top of page

പൊന്നോണം - പാട്ടോണം

Updated: Sep 15

രാജി ടി.എസ്.
ree

വീണ്ടുമൊരു തിരുവോണക്കാലത്തിമിർപ്പിലാണ് നാം. ചിങ്ങമാസം എത്തുമ്പോഴേക്കും ഓണത്തിരക്കുകൾക്ക് ആവേഗം കൈവന്നുതുടങ്ങും. അത്തം തുടങ്ങിയാൽ പിന്നെ ഓണാഘോഷങ്ങളുടെ തുടക്കമായി. വിവിധ കൂട്ടായ്മകളും സംഘടനകളും ക്ലബുകളും ഓണം ആഘോഷിച്ചു കഴിയുമ്പോഴേക്കും ചിങ്ങവും കന്നിയും കടന്നിട്ടുണ്ടാവും. പ്രകൃതിയും മനസ്സും തളിർത്തും പൂത്തും ആഘോഷിക്കുന്ന ഓണക്കാലത്തിൽ പാട്ടുകൾക്ക് വളരെ പ്രസക്തിയുണ്ട്. വഞ്ചിപ്പാട്ടുകളും കൈകൊട്ടിക്കളിപ്പാട്ടുകളും അടങ്ങിയ കേരളത്തിന്റെ തനത്‌ സംഗീതശൈലി ഉൾക്കൊള്ളുന്ന പാട്ടുകളും ഓണക്കാലത്തിന്റെ പ്രതീതി ഉളവാക്കുന്നവയാണ്. ഓണം 'കളറാക്കാൻ' ഓണപ്പാട്ടും ഒപ്പം തിരുവാതിരക്കളിയും ഉണ്ടാവും. ഉത്സാഹവും  ഗൃഹാതുരസ്മരണകളും പ്രണയവും പ്രതീക്ഷകളും നിറഞ്ഞ, പുതുമയുള്ളതും ഒപ്പം പഴകുംതോറും മാധുര്യമൂറിവരുന്ന  നിരവധി ഗാനങ്ങൾ ഓണക്കാലത്ത് നമ്മെ തൊട്ടുപോകാറുണ്ട്. ഓണവുമായി ബന്ധപ്പെട്ട പാട്ടുകളിൽ കാലാതീതമായ ഒന്നാണ്

"മാവേലി നാടു വണീടും കാലം 

മാനുഷരെല്ലാരുമൊന്നുപോലെ" എന്ന ഗാനം. 1955 ൽ റിലീസ് ചെയ്ത ന്യൂസ് പേപ്പർബോയ് എന്ന ചിത്രത്തിൽ ഈ ഗാനം ഉൾപ്പെടുത്തിയിട്ടുണ്ട് .

പൊന്നിൻ ചിങ്ങം വന്നപ്പോൾ പ്രണയം പൂത്തുലഞ്ഞ മനോഹരമായഗാനം മലയാളികൾക്കു സമ്മാനിച്ചത് എം കെ അർജുനൻ മാസ്റ്റർ - ശ്രീകുമാരൻ തമ്പി കൂട്ടുകെട്ടാണ് (പഞ്ചവടി, 1973).

പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നു

പൂമകളേ നിന്നോര്‍മ്മകള്‍ പൂത്തുലഞ്ഞു

കാറ്റിലാടും തെങ്ങോലകള്‍ കളി പറഞ്ഞു

കളി വഞ്ചിപ്പാട്ടുകളെള്‍ ചുണ്ടില്‍ വിരിഞ്ഞു

 

ശ്രീകുമാരന്‍ തമ്പിയുടെ  രചനയിൽ  അര്‍ജ്ജുനന്‍ മാഷിന്‍റെ സംഗീതം ചേർന്ന് വാണിജയറാമിന്റെ ശബ്ദത്തിൽ മലയാളികളുടെ മനസ്സിലേക്ക് ഒഴുകിയ ഗാനമാണ്,

തിരുവോണപ്പുലരിതൻ

തിരുമുൽക്കാഴ്ച വാങ്ങാൻ

തിരുമുറ്റമണിഞ്ഞൊരുങ്ങീ

തിരുമേനിയെഴുന്നെള്ളും സമയമായീ

ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ

ഹൃദയങ്ങളണിഞ്ഞൊരുങ്ങീ.

