top of page

നീലക്കുയിൽ : വെള്ളിത്തിരയിൽ വിനിമയം ചെയ്തനവോത്ഥാനം

ഡോ. സജിത്കുമാർ. എസ്
ree

 പ്രബന്ധസംഗ്രഹം

 മലയാള സിനിമയിലും മലയാളചലച്ചിത്രഗാന ചരിത്രത്തിലും നാഴികക്കല്ലാണ് നീലക്കുയിൽ. വൈവിധ്യ ചലച്ചിത്രഭാവുകത്വങ്ങളിൽ പരിവർത്തനം സൃഷ്ടിക്കാനും മലയാളം പാട്ടുചരിത്രത്തിൽ ഗുണപരമായ നവയാനം തുടങ്ങാനും നീലക്കുയിൽ കാരണമായി 1954 ൽ പ്രദർശനത്തിന് എത്തിയ ഈ ചലച്ചിത്രം പിൽക്കാല മലയാള ചലച്ചിത്രഗതികളെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്.

 

താക്കോൽ വാക്കുകൾ 

 നവോത്ഥാനം, കേരളീയത, പരിച്ഛേദം, വ്യവസ്ഥിതി, ബിംബം

 

‘വിശാലമായ നീലാകാശം. കണ്ണെത്താതെ നീണ്ടുകിടക്കുന്ന കന്നിവയലുകൾ. അവയ്ക്കിടയിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന കുറേ മനുഷ്യജീവിതങ്ങൾ. വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ അവരുടെ ജീവിതത്തിൽ നിന്ന് നെയ്തെടുത്ത ഒരു കഥയാണ്’. തിരശ്ശീലയിൽ ഇങ്ങനെ എഴുതി നിറച്ചശേഷം ‘നീലക്കുയിൽ’ പാറിത്തുടങ്ങിയിട്ട് എഴുപത് വർഷം. നിലനിന്ന ചലച്ചിത്ര ഭാവുകത്വങ്ങളെ ചവിട്ടടിമറിച്ച ചലനസൃഷ്ടി. രചന, അഭിനയം,ദൃശ്യവിന്യാസം, ക്യാമറയുടെ വീക്ഷണ കോണുകൾ, രാഷ്ട്രീയവും സാമൂഹികവുമായ സമീപനങ്ങൾ, സംവിധാനം എന്നുതുടങ്ങി മലയാളസിനിമയുടെ പാട്ടുചരിത്രത്തിൽ പോലും നീലക്കുയിൽ സൃഷ്ടിച്ച ദോളനങ്ങൾ പിൽക്കാലചലച്ചിത്രഗതികളെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്.

 

ജാതിവെറി, തൊട്ടുകൂടായ്മ, സ്ത്രീകളോടുള്ള അനീതി, തറവാടുകളുടെ തകർച്ച, ആധുനികതയുടെ വരവ്, പുരോഗമനോന്മുഖത, ദേശരാഷ്ട്ര സങ്കല്പം തുടങ്ങി അക്കാലത്തെ സാമൂഹിക വ്യവസ്ഥകൾ ചർച്ചചെയ്യുന്ന ചിത്രം കൂടിയായിരുന്നു നീലക്കുയിൽ. ഇവ രൂക്ഷമായും ശക്തമായും ചിത്രം അവതരിപ്പിച്ചു. പൂർവ്വകാല കേരളീയതയും നവോത്ഥാന സങ്കൽപ്പങ്ങളും നീലക്കുയിൽ ചർച്ചചെയ്യുന്നുണ്ട്. എന്നാൽ എക്കാലത്തെയും മുഖ്യവിഷയമായ വർഗ്ഗമേധയെക്കുറിച്ച് പഠനങ്ങൾ മൗനം പാലിക്കുന്നു. ആത്മാർത്ഥമായി പ്രണയിച്ച പെണ്ണിനെ ആപത് ഘട്ടത്തിൽ കൈയൊഴിഞ്ഞ് രക്ഷപ്പെടുന്ന ആണിന്റെ  പ്രതിനിധിയാണ് ശ്രീധരൻനായർ. ‘തൊട്ടപ്പോൾ നീലക്കരിമ്പിന്റെ തുണ്ടാണ്’എന്ന് നീലിക്ക് സ്വയം തോന്നിയ പുരുഷൻ.

