top of page

പരാധീനത എന്ന സങ്കല്പം : ആത്മകഥകളെ മുൻനിർത്തിയുള്ള താരതമ്യ പഠനം

Updated: Jun 15

ദീഷ്ണ
ree

താക്കോൽ വാക്കുകൾ : പരാധീനത, ഫൂക്കോ, ആത്മകഥ


പ്രബന്ധ സംഗ്രഹം

കൂട്ടം ചേർന്നുള്ള ജീവിതത്തിൽ നിന്നു മാറി, ഒറ്റയായ സാമൂഹിക സന്ദർഭങ്ങളിലാണ് 'വ്യക്തി' രൂപപ്പെടുന്നത്. ഓർമകൾക്കും അവക്കു മുന്നിലും പിന്നിലുമുള്ള അനുഭവങ്ങൾക്കും വൈയക്തികതയും വ്യതിരിക്തതയും കൈവരുന്നത് ഈ ഘട്ടത്തിലാണ്. കൊളോണിയൽ ആധുനികതയുടെ യുക്തിയിൽ രൂപപ്പെടുന്ന ഈ വ്യക്തി ചുറ്റുമുള്ള ലോകത്തെ, തന്റെ തന്നെ ലോകമായി കാണാനും,അനുഭവിക്കാനും, അവിടെ നിന്ന് ഓർമകളെ ക്രമീകരിക്കാനും ശ്രമിക്കുന്നു.


മലയാളഗദ്യത്തിന്റെ പ്രാരംഭഘട്ടമായ ഈ കാലഘട്ടത്തിൽ തന്നെയാണ് ഓർമ്മക്കുറിപ്പുകളായും  ആത്‌മകഥ കളായും പുതിയ സാഹിത്യരൂപങ്ങൾ ഉണ്ടായിവരുന്നത്. ആധുനികതയുടെ പ്രത്യയശാസ്ത്രത്തിനകത്ത് ഉണ്ടായി വന്ന മറ്റെല്ലാതിനെയും പോലെ ആത്മകഥകളുടെ രചനാസമ്പ്രദായങ്ങളിലും  സമീപനത്തിലും സവർണ പുരുഷ സങ്കല്പം പ്രകടമായിരുന്നു.


ഏതാണ്ട് ഒരേ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന രണ്ട് ആത്മകഥകൾ ഒരേ ചരിത്രസന്ദർഭത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് ഈ  പ്രബന്ധത്തിൻ്റെ പ്രാഥമിക അന്വേഷണം.


ഓരോരുത്തരും അവർക്ക് മേലുള്ള ധാർമിക ബാധ്യതകളെ നിർവചിക്കുന്നുവെന്നതിനെ പരാധീനത(subjection )എന്നു വിളിക്കാമെന്ന ഫൂക്കോയുടെ അഭിപ്രായത്തെ ഇവിടെ ഗൗരവത്തോടെ പരിഗണിക്കുന്നു.ഇത്തരം ധാർമിക ബാധ്യതകളെ നിർവചിക്കുന്നതിൽ വ്യക്തിയുടെ ജാതി, മതം, ലിംഗം എന്നിങ്ങനെ നിരവധി ഘടകങ്ങൾക്ക് പങ്കുണ്ട്. മലയാളത്തിലെ ശ്രദ്ധേയമായ ആത്മകഥകളെ ഉപയോഗിച്ച് ഈ വിഷയത്തെ പഠിക്കാൻ ഇവിടെ ശ്രമിക്കുന്നു.


 വ്യക്തികൾ തങ്ങളുടെ ജീവിതത്തെ കേന്ദ്ര സ്ഥാനത്ത് നിർത്തിക്കൊണ്ട് നടത്തുന്ന ഭൂതകാല അന്വേഷണവും അവലോകനവും എന്നതാണ് പൊതുവേ ആത്മകഥകൾ ഉൾക്കൊള്ളുന്ന നിർവചനം. എന്നാൽ ഈ നിർവചനം അതിനകത്തു തന്നെ  പ്രശ്നവൽക്കരിക്കപ്പെടുന്നുണ്ട്. ഭൂതകാല അനുഭവങ്ങളിലെ തെരഞ്ഞെടുപ്പും, അവ ആവിഷ്കരിക്കപ്പെടേണ്ട രീതിയിലും എഴുത്തുകാർ സ്വമേധയോ അല്ലാതെയോ നിരവധി ക്രമീകരണങ്ങൾ നടത്തുന്നു. ഒരു അനുഭവം ഓർക്കുന്നതിന്റെ, അത് പങ്കുവെക്കണമോ എന്നതിന്റെ, എങ്ങനെ പകർത്തണമെന്നതിന്റെ രാഷ്ട്രീയവും ധാർമികതയും കൂടെ ചർച്ച ചെയ്യപ്പെടുമ്പോഴാണ് ആത്മകഥാവായന പൂർത്തിയാകുന്നതെന്ന് വിശ്വസിക്കുന്നു. ഇത്തരമൊരു വായനയുടെ സാധ്യതകളെ തിരിച്ചറിയാനാണ് ഈ പ്രബന്ധം ശ്രമിക്കുന്നത്.

