“പാരമ്പര്യവും ചരിത്രവും: ഗാഡമറിന്റെ ദാർശനിക കണ്ണിലൂടെ ഓണം”
- GCW MALAYALAM
- Sep 14
- 2 min read
Updated: Sep 15
ജോൺ റോബർട്ട്

പ്രബന്ധസംഗ്രഹം
ഹാൻസ്ജോർജ് ഗാഡമറിന്റെ തത്ത്വചിന്തയുടെ വെളിച്ചത്തിൽ ഓണാഘോഷകാലത്തെ അവലോകനം ചെയ്യാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്. ഗാഡമർ ഉന്നയിച്ച ചരിത്രപരത (historicity),പാരമ്പര്യത്തിന്റെ പ്രാധാന്യം (tradition), മുൻവിധി (prejudice), ചക്രവാളങ്ങളുടെ സംയോജനം (fusion of horizons), സംവാദത്തിന്റെ സ്വഭാവം (dialogue) തുടങ്ങിയ ആശയങ്ങൾ ഉൾക്കൊണ്ടാൽ ഇന്നത്തെ സമൂഹത്തിൽ ഓണത്തിന്റെ സന്ദേശവും പ്രസക്തിയും കൂടുതൽ വ്ക്തമാകുന്നു.ഗാഡമറിന്റെ ദാർശനിക നിലപാടുകൾ പ്രകാരം, ഒരു ആഘോഷത്തെയും സംസ്കാരത്തെയും മനസ്സിലാക്കുന്നത് മുൻകാലപാരമ്പര്യവുമായി നടത്തുന്ന നിരന്തരസംവാദത്തിലൂടെയാണ് സാധ്യമാകുന്നത്. അതായത്, ഓണത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ, പഴയകാല ചരിത്രവും ആചാരങ്ങളും ഇന്നത്തെ ജീവിതാനുഭവങ്ങളുമായി സംവദിക്കുന്നതിനാൽ നിരന്തരം നവീകരിക്കപ്പെടുന്നു. ഇതിലൂടെ ഒരാൾക്ക് കാലത്തെ മറികടന്ന് മുന്നോട്ടും പിന്നോട്ടും ഒരേസമയം നോക്കാൻ കഴിയും.
ഓണത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങൾ—ഉണർവും ഉത്സാഹവും പങ്കിടലും സൗഹൃദവും ഗാഡമറിന്റെ തത്ത്വചിന്തയിൽ പറയുന്ന സംവാദാത്മക അനുഭവവുമായി ഏറെ സാമ്യമുണ്ട്. ആഘോഷത്തിന്റെയും ആശയത്തിന്റെയും പരസ്പരസംവാദം ഇന്നത്തെ മനുഷ്യജീവിതത്തിൽ സാമൂഹിക ഐക്യം, ചരിത്രബോധം, ഭാവിപ്രതീക്ഷ എന്നീ മൂല്യങ്ങളെ മുന്നോട്ട് വെക്കുന്നു.
ഇങ്ങനെ, ഗാഡമറിന്റെ തത്ത്വചിന്തയുടെ സഹായത്തോടെ, ഓണാഘോഷം വെറും സാംസ്കാരികാചാരമല്ല; മറിച്ച് ജീവിതത്തിന്റെ അന്തർഗതമായ അർത്ഥത്തെയും വ്യക്തിയുടെ സാമൂഹിക-സാംസ്കാരിക തിരിച്ചറിവിനെയും തെളിമപ്പെടുത്തുന്ന ഒരു അനുഭവമായി അത് മാറുന്നു.
