പഴങ്കഥയും ചരിത്രനിർമ്മിതിയും: കൊളോണിയൽ കൊച്ചിയുടെ വാമൊഴികളിലൂടെ
- GCW MALAYALAM
- Sep 14
- 5 min read
Updated: Sep 15
വിനോദ് വി.എൻ.

പ്രബന്ധ സംഗ്രഹം
കാപ്പിരിമുത്തപ്പൻ്റെ കഥകൾ ഫോർട്ട് കൊച്ചിയുടെ ചരിത്രം, പുരാണങ്ങൾ, ജനപ്രിയ ഐതിഹ്യങ്ങൾ എന്നിവയുമായി ഇഴചേർന്നിരിക്കുന്നു. ആഫ്രിക്കയിൽനിന്ന് പോർച്ചുഗീസുകാർ കൊച്ചിയിലേക്ക് കൊണ്ടുവന്നതാണ് അടിമകളായ ഈ കാവൽ ആത്മാവിൻ്റെ കഥ. സമീപകാലത്ത് പുറത്തിറങ്ങിയ മോഹൻലാലിൻ്റെ സിനിമയായ ബറോസ്, പി.എഫ്. മാത്യുസിൻ്റെ നോവൽ അടിയാളപ്രേതം, ഡ്രാമസ്‌കൂൾ നാടകം അടിയാളപ്രേതം, കുറച്ച് വൈറലായ യൂട്യൂബ് വീഡിയോകൾ എന്നിവയിലൂടെ ഈ നഗരത്തിലെ കെട്ടുകഥ മാധ്യമശ്രദ്ധ നേടി. നിലവിലുള്ള കാപ്പിരിമുത്തപ്പൻ്റെ ആരാധനാലയം പലപ്പോഴും വിനോദ സഞ്ചാരികൾ സന്ദർശിക്കാറുണ്ട്. കൊളോണിയൽ അടിമത്തത്തിൻ്റെയും അതിക്രമങ്ങളുടെയും ഓർമ്മകൾ ഇങ്ങനെ ഇന്നും നിലനിൽക്കുന്നു. അവർക്ക് ആത്മീയമായ ഒരു പരിവേഷം ഇങ്ങനെ ലഭിച്ചു. സൃഷ്‌ടിപരമായ കഥയ്ക്കും സാഹിത്യത്തിനും ഒരു വിഷയമായി മാറുന്നു. അധികമാരും അറിയപ്പെടാത്ത ചരിത്ര സംഭവങ്ങൾക്ക് ജനപ്രിയ സംസ്‌കാരത്തിൽ എങ്ങനെ പ്രാധാന്യം ലഭിക്കുന്നു എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പ്രബന്ധം നിർവഹിക്കുന്നത്.
താക്കോൽ വാക്കുകൾ : കാപ്പിരിമുത്തപ്പൻ, ആഫ്രിക്കൻഅടിമകൾ, കൊച്ചി കൊളോണിയൽ
ആമുഖം
വിശ്വാസങ്ങൾ, കഥകൾ, പുരാണങ്ങൾ, അന്ധവിശ്വാസപരമായ ആചാരങ്ങൾ, ഇതിഹാസങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു സമൂഹത്തിൻ്റെ പരമ്പരാഗതമായ വിജ്ഞാനമാണ് നാടോടിക്കഥകൾ അഥവാ ഫോക് ലോറുകൾ. ചരിത്രവസ്തുതകളെ അടിസ്ഥാനമാക്കിയുള്ള കഥകൾ, ആളുകളുടെ പരമ്പരാഗതവിവരണങ്ങളുടെ ആവിഷ്കാരങ്ങൾ, തലമുറകളിലൂടെ വാമൊഴിയായി കൈമാറ്റം ചെയ്യപ്പെടുന്ന വിശ്വാസങ്ങൾ - ആചാരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കഥകൾ. ഈ ആഖ്യാനപാഠങ്ങൾ ഇതിഹാസ രൂപീകരണത്തിന് വഴിയൊരുക്കുന്നു.