 

പരാധീനത - സങ്കല്പ വിശദീകരണം

-------------------------------------------

 മിഷേൽ ഫൂക്കോ മുന്നോട്ടുവയ്ക്കുന്ന പരാധീനത എന്ന സങ്കല്പം ഇത്തരമൊരു ചിന്തയെ മനസ്സിലാക്കാൻ സഹായിക്കുന്നു.  സ്വത്വവും സദാചാരവും   തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുന്നിടത്താണ് ഫൂക്കോ പരാധീനത എന്ന സങ്കല്പം അവതരിപ്പിക്കുന്നത്. സദാചാരത്തിന്റെ നാലു വശങ്ങളിൽ ഒന്നായി ഇതിനെ സംബോധന ചെയ്യുന്നു. സദാചാര വസ്തു, പരാധീനത, സ്വത്വരൂപീകരണം, ലക്ഷ്യം എന്നിങ്ങനെയുള്ള നാലു വശങ്ങളെ അവതരിപ്പിച്ചുകൊണ്ട് സമൂഹത്തിനകത്തെ അനുസരണയുള്ള പ്രജയായി മാറാൻ വ്യക്തി എങ്ങനെ പാകപ്പെടുന്നു എന്ന് ഫൂക്കോ വിശദീകരിക്കുന്നു.


 ഓരോ സമൂഹവും അധികാര പ്രയോഗങ്ങൾക്കായി പല വഴികൾ സ്വീകരിക്കുന്നു. ആധുനികത കൊണ്ടുവന്ന മാനവിക വാദം, മനുഷ്യ സ്നേഹം, പരിഷ്കരണ വാദം എന്നിവ വഴി അധികാരപ്രയോഗങ്ങളുടെ  പഴയ രീതികളെ തകിടം മറിക്കുകയും ശിക്ഷണത്തിന്റേതായ പുതിയ മാർഗം സ്ഥാപിച്ചെടുക്കുകയും ചെയ്തു. സമൂഹത്തിനകത്ത് വ്യക്തികളുടെ പെരുമാറ്റം, ചിട്ടകൾ, എന്നിവയിൽ എല്ലാം അധികാരം വളരെ സൂക്ഷ്മമായി ഇടപെടുന്നുണ്ട്.ആധുനികതക്ക് മുന്നേ ബലപ്രയോഗത്തിലൂടെയും ശാരീരിക പീഡകളിലൂടെയുമായായിരുന്നെങ്കിൽ, ശിക്ഷണത്തിന്റേതാണ് പുതിയ രീതി.

' ഒരു സമൂഹത്തിൽ അധീശത്വം നടപ്പിലാക്കുന്നത് ബലപ്രയോഗത്തിലൂടെയല്ല,സമ്മതിയിലൂടെയാണ് എന്ന ഗ്രാംഷിയൻ ചിന്ത ഇതിനോട് ചേർത്ത് കാണേണ്ടതാണ്. ഈ വിധത്തിൽ അധികാരം അഥവാ ഭരണകൂടം ആവശ്യപ്പെടുന്ന രീതിയിൽ പ്രജ തന്റെ ശരീരത്തെയും മനസ്സിനെയും മെരുക്കിയെടുക്കുന്നു.


 ഇത്തരത്തിൽ സമൂഹം നിർമ്മിച്ചെടുക്കുന്ന അധികാര പ്രയോഗങ്ങളിൽ ഒന്നാണ് വ്യക്തികൾക്ക് മേൽ ചുമത്തുന്ന  ധാർമിക മൂല്യങ്ങൾ. ശരീരം, ലൈംഗികത, നീതി തുടങ്ങി പലതരത്തിലുള്ള  ക്രിയകളിൽ പൊതുവായ മൂല്യങ്ങൾ നിർമ്മിച്ചു കൊണ്ട് അവയെ അനുസരിക്കുവാനും അതിനകത്ത് വിധേയപ്പെട്ട് ഭരണകൂടത്തിന് കീഴിൽ ജീവിക്കുവാനും വ്യക്തികൾ നിർബന്ധിക്കപ്പെടുന്നു. സമൂഹം ശീലിപ്പിക്കുന്ന മൂല്യങ്ങൾ ബാധ്യതയായാണ് ഇവിടെ സ്വീകരിക്കപ്പെടുന്നത്. ഒരു സമൂഹത്തിനകത്തെ ശരികളും സത്യങ്ങളും മറ്റൊരിടത്ത് തെറ്റായി മാറുന്നതും, അതേ സമൂഹത്തിൽ തന്നെ കാലക്രമേണ പഴകി പോകുന്നതുമെല്ലാം ഇതിന്റെ മറ്റു വശങ്ങളാണ്.