ആവർത്തിച്ചു കേട്ടാലും പുതുമ നഷ്ടപ്പെടാത്ത, ഓണത്തിന്റെ പ്രസരിപ്പും ഊഷ്മളതയും വിളിച്ചോതുന്ന ഗാനം എല്ലാ ഓണക്കാലത്തും നാം കേൾക്കാറുണ്ട് (തിരുവോണം  - 1975, ആലാപനം - കെ ജെ യേശുദാസ്, പി സുശീല) .

ഒന്നാം പൊന്നോണ പൂപ്പട കൂട്ടാൻ

പൂക്കണ്ണി കോരാൻ പൂക്കളം തീർക്കാൻ

ഓടി വാ തുമ്പീ പൂത്തുമ്പീ താ തെയ്

അന്നം പൂക്കിലയൂഞ്ഞാലാടാൻ

പൂമാലപ്പെണ്ണിനെ പൂ കൊണ്ട് മൂടാൻ

ആടിവാ തുമ്പീ പെണ്‍തുമ്പീ താ തെയ് -

എന്ന യുഗ്മഗാനം ഗാനം ഓണക്കളികളിലേക്കും ഊഞ്ഞാലാട്ടങ്ങളിലേക്കും നമ്മെ കൊണ്ടുപോകും. ലളിതമായ വരികളും ഏറ്റുപാടാൻ എളുപ്പമുള്ളതുമായ ഈണവും ഉണ്ടെങ്കിലും വിസ്മൃതിയിൽ അകപ്പെട്ടുപോയ ഒരു ഗാനമാണിത്. (പാവങ്ങൾ പെണ്ണുങ്ങൾ, 1973 വയലാർ - ദേവരാജൻ, യേശുദാസ് - പി സുശീല )

1973 ൽ തന്നെ റിലീസ് ചെയ്ത 'ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു' എന്ന ചിത്രത്തിലെ ഗാനമാണ്,

പൊന്നിന്‍ ചിങ്ങത്തേരുവന്നൂ

പൊന്നമ്പലമേട്ടില്‍ ആ.. ആ..

പൊന്നിന്‍ ചിങ്ങത്തേരുവന്നൂ

പൊന്നമ്പലമേട്ടില്‍

പൊന്നോണപ്പാട്ടുകള്‍ പാടാം

പൂനുള്ളാം പൂവണി വെയ്ക്കാം.

അന്നത്തെ ക്യാമ്പസ് പശ്ചാത്തലത്തിൽ രംഗവേദികളിൽ അവതരിപ്പിക്കുന്ന രീതിയിലാണ് ഈ ഗാനത്തിന്റെ ചിത്രീകരണം. വി ദക്ഷിണാമൂർത്തി - ശ്രീകുമാരൻ തമ്പി എന്നിവർ ചേർന്നൊരുക്കിയ ഗാനം ആലപിച്ചത് പി ലീലയും  സംഘവുമാണ്. ദക്ഷിണാമൂർത്തിയുടെ കർണാടക സംഗീത പാരമ്പര്യത്തിലൂന്നിയ   രാഗാധിഷ്ഠിതമായ സംഗീതസംവിധാനശൈലി ഈ ഗാനത്തിലും പ്രകടമാണ്.

 

താള - ഈണ വൈവിധ്യം ഉപയോഗിച്ച്  വായ്ത്താരികളും പരമ്പരാഗത ഈണങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള മറ്റൊരു ഗാനമാണ്

ഓണം വന്നേ പൊന്നോണം വന്നേ

ഓണം വന്നേ പൊന്നോണം വന്നേ

മാമലനാട്ടിലെ മാവേലിനാട്ടിലെ

മാലോകര്‍ക്കുത്സവകാലം വന്നേ.

