top of page

പാട്ടിന്റെ കരിമ്പിൻ തോട്ടം സ്വപ്നം കണ്ട ഗായിക

Updated: Nov 16, 2024

ഡോ. ശ്യാമ കെ.ആർ
ree

'അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളി അമ്മാവനെപ്പൊവരും', 'നാഴിയുരിപ്പാലുകൊണ്ടു നാടാകെ കല്യാണം', 'കുടമുല്ലപ്പൂവിനും മലയാളി പെണ്ണിനും ഉടുക്കാൻ വെള്ള പുടവ' ... മലയാള മനസ്സുകളിൽ ഗൃഹാതുരത്വമുണർത്തുന്ന പാട്ടുകൾ.. എന്നാൽ ഈ പാട്ടുകളെല്ലാം ആരുടെ ശബ്ദത്തിലാണ് പിറന്നതെന്നു എത്രപേർക്കറിയാം? പേരറിയാത്ത പാട്ടുകാർ..പാടിയ ചുരുക്കം പാട്ടുകളിലൂടെ ആസ്വാദക മനസ്സുകളിൽ ദശാബ്ദങ്ങളോളം ജീവിക്കുന്നവർ.

പ്രശസ്ത ഗായിക അനുരാധ ശ്രീറാമിന്റെ അമ്മ രേണുക പാടിയതാണ് അമ്പിളി അമ്മാവനെ കാണാതെ പരിഭവിക്കുന്ന കുഞ്ഞിന്റെ പാട്ട്. കോഴിക്കോട് ആകാശവാണി നിലയ ഗായികയായി ജോലി കിട്ടിയപ്പോൾ സിനിമയിലേക്ക് ശ്രദ്ധ നൽകാൻ കഴിയാതെ പോയ ഗായത്രി ശ്രീകൃഷ്ണൻ ആണ് ശാന്താ പി നായരോടൊപ്പം നാഴിയുരിപ്പാലുകൊണ്ട് പാടിയത്. ആന്ധ്രാ സ്വദേശിനിയായ ബി.വസന്തയുടേതാണ് കുടമുല്ലപ്പൂവിനും മലയാളി പെണ്ണിനും ഉടുക്കാൻ വെള്ളപ്പുടവ നൽകിയ മധുര ശബ്ദം. മലയാളി മറന്നുപോയ പാട്ടുകാർ..  ജീവിത സാഹചര്യങ്ങൾ കൊണ്ട് സിനിമയുടെ മായിക ലോകത്തു നിന്നും അകന്നുപോകേണ്ടി വന്നവർ. എങ്കിലും പാടിയ ഒന്നോ രണ്ടോ പാട്ടുകളിലൂടെ നൂറ്റാണ്ടുകൾ ജീവിക്കുന്നവർ.

അത്തരമൊരു ഗായികയാണ് ഈയിടെ അന്തരിച്ച മച്ചാട്ട് വാസന്തി. കയ്‌പ്പേറിയ ഒട്ടേറെ ജീവിത അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴും സംഗീതത്തെ നെഞ്ചോടു ചേർത്തവർ. എം.എസ്.ബാബുരാജ് കണ്ടെത്തിയ ഗായിക. വയലാറിന്റെയും എം.ടി. യുടെയും വാത്സല്യത്തിന് പാത്രമായ ഗായിക. 'മണിമാരൻ തന്നത് പൊന്നല്ല പണമല്ല മധുരക്കിനാവിന്റെ കരിമ്പിൻ തോട്ടം'എന്ന ഒരൊറ്റ പാട്ടുകൊണ്ട് അനശ്വരയായ ഗായിക. എന്തിനാ ആയിരം പാട്ടുകൾ? അനേകം പാട്ടുപാടിയിട്ടും ശ്രദ്ധിക്കാതെ പോകുന്നതിലും നല്ലതല്ലേ? അത്തരമൊരു ഭാഗ്യം തനിക്കു സാധിച്ചതിൽ സന്തുഷ്ടയായിരുന്നു വാസന്തി.