ഇതിഹാസം സാഹിത്യത്തിൽ പൊതുവായ വിഭാഗത്തിൽ പെടുന്നു. ഇവയിൽ ചിലത് നഗര ഇതിഹാസങ്ങളായി മാറുന്നു. ജനപ്രിയ സംസ്‌കാരത്തിന് വിഷയമായ കൊച്ചി എന്ന ലോകത്തിന്റെ ഒരു ചെറിയ ഭാഗത്തെ, അത്ര അറിയപ്പെടാത്ത ഇതിഹാസത്തെക്കുറിച്ചാണ് ഈ പ്രബന്ധം. ഇത് നമ്മുടെ സമുദ്ര ചരിത്രത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും നമ്മുടെ സമൂഹത്തിലെ സാംസ്‌കാരിക ഇടപെടലുകളെ സ്വാധീനിക്കുകയും ചെയ്‌തു. ചരിത്രം പരിശോധിച്ചാൽ വളരെക്കാലമായി കേരളം, പ്രധാനമായും കൊച്ചി കേന്ദ്രീകരിച്ച് വിദേശവ്യാപാരബന്ധങ്ങൾ പുലർത്തുകയും കാലങ്ങളോളം വിദേശികളാൽ ഭരിക്കപ്പെടുകയും ചെയ്‌തിരുന്നു എന്ന് കാണാം. ഉദാഹരണമായി ഗ്രീക്കുകാർ, ചൈനക്കാർ, അറബികൾ, പോർച്ചുഗീസുകാർ, ഡച്ചുകാർ, ബ്രിട്ടീഷുകാർ.
കേരളത്തിന്റെ ആഫ്രിക്കൻ ബന്ധങ്ങൾ ആളുകൾക്ക് അത്ര പരിചിതമല്ല. കൊളോണിയൽ പൈതൃകവും സാംസ്‌കാരിക സംഭാവനകളും വ്യക്‌തമായി പറഞ്ഞുവെക്കപ്പെട്ടപ്പോൾ ആഫ്രിക്കക്കാരുടെ നിർബന്ധിത കുടിയേറ്റവും അടിമക്കച്ചവടവും ഇപ്പോഴും അവ്യക്‌തമായി തന്നെ തുടരുന്നു. എ.ഡി. 1300-ഓടെ അറബ് വ്യാപാര കപ്പലുകൾ കൊച്ചിയിൽ എത്തിയപ്പോൾ ആഫ്രിക്കക്കാർ അടിമനാവികരായി കൊച്ചിയിൽ എത്തിയിരിക്കാം. കൊച്ചി അടിമക്കച്ചവടത്തിന്റെ കേന്ദ്രമായിരുന്നു. അടിമകളിൽ ഭൂരിഭാഗവും ആഫ്രിക്കക്കാരായിരുന്നു. അവരെ കാപ്പിരികൾ എന്ന് വിളിച്ചിരുന്നു. അറബികൾ 'അവിശ്വാസികൾ' എന്ന് വിളിച്ചിരുന്ന 'കാഫിർ' എന്ന വാക്കിൽനിന്നാണ് ഈ പദം ഉരുത്തിരിഞ്ഞത്.