 ഇങ്ങനെയുള്ള ധാർമിക ബാധ്യതകളെ ഓരോ വ്യക്തിയും എങ്ങനെ നോക്കിക്കാണുന്നുവെന്നും, അതിനെ എപ്രകാരം സ്വീകരിക്കുന്നു എന്നുമാണ് പരാധീനത ( Subjection ) എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. തെറ്റാണെന്ന് സമൂഹം പറയുന്ന ഒന്നിനെ അതിനകത്തെ വ്യക്തികൾ തെറ്റായി തന്നെ ഉൾക്കൊള്ളുകയും അതിനകത്ത് പാകപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നു. ഞങ്ങൾക്കുമേൽ ചുമത്തപ്പെട്ട ധാർമിക ബാധ്യതയെ ഓരോ വ്യക്തിയും നിർവചിക്കുന്ന രീതിയാണ് പരാധീനത. ഉദാഹരണമായി ഹോമോസെക്ഷ്വാലിറ്റി തെറ്റാണെന്ന് ശീലിപ്പിക്കാൻ ശ്രമിക്കുന്ന ഒരു സമൂഹത്തിനകത്ത് നിർവചിക്കാൻ പലരും പല വഴികൾ സ്വീകരിക്കും. ഒരു വിഭാഗം മതത്തെ മുൻനിർത്തി തെറ്റാണെന്ന്  ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരു വിഭാഗം ശാസ്ത്രത്തെ ഉപയോഗിക്കും. മതം, ശാസ്ത്രം, ദൈവം എന്നിങ്ങനെ പല വഴികൾ ഉപയോഗിച്ച് ഹോമോ സെക്ഷ്വാലിറ്റി തെറ്റാണെന്ന സമൂഹത്തിന്റെ ധാർമിക മൂല്യത്തെ ഓരോ വ്യക്തിയും ന്യായീകരിക്കുവാനും നിർവചിക്കുവാനും തയ്യാറാകുന്നു.


 സമൂഹം മുന്നോട്ടുവയ്ക്കുന്ന ഇത്തരം ധാർമിക ബാധ്യതകളെ മനസ്സിലാക്കുന്നതിലും ന്യായീകരിക്കുന്നതിലും വ്യക്തിക്കു മേലുള്ള സാമൂഹിക ചരങ്ങൾ ഇടപെടുന്നുണ്ടാകാമെന്ന തോന്നലാണ് ഇത്തരമൊരു അന്വേഷണത്തിന്റെ അടിസ്ഥാനം. ജാതി,മതം, ലിംഗം,വർഗ്ഗം എന്നിങ്ങനെ പല ചരങ്ങളാലും സ്വാധീനിക്കപ്പെടാവുന്ന ഒന്നാണ് പരാധീനത.



 മലയാളത്തിൽ കൊളോണിയലിസത്തിന്റെ ഭാഗമായി തന്നെയാണ് ആത്മകഥ എന്ന ജനുസ്സ് രൂപപ്പെട്ടു വന്നത്. ആധുനികതയുടെ പ്രത്യയ ശാസ്ത്രത്തിനകത്ത് ഉത്ഭവം കൊണ്ട മറ്റു പലതിനെയും പോലെ ആത്മകഥകളുടെ രചന സമ്പ്രദായങ്ങളിലും സമീപനങ്ങളിലും സവർണ്ണ പുരുഷ കേന്ദ്രിതമായ  ബോധ്യങ്ങൾ കാണാം. ഇത്തരമൊരു ബോധ്യത്തെ അക്കാലത്തെ മനുഷ്യർ എങ്ങനെ തങ്ങളുടെ യുക്തിക്കനുസരിച്ച് നിർവചിച്ചു എന്ന് തിരിച്ചറിയേണ്ടതുണ്ട്.


 1979ൽ പുറത്തിറങ്ങിയ ലളിതാംബിക അന്തർജനത്തിന്റെ 'ആത്മകഥയ്ക്ക് ഒരു ആമുഖം ', 1970ൽ പ്രസിദ്ധീകരിക്കപ്പെട്ട വി. ടി ഭട്ടതിരിപ്പാടിന്റെ കണ്ണീരും കിനാവും എന്നീ രണ്ട് ആത്മകഥകളെ മുൻനിർത്തി പരാധീനത എന്ന സങ്കല്പത്തെ പരിശോധിക്കുന്നു. ഇവിടെ പരാധീനതയെ സ്വാധീനിക്കുന്ന പ്രധാന ഘടകം എഴുത്തുകാരുടെ ലിംഗം തന്നെയാണ്. ആധുനികത ശരിയും തെറ്റുമനുസരിച്ച് നിർമ്മിച്ച ധാർമിക മൂല്യങ്ങളെ സ്ത്രീയും പുരുഷനും ഉൾക്കൊണ്ടതിലും , തങ്ങളുടെ ജീവിതമെഴുത്തിൽ രേഖപ്പെടുത്തിയതിനും പിന്നിൽ ലിംഗ വ്യത്യാസം ശക്തമായി പ്രവർത്തിച്ചിട്ടുണ്ട്.