 

 1953 മാർച്ച് 20ന് റിലീസ് ചെയ്ത ‘തിരമാല’യാണ് നീലക്കുയിലിന്റെ പിറവിക്ക് നിമിത്തമായത്. കലാസാഗറിന്റെ ബാനറിൽ പി.ആർ.എസ് പിള്ള നിർമിച്ച തിരമാലയുടെ സംവിധാനം വിമൽകുമാർ ആയിരുന്നു. ഈ സിനിമക്ക് രണ്ട് സഹസംവിധായകരെ ആവശ്യമുണ്ട് എന്ന പത്രപരസ്യം വന്നു. ഇതുകണ്ട് അപേക്ഷിക്കുകയും സഹസംവിധായകരായി തിരഞ്ഞെടുക്കപ്പെട്ട്, തുടർന്ന് സഹപ്രവർത്തകരായി മാറിയവരാണ് പി.ഭാസ്കരനും രാമു കാര്യാട്ടും.

 

കൊച്ചിയിലെ സിനിമഭ്രാന്തനായ വ്യവസായി ടി.കെ പരീക്കുട്ടി ആണ് നീലക്കുയിൽ നിർമിച്ചത്. ചന്ദ്രതാര ഫിലിംസ് എന്ന പേരിൽ അദ്ദേഹം തുടങ്ങിയ വിതരണകമ്പനിയുടെ ബാനറിൽ.  ഒരു മലയാള സിനിമ നിർമ്മിക്കാൻ പരീക്കുട്ടി തയ്യാറായപ്പോൾ സംവിധായകചുമതല ഏൽപ്പിച്ചത് രാമു കാര്യാട്ടിനെയും പി.ഭാസ്കരനെയും ആയിരുന്നു. ഉറൂബിന്റെ കഥ. ഉറൂബ് നിർദ്ദേശിച്ച മൂന്ന് കഥയിൽ നിന്ന് ആദ്യത്തേത് തിരഞ്ഞെടുക്കുകയായിരുന്നു. (രാരിച്ചൻ എന്ന പൗരൻ,നായര് പിടിച്ച പുലിവാൽ എന്നിവ ആയിരുന്നു മറ്റ് രണ്ടെണ്ണം). സാമൂഹിക വിഷയങ്ങളുടെ ചർച്ചയും ജാതീയതയ്ക്ക് എതിരായ നവോത്ഥാനസന്ദേശവും നീലക്കുയിൽ തിരഞ്ഞെടുക്കാൻ സംവിധായകരെ പ്രേരിപ്പിച്ചു.

 

 സ്കൂൾമാസ്റ്ററായ ശ്രീധരൻനായരും താണജാതിക്കാരി നീലിയും പ്രണയത്തിലാകുന്നു. നീലി ഗർഭിണിയാകുന്നതോടെ ശ്രീധരൻനായർ അവളെ കയ്യൊഴിയുന്നു. സ്വന്തം സമുദായത്തിൽ നിന്ന് പുറന്തള്ളപ്പെടുന്ന അവൾ അനാഥയായി ജീവിക്കുന്നു.തുടർന്ന് ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നു. ജീവിതനൈരാശ്യവും പ്രതിസന്ധികളും അവളെ ആത്മഹത്യയിൽ എത്തിക്കുന്നു. ആരും ഏറ്റെടുക്കാൻ ഇല്ലാത്ത കുഞ്ഞിനെ ഗ്രാമത്തിലെ പോസ്റ്റുമാൻ ശങ്കരൻനായർ ദത്തെടുക്കുന്നു. മോഹൻ എന്ന് പേരിട്ട് അയാൾ അവനെ സ്വന്തം മകനെപോലെ വളർത്തുന്നു.  സ്കൂൾ മാസ്റ്റർ ശ്രീധരൻനായർ നാട്ടിലെ ഒരു തകർന്ന തറവാട്ടിലെ ഇളമുറക്കാരി നളിനിയെ വിവാഹം കഴിക്കുന്നു. അനപത്യദുഃഖം അനുഭവിക്കുന്ന ഇവർക്കിടയിൽ, തന്റെ മകനെ കുറിച്ചുള്ള കഥ ശ്രീധരൻനായർ പറയുന്നു. അവനെ ഏറ്റെടുക്കാനും സ്വന്തം മകനെപ്പോലെ വളർത്താനുമുള്ള ആഗ്രഹം നളിനി പ്രകടിപ്പിക്കുന്നു. ഇതുവരെ വളർത്തിയ പോസ്റ്റുമാൻ ശങ്കരൻനായർ മകനെ വിട്ടുകൊടുക്കാൻ തയ്യാറാകുന്നില്ല. പക്ഷേ രക്തം രക്തത്തെ തിരിച്ചറിയുന്നു. യഥാർത്ഥ പിതാവിന് ഒപ്പം പോകാൻ മോഹൻ ശാഠ്യം പിടിക്കുമ്പോൾ അവനെ ശങ്കരൻനായർ വിട്ടു നൽകുന്നു. നളിനിയും ശ്രീധരൻനായരും മോഹനെ സ്വീകരിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു. ഇവനെ ഏതെങ്കിലും ജാതിയിലല്ല, മനുഷ്യനായി വളർത്തൂ എന്ന ഉപദേശം നൽകി ശങ്കരൻനായർ മടങ്ങുന്നു.