കൊച്ചി - പോർച്ചുഗൽ ബന്ധത്തിൻ്റെ ചരിത്രപരമായ കഥകൾ
1498 മെയ് 14-ന് വാസ്കോഡഗാമ മലബാർതീരത്ത് എത്തിയതിനെത്തുടർന്ന് പതിനാറാംനൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിലെ കേരളത്തിലേക്ക് വന്ന പോർച്ചുഗീസ് മിഷനറിമാർ ലാറ്റിൻ ക്രിസ്‌തുമതത്തെ മാത്രമല്ലദീർഘകാല ക്രിസ്‌തീയപാരമ്പര്യത്തെ തന്നെയാണ് ഒരു പ്രദേശത്തേക്ക് കൊണ്ടുവന്നത്.1
ചവിട്ടുനാടകം എന്ന കലയുടെ രൂപീകരണം
ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന കൊളോണിയൽ സാമ്രാജ്യ ങ്ങളിലൊന്നായിരുന്ന പോർച്ചുഗീസുകാർക്ക്, ആറ് നൂറ്റാണ്ടിലേറെയായി ആഫ്രിക്ക, അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ കോളനികളുണ്ടായിരുന്നു. കോളനി കാല ഘട്ടത്തിൽ, അവരുടെ യാത്രകളിലും കീഴടക്കലുകളിലും, ഇറ്റലി, ആഫ്രിക്ക, ഐബീരിയ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള സൈനികർ, വ്യാപാരികൾ, ബോട്ടർമാർ, അടിമകൾ, നാവികർ അവരുടെ കൂടെയുണ്ടായിരുന്നു. അവരിൽ ചിലർ തദ്ദേശീയരെ വിവാഹം ചെയ്തത് തീരപ്രദേശങ്ങളിൽ സ്ഥിരതാമസമാക്കി, കപ്പലിലെ തൊഴിലാളികൾ യാത്രയ്ക്കിടെ വിനോദത്തിനായി മരത്തറയിൽ ചവിട്ടി ആഫ്രിക്കയിലെയും ഐബീരിയയിലെയും ഒരു പ്രത്യേകതരം ചവിട്ടുനൃത്തം പരിശീലിച്ചിരുന്നു. ഈ തകർപ്പൻ നൃത്തവും താളവും ചവുട്ടുനാടകത്തിന് അടിത്തറയായി മാറി. പ്രവാചകന്മാരുടെയും രാജാക്കന്മാരുടെയും വീരന്മാരുടെയും കഥകൾ നിറഞ്ഞ ചവിട്ടുനാടകത്തിലൂടെ, യൂറോപ്പിലെ നിലവിലുള്ള സംസ്കാരം പട്ടാളക്കാർ, വ്യാപാരികൾ, പിന്നീട് മിഷനറിമാർ എന്നിവർ വഴി കേരളത്തിന്റെ തീരപ്രദേശങ്ങളിലേ ക്കെത്തി, റോമൻ-ഗ്രീക്ക് നാടകങ്ങൾ, യൂറോപ്യൻ പാഷൻ നാടകങ്ങൾ, ഇൻ്റർലുഡ്‌സ് എന്നിവയുടെ സ്വാധീനം ഈ പ്രകടനങ്ങളിൽ കാണുവാൻ സാധിക്കും. അങ്ങനെ പതിനാറാം നൂറ്റാണ്ടിലും പതിനേഴാംനൂറ്റാണ്ടിലും പോർച്ചുഗീസ് മിഷനറിമാരുമായി സഹകരിച്ച് ക്രിസ്‌ത്യൻ സഭാനേതാക്കൾ ക്രിസ്ത്യൻ പ്രേക്ഷ കർക്കായി, ക്രിസ്ത്യൻ അല്ലെങ്കിൽ ബൈബിൾ വിഷയങ്ങൾ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചവിട്ടുനാടകം എന്ന പുതിയ നാടകകല വികസിപ്പിച്ചെടുത്തു.2
കൂനൻ കുരിശ്
കൊച്ചിയുടെ ക്രിസ്‌തീയമതചരിത്രം കൂനൻ (ചരിഞ്ഞ) കുരിശിന്റെ സംഭവ ത്തിലേക്കും ഐതിഹ്യത്തിലേക്കും നമ്മെ നയിക്കുന്നു. മട്ടാഞ്ചേരിയിലെ (ഫോർട്ട് കൊച്ചിക്ക് സമീപമുള്ള) ഒരു പുരാതന കുരിശിന് മുന്നിൽ സമ്മേളിച്ച ആയിരക്ക ണക്കിന് സിറിയക്കാർ കുരിശിൽ ഒരു നീണ്ട കയർ ബന്ധിച്ച് അതിൽ പിടിച്ചു കൊണ്ട് ലാറ്റിൻ ആർച്ച് ബിഷപ്പിനെയോ ജെസ്യൂട്ടുകളെയോ ഇനി ഒരിക്കലും അനുസരിക്കില്ലെന്ന് സത്യം ചെയ്‌തു. ചരിത്രത്തിൽ ഇത് 'കൂനൻ കുരിശ് സത്യം3 എന്നറിയപ്പെടുന്നു. ഏതൊരു കൊളോണിയൽ ശക്തിക്കും എതിരായ ആദ്യത്തെ കലാപമായി ഈ സംഭവത്തെ കണക്കാക്കാം.
