പ്രണയം
- GCW MALAYALAM
- Jan 15
- 2 min read
ടി. ശ്രീവത്സന്‍

രണ്ടുപേര്‍ക്കിടയിലെ അപരിചിതത്വം ശരീരം കൊണ്ടു മറികടന്നതിന്‍റെ മൂന്നാം ദിവസം രാത്രിയോടടുക്കുമ്പോള്‍ നാട്ടില്‍നിന്നൊരു ഫോണ്‍കോള്‍! രജനിച്ചേച്ചിക്ക് ട്രെയിന്‍ ആക്സിഡന്‍റ്! ഐ.സി.യുവിലാണ്. ജ്വാല അപ്പോള്‍മുതല്‍ കരയാന്‍ തുടങ്ങി. ആദ്യമായാണ് അവള്‍ കരയുന്നതു കാണുന്നത്. കരച്ചിലിനിടയില്‍ത്തന്നെ അവള്‍ വസ്ത്രംമാറി, തലചീകി, റെഡിയായിവന്നു, വാ... പോകാം. ലുങ്കിമാറ്റി പാന്‍റ്സിട്ട് ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ടുചെയ്തു.
ധനുമാസക്കുളിര്!
ചുരിദാറിട്ടതുനന്നായി, രണ്ടുവശത്തും കാലിട്ടിരിക്കാമല്ലോ. അവള്‍ ചേര്‍ന്നിരുന്ന് എന്നില്‍ തലചായ്ച്ച് ഏങ്ങിയേങ്ങിക്കരയുന്നു. എന്‍റെ ആശ്വാസവാക്കുകള്‍ കാറ്റത്ത് ചിതറിപ്പോയി. രജനിച്ചേച്ചി, ജ്വാലയുടെ അമ്മാവന്‍റെ മകളാണ്. അതിസുന്ദരി! (ഞാനോര്‍ത്തു, പെണ്ണ് പെണ്ണിനെ സുന്ദരിയെന്നു വിളിക്കണമെങ്കില്‍ അവര്‍ എത്ര സുന്ദരിയായിരിക്കണം!) ജ്വാലയുടെ അച്ഛനമ്മമാര്‍ വിദേശത്തായിരുന്നു. അമ്മാവന്‍റെ കൂടെയാണ് അവളുടെ കുട്ടിക്കാലം. രജനിച്ചേച്ചി അവള്‍ക്ക് അച്ഛനും അമ്മയും ചേച്ചിയും കൂട്ടുകാരിയും ഒക്കെയാണ്.
പിന്നെ കുറേ കരച്ചിലായി.
ഞാന്‍ പറഞ്ഞു, അവര്‍ക്ക് ഒന്നും പറ്റില്ല. നീ സമാധാനിക്ക്.
ട്രെയിനില്‍ പെട്ടാല്‍ പിന്നെ ഒന്നും ബാക്കിയുണ്ടാവില്ല. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാല്‍ എങ്ങനെ ചേച്ചിയെ കാണും? എല്ലാം വെട്ടിപ്പൊളിക്കില്ലേ?
ജ്വാലയുടെ ഇരുണ്ടഭാവന ഞാന്‍ നനച്ചുകെടുത്താന്‍ നോക്കി, വിഫലം.
ഗ്രാമത്തിലെ ദേവതയായിരുന്നു ചേച്ചി. ഒരുപാടുപേര്‍ അവരെ പ്രേമിക്കാന്‍ നോക്കി. അവര്‍ തെരഞ്ഞെടുത്തത് ഒരു ‘മയില്‍വാഹനം’ കണ്ടക്ടറെ. തറവാടിന്‍റെ വിശാലമായ തൊടിയുടെ അങ്ങേയറ്റത്തെ വേലിയ്ക്കപ്പുറം മൈതാനമാണ്.അവിടെയാണ് ‘മയില്‍വാഹനം’ എന്നും രാത്രി ഹാള്‍ട്ട്. ഇരുട്ടത്ത് അവിടേക്കു നടന്ന് വേലിയ്ക്ക് അപ്പുറവുമിപ്പുറവും നിന്ന് അവര്‍ പ്രേമിച്ചു. ഗ്രാമക്കാരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് നീണ്ട പാടവരമ്പുകളിലൂടെ അവര്‍ കൈകോര്‍ത്തു നടന്നു. മനുഷ്യരെ ഒന്നിക്കാനനുവദിക്കാത്ത ഒറ്റയടിവരമ്പുകളാണ് അവരുടെ ബന്ധത്തിന്‍റെ രൂപകം.