 പ്രത്യക്ഷത്തിൽ നമ്പൂതിരി സമുദായത്തിനകത്തെ ജീർണതകളെ പലവിധത്തിൽ അടയാളപ്പെടുത്തുന്നതാണ് ഈ രണ്ട് ആത്മകഥകളും. എന്നാൽ സൂക്ഷ്മമായ പരിശോധനയിൽ അക്കാലത്ത് സമൂഹം  ശരിയെന്നു കരുതി ആചരിച്ചു പോന്നിരുന്ന പല മൂല്യങ്ങളെയും ഇവർ അംഗീകരിക്കുന്നതായി കാണാം.പക്ഷേ അത്തരം ബോധ്യങ്ങളെ രണ്ടു പേരും ന്യായീകരിക്കുന്നത് രണ്ടു തരത്തിലാണ്. ഈ വൈരുദ്ധ്യം സാധ്യമാക്കുന്നത്  ലിംഗം അടക്കമുള്ള സാമൂഹിക ചരങ്ങളാണ്.


 സമുദായത്തിനകത്തെ കർക്കശമായ ആചാരങ്ങളെയും ചിട്ടകളെയും പലയിടത്തും വിമർശിക്കുമ്പോഴും, കുല മഹിമയെയും  ജാതി മൂലം തനിക്ക് ലഭിച്ചിരുന്ന പ്രത്യേക ആനുകൂല്യങ്ങളെ ആഘോഷിക്കുകയും, ന്യായീകരിക്കുകയും ചെയ്യുന്നുണ്ട് വി. ടി യുടെ ആത്മകഥയിൽ.

 ഗുരുകുലം എന്ന അധ്യായത്തിൽ മുതുകുറിശ്ശിയിലെ ഒരു നമ്പൂതിരിയെ വിവരിക്കുന്ന സന്ദർഭം ഇങ്ങനെയാണ്.

" പ്രകൃത്യാ അറുപിശുക്കനായിരുന്നു അദ്ദേഹം. എന്നാൽ തന്റെ കീഴിലുള്ള കുടിയാന്മാരെ അന്യായമായി പിഴിഞ്ഞു പണം ഉണ്ടാക്കുവാനുള്ള ദുഷ്പ്രവണത അദ്ദേഹത്തെ തെല്ലും ബാധിച്ചിരുന്നില്ല. അറുപതും എഴുപതും മേനി വിളയുന്ന നിലങ്ങളിൽ നിന്ന് വിളവിന്റെ പത്തു ശതമാനത്തിൽ  കൂടുതൽ പാട്ടം വസൂലാക്കിയിരുന്നില്ല.കാലക്കേട് കൊണ്ട് വിളനഷ്ടം നേരിടുന്ന സന്ദർഭങ്ങളിൽ പാട്ടം ഇളവ് ചെയ്തു കൊടുത്തുപോന്നു.എന്നാൽ ഒന്നുണ്ട്. കുടിയാൻ തനിക്ക് കിട്ടിയത് എത്രയെന്ന് ശരിക്ക് അദ്ദേഹത്തെ ബോധ്യപ്പെടുത്തി കൊടുക്കണം. കുടിയാൻ സത്യസന്ധനായിരിക്കണമെന്നതിലാണ് നിഷ്കർഷ.......'

  "ക്ഷാമ കാലങ്ങളിൽ വിത്തും നെല്ലും കൊടുത്ത് അദ്ദേഹം ആരെയും സഹായിക്കും. പലിശ വാങ്ങുകയില്ല. പക്ഷേ അഞ്ചു പറക്ക്‌ ഒരു ഇളവൻ അല്ലെങ്കിൽ ഒരു മത്തങ്ങ എന്ന കണക്കിൽ എന്തെങ്കിലും തിരുമുൽക്കാഴ്ച ലഭിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു ഇങ്ങനെ വന്നുചേരുന്ന സാധനങ്ങൾ ആ നാലുകെട്ടിലെമ്പാടും തൂങ്ങി നിൽപ്പുണ്ടാവും. ഇതിനെപ്പറ്റി ഒരു സ്നേഹിതൻ ചെയ്ത ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത് ഇങ്ങനെയാണ്.'കൃഷിക്കാരന് സ്വന്തം നിലമില്ല.അപ്പോൾ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടാൽ നെല്ല് കൊടുത്ത് അവരെ സഹായിക്കണം. അവർ അധ്വാന ശീലരാണ് അതുകൊണ്ട് എന്റെ നിലത്തുണ്ടാകുന്ന വിളവിൽ ഒരു വിഹിതം വസൂലാക്കുന്നത് പാപമല്ല.'