സസ്യജാലങ്ങളെയുംഭക്ഷണരീതികളെയുംപോലെ, പോർച്ചുഗീസ്ഭാഷയും മലയാളപദാവലിക്ക് സംഭാവന നൽകിയിട്ടുണ്ട്. പലപ്പോഴും പ്രാദേശികഭാഷയിൽ ഇവയിൽ പലതും തെറ്റായി ഉച്ചരിക്കപ്പെടുന്നു. അത്തരത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന വാക്കാണ് ഭ്രാന്തൻ കുര്യച്ചൻ.
ഭ്രാന്തൻ കുര്യച്ചൻ
അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ഭീഷ്‌മപർവത്തിൽ ഭ്രാന്തൻ കുര്യച്ചൻ്റെ പരാമർശമുണ്ട്. ആളുകൾ ഇതിനെ ഭ്രാന്തൻ (ഭ്രാന്ത്) എന്ന് വിളിക്കപ്പെടുന്ന ഒരു വിശുദ്ധനായി തെറ്റായി വ്യാഖ്യാനിച്ചു. ഈ വാക്ക് പിന്നീട് ആയിരക്കണക്കിന് ആളുകൾ ഇൻ്റർനെറ്റിൽ തിരഞ്ഞു. പോർച്ചുഗീസ് ഭാഷയിൽ, ചരിഞ്ഞ കുരിശിനെ 'പന്ത് (ക്രൂസ്' എന്ന് വിളിക്കുന്നു. ആളുകൾ അതിനെ 'ഭ്രാന്ത് കുരിശ്' എന്നും പിന്നീട് അത് 'ഭ്രാന്തൻ കുര്യച്ചൻ' എന്നും തെറ്റിദ്ധരിച്ചു. ഭ്രാന്തൻ കുര്യച്ചൻ ഒരു ദൈവമല്ല. ഒരു ചെറിയ ചാപ്പലിൽ ആരാധിച്ചിരുന്ന ഒരു കുരിശ് മാത്രമാണ്. കാലക്രേമേണ ഈ കുരിശാരാധന വളരെ പ്രചാരത്തിലായി. റോഡരികിലെ ഇടനാഴിയിലോ വരാന്തയിലോ ആണ് ചാപ്പൽ സ്ഥിതി ചെയ്യുന്നതെന്ന കഥയുടെ മറ്റൊരു പതിപ്പുണ്ട്. പോർച്ചുഗീസ് പേരിൽ നിന്ന് ഉരുത്തിരിഞ്ഞ ഈ പേര് 'പിരന്തൻ (ക്രൂസ്' എന്നും പിന്നീട് 'ഭ്രാന്ത കുരിശ്' എന്നും 'ഭ്രാന്തൻ കുര്യച്ചൻ' എന്നും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കാം.
കാപ്പിരിയുടെ ഇതിഹാസം.