അമ്മാവന്‍ രജനിച്ചേച്ചിക്ക് വിവാഹം നിശ്ചയിച്ചു. വിവാഹത്തലേന്ന് രാത്രി പറമ്പിനതിര്‍ത്തിയില്‍നിന്ന് മയില്‍വാഹനം സ്പെഷ്യല്‍ ട്രിപ്പെടുത്തു. അമ്മാവന് ഹാര്‍ട്ടറ്റാക്കായി.
പിന്നെ കുറേക്കാലം അവരുടെ വിവരമൊന്നുമില്ലായിരുന്നു. ചേച്ചി ഗര്‍ഭിണിയാണെന്നറിഞ്ഞ് അമ്മായി അവരെ വീട്ടില്‍ക്കയറ്റി. അതോടെ ലാലേട്ടനും.
ജ്വാലയുടെ വാക്കുകള്‍ പലതും കാറ്റില്‍ ചിതറിപ്പോകുന്നുണ്ടായിരുന്നു. കാറ്റും കരച്ചിലും പകുത്തെടുത്ത വാക്കുകള്‍, ഹെല്‍മെറ്റിന്‍റെ കവചം കടന്ന് എന്നിലെത്തുമ്പോഴേക്കും തേഞ്ഞുപോകുന്നുണ്ടായിരുന്നു. കരച്ചില്‍ കൂടുമ്പോള്‍ അവള്‍ എന്നെ ഇറുകെ പുണരും. ഞാനത് ആസ്വദിക്കും. വിധിക്കു നന്ദി!
പറഞ്ഞും കരഞ്ഞും തറവാട്ടിലെത്തി.
ആള്‍ത്തിരക്കു നുഴഞ്ഞ് തളത്തിലെത്തിയപ്പോള്‍ നടുവില്‍ ചേച്ചിയുടെ ബോഡി കിടത്തിയിട്ടുണ്ട്. ചുറ്റും അകലത്തില്‍ വീട്ടുകാരും നാട്ടുകാരും നിശ്ശബ്ദം.
ജ്വാല അതുകണ്ട് ശ്വാസംകിട്ടാതെ ഏങ്ങുന്നതുകാണ്‍കെ, ഞാന്‍ ചേര്‍ത്തുപിടിച്ചു. നിലത്ത് ചേച്ചിയുടെ മുഖമൊഴികെ ബാക്കിയെല്ലാം വെളുത്ത തുണിയില്‍ പൊതിഞ്ഞുകെട്ടിയിരിക്കുന്നു. ആ മുഖത്തെ കത്തിക്കാളുന്ന സൗന്ദര്യം കണ്ട് ജ്വാല പറഞ്ഞത് എത്ര സത്യമെന്നോര്‍ത്തു. ആരോ പറഞ്ഞു, രജനിയും കൂട്ടുകാരിയും കൂടി ഒരു വിവാഹത്തിനു പോയി തിരിച്ചുവരുന്ന വഴി റെയില്‍പ്പാളത്തിനരികിലൂടെ നടക്കുകയായിരുന്നത്രേ. തീവണ്ടി കടന്നുപോകുന്നതിന്‍റെ കാറ്റില്‍ അവരുടെ സാരിത്തുമ്പ് ചക്രത്തിലേക്ക് വലിഞ്ഞുകുടുങ്ങി. ചക്രത്തിനിടയില്‍പ്പെട്ട് അപ്പോള്‍ത്തന്നെ ജീവന്‍പോയി.