താക്കോൽ വാക്കുകൾ: ഹെർമെനൂറ്റിക്സ്, ചക്രവാളം, ഓണം, ചരിത്രപരത, സംയോജനം, സദ്യ, അത്തം
ആമുഖം
ജർമ്മൻ തത്ത്വചിന്തകനായ ഹാൻസ്-ജോർജ് ഗാഡമർ (1900–2002) രചിച്ച Truth and Method (1960) ഹെർമിനെറ്റിക്സ് (Hermeneutics) മേഖലയിലെ ഏറ്റവും പ്രാധാന്യമുള്ള കൃതികളിലൊന്നായി കണക്കാക്കപ്പെടുന്നു. ഗാഡമറിന്റെ തത്ത്വചിന്ത, പ്രത്യേകിച്ച് ചരിത്രപരത (historicity), പാരമ്പര്യത്തിന്റെ പ്രാധാന്യം (tradition), മുൻവിധി (prejudice), ചക്രവാളങ്ങളുടെ സംയോജനം (fusion of horizons) തുടങ്ങിയ ആശയങ്ങൾ, സാംസ്കാരിക-മതപരമായ ആഘോഷങ്ങൾ ഉൾപ്പെടെ മനുഷ്യജീവിതത്തിലെ പല മേഖലകളെയും മനസ്സിലാക്കുന്നതിനുള്ള ദിശാബോധം നൽകുന്നതായി കാണാം.
“പാരമ്പര്യവും ചരിത്രവും: ഗാഡമറിന്റെ ദാർശനിക കണ്ണിലൂടെ ഓണം” എന്ന ഈ പ്രബന്ധം, ഗാഡമറിന്റെ ഹെർമിനെറ്റിക് ആശയങ്ങളുടെയും ഓണാഘോഷത്തിന്റെ സാംസ്കാരിക-നൈതിക സന്ദേശങ്ങളുടെയും പരസ്പരസംയോജനം ആഴത്തിൽ പരിശോധിക്കുന്നതാണ്. ഗാഡമർ ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്യൻ ബൗദ്ധിക പരിസരത്താണ് പ്രവർത്തിച്ചിരുന്നത്. അതേസമയം, ഓണവുമായി ബന്ധപ്പെട്ട ഇതിഹാസം ദക്ഷിണേന്ത്യൻ ഹിന്ദുപാരമ്പര്യത്തിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ളതാണ്. രണ്ടിന്റെയും ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വ്യത്യസ്തമായ പശ്ചാത്തലങ്ങൾക്കിടയിൽ, അർത്ഥസംവാദത്തിന്റെ (dialogue of meaning) സാധ്യതകൾ അന്വേഷിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ചരിത്രത്തിന്റെ സ്വാധീനം മനുഷ്യന്റെ ജീവിതത്തിൽ നിർണായകമാണ്. ഗാഡമറുടെ വാദപ്രകാരം ചരിത്രത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും സ്വാധീനത്തിൽനിന്നും ആർക്കും വിട്ടുമാറാനാവില്ല; മറിച്ച്, അവയെ അഭിമുഖീകരിച്ചും സംവദിച്ചും മാത്രമേ ജീവിതത്തിന്റെ ആഴമേറിയ അർത്ഥങ്ങളെ തിരിച്ചറിയാൻ കഴിയൂ. ഇതുതന്നെയാണ് ഓണാഘോഷത്തെയും ഗാഡമറിന്റെ തത്ത്വചിന്തയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനമായ കണ്ണി. ചരിത്രവും പാരമ്പര്യവും ചേർന്നുണ്ടാക്കുന്ന കൂട്ടായ്മാനുഭവം ഇന്നത്തെ മനുഷ്യജീവിതത്തിൽ പോസിറ്റീവ് സ്വാധീനം ചെലുത്തുന്നതുപോലെ, ഓണവും ഗാഡമേറിയൻ വീക്ഷണവും നമ്മുടെ സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങളെ കൂടുതൽ വ്യക്തമാക്കുന്നു.