പി ജയചന്ദ്രൻ, കെ പി ചന്ദ്രമോഹൻ, ബിച്ചു തിരുമല, അമ്പിളി എന്നിവർ പാടിയ ഈ ഓണപ്പാട്ടിന് (വെല്ലുവിളി, 1978, എം സ് വിശ്വനാഥൻ - ബിച്ചു തിരുമല) ആരാധകരും ഉണ്ടായിരുന്നു.

 

പാടം കനിഞ്ഞു അരവയർ നിറയുമ്പോൾ കല്യാണക്കിനാവ് കാണുന്ന പ്രണയിതാക്കളിലൂടെ ഓണത്തിന്റെ വരവറിയിക്കുന്ന ഗാനമാണ്,

കാലം തെളിഞ്ഞു പാടം കനിഞ്ഞു

കള്ളി നിന്റെ കളിചിരിപോലെ

പൊന്നരളി പൂ നിരത്തി

പൊന്നോണം വിരുന്നുവരും

അരവയർ നിറവയറാകുമ്പോൾ

എനിയ്ക്കും നിനക്കും കല്യാണം....

കാലം തെളിഞ്ഞു പാടം കനിഞ്ഞു

കള്ളൻ കണ്ട കനവുകൾ ചൂടി

തുമ്പപ്പൂ കൂനകൂട്ടി തുമ്പിതുള്ളി ഓണം വരും

പുതുമഴ കുളിർമണി വിതറുമ്പോൾ

എനിയ്ക്കും നിനക്കും കല്യാണം.

ജയൻ എന്ന മഹാനടന്റെ ആരാധകർക്ക് പ്രിയപ്പെട്ടതാണീ ഗാനം (ഇടിമുഴക്കം, 1980, ശ്യാം - ശ്രീകുമാരൻ തമ്പി, പി ജയചന്ദ്രൻ - പി സുശീല)

 

ഓണ പൂവുകൾ വിരുന്നു വന്നു

ഓണ തൂമ്പികൾ പറന്നു വന്നു

ഒന്നാകും കുന്നിന്മേൽ ഓരടി കുന്നിന്മേൽ

സ്വർണ്ണ താലവും മഞ്ഞ കോടിയും

ഉയർന്നിടുന്നൂ.  

ഈ ഗാനം ജനപ്രിയഗാനങ്ങളുടെ പട്ടികയിൽ പൊതുവിൽ ഉൾപ്പെടുന്നതല്ല. ശങ്കർ ഗണേഷ് ഈണം നൽകി പൂവച്ചൽ ഖാദർ എഴുതിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് പി . ജയചന്ദ്രനും ജോളി എബ്രഹാമും ചേർന്നാണ് (യുദ്ധം 1983). ഹിന്ദു - മുസ്ലിം സൗഹൃദം  ആഘോഷിക്കുന്ന കഥാസന്ദർഭം ആയതിനാൽ  മതസൗഹാർദം എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന ഗാനം കൂടിയാണിത്. നബിദിനവും ഓണവും പ്രമേയമായി വന്നിട്ടുള്ള മറ്റൊരു  ഗാനമാണ് അഷ്ടബന്ധം(1986) എന്ന ചിത്രത്തിലെ എ ടി ഉമ്മർ - ഒ വി അബ്ദുല്ല എന്നിവർ ചേർന്നൊരുക്കിയ 'മാവേലി തമ്പുരാൻ മക്കളെ കാണുവാൻ' എന്ന് തുടങ്ങുന്ന ഗാനം.