 ഇങ്ങനെ നിരവധി പ്രസ്താവനകൾ ആത്മകഥയിൽ ഉടനീളം കാണാം. ശരിയെന്ന വിധത്തിൽ തനിക്ക് ചുറ്റും പ്രവർത്തിച്ചിരുന്ന ജാതിശ്രേണിയെ, അത് ഉണ്ടാക്കി തീർത്ത ദുരാചാരങ്ങളെയൊന്നും പ്രശ്നമായി വി. ടി ക്ക് തോന്നുന്നില്ല. സമുദായത്തിനകത്തെ സുഖലോലുപരായി ജീവിക്കുന്ന പലരെയും വിമർശിക്കുമ്പോഴും ജാതി നൽകുന്ന പ്രത്യേക ആനുകൂല്യങ്ങളെ ന്യായീകരിക്കുകയും  ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. പലയിടത്തും ഇതിന് അദ്ദേഹം കണ്ടെത്തുന്ന ന്യായീകരണം നമ്പൂതിരി സമുദായത്തിന്റെ ഭൂതകാലത്തെ പെരുപ്പിച്ചു കാണിച്ചു കൊണ്ടാണ്.

" സാമ്പത്തികമായും സാംസ്കാരികമായും കേരളത്തിന്റെ നേതൃത്വം കൈക്കൊണ്ടിരുന്ന ഒരു നീണ്ടകാലം നമ്പൂതിരിക്ക് ഉണ്ടായിരുന്നു. പക്ഷേ കാലം മാറി,നിറം മാറി,രുചി മാറി കേരളത്തിന്റെ മുഖാകൃതി തന്നെ മാറി. പ്രകൃതി നൂറ്റാണ്ടുകളെ കൊണ്ടുവരുത്തി തീർത്ത പരിവർത്തനത്തെ ഇടക്കാല നമ്പൂതിരി നോക്കി കണ്ടില്ല. സയൻസിന്റെ കിരണങ്ങൾ കിഴക്കുദിച്ചിട്ടും നമ്പൂതിരി കൺമിഴിച്ചില്ല. ആത്മീയമെത്തമേൽ അമർന്നിരുന്ന് ഉറക്കം തൂങ്ങിപ്പോയി.ശാസ്ത്രീയ ഗവേഷണങ്ങളുടെ ശബ്ദ ബഹളത്തിനും അവനെ ഉണർത്താൻ കഴിഞ്ഞില്ല.മാമൂലിന്റെ മടിയിൽ പഞ്ചേന്ദ്രിയങ്ങളും തിരുകി അയാൾ സുഖനിദ്ര പൂണ്ടു.അങ്ങനെ അയാൾ അപ്രശസ്തനായി അധപതിച്ചു. ഇതാണ് സംഭവിച്ചത്. "


 ശാസ്ത്രത്തെ മനസ്സിലാക്കാതെ, പാരമ്പര്യങ്ങളിൽ പെട്ടുപോയി എന്നതാണ് വി. ടി കാണുന്ന ദോഷം. അതായത് ഒരു കാലത്ത് കേരളത്തിന്റെ നേതൃത്വം കൈക്കൊണ്ട നമ്പൂതിരി സമുദായത്തിന് ഇടക്കാലത്ത്  ക്ഷീണം സംഭവിച്ചു. പൂർവാധികം ശക്തിയോടെ കേരളത്തിന്റെ സാംസ്കാരിക നിയന്ത്രണം ഏറ്റെടുക്കുന്നതിന് സമുദായം മുന്നോട്ടുവരണമെന്നതാണ് എഴുത്തുകാരന്റെ  ആഗ്രഹം. ഇത്തരം ന്യായീകരണങ്ങളോടെയാണ് നിലനിന്നിരുന്ന ജാതി ശ്രേണിയെ വി. ടി നിർവചിക്കുന്നത്.


 ലളിതാംബിക അന്തർജ്ജനത്തിന്റെ ആത്മകഥയിലേക്ക് വരുമ്പോൾ സമാനമായ സമുദായ പ്രശംസ മറ്റൊരു വിധത്തിലാണ് .ആത്മകഥയിലെ ഓണത്തെ കുറിച്ചുള്ള ഓർമ ഇങ്ങനെ അവതരിപ്പിക്കുന്നു.


" ഏറ്റവും അപ്രസക്തമായി മറ്റൊരു സംഭവവും സ്മരണയിൽ കടന്നു കൂടുന്നു.ഓണം വരുന്നോണം വരുന്നു എന്ന് തിമിർത്തു ചാടി നടന്ന ഞങ്ങളോട് ഒരു പാവപ്പെട്ട തൊഴിലാളി സ്ത്രീ ഒരിക്കൽ ചോദിച്ചു.'നിങ്ങൾക്ക് എന്തിനാണ് പ്രത്യേകം ഓണം?എന്നും ഓണമല്ലേ?ഒന്നിനും കുറവില്ല. ഓണം ഞങ്ങളുടേതാണ്. മാവേലി തമ്പുരാൻ പാവങ്ങൾക്ക് വേണ്ടിയാണ് വരുന്നത്.'


