നഷ്ടസ്മൃതികളുടെ മടങ്ങിവരവ്
- GCW MALAYALAM
- Sep 14
- 2 min read
Updated: Sep 15
മലയാളത്തിന്റെ പ്രിയ കവി ചായം ധർമ്മരാജന്റെ ഓണം ഓർമ്മകൾ /അഭിമുഖം
ഡോ.ചായം ധർമ്മരാജൻ / ഡോ. കാരുണ്യവി.എം

1. ഓണ സങ്കല്പത്തിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം എത്ര മാത്രം ദൃഢമാണ്?
ഓണസങ്കല്പത്തിൽ മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം ശക്തമാണ്.കൃഷിയുമായി ബന്ധപ്പെട്ട ആഘോഷം കൂടിയാണല്ലോ ഓണം . .പൂക്കളുടെ ഉത്സവം കൂടിയാണത്.അത്തപ്പൂക്കളം അങ്ങനെയല്ലേ.
2. ബാല്യത്തിലെ ഓണ സങ്കൽപ്പം എന്നും നിറവാർന്നതാണ്. എന്തുകൊണ്ടാണ് ഇത്ര പ്രാധാന്യം ബാല്യത്തിന് ഓണവുമായി കൽപ്പിക്കപ്പെട്ടിട്ടുള്ളത്?
ആദ്യമായി പങ്കുവയ്ക്കാനുള്ളത് ഓണക്കോടിയെക്കുറിച്ചാണ്.ദാരിദ്ര്യം നിറഞ്ഞ ജീവിതത്തിൽ കുട്ടിക്കാലത്ത് ഓണക്കോടി നമുക്ക് കിട്ടാൻ വേണ്ടി ഉത്രാട ദിവസം മുഴുവൻ തയ്യൽക്കാരന്റെ അടുത്ത് ചുറ്റിപ്പറ്റി നിൽക്കും. അത് തയ്ച്ച് കയ്യിൽ കിട്ടുമ്പോൾ ഉണ്ടാകുന്ന ആഹ്ലാദമാണ് എൻറെ ഓണവുമായി ബന്ധപ്പെട്ട ഓർമ്മയിലെ ഏറ്റവും സുന്ദരമായിട്ടുള്ളത്.
3. ഓണമെന്നത് കുട്ടികളുടെ ആഘോഷമാണ്, പൂവ് ശേഖരിക്കാനും അത്തപ്പൂവിടാനും ഓണക്കളികളിൽ ഏർപ്പെടാനും മുന്നിൽ നിൽക്കുക കുട്ടികളാണ്. എന്നാൽ ഇന്ന് അത്തരം കാഴ്ചകൾ നഷ്ടമായിരിക്കുന്നു. ഈ മാറ്റത്തെ അങ്ങ് വിലയിരുത്തുന്നതെങ്ങനെ?
മാറുന്ന കാലത്തിനനുസരിച്ച് ഓണവും മാറുകയാണ് ഫ്ലാറ്റിലും മറ്റും താമസിക്കുന്ന കുട്ടികളുടെ ഓണം യാന്ത്രികമാണ്. പൂക്കളവും ഓണക്കളികളും ഊഞ്ഞാലും അവർക്ക് അന്യമാണ്. ഇതിനെ മറികടക്കാനുള്ള ശ്രമം ചിലയിടങ്ങളിൽ എങ്കിലും ഉണ്ടാകുന്നു എന്നതാണ് ഇന്നത്തെ കുട്ടികളുടെ ഭാഗ്യം.
4 . ഓണവുമായി ബന്ധപ്പെട്ടിട്ടുള്ള മലയാള കവിതകളിൽ അങ്ങേയ്ക്ക് ഇഷ്ടപ്പെട്ട കവിത ഏതാണ്?
വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഓണപ്പാട്ടുകാർ ആണ് എൻറെ ഇഷ്ടപ്പെട്ട ഓണക്കവിത .അതുകഴിഞ്ഞാൽ എൻ എൻ കക്കാടിൻ്റെ ‘നന്ദി തിരുവോണമേ നന്ദി’.
ഓണക്കവിത എഴുതാത്ത മലയാള കവികൾ വിരളമാണ്. ഏറ്റവും കൂടുതൽ ഓണക്കവിതകൾ മലയാളത്തിന് സമ്മാനിച്ചത് പി കുഞ്ഞിരാമൻ നായരും ഒഎൻവിയും ആണ് .ഉള്ളൂരിൻറെ ‘ഉൾനാട്ടിലെ ഓണം’ എന്ന കവിതയും ഓണവുമായി ബന്ധപ്പെട്ടതാണ്.
5. അങ്ങയുടെ കവിതയിൽ പങ്കുവയ്ക്കുന്ന ഓണ ഓർമ്മകൾ എന്തൊക്കെയാണെന്ന് പറയാമോ?
