്കനുസരിച്ച് വ്യത്യസ്‌ത സങ്കല്പനങ്ങളായി മാറുകയും വൈവിധ്യമായ അർഥം ലഭിക്കുകയും ചെയ്യുന്നു. ഇതിനെയാണ് ബിംബശൃംഖല എന്നുവിളിക്കുന്നത്. ഓരോ ലക്ഷകത്തിനു പിന്നിലും ഒരു ബിംബശൃംഖല പ്രവർത്തിക്കുന്നു. ഈ ബിംബശൃംഖലയ്ക്കനുസരിച്ച് ലക്ഷകാത്മകചിന്തകൾ വ്യതിരിക്തമായിക്കൊണ്ടിരിക്കുന്നു. മുകളിൽ സൂചിപ്പിച്ച ആനന്ദവർധനൻ നല്കുന്ന ഉദാഹരണത്തിൽ ഒരു ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ വ്യംഗ്യാർഥത്തോടൊപ്പം യാത്ര ചെയ്യുന്ന യാത്രിക/കൻ ആയാണ് ലക്ഷ്യാർഥത്തെ സങ്കല്പനം ചെയ്തിട്ടുള്ളത്. തുടർന്ന് ഇതിനെ മുൻനിർത്തി ധ്വനിയെ വ്യക്തമാക്കുന്നു. ലക്ഷ്യാർഥത്തിനേക്കാൾ പ്രാധാന്യം അദ്ദേഹം വ്യംഗ്യാർഥത്തിനു നല്കുകയും ആ വ്യംഗ്യാർഥമുള്ള ശബ്ദമാണ് ധ്വനിയുടെ വിഷയം ആകുന്നത് എന്നും വ്യക്തമാക്കുകയും ചെയ്യുന്നു.
ഒന്നാം ഉദ്യോതത്തിലെ അവസാന കാരികയുടെ(കാരിക: 22) വ്യാഖ്യാനത്തിൽ “സഹൃദയഹൃദയങ്ങൾക്കു മാത്രം അറിയാവുന്നതും അനിർവചനീയവുമാണ് ധ്വനിയുടെ ആത്മാവ് എന്നു പറഞ്ഞവരും പരീക്ഷിച്ചു പറഞ്ഞവരല്ല”[10](37) എന്നു പറയുന്നുണ്ട്. ഇതിൽ ധ്വനിയുടെ ആത്മാവ് എന്ന പ്രയോഗത്തിലൂടെ ധ്വനിയെ ഒരു ഉടലായാണ് സങ്കല്പനം ചെയ്തിട്ടുള്ളത് എന്നു വ്യക്തം. ഇത്തരത്തിൽ ആശയവുമായി ബന്ധപ്പെട്ടും ആശയത്തെ അവതരിപ്പിക്കുന്നതായി ബന്ധപ്പെട്ടും ധ്വന്യാലോകം ഒന്നാം ഉദ്യോതത്തിൽതന്നെ ഉടലറിവിൻ്റെ അടിസ്ഥാനത്തിൽ കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നതിന് നിരവധി ഉദാഹരണങ്ങൾ കാണാൻ സാധിക്കുന്നു. ധ്വനിസങ്കല്പം അവതരിപ്പിക്കാൻ ആനന്ദവർധനൻ ഉപയോഗിക്കുന്ന നിരവധി ഉദാഹരണശ്ലോകങ്ങൾ ഈ ഭാഗത്തുണ്ട്. അവയിലും ഉടലറിവിലധിഷ്ഠിതമായ സങ്കല്പനവ്യവസ്ഥതന്നെയാണുള്ളത്. ഉദാഹരണത്തിന്, “സന്ധ്യാ അനുരാഗവതീ, ദിവസഃ തത്പുരസ്സരഃ, അഹോ ചിത്രാദൈവഗതി, തഥാ പി ന സമാഗമഃ”(24) എന്നു പറയുന്നിടത്ത് ‘ദിവസഃ തത്പുരസ്സരഃ’ എന്ന ഭാഗത്ത് പകൽ മുമ്പിൽ നില്ക്കുന്നു എന്ന അർഥമാണ് ലഭിക്കുന്നത്. ഇവിടെ മുന്നിൽ- പിന്നിൽ എന്ന ഉടലറിവിലധിഷ്ഠിതമായ ജ്ഞാനവ്യവസ്ഥയിലാണ് അർഥത്തിൻ്റെ വിനിമയം നടക്കുന്നത്. ഇത്തരം നിരവധി ഉദാഹരണങ്ങൾ ആനന്ദവർധനിൽ കാണാം. വ്യംഗ്യാർഥത്തെക്കുറിച്ച് വ്യക്തമാക്കുന്നതിനുവേണ്ടിയാണ് ഈ ഭാഗം ആനന്ദവർധനൻ ഉപയോഗിക്കുന്നത്. ധ്വന്യാലോകം ഒന്നാം ഉദ്യോതത്തെ മുൻനിർത്തി ധ്വനിസിദ്ധാന്തവും ഉടലറിവും വിശകലനം ചെയ്യാൻ ശ്രമിച്ച ഈ പ്രബന്ധത്തിലെ വിശകലനത്തിൽനിന്നും ലഭിച്ച പ്രധാന ആശയങ്ങളെ ചുവടെ ക്രോഡീകരിക്കുന്നു.