രജനിച്ചേച്ചിയുടെ ഒന്നരവയസ്സുള്ള കുഞ്ഞിനെ ആരോ പൂമുഖത്ത് കളിപ്പിച്ചുകൊണ്ടു നില്‍ക്കുന്നതു കണ്ടു. അവന്‍ ഇടയ്ക്കിടയ്ക്ക് ഉള്ളിലേക്കു ചൂണ്ടി, മ്മ... മ്മ... എന്നു കരയുന്നുണ്ടായിരുന്നു. രജനിച്ചേച്ചിയുടെ തൊട്ടടുത്ത്, അവരോടു ചേര്‍ന്ന് ലാലേട്ടനും കിടക്കുന്നുണ്ട്. ഇത്രയും പേര്‍ നോക്കിനില്‍ക്കെ അയാള്‍ അവരുടെ ചുണ്ടില്‍ ഉമ്മവെക്കുന്നു. വലതുകാല്‍ അവരുടെ ശരീരത്തിനു മുകളില്‍ കയറ്റിവെച്ച്, വലതുകൈകൊണ്ട് അവരെ താലോലിക്കുന്നു.
അയാള്‍ കരയുന്നില്ല!
പതുക്കെ അവരുടെ കാതില്‍ പറയുന്നു,
രജീ... ഡീ... നോക്ക്... മോളേ... കണ്ണുതുറക്ക്...
അയാള്‍ അവരുടെ കവിളില്‍ പ്രേമപൂര്‍വ്വം തലോടുന്നു. കണ്ണുകളില്‍ ഉമ്മവെക്കുന്നു. വയറ്റിലും മുലകളിലും ലോലമായി തഴുകുന്നു. മുഖം മുഴുവന്‍ മാറിമാറി ഉമ്മവെക്കുന്നു.
അയ്യോ.. ഞാന്‍ വാതിലടയ്ക്കാന്‍ മറന്നു... എന്നു പറഞ്ഞ് ഞെട്ടിയെഴുന്നേറ്റ്, ആള്‍ക്കൂട്ടത്തെ വകഞ്ഞ് ഓടിച്ചെന്ന് പുറത്തേക്കുള്ള വാതില്‍ വലിച്ചടച്ച് കുറ്റിയിടുന്നു.
രജീ... കുട്ടാ... എന്ന് പ്രേമപൂര്‍വ്വം വിളിച്ച് വീണ്ടും ഇറുകെച്ചേര്‍ന്നു കിടക്കുന്നു.
ആരൊക്കെയോ ലാലേട്ടനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ട്. കണ്ടുനില്‍ക്കുന്ന സ്ത്രീകള്‍ക്ക് എന്തുചെയ്യണമെന്നറിയുന്നില്ല. ലാലേട്ടന്‍റെ അടുത്തുചെല്ലുന്നവരോട് അയാള്‍ ആക്രോശിക്കുന്നു, ആണും പെണ്ണും കിടക്കുന്നയിടത്ത് നോക്കിനില്‍ക്കാന്‍ നാണമില്ലേ നിനക്കൊക്കെ? പോവിനെടാ എല്ലാം... എന്ന് കാരണവന്മാരെവരെ ആട്ടിയകറ്റുന്നു.
ജ്വാലയുടെ കണ്ണുകളില്‍ ഇതൊക്കെ കാണുമ്പോള്‍ തീയായിരുന്നു. അവളുടെ കരച്ചില്‍ വറ്റിപ്പോയിരുന്നു.