1984 ൽ റെക്കോർഡ് ചെയ്യപ്പെട്ടതായി കണക്കാക്കാവുന്ന ഒരു സിനിമാഗാനമാണ്.,

ഓണപ്പൂങ്കാറ്റിൽ ആടിയും പാടിയും 

പാടിയുമാടി തോണീ പോ 

കാണാതീരങ്ങൾ ചെന്നുകണ്ടീടാൻ

കണ്ടുവന്നീടാൻ തോണീ പോ

ശ്രാവണസന്ധ്യ എന്ന ചിത്രത്തിന് വേണ്ടി ചിറ്റൂർഗോപി എഴുതി എം ഇ മാനുവൽ  സംഗീതം നൽകി കെ ജി മാർക്കോസ് ആലപിച്ച ഗാനം പൊതുജനമധ്യത്തിലേക്ക് എത്തിയില്ല എന്ന് വേണം അനുമാനിക്കാൻ. നിരവധി  ക്രിസ്ത്യൻ ഭക്തിഗാനങ്ങൾക്ക് സംഗീതം നൽകുകയും കേരളത്തിൽ ആദ്യമായി ഇലക്‌ട്രോണിക് കീബോർഡ് അവതരിപ്പിക്കുകയും ചെയ്ത സംഗീത സംവിധായകൻ ആയിരുന്ന എം ഇ മാനുവൽ  യേശുദാസ് ഉൾപ്പെടെ പ്രശസ്തരോടൊപ്പം  വിദേശങ്ങളിലും സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.

വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി

ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി

ഓണത്താറാടി വരുന്നേ

ഓണത്താറാടി വരുന്നേ

ജോൺസൺ മാഷും കൈതപ്രം ദാമോദരൻ നമ്പൂതിരിയും യേശുദാസും ചേർന്ന ഈ ഗാനത്തിന് (വരവേൽപ്പ് , 1989) ഓണപൂക്കൂട തയാറാക്കുന്ന സൗന്ദര്യം ഉണ്ട്.

പൂവേണം പൂപ്പടവേണം... പൂവിളിവേണം

പൂണാരം ചാർത്തിയകന്നിപൂമകൾ വേണം (2)

കുന്നത്തെകാവിൽ നിന്നും തേവരു താഴെയെഴുന്നള്ളുന്നേ..

പൂലോലം മഞ്ചൽമൂളിപ്പോരുന്നുണ്ടേ…മൂളിപോരുന്നുണ്ടേ.

ജോൺസൺ മാഷും ഒ എൻ വി യും ചേർന്നൊരുക്കിയ ഈ പാട്ട് ഓർമയിലോടിയെത്തുന്ന, കണ്ണിനും കാതിനും കുളിർമയേകുന്ന മറ്റൊരീണമാണ്.ജോൺസൺ മാഷും പി ഭാസ്കരൻ മാഷും ഒന്നിച്ചപ്പോൾ നമുക്ക് ലഭിച്ച മറ്റൊരോണപ്പാട്ടാണ് ,

മാവേലിക്കും പൂക്കളം...മാതേവനും പൂക്കളം

മലയാളക്കരയാകെ വർണ്ണപ്പൂക്കളം

ആഹാ മണ്ണിലും വിണ്ണിലും മണിപ്പൂക്കളം

പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ

പൂത്തുമ്പി തുള്ളിക്കാൻ പൂവേ പൊലി പൂവേ.

ഇത് ഞങളുടെ കഥ എന്ന ചിത്രത്തിലെ ഈ ഗാനം മറവിയിലാണ്ടുപോയ ഗാനമാണെങ്കിലും മറവിയുടെ തിരശീലനീക്കി രംഗത്തേക്ക് വരുന്നു.

 

നിരവധി ജനപ്രിയ സിനിമാഗാനങ്ങൾ ഓണക്കാലത്ത് പ്രത്യേക സന്ദർശകരായി എത്താറുണ്ട്. പക്ഷെ വ്യത്യസ്തമായ ശ്രാവ്യാനുഭവം നൽകുന്നതാണ്,

"ഓമനത്തിങ്കളിന്നോണം പിറക്കുമ്പോള്‍

താമരക്കുമ്പിളില്‍ പനിനീര്

ഓണം പിറന്നാലുമുണ്ണി പിറന്നാലും

ഓരോകുമ്പിള്‍ കണ്ണീര്

മണ്ണിന്നോരോ കുമ്പിള്‍ കണ്ണീര്"