ഗാഡമറിന്റെ ആശയങ്ങളും ഓണാഘോഷവും
ഗാഡമറിന്റെ തത്ത്വചിന്തയും ഓണാഘോഷവും തമ്മിൽ താരതമ്യം ചെയ്യാനുള്ള ഒരു ശ്രമമായാണ് ഈ ചർച്ചയെ കാണേണ്ടത്. ഇത് വെറും വ്യാഖ്യാനിക്കുന്നതിനായുള്ള ശ്രമമല്ല, മറിച്ച് മനസ്സിലാക്കലിന്റെ (understanding) പ്രക്രിയയെ അന്വേഷിക്കുന്ന ശ്രമവുമാണ്. ഗാഡമറിന്റെ ചരിത്രപരത (historicity), മുൻവിധി (prejudice), ചക്രവാളങ്ങളുടെ സംയോജനം (fusion of horizons), സംഭാഷണം (dialogue) തുടങ്ങിയ ആശയങ്ങൾക്കൊപ്പം ഓണാഘോഷത്തിന്റെ സാംസ്കാരിക പ്രാധാന്യം പരിശോധിക്കുമ്പോൾ, ഒരാളുടെ ജീവിതത്തിൽ ഉത്സവങ്ങൾ വരുത്തുന്ന സ്വാധീനം വർത്തമാനത്തെയും ഭാവിയെയും തെളിച്ചുകാട്ടുന്നുവെന്ന് കാണാം.
വ്യാഖ്യാനം (Hermeneutics)
ഗാഡമറിനെ സംബന്ധിച്ചിടത്തോളം, ഹെർമെന്യൂട്ടിക്സ് വെറും ഒരു “വ്യാഖ്യാനരീതി”യല്ല. മറിച്ച്, ധാരണയുടെ സ്വഭാവത്തെ (nature of understanding) കുറിച്ചുള്ള ഒരു അന്വേഷണമാണ്. “ഹെർമെന്യൂട്ടിക്സ് വ്യാഖ്യാനത്തിന്റെ ഒരു രീതിയല്ല, മറിച്ച് രീതി എന്ന ആശയത്തെ മറികടക്കുന്ന ധാരണയുടെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു അന്വേഷണമാണ്, കാരണം രീതി മനുഷ്യശാസ്ത്ര മേഖലയിലേക്കുള്ള വിശ്വാസ്യതയുടെ പരിമിതമായ ഉറപ്പുകൾ മാത്രമേ നൽകുന്നുള്ളൂ” (Bano, 523). അതിനാൽ ഗാഡമറിന്റെ ഹെർമെന്യൂട്ടിക്സ് പ്രതിഭാസശാസ്ത്രപരമായും ഓണ്ടോളജിക്കൽ സ്വഭാവമുള്ളതുമാണ്. ഇതനുസരിച്ച്, ഒരാളുടെ ജീവിതാനുഭവങ്ങൾ—ഒരു വാചകം, ഒരു സംഭവം, അല്ലെങ്കിൽ ഒരു വ്യക്തി—എല്ലാം നിലനിൽപ്പിന്റെ അവിഭാജ്യഘടകങ്ങളാണ്. മനസ്സിലാക്കാനുള്ള കഴിവില്ലാതെ മനുഷ്യജീവിതം നിലനിൽക്കില്ല. ഗാഡമറിന്റെ ഗുരുവായ ഹൈഡിഗ്ഗർ പറയുന്നതുപോലെ, മനുഷ്യൻ ഒരു “വ്യാഖ്യാനജീവി” (interpreting being) ആണ്.
ഉത്സവങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ഗാഡമർ പറയുന്നത്, അവ വെറും ബാഹ്യവസ്തുക്കൾ അല്ല, മറിച്ച് നാം പങ്കാളികളാകുന്ന സംഭവങ്ങളാണെന്നതാണ്. മഹാബലിയുടെ വരവ് ഓരോ മലയാളിയുടെയും മനസ്സിന്റെയും ആത്മാവിന്റെയും ഉള്ളിലാണ് സംഭവിക്കുന്നത്. അതുകൊണ്ടാണ് വീടിന്റെ ഉമ്മറത്ത് അത്തപ്പൂക്കളമൊരുക്കുന്നത്. ഓണാഘോഷത്തിൽ ആരും വെറും നിരീക്ഷകനല്ല; എല്ലാവരും അതിന്റെ സജീവ പങ്കാളികളാണ്. അതിനാൽ ആഘോഷം വെറും പുറമേ നടക്കുന്നൊരു ക്രിയയല്ല, മറിച്ച് ഉള്ളിലെ അനുഭവമായി അത് ഓരോരുത്തരുടെയും ഹൃദയത്തിൽ കലാശിക്കുന്നു.