 ശരിയായിരിക്കാം പക്ഷേ ഇതിന്റെ വൈരുദ്ധ്യം ഒട്ടുനാൾ കഴിഞ്ഞാണ് മനസ്സിലായത്. വിശിഷ്ടഭോജ്യങ്ങളും വിശിഷ്ട വസ്ത്രങ്ങളും പലപ്പോഴും ഉണ്ടാവാം.പക്ഷേ നിരന്തര ഉപയോഗത്താൽ അവയുടെ വിശിഷ്ടത കുറഞ്ഞിരുന്നു. ഞങ്ങൾക്ക് വേണ്ടത് മാറ്റമാണ്.ആഹ്ലാദിക്കുവാനുള്ള സ്വാതന്ത്ര്യമാണ്.സാമൂഹ്യ വിനോദമാണ്. "

 വളരെ അപ്രസക്തം എന്ന ആമുഖത്തോടെയാണ് എഴുത്തുകാരി ഇക്കാര്യം വെളിപ്പെടുത്തുന്നത്. തലപ്പന്തു കളിയുയും വിശേഷമായ സദ്യയുമൊക്കെയായി സന്തോഷകരമായ ഓണം ആഘോഷിക്കുന്നതിന്റെ വിവരണങ്ങളാണ് ഈ അധ്യായം മുഴുവനും. ഓണത്തിന് തൊഴിലാളികൾക്കാണ് ആനന്ദമെന്നും ഓണസമ്മാനമായി കൂലിക്കൊത്ത നെല്ലും ഉപ്പും മുളകും വെളിച്ചെണ്ണയും തേങ്ങയും നൽകാറുണ്ടെന്നും തുടർന്ന് പറയുന്നുണ്ട്.' കൂലിക്കൊത്ത നെല്ല്' നൽകുന്നത് ഓണത്തിന് മാത്രമാണെന്നത് ഒരു പ്രശ്നമായി ലളിതംബികക്ക്‌ തോന്നുന്നില്ല. ആഘോഷിക്കാനുള്ള അവസരം അടക്കമുള്ള അവകാശങ്ങൾ നൽകുന്നത് അഥവാ നൽകേണ്ടത് തന്റെ സമുദായമാണെന്ന ബോധ്യം ഇവിടെ പ്രവർത്തിക്കുന്നു.

 ഈ ബോധ്യം  വി. ടി യിൽ പ്രവർത്തിക്കുന്നത്ര രൂക്ഷമായല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. സമുദായത്തിനകത്തെ പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ വിമർശനാത്മകമായ സമീപനം കൈക്കൊള്ളുന്നതും ലളിതാംബിക അ ന്തർജനമാണ്.


 സ്മാർത്ത വിചാരത്തെ സംബന്ധിച്ച ആലോചനകളിലും ഈ വ്യത്യാസം പ്രകടമായി കാണാം.

" ഒരു സമുദായത്തെ ആകമാനം ബാധിക്കുന്ന ഈ വൈരൂപ്യത്തെ ചുരണ്ടി കളയാതിരിക്കാൻ നിവൃത്തിയില്ല.ഞാൻ ചോദിക്കട്ടെ ഏതാണ്ട് അര നൂറ്റാണ്ടിനു മുൻപ് കേരളത്തെ മുഴുവൻ കുലുക്കിയ കുറിയേടത്ത് താത്രി ആരായിരുന്നു? നമ്പൂതിരി സമുദായമല്ലേ അവളെയും പ്രസവിച്ചത്?65 ആൺമക്കളെ മാടിവിളിച്ച് മടിക്കുത്തഴിച്ച് മതിവരെ മാനം കെടുത്തിവിട്ട ആ കഠിന സംഭവത്തിന്റെ പശ്ചാത്തലം എന്തായിരുന്നു? "

 ഇതാണ് സ്മാർത്ത വിചാരത്തെ സംബന്ധിച്ച വി. ടി യുടെ അഭിപ്രായം. സമുദായത്തെ മാനം കെടുത്തിയവളാണ് സാവിത്രി എന്നതു മാത്രമല്ല, ആ സംഭവത്തിൽ പഴിചാരപ്പെട്ട ആണുങ്ങളുടെ സംരക്ഷകൻ കൂടിയാകുന്നുണ്ട് ഇവിടെ എഴുത്തുകാരൻ.' 65 ആൺമക്കൾ 'എന്ന പ്രയോഗം  ഇത് സൂചിപ്പിക്കുന്നു. തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിനു നേർക്കുള്ള അതിശക്തമായ പ്രതികരണം എന്ന നിലയിലാണ് സ്മാർത്തവിചാരത്തെയും താത്രിക്കുട്ടിയെയും പിന്നീട് കേരളീയ സമൂഹം ഉൾക്കൊണ്ടത്. എന്നാൽ തങ്ങളുടെ അഭിമാനത്തിന് മേൽ ഉണ്ടായ കളങ്കമായും തന്റേടിയായുമാണ് നമ്പൂതിരി സമുദായം ഈ സംഭവത്തെ അടയാളപ്പെടുത്തിയത്. ഇതിൽനിന്നും മാറി  ചിന്തിക്കാൻ വി. ടി ഭട്ടതിരിപ്പാട് എന്ന സവർണ്ണ പുരുഷനു സാധിക്കുന്നില്ല.