ഐതിഹ്യമനുസരിച്ച് 1663-ൽ കൊച്ചിയിൽ നിന്ന് ഡച്ചുകാർ പോർച്ചുഗീസുകാരെ തുരത്തിയപ്പോൾ, പോർച്ചുഗീസുകാർ അവരുടെ നിധികൾ ചുവരുകളിൽ കുഴിച്ചിട്ടു. അതിൽ ചങ്ങലകൊണ്ട് ബന്ധിച്ച് നിധികൾക്കൊപ്പം അടിമകളേയും കുഴിച്ചിട്ടു എന്നാണ് പറയപ്പെടുന്നത്. അവരുടെ പിൻഗാമികൾ തിരികെ വരുന്നതു വരെ ആ നിധി അടിമയുടെ ആത്മാവ് സംരക്ഷിക്കുമെന്ന് വിശ്വസിച്ചാണ് പോർച്ചുഗീസുകാർ അങ്ങനെ ചെയ്തത്. നഗരം വളർന്നപ്പോഴും നഗരത്തിന്റെ ചില ഭാഗങ്ങൾ പുതുക്കിപ്പണിതപ്പോഴും അസ്ഥികൂടങ്ങൾ ലഭിച്ചത്. ഈ ഐതിഹ്യം സത്യമാണെന്ന കണ്ടെത്തിലിനെ ശക്തമാക്കി കാലക്രമേണ ഈ നിർഭാഗ്യവാനായ ആത്മാക്കളെ നന്മയുള്ളവരായി കണക്കാക്കാൻ തുടങ്ങി. ഫോർട്ട് കൊച്ചിയിലെ തദ്ദേശവാസികൾ പറയുന്ന കഥകളിൽ കാപ്പിരി മുത്തൻ അല്ലെങ്കിൽ കാപ്പിരി മുത്തപ്പൻ, രാത്രിയിൽ മാവ്/ആൽ മരങ്ങളിലും മതിലുകളുടെ മുകളിലും, സിഗരറ്റ് വലിക്കുന്നതായി കാണപ്പെടുന്ന ചുരുണ്ട മുടിയും നല്ല ഉയരവുമുള്ള ഇരുണ്ട മനുഷ്യനായിരിക്കും. രാത്രി ഏറെ വൈകിയ സമയങ്ങളിൽ വഴിതെറ്റിയ ഒരാളെ കാപ്പിരി മൂത്തപ്പൻ സഹായിച്ചതും, അയാളുടെ കുടുംബത്തെ സമൃദ്ധിയിലേക്ക് നയിക്കാൻ അദ്ദേഹം വഹിച്ച പങ്കിനെപറ്റിയും, നായ്ക്കൾ ഒരു അദൃശ്യ വ്യക്തിയോട് സൗഹ്യദപരമായി പെരുമാറുന്നത് കണ്ടിട്ടുണ്ടെന്നുമൊക്കെയുള്ള കഥകൾ കൊച്ചിയിൽ പലയിടത്തും പ്രചാരത്തിലുണ്ട്.
കാപ്പിരി തറയും ആരാധനയും
മതപരമായ ആരാധനാലയങ്ങളിൽ നിന്ന് വ്യത്യസ്‌തമായി കാപ്പിരിക്ക് ക്ഷേത്രമോ, പള്ളിയോ ഒന്നും ഇല്ല. വഴിയോര ആരാധനാലയങ്ങൾ, വീടുകൾ, ചെറിയ കല്ലുകൾ, രൂപങ്ങൾ എന്നിങ്ങനെ എന്തും കാപ്പിരിക്ക് ആരാധനാലയങ്ങളാണ്. മെഴുകുതിരികൾ കത്തിക്കുന്നതും, സിഗരറ്റ്, വേവിച്ച മുട്ട, ഉപ്പില്ലാത്ത ചിക്കൻ അല്ലെങ്കിൽ മാംസം, കള്ള് അല്ലെങ്കിൽ ബ്രാണ്ടി, ഇളം തേങ്ങ, പുട്ട് തുടങ്ങിയവയെല്ലാം കാപ്പിരി ആരാധനാലയങ്ങളിലെ വഴിപാടുകളാണ്. നേർച്ചക്ക് ശേഷം ഇവ വിശ്വാസികൾക്ക് കഴിക്കാം. ഈ ആരാധനാലയങ്ങൾക്ക് ഒരു മതഗ്രന്ഥമോ വ്യവസ്ഥാപിത ആചാരമോ പുരോഹിതനോ ഇല്ലെന്നത് ഇത്തരം സ്ഥലങ്ങളെ ജാതി, വർഗ്ഗം, മതം എന്നിവയ്ക്കപ്പുറമുള്ള ഒരു പൊതു ആരാധന ഇടമാക്കി