ഫ്ലെക്സിൽ പ്രിൻ്റു ചെയ്തെടുത്ത
അത്തപ്പൂക്കളത്തിനു ചുറ്റും മുറ്റത്തു
കുത്തിയിരിക്കും കുട്ടികളേ,
പ്ലാസ്റ്റിക്കിലകളിൽ
ചോറും കറികളും
ആവോളം നമ്മൾക്കു സദ്യവട്ടം.
ആമോദത്തോടെ വസിക്കുവാനായ്
ആകുമോ പണ്ടത്തെ-
പ്പോലെ തമ്മിൽ.(ഫ്ലക്സോണം)
പ്ലാസ്റ്റിക് കൊണ്ടും ഉപ്പുകൊണ്ടും തീർക്കുന്ന അത്തപ്പൂക്കളങ്ങൾ കാണേണ്ടി വരുമ്പോൾ കവിതയിലൂടെ പ്രതികരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് .ഫ്ലക്സോണം എന്ന കവിത അങ്ങനെ എഴുതിയതാണ്.
6. മാവേലി ഭരിച്ചിരുന്ന സമത്വസുന്ദരമായ കേരളത്തിൻ്റെ സൂചന മലയാള കവിതകളിൽ സുലഫമാണല്ലോ ?മാവേലി പുരാവൃത്തത്തെ വർത്തമാനകാലവുമായി സാഹിത്യകാരന്മാർ ബന്ധിപ്പിച്ചു കൊണ്ടേയിരിക്കുന്നു.എന്തുകൊണ്ടായിരിക്കും ഈ ഒരു പുരാവൃത്തം ഇത്ര ശക്തമായി നമ്മുടെ സാഹിത്യത്തിൽ നിലനിൽക്കുന്നത്?
ചവിട്ടി താഴ്ത്തപ്പെട്ട മഹാരാജാവിന്റെ തിരിച്ചുവരവാണല്ലോ മഹാബലിയുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യം. ഓണം അതിജീവനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും അടയാളങ്ങൾ നിറഞ്ഞതാണ്. ഇതെല്ലാം എഴുത്തുകാരെ ആവോളം സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
7.പുതുതലമുറയിലെ ഓണാഘോഷത്തെ അങ്ങ് എപ്രകാരം നോക്കിക്കാണുന്നു.കിരീടധാരിയും ഓലക്കുടയും കുടവയറും ഉള്ള ഓണത്തപ്പനയിൽ നിന്ന് പുതുകാലത്തിലെ മാവേലിയുടെ രൂപഭാവങ്ങളിൽ വന്ന വ്യത്യാസം അങ്ങ് എങ്ങനെ വിലയിരുത്തുന്നു ?
ഇന്ന് പരസ്യങ്ങളിൽ കോമഡി ഷോകളിൽ അവതരിപ്പിക്കപ്പെടുന്ന വെറും കോമാളി വേഷമായി മാവേലി മാറിയിട്ടുണ്ട്. എന്തായാലും ഇന്നു നാം കാണുന്ന മഹാബലി വേഷങ്ങൾ ഒന്നും യഥാർത്ഥമല്ല എന്ന് ആലോചിച്ചാൽ അറിയാം. മഹാബലി എന്ന പേരെങ്കിലും നാം ഓർക്കണ്ടേ… ചീർത്ത ശരീരവും കുടവയറും അതുമായി ചേരുന്നതേ അല്ല.യഥാർത്ഥത്തിൽ മഹാബലിയെ ശക്തനായ ഭരണാധികാരിയായോ യോദ്ധാവായോ ചിത്രീകരിക്കേണ്ടതാണ്.
8.ഓണവുമായി ബന്ധപ്പെട്ട കവിതകളിൽ സാമൂഹ്യ വിഷയങ്ങളെയും പാരമ്പര്യ ഘടകങ്ങളെയും ശക്തമായി ആവിഷ്കരിക്കുന്നുണ്ടല്ലോ.സമത്വ സുന്ദരമായ നാടിനെ കുറിച്ചുള്ള സ്വപ്നം അല്ലേ ഇതിന് പിന്നിലുള്ളത് ?
ഓണം സമത്വസുന്ദരമായ ഒരു നാടിനെ കുറിച്ചുള്ള ഓർമ്മ പുതുക്കലാണ്. മനുഷ്യരെല്ലാരും ഒന്നുപോലെ എന്ന സമഭാവനയുടെ സ്വപ്നസാക്ഷാത്കാരമാണ് നാം പ്രതീക്ഷിക്കുന്നത് .പക്ഷേ ഓണത്തെ പ്പോലും വർഗീയവിഷയമാക്കി മതപരിവേഷം നൽകാനും വിഭാഗീയമാക്കാനും ചിലർ ശ്രമിക്കുന്നു എന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.