ചരിത്രപരത (Historicity)
ഗാഡമറിന്റെ വാദപ്രകാരം, ധാരണ ഭാഷാപരമായ മുൻധാരണയിൽ മാത്രം നിൽക്കുന്നില്ല; അത് ചരിത്രപരമായ മുൻധാരണയിലും ആഴത്തിൽ വേരൂന്നിയിരിക്കുന്നു. “നമ്മുടെ ധാരണ ഭാഷാപരമായി മാത്രമല്ല, ചരിത്രപരമായി മധ്യസ്ഥതയുള്ള മുൻധാരണയിലും ആഴം പ്രാപിക്കുന്നു. ഓരോ ധാരണയും ചരിത്രത്തിനപ്പുറം നിലകൊള്ളുന്നതല്ല, മറിച്ച് അതിനോടൊപ്പം നീങ്ങുന്നു” (Bano 523). അതിനാൽ, ഒരാളുടെ ജീവിതം ഭൂതകാല അനുഭവങ്ങളുടെ, പാരമ്പര്യത്തിന്റെ, ആചാരങ്ങളുടെ, മൂല്യങ്ങളുടെ സമാഹാരമായി പ്രവർത്തിക്കുന്നു. ഭൂതകാലം വർത്തമാനത്തെയും ഭാവിയെയും രൂപപ്പെടുത്തുന്ന പ്രധാന ഘടകമാണ്.
ഓണാഘോഷവും ഇതിന് ഉദാഹരണമാണ്. മഹാബലിയുടെ കാലത്തെ സന്തോഷവും സമൃദ്ധിയും, അതിന്റെ നഷ്ടവും, ഇന്നും ജനങ്ങളുടെ സാമൂഹിക-സാംസ്കാരിക ഓർമ്മയിൽ സജീവമാണ്. ഓണസദ്യയുടെ സമൃദ്ധി സമ്പത്തിന്റെയും ഫലഭൂയിഷ്ഠതയുടെയും പ്രതീകമായും, പങ്കിടലിന്റെയും സൗഹൃദത്തിന്റെയും മൂല്യങ്ങളെ ഓർമ്മിപ്പിക്കുന്ന ഘടകമായും പ്രവർത്തിക്കുന്നു.
മുൻവിധി (Prejudice)
ഗാഡമറിന്റെ വീക്ഷണത്തിൽ, മുൻവിധി (prejudice) നെഗറ്റീവ് അർത്ഥത്തിൽ മാത്രം കാണേണ്ടതില്ല. മറിച്ച്, അത് മനസ്സിലാക്കലിന്റെ ആരംഭബിന്ദുവാണ്. “ഒരു മുൻവിധി, അന്തിമ വിധി പുറപ്പെടുവിക്കുന്നതുവരെ, പോസിറ്റീവോ നെഗറ്റീവോ ഒന്നുമല്ല” (K. Schmidt 100). അതായത്, ഒരാൾക്കു സ്വന്തം മൂല്യങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ എന്നിവയെല്ലാം ധാരണയുടെ പ്രാരംഭാവസ്ഥയായി പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്, ഓണാഘോഷം തുടങ്ങുമ്പോൾ, പായസത്തിന്റെ സുഗന്ധം, അത്തപ്പൂക്കളത്തിന്റെ നിറങ്ങൾ, പുലിക്കളിയുടെ ആവേശം തുടങ്ങിയ ബാല്യകാല ഓർമ്മകൾ ഒരാളിൽ വീണ്ടും ജാഗ്രത നേടുന്നു. ഈ മുൻകാല അനുഭവങ്ങൾ, ആഘോഷത്തിന്റെ സന്തോഷം വർദ്ധിപ്പിക്കുകയും, അതിലേറെ ആവേശത്തോടെ പങ്കെടുക്കാനുള്ള പ്രേരണ നൽകുകയും ചെയ്യുന്നു.