 

 ഒരു കേവല മേലോഡ്രാമ മാത്രമായി പര്യവസാനിക്കുന്ന ചിത്രമാണ് നീലക്കുയിൽ. എന്നാൽ അതിന്റെ വൈവിധ്യ പ്രാധാന്യങ്ങൾ അവഗണിക്കാനാവില്ല. സാമൂഹികവും രാഷ്ട്രീയവുമായി ചിത്രം മുന്നോട്ടുവച്ച നവോത്ഥാന ആശയങ്ങൾ അമ്പതുകളിൽ വിപ്ലവാത്മകമായിരുന്നു.  മനയും തറവാടും രാജാവും ഭക്തിയും മാത്രമായി മലയാള സിനിമ ചുറ്റിതിരിഞ്ഞ പ്രമേയങ്ങൾക്കിടയിലാണ് സാധാരണക്കാരുടെ ജീവിതത്തിന്റെ കഥയുമായി നീലക്കുയിൽ വന്നത്. അക്കാലത്തെ സാമൂഹിക പരിച്ഛേദങ്ങളാണ് കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ആയത്.  ‘നമ്മെപ്പോലെ ഭക്ഷിക്കുകയും വസ്ത്രം ധരിക്കുകയും ഒക്കെ ചെയ്യണമെന്ന കാഴ്ചപ്പാടാണ് ആ സിനിമ പുലർത്തിയത്’. പ്രതീകാത്മകതയിൽ ദൃശ്യാഖ്യാനത്തിന്റെ വിപുലന സാധ്യത ചിത്രം അവതരിപ്പിച്ചു. പ്രതിബദ്ധതയ്ക്കും സാമൂഹിക ബോധത്തിനും ഒപ്പം വർഗ്ഗപരമായ അധിനിവേശങ്ങളും ചിത്രം ചർച്ച ചെയ്തു.

 

 പെയ്തു നിറയുന്ന മഴയിൽ,വിളവെടുപ്പ് ഉത്സവത്തിന്റെ ആഹ്ലാദത്തിലാണ് നീലക്കുയിൽ ആരംഭിക്കുന്നത്. മഴ നനഞ്ഞ് ഓടിവന്നു ഇറയത്തുനിന്ന നീലിയെ സ്കൂൾമാസ്റ്റർ ശ്രീധരൻനായർ സ്വന്തം വാടകവീടിനുള്ളിലേക്ക് ക്ഷണിക്കുകയും ഒടുവിൽ പീഡിപ്പിക്കുകയുമാണ്. വർഗ്ഗാധിനിവേശം മാത്രമല്ല, ‘അധ്യാപകൻ’ എന്ന വിശ്വാസതയ്ക്കുമാണ് ഇവിടെ ഭംഗമു ണ്ടാവുന്നത്. ഒടുവിൽ ഗർഭിണിയായ നീലിയെ ജാതികാരണപറഞ്ഞ് തള്ളുന്ന നായകൻ. ‘പട്ടുകുപ്പായക്കാര’ന്റെ കരളും പട്ടാണെന്ന് കരുതിയ പെണ്ണിന് കിട്ടിയ സമ്മാനം. സമൂഹത്തോടും വ്യവസ്ഥിതിയോടുമുള്ള ഭയമാണ് ശ്രീധരൻനായരെ നീലിയിൽ നിന്ന് അകറ്റുന്നത്.