 ആത്മകഥയ്ക്ക് ഒരു ആമുഖത്തിൽ ലളിതാംബിക അന്തർജ്ജനം പലയിടത്തായി താത്രി കുട്ടിയുടെ സ്മാർത്ത വിചാരത്തെയും ഭ്രഷ്ട്ടിനെയും സൂചിപ്പിച്ചു പോകുന്നുണ്ട്.

" ഇപ്പോൾ സാഹിത്യത്തിൽ കുറിയേടത്തു താത്രി എന്നൊരു ഭ്രഷ്ടനാരി ഉണ്ടായിരുന്നു നമ്പൂതിരി സമുദായത്തിൽ. ആരോ പറഞ്ഞു കേട്ട ഛായ വെച്ച് അവരെപ്പറ്റി പ്രതികാര ദേവത എന്ന ഒരു കഥയെഴുതി ഞാൻ. താത്രിയുടെ പേര് പോലും അന്തർജനങ്ങൾ ഉച്ചരിച്ചു കൂടാ എന്ന് വിലക്കുള്ള കാലമാണ്. പല ഊമക്കത്തുകളും കിട്ടി.ഒരാൾ പറഞ്ഞു 'താത്രി ദേവതയാണെങ്കിൽ അവരെപ്പറ്റി ഒരു സ്തോത്രം എഴുതൂ. നിങ്ങൾക്കേ അത് സാധിക്കുകയുള്ളൂ.'

 ഇതിൽ അടങ്ങിയിരിക്കുന്ന ക്രൂരമായ പരിഹാസം മനസ്സിലാക്കി കൊണ്ട് തന്നെ ഞാൻ പറഞ്ഞു. താത്രിയുടെ കഥ എനിക്കറിയില്ലല്ലോ പുരുഷന്മാർക്കേ അത് അറിയാവൂ. 64 ആണുങ്ങളാണ് സാക്ഷികൾ. നിങ്ങൾ പറഞ്ഞു തന്നാൽ ഞാൻ എഴുതാം "


 ഇവിടെ സമൂഹം രൂപപ്പെടുത്തിയെടുത്ത സ്ത്രീയുടെ ലൈംഗിക ബാധ്യതകളെ ചെറുക്കാൻ കൂടി ശ്രമിക്കുന്നുണ്ട് എഴുത്തുകാരി.


 സ്ത്രീയെ സംബന്ധിച്ച പല ധാരണകളെയും രണ്ട് ആത്മകഥകളിലും പ്രകടമായ വ്യത്യാസങ്ങൾ കാണാം. കണ്ണീരും കിനാവും ആരംഭിക്കുന്നത് എഴുത്തുകാരന്റെ ജീവിതത്തിൽ വന്നുപോയ പല സ്ത്രീകളെയും അഭിസംബോധന ചെയ്തു കൊണ്ടാണ്. അമ്മ,സഹോദരി,ഭാര്യ എന്നിങ്ങനെതന്റെ ജീവിതത്തിന്റെ ഉന്നമനത്തിനും നന്മയ്ക്കും വേണ്ടി പ്രവർത്തിച്ചവർക്കുള്ള കടപ്പാടാണ്ഈ ഭാഗം.സ്ത്രീയെ സംബന്ധിച്ച് ആധുനികത സൃഷ്ടിച്ച പുരുഷാധിപത്യ ബോധ്യങ്ങളോട് സമരസപ്പെടുന്നതാണ് ഈ ആമുഖം. 'എന്റെ ആയുസ്സിനും സ്വത്തും മറന്നു പ്രവർത്തിച്ചവർ, വിവാഹാനന്തര ഗാർഹിക ജീവിതത്തിലെ കല്ലും മുള്ളും നീക്കി വാർദ്ധക്യത്തിലേക്ക് വഴിതെളിച്ചവർ, ത്രിത്വത്തിന്റെ എല്ലാ നിലകളിലും നിഴൽ എന്നപോലെ പിന്തുടർന്നു പോന്നവർ.. ഇങ്ങനെ പുരുഷനു വേണ്ടി പ്രവർത്തിക്കുന്ന, അവനു പിന്നാലെ അനുഗമിക്കുന്ന ഉത്തമ കുടുംബിനിയായ സ്ത്രീ സങ്കല്പത്തെ ഇവിടെ ന്യായീകരിക്കുന്നു. സ്ത്രീയുടെ ത്യാഗത്തെയും ക്ഷമയെയും പുകഴ്ത്തി കൊണ്ടാണ് വി. ടി സമൂഹം മുന്നോട്ട് വെച്ച സങ്കല്പത്തെ നിർവചിക്കുന്നത്.