എന്ന ശോകാർദ്ര ഗാനം. ദരിദ്രൻ അതിദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന, ധനികനു സമ്പത്തുകുമിഞ്ഞു കൂടുന്ന അവസ്ഥയിൽ നിന്നും മാറി, 'പൊന്നുഷസ്സ് കണികണ്ടുണരാന്‍' നമ്മെ ഓർമിപ്പിക്കുന്ന ഗാനമാണിത്.  വയലാർ രാമവർമയുടെ രചനയും അതിനൊത്തവണ്ണം ലളിതവും  ഇമ്പമാർന്നതുമായ ദേവരാജൻ മാഷിന്റെ ഈണവും ചേർന്നപ്പോൾ മനസ്സിനെ ആർദ്രമാക്കുന്ന ഗാനമായി അത് മാറി (തുലാഭാരം - 1968, ചലച്ചിത്ര സംവിധാനം - എ വിന്‍സന്റ്, ആലാപനം - കെ ജെ യേശുദാസ്, പി സുശീല).

 

നാല്പത്തിയെട്ട് വര്ഷങ്ങളോളം കഴിഞ്ഞു എങ്കിലും 'പൂവിളി പൂവിളി പൊന്നോണമായി' എന്ന പാട്ട് മടുപ്പിക്കുന്നില്ല. വിഷുക്കണി എന്ന ചിത്രത്തിലെ (1977) നാല്പത്തിയെട്ട് വര്ഷങ്ങളോളം കഴിഞ്ഞു എങ്കിലും 'പൂവിളി പൂവിളി പൊന്നോണമായി' എന്ന പാട്ട് മടുപ്പിക്കുന്നില്ല. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് സലിൽ ചൗധരിയുടെ ഈണം കൂട്ടായി എത്തിയപ്പോൾ കിട്ടിയ പുതുമയുടെ മായാജാലം തലമുറകൾ പാടിക്കൊണ്ടേയിരിക്കുന്നു. ഇതുപോലെ തന്നെ ജനപ്രീതി നേടിയ, സിനിമാഗാനങ്ങളുടെ കൂട്ടത്തിലെ ഓണപ്പാട്ടുകളിൽ ഒരിടവേളയ്ക്ക് ശേഷം വന്ന ഗാനമാണ് 'തിരുവാവണി രാവ്'. മഞ്ജു രഞ്ജിത്ത് എഴുതി ഷാൻ റഹ്മാൻ ചിട്ടപ്പെടുത്തിയ, ഉണ്ണിമേനോനും സിതാര കൃഷ്ണകുമാറും ആലപിച്ച ഈഗാനം പുതുതലമുറ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്.

സിനിമാഗാനങ്ങളെപോലെ തന്നെ ആസ്വാദകരെ തൃപ്തിപ്പെടുത്തിയ മേഖലയാണ് ലളിതഗാനങ്ങൾ. 1970 ലാണ്  എച്ച്.എം.വി സ്റ്റീരിയോ റെക്കോര്‍ഡിങ്ങില്‍  മധുരഗീതങ്ങൾ എന്ന  മലയാളത്തിലെ ആദ്യ ലളിത സംഗീത ആല്‍ബം പുറത്തിറക്കിയത്.

ഓണക്കോടിയുടുത്തു മാനം മേഘക്കസവാലേ

വെൺമേഘക്കസവാലേ

മഴവില്ലിൻ മലർമുടിയിൽ ചൂടി മധുഹാസം തൂകി അവൾ

മധുഹാസം തൂകി .