 

വരുംതലമുറയ്ക്ക് പുതിയ വെളിച്ചം പകരേണ്ട അധ്യാപകനാണ് ജാത്യാചാരത്തെ മറികടക്കാനാവാതെ സാമൂഹിക വരേണ്യതയ്ക്ക് സമരസപ്പെടുന്നത്. അതേസമയം സാമൂഹിക വ്യവസ്ഥകളെ സ്വന്തം നിലപാടുകൾ കൊണ്ട് മറികടന്നവനാണ് പോസ്റ്റ്മാൻ ശങ്കരൻനായർ. ആദർശാത്മകമായി ജീവിക്കുകയും പ്രവർത്തിക്കുകയുംചെയ്യുന്നവനാണ് ശങ്കരൻനായർ. അനാചാരങ്ങളെയും ദുഷ്പ്രവണതകളെയും ചിന്തകൊണ്ട് മറികടക്കുകയും, നവോത്ഥാന സന്ദേശങ്ങൾ സ്വന്തം ജീവിതംകൊണ്ട് വിപുലീകരിക്കുകയും ചെയ്യുന്നയാൾ. രണ്ടു നായകന്മാരെയും അവർ പ്രതിനിധാനം ചെയ്യുന്ന കർമ്മ പശ്ചാത്തലത്തെയും പ്രതീകാത്മകമായാണ് അവതരിപ്പിക്കുന്നത്. അതേസമയം രണ്ടു നായകരും ഒരേ ജാതിയുടെ പ്രതിനിധാനവും ആണ്. ഇവിടെ ജാതിയെ അല്ല, അതിന്റെ ദുർവ്യവസ്ഥകളെ മറികടക്കാൻ കഴിയുന്ന നവദർശനദാർഢ്യത്തെയാണ് എഴുത്തുകാരൻ ആവിഷ്കരിക്കുന്നത്. ‘നീലക്കുയിലിന്റെ വിജയത്തിന്റെ അവകാശം അതിന് കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ഉറൂബിനാണ്’ എന്ന് 1954 നവംബർ 7ന് സിനിക്ക് മാതൃഭൂമിയിൽഎഴുതിയത് വെറുതെയല്ല.

 

 പരിവർത്തനത്തിന്റേതായ സാഹചര്യങ്ങളിൽ ജീവിക്കുകയും പൊതുമണ്ഡലത്തിന്റെ ഭാഗമായ ജീവിതപശ്ചാത്തലത്തിൽ ഉൾപ്പെടുകയും ചെയ്തിട്ടും ആധുനികതയുടെ ആശയത്തെ ഉൾക്കൊള്ളാൻ കഴിയാഞ്ഞതാണ് ശ്രീധരൻനായർ എന്ന സ്കൂൾമാസ്റ്ററുടെ പോരായ്മ. നവീനതയുടെ പ്രതീകങ്ങളായ പോസ്റ്റോഫീസും തീവണ്ടിയും സാമൂഹിക അവസ്ഥകളെ പുതുക്കി അവതരിപ്പിക്കാനുള്ള ഉപകരണങ്ങളായി സിനിമയിൽ പ്രവർത്തിക്കുന്നു.

 

ചിത്രത്തിന്റെ കാലാതീതമായ പ്രസക്തിക്ക്  സംവിധാനമികവും പ്രധാന പങ്കു വഹിച്ചു. ജാതിഭേദമോ മതദ്വേഷമോ കൂടാതെ സർവ്വ ഇടങ്ങളിലേക്കും കടന്നെത്തുന്ന പോസ്റ്റുമാൻ ആണ് സിനിമയിലെ ആധുനികതയുടെ പ്രതിനിധി. വ്യവസ്ഥിതികൾക്കെതിരായ ആധുനികതയുടെ ബിംബമാണ് തീവണ്ടി. ദലിതയുടെ ദുരന്ത കഥയ്ക്കൊപ്പം സമാന്തരമായി കാട്ടിത്തരുന്ന നളിനിയുടെ തകർന്ന തറവാട്ടു ദൃശ്യങ്ങളിലും കാലത്തെയാണ് അവതരിപ്പിക്കുന്നത്. കൂട്ടുകുടുംബങ്ങളുടെ തകർച്ച ഈ കാഴ്ചകളിലുണ്ട്. കാലത്തിന്റെ മാറ്റമറിയാതെയും കാലത്തോടൊപ്പം സഞ്ചരിക്കാതെയും അന്യമാക്കപ്പെടുന്ന അക്കാലത്തെ വരേണ്യസമൂഹം. സിനിമയിൽ അവതരിപ്പിക്കുന്ന ടൈംപീസ് പോലും കഥാപാത്രമായി വിനിമയം ചെയ്യപ്പെടുകയാണ്. കാലത്തെ കൃത്യമായി പിന്തുടരാൻ കഴിയാതെ, ജീവിതത്തിന്റെ താളം നഷ്ടപ്പെടുത്തുന്ന സ്കൂൾ മാസ്റ്റർ. അതേസമയം നാഴിക മണിയുടെ ശബ്ദം കേട്ട് ഞെട്ടുന്ന തറവാട്ടുകാരണവർ. വിവാഹിതനായ ശ്രീധരൻനായർക്ക് ഒപ്പമുള്ള കുട്ടിക്കുരങ്ങിലൂടെ പോലും ചെറുപ്പക്കാരന്റെ മനസ്സിനെ പ്രതീകവൽക്കരിക്കാൻ ചലച്ചിത്ര ശില്പികൾക്ക് കഴിഞ്ഞിരിക്കുന്നു.