ചക്രവാളങ്ങളുടെ സംയോജനം (Fusion of Horizons)
“ഹൊറൈസൺ എന്നത്, ഒരു പ്രത്യേക വീക്ഷണകോണിൽ നിന്ന് കാണാൻ കഴിയുന്നതെല്ലാം ഉൾക്കൊള്ളുന്ന ദർശനത്തിന്റെ പരിധിയാണ്” (Gadamer 301). ഗാഡമറിന്റെ നിലപാടനുസരിച്ച്, ഹൊറൈസൺ ഒരാളുടെ അറിവിന്റെയും അനുഭവത്തിന്റെയും പശ്ചാത്തലം ആയി പ്രവർത്തിക്കുന്നു. ഓരോരുത്തർക്കും വ്യത്യസ്ത ഹൊറൈസണുകൾ ഉള്ളതിനാൽ, വ്യാഖ്യാന പ്രക്രിയയിൽ പുതിയൊരു സംയോജനം സാദ്ധ്യമാകുന്നു. വ്യാഖ്യാതാവിന്റെയും വാചകത്തിന്റെയും, വായനക്കാരന്റെയും എഴുത്തുകാരന്റെയും ഹൊറൈസണുകൾ തമ്മിൽ ഇടപെടുമ്പോൾ, പുതുമയാർന്നൊരു ധാരണ ഉദയിക്കുന്നു. ഇതാണ് ഫ്യൂഷൻ ഓഫ് ഹൊറൈസൺസ് എന്ന ആശയത്തിന്റെ അടിസ്ഥാന സ്വഭാവം.
ഓണാഘോഷത്തിൽ, വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലങ്ങളിലുള്ള ആളുകൾ ഒരുമിച്ച് സംഗമിക്കുന്നു. പരമ്പരാഗതവും ആധുനികവുമായ വീക്ഷണങ്ങൾ തമ്മിൽ സംവദിക്കുമ്പോൾ, തലമുറകൾക്കിടയിലെ ബന്ധവും ഭാവിയും ഭൂതകാലവും ഒരുമിച്ചു ചേർന്ന് പുതിയൊരു ധാരണ സൃഷ്ടിക്കുന്നു. ഇതിലൂടെ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെയും സമകാലിക ജീവിതവുമായി അതിന്റെ പ്രസക്തിയെയും ആഴത്തിൽ മനസ്സിലാക്കാൻ കഴിയും. അതിനാൽ, ഓണത്തിന്റെ ചരിത്രപരമായ പൈതൃകത്തെ സംരക്ഷിക്കുകയും ഇന്നത്തെ ജീവിതത്തിൽ അതിന്റെ പ്രാധാന്യത്തെ പുതുക്കിക്കൊണ്ടുവരികയും ചെയ്യുന്നു.
സംഭാഷണം (Dialogue)
ഗാഡമറിന്റെ വ്യാഖ്യാനശാസ്ത്രത്തിലെ കേന്ദ്ര ആശയങ്ങളിലൊന്നാണ് സംഭാഷണം. അദ്ദേഹത്തിന്, സംഭാഷണം വെറും വാക്കുകളുടെ കൈമാറ്റമല്ല; മറിച്ച് ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും മുഖേന പുതിയ അറിവ് തുറന്നു കാണിക്കുന്ന സൃഷ്ടിപരമായ പ്രക്രിയയാണ്. “ഒരു പുസ്തകത്തിന്റെ വ്യാഖ്യാനമായാലും, ഒരു വ്യക്തിയുടെ സംഭാഷണമായാലും, അത് സംഭാഷണപരമാണ്, കാരണം അതിൽ സംയോജനം സംഭവിക്കുന്നു” (Kogler 49). സംഭാഷണത്തിൽ, പങ്കാളികൾ പരസ്പരം തുറന്ന മനസ്സോടെ ഇടപെടുന്നു, അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും പരസ്പരം ബഹുമാനം പുലർത്തുന്നു. വ്യത്യസ്ത ചിന്തകൾ തമ്മിൽ ഇടപെടുമ്പോൾ, പൂർണ്ണമായും പുതുമയുള്ള ഒരു ദർശനം ഉദയിക്കുന്നു.