ഉപസംഹാരം
മസ്തിഷ്കം എന്നത് ശരീരത്തിൽനിന്നും വേറിട്ടുനില്ക്കുന്ന ഒന്നല്ല. ശരീരത്തിൽനിന്നുമുള്ള കോടിക്കണക്കിനു നാഡികൾ നമ്മുടെ തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ജീവജാലങ്ങളും അവയുടെ പരിസ്ഥിതിയുമായി ഇടപെടുന്നത് മസ്തിഷ്കം ഉപയോഗിച്ചാണ്. കാരണം, ശരീരത്തിന്റെ പ്രക്രിയകളിൽനിന്ന് സ്വതന്ത്രമായി നില്ക്കാൻ മസ്തിഷ്കത്തിനു കഴിയില്ല. നിത്യജീവിതത്തിലെ പ്രവർത്തനങ്ങളും മറ്റുള്ളവയുമായുള്ള ബന്ധം, ഇടപെടൽ എല്ലാത്തിലും ഇതു ഭാഗമാകുന്നു. അങ്ങനെ അർഥത്തെ മനസ്സിലാക്കുന്നതിൽ ഉടലറിവ് പ്രധാനമാകുന്നു. ചുറ്റുപാടുകളുമായുള്ള സ്ഥലപരമായ ബന്ധം ഉത്തമ ഉദാഹരണമാണ്. മുകളിൽ, താഴെ, അടുത്ത്, അകലെ, ഇടത്, വലത്, മുന്നിൽ, പിന്നിൽ എന്നിങ്ങനെയെല്ലാം ശരീരാധിഷ്ഠിതമായി സൃഷ്ടിച്ചെടുക്കുന്നതാണ്. ചലനത്തെയും ഇങ്ങനെതന്നെയാണ് തിരിച്ചറിയുന്നത്. മുന്നോട്ടു പോകുന്നു, പിന്നോട്ടു പോകുന്നു, മുകളിലേക്കു പോകുന്നത് എന്നിങ്ങനെയുള്ള ഉദാഹരണങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും.
ഇവ ഓരോന്നിനും ആന്തരികമായ ബിംബശൃംഖലകളുടേതായ ഒരു വ്യവസ്ഥയുണ്ട്. അതിലൂടെ രൂപപ്പെടുത്തുന്ന ആന്തരികജ്ഞാനമാതൃകയുടെ അടിസ്ഥാനത്തിൽ കാര്യങ്ങളെ മനസ്സിലാക്കുന്നു. സ്ഥലപരമായ ബന്ധങ്ങളെ ക്കുറിച്ചുള്ള സങ്കല്പങ്ങൾ നമ്മുടെ സങ്കല്പനവ്യവസ്ഥയുടെ അടിസ്ഥാനമാണ്. സങ്കല്പനവ്യവസ്ഥ എന്നത് ആശയങ്ങളുടെ ഒരു ശേഖരമാണ്. ഇടം എന്ന സങ്കല്പം വ്യക്തമാകുന്നത് ഇത്തരത്തിലുള്ള സ്ഥലപരമായ ധാരണകളുടെ സഹായത്താലാണ്. അങ്ങനെയാണ് സ്വന്തം ശരീരത്തെയും മറ്റുള്ളവയെയും ഗ്രഹിക്കുന്നത്. ഏതൊരു വസ്തുവിനെ മനസ്സിലാക്കാനും ഇത് ആവശ്യമാണ്. സാമീപ്യവും ദൂരവും അടിസ്ഥാനമാക്കി ഒന്നിനെ തിരിച്ചറിയുന്നത് ഉദാഹരണമാണ്. ഇങ്ങനെ യുക്തിസഹമായി കാര്യങ്ങളെ അറിഞ്ഞതിനുശേഷം സമാനമായ സന്ദർഭങ്ങളിൽ, അമൂർത്തവും അതിഭൗതികമായാൽപ്പോലും ഇതിന്റെ ബിംബശൃംഖല ഉപയോഗിക്കാൻ കഴിയുന്നു. അബോധത്തിൽപ്പോലും പിന്നീട് ഇതു സ്വാഭാവികമായി നടക്കുന്നു. അങ്ങനെ ജനനം മുതൽ ശരീരത്തിലൂടെ നാം അറിവ് ആർജ്ജിച്ചു കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ശരീരത്തെ ആധാരമാക്കി അർഥത്തെ ധ്വനിസിദ്ധാന്തം എങ്ങനെയാണ് വിനിമയം ചെയ്യുന്നത് എന്നു പരിശോധിക്കാനാണ് പ്രബന്ധത്തിലൂടെ ശ്രമിച്ചത്. വിശകലനത്തിൽനിന്നും ആനന്ദവർധനൻ്റെ ധ്വനിസങ്കല്പം ഉടലറിവിൽ അധിഷ്ഠിതമാണ് എന്നും ധ്വനിയെ അവതരിപ്പിക്കുന്നതിൻ്റെ ഭാഗമായി പലതരത്തിലുള്ള ഉടലറിവ് പ്രയോജനപ്പെടുത്തുന്നതും വ്യക്തമാണ്. ഉടലറിവിൽ അധിഷ്ഠിതമായാണ് ആനന്ദവർധനൻ കാവ്യത്തിൽ ഉണ്ടാവേണ്ട പ്രധാനഘടകമായി ധ്വനിയെ അവതരിപ്പിക്കുന്നത്. ധ്വന്യാലോകം ആരംഭം മുതലേ ഇത്തരം സങ്കല്പനപ്രക്രിയകൾ കാണാം.