 ഈ സ്ത്രീ സങ്കല്പത്തിൽ ഒരു പരിധിവരെ ഉറച്ചു നിൽക്കുന്നതാണ് ലളിതാംബികയുടെ സമീപനവും. കുടുംബബന്ധങ്ങളെ തച്ചുടക്കാനുള്ള സ്വാതന്ത്ര്യം നൽകിയത് തന്റെ ഭർത്താവാണെന്ന് സൂചിപ്പിക്കുന്നുണ്ട്.  സമുദായത്തിനുള്ളിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ  അവതരിപ്പിക്കുമ്പോഴും തന്റെ കുടുംബജീവിതത്തെക്കുറിച്ച് ഒരുപാടൊന്നും പറയാൻ ശ്രമിക്കുന്നില്ല. ഗാർഹികവും സാമൂഹികവും സാഹിത്യപരവുമായ കർത്തവ്യങ്ങളെ ഒരേസമയം ചെയ്തു തീർക്കണം എന്ന വാശിയായാണ് സ്ത്രീയെന്ന നിലയ്ക്ക് തനിക്ക് ചെയ്യേണ്ടിവന്ന പലതരം വേഷങ്ങളെ എഴുത്തുകാരി അഭിസംബോധന ചെയ്യുന്നത്. വാസ്തവത്തിൽ ഇത് അവരുടെ തെരഞ്ഞെടുപ്പല്ലെന്നും ഗാർഹിക ജീവിതത്തിൽ നിന്നും മാറിക്കൊണ്ടുള്ള സാമൂഹ്യപ്രവർത്തനം നടത്താൻ അന്നത്തെ സാമൂഹിക സ്ഥിതി അനുവദിക്കുമായിരുന്നില്ല എന്നും അവരെഴുതുന്നില്ല. ഉത്തമ സ്ത്രീ സങ്കല്പത്തെ കുറിച്ചുള്ള മാതൃകയെ തന്റെ തെരഞ്ഞെടുപ്പായാണ് ഇവിടെ നിർവചിക്കുന്നത്.



 നവോത്ഥാന ആധുനികത പിന്തുടർന്നു പോന്നിരുന്ന ചില പൊതു മൂല്യങ്ങളെ, രണ്ട് വ്യത്യസ്ത എഴുത്തുകാർ അംഗീകരിക്കുന്നതിനു പിന്നിലെ ഈ സാംസ്കാരിക ബോധ്യമാണ് പരാധീനത. വ്യക്തികളുടെ വളരെ നിസ്സാരമായ ചില ക്രിയകളെ പോലും സംസ്കാരം സ്വാധീനിക്കുന്നു എന്നിരിക്കെ പരാധീനതയ്ക്ക് (subjection) കൂടുതൽ ചരിത്രപരവും സിദ്ധാന്തപരവുമായ അടിത്തറ ഉണ്ടെന്ന് കാണാം. ആത്മകഥകൾക്കകത്ത്, തിരഞ്ഞെടുക്കുന്ന ഓർമ്മകളെയും, അവ ചിട്ടപ്പെടുത്തുന്ന രീതികളെയും വിമർശനാത്മകമായി സമീപിക്കുന്നതിന് subjection ന്റെ സാധ്യതകൾ പരിശോധിക്കാനാണ് ഇവിടെ ശ്രമിച്ചത്.



ഗ്രന്ഥസൂചി

---------------

1. ഭട്ടതിരിപ്പാട്.വി. ടി, കണ്ണീരും കിനാവും, 2019, ഡിസി ബുക്സ്,കോട്ടയം 

2. ഭാസ്കരൻ ഉണ്ണി. പി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം,2022, കേരള സാഹിത്യ അക്കാദമി,തൃശൂർ

3. രവീന്ദ്രൻ പി.പി, ഫൂക്കോ വർത്തമാനത്തിന്റെ ചരിത്രം, 2002, കേരള ഭാഷാ സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

4. ലളിതാംബിക അന്തർജനം, ആത്മകഥക്കൊരാമുഖം, 2019, ഡിസി ബുക്സ്,കോട്ടയം

5. സംസ്കാര പഠനം ചരിത്രം സിദ്ധാന്തം പ്രയോഗം, 2017,വള്ളത്തോൾ വിദ്യാപീഠം, ശുകപുരം

6.Michel Foucault, The history of sexuality 1,2020,penguin books






 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page