1943 ൽ കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ആകാശവാണി ഗായകനും ആയിരുന്ന മച്ചാട്ട് കൃഷ്ണന്റെയും കല്യാണിയുടെയും മകളായി കണ്ണൂരിൽ ജനിച്ച വാസന്തി ബാബുരാജിന്റെ നിർദേശ പ്രകാരമാണ് കോഴിക്കോടേക്ക്‌ ചേക്കേറിയത്. ഒമ്പതാം വയസ്സിൽ അച്ഛന്റെ കൂടെ കിസാൻ സഭ സമ്മേളനത്തിന് പോയതായിരുന്നു കൊച്ചു വാസന്തി. കൃഷ്ണന്റെ മകൾ പാടുമെന്നറിഞ്ഞപ്പോൾ സഖാവ് ഇ. കെ. നായനാർ അവളെ എടുത്തു സ്റ്റേജിൽ കയറ്റി. സ്റ്റേജിൽ നിന്ന് ഒട്ടും സഭാകമ്പമില്ലാതെ പാടിയ  “പൊട്ടിക്കു പാശം സമരാവേശം കൊളുത്തു വീര യുവാവേ നീ” എന്ന വിപ്ലവ ഗാനം കാണികളിലൊരാളായ എം.എസ്. ബാബുരാജിന്റെ മനം കവർന്നു. സുഹൃത്തുകൂടെയായ കൃഷ്ണനോട് മകളെയും കൂട്ടി കോഴിക്കോടേക്ക്‌ വന്നു താമസമാകാൻ നിർദേശിച്ചു.

കോഴിക്കോട് താമസമാക്കിയതിനു ശേഷം ബാബുക്കയുടെയും കോഴിക്കോട് അബ്ദുൾ ഖാദറിന്റെയും ഒപ്പം സംഗീത പരിപാടികളിൽ സജീവമായി. ആയിടെയാണ് ബാബുക്ക സിനിമാ സംഗീത സംവിധാനത്തിലേക്ക് കടക്കുന്നത്.  1953 ൽ തിരമാല എന്ന ചിത്രത്തിൽ ബാബുക്കയോടൊപ്പം വാസന്തിയും സിനിമയിലേക്ക് അരങ്ങേറിയെങ്കിലും ആ പടം വെളിച്ചം കണ്ടില്ല. ചെറുകാടിന്റെ “നമ്മളൊന്ന്” എന്ന നാടകത്തിൽ പൊൻകുന്നം ദാമോദരൻ എഴുതി, ബാബുക്ക സംഗീതം നൽകിയ “പച്ച പനം തത്തെ പുന്നാര പൂമുത്തേ പുന്നെല്ലിൻ പൂങ്കരളെ” എന്ന ഗാനം പതിമൂന്നാം വയസ്സിലാണ് പാടുന്നത്. കോഴിക്കോട് അബ്ദുൾ ഖാദറിനൊപ്പം പാടിയ ഈ ഗാനം മലബാറിൽ ആകെ മുഴങ്ങിയത് വാസന്തിയുടെ ശബ്ദത്തിലാണെങ്കിലും റെക്കോർഡിൽ ആ ഗാനം പാടിയിരിക്കുന്നത് ഭാഗീരഥി എന്ന ഗായികയാണ്. ഈ ഗാനത്തിന്റെ വരികൾ 2006 ൽ നോട്ടം എന്ന ചിത്രത്തിന് വേണ്ടി എം. ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ യേശുദാസ് പാടി വീണ്ടും കേട്ടപ്പോൾ പണ്ടെന്നോ കേട്ട് മറന്ന സ്ത്രീ ശബ്ദം ആസ്വാദകർ വീണ്ടും ഓർത്തു.

നിലമ്പൂർ കലാ സമിതിയുടെ “ജ്ജ് നല്ല മന്സനാകാൻ നോക്ക്” എന്ന നാടകത്തിൽ “പൂച്ചമ്മ പെണ്ണിനെ പൂക്കുല ചൂടിച്ച പൂവാലനണ്ണാനെ” എന്ന ഗാനം വയലാർ എഴുതിയത് വാസന്തിക്ക് വേണ്ടിയാണ്. “എനിക്ക് മാത്രമായി വയലാർ എഴുതിയ പാട്ടാണത്” എന്ന് വാസന്തി പറയുമ്പോൾ കണ്ണിൽ ഓർമയുടെ തിളക്കം. നാടകത്തിലെ മറ്റു പാട്ടുകളുടെ എല്ലാം റെക്കോർഡിങ് കഴിഞ്ഞു സ്റ്റുഡിയോക്കു പുറത്തു വിശ്രമിക്കുമ്പോൾ വയലാർ ബാബുക്കയോട് നമുക്ക് വാസന്തിയെ കൊണ്ട് ഒരു സോളോ പാടിച്ചാലോ എന്ന് ചോദിച്ചു. അതിനു ഇനി പാട്ടൊന്നും ബാക്കി ഇല്ലല്ലോ എന്ന ബാബുക്കയുടെ മറു ചോദ്യത്തിന് മറുപടിയായി എഴുതിയ പാട്ടാണ് പൂച്ചമ്മ പെണ്ണിന്.