9 .ഓണവുമായി ബന്ധപ്പെട്ട കാർഷിക പാരമ്പര്യങ്ങളെയും അവയുടെ സമകാലിക പ്രസക്തിയെയും കുറിച്ച് പറയാമോ?
ഓണം കാർഷിക ഉത്സവം എന്ന നിലയിലാണ് മലയാളികൾ ആഘോഷിക്കുന്നത്.എന്നാൽ സമകാല കേരളീയ അവസ്ഥയിൽ കാർഷിക മേഖലയിൽ നാം സ്വയം പര്യാപ്തരല്ല. കൃഷിയുമായി ബന്ധപ്പെട്ട ചരിത്രവും പാരമ്പര്യവും അവകാശപ്പെടാമെങ്കിലും കാർഷികരംഗത്തിന്റെ ഉത്സവമായി ഓണത്തിനെ ഇന്ന് ആഘോഷിക്കാൻ കഴിയുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വാഹനങ്ങളുടെയും മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും ഒക്കെ ബിസിനസ് മേഖലയായിട്ടാണ് ഓണം സമീപകാലത്ത്ആഘോഷിക്കപ്പെടുന്നത്.
അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച് ഓണം ആഘോഷിക്കേണ്ടി വരുന്നതും നാം ചിന്തിക്കേണ്ട വിഷയമാണ്. എന്തുകൊണ്ട് കാർഷിക സംസ്കാരം നമുക്ക് കൈമോശം വന്നു എന്നും ആലോചിക്കണം.
10.വർത്തമാനകാല കേരളീയ സമൂഹത്തിൽ ഓണത്തിൻറെ പ്രസക്തിയെക്കുറിച്ചും ഓണാഘോഷം എങ്ങനെയാണ് കേരളത്തിൻറെ സാംസ്കാരിക സ്വത്വത്തെ രൂപപ്പെടുത്തുന്നത് എന്നതിനെക്കുറിച്ചും പറയാമോ?
ഓണക്കവിതകളിൽ സമത്വസുന്ദരമായ കാലത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെയാണല്ലോ അവതരിപ്പിക്കപ്പെടുന്നത്.‘വൈലോപ്പിള്ളിയുടെ ‘ഓണപ്പാട്ടുകാർ’എന്ന കവിത മികച്ച ഉദാഹരണമാണ്.. .സമത്വമാണ് ഓണത്തിൻറെ അടിസ്ഥാന സങ്കല്പം.
ഓണത്തിൻറെ ചരിത്രവും സംസ്കാരവും കവിതയിൽ കവി അവതരിപ്പിക്കുന്നതോടൊപ്പം പുതിയ കാലത്തിൽ വന്ന മൂല്യച്യുതികളെയും ശക്തിയേറിയ വാക്കുകളിൽ കുറിച്ചിടുന്നുണ്ട്.
“മൂവടിമണ്ണിനിരന്നു കവർന്നു, വധിച്ചു, നശിപ്പോ, രൽപസുഖത്തിൻ പാവകളി,ച്ചതു തല്ലിയുടച്ചു, ക-രഞ്ഞു മയങ്ങിയുറങ്ങീടുന്നോർ”
“സൽഗുണമഹിമ ചവിട്ടിയമർത്തി വസുന്ധരയൊക്കെയസുന്ദരമാക്കി സ്വർഗ്ഗപഥത്തിൽ നയിപ്പാനന്ധവിരക്തിയെ നിന്നു വിളിച്ചീടുന്നോർ.”
എന്ന വരികളിലൂടെ മൂവടിമണ്ണിരന്ന് അടിസ്ഥാന ജനതയുടെ സർവ്വവും കവർന്നെടുക്കുന്ന സാമ്രാജ്യത്വമുതലാളിത്തത്തിനെതിരെകവി ശക്തമായി പ്രതികരിക്കുന്നുണ്ട്. അധോമുഖ വാമനന്മാർ വന്നു കീഴടക്കാൻ ശ്രമിക്കുന്ന കേരളത്തിൻറെ വർത്തമാനകാല അവസ്ഥയെ നമുക്ക് ഈ കവിത കാട്ടിത്തരുന്നുണ്ട്.
പലതരത്തിലും മുന്നിൽ നിൽക്കുന്ന കേരളം ഇന്ന് ശക്തമായ അതിജീവന ശ്രമം നടത്തുന്ന സംസ്ഥാനമാണ്. സാമ്പത്തികമായും രാഷ്ട്രീയമായും കേരളത്തെ ഞെക്കിക്കൊല്ലുന്ന ഭരണസംവിധാനമാണ് ഇന്ത്യയിൽ ഉള്ളത്. അതിനെ അതിജീവിച്ച് മാവേലി ഭരണം പോലെ സമത്വ സുന്ദരമായ ഒരു നാടിനെ വളർത്താനും നവകേരളം സാധ്യമാക്കാനും ആണ് നാം പരിശ്രമിക്കേണ്ടത്.





Comments