ഓണാഘോഷത്തിൽ സംഭാഷണത്തിന്റെ ഘടകങ്ങൾ വ്യക്തമാണു. പുരാണവും വർത്തമാനവും, പൈതൃകവും ആധുനികതയും, വ്യക്തിയും സമൂഹവും തമ്മിൽ ഇടപെടുമ്പോൾ, ഓണത്തിന്റെ മഹത്തായ സന്ദേശം പുതുക്കിപ്പറയപ്പെടുന്നു. സദ്യയിലെ സംഗമവും, കളികളിലെ പങ്കാളിത്തവും, കൂട്ടായ്മയിലെ ആശയവിനിമയവും സമൂഹത്തെ വ്യക്തിഗതവും കൂട്ടായതുമായ പരിവർത്തനത്തിലേക്ക് നയിക്കുന്നു.
ഉപസംഹാരം
ഓണാഘോഷത്തെ ഗാഡമറിന്റെ ദാർശനിക കണ്ണിലൂടെ കാണാനുള്ള ശ്രമമായിരുന്നു ഈ ചര്‍ച്ച. ഗാഡമറിന്റെ ഹെർമെന്യൂട്ടിക്സ്, ചരിത്രപരത, മുൻവിധി, ചക്രവാളങ്ങളുടെ സംയോജനം, സംഭാഷണം എന്നീ ആശയങ്ങൾ, ഓണത്തിന്റെ സന്ദേശത്തെ പുതുമയോടെ തിരിച്ചറിയാൻ സഹായിക്കുന്നു.
ഗാഡമറിന്റെ ചിന്ത, മഹാബലിയുടെ ഇതിഹാസത്തെക്കുറിച്ചുള്ള ധാരണയെ ആഴപ്പെടുത്തുന്നതോടൊപ്പം, ഓണം വെറും ചരിത്രമോ ആചാരമോ മാത്രമല്ല, മറിച്ച് സമകാലിക സമൂഹത്തിൽ സാമൂഹിക ഐക്യത്തിന്റെയും കൂട്ടായ്മാനുഭവത്തിന്റെയും പ്രതീകമാണെന്ന തിരിച്ചറിവ് നൽകുന്നു. അതിലൂടെ ഓണം ഇന്നും പ്രസക്തമാണെന്നും, അത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരൊറ്റ കുടക്കീഴിൽ ഒന്നിപ്പിക്കുന്ന ശക്തിയാണെന്നും വ്യക്തമാകുന്നു.
Reference
1. Bano, Naseem. Hans Georg Gadamer’s point of view: The role of Historicity in our interpretation and understanding, Department of Philosophy, Aligarh Muslim University, Vol. 2, no. 4, 2019.
2. Gadamer, H.- G. Truth and Method, translated by J. Weinsheimer and D.G.Marshell, New York, 2006.
3. k. Schmidt, Lawrence. Understanding Hermeneutics, Acumen Publishing Limited, 2006.
4. Kogler, H.- H. A Critique of Dialogue in Philosophical Hermeneutics, Journal of Dialogue Studies 2:1, University of North Florida, 2015.
ജോൺ റോബർട്ട്
റിസെർച്ച് സ്കോളർ
ഗവ. വനിതാ കോളേജ്
തിരുവനന്തപുരം
8281855534, johrob83@gmail.com





Comments