 

നിലനിൽക്കുന്ന അസമത്വത്തോട് സമരസപ്പെട്ടിരുന്ന നായകനെ, ഒടുവിൽ നവോത്ഥാന ആശയങ്ങൾക്ക് ഒപ്പം എത്തിക്കാൻ കഴിഞ്ഞിടത്താണ് നീലക്കുയിൽ ഒരു പരിവർത്തന ചിത്രമാകുന്നത്. പുതിയ പ്രഭാതത്തെ കാട്ടിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

 

ഗാനചരിത്രത്തിന്റെയും പിറവി

 മലയാള സിനിമയുടെ മാത്രമല്ല മലയാള ചലച്ചിത്രസംഗീത ചരിത്രത്തെയും നെടുകെ പിളർക്കുന്നത് നീലക്കുയിലിലെ പാട്ടുകളാണ് – അതിനുമുമ്പും ശേഷവും എന്ന തരത്തിൽ. 1938ലെ ‘ബാലനി’ൽ തുടങ്ങി 1948 ലെ ‘നിർമ്മല’ യിലൂടെ കടന്ന് ‘നീലക്കുയിലി’ൽ എത്തുമ്പോഴാണ് ഇന്നു കേൾക്കുന്ന തരത്തിലേക്കുള്ള മാറ്റം മലയാളം പാട്ടുകളിൽ ഉണ്ടാകുന്നത്. ഹിന്ദിയും തമിഴും പാട്ടുകളുടെ പാരഡികളിൽ നിന്ന് മലയാളിത്തത്തിലേക്കുള്ള പരിവർത്തനം.

 

സംവിധായകനായിരുന്ന പി ഭാസ്കരൻ തന്നെയാണ് നീലക്കുയിലിലെ പാട്ടുകൾ എഴുതിയത്. കോഴിക്കോട് ആകാശവാണിയിൽ ജീവനക്കാരനായിരുന്ന കെ.രാഘവൻ സംഗീതം നൽകി. നീലക്കുയിലിന് മുമ്പ് രണ്ടു ചിത്രങ്ങൾക്ക് (കതിരുകാണാക്കിളി, പുള്ളിമാൻ) രാഘവൻ സംഗീതം നൽകിയിരുന്നു. മുമ്പു വന്ന സിനിമകളിൽ എല്ലാംകൂടി കേട്ട 462 പാട്ടുകളെ ഉല്ലംഖിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ഭാവുകത്വപരിണാമം സൃഷ്ടിച്ച പാട്ടായിരുന്നു 463മത് കേട്ട ‘എല്ലാരും ചൊല്ലണ്’. ജാനമ്മ ഡേവിഡ് ആയിരുന്നു ഗായിക.

 

 നീലക്കുയിലിൽ ഒൻപത് പാട്ടുണ്ടായിരുന്നു. എല്ലാം ജനഹൃദയങ്ങളെ കീഴടക്കി. എങ്ങനെ നീ മറക്കും കുയിലേ (കോഴിക്കോട് അബ്ദുൾഖാദർ), കായലരികത്ത് വലയെറിഞ്ഞപ്പോൾ (കെ.രാഘവൻ), മാനെന്നും വിളിക്കില്ല (മെഹബൂബ്), കുയിലിനെതേടി (ജാനമ്മ ഡേവിഡ്) ഉണരുണരൂ ഉണ്ണിക്കണ്ണാ (ശാന്ത.പി.നായർ),കടലാസുവഞ്ചിയേറി (കോഴിക്കോട് പുഷ്പ),ജിഞ്ചക്കം താരോ (കെ.രാഘവനും സംഘവും), മിന്നും പൊന്നിൻകിരീടം എന്നീ പാട്ടുകളാണ് ജനങ്ങൾ സ്വീകരിച്ചത്.