ലാലേട്ടന്‍റെ പരാക്രമങ്ങളില്‍ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് കഷ്ടിച്ച് രൂപത്തിലാക്കിയ രജനിച്ചേച്ചിയുടെ ശരീരം അയഞ്ഞുതുടങ്ങിയിരുന്നു. വെളുത്തതുണിയില്‍ പലേടത്തായി ചോരപ്പാടുകളും മഞ്ഞനിറത്തിലുള്ള ദ്രവങ്ങളും തെളിഞ്ഞുതുടങ്ങി. റോഡുകളും പാഡുകളും വച്ച് തല്‍ക്കാലം രൂപം വയ്പിച്ച ആ ശരീരം ഇനി സ്നേഹസ്പര്‍ശം താങ്ങാന്‍ കെല്പില്ലാത്തതാണ്.
അയാള്‍ അവരെ ചേര്‍ത്തുപിടിച്ച് ചെരിച്ചുകിടത്താന്‍ നോക്കിയതോടെ മുഖവും തോളുമടങ്ങുന്ന മേല്‍ഭാഗം മാത്രം ചെരിയുകയും ബാക്കിശരീരം വലിഞ്ഞ് പരന്നുകിടക്കുകയും ചെയ്തു. കഷ്ടിച്ച് തുന്നിച്ചേര്‍ത്ത ഇടുപ്പും കാലുകളുമൊക്കെ ബന്ധംവിട്ട് തെന്നിനീങ്ങാന്‍ തുടങ്ങി. ആ കാഴ്ച കാണ്‍കെ, ജ്വാല നിലവിളിച്ചുകൊണ്ട് വാതില്‍ക്കലേക്ക് ഓടി.
സ്ത്രീകളെല്ലാം കണ്ണുപൊത്തിക്കൊണ്ട് അവിടുന്ന് മാറി.
കണ്ടുനിന്നവര്‍ നാലഞ്ചുപേര്‍ ലാലേട്ടനെ വലിച്ചകറ്റാന്‍ നോക്കി. അയാള്‍ രജനിച്ചേച്ചിയുടെ ശരീരത്തിലുള്ള പിടിവിടുന്നില്ല. അമറിക്കൊണ്ട് വാശിപിടിച്ച് അയാള്‍ ശക്തമായി കെട്ടിപ്പിടിച്ചു. അയാളെ വലിച്ചകറ്റാന്‍ നോക്കിയതോടെ അവരുടെ ശരീരം വളഞ്ഞു കുഴഞ്ഞ രൂപത്തിലായി. അവരെ എഴുന്നേല്പിച്ചിരുത്താന്‍ ലാലേട്ടന്‍ ശ്രമിച്ചു. നെഞ്ചിന്‍റെ ഭാഗത്തുവച്ച് മടങ്ങിനില്‍ക്കുന്ന ആ ശരീരം കണ്ട് ചുറ്റും നിന്നവര്‍ തരിച്ചുനിന്നു. രജനിച്ചേച്ചി ആ തുണിക്കെട്ടിനുള്ളില്‍ പെറുക്കിയെടുത്തുവച്ച കുറേ മാംസക്കഷണങ്ങള്‍ മാത്രമാണെന്ന് ഓരോരുത്തരും തിരിച്ചറിഞ്ഞതോടെ എല്ലാവരിലും ഭയം ആളിക്കത്തി.
ജ്വാല ഇതൊന്നും കാണുന്നില്ലെന്ന ധൈര്യത്തില്‍ ഞാനും ചെന്ന് ആള്‍ക്കൂട്ടത്തോടൊപ്പം കൂടി.
ജീവനും മരണവും തമ്മിലുള്ള ആ പ്രണയനാടകം ഏറെനേരം തുടര്‍ന്നു.
*** *** ***
പിന്നെ കുറേനാളത്തേക്ക്, മാസങ്ങളോളം എനിക്ക് ജ്വാലയെ തൊടാന്‍ കഴിഞ്ഞില്ല.
അവള്‍ക്കും.
Address: Dr. T. Sreevalsan,
F-23, SREE, Venkitesapuram Colony,
Puthur, Palakkad, 678001
Ph: 9447003160
Email: t.sreevalsan@gmail.com





Comments