ശ്രീകുമാരന്‍ തമ്പി - വി ദക്ഷിണാമൂർത്തി എന്നിവർ ചേർന്നൊരുക്കിയ ഗാനം യേശുദാസിന്റെ ആലാപനത്തിൽ പുറത്തുവന്നപ്പോൾ പുതുചരിത്രത്തിനു നാന്ദി കുറിക്കുകയായിരുന്നു. 1980-ൽ  തിരുവനന്തപുരത്ത് ശ്രീ. കെ. ജെ. യേശുദാസ് സ്ഥാപിച്ച സംഗീത കമ്പനിയാണ് തരംഗിണി റെക്കോർഡ്‌സ്.  മലയാള ചലച്ചിത്ര ഗാനങ്ങളുടെ ഓഡിയോ കാസറ്റുകൾ പുറത്തിറങ്ങിയ കേരളത്തിലെ ആദ്യത്തെ റെക്കോർഡിംഗ്, വിതരണ സംഗീത ലേബലാണിത്. 1981 മുതൽ 2003 വരെ ഓണക്കാലത്ത് ഓണപ്പാട്ടുകളുടെ ആൽബം തരംഗിണി റിലീസ് ചെയ്യുമായിരുന്നു.എല്ലാ വർഷവും മികച്ച ഗാനരചയിതാക്കളും സംഗീത സംവിധായകരും ചേർന്ന് രചിച്ച് സംഗീതം നൽകിയ ഈ ഓണപ്പാട്ടുകൾ എല്ലാം തന്നെ ജനപ്രിയഗാനങ്ങൾ കൂടിയായിത്തീർന്നു. 'ഉത്രാട പൂനിലാവെ വാ' 'എന്ന ഗാനം ഉൾപ്പെട്ട 'ഉത്സവഗാനങ്ങള്‍' 1983 -ല്‍ പുറത്തിറങ്ങിയപ്പോൾ വിറ്റഴിഞ്ഞത് അഞ്ചുലക്ഷത്തില്പരം കാസറ്റുകളാണ്.തരംഗിണിയുടെ പാട്ടുകൾക്കായി ആസ്വാദകലക്ഷങ്ങൾ കാത്തിരുന്നു. പായിപ്പാട്ടാറ്റിൽ വള്ളംകളി, ഉത്രാടപ്പൂവിളിയിൽ കേരളമുണരുകയായ്, ഓണപ്പൂവേ ഓമൽപ്പൂവേ, കുളിച്ചുകുറിയിട്ട് കുപ്പിവളയിട്ട്, അത്തക്കളത്തിനു പൂ തേടുമ്പോൾ, അത്തപ്പൂ നൃത്തം വച്ചു, വാനം വഴി പൂ വിരിച്, നാലുമണിപ്പൂവേ, ഓണം തിരുവോണം, ശ്രാവണ പൗർണമി സൗന്ദര്യമേ, മാവ് പൂത്ത പൂവനങ്ങളിൽ തുടങ്ങിയ, രചനാഗുണം കൊണ്ടും മോഹിപ്പിക്കുന്ന ഈണങ്ങൾ കൊണ്ടും ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന ഈ ഗാനങ്ങൾക്ക് ഇന്നും ആസ്വാദകരുണ്ട്.

ഓണപ്പാട്ടില്ലാതെ ഓണഘോഷം പൂർണമാവാത്ത മലയാളികൾക്ക് ഇത്തവണ ലഭിച്ച പാട്ടിനെകുറിച്ചു പരാമർശിക്കാതെ ലേഖനം പൂർണമാവില്ല. ഇത്തവണത്തെ ഓണകാലത്ത് മലയാളക്കരയെ ഇളക്കിയ  പാട്ടാണ് "ഏത് മൂഡ് ഓണം മൂഡ്". സാഹസം’ എന്ന ചിത്രത്തിലെ ഈ ആഘോഷഗാനം ആലപിച്ചിരിക്കുന്നത് ഫെജോ, ഹിംന ഹിലാരി, ഹിനിത ഹിലാരി എന്നിവരാണ് ഗാനത്തിന്റെ വരികൾ വിനായക് ശശികുമാറിന്റേതാണ് ബിബിന്‍ അശോകാണ് സംഗീതം നല്‍കിയിരിക്കുന്നത്.  ഓണവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ റീല്‍സുകളിലും  വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഹിറ്റ് ചാർട്ടുകളിലും ഇടം നേടിയ ഗാനമാണിത്.

 

Raji T S

Assistant Professor in Music

Government College for Women,

Thiruvananthapuram

 

References

 

 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page