മാറ്റുന്നു. ഒരുതരം സോഷ്യലിസമാണ് ഇവിടെ നിലനിൽക്കുന്നത് ഗവേഷകയായ നീലിമ ജയചന്ദ്രൻ പറയുന്നത്, കാപ്പിരി ആത്മാക്കളുടെ പ്രബലമായ ആരാധന, പ്രാദേശിക ഐതിഹ്യങ്ങളുടെ രൂപത്തിൽ അത്ര അറിയപ്പെടാത്ത ചരിത്രങ്ങളെ നിലനിർത്തുന്നു എന്നാണ്. കാപ്പിരിയുടെ രൂപം കേരളത്തിലെ അതിന്റെ വർത്തമാനകാലത്തെ രസകരമായ രീതിയിൽ പ്രകടമാക്കുന്നു. ഒരു ആത്മാവിന്റെ രൂപത്തിൽ, മാർഗ്ഗനിർദ്ദേശത്തിനും രോഗശാന്തിക്കും സംരക്ഷണത്തിനും വേണ്ടി കാപ്പിരിയിൽ അഭയം തേടുന്ന തൊഴിലാളിവർഗ്ഗ ജനങ്ങൾക്ക് അത് ജീവിക്കുന്ന ചരിത്രമായി മാറുന്നു.
കൊച്ചിക്ക് ചുറ്റുമുള്ള ദ്വീപുകളിൽ കാപ്പിരിക്ഷേത്രങ്ങൾ കാണപ്പെടുന്നു. പൊന്നാരിമംഗലത്ത് കാപ്പിരികൾക്കായി ഒരു ക്ഷേത്രമുണ്ട്. അവിടെ ഹിന്ദുമത ആചാരങ്ങളാണ് അനുവർത്തിക്കുന്നത്. മലബാറിലെ തെയ്യത്തിന് സമാനമായി അരുളപ്പാടുകൾ നടത്തുന്ന കോമരങ്ങളെ അവിടെക്കാണാം. കാപ്പിരി മുത്തപ്പൻ ശിവന്റെ അവതാരമാണെന്ന് അവർ പറയുന്നു. ചിലർ അത് നരസിംഹമൂർത്തിയുടെ അവതാരവുമായി ഭാഗികമായി സാമ്യമുള്ളതാണെന്ന് പറയുന്നു. മറ്റൊരു കഥ, കാപ്പിരി എന്നത് ഡച്ചുകാർ നിധികൾ ഒളിപ്പിച്ചുവെക്കുന്നതിനിടെ കൊലപ്പെടുത്തിയ ഒരു ആംഗ്ലോ - ഇന്ത്യൻ പട്ടാളക്കാരനോ പോലീസുകാരനോ ആണ് എന്നതാണ്
കെട്ടിടം കുഴിച്ചിട്ടിരിക്കുന്ന നിലം
യൂറോപ്യൻമാർ കുടിയേറിപ്പാർത്ത 'വെളി' മൈതാനം ഒരു കാലത്ത് ഒരു കുളമായിരുന്നു എന്ന് കെ.എൽ.ബെർണാഡ് തൻ്റെ 'ഹിസ്റ്ററി ഓഫ് ഫോർട്ട് കൊച്ചിൻ' എന്ന പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. ഡച്ച് കാലഘട്ടത്തിൽ, പോർച്ചുഗീസ് തുറമുഖമായ ഫോർട്ട് ഇമ്മാനുവലിൻ്റെ ഭൂരിഭാഗവും പൊളിച്ചുമാറ്റി. വിഗ്രഹങ്ങൾ, അൾത്താരകൾ, പ്രസംഗപീഠം, ശിൽപങ്ങൾ, നശിപ്പിക്കപ്പെട്ട പോർച്ചുഗീസ് പള്ളികളുടെ ഭാഗങ്ങൾ എന്നിവ കുളത്തിലേക്ക് വലിച്ചെറിഞ്ഞ് മണ്ണിട്ട് മൂടി. ഇന്ന് ഇത് ടൂർണമെന്റുകൾ, പ്രദർശനങ്ങൾ, പരിശീലന പരിപാടികൾ എന്നിവ നടക്കുന്ന റോഡുകളാൽ ചുറ്റപ്പെട്ട ഒരു കളിസ്ഥലമാണ്. കാലത്തിൻ്റെ ആക്രമണത്തിൽ കഴിഞ്ഞ ദശകത്തിൻ്റെ അവശിഷ്‌ടങ്ങൾ ഇന്നും സാമ്രാജ്യത്വ സ്‌മരണയായി അവശേഷിക്കുന്നു.