പല തരത്തിലുള്ള ജ്ഞാനമാതൃകകളുടെ അടിസ്ഥാനത്തിലാണ് ഉടലറിവിൻ്റെ ആവിഷ്കാരം നടക്കുന്നത്. പാത്രവ്യവസ്ഥയെ മുൻനിർത്തി സങ്കല്പനം ചെയ്യുക, ശരീരത്തിൻ്റെ ചലനവുമായി ബന്ധപ്പെട്ടുവരുന്ന യാത്രയുടെ ജ്ഞാനമാതൃക ഉപയോഗിച്ചു സങ്കല്പനം ചെയ്യുക എന്നിവയെല്ലാം ഉദാഹരണമാണ്. ശരീരാധിഷ്ഠിതമായി മനുഷ്യർ ആർജ്ജിച്ചെടുക്കുന്ന അടിസ്ഥാനധാരണകളിൽ പലതും ധ്വനിസിദ്ധാന്തത്തെ അവതരിപ്പിക്കാൻ ആനന്ദവർധനൻ ഉപയോഗിക്കുന്നുണ്ട്. സ്ഥലപരമായ ധാരണകളെ ഉടൽകേന്ദ്രീകൃതമായി മനസ്സിലാക്കുന്നത് ഉദാഹരണമാണ്. അതോടൊപ്പംതന്നെ ധ്വന്യാലോകത്തിൽ പ്രത്യക്ഷപ്പെടുന്ന ഉപാദാനലക്ഷണയുടെ ആവിഷ്കാരങ്ങളും ഉടലറിവുമായി ബന്ധപ്പെട്ടുള്ളവയാണ് എന്നുകാണാം. ഇത്തരത്തിൽ ധ്വന്യാലോകം ഒന്നാം ഉദ്യോതത്തിൽ ധ്വനിസിദ്ധാന്തത്തെ അവതരിപ്പിക്കുന്നതിൻ്റെ ഭാഗമായി ഉടലറിവ് എന്ന ആശയം വിവിധ ജ്ഞാനമാതൃകകളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. അങ്ങനെ ഉടലറിവും അർഥവും തമ്മിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
സഹായകഗ്രന്ഥസൂചി
★ അച്യുതനുണ്ണി, ചാത്തനാത്ത്(പരിഭാഷ, പഠനം). (2021). ആനന്ദവർദ്ധനന്റെ ധ്വന്യാലോകം. തൃശൂർ: കേരള സാഹിത്യ അക്കാദമി.
★ ആനന്ദവർധനൻ. (1996/ 2008). ധ്വന്യാലോകം(പരിഭാഷ: സി. വി. വാസുദേവഭട്ടതിരി). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
★ ഗിരീഷ്, പി. എം. (2012). അറിവും ഭാഷയും ധൈഷണികഭാഷാശാസ്ത്രം: ആമുഖം. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
★ ശരത് ചന്ദ്രൻ. (2023). വക്രോക്തിജീവിതം ഉടലും അറിവും. കൊല്ലം: പ്രവദ ബുക്സ്.
★ Johnson, Mark. (1987). The Body in the Mind, The Bodily Basis of Meaning, Imagination and Reason. Chicago and London: The University of Chicago Press.
★ Johnson, Mark. (2008). The Meaning of the Body, Aesthetics of Human Understanding. Chicago and London: The University of Chicago Press.
★ Lakoff, George and Mark Johnson. (1999). Philosophy in the Flesh: The Embodied Mind and it's Challenge to Western Thought. New York: Basic Books.