നാടകാഭിനയത്തിലേക്ക്

തോപ്പിൽ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ ബാല നടി വിജയകുമാരിക്ക് അസുഖമായി വരാതിരുന്നപ്പോൾ പകരക്കാരിയായി അഭിനയിച്ചാണ് വാസന്തി നാടകാഭിനയത്തിലേക്കു കടക്കുന്നത്. അതിനു ശേഷം തിക്കോടിയൻ, പി ജെ ആൻറ്റണി തുടങ്ങിയ പ്രഗത്ഭരുടെ ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ചു. 'പരകായ പ്രവേശം', 'വല്ലാത്ത പഹയൻ', 'കണ്ടം ബച്ച കോട്ട്', ഈഡിപ്പസ്, തിളയ്ക്കുന്ന കടൽ, കറുത്ത പെണ്ണ്' എന്നിവ അവയിൽ ചിലതു മാത്രം.

1957 ൽ രാമുകാര്യാട്ടിന്റെ 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിൽ പി ഭാസ്കരന്റെ  വരികൾക്ക് ബാബുക്ക വീണ്ടും വാസന്തിയുടെ ശബ്ദം പ്രയോജനപ്പെടുത്തി. “തത്തമ്മേ തത്തമ്മേ”, “ആര് ചൊല്ലീടും” എന്നീ ഗാനങ്ങൾ ആ സിനിമക്ക് വേണ്ടി പാടി. എന്നാൽ ഒരു ഹിറ്റ് ഗാനത്തിനായി അവർക്കു 1970 വരെ കാത്തിരിക്കേണ്ടി വന്നു. എം ടി യുടെ ‘ഓളവും തീരവും’ വരെ. തന്റെ പുതിയ ചിത്രത്തിൽ വാസന്തിയെ പാടിക്കണം എന്ന ശുപാർശ കത്തുമായി മദ്രാസിലെ റെക്കോർഡിങ് സ്റ്റുഡിയോയിൽ സിനിമയുടെ നിർമാതാവായ പി എ ബക്കറിനെ കാണുമ്പോൾ ബാബുക്കയും അടുത്തുണ്ടായിരുന്നു. കത്ത് വാങ്ങി ഒന്ന് പുഞ്ചിരിച്ചിട്ടു ബാബുക്ക സിനിമയിലെ പ്രധാന പാട്ടു തന്നെ വാസന്തിക്ക് നൽകി. യേശുദാസിനൊപ്പം ഒരു യുഗ്മ ഗാനം. കൂടെ പാടുന്നത് യേശുദാസാണെന്നറിഞ്ഞപ്പോൾ പരിഭ്രമിച്ചു പോയെന്നു വാസന്തി ഓർക്കുന്നു. യേശുദാസിന്റെ കല്യാണത്തിന്റെ തലേന്നാൾ ആയിരുന്നു പാട്ടിന്റെ റെക്കോർഡിങ്. പാട്ടു ഒന്നോ രണ്ടോ ടേക്കിൽ ഒക്കെയായി. പാട്ടിനിടെ “നീയെന്റെ  ഖൽബിൽ വന്നു ചിരിച്ചു നിൽക്കും” എന്ന ഭാഗത്തു ഒന്ന് ചിരിക്കാൻ തോന്നിയത് ബാബുക്കയ്ക്കു നന്നേ ഇഷ്ടപ്പെട്ടതും, റെക്കോർഡിങ് കഴിഞ്ഞു വാത്സല്യത്തോടെ തന്നെ ചേർത്ത് പിടിച്ചതും വാസന്തിക്ക് മധുരിക്കുന്ന ഓർമ്മകൾ.