കാപ്പിരി മുത്തപ്പൻ ഒരു നഗര ഇതിഹാസം
കാപ്പിരി മുത്തപ്പൻ ഇപ്പോൾ വെറും വാമൊഴി ആഖ്യാനത്തിൽ നിന്ന് മാറി സാഹിത്യം, സിനിമ, ഡിജിറ്റൽ, സോഷ്യൽ മീഡിയ എന്നിവയിലൂടെ പങ്കിട്ട ആശയങ്ങളാൽ പ്രസിദ്ധിയാർജ്ജിച്ച ഒരു നഗരഇതിഹാസമാണ്. കാപ്പിരി മുത്തപ്പനെക്കുറിച്ചുള്ള പരാമർശങ്ങൾ പോഞ്ഞിക്കര റാഫിയുടെ ചരിത്രനോവലായ ഓറപ്രൊ.നോബിസ്, എൻ.എസ്.മാധവന്റെ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ, പി.എഫ് മാത്യുസിൻ്റെ അടിയാളപ്രേതം, ഡി.പി. ദിജുവിന്റെ കാപ്പിരിമുത്തപ്പൻ എന്ന ചെറു നാടകം. ജർമ്മൻ-മലയാള സാഹിത്യകാരൻ ജോർജ്ജ് തുണ്ടിപ്പറമ്പിലിൻ്റെ ഇംഗ്ലീഷ് നോവൽ മായ എന്നിവയിലെല്ലാം കാണാം. വിനോദ് വി. നാരായണൻ സംവിധാനം ചെയ്ത‌് തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമ നിർമ്മിച്ച അടിയാളപ്രേതം നാടകപ്രകടനം ഈ മിത്തിനെ വീണ്ടും പുതുതലമുറയും അതിന്റെ പ്രേക്ഷകരും കാണാൻ ഇടയാക്കി. ജിജോ പുന്നൂസ് തിരക്കഥയെഴുതി നടൻ മോഹൻലാൽ ആദ്യ സംവിധാനം നിർവഹിച്ച ബറോസ്-ദി ഗാർഡിയൻ ഓഫ് ഡിഗാമാസ് ട്രഷർ എന്ന ചിത്രം, നോവൽ മായയുടെ രചയിതാവായ ജോർജ്ജ് തുണ്ടിപ്പറബിൽ നൽകിയ പകർപ്പവകാശനിയമ ലംഘന വിചാരണ നേരിടുന്നു. ബറോസും മായയും കാപ്പിരി മുത്തപ്പൻഇതിഹാസം പര്യവേക്ഷണം ചെയ്യുന്നു.എന്നാൽ പുരാണത്തിന് പകർപ്പവകാശം അവകാശപ്പെടാനാവില്ലെങ്കിലും രണ്ട് കഥകൾക്കും അതുല്യമായ സാമ്യമുണ്ടെന്ന് തുണ്ടിപ്പറമ്പിൽ അവകാശപ്പെടുന്നു. വിവിധ ദൃശ്യകലാകാരന്മാർ പെയിന്റിംഗുകളിലും സ്കെച്ചുകളിലും ഇൻസ്റ്റോളേഷനുകളിലും കാപ്പിരി മുത്തപ്പനെ ചിത്രീകരിച്ചിട്ടുണ്ട്.
