പൂക്കാലത്തിന്റെ ഓർമക്ക്
- GCW MALAYALAM
- Sep 14
- 2 min read
Updated: Sep 15
ഓർമ്മക്കുറിപ്പ് - ശാലു കട്ട്യാടൻ

മേന്തോന്നിയുടെ പൂക്കൾ ആകാശത്തേക്ക് ആളിപ്പടർന്നു നിൽക്കുന്ന അഗ്നി കണക്ക് എന്നെ വശീകരിച്ചു. കുട്ടികൾ ഒറ്റക്ക് പ്രവേശിക്കാൻ പാടില്ലാത്ത റാണിക്കുന്നിന്റെ സ്വകാര്യഭൂമികയിൽ പെരുംകാട്ടിലെ വള്ളികളോട് കളിതമാശകൾ പറഞ്ഞുകൊണ്ട് ഞങ്ങൾ നടന്നു. കുറേദൂരെ വള്ളികൾ കാടുമൂടിയ ഒരജ്ഞാത മരത്തിനു മുകളിൽ മേന്തോന്നിയുടെ നാളങ്ങൾ ഓറഞ്ചു - ചുവപ്പു പുളഞ്ഞു വെയിലിൽ തിളങ്ങി.
" എന്ത് രസാ... "പറിക്കാനെന്റെ കറുത്തകുഞ്ഞുകരങ്ങൾക്കായില്ല. വിലക്കിന്റെ സ്വരമാണ് കേട്ടത്.
" തൊടണ്ട... വെഷാണ്... "കൂട്ടുകാരി ഒച്ച താഴ്ത്തി.
മേന്തോന്നി തൊട്ട് കളിക്കരുതെന്ന് അവൾക്ക് ആരോ പറഞ്ഞുകൊടുത്തിരുന്നത്രേ.മേന്തോന്നി വള്ളികളിൽ നിന്ന് കൈവിട്ട് ഞാൻ നെറ്റിചുളിച്ചു. വേലിച്ചെടിയുടെ തിളങ്ങുന്ന ഓറഞ്ചുനിറവുമായി നിന്ന് എങ്ങനെയിങ്ങനെ പറ്റിക്കാനാവുന്നു?കുട്ടികളെ കൊല്ലാൻ നോക്കിനിൽക്കുന്ന ക്രൂരയായ പൂവ് തന്നെ. പക്ഷെ, തിരിഞ്ഞു തിരിഞ്ഞു നോക്കുമ്പോഴൊക്കെ കഥകളിൽ കേൾക്കാറുള്ള യക്ഷി സൗന്ദര്യമായി അത് മനസ്സിൽ ആരാധന കൂട്ടി. കാട്ടിലെ രാജ്ഞിയാവും ചിലപ്പോൾ...!
തിരിച്ചുപോരും വഴി കുറേ രണ്ടുമൂന്ന് അണ്ണൻമാർ ( തമിഴർ) അടുത്തുള്ള ക്വാറികളിൽ പങ്കെടുക്കുന്നവർ ഞങ്ങൾക്കെതിരെ നടന്നുവരുന്നുണ്ടായിരുന്നു. എന്റെ സുഹൃത്ത് നീനയുടെ അനിയൻ എന്തോ പറഞ്ഞു തിരിഞ്ഞതും അവന്റെ പൂക്കൂട മറിഞ്ഞുവീണു.പൂക്കളെല്ലാം താഴെപ്പോയി. അപ്പഴേക്കും അണ്ണന്മാർ ഞങ്ങൾക്ക് സമീപത്തുകൂടെ കടന്നുപോയി.." തമ്പി പറിത്ത പൂവെല്ലാം കീളെപ്പോച്ച്... " അതിലൊരാൾ പിറുപൊറുത്തു. ഞങ്ങൾ ചിരിച്ചുമറിഞ്ഞു. പിന്നെ ആ വാക്കുകൾ മുദ്രാവാക്യം പോലെ പറയണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു.അതുകൊണ്ട് വഴിനീളെ അന്യഭാഷയിലെ ആ പുതിയ സംഭാഷണശകലത്തെ ഞങ്ങൾ ആഘോഷിച്ചു.