മണിമാരനു ശേഷം കുട്ട്യേടത്തി, ബാബുരാജിന്റെ തന്നെ സംഗീത സംവിധാനത്തിൽ അമ്മു എന്ന ചിത്രത്തിൽ എൽ ആർ ഈശ്വരിക്കൊപ്പം “കുഞ്ഞിപ്പെണ്ണിന് കണ്ണെഴുതാൻ” എന്ന പാട്ടും, പിന്നെ വർഷങ്ങൾക്കു  ശേഷം മീശ മാധവൻ, വടക്കുംനാഥൻ എന്നീ ചിത്രങ്ങളിലും പാടി. എന്നാൽ അവയൊന്നും അത്ര ശ്രദ്ധിക്കപ്പെടാതെ പോയി.

നാടകാഭിനയവും പാട്ടും ഗാനമേളയും ഒക്കെയായി തിരക്കുപിടിച്ചു പാടി നടന്ന കാലത്താണ് കലാ സാഗർ മ്യൂസിക് ക്ലബ് സെക്രെട്ടറിയും ബിസ്സിനസ്സുകാരനുമായിരുന്ന പി കെ ബാലകൃഷ്ണനുമായുള്ള വിവാഹം. വിവാഹം കഴിഞ്ഞതോടെ ദൂരെയുള്ള പരിപാടികൾക്ക് പോകാതെയായി. നാല്പത്തിയെട്ടാം വയസ്സിൽ ഭർത്താവ് മരിക്കുമ്പോൾ അദ്ദേഹം ഉണ്ടാക്കി വെച്ച ലക്ഷങ്ങളുടെ കട ബാധ്യത തന്റെ തലയിലായി. പാട്ടും അഭിനയവും മാത്രം കൈമുതലായുണ്ടായിരുന്ന വാസന്തി, പിന്നെ ബാധ്യത തീർക്കാനായി ഓടി നടന്നു പാടി. കോഴിക്കോട്ടെ ഗാനമേളകളിലെല്ലാം അവർ സജീവ സാന്നിധ്യമായി നിറഞ്ഞു നിന്നു. ബുദ്ധിമുട്ടുകൾക്കിടയിലും പാട്ടുകളിലൂടെ സാന്ത്വനവും ആനന്ദവും കണ്ടെത്താൻ ശ്രമിച്ച അവരെ വീണ്ടും ദൗർഭാഗ്യങ്ങൾ പിന്തുടർന്നു. തൊണ്ടയിൽ വളർന്ന മുഴയും, തുടർച്ചയായി ഉണ്ടായ 2 അപകടങ്ങളും ജീവിതം വഴിമുട്ടിച്ചു. ജീവിത സായാഹ്നത്തിൽ കലാ സ്നേഹികളുടെയും സന്മനസ്സുകളുടെയും സഹായം തേടേണ്ടി വന്നു അവർക്ക്.

സിനിമയിൽ സജീവമായില്ലെങ്കിലും നാടകം, ആകാശവാണി ലളിത ഗാനങ്ങൾ, നാടക ഗാനങ്ങൾ ഒക്കെയായി ആയിരത്തിലേറെ ഗാനങ്ങൾക്ക് അവർ ജീവൻ നൽകി. അതിൽ കൂടുതലും റെക്കോർഡ് ചെയ്യപ്പെടാതെ പോയവ. അന്ന് കേട്ട ആസ്വാദകരുടെ മനസ്സുകളിൽ മാത്രം അവ മുഴങ്ങി.

2018 ൽ ഭരത് പി ജെ ആന്റണി സ്മാരക അഭിനയ‐ സംഗീത പ്രതിഭാ അവാർഡ് നൽകി തൃശ്ശൂർ കലാ സമിതി അവരെ ആദരിച്ചു. പാടിക്കൊണ്ട് മരിക്കാൻ ആഗ്രഹിച്ച വാസന്തി ഇക്കഴിഞ്ഞ ഒക്ടോബർ 14 നു കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് അന്തരിച്ചു. പാട്ടിന്റെ കരിമ്പിൻ തോട്ടം സ്വപ്നം കണ്ട ഗായിക, മണിമാരന്റെ ഗായികയായി എന്നെന്നും മലയാള മനസ്സുകളിൽ അനശ്വരയായി നിലനിൽക്കുക തന്നെ ചെയ്യും.


ree

ഡോ. ശ്യാമ കെ.ആർ

അസിസ്റ്റന്റ് പ്രൊഫസർ

സംഗീതവിഭാഗം

സർക്കാർവനിതാ കോളെജ്

തിരുവനന്തപുരം .

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

              ഷീന എസ്

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page