മതവിശ്വാസങ്ങൾ, അന്ധവിശ്വാസങ്ങൾ, കൊളോണിയൽ ചരിത്രം, അടിമക്കച്ചവടം എന്നിവയിൽ കുടുങ്ങിക്കിടക്കുന്ന ഒരു പ്രതിഭാസമായി കാപ്പിരിമുത്തപ്പൻ്റെ ഇതിഹാസം മാറിയിരിക്കുന്നു. കൊളോണിയൽ നിധികളുടെ കാവൽക്കാരനായ അടിമ ഇപ്പോൾ ഒരു അമാനുഷിക ദേവനാണ്. കാപ്പിരി ഒരു ദൈവമല്ല, ഒരു ആരാധനാ വ്യക്തി പോലുമല്ല, ഒരു മതപരമായ പ്രാർത്ഥനാഗ്രന്ഥവും പിന്തുടരുന്നില്ല, പക്ഷേ അദ്ദേഹം ജനങ്ങളുടെ മനസ്സിൽ ഒരു രക്ഷകനാണ്. ഒരു നഗര സ്ഥലത്ത് ആരാധിക്കപ്പെടുന്ന ഒരു മതേതരരൂപമാണ് കാപ്പിരി മുത്തപ്പൻ്റെ ഇതിഹാസം അടിച്ചമർത്തലിന്റെയും പുനർജന്മത്തിൻ്റെയും കഥയാണ്. ഒരു വിശ്വാസിക്ക് ഈ ഇതിഹാസം ഒരു സംരക്ഷണ ശക്തിയാണ്, മറ്റുള്ളവർക്ക് ഒരു ജിജ്ഞാസയും.
Endnotes
1. Puthussery, Jolly (2003) "Chavittunātakam: Music-Drama in Kerala", Comparative Drama: Vol.37:Iss.4, Article4.Availableat:https://scholarworks.wmich.edu/compdr/vo 137/iss4/4
2. Menon, Sreedhara A (1967) "A survey of Kerala History", DC Books, Kottayam, p.118.
3. Sreedhara Menon, A. (2019). Cultural Heritage of Kerala. DC Books, Kottayam, p.251.
References
1. Abraham, Tanya. Fort Cochin: History and Untold Stories. Ink on Paper, in Association with Kerala Tourism, 2009.
2. Mahmood Kooria. Narrating Africa in South Asia. ROUTLEDGE, 2024.
3. Sanal Mohan, P. Modernity of Slavery: Struggles against Caste Inequality in Colonial Kerala. Oxford University Press, 2022.
4. Sreedhara Menon, A. A Survey of Kerala History. DC Books, 2022.
5. Sreedhara Menon, A. Cultural Heritage of Kerala. DC Books, 2019.
6. Stilwell, Sean Arnold. Slavery and Slaving in African History. Cambridge University Press, 2014.
7. Turner, Cathy. Performance at the Urban Periphery: Insights from South India. Routledge, 2022.
8. Veluthat, Kesavan, and Donald R Davis Jr. Irreverent History: Essays for M.G.S. Narayanan. Primus Books, 2015.
9. Warner, B. (2010). The doctrine of slavery: An islamic institution. Center for the Study of Political Islam.
Weblinks
VINOD V N,
ASSISTANT PROFESSOR,
SCHOOL OF DRAMA AND FINE ARTS,
UNIVERSITY OF CALICUT,
DR. JOHN MATTHAI CENTRE,
THRISSUR





Comments