ഒരു പറമ്പു നിറയെ പൂത്തുനിൽക്കുന്ന വെളുത്ത പെരുംപൂവുകൾ ( വെളുത്ത നിറത്തിൽ കൃഷ്ണകിരീടത്തോട് സാമ്യമുള്ള കാട്ടുപൂവ് )-തിരുവോണത്തിന്റെ തലേന്ന് പെരുമഴയത്ത് കുട തോളിലൂടെ വെച്ച് ഞാനും ചേച്ചിയും പറിച്ചെടുത്തു.ചേച്ചി അന്ന് ഇലപ്പച്ച നിറമുള്ള പട്ടുപാവാടയും ബ്ലൗസുമാണ് ഇട്ടിരുന്നതെന്ന് എനിക്കോർമ്മയുണ്ട്.തിരുവോണത്തിന് ഏറ്റവും ഒടുവിലത്തെ വലിയ വട്ടം തീർത്തത് ആ പൂക്കൾകൊണ്ടാണ്. വഴിയരികുകളിലൊക്കെ പിങ്കുനിറം പൂണ്ട ഓണപ്പൂക്കൾ ഞങ്ങളെ കാത്തു നിന്നു. ഞങ്ങൾ നോക്കിയില്ല. ഞങ്ങൾക്ക് പറമ്പുനിറയെ ഉണ്ട്. പിന്നെന്തിന്...? ഓട്ടത്തിനിടയിൽ പൊടുവണ്ണിയില കുത്തിയ കുമ്പിളിൽ നിന്നും വേലിച്ചെടികൾ കുലുങ്ങിച്ചിരിച്ചു. ചെറിയതണ്ടിൽ നിന്നും അതിന്റെ ആയിരക്കണക്കിന് കുഞ്ഞുപൂക്കളെ പറിച്ചുമാറ്റുകയാണ് ഓരോ രാത്രിയിലും പണി. അങ്ങനെ പൊഴിച്ചെടുക്കുന്ന ഒരു രാത്രിയിലാണ് എന്റെ അച്ഛമ്മ അവരുടെ അമ്മയുടെ പേര് ' കുഞ്ഞാമല ' എന്നായിരുന്നെന്ന് എന്നോട് പറയുന്നത്. ഇതുവരെ ഞാനെന്തേ അതൊന്നും അന്വേഷിക്കാതിരുന്നതെന്ന് ഞാൻ വിസ്മയപ്പെട്ടു. അന്ന് പൊഴിച്ചെടുത്തുകൊണ്ടിരുന്ന വേലിച്ചെടികളുടെ മണമുണ്ട് ആ ഓർമക്ക്.ഈയിടെ അടുത്ത വീട്ടിൽ നിന്നും വാങ്ങി നട്ടുവെച്ച പുതിയ ഇനം മഞ്ഞ വേലിച്ചെടി ( അങ്ങനെ തന്നെയാണ് നാട്ടിൽ മുഴുക്കെ അതിനു പേര്.. പേരെങ്ങനെ വന്നു എന്ന് ഞാൻ കുറേ ആലോചിച്ചു. വേലിയിൽ ഉണ്ടാകുന്നതുകൊണ്ടാണോ.. അല്ല വേലുപോലെ കുത്തനെ നിൽക്കുന്നത് കൊണ്ടോ? അറിഞ്ഞൂട..)പൂത്തപ്പോൾ മൂക്കിനോടടുപ്പിച്ച് ഞാൻ പറഞ്ഞു :" നിന്നെ ഓണം മണക്കുന്നു "..