★ Lakoff, George and Mark Turner. (1989). More than Cool Reason, A Field Guide to Poetic Metaphor. Chicago and London: University of Chicago Press.
★ Matilal, Bimal Krishna. (1961). The Word and the World, India's Contribution to the Study of Language. Oxford, New York: Oxford University Press.
★ Needleman, Lawrence D. (1999). Cognitive Case of Conceptualization. London: Lawrence Erlbaum Associates Publishers.
★ Stockwell, Peter. (2002). Cognitive Poetics An Introduction. London and New York: Routledge.
★ Stockwell, Peter. (2009). Texture, A Cognitive Aesthetics of Reading. Edinburgh: Edinburgh University Press.
★ Turner, Mark. (1991). Reading Minds: The Study of English in the Age of Cognitive Science. Princeton: Princeton University Press.
★ Turner, Mark. (1996). The Literary Mind: The Origins of Thought and Language. New York and London: Oxford University Press.
[1] തുടർന്നു വരുന്ന പല കാരികകളിലും അതിൻ്റെ വ്യാഖ്യാനങ്ങളിലും ഇത്തരത്തിൽ സങ്കല്പനം നടത്തുന്നുണ്ട്. “കാവ്യസ്യാത്മാ സ ഏവാർഥ സ്തഥാ ചാദികവേഃ” എന്നാരംഭിക്കുന്ന അഞ്ചാം കാരിക ഉദാഹരണമാണ്. ധ്വന്യാലോകം. 1996/2008. പുറം:14.
[2] കാവ്യാത്മാ ഇതി വ്യവസ്ഥിതഃ സഹൃദയ ശ്ലാഘ്യഃ യഃ അർഥഃ(സൂത്രം), കാവ്യസ്യ ഹി ലളിതസന്നിവേശ ചാരുണഃ ശരീരസ്യ ഇവ(വൃത്തി). ധ്വന്യാലോകം. 1996/2008. പുറം: 7.
[3] മഹാകവീനാം വാണിഷു പുനഃ പ്രതീയമാനം അനൃത് വസ്തു അസ്തി ഏവ യത് തത് അംഗനാസു ലാവണ്യമിവ പ്രസിദ്ധാവയവാതിരിക്തം വിഭാതി. ധ്വന്യാലോകം. പുറം: 8.
[4] യഥാ പദാർഥദ്വാരേണ വാക്യാർഥഃ സംപ്രതീയതേ വാച്യാർഥപൂർവികാ തദ്വത് പ്രതിപത്തവ്യ വസ്തുനഃ. ധ്വന്യാലോകം. പുറം: 19.
[5] യത്രാർഥഃ ശബ്ദോവാ തമർഥമുപസർജനീകൃതസ്വാർഥൗ, വ്യങ് ക്തഃ കാവ്യവിശേഷഃ സ ധ്വനിരിതി സുരഭഃ കഥിതഃ. ധ്വന്യാലോകം. പുറം: 21.
[6] വാച്യ വാചക ചാരുത്വഹേതവഃ ഹിതസ്യ അംഗഭൂതാ. ധ്വന്യാലോകം. പുറം: 22.
[7] യതഃ കാവ്യവിശേഷഃ അംഗീധ്വനിഃ ഇതി കഥിതഃ തസ്യ പുനഃ അംഗാനി അലങ്കാരാഃ ഗുണാഃ വൃത്തയഃ ച ഇതി പ്രതിപാദയിഷ്യന്തേ, ന ച അവയവഃ ഏവ പൃഥഗ്ഭൂതഃ അവയവീ ഇതി പ്രസിദ്ധഃ. ധ്വന്യാലോകം. പുറം: 28.
[8] തത്ര അപി ധ്വനേഃ മഹാവിഷയ ത്വാത് ന തന്നിഷ്ഠത്വം ഏവ. ധ്വന്യാലോകം. പുറം: 28.
[9] അയം ഉക്ത പ്രകാരോ ധ്വനിഃ ഭക്ത്യാ ന ഏകത്വം ബിഭർത്തി ഭിന്നരൂപത്വാത്. ധ്വന്യാലോകം. പുറം: 31.
[10] യേപി സഹൃദയഹൃദയ സംവേദ്യ മാനാഖ്യേയമേവ ധ്വനേരാത്മാനം ആത്മാസിഷുഃ തേഽപി ന പരീഷ്യ വാദിനഃ. ധ്വന്യാലോകം. പുറം: 37.
ഡോ. ശരത് ചന്ദ്രൻ,
മലയാളവിഭാഗം,
സെൻ്റ്. ബർക്കുമൻസ് കോളേജ്,
ചങ്ങനാശ്ശേരി,
കോട്ടയം- 686101.





Comments