 

 ആലുവാപ്പുഴയുടെ തീരത്ത് തോട്ടക്കാട്ടുകരയിൽ വീട് വാടകയ്ക്ക് എടുത്ത് അവിടെ ഇരുന്നാണ് പാട്ടുകൾ ചിട്ടപ്പെടുത്തിയത്. മലബാറിലെ സാധാരണക്കാരുടെ ജീവിതമാണ് സിനിമ പറഞ്ഞത്. പാട്ടുകളുടെ ഈണവും സ്വഭാവവും അങ്ങനെതന്നെ ആയി. മാപ്പിളപ്പാട്ടിന്റെ മൊഞ്ചായിരുന്നു ‘കായലരികത്തിന്’. വരികളാകട്ടെ ലളിതവും ഗ്രാമ്യവുമായി. പാട്ടുപുസ്തകങ്ങളുമായി പടം കാണാൻ എത്തിയവർ കൊട്ടകയിൽ ഇരുന്ന് മെഴുകുതിരിവെട്ടത്തിൽ പാട്ടുകൾ ഏറ്റുപാടി.

 

ആകാശവാണിയിലെ സഹപ്രവർത്തകയായിരുന്ന ജാനമ്മ ഡേവിഡിനെ ഈ സിനിമയ്ക്ക് പാടാൻ വിളിച്ചത് പി.ഭാസ്കരനാണ്. ‘ഹാജി’ എന്ന് വിളിപ്പേരുള്ള അബ്ദുൾഖാദറിനെ പാടാൻ നിശ്ചയിക്കുകയും പാടി റിക്കോർഡ്  ചെയ്യുകയും ചെയ്ത പാട്ടായിരുന്നു കായലരികത്ത്. എന്നാൽ നിർമ്മാതാവിന്റെ നിർബന്ധത്തിനു വഴങ്ങി സംഗീതസംവിധായകൻ തന്നെ പാടിയതാണ്  സിനിമയിൽ ഉപയോഗിച്ചത്. ‘കായലിൽ അല്ലേ വല എറിയേണ്ടത് ‘ എന്ന് പരിഹസിച്ചവരോട് ‘കായലിൽ മീൻ മാത്രമല്ലേയുള്ളൂ, കായലരികത്ത് വലയെറിഞ്ഞാലല്ലേ വളകിലുക്കുന്ന സുന്ദരിയെ കിട്ടൂ’എന്ന് മറുപടി നൽകി ഭാസ്കരൻ മാസ്റ്റർ. ഒറ്റ കാൾഷീറ്റിൽ ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും റെക്കോർഡ് ചെയ്തത് റെക്കോർഡിസ്റ്റ് കൃഷ്ണയ്യർ. കൊയ്ത്തുപാട്ട് മുതൽ ഭക്തികീർത്തനം വരെ വൈവിധ്യ സംഗീതമായിരുന്നു നീലക്കുയിലിൽ പിറന്നത്. ഒപ്പം മലയാള പാട്ടുചരിത്രത്തിന്റെ പുതിയ യുഗപ്പിറവിയും.

—---------------------------------------------

സഹായക ഗ്രന്ഥങ്ങൾ

—---------------------------

●     എം. ജയരാജ്‌, മലയാള സിനിമ പിന്നിട്ട വഴികൾ, മാതൃഭൂമി ബുക്സ്,  കോഴിക്കോട്

●     കിരൺരവീന്ദ്രൻ,മലയാളസിനിമപിന്നണി ഗാനചരിത്രം, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

●     ബീനാ രഞ്ജിനി, ഹിറ്റുകളുടെ കഥ, മാതൃഭൂമി ബുക്സ്,കോഴിക്കോട്

●     വിജയകൃഷ്ണൻ,മലയാളസിനിമയുടെ കഥ , കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

 


ഡോ. സജിത്കുമാർ

അസോ. പ്രൊഫസർ

മലയാള വിഭാഗം

എസ്. ഡി. കോളേജ്

ആലപ്പുഴ - 3


 

 

 

 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page