ആദ്യമൊക്കെ പൂക്കളമത്സരങ്ങളിൽ കാട്ടുപൂ, നാട്ടുപൂ, വാങ്ങിയപൂ എന്നൊക്കെ കേട്ടിരുന്നു. നാട്ടുപൂവിനും കാട്ടുപൂവിനുമൊക്കെ പൂക്കളമത്സരത്തിൽ വലിയ സ്വാധീനശക്തിയുണ്ടായിരുന്നു. ഓണവുമായി ബന്ധപ്പെട്ട് ആറ് ഡി ക്ലാസ്സിൽ വെച്ച് കഥയെഴുത്തു നടത്തിയപ്പോൾ പൂക്കളമത്സരത്തിന് പൂവാങ്ങാൻ പോയി പൂവണ്ടിക്കാരനെക്കാണാതായ ജാക്സൺ എന്നു പേരുള്ള ഒരു കുട്ടി വിയർത്തുകുളിച്ച് സൈക്കിൾ ചവിട്ടി ക്ലാസ്സിലേക്ക് നിരാശയോടെ വരുമ്പോൾ പാടത്തിനരികെ നിറഞ്ഞുപൂത്ത അതിരാണിപൂക്കളെ കണ്ടതും അവ പറിച്ചെടുത്ത് നിർമിച്ച ജാക്സന്റെ ക്ലാസ്സിലെ പൂക്കളത്തിന് ഒന്നാം സ്ഥാനം കിട്ടിയതും എഴുതിയ എന്റെ കഥ മലയാളം ടീച്ചർക്ക് വല്ലാതെ ഇഷ്ടപ്പെട്ടതും കയ്യടി വാങ്ങി തന്നതും ഞാനോർക്കാറുണ്ട്. കഥയിലെ അവസാന വാചകം ഇങ്ങനെയായിരുന്നു " അതിരാണീ നിനക്കു നന്ദി.... "
മലയാളക്കരയാകെ പഴയതിലും ഉശിരോടെ ഓണമാഘോഷിക്കാൻ ഓട്ടപ്പാച്ചിലിലാണ്. ഓണം വരുന്നതിനു മുമ്പേ പത്തുദിവസത്തിനുമുള്ള ഒരുങ്ങൽ രീതികൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിപ്പാണ്. ഓണം ഒരു വലിയ കച്ചവടമാണെന്ന് എനിക്ക് തോന്നിത്തുടങ്ങുന്നു.ഞാനും കുറഞ്ഞ രീതിയിൽ അതിലൊക്കെ ഭാഗമാവുന്നുണ്ടെങ്കിലും.ഓണപ്പായസം, ഓണസാമ്പാർ, ഓണത്തിന് വെക്കേണ്ട ചോറിന്റെ അരി, ഓണത്തിനിടേണ്ട വസ്ത്രങ്ങൾ, ഓണത്തിന് എങ്ങനെ മുടി കെട്ടണം, ഓണത്തിനെങ്ങനെ ലിപ്സ്റ്റിക്ക് ഇടണം, ഓഫറിൽ ഏത് കാറ് വാങ്ങണം... അങ്ങനെ നീളുന്ന ഓണനാളുകൾ... എന്റെ സർവ്വകലാശാലയും ഓണമാഘോഷിക്കാനുള്ള തത്രപ്പാടിലാണ്. ചർച്ചകൾ ചൂടുപിടിക്കുന്നു. സർവത്ര ' ഓണം വൈബ് ' ആണ്. എല്ലാവരും ആട്ടവും പാട്ടുമായി ആഘോഷിക്കയാണ്.
എല്ലാ ചർച്ചകളിലും ഓണക്കളികളും ഓണസദ്യയും ഓണവേഷവും ഒക്കെ മുന്നിട്ടു നിന്നു. പൂക്കളെക്കുറിച്ചോ പൂക്കളമത്സരത്തെക്കുറിച്ചോ കാര്യപ്പെട്ട ചർച്ചകൾ കേട്ടതുമില്ല. പൂക്കൾ ആരും കൊണ്ടുവരേണ്ടതുമില്ല.ഞാൻ കൂനിക്കൂടിയിരിപ്പായി.എന്റെ ഉള്ളിലെ കുട്ടി റാണിക്കുന്നിന്റെ ഏതോ മൂലയിൽ നിന്നും തിരിച്ചുപോരാൻ കൂട്ടാക്കാതെ കൈയിൽ ഇലക്കുമ്പിൾ നിറയെ പൂക്കളുമായി വിളിച്ചു ചോദിച്ചു : " ഈ പൂക്കളൊന്നും വേണ്ടേ? പെരുംപൂവ്... ഓണപ്പൂവ്.... കാക്കപ്പൂവ്... പിന്നെ എന്റെ കുഗ്രാമത്തിൽ മാത്രമുള്ള ഞാനിട്ട കുറേ ' ഇണ്ടാക്കി ' പേരുകളുള്ള കുറേ സുന്ദരിക്കുരുന്നുപൂക്കൾ?.... വേണ്ടേ? "
വേണ്ടെന്ന് തറുതല പറഞ്ഞുകൊണ്ട്, തീർത്തും അപരിചിതമായ ഭാവത്തിൽ അവളെ നോക്കി നെറ്റിച്ചുളിച്ച് ഏതോ തിരക്കിട്ട കാലത്തേക്കും ലോകത്തേക്കും നടന്നകലുന്ന ഇന്നത്തെ എന്റെ രൂപത്തെ കണ്ട് ഞാൻ നിസ്സഹായയാവുന്നു.....!
ശാലു കട്ട്യാടൻ
ഗവേഷക
മലയാള - കേരളപഠനവിഭാഗം
കാലിക്കറ്റ് സർവ്വകലാശാല
Email : shaluk2312